Aksharathalukal

കലാവന്തലു 1

കലാവന്തലു 1
🔹🔹🔹🔹🔹

ഇരുട്ട് മാത്രം തിങ്ങി നിന്നിരുന്ന ആ മുറിക്കകത്തു നിന്ന് അവളുടെ ഞെരങ്ങലുകൾ ആരും ശ്രദ്ധിച്ചില്ല. വെറും നിലത്തു കിടന്നു കൊണ്ട് അവൾ ഇരുട്ടിലേക്ക് കണ്ണ് തുറന്നു പിടിച്ചു.ആ മുറിക്ക് പുറത്തു നിന്ന് പല ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു, വാതിലിനു വിടവിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം കണ്ടപ്പോൾ അവൾക്ക് മനസിലായി പകൽ നേരം ആണെന്ന്. രാത്രിയോ പകലോ മനസിലാകാതെ ഒരേ കിടപ്പായിരുന്നു അവൾ, താൻ ഈ റൂമിൽ അടയ്ക്കപ്പെട്ടിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിരിക്കുന്നു. കുടിക്കാൻ ഒരു തുള്ളി വെള്ളം പോലും കിട്ടാത്തത് കൊണ്ട് ഉമ്മിനീരിറക്കി അവൾ തൊണ്ട നനച്ചു. മെല്ലെ ഇഴഞ്ഞു വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് അവൾ നോക്കി...

വ്യക്തമല്ല കാഴ്ചകൾ...

ആരൊക്കെയോ നടക്കുന്നുണ്ട് ആരെന്ന് അറിയില്ല...

പക്ഷെ പുറത്തെ ശബ്ദങ്ങൾക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു...

സ്ത്രീകൾ...
പുരുഷന്മാർ... കുട്ടികൾ...

ആരൊക്കെയോ ചിരിക്കുന്നു...

അതിനിടക്ക് ആരുടെയൊക്കെയോ തേങ്ങലുകൾ...

ഇത് സന്തോഷങ്ങളുടെ ഇടമാണോ അതോ കണ്ണുനീരിന്റെയോ? അവൾക്ക് ഒന്നും മനസിലായില്ല.കളിചിരികളും കണ്ണുനീരും ഒരേ ഇടതു ഒരുമിച്ചു എങ്ങനെ ഉണ്ടാകും? തനിക്കിനി വിധിച്ചിരിക്കുന്നത് കണ്ണുനീരോ അതോ കളിചിരിയോ? ആ പതിനേഴു വയസ്സുകാരിയുടെ മനസ്സിൽ ഒരായിരം സംശയങ്ങൾ ആയിരിന്നു.കുറച്ചു നേരം വാതിലിനു വിടവിലൂടെ നോക്കി അവൾ നിലത്തു കിടന്നു.


അപ്പുറത്തെ മുറിയിൽ നിന്ന് ആരുടെയൊക്കെയോ ശബ്ദം കേട്ടപ്പോൾ അവൾ മുഖമുയർത്തി നോക്കി.അതൊരു പെൺകുട്ടിയുടേതാണ്.
അവൾ കരയുകയായിരുന്നു.
കൂടെ ഒരു പുരുഷൻ എന്തൊക്കെയോ പറയുന്നു...
ആ ഭാഷ തനിക്ക് വശമില്ല...

\"ആരെ സുരേഖ... ചില്ലാവോ മത്... യെ തോ ബഹുത് മസാ ഹേ ബേട്ടാ... രോ മത്...\"

പുറത്ത് നിന്ന് ഒരു സ്ത്രീ വാതിലിന്മേൽ തട്ടിയപ്പോൾ അവൾ പേടിച്ചു. മറ്റൊരു വാതിലിന്മേൽ ആണെങ്കിലും ആ ശബ്ദം തനിക്ക് കൂടെ ഉള്ളത് ആണെന്ന് അവൾക്ക് തോന്നി പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ നിന്ന് അയാളുടെ ശീൽക്കാരങ്ങൾ ഉയർന്നു.ആ പെൺകുട്ടിയുടെ തേങ്ങലുകളും.പെട്ടെന്ന് അവൾ കൈകൾ കൊണ്ട് കാത് പൊത്തി.


വാണിയരുടെ വലിയവീടിനു അപ്പുറമുള്ള അവരുടെ ചാണകം മണക്കുന്ന കുതിരപന്തിയുടെയും തൊഴുത്തിന്റെയും അപ്പുറം എള്ള് ആട്ടുന്ന എള്ള്പെരയുടെ പിന്നിലെ രണ്ടു മുറികളിൽ ഒന്നിൽ അമ്മയും പോപ്പ (അച്ഛൻ ) യും കിടന്നിരുന്നത് അടുക്കളയിലെ ഒരു മൂലയ്ക്കൽ താനും കുസുമവും ചുരുണ്ടുകൂടി കിടക്കും. ഒരു ദിവസം രാത്രി അടച്ചുറപ്പില്ലാത്ത, വാതിലുകൾ ഇല്ലാത്ത ആ വീടിനുള്ളിൽ അപ്പുറത്തെ മുറിയിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ടാണ് സുഗന്ധി കണ്ണുകൾ തുറന്നത്.
അവൾ ആദ്യമായാണ് അത്തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കുന്നത്...
അമ്മ കരയുകയാണോ...? ചിരിക്കുകയാണോ...?

പോപ്പ ചന്ദ്രഗിരിപുഴയുടെ അപ്പുറം താമസിക്കുന്ന തമിഴത്തി ആച്ചിയമ്മയുണ്ടാക്കുന്ന റാക് കുടിച്ചു ബോധമില്ലാതെ വന്ന് അമ്മയെ ഉപദ്രവിക്കുന്നതാകുമോ...?

അമ്മയെ പോപ്പ കൊല്ലുമോ...?

റാക്ക് അകത്തു ചെന്നാൽ പോപ്പയ്ക്ക് ദേഷ്യം കൂടുതലാണ്...

അമ്മ എന്ത്‌ തെറ്റാണ് ചെയ്തത്...? ഉറക്കമില്ലാതെ സുഗന്ധി തിരിഞ്ഞും മറിഞ്ഞും കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ ശബ്ദം കേൾക്കാതെയായി.

അമ്മ ഉറങ്ങിയോ അതോ പോപ്പ അമ്മയെ കൊന്നോ? പോയി നോക്കിയാലോ?
വേണ്ട പോപ്പ തന്നെ തല്ലും... അവൾ ഓരോന്ന് ആലോചിച്ചു ഉറങ്ങിപ്പോയി.

പിറ്റേന്ന് കാലത്ത് പോപ്പ എള്ളാട്ടാൻ പോയപ്പോൾ അടുക്കളയിൽ കഞ്ഞി വച്ചിരുന്ന അമ്മയുടെ അടുത്ത് ചെന്നു നിന്ന് സുഗന്ധി അമ്മയെന്തിനാ ഇന്നലെ കരഞ്ഞേ പോപ്പ ഉപദ്രവിച്ചോ എന്ന് ചോദിച്ചപ്പോൾ അടുപ്പിലിരുന്ന വിറകു കൊള്ളി എടുത്താണ് അമ്മ അടിച്ചത്. തെറിച്ച കനൽ ചെന്നു വീണത് തന്റെ കവിളിൽ. നീറി പുകഞ്ഞു വൈകുന്നേരം വാണിയാരുടെ വീട് മുറ്റം തൂക്കാൻ ചെന്നപ്പോൾ വാണിയരമ്മയുടെ വക ചോദ്യം.
എന്താ സുഗന്ധി കണ്ണ് തട്ടാതെ ഇരിക്കാൻ ആണോ കവിളത്തു ഒരു കറുപ്പ് കുത്തെന്ന്.

വാണിയാരമ്മ അങ്ങനെയാണ് ഏഴടി അകലത്തിൽ നിന്നാണ് കുത്തുവാക്ക് പറയുന്നതെങ്കിലും നമ്മുടെ നെഞ്ചിൽ കേറിയിരുന്നു പറയുന്നത് പോലെ തോന്നും. ഓരോ ഓർമകളിൽ അവൾ ആ നിലത്തു കമിഴ്ന്നു കിടന്നു കണ്ണുനീർ വാർത്തു.

🔹🔹🔹🔹🔹🔹🔹🔹🔹🔹

പിന്നെയും പുറത്തു നിന്ന് ഒച്ചകൾ കേട്ടു. അതൊന്നും സുഗന്ധിയുടെ കാതുകളിൽ തട്ടിയില്ല.

\"കുസുമം തന്നെ അന്വേഷിക്കുന്നുണ്ടാകുമോ?\"

വാണിയരുടെ പറമ്പിന്റെ മുക്കിലും മൂലയിലും ഇപ്പഴും അവൾ തന്നെ നോക്കി നടക്കുന്നുണ്ടാകും. എള്ളാട്ടുന്ന ചക്കിനു പിന്നിലും പറമ്പിലെ പേരയുടെ കൊമ്പിലും തൊഴുത്തിലെ പയ്യിന് അപ്പുറവും ഒളിച്ചിരുന്ന് കുഞ്ഞു കുസുമത്തെ താൻ പറ്റിക്കാറുണ്ടായിരുന്നു. എന്നെ കാണാതെ ആകുമ്പോ കരഞ്ഞു കരഞ്ഞു മൂക്കൊലിപ്പിച്ചു അവൾ നടന്നു വിളിക്കും.
ഒരുനിമിഷം പോലും അവൾക്ക് എന്നെ കാണാതെ ഇരിക്കാൻ ആകില്ലായിരുന്നു.തേടി കണ്ടുപിടിച്ചാൽ അരയിൽ കൈച്ചുറ്റി പിടിച്ചു കരയും.

\"പാലി പോകല്ലേ... 

പാലി... പാലി... \"

അവൾക്ക് ദൂരെ എവിടെ നിന്നോ കുസുമം വിളിക്കുന്ന പോലെ തോന്നി...

കുസുമം... നിന്റെ പാലി എവിടെയെന്നു പാലിക്ക് പോലും അറിയില്ല... പാലിക്ക് ഇനി നിന്നെ കാണാൻ ഒക്കുമോ? കുസുമത്തെ കുറിച്ചോർത്തപ്പോൾ സുഗന്ധിയുടെ ഹൃദയം വിങ്ങി...

ആ മുറിക്ക് അപ്പുറം ദൂരെ നിന്ന് ഒരു ശബ്ദം അടുത്ത് വരുന്നത് അവൾ അറിഞ്ഞു. വേഗം എഴുന്നേറ്റ് അവൾ ചുമരിനോട് ചെവി ചേർത്തു വച്ചു.   

കുക്കിവിളിച്ചു വരുന്ന കൽക്കരി തീവണ്ടിയുടെ നാദം...

ഈ ചുമരില്ലായിരുന്നുവെങ്കിൽ അവയ്ക്ക് ഒപ്പം ഞാനും ഓടിയേനെ...

ഒരുപക്ഷെ എന്റെ ഗ്രാമത്തിലൂടെ പോകുന്ന തീവണ്ടി ആണെങ്കിലോ? കുറച്ചു നേരം ആ ശബ്ദം ശ്രവിച്ചു അവൾ നിസ്സഹായതയോടെ ചുമരിൽ ചാരി നിലത്തേക്ക് ഇരുന്നു മുട്ടുകാലുകൾക്കിടയിലേക് മുഖം പൂഴ്ത്തി.

ചന്ദ്രഗിരി പുഴയ്ക്ക് അപ്പുറം കടകട ശബ്ദത്തിൽ പോകുന്ന കൽക്കരി തീവണ്ടിയെ നോക്കി പാളത്തിന് അപ്പുറം ചുട്ടു പൊള്ളുന്ന മണ്ണിലൂടെ നടക്കുകയായിരുന്നു ദേവദാസ്. പഴയ പാലത്തിനു അപ്പുറം വയലിൽ ഇന്ന് യോഗം കൂടുന്നു. അവിടേക്ക് വേഗം എത്തണം എന്ന ചിന്ത മാത്രമായിരുന്നു അയാൾക്ക്.

\"യജ്മാ.. യജ്മാ... \"

പിന്നിൽ നിന്ന് അവനെ വിളിച്ചു കൊണ്ട് സുഗന്ധി ഓടിവരുന്നത് അടുത്ത് കൂടെ പോകുന്ന ട്രെയിനിന്റെ ശബ്ദം മൂലം അവൻ കേട്ടില്ല.

ട്രെയിൻ പോയപ്പോൾ സുഗന്ധിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
\"യജ്മാ... \"

അവൾ ഓടി വന്നു അവനു മുന്നിൽ നിന്ന് കിതച്ചു...

എന്താ സുഗന്ധി?

\"യജ്മാ.. വിശക്കുന്നു... വാ എനിക്ക് പേരയ്ക്ക പൊട്ടിച്ചു താ...\"

\"എനിക്ക് നേരമില്ല... യോഗം ഉണ്ട് പോകണം... നീ പോയി പൊട്ടിച്ചോളൂ അല്ലെങ്കിൽ എന്റെ അമ്മയോട് പറയൂ നിനക്ക് ഭക്ഷണം തരാൻ... \"

\"യജ്മാ എനിക്ക് പേരയ്ക്ക പൊട്ടിക്കാൻ പാടില്ലെന്ന് അറിയാമല്ലോ..! വാണിയരുടെ മുറ്റത്തെ ഒരു കല്ല് പോലും എടുക്കാൻ  അനുവാദം ഇല്ലാത്തവരാ ഞങ്ങൾ...ഇന്നേരം ചോറ് ചോദിച്ചാൽ വാണിയരമ്മ എന്നെ വഴക്ക് പറയും...ചക്കിൽ കാളയ്ക്ക് പകരം എന്നെ കെട്ടാൻ പറയുംവാ യജ്മാ.. വിശന്നിട്ടല്ലേ... ഇന്ന് ഒരുപാട് പണിയുണ്ടായിരുന്നു...\"

\"എനിക്ക് നേരമില്ല സുഗന്ധി.\"

അവൻ തിരിഞ്ഞു നടന്നു. നാലടി മുന്നോട്ട് വച്ചപ്പോഴേക്കും അവന്റെ മനസലിഞ്ഞു. വിശക്കുന്നവന് അന്നം കൊടുക്കാത്ത ഞാൻ യോഗത്തിന് ചെന്നിട്ട് എന്തിനാ? അവൻ തിരികെ അവളുടെ അടുത്തേക്ക് ചെന്നു


\"വാ... \"

അവൻ അവളുടെ കൈപിടിച്ചപ്പോൾ സുഗന്ധി ചിരിച്ചു. അത് വിശപ്പ് മാറാൻ പോകുന്നു എന്നോർത്തുള്ള ചിരി ആയിരുന്നില്ല നാലടി അകലത്തിൽ തങ്ങളെ മാറ്റി നിർത്തുന്ന വാണിയര് കുടുംബത്തിന്റെ അനന്തരവകാശി തന്റെ കൈയിൽ പിടിച്ചത് കൊണ്ടായിരുന്നു. അവനൊപ്പം നടക്കുമ്പോൾ അവൾ വേഗം ശ്വാസമെടുത്തു.

സുഗന്ധി എന്ന് പേരുണ്ടെങ്കിലും സുഗന്ധം മുഴുവൻ അദ്ദേഹത്തിനാണെന്ന് അവൾക്ക് തോന്നി.

വടക്കേ കാനറയിലേക്കും  മൈസൂരിലേക്കും കപ്പല് കേറി വരുന്ന സുഗന്ധദ്രവ്യങ്ങൾ കൊണ്ട് വരുന്ന വെള്ളതാടി ഹൈദരലിയെ അവൾക്ക് ഓർമ വന്നു. അദ്ദേഹം വരുമ്പോ തന്നെ ചുറ്റും സുഗന്ധമാണ്. മുല്ലയും പിച്ചിയും ചെമ്പകവും എല്ലാം കൊണ്ട് വരും.

സുഗന്ധിക്ക് സുഗന്ധം പോരെന്നു പറഞ്ഞു ഒരിക്കെ തന്റെ നരച്ച വസ്ത്രത്തിൽ അദ്ദേഹം ഒരു തുള്ളി വെള്ളം ഉറ്റിച്ചു തന്നു.

മുല്ലപ്പൂവിന്റെ വാസന ആയിരുന്നു അതിനു...

കുസുമം ഇടക്കിടക്ക് വന്ന് തന്നെ മണത്തു പോയിരുന്നു...

വാണിയര് വീടിനു മുന്നിലെത്തിയപ്പോൾ അവൾ കൈവലിക്കാൻ ഒരു ശ്രമം നടത്തി. ദേവദാസ് അവളുടെ കൈന്മേലുള്ള പിടി മുറുകി.സുഗന്ധിക്ക് വേദനിച്ചു.

\"കൈ വിടൂ യജ്മാ... വീടെത്തി.. കൈ വിട് യജ്മാ...\"

\"എന്തിനു...? ഇത്ര നേരം ഇല്ലാതിരുന്ന അയിത്തം എന്തിനാ ഇപ്പോൾ..? വാ എനിക്കൊപ്പം... \"

അവൻ കൈപിടിച്ചു മുന്നിൽ നടന്നു ആരെയും നോക്കാതെ മുഖം താഴ്ത്തി സുഗന്ധിയും കൂടെ നടന്നു. അവൾ മെല്ലെ കണ്ണുയർത്തി നോക്കിയപ്പോൾ പണിക്കാർക്ക് ഒപ്പം പെരിയ വാണിയരും വാണിയരമ്മയും നോക്കുന്നത് കണ്ടു.
അവൾ കണ്ണുകൾ താഴ്ത്തി. പറമ്പിലേക്ക് ചെന്നു ദേവദാസ് അവൾ കൈനിറയെ പേരയ്ക്ക പൊട്ടിച്ചു കൊടുത്തു.

\"എനിക്കിന്ന് തല്ല് കിട്ടും യജ്മാ... അവൾ പറഞ്ഞു...\"

\"എന്തിനു?\"

\"യജ്മാ എന്നെ തൊട്ടില്ലേ? എന്റെ കൈപിടിച്ചില്ലേ... അതെല്ലാവരും കണ്ടില്ലേ... പെരിയ വാണിയര് പോപ്പയോട് പറഞ്ഞു കൊടുക്കും... എനിക്ക് തല്ലും കിട്ടും...\"

\"സുഗന്ധി ഒരു മനുഷ്യനും മറ്റൊരു മനുഷ്യന് താഴെയും അല്ല മുകളിലും അല്ല... നീയും നിന്റെ പോപ്പയും ആട്ടുന്ന എണ്ണയാണ്  ഇവിടെയുള്ള കോവിലുകളിൽ ഉപയോഗിക്കുന്നത്. ആ ദൈവത്തിനു ഇല്ലാത്ത അയിത്തം മനുഷ്യനായ എനിക്കില്ല...\"

ദേവദാസ് പോയപ്പോൾ അവൻ പറഞ്ഞതെന്തെന്ന് മനസിലാകാതെ സുഗന്ധി അവനെ നോക്കി നിന്നു.

യജ്മാ പഠിപ്പുള്ളവൻ ആണ് നമുക്ക് ഒന്നും മനസിലാകില്ല. അവൾ ഒരു പേരയ്ക്ക കടിച്ചു കൊണ്ട് അവിടെ നിന്ന് പോയി.

അന്ന് യജ്മാ യോഗം കഴിഞ്ഞു വരുന്നതിനു മുൻപ് അമ്മയുടെ വകയും പോപ്പയുടെ വകയും അവൾക്ക് തല്ല് കിട്ടി. അവളെ തല്ലുന്നത് കണ്ടു ആദ്യം കരഞ്ഞത് കുസുമം ആയിരുന്നു. കുസുമം അങ്ങനെ ആണ് എന്തിനും ആദ്യം വലിയ വായിൽ നിലവിളിക്കും. പുറത്ത് നിന്ന് കേൾക്കുന്നവർക്ക് തോന്നും തല്ല് കിട്ടുന്നത് കുസുമത്തിനാണെന്ന്. കരയുന്നതിനിടയിൽ സുഗന്ധിക്ക് എവിടെയെല്ലാം തല്ല് കിട്ടിയെന്ന് നോക്കി വയ്ക്കും കുസുമം. അമ്മയുടെയും പോപ്പയുടെയും ദേഷ്യം തീർന്ന് കഴിഞ്ഞാൽ സുഗന്ധി ചക്കാട്ടുന്നിടത്തെ പഴയ ബെഞ്ചിൽ ചെന്നു  എള്ളെണ്ണ മണക്കുന്ന കാറ്റ്‌ ശ്വസിച്ചു കിടക്കും.
കുസുമം അവളെ തേടി കരഞ്ഞു കൊണ്ട് വന്ന് സുഗന്ധിക്ക് തല്ല് കിട്ടിയിടതെല്ലാം തലോടും...
\"യോഗം കഴിഞ്ഞു വരുന്ന യജ്മാ എനിക്ക് തല്ല് കിട്ടിയതൊന്നും അറിയില്ല.വാണിയാരമ്മ അത് പറയുകയും ഇല്ല...\" അവൾ മനസ്സിൽ ഓർത്തു.

അവൾ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു.

യജ്മായും തന്നെ അന്വേഷിക്കുന്നുണ്ടാകുമോ?
അതോ യോഗങ്ങളുടെ തിരക്കിൽ തന്നെ മറന്നു കാണുമോ? ഞാൻ വരുമ്പോ അദ്ദേഹത്തെ കാണാണോ യാത്ര പറയാനോ കഴിഞ്ഞില്ല അതിനു അദ്ദേഹത്തിനു പരിഭവം തോന്നുമോ?
യജ്മാ എന്നെ ഓർക്കും അദ്ദേഹം നട്ട ചെടികൾ കരിഞ്ഞു നിൽക്കുന്നത് കാണുമ്പോൾ 
അപ്പോഴെകിലും ഞാനെവിടെ എന്ന് അദ്ദേഹം പോപ്പയോട് അന്വേഷിക്കുമോ?
ഈ ഇരുണ്ട മുറിയിൽ  അദ്ദേഹം എനിക്ക് വെളിച്ചം കാണിക്കുമോ? 

തുടരും...

*പാലി : ചേച്ചി 



കലാവന്തലു 2

കലാവന്തലു 2

4
259

കലാവന്തലു 2🔹🔹🔹🔹🔹വാതിൽ പഴുതിലൂടെ അരിച്ചു വന്ന വെളിച്ചത്തിന്റെ കനം കുറയുന്നത് ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു സുഗന്ധി അന്നേരവും പതിയെ പതിയെ അത് കുറഞ്ഞു കുറഞ്ഞു വന്നു ഇരുട്ട് മാത്രമായിരിക്കുന്നു.ആ മുറിക്ക് അകത്തെന്നത് പോലെ പുറത്തും ഇരുട്ട്...നിശബ്ദമായ ഇരുട്ടിൽ അവളുടെ ഹൃദയം പടപടാ മിടിക്കുന്നത് അവൾക്ക് തന്നെ കേൾക്കാം...കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു നേർത്ത വെളിച്ചം ആ വാതിലിന്റെ വിടവിലൂടെ അകത്തേക്ക് വന്നു അതിനൊപ്പം മണ്ണെണ്ണയുടെ മണവും.എണ്ണ വറ്റിയ ഏതോ വിളക്കിൽ ആരോ എണ്ണ പകരുന്നു...ചിമ്മിണി വിളക്കുകൾ തെളിഞ്ഞിരിക്കുന്നു... പുകഞ്ഞൊടുങ്ങാറായ തിരിനാളങ