Aksharathalukal

സ്വന്തം തറവാട് 42



\"ഞാനിവിടെനിന്ന് പോരുമ്പോൾ അവനവിടെയെത്തിയിരുന്നു... എന്നെ കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ കണ്ടത് വെറുമൊരു അപരിചിതന്റെ മുഖമല്ലായിരുന്നു... എന്തോ മനസ്സിലുറപ്പിച്ചതുപോലെയാണെന്ന് എനിക്കുതോന്നി... അവനെ സൂക്ഷിക്കുന്നത് നല്ലതാണ്... പണി ഏതുഭാഗത്ത്നിന്നാണ് വരുന്നതെന്ന് അറിയില്ല... \"

\"നീ പറയുന്നത് തള്ളുന്നില്ല... ആ എസ്ഐ വിശാഖിന്റെ കൂട്ടുകാരനാണവൻ... ഒരുകണത്തിന് പറയുകയാണെങ്കിൽ അവന്റെ ബുദ്ധിയായിരിക്കും എസ്ഐ ഈ കാണിച്ചുകൂട്ടുന്നതിന്റ പിന്നിലെന്നാണ് തോന്നുന്നത്... എല്ലാമൊന്ന് കഴിയട്ടെ അവന് നല്ലൊരു പണി കൊടുക്കുന്നുണ്ട്...  ഇപ്പോൾ അവനൊരു ബിസിനസ് തുടങ്ങാനുള്ള തയ്യാറെപ്പിലാണ്... ഒരു വേലയും കൂലിയുമില്ലാത്തവൻ എന്ന അവനെതിരെയുണ്ടായിരുന്ന  പരാതി അവൻ മാറ്റാൻ പോകുന്നു... ആ സാമ്രാജ്യം ഒരിക്കൽ ഞാൻ സ്വപ്നം കണ്ടതായിരുന്നു... അന്നേരമാണ് ഏതോ വരത്തൻ എന്നേക്കാളും വലിയ വിലക്ക് അതെടുത്തത്... പക്ഷേ അയാൾക്കതിൽ വിജയിച്ച് മുന്നേറാൻ കഴിഞ്ഞില്ല... ഇപ്പോഴത് ഇവന്റെ കയ്യിലുമെത്തിയിരിക്കുന്നു... \"

\"അതു കൊള്ളാമല്ലോ... എന്നാൽ നമുക്ക് അതിൽതന്നെ പിടിച്ച് മുന്നേറാം... ആദ്യം അവന്റെ ആ സാമ്രാജ്യം തന്നെ തകർക്കാം... അവനവിടെയൊരു വിജയമുണ്ടാകരുത്... അത് തുറന്ന് പ്രവർത്തിച്ചാലല്ലേ അവന് വിജയം കൊയ്യാൻ കഴിയൂ...\"

\"പാടില്ല... ഇത് നിന്റെ മധുരയല്ല... ഇന്നവന് ഈ നാട്ടിലുള്ള വില മറ്റൊരാൾക്കുമില്ല.. അതല്ലേ പ്രദീപ് കാണിച്ച തോന്നിവാസം അവന്റെമേൽ വച്ചുകെട്ടിയിട്ടും നാട്ടിലെ ആരും വിശ്വസിക്കാതിരുന്നത്... ഇപ്പോൾ നമ്മൾ അവനെതിരേ നീങ്ങിയാൽ  ജനങ്ങൾ വെറുതേയിരിക്കില്ല... അനുഭവംകൊണ്ട് പറയുകയാണ്... അന്നേരം പുതുശ്ശേരിക്കാർക്കെതിരേയുള്ള നമ്മുടെ ഒരുകളിയും നടക്കില്ല... ആ മേനോന്റെ മകള് പ്രദീപിന് സ്വന്തമായാൽ അത് അവന് നമ്മൾ നൽകുന്ന ഏറ്റവും വലിയ ക്ഷതമായിരിക്കും... അതോടെ അവൻ തളരും... പിന്നെയവന് ആ ബിസിനസ്സിൽ ശ്രദ്ധചെലുത്താൻ കഴിയില്ല... ഒരുതരം മനസ്സ് മടുത്തരീതിയിലാവും... അവിടെ നമ്മൾ കളിക്കണം... ബിസിനസ് പൊട്ടി പാളീസായി അവസാനമവൻ കിട്ടുന്ന വിലക്കത് വിൽക്കും... അത് താനേ എന്റെ കയ്യിലെത്തും... അന്നേരം എല്ലാതരത്തിലും വിജയം എന്റെ കയ്യിലാവും...\"

\"ഇത്രയേറെ അവന് ജനപിന്തുണയുണ്ടെങ്കിൽ അവിടേയും ആ ജനങ്ങൾ അവനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങില്ലേ...\"

\"എവിടെ.. അത്രയും വലിയ പണംമുടക്കി അവനെ രക്ഷിക്കാൻ പറ്റിയ ആരാണ് ഇവിടെയുള്ളത്.. ഉണ്ടെങ്കിൽതന്നെ ഞാനിവിടെയുള്ള കാലത്തോളം അത് ഇല്ലാതാക്കാനും എനിക്കറിയാം... അവൻ പുതിയ ബിസിനസ് തുടങ്ങട്ടെ... അതിൽ വലിയ വിജയം കയ്യേറാൻ നമുക്കും പ്രാർത്ഥിക്കാം... ഉയരം കൂടുന്തോറും വീഴ്ചയുടെ ശക്തിയും കൂടും.....ഇപ്പോൾ നമുക്ക് മേനോന്റെ നാശം കാണാനുള്ള സമയമാണ്... അത് വൈകാതെ നടത്തണം...\"

\"ഇതാണ് അളിയന്റെ പ്രശ്നം... എല്ലാം എടുത്തുചാടി ചെയ്യും അവസാനം എല്ലാം തിരിച്ചുതന്നെ കിട്ടും... ഇപ്പോഴല്ലേ അളിയൻ പറഞ്ഞത് ഒന്നും എടുത്തുചാടി തീരുമാനമെടുക്കരുതെന്ന്... ആ നന്ദന്റെ മനസ്സ് കൂടുതൽ തകരണമെങ്കിൽ നമ്മൾ കാത്തിരിക്കണം... അവർതമ്മിലുള്ള വിവാഹം ഉറപ്പിക്കണം... എന്നിട്ട് നാട്ടുകാരെ മുഴുവൻ വിളിച്ച് കൂട്ടണം... വിവാഹദിവസം എത്തണം..... എല്ലാവരും മുഹൂർത്ത സമയത്ത് വിവാഹവേദിയിൽ ഒന്നിക്കണം... പക്ഷേ വിവാഹപ്പെണ്ണ് മാത്രം ഉണ്ടാവരുത്... അവൾ ഇവിടെ നമ്മൾ പ്രദീപിനുവേണ്ടി രഹസ്യമായി ഒരുക്കിയ മണ്ഡപത്തിൽ ഉണ്ടാവണം... അവിടെ അവളെ കാണാതെ അവർ നാനാദിക്കിലും തിരയുമ്പോൾ അവൾ പ്രദീപിന്റെ പെണ്ണായി ഹണിമൂൺ ആഘോഷിക്കാൻ പോയിരിക്കണം...\"

\"സംഭവം നല്ലതുതന്നെ... പക്ഷേ എങ്ങനെ ആയിരക്കണക്കിന് ആളുകൾ അവിടെയുണ്ടാവും... അതിനിടയിൽനിന്ന് എങ്ങനെ അവളെ കടത്തിക്കൊണ്ടുവരും... \"

\" അതിനാണോ പണി... അവിടെ  വിവാഹം പകർത്താൻ പോകുന്ന വീഡിയോഗ്രാഫറും ക്യാമറാമാനും നമ്മുടെ ആളായിരിക്കണം... മാത്രമല്ല വിവാഹം അമ്പലത്തിലാണെങ്കിൽ അത് കൂടുതൽ നമുക്കനുകൂലമാകും... അതല്ല പുതുശ്ശേരി തറവാട്ടിൽ വച്ചാണെങ്കിൽ മറ്റൊരു പ്രയോഗം നടത്താം...ജലജചേച്ചി... ജലജചേച്ചി വിചാരിച്ചാൽ നടക്കും... ഇത്രയുംകാലം ചേച്ചിക്ക് മേനോനോടുള്ള പക അതറിയുന്നത് അവിടെ ശിൽപ്പക്ക് മാത്രമാണ്... അവളുടെ മുന്നിൽ കുറച്ചൊന്ന് അഭിനയിക്കേണ്ടിവരും... എല്ലാം ഞാൻ സമയമാകുമ്പോൾ പറയാം... ഇപ്പോൾ നമ്മൾ ഒരുപ്രശ്നത്തിനും പോകാതെ നിൽക്കണം.. നമ്മുടെ ഒരു രഹസ്യവും ആരും അറിയരുത്... പ്രദീപ് പോലും... \"

\"ഉം... എനിക്ക് ആ മേനോന്റെ മുന്നിൽ ഒന്ന് വിജയിക്കണം... ആ വിജയത്തിൽ അയാളുടെ നാശവും കാണണം...  \"

\"അളിയനെന്നെ വിശ്വസിക്ക് അളിയന് ഇവിടെ വിജയം മാത്രമേയുണ്ടാകൂ.. \"

\"നിന്നെ ഞാൻ വിശ്വസിക്കുന്നു... നീ പറയുന്നത് പ്രവർത്തിക്കുമെന്നും എനിക്കറിയാം... പിന്നെ നീ കടത്തിക്കൊണ്ട് പോന്ന ആ പെണ്ണിനേയും തള്ളയേയും വീട്ടിലെത്തിച്ചേക്ക്... ഇനി അവരുടെ ആവിശ്യം നമുക്കില്ലല്ലോ... \"

\"അത് ഞാൻ ചെയ്തുകഴിഞ്ഞു... അവരിപ്പോൾ അവരുടെ വീട്ടിലെത്തിക്കാണും...

\"നീയാണ് ഇതിന് പിന്നിലെന്ന് അവർക്ക് അറിയില്ലല്ലോ...\"

\"ഇല്ല...എന്റെ മുഖമവർ കണ്ടിട്ടില്ല.. എന്നാൽ ഞാനിപ്പോൾ വരാം... ഇവിടെയടുത്ത് നല്ല ബാർ എവിടെയാണ് ഉള്ളത്...എനിക്ക് ഇന്നത്തെ വിജയമൊന്ന് ആഘോഷിക്കണം...\"

\"അതിനെന്താ.. ടൗണിൽതന്നെയുണ്ട് നീ പോയിട്ടുവാ... \"
രാജശേഖരൻ തന്റെ കാറിൽ കയറി ബാറിലേക്ക് പുറപ്പെട്ടു...

▪️▪️▪️▪️▪️▪️▪️▪️▪️▪️

ഈ സമയം നന്ദൻ ആൽത്തറയുടെ അടുത്ത് എത്തിയിരുന്നു... നന്ദനെ അവൻ ഫോൺചെയ്ത് വിളിച്ചതിനാൽ വിശാഖും അവിടെ എത്തിയിരുന്നു...

\"എന്തായെടാ പോയ കാര്യം... നിന്റെ അമ്മാവൻ എന്തെങ്കിലും പറഞ്ഞോ...\"
വിശാഖ് ചോദിച്ചു...

\"അതല്ലേ രസം... എന്റെ അമ്മാവന് ദേശീയ അവാർഡ് കൊടുക്കണം.. അതുപോലുള്ള അഭിനയമായിരുന്നില്ലേ അങ്ങേരുടേത്... അങ്ങേർക്ക് മാത്രമല്ല എന്റെ മുറപ്പെണ്ണിനും കൊടുക്കണം... രണ്ടുപേരും ഏറ്റവുംനല്ല അഭിനേതാക്കളാണ്...\"

\"അതെന്താടാ അങ്ങനെ... നീയെന്താണ് പറഞ്ഞുവരുന്നത്...\"

\"ഇത്രയും ദിവസം എല്ലാവരുടേയും മുന്നിലവർ നാടകം കളിച്ചതാണ്.. നന്ദൻ എല്ലാകാര്യവും വിശാഖിനോട് പറഞ്ഞു... വിശാഖ് അന്തംവിട്ട് നിൽക്കുകയായിരുന്നു... അവൻ നന്ദനെ സൂക്ഷിച്ചൊന്ന് നോക്കി... പിനനെ പൊട്ടിച്ചിരിച്ചു...\"

\"നീ ചിരിച്ചോ... ഞാനാണല്ലോ ഇത്രയുംനാൾ തീ തിന്നത്... അതനുഭവിക്കുന്നവർക്കറിയാം അതിന്റെ വേദന...\"

\"ഞാനതുകൊണ്ട് ചിരിച്ചതല്ല... നിന്നെയവർ കുരങ്ങുകളിപ്പിച്ചതോർത്ത് ചിരിച്ചതാണ്... ഇപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി... ആരൊക്കെ എന്തൊക്കെ നിന്നെ പറഞ്ഞാലും നിന്നെ നിന്റെ മുറപ്പെണ്ണും അമ്മാവനും അവിശ്വസിക്കില്ല എന്ന്... അതൊരു ഭാഗ്യമാടാ... ഇതുപോലൊരു അമ്മാവനേയും മുറപ്പെണ്ണിനേയും കിട്ടാൻ സുകൃതം ചെയ്യണം... എന്നാലും അവളെ നീ അടിച്ചത് ശരിയായില്ല... വീണ്ടുമൊരു പ്രശ്നം വേണ്ടെന്നുകരുതിയാണ് അവിടെയുള്ളവർ നിന്നോടൊന്നും പറയാതിരുന്നത്... \"

\"അതെങ്കിലും ഞാനവൾക്ക് കൊടുക്കേണ്ടേ... എന്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തിയാലും എനിക്ക് പ്രശ്നമില്ലായിരുന്നു... അതിലും വലിയ വേദനയാണ് കുറച്ചുദിവസം ഞാനനുഭവിച്ചത്...\"

\"എന്തായാലും എല്ലാം ശരിയായല്ലോ... അതുപോട്ടെ നിനക്ക് എങ്ങനെയാണ് അമ്മാവനാണ് പണം തന്നതെന്ന് മനസ്സിലായത്...\"

\"അത് മനസ്സിലാക്കാൻ അതിനുമാത്രം ബുദ്ധിയൊന്നും വേണ്ട... എന്റെ അച്ഛൻ പറഞ്ഞത് അച്ഛൻ അറിയുന്ന ഒരാൾ തന്നാതാണെന്നാണ്... അതും പലിശക്ക്... അത്രയും വലിയ തുക മറ്റൊരാൾക്ക് പശിശക്ക് നൽകാൻപറ്റിയ ഒരാളും അച്ഛന്റ അറിവിലില്ല... മാത്രമല്ല ഇത്രയും പണം പലിശക്ക് എന്നുപറഞ്ഞപ്പോൾതന്നെ എനിക്ക് കാര്യം മനസ്സിലായി.. ആ തുകക്ക് മാസം പലിശതന്നെ എത്രവരും...  വല്ല ബാങ്കിൽനിന്നും പണം വായ്പ വാങ്ങിച്ചതാണ് എന്നുപറഞ്ഞാൽ ചിലപ്പോൾ ഞാൻ വിശ്വസിച്ചേനെ...  അച്ഛനീക്കാര്യം പറഞ്ഞപ്പോൾതന്നെ അതിന്റെ ഉറവിടം മനസ്സിലായി... അത് ശരിയാണോ എന്നറിയാൻ വേണ്ടിയാണ് ഞാനുമൊരു നാടകം കളിച്ചത്... അത് വിജയിച്ചു... \"

\"എന്റമ്മേ നിന്റെയത്ര കുരുട്ടുബുദ്ധി മറ്റാർക്കുമുണ്ടാവില്ല... ഇതിന്റെ പകുതി കിട്ടിയാൽ മതി എനിക്ക് എന്നാൽ ഇന്നത്തെ കേസ് തള്ളില്ലായിരുന്നു... പക്ഷേ ഞാൻ തോറ്റ് പിൻമാറില്ല... സുപ്രീം കോടതിയിൽ പോയാലും ആ പ്രദീപിന് ശിക്ഷ ഞാൻ വാങ്ങിച്ചുകൊടുക്കും... സർവ്വീസിൽ കയറിയതിനുശേഷം ഇതുപോലൊരു തോൽവി എനിക്കാദ്യമായിട്ടാണ്... അതെന്റെ അഭിമാനത്തെയാണ് തകർത്തത്... ഇതൊന്നുകൂടി ഞാൻ കുത്തിപൊക്കും... ഇതിനകം അവർ ആ സോജയെ വിട്ടയച്ചിട്ടുണ്ട്.. അവളെന്നെ വിളിച്ചിരുന്നു.... അവളെത്തന്നെ വച്ചുകളിക്കും ഞാൻ...\"

\"അതുപറഞ്ഞപ്പോഴാണ് ഓർത്തത്...ഞാൻ പുതുശ്ശേരിയിൽ എത്തിയപ്പോൾ ഒരാൾ ഉണ്ടായിരുന്നു അവിടെ... അമ്മാവനെ  വെല്ലുവിളിക്കാൻ... മറ്റാരുമല്ല പ്രദീപിന്റെ അമ്മാവൻ.. ഈ നാട്ടിൽ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്... നിന്റെ പോലീസുകാരെ ആക്രമിച്ച് സോജയേയും അവളുടെ അമ്മയേയും അവിടെനിന്ന് കടത്തിയത് അവർ പറഞ്ഞത് നോക്കുമ്പോൾ ഇയാളാണെന്നാണ് എനിക്ക് തോന്നുന്നത്... അങ്ങനെയാണെങ്കിൽ സൂക്ഷിക്കണം... നിന്റെ പുറകേ അയാളുണ്ടാകും... അതുകൊണ്ട് ഇനി ചെയ്യുന്നതെല്ലാം രഹസ്യമായിരിക്കണം... നീയും ഞാനുമല്ലാതെ മറ്റാരും അറിയുകയുമരുത്... അതിനുമുമ്പ് സോജയും അമ്മയും വീട്ടിലെത്തിയിട്ടുണ്ടെങ്കിൽ അവരെ ഇനി അവിടെ താമസിപ്പിക്കുന്നത് അപകടമാണ്... അയാളും സുധാകരനും അവളെ വെറുതേ വിട്ടാലും പ്രദീപ് അടങ്ങിയിരിക്കില്ല... അവന്റെ എല്ലാ ചുറ്റിക്കളിയും അവൾമുഖേനെയാണ് നമ്മളറിഞ്ഞത്... അന്നേരം അവളോട് പ്രതികാരം ചെയ്യാതിരിക്കില്ല അവൻ... നാളത്തന്നെ അവരെ അവിടെനിന്ന് മാറ്റണം... എന്റെ പരിചയത്തിലുള്ള ഒരാളുടെ  പഴയൊരു വീടുണ്ട്... നല്ല വീടാണ്... കുറച്ച് ദൂരെയാണ്... അവടേക്ക് മാറ്റാം... അതുവരെ അവളുടെ സംരക്ഷണം നിന്റെ കയ്യിലായിരിക്കണം... വീടിന്റെ ഓണറെ ഞാൻ ഇപ്പോൾതന്നെ പരിചപ്പെടുത്തിത്തരാം... എന്നിട്ട് അവനുമായി സംസാരിച്ചോ നീ... എനിക്ക് നാളെ കുറച്ച് പണിയുണ്ട്... 

\"എന്തിനാണ് നാളെയാക്കുന്നത്... ഇന്നുതന്നെ അവിടേക്ക് മാറാം... ഇനിയും റിസ്കെടുക്കുന്നത് ബുദ്ധിയല്ല... നീ അയാളെ വിളിക്ക്... എല്ലാം ഓക്കെയാണെങ്കിൽ ഇപ്പോൾതന്നെ പോകാം.. നിന്റെ കാറുണ്ടല്ലോ അങ്ങനെയെങ്കിലും അതൊന്ന് റോഡ് കണ്ടോട്ടെ... \"

നന്ദൻ അപ്പോൾതന്നെ ഫോണെടുത്ത് ആളെവിളിച്ച് കാര്യങ്ങൾ പറഞ്ഞ് ശരിയാക്കി... 

എല്ലാം ഓക്കെയാണ്... നീ ചെന്ന് അവളോട് റഡിയാവാൻ പറഞ്ഞോ... അപ്പോഴേക്കും കാറുമായി ഞാനവിടെയെത്താം....

തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 43

സ്വന്തം തറവാട് 43

4.6
5926

നന്ദൻ അപ്പോൾതന്നെ ഫോണെടുത്ത് ആളെവിളിച്ച് കാര്യങ്ങൾ പറഞ്ഞ് ശരിയാക്കി... എല്ലാം ഓക്കെയാണ്... നീ ചെന്ന് അവളോട് റഡിയാവാൻ പറഞ്ഞോ... അപ്പോഴേക്കും കാറുമായി ഞാനവിടെയെത്താം....വിശാഖ് തന്റെ ബൈക്കെടുത്ത് സോജയുടെ വീട്ടിലേക്ക് പുറപ്പെട്ടു... നന്ദൻ കാറെടുക്കാൻ വീട്ടിലേക്കും പോയി...വിശാഖ് സോജയുടെ വീട്ടിലെത്തി... ഒരുപാട് തവണ ബെല്ലടുച്ചതിനുശേഷമാണ്  സോജ വാതിൽ തുറന്നത്...\"സാറായിരുന്നോ... എന്താ സാർ ഈസമയത്ത് ഇവിടെ... ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ... ചത്തിട്ടില്ല... ഈശ്വരൻ അയാളെക്കൊണ്ട് ദയ തോന്നിപ്പിച്ചുകാണും അതാണ് വെറുതേ വിടാൻ തോന്നിയത്... ഇത്രയുംകാലം പോലീസുകാരോട് ഒരു ബഹു