അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും (നിഷ്കാമകർമ്മത്തിന്റെ ആത്മാർത്ഥത)
അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും
(നിഷ്കാമകർമ്മത്തിന്റെ ആത്മാർത്ഥത)
ഇന്നത്തെ ക്ലാസ് ഇനി രണ്ട് മണിക്കാണ്. മാരത്തനോട്ടം കഴിഞ്ഞ ക്ഷീണമുണ്ട്. വിശപ്പടക്കുന്നതിനേക്കാൾ ഇപ്പോഴാവശ്യം ദാഹമടക്കലാണ്. ഹോട്ടലിന്റെ മുന്നിലെത്തിയപ്പോൾ ഊണ് റെഡി എന്ന ബോർഡിന് പിന്നിൽ സിംഹാസനസ്ഥനായ ഇന്നാട്ടുകാരെയെല്ലാം ഊട്ടുന്നവനാണ് ഞാനെന്ന ഗർവ്വോടെ ഇരിക്കുന്ന ഹോട്ടൽ മുതലാളിയോട് ഒരു ഗ്ളാസ് ചെറുചൂട് വെള്ളം ആവശ്യപ്പെട്ടു.
എന്തിനിത്ര വെപ്രാളമെന്ന ആത്മഗതത്തോടൊപ്പം അയാൾ നൽകിയ ചൂടുവെള്ളം വാങ്ങി ഒറ്റവലിക്ക് കുടിച്ചു, ചൂടിന്റെ കടുപ്പം പോലുമറിയാതെ.
ക്ഷീണം പതുക്കെ കുറഞ്ഞപോലെ തോന്നി.
സ്‌കൂൾ കുട്ടികളെ പഠിപ്പിക്കണമെങ്കിൽ ആദ്യം ആരെങ്കിലും അത് പഠിപ്പിക്കണം. കംപ്യുട്ടർ പഠനം സിലബസിന്റെ ഭാഗമായി തുടങ്ങിയിട്ടു അധിക കാലമായിട്ടില്ല. കംപ്യുട്ടർ അദ്ധ്യാപകർ ലഭ്യമല്ലാത്തതിനാലാണ് നഗരത്തിലെ ഒരു സ്വകാര്യ കംപ്യുട്ടർ സ്ഥാപനത്തിലെ ഫാക്കൽറ്റിയായ ഞാൻ ഈ സ്‌കൂളിൽ ക്ലാസെടുക്കാൻ വന്നത്. മുതിർന്ന ഉദ്യോഗസ്ഥർ പോലും ഈ കുട്ടികളെപ്പോലെ കംപ്യുട്ടർ പഠനം ഒരു മാജിക് കാണുന്നത് പോലെ അത്ഭുതത്തോടെയാണ് കേട്ടിരിക്കുന്നത്. മുതിർന്നവർക്ക് അച്ചടക്കമെങ്കിലുമുണ്ട്. ഇവർ പക്ഷെ എൻ്റെ സകല ഊർജ്ജവും തിന്നുതീർക്കുന്ന ഏതോ ഗോളാന്തരജീവിയെ പോലെ സദാബഹളമയം. ഒരു പക്ഷെ കംപ്യുട്ടർ ഇല്ലാതെ തിയറി മാത്രം പഠിപ്പിക്കുന്നത് കൊണ്ടായിരിക്കാം. കംപ്യുട്ടർ വരുമ്പോൾ അത്ഭുതപരവശരായി കണ്ണുനട്ട് അവർ മിണ്ടാതിരിക്കുമായിരിക്കും.
ഒരാശ്വാസമായി തോന്നിയത് പ്രിൻസിപ്പാൾ മതറിന് എൻ്റെ ക്‌ളാസ് ഇഷ്ടപെട്ടതായിരിന്നു, എനിക്കെന്നെത്തന്നെ ഇഷ്ടമായില്ലെങ്കിലും. ഒരുപക്ഷെ ഒരു കംപ്യുട്ടർ സാറിനെ അവർ ജീവിതത്തിൽ ആദ്യമായിട്ട് കാണുന്നത് കൊണ്ടായിരിക്കും. കംപ്യുട്ടർ സ്ഥാപനത്തിൽ വരുന്ന ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരായ എഞ്ചിനീയർമാരും സാറേ എന്ന് വിളിക്കുമ്പോൾ ആദ്യമൊക്കെ ചൂളിപ്പോയെങ്കിലും ഇപ്പോൾ ഒരു ശീലമായി. അവരും കംപ്യുട്ടറും കംപ്യുട്ടർ അദ്ധ്യാപകരെയും ആദ്യാമായിട്ടാണല്ലോ കാണുന്നത്.
ആഹാരമിറക്കി ക്ഷീണത്തിനു പരിഹാരമാകട്ടെ, തൽക്കാലം.
ഊണ് കഴിച്ചിറങ്ങുമ്പോൾ റോഡിനപ്പുറത്തെ വലിയൊരാലിന്റെ മൂട്ടിലെ ബസ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയുടെ മുഖത്ത് വെറുതെ കണ്ണുകൾ തടഞ്ഞു. എവിടെയോ വച്ചു കണ്ടിട്ടുള്ളപോലെ.
ഇരുണ്ട നിറമാണെങ്കിലും തെളിഞ്ഞ മുഖം. ആരെയും വീക്ഷിക്കുന്നില്ലെങ്കിലും നിറഞ്ഞ ചിരി ആ മുഖത്ത് വിതറിയിട്ടുണ്ട്.
എവിടെ വച്ചാകും കണ്ടിട്ടുള്ളത്?
അവളും പുരികം വളച്ച് ചുണ്ടുകൾ വിടർത്തി ചിരിക്കുകയാണോ എന്നെ നോക്കി, അതോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണോ ഞാനാരാണെന്ന്? ഞങ്ങൾ തമ്മിൽ മുമ്പ് കണ്ടിട്ടുണ്ട്, പരസ്പരം അറിയാവുന്നവരാണ്, പക്ഷെ എവിടെ, എപ്പോൾ?
ഓർമ്മകളിൽ ഒരാൾ ഒറ്റയ്ക്ക് ചുണ്ടയിട്ടിരിന്നു.
അടിയിലെവിടെയെങ്കിലും ഒരു തുണ്ടിര കൊത്തുമോ?
അവളെ തന്നെ തുറിച്ചുനോക്കി നിൽക്കുന്നതിന്റെ ജാള്യത മനസ്സിൽ ഉരുണ്ടുകൂടിയെങ്കിലും ആരെന്നറിയാനുള്ള വെപ്രാളം അവളിലുമുണ്ടെന്നറിവ് അത് പരിഹരിച്ചു.
ഒരു ബസ് വന്നു അവളുടെ മുന്നിൽ നിന്നു വിറച്ചു. കുറച്ച് കഴിഞ്ഞു നീങ്ങിത്തുടങ്ങി. നീങ്ങുന്ന ബസ്സിന്റെ അവസാനഭാഗം ആകാംക്ഷയുടെ അന്തമില്ലാത്ത അറ്റംപോലെ നീളം കൂടിയതായി തോന്നി.
ആരെന്നറിയാനാവാതെ ഒരു ചോദ്യം മനസ്സിൽ ബാക്കിയായി നിൽക്കുമോ ജീവിതകാലം മുഴുവനും?
ഭാഗ്യം, അവൾ അവിടെ തന്നെയുണ്ട്. അല്ല, അവൾ റോഡ് മുറിച്ച് കടന്നു എന്റെയടുത്തേക്കു നടന്നു വരുന്നു, ഒരു പരിചിതയെ പോലെ.
എനിക്കന്യമായ ഉത്തരം അവൾക്കു കരഗതമായോ?
അവളുടെ തെളിഞ്ഞ ചിരിക്കു മുമ്പിൽ ഞാനും ചിരിച്ചു. പരിചയക്കാരിയെ കണ്ടാൽ ചിരിക്കാതിരിക്കാൻ പറ്റില്ലല്ലോ.
"എവിടെ പോകുവാ...?" അവൾ അടുത്തെത്തും മുമ്പ് തന്നെ ചോദ്യമെറിഞ്ഞു.
ആ ചോദ്യം പ്രതീക്ഷിച്ചില്ല. പതിവായി തമ്മിൽ കാണാറുള്ളവരെപോലെ, അല്ലെങ്കിൽ പണ്ടേ പരസ്പരം അറിയാമായിരുന്നത് പോലെയായിരുന്നു അവളുടെ ചോദ്യം. അവളെന്നെ തിരിച്ചിറിഞ്ഞിരിക്കുന്നു. പക്ഷെ ഞാനവളെ തിരിച്ചറിഞ്ഞില്ലല്ലോ. പേര് ചോദിച്ചാലോ? വേണ്ട നാണക്കേടാകും. എവിടെയോ കണ്ടു പരിചയമുള്ള പോലെ തോന്നുന്നു എന്ന് പറഞ്ഞാലോ? വേണ്ട, പതിവ് പൂവാല ചോദ്യമാവും. വരട്ടെ, അവളെന്റെ പേര് ചോദിക്കുമോയെന്നു നോക്കട്ടെ.
"ഹലോ, എന്താ, എവിടെ പോകാൻ നിക്കുവാ...?"
ദൈവമേ, ഭീഷണിയാണോ? ഇനി തുറിച്ചുനോക്കിയതിന്റെ പേരിൽ ആളെ വിട്ടു തല്ലാൻ വല്ല ഉദ്ദേശവുമുണ്ടോ ആവോ? പക്ഷെ ആ മുഖത്ത് ഇപ്പോഴും പരിചയച്ചിരിയാണല്ലോ.
"ഞാൻ ഇവിടെ മാർത്ത സ്‌കൂളിൽ വന്നതാ. കമ്പ്യൂട്ടർ പഠിപ്പിക്കുന്നു."
മടിച്ച് മടിച്ച് സത്യംതന്നെ പറഞ്ഞു.
"അതിനവിടെ ലേഡീസ് ടീച്ചർമാരെ ഉള്ളുവെന്നാണല്ലോ കേട്ടത്? നീ...?" ചിരിച്ചുകൊണ്ട് തന്നെ അവൾ പറഞ്ഞു.
ഒരു പരിഹാസം ആ ചിരിയിൽ ഉണ്ടായിരുന്നോ? ലേഡീസ് മാത്രമുള്ളിടത്ത് പാന്റ്സും ഷർട്ടുമിട്ടു പുരുഷവസ്ത്രധാരിയായി ഒരു പെണ്ണാണോ നീയെന്ന ഒരു ധ്വനി ആ ചോദ്യത്തിലുണ്ടോ?
"കമ്പ്യൂട്ടറിനു മാത്രമേ സാറുള്ളു. കമ്പ്യൂട്ടർ പഠിപ്പിക്കാൻ ലേഡീസ് ഇല്ലാ അവിടെ."
ലേഡീസ് സ്റ്റാഫിനെ തന്നെ വിടണമെന്ന് പ്രിൻസിപ്പാൾ നിര്ബന്ധിച്ചിരുന്നെങ്കിലും, ഒരു പരീക്ഷണമെന്ന രീതിയിൽ ഞാൻ വന്നതും, പിന്നീട് ഞാൻ തന്നെ മതിയെന്ന് മദർ പറഞ്ഞതും വേണമെങ്കിൽ ആത്മാഭിമാനത്തോടെ അൽപ്പം ജാടകൂട്ടി അവളോട് പറയാമായിരുന്നു. പക്ഷെ സമയമായിട്ടില്ല, കാത്തിരിക്കൂ എന്ന് മനസ് പറഞ്ഞു.
"ഹോ, സ്ത്രീജന്മങ്ങൾക്കിടയിലെ ഒരു പുരുഷകേസരിയാണല്ലേ?" ഒന്നിരുത്തി അവൾ പറഞ്ഞു.
"ഞാൻ സ്ഥിരമല്ല, ഇടക്ക് വന്നു അഞ്ച് മുതലുള്ള ക്ലാസ്സുകൾ മാത്രം പഠിപ്പിക്കുന്നു."
"അല്ലാ, സാറുമാരാരും ഹോട്ടെലിൽ വന്നു ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല."
അത്രയും കാര്യങ്ങൾ പറയുമ്പോഴും അവളെൻറെ പേര് സൂചിപ്പിക്കുന്നില്ല, ചോദിക്കുന്നുമില്ല. പിന്നെങ്ങനെ ഞാൻ അവളുടെ പേര് ചോദിക്കും?
"അല്ല ഇനി ക്ലാസില്ല?
"ലേഡീസ് ടീച്ചർമാർ മാത്രമായതു കൊണ്ട് സ്റ്റാഫ് റൂമിൽ ഇരിക്കാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയാൽ അടുത്ത ക്ലാസുവരെ പുറത്തെവിടെയെങ്കിലും നിൽക്കും. ഇനി മൂന്നു മണിക്കാണ് അടുത്ത ക്ലാസ്."
"അപ്പോഴിനി ഒരു ഒന്നര മണിക്കൂർ പുറത്ത് നിൽക്കണമല്ലേ...?"
അതെയെന്ന് തലയാട്ടിയെങ്കിലും നീയാരാ, എല്ലാം കുത്തിച്ചോദിക്കുന്നല്ലോ എന്നായിരുന്നു എൻ്റെ മുഖഭാവമെന്നവൾ മനസിലാക്കിയില്ലല്ലോ എന്ന പരിഭവം എനിക്കുണ്ടായിരുന്നു.
"അടുത്തൊരു പാർക്കുണ്ട്, നിന്നു ബോറടിക്കാതെ അവിടെ കുറച്ച് നേരമിരിക്കാം. വരുന്നോ?"
ചോദ്യം അപ്രതീക്ഷിതമായിരുന്നെങ്കിലും അതാഗ്രഹിച്ചിരിന്നു, പാർക്കിൽ പോയില്ലെങ്കിലും കുറച്ച് നേരം കൂടി അവളോടൊപ്പം നിന്നാലോ എന്ന് തോന്നിയിരുന്നു. ഈ റോഡിൽ ഇങ്ങനെ നിൽക്കുന്നതിനേക്കാൾ നല്ലതു അതായിരിക്കും.
അവിടെ ഒരു പാർക്കുള്ള കാര്യം എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ, ഇത്രയും നാൾ ഫ്രീടൈം വെയിലുകൊണ്ട് നിന്നതു ഒഴിവാക്കാമായിരുന്നു.
പോകാം എന്ന് യാന്ത്രികമായി തലയാട്ടി പറഞ്ഞു. ഇന്ന് ഈ ഉച്ചനേരത്ത് ഒരു പാർക്കിൽ ഒരു സ്ത്രീയോടൊപ്പം കുറച്ച് നേരമിരിക്കണമെന്നു ആരോ എൻ്റെ ഉള്ളിൽ നിന്നാജ്ഞാപിച്ചു.
അനുരാഗത്തിന്റെ രുചിയും സ്നേഹത്തിന്റെ മണവും - Part 2
ഇത്ര സ്വാതന്ത്ര്യത്തോടെ എന്നോട് ഇടപെടാൻ ഇവൾ ആരാണ്? ആ ചോദ്യം മനസിലുറഞ്ഞു പോയതല്ലാതെ പുറത്തുവരാൻ മനസുകൊണ്ട് കൗമാരം വിടാത്ത എൻ്റെ നവയൗവ്വനം ഒരുമ്പെട്ടില്ല.
ബസ്റ്റോപ്പിൽ നിന്നും കുറച്ച് മുന്നോട്ടു നടന്നു. ഇടത്തേക്കു തിരിഞ്ഞു ഒരു നൂറു മീറ്റർ നടന്നു. നശിച്ചു തുടങ്ങിയ ഒരു പാർക്ക് കണ്ടു. ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടക്കുന്നു.
എല്ലാവർക്കും സ്വാഗതം എന്ന് പിറുപിറുക്കുന്ന പോലെ പൊളിഞ്ഞു വീഴാറായ ഇരുമ്പു ഗേറ്റ് കാറ്റിലാടി പറഞ്ഞു. പണ്ടെന്നോ കുട്ടികളോട് കലപിലകൂടിയ ഓർമ്മകൾ കാറ്റിലാടുന്ന മരച്ചില്ലകളോട് ഏറ്റുപറഞ്ഞു വിലപിക്കുന്ന ഇളകി വീഴാറായ കളിയന്ത