Aksharathalukal

ചുഴിയിൽ വീണ സ്വപ്നം - Part 3

ചുഴിയിൽ വീണ സ്വപ്നം

(ആത്മാവിൻറെ ഗൃഹാതുരത്വം)

Part 3

നെഞ്ചിലെന്തോ ഇറ്റിറ്റുവീണു ഉരുണ്ടുകൂടി ഭാരം വക്കുന്നു. ഇരുണ്ടുപോയ താരകം സകലതും വിഴുങ്ങി ഭാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിന്തകൾ ഇടമുറിയാതെ തിങ്ങി നിറഞ്ഞു കനംവെച്ച മനസ് ശവമഞ്ചത്തിന്‌ മുകളിൽ കരകാത്തിരിന്നു.

ആ ഒരു നിമിഷം തന്റെ ആയുഷ്‌ക്കാലത്തേക്കാൾ നീണ്ടതും മരണത്തെക്കാൾ ഭീകരുവുമായി അയാൾക്കനുഭവപ്പെട്ടു. അടുത്ത നിമിഷത്തിന്റെ ആരംഭത്തിൽ പുനർജ്ജന്മമായി വീടണയാൻ  അയാൾ അതിയായി ആശിച്ചു. 

ഈ പ്രവാസം, ഈ അദ്ധ്വാനം, ഈ ജീവിതം എല്ലാം ഉപയോഗശൂന്യമായ പൊട്ടിയ ബലൂൺ ശകലങ്ങൾപോലെ പിച്ചി ചീന്തി കിടക്കുന്നു. കൂട്ടിചേർത്തൊട്ടിച്ച് പെരുപ്പിക്കുവാൻ ഗിരീഷിന് സ്വപ്നങ്ങളിന്നു നഷ്ടമായി.

മരണമകന്ന ശരീരം ഊർജ്ജം നഷ്ട്ടപ്പെട്ട വെറും ജീവൻ മാത്രമായി കിടന്നു.

തന്റെ ശരീരമാകെ വിയർക്കുന്നതായി ഗിരീഷിന് തോന്നി. എയർകണ്ടീഷൻ ഓണാണല്ലോ. ഞാൻ വിയർക്കുന്നുണ്ടോ? കൈകാലുകൾ അനങ്ങിയിരുന്നെങ്കിൽ എഴുന്നേറ്റു വിമാനം കയറി നാട്ടിലെത്താമായിരിന്നു. ഇപ്പോൾ നാട്ടിലേക്ക് വിമാനമുണ്ടാകുമോ? ടിക്കറ്റ് കിട്ടുമോ? വിമാനത്താവളത്തിലേക്കു ആര് തന്നെ കൊണ്ടുപോകും. കൂട്ടുകാരാരെങ്കിലും ഉണരുമോ ഈ പാതിരാത്രിയിൽ. പോകാൻ മാനേജരുടെ സമ്മതം കിട്ടുമോ? ഇപ്പോൾ തന്നെ ചോദിച്ചാലോ?

സമയം എത്രയായി കാണുമിപ്പോൾ. മൊബൈലിരിക്കുന്നിടത്തേക്കു കണ്ണെത്തിയെങ്കിലും കൈകളെത്തുന്നില്ല.

ഈ ദേഹം ഇതുപോലെ പൊക്കിയെടുത്ത് വീട്ടിലെത്തിക്കാൻ ആരെങ്കിലുമുണ്ടോ ഈയുലകിൽ? 

സൂര്യൻ ഉദിക്കാനായി മനസ് ദാഹിച്ചു. എങ്കിൽ ഓഫീസിലെത്തി എമർജൻസി ലീവിന് അപേക്ഷിക്കാമായിരിന്നു. മാനേജർ സമ്മതിച്ചില്ലെങ്കിൽ? ജോലി രാജി വക്കാം. എന്നാലും ഒരുമാസം നോട്ടീസ് കാലയളവുണ്ടല്ലോ. അത്രയും നാൾ പിന്നെയും കാത്തിരിക്കേണ്ടി വരുമല്ലോ. കാത്തിരിപ്പിന്റെ മുപ്പതു ദിനരാത്രങ്ങൾ വിമ്മിഷ്ടമായി തെളിഞ്ഞു കണ്ടു.

കണ്ണെത്താദൂരത്ത് തടഞ്ഞുനിന്ന ഉച്ഛാസവായുവിൽ ആശ്വാസം തേടി മനംപിടഞ്ഞു.

നടക്കാത്ത ആശകൾ എന്ന ചിന്ത അയാളുടെ കണ്ഠത്തിൽ വരണ്ടു നിന്നു. നാവു പൊങ്ങിയെങ്കിൽ ആരെയെങ്കിലും വിളിച്ചുണർത്തി എന്തെങ്കിലും ആവശ്യപ്പെടാമായിരിന്നു. എന്താണ് ആവശ്യപ്പെടേണ്ടതെന്നറിയില്ലാ. നാട്ടിൽ പോകാൻ സഹായിക്കണമെന്ന് പറയണമോ? വിമാനത്താവളം വരെ കൊണ്ടുവിടുമോയെന്നു ചോദിക്കാനോ? തന്റെ ആഗ്രഹം നടക്കുമോ? അതോ അവർ പരിഹസിക്കുമോ? നെഞ്ചുവേദനയാണെന്നു പറഞ്ഞാൽ അവർ പരിഹസിക്കില്ലേ? പക്ഷെ അവർ ആശുപത്രിയിൽ കൊണ്ട് പോയാലോ? തനിക്കു നെഞ്ചുവേദന ഉണ്ടോ? അതോ മനസിന്റെ വേദന നെഞ്ചിൽ പകരുന്നതാണോ. ഡോക്റ്റർ പരിശോധിച്ചാൽ അതറിയില്ല? പക്ഷെ ഈ പാതിരാത്രിയിൽ തന്നെ നാട്ടിൽ പോകാൻ കഴിഞ്ഞാൽ ഈ വേദന മാറുമെന്ന് ഡോക്റ്റർ വിശ്വസിക്കുമോ. അത് മറ്റുള്ളവരെ മനസിലാക്കിക്കുമോ? എന്നാൽ ചിലപ്പോൾ സുഹൃത്തുക്കൾ സഹായിക്കുമായിരിക്കും.

പ്രതീക്ഷയുടെ ചെറു മുകളങ്ങളായി പ്രവാസ സൗഹൃദങ്ങളും ആത്മബന്ധം തെളിയുന്നു. 

പക്ഷെ കമ്പനിയുടെ സമ്മതം വേണമല്ലോ. അതീ സഹപ്രവർത്തകരിലാരെങ്കിലും അറിയിച്ചു കൊള്ളും. മുകളിലെ ബെഡിൽ കിടക്കുന്ന നിയാസ് ഹെഡ് ഓഫീസിലെ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ സ്റ്റാഫാണല്ലോ. അവനെത്തന്നെ വിളിച്ചുണർത്തിയാലോ? ഇടുപ്പുകുലുക്കി കട്ടിലനക്കിയാലോ? പക്ഷെ തനിക്കതു പറ്റുന്നില്ല. എന്റെ ശരീരം തളർന്നോ ദൈവമേ?

 'എടാ നിയാസേ എണീക്ക്, എനിക്ക്....' എന്ന വാക്കുകൾ തടഞ്ഞുകൊണ്ട് പാസ്പോർട്ട് എന്ന അതിർവരമ്പ് മുന്നിൽ തെളിഞ്ഞു വന്നു. അത് കമ്പനി ലോക്കറിലാണല്ലോ. രാവിലെ ഓഫീസ് തുറന്നിട്ടല്ലാതെ ഈ രാത്രിയിൽ അത് കിട്ടില്ല.

എല്ലാ ആശകളും ആ ചെറിയ കുറെ കട്ടിക്കടലാസു തുണ്ടുകളിൽ ചാരമായി നശിച്ചു കിടക്കുന്നു.

ഭാരം വച്ച മനസിനെ താങ്ങാനാകാതെ തളർന്ന ശരീരം വെള്ളത്തിനടിയിലേക്കു മുങ്ങുകയാണോ. താൻ മരിച്ചുവോ? എന്നാലെങ്ങനെ എനിക്ക് ഓർമ്മകളുണ്ടാകും? ദേഹംവിട്ട ആത്മാവിന്റെ മരണസമയത്തെ അനുഭങ്ങൾ നിത്യമായി തുടരുമെന്ന് പറയുന്നത് സത്യമാണോ?

എന്നെയാരെങ്കിലും കാണുന്നുണ്ടോ? മുറിയിൽ നിശ്ചലമായി ഉറങ്ങുന്ന കൂട്ടുകാർ അറിയുന്നുണ്ടോ എനിക്ക് ജീവനുണ്ടോയെന്നു, ആരെങ്കിലും എന്നെയൊന്നു തൊട്ടിരിന്നുവെങ്കിൽ? അവർ എന്നെ തൊടുകയാണോ? ഇല്ല അവരെല്ലാം ഉറങ്ങുന്നത് ഒരു നിഴൽപോലെ എനിക്ക് കാണാനാവുന്നുണ്ടല്ലോ? അപ്പോൾ ഞാൻ ഉണർന്നിരിക്കുകയാണോ...?

അതോ മരിച്ചവർക്കു ഭൂമിയിലുള്ളവരെ കാണാനാവുന്നതുപോലെ ഞാനും അവരെ അവരറിയാതെ കാണുന്നതാണോ?

മരണം ജീവനെ വിഴുങ്ങുന്ന ഗളസ്ഥാനത്ത്  ശ്വാസം കുടുങ്ങിയോ? അപ്പോഴും ഞാനറിയാതെ തേടുന്നതെന്താണ്? എന്റെ പ്രിയപ്പെട്ടവരുടെ സാമിപ്യമല്ലെ? അവരുടെ കരുണാർദ്രമായ പുഞ്ചിരിക്കുന്ന മുഖമല്ലേ?

ഞാൻ ശ്വസിക്കുന്നുണ്ടോ? മന്ദമായിട്ടെങ്കിലും ശ്വാസ്വച്‌ഛ്വാസം    എന്റെ നെഞ്ചിനെ തഴുകുന്നുവോ? തനിക്കു ചുറ്റും പടർന്നു നിൽക്കുന്ന ശ്വാസത്തിൽ ജീവൻ നിറഞ്ഞിരിക്കുന്നുണ്ടോ? തന്റെ ദേഹം ശ്വാസം  മോഹിച്ചവശനായി കിടക്കുന്നുണ്ടോ?

ഇരുണ്ട മുറിയിൽ ഉറഞ്ഞുനിന്ന വായു കഴിയുന്നത്ര ഉള്ളിലേക്ക് വലിച്ചെടുക്കാൻ കഴിഞ്ഞാൽ എനിക്ക് ജീവൻ തിരിച്ചു കിട്ടുമോ? പകരം വേദനകൾ തിന്നു നശിച്ച നിശ്വാസത്തിലൂടെ കാലനെ പുറത്തേക്കു പായിക്കാനാകുമോ?

ഹൃദയമിടിക്കുന്ന ശബ്ദമാണോ കേൾക്കുന്നത്? ചീവീടിന്റെ കരച്ചിൽ കേൾക്കുന്നുണ്ടോ? മറ്റെന്തോ ശബ്ദവും കേൾക്കുന്നുണ്ടല്ലോ.

അകലെയുള്ള റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദമല്ലേ കേൾക്കുന്നത്? പുറത്ത് കുറെ ജീവനുകൾ തെരുവിലൂടെ പായുന്നതിന്റെ കാഹളം.

ഈ രാവിലിപ്പോഴും ഉറങ്ങാതിരിക്കുന്നവർ.

അവർ ഒരു കൂട്ടായി തനിക്കു അനുഭവപ്പെടുന്നുണ്ടോ? തല ചരിച്ച്   ജനലിലൂടെ നോക്കിയാൽ ആ സൗഹൃദം അനുഭവിക്കാനാകുമോ? ജനലിലൂടെ കാണുന്ന ദൂരെയുള്ള വഴിവിളക്കുകൾ അജ്ഞാതമായ എന്തോ ഒരു പ്രതീക്ഷ നല്കുന്നുവോ? ആ മിന്നുന്ന വെളിച്ചം ജീവന്റെ പ്രതീകമായി തിളങ്ങുകയാണോ? അവിടെച്ചെന്നു ചേർന്നാൽ ഞാൻ ജീവിക്കുമോ?

തമസ്സായിരിന്നോ തന്റെ ഈ ദുഃഖം? വെളിച്ചം സുഖം തരുമോ? ആ സുഖം ഹൃദയവേദന അകറ്റുമോ?

ഇല്ല, ഇത്രയും നേരം അനുഭവിച്ച സംഘർഷം ഇവിടെ അവസാനിക്കുകയില്ലല്ലോ? ഈ മരുഭൂമിയിലെ ഏകാന്തതയല്ലേ തന്നെ ക്ഷീണിപ്പിക്കുന്നതു. ഈ വഴിവിളക്കിന്റെ വെളിച്ചം കാണാമറയത്തെ മകളുടെ പുഞ്ചിരിയുടെ മുന്നിൽ നിസാരമല്ല? ആ പുഞ്ചിരിയുടെ അടുക്കലേക്കു നടന്നു പോകണമെന്നല്ലേ ഇപ്പോൾ തോന്നുന്നത്. മരിച്ച ഞാൻ നിമിഷങ്ങൾ കൊണ്ട് അവിടേക്കു എത്തേണ്ടതല്ലേ? പക്ഷെ വീടണയാനാകുന്നില്ല. അതോ, ഞാൻ സ്വപ്നം കാണുകയാണോ?

ആ വഴിവിളക്കുകൾ, ചീവീടിന്റെ കരച്ചിൽ, വാഹനത്തിന്റെ ഇരമ്പൽ എല്ലാം ഞാൻ അനുഭവിക്കുന്നു. പക്ഷെ പ്രിയപ്പെട്ടവരുടെ മുഖം കാണാനാകുന്നില്ല. ഞാൻ സ്വപ്നം കാണുകയല്ല. സ്വപ്നത്തിൽ അവർ വരാതിരിക്കണമെങ്കിൽ ഞാൻ ഉണർന്നിരിക്കണം. ഞാനിവിടെ ഈ മരുഭൂമിയിലെ മുറിക്കുള്ളിൽ ഉണർന്നിരിക്കുകയാണ്.

എനിക്ക് ജീവനുണ്ട്.

കാലുകൾ ഇപ്പോൾ അനങ്ങുന്നുണ്ടോ? കാലുകൾ നിലത്ത് കുത്താൻ ശ്രമിച്ചു നോക്കാം. പതിയെ കൈകുത്തി കട്ടിലിൽ എണീറ്റിരിക്കാനാകുന്നുണ്ട്.

ഞാൻ മരിച്ചിട്ടില്ല.

വീടണയാൻ  എന്റെയീ കാലുകൾ ദൂരങ്ങൾ താണ്ടേണ്ടതുണ്ട്. ദാഹം ദേഹത്തെ ക്ഷീണിപ്പിക്കുന്നു. കൈകൾ ദാഹജലത്തിനായി നീങ്ങുന്നുണ്ട്.

കട്ടിലിനരികിൽ വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ ജലം നെഞ്ചിലൂടെ ജീവൻ പകർന്നിറങ്ങുന്നതു എനിക്ക് അനുഭവിക്കാനാകുന്നുണ്ട്. ഞാൻ പുനർജ്ജനിച്ചതാണോ? പക്ഷെ ഓർമ്മകളും വേദനകളുമെല്ലാം അതുപോലെതന്നെയുണ്ടല്ലോ ഇപ്പോഴും. പഴയ ജന്മത്തിന്റെ വിഴുപ്പുഭാണ്ഡം തന്റെ ഹൃദന്തത്തിലുണ്ടോ. ആ ഭാരം മുകളിലേക്ക് ഉരുണ്ട് കയറി മസ്തിഷ്കത്തെ ബാധിച്ചുവോ? തല കുനിയുകയാണോ?

ശിരസ്സും മാറും ഒന്നിച്ച് ചേർന്നുവോ?

കാലുകൾ കുത്തിനിൽക്കാനായി ശ്രമിച്ചു. മുറിക്കുപുറത്തു കാത്തുനിൽക്കുന്ന ഇത്തിരി ആശ്വാസത്തിനായി പാദങ്ങൾ ചലിക്കുന്നു. പുറത്തിറങ്ങി ചുവരിലെ എക്സിട് സൂചകങ്ങളുടെ പച്ചവെളിച്ചത്തിൽ കോറിഡോറിലൂടെ നടന്നു.

അകലെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പം കേൾക്കാം. ചീറിപ്പായുന്ന ജീവനുള്ള ശരീരങ്ങളിൽ എനിക്കൊരു കൂട്ട് തേടാം. അവരോടൊപ്പം ദൂരങ്ങൾ താണ്ടാം. ആ ദൂരങ്ങൾ ലോപിച്ച് വരുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്നുവെന്നു ആശ്വസിക്കാം.

ലിഫ്റ്റിറങ്ങി താഴെ റോഡിലേക്ക് പോയാലോ? ലിഫ്റ്റിനരികിലേക്കു മനസ്സ് നടന്നപ്പോൾ കാലുകളും നീങ്ങി.

ചുവരുകൾക്കിടയിലെ നീണ്ട പ്രതലം ഭാവിയുടെ പ്രതീക്ഷപോലെ അരണ്ടവെളിച്ചത്തിൽ നിവർന്നു കിടന്നു.

ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അഞ്ചാമത്തെ നിലയിലേക്ക് ഓരോ നിലയും കടന്നു വരുന്ന ലിഫ്റ്റിനെ സ്വാഗതം ചെയ്തു മഞ്ഞ നിറത്തിൽ അക്കങ്ങൾ തെളിഞ്ഞു. മുന്നിൽ തുറന്ന ലിഫ്റ്റിനകം കടലിലൊഴുകുന്ന ശവപ്പെട്ടി തുറന്നതുപോലെയാണോ? അകത്ത് കയറിയപ്പോൾ മരണഗീതം പാടിയാണോ വാതിലടഞ്ഞതു? മരണം അരൂപിയായി അതിനുള്ളിലിരുന്നു തന്നെ വിളിക്കുന്നുണ്ടോ? ലിഫ്റ്റിന്റെ വാതിലിന്റെ ഇരുവശത്തെയും ചുവരുകൾക്കുള്ളിൽ നിന്നും രണ്ട് കൈകൾ നീണ്ടു വന്നു ശവപ്പെട്ടിയടക്കുകയാണോ?

ജീവൻ പുറത്ത് നിർത്തി എന്റെ ശവമാണോ ലിഫ്റ്റിനുള്ളിൽ കയറിയത്?

ലിഫ്റ്റ് മുഴുവനടയും മുമ്പ് കാൽപാദം നീട്ടി വാതിലിന്റെ വിടവകത്തി പുറത്തിറങ്ങി. പുറത്ത് നിന്ന ജീവൻ ശ്വാസമായി ശരീരത്തിനുള്ളിൽ കയറി.

ശ്വാസം ഊർജ്ജമായി പാദങ്ങളിലിറങ്ങി സ്റ്റെയര്കേസിലേക്കു നീണ്ടു.

കാതുകളിൽ വീണ വാഹനങ്ങളുടെ ഇരമ്പം മനസ്സിൽ തെളിഞ്ഞ പ്രകാശമായി മുന്നിൽ കണ്ടു ഇരുട്ടിൽ പടികളിറങ്ങി. അഞ്ചാം നിലയിൽ നിന്നും പടികളിറങ്ങി താഴെയെത്താൻ എത്ര നേരമെടുക്കും? പ്രയാസപ്പെട്ടെന്തിന് ഈ ഇരുട്ടിൽ താഴേക്കിറങ്ങണം? തിരികെ മുറിയിൽപോയി ഉറങ്ങാം. 

മുകളിലേക്ക് തിരിഞ്ഞു പടിയിൽ കാൽ വെക്കുമ്പോൾ ശരീരഭാരം വീണ്ടും കൂടുന്നുണ്ടോ? അനാഥബോധത്തിന്റെ വന്യത മുറിയിൽ കട്ടപിടിച്ച് നിൽക്കുന്നത് മനസിലേക്കോടിവരുന്നു. താഴേക്കു തന്നെ നടക്കാം. അവിടെയാണാശ്രയം.

ഇടക്ക് രണ്ടുതവണ വീണ്ടും മുകളിലേക്ക് നടക്കുവാൻ ശ്രമിച്ചെങ്കിലും പുറത്തെ വെളിച്ചത്തിൽ താൻ തേടുന്നത് കാത്തിരിക്കുന്നുവെന്ന തോന്നൽ വീണ്ടും താഴേക്കിറങ്ങാൻ പ്രേരിപ്പിച്ചു.

അവിടെ വെളിച്ചവുമായി ഒരു മുഖം കാത്തിരിക്കുന്നുണ്ട്.

റോഡരികിലൂടെ നടന്നു. പതിയെ നടന്നടുക്കുമ്പോൾ വഴിയോരവിളക്കുകൾ വലിച്ചടുപ്പിച്ച നിഴൽ, നടന്നകലുമ്പോൾ ഉപേക്ഷിക്കുന്നു. നിഴൽ നഷ്ടപ്പെട്ട അരൂപിയായ പ്രേതമായോ ഞാൻ? എന്നെ ആർക്കെങ്കിലും കാണാനാകുന്നുണ്ടോ?


ചുഴിയിൽ വീണ സ്വപ്നം - Part 4

ചുഴിയിൽ വീണ സ്വപ്നം - Part 4

5
561

ചുഴിയിൽ വീണ സ്വപ്നം(ആത്മാവിൻറെ ഗൃഹാതുരത്വം)Part 4മകളെ നിൻചിരിയിൽ  ഞാനെന്റെ സ്വത്വം തിരിച്ചറിയും. എപ്പോഴതിനാകും? അറിയില്ലെങ്കിലും ഞാൻ യാത്ര തുടരുന്നു. കടന്നുപോയ വാഹനങ്ങളിൽ ഉണർന്നിരിക്കുന്ന അപരിചിതരുടെ അവ്യക്തമായ രൂപങ്ങൾ അദൃശ്യമായി തന്നോട് സംവദിക്കുന്നുണ്ടോ? വിടപറഞ്ഞകലുന്ന അല്പസമയത്തെ എന്റെ സൗഹൃദം ആ രൂപങ്ങൾ അറിയുന്നുണ്ടോ? വേഗത്തിൽ ഓടിമറയുന്ന അവർ വഴിയിലുപേക്ഷിച്ച സൗഹൃദമേറ്റെടുത്ത് പുറകെ വരുന്നവരും എന്നോട് സംവദിക്കുന്നുണ്ടോ? അവരോടൊപ്പം ഞാനുമോടിയാലോ. ഇല്ല, എനിക്ക് ഓടാനാകുന്നില്ല.  അതിനുള്ള കാമ്പ് കാർന്നുതിന്ന ചിതൽ നെഞ്ചിലിപ്പോഴും പുളക്കുന്ന