Aksharathalukal

സ്വന്തം തറവാട് 44



\"ഇപ്പോൾ പ്രദീപിനേക്കാളും വലിയവൻ വന്നിട്ടുണ്ട്... അവന്റെയമ്മാവൻ...  സൂക്ഷിക്കണം... \"

\"നിങ്ങൾ ധൈര്യമായി പൊയ്ക്കോ.. ഇവർക്കൊന്നും സംഭവിക്കില്ല... നിങ്ങൾക്കറിയോ എന്റെ അമ്മയുടെ മരണം ഇതുവരെ അധികമാരും അറിയാത്ത കഥ... എന്റെ അച്ഛൻ വിജിലൻസിലായിരുന്നു എന്നറിയില്ലേ നിനക്ക്..  അന്ന് സുധാകരൻ കരാറെടുത്ത നീർക്കടവ് പാലത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു... അച്ഛനായിരുന്നു അതിന്റെ ചുമതല... അതിൽ ലക്ഷങ്ങളുടെ അഴിമതി അന്ന് അച്ഛൻ കണ്ടെത്തി... അതിനെതുടർന്ന് ആ സുധാകരനിൽനിന്ന് ഒരുപാട് ഭീഷണി നേരിട്ടിരുന്നു... അവസാനം അയാൾ കുടുങ്ങുമെന്നായപ്പോൾ അയാൾ അച്ഛനെ വകവരുത്താനുള്ള പ്ലാനുമായി വന്നു... ഒരുദിവസം ഞാൻ എന്റെ അമ്മാവന്റെ വീട്ടിൽ പോയതായിരുന്നു... അന്ന് സുധാകരനും കുറച്ച് കൂട്ടാളികളും വീട്ടിൽ വന്നു... ആദ്യം ഒരുപാട് പണം ഓഫർ ചെയ്തു... അതിൽ അച്ഛൻ വീഴില്ലെന്ന് കണ്ടപ്പോൾ ഭീഷണിയായി... അതിലും അച്ഛൻ വീണില്ല... അവസാനം അയാൾ അച്ഛനെ ഉപദ്രവിച്ചു...  അതിലൊരുത്തൻ അച്ഛനെ കത്തിയെടുത്ത് കുത്തി... അതുകണ്ട അമ്മ അച്ഛനെ രക്ഷിക്കാൻ നോക്കിയതായിരുന്നു... ആ കുത്ത് അമ്മയുടെ പിൻകഴുത്തിലൂടെ തുളഞ്ഞുകയറി... സുധാകരനും കൂട്ടാളികളും ഇറങ്ങിയോടി... അച്ഛൻ അമ്മയെ വാരിയെടുത്ത് ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല... അതോടെ അച്ഛൻ ആകെ തളർന്നു... താൻ കാരണമാണ്  തന്റെ ഭാര്യ മരണപ്പെട്ടത് എന്നോർത്ത് തളർന്നുവീണുപോയി ആ പാവം... അമ്മയുടെ ജീവൻ ഇല്ലാതാക്കിയവർക്കെതിരെ നിയമപരമായി മുന്നോട്ട് പോയി... എന്നാൽ പണത്തിന്റെ മുന്നിൽ അച്ഛനവിടേയും തോറ്റു... അതോടെ അച്ഛന് നിയമത്തിൽ വിശ്വാസമില്ലാതായി... ഉണ്ടായിരുന്ന ജോലി രാജിവച്ചു... അതിനുശേഷം എന്നും ഓരോന്നാലോചിച്ച് ഇരിപ്പാണച്ഛൻ... പുറത്തേക്കുപോലും ഇറങ്ങാതായി... വീട്ടിൽത്തന്നെ ഒരേ ഇരിപ്പാണ്...  പക്ഷേ അച്ഛനെക്കൊണ്ട് കഴിയാത്തത് ഞാൻ ചെയ്യും... കഴിഞ്ഞ എട്ടുവർഷമായി എന്റെ മനസ്സിൽ ആ സുധാകരനോടുള്ള പക ആളികത്തുകയാണ്... ഒരവസരത്തിന് കാത്തുനിൽക്കുകയാണ് ഞാൻ... \"

\"നിന്റെ അമ്മ ആരുടേയോ അക്രമത്തിൽ മരിച്ചതാണെന്ന് എനിക്കും അറിയാം പക്ഷേ അതിനുപിന്നിൽ സുധാകരനാണ് എന്ന് എനിക്കറിയില്ലായിരുന്നു... അയാളെ ഒതുക്കാനുള്ള അവസരം വരും... അതിന് അധികം താമസമില്ല... ഇപ്പോൾ ഞങ്ങൾ ഇറങ്ങുകയാണ്... എന്നാൽ ശരി  കാണാം നമുക്ക്....\"
നന്ദനും വിശാഖും അവിടെനിന്നുമിറങ്ങി...

\"ആ സുധാകരൻമൂലം എല്ലാവർക്കും ദുരിതമാണല്ലോ... അയാളെ,ആരുമറിയാതെ തീർക്കുകയാണ് വേണ്ടത്... എന്തിനാണ് ഭൂമിക്ക് ഭാരമായി ഇങ്ങനെ ഒരുത്തൻ...\"
പോരുന്ന വഴി വിശാഖ് പറഞ്ഞു...

\"പാടില്ല... അയാൾ ചെയ്തുകൂട്ടിയതിന് അയാൾ അനുഭവിച്ചേ മതിയാകൂ... എല്ലാവരുടേയും ശാപം അതയാളുമേലുണ്ട്... ഇപ്പോൾതന്നെ മകനെക്കൊണ്ട് അയാൾ അനുഭവിക്കുന്നത് കണ്ടില്ലേ..... ഇനിയും അനുഭവിക്കാൻ പോകുന്നു... \"
അവർ സോജയുടെ വീടിനടുത്ത് ആരുടേയും ശ്രദ്ധയിൽ പെടാതെ നിർത്തിയിട്ട വിശാഖിന്റെ ബൈക്കിനടുത്തെത്തി... വിശാഖ് അവിടെയിറങ്ങി അവർ അവരവരുടെ വീടുകളിലേക്ക് പോയി... 

അടുത്തദിവസം രാവിലെ നന്ദൻ വേദിക പറഞ്ഞതിൽപ്രകാരം പുതുശ്ശേരിയിലെത്തി... അവളേയുംകൂട്ടി തന്റെ ബൈക്കിൽ പുറപ്പെട്ടു...

\"നന്ദേട്ടാ സത്യം പറയണം ഇപ്പോഴും നന്ദേട്ടന് എന്നോട് ദേഷ്യമുണ്ടോ...\"
ബൈക്കിൽ പോകുന്നതിനിടയിൽ വേദിക ചോദിച്ചു...

\"എന്തിന്... \"

\"അതുപോലെയുള്ള കാര്യങ്ങളാണല്ലോ ഞാൻ ചെയ്തത്... ആർക്കും ക്ഷമിക്കാൻ കഴിയില്ല ഇതുപോലൊന്ന്... പക്ഷേ എന്റെ നന്ദേട്ടൻ ആരുടെമുന്നിലും കൊച്ചാവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്... അതുകൊണ്ടാണ് ഞാൻ.....\"

\"നീയെന്നെ അവിശ്വസിച്ചു എന്ന് കേട്ടപ്പോൾ ഒരുപാടുഞാൻ വേദനിച്ചു... കുട്ടിക്കാലം മുതൽ പരസ്പരം മനസ്സിലാക്കിയ നമ്മളിൽ ഇത്രയുംകാലം ഒരു സംശയത്തിന്റെ നിഴൽ ഉണ്ടായിട്ടില്ല... അത്രക്ക് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വിശ്വാസവുമായിരുന്നു... എന്നാൽ പെട്ടന്നൊരുദിനം ആരോ പറയുന്നത് കേട്ട് നീയെന്നെ അവിശ്വസിച്ചപ്പോൾ എത്ര  വേദന എന്നിലുണ്ടായി എന്നറിയോ.. ആ വേദനയാണ് ഇന്നലെ നിന്റെ കവിളത്ത് ഞാൻ... പക്ഷേ ഒരുകണക്കിന് നിനക്ക് അതിന്റെ ആവിശ്യമുണ്ടായിരുന്നു.... എന്നെയൊരു കുരങ്ങിനെപ്പോലെ കളിപ്പിച്ചില്ലേ.... മാത്രമല്ല ഇനി എന്നെ വിഡ്ഢിവേഷം കെട്ടിക്കാൻ തുനിയുമ്പോൾ നീ എന്റെ കയ്യിന്റെ ചൂട് ഓർക്കണം... ഇല്ലെങ്കിൽ ഞാനൊരു പെൺകോന്തനായിപ്പോകും... \"

\"ശരിയാണ് എനിക്ക്  ഈ കയ്യിന്റ ചൂട് അറിയേണ്ടത് അത്യാവിശ്യമായിരുന്നു... എല്ലാം അറിഞ്ഞിട്ടും നന്ദേട്ടൻ ഒന്നും പറയാതേയും ചെയ്യാതേയുമിരുന്നാൽ ചിലപ്പോൾ എനിക്കുതന്നെ അഹങ്കാരം കൂടും... എന്തുപറഞ്ഞാലും ചെയ്താലും നന്ദേട്ടൻ പ്രതികരിക്കില്ല എന്ന് തോന്നും... അത് ചിലപ്പോൾ നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും... എനിക്ക് എന്തും പറയാനും പ്രവർത്തിക്കാനുമുള്ള ലൈസൻസായി മാറുമത്... ഇനിയൊരിക്കലും നന്ദേട്ടന് ഇഷ്ടമില്ലാത്തത് ഞാൻ പറയില്ല... ചെയ്യുകയുമില്ല....\"

\"അത് വിട്... അത് കഴിഞ്ഞില്ലേ... ഇനി വരാൻ പോകുന്നതിനെക്കുറിച്ച് ആലോചിക്ക്... അതുപോട്ടെ എവിടേക്കാണ് നീ എന്നേയും കൂട്ടി പോകാൻ തീരുമാനിച്ചത്...\"

\"സ്വസ്ഥമായി മനഃസമാധാനത്തോടെ കുറച്ചുനേരം ഇരിക്കാൻ പറ്റിയ സ്ഥലമേതാണോ അവിടേക്ക്... \"

\"അങ്ങനെയൊരു സ്ഥലമുണ്ട് അത് നിനക്ക് പിടിക്കോ എന്നറിയില്ല... സാധാരണ ആർക്കെങ്കിലും വിഷമമോ  സങ്കടമോ ഉണ്ടാകുമ്പോൾ അതെല്ലാം മറക്കാൻ പോകുന്ന സ്ഥലം... നമ്മുടെ ടൗണിൽതന്നെയുണ്ട് ആ സ്ഥലം... വേറെ എവിടേയുമല്ല... ആ സ്ഥലത്തിന് പറയുന്ന പേര് ബാർ എന്നാണ്... എന്താ അവിടേക്ക് പോകുന്നോ...\"

\"ഇയാൾ ഏത് നരകത്തിലേക്ക് വിളിച്ചാലും ഞാൻ വരും... എനിക്കെന്താ ബാറിൽ പോയാൽ.... ഒരു അളിഞ്ഞ തമാശ... കാര്യമായി പറയുമ്പോൾ ഇതുപോലെയുള്ള തമാശ പറയല്ലേ... എനിക്ക് നന്ദേട്ടന്റെ കൂടെ സ്വസ്ഥമായി ആരുടേയും ശല്യമില്ലാതെ ഇരിക്കാൻ പറ്റിയ ഒരു സ്ഥലത്തേക്ക് പോകണം... അത് ഏതെങ്കിലുമൊരു പാർക്കിലോ ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലമോ ആയാൽ അത്രയും നല്ലത്...\"

അതങ്ങോട്ട് പറഞ്ഞാൽ പോരേ... ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കണോ....\"
നന്ദൻ നന്ദൻ അവിടെയടുത്തുള്ള വെള്ളാരംകുന്ന് ലക്ഷ്യമാക്കി ബൈക്കോടിച്ചു...

ഈ സമയം ആകെ അശ്വസ്ഥതയോടെ നിൽക്കുകയായിരുന്നു പ്രദീപൻ... 
\"ആ കഴിവേറിമോൾ തള്ളയുമായി ഏത് പാതാളത്തിൽപ്പോയാണ് ഒളിച്ചത്... എന്തോ എവിടേയോ ഒരു ചതി മണക്കുന്നുണ്ട്.. ആ എസ്ഐയും നന്ദനുമാകും ഇതിന് പിന്നിൽ.... എവിടെ പോയൊളിച്ചാലും അവളെ കണ്ടെത്തണം...\"
അങ്ങനെ ആലോചിച്ചുനിൽക്കുമ്പോഴാണ് രാജശേഖരൻ അവന്റെയടുത്തേക്ക് വന്നത്....

\"എന്താ പ്രദീപേ നീ ഒറ്റക്ക് ഇവിടെ വന്നിരിക്കുന്നത്... നിന്റെ മുഖത്തെന്തേ ഒരു നിരാശ... എന്താ ആ പുതുശ്ശേരിയിലെ പെൺകുട്ടി നിനക്ക് നഷ്ടമാകുമോ എന്നാലോചിച്ചാണോ ഈ നിരാശ... നീതന്നെ വരുത്തിവച്ച വിനയല്ലേ എല്ലാം... എടാ ഒരു കാര്യത്തിറങ്ങുമ്പോൾ അതിന്റെ പിന്നിൽ വരാവുന്ന എല്ലാ വയ്യാവേലിയും മനസ്സിലാക്കണം... എന്നിട്ട് അത് തടയാനുള്ള മാർഗ്ഗവും മനസ്സിൽ കുറിച്ചിരിക്കണം...നിന്നെ കുറ്റപ്പെടുത്തുകയല്ല... നീ എന്റെ കാര്യംതന്നെയെടുക്ക്... മുപ്പതുവർഷംമുന്നേ ജനിച്ച ഈ നാട്ടിൽനിന്ന് എന്നെ പറഞ്ഞയച്ചതാണ് നിന്റെ അച്ഛൻ... ഞാൻ ഇവിടെയുണ്ടായാൽ ഉണ്ടാകുന്ന ബവിഷത്ത് നിന്റെ അച്ഛന് അറിയാം... അതുണ്ടായാൽ അതിന്റെ പുറകേ നടക്കാനേ നിന്റെ അച്ഛന് നേരമുണ്ടാവൂ... അങ്ങനെയായിരുന്നു അന്നെന്റെ സ്വഭാവം... പക്ഷേ നിന്റെ അച്ഛൻ അന്നത് ചെയ്തത് എനിക്ക് ഗുണമാണുണ്ടാക്കിയത്...  മധുരയിലെത്തിയ ഞാൻ വൈകാതെ അവിടെയൊരു ഹീറോ ആയി... ആ നാടുതന്നെ ഭയക്കുന്ന ഏറ്റവും വലിയ ക്രിമിനലായിരുന്നു സുന്ദരചെട്ട്യാർ... ഒരു ദിവസം ആ നാടൊക്കെ കാണാൻ ഇറങ്ങിയ ഞാൻ  ചെന്നെത്തിയത് അവിടുത്തെ മാർക്കറ്റിൽ... ഒരു കടയിൽ കയറി നാരങ്ങവെള്ളം കുടിച്ചുകൊണ്ടിരിക്കുമ്പഴാണ് ഒരു ജീപ്പ് ആ കടയുടെ മുന്നിൽ വന്നുനിന്നത്... അതിൽനിന്ന് കറുത്ത് തടിച്ച ഒരാളിറങ്ങി... മറ്റാരുമല്ല സുന്ദരചെട്ട്യാർആയിരുന്നു അത്... അയാളെ കണ്ട് പലരും പേടിയോടെ കൈകൂപ്പി... ചിലർ ഓടിയൊളിച്ചു... എനിക്ക് അത്ഭുതമായിരുന്നു...  എല്ലാവരും ബഹുമാനിക്കുന്ന അല്ലെങ്കിൽ പേടിക്കുന്ന അയാളെ കണ്ടപ്പോൾ എനിക്കും അയാളോട് ബഹുമാനമായിരുന്നു... എനിക്ക് അയാളാരാണ് എന്താണ് എന്നൊന്നും അറിയില്ലായിരുന്നു... അപ്പോഴത്തത്തെ അയാളുടെ നിൽപ്പും നാട്ടുകാരുടെ പെരുമാറ്റവുമാണ് അയാളോട് എനിക്ക് ബഹുമാനമുണ്ടാക്കിയെടുത്തത്... പക്ഷേ എന്റെ ഭാഗ്യമോ നിയോഗമോ എന്നറിയില്ല പെട്ടന്നായിരുന്നു ഒരാൾ ഒരു കത്തിയുമായി അയാളെ ആക്രമിക്കാൻ തുനിഞ്ഞത്... അയാൾ ഓടി വരുന്നത് ഞാൻ കണ്ടിരുന്നു.. സുന്ദരചെട്ട്യാരുടെ അടുത്തെത്തിയ അയാൾ ഷർട്ടിനുമറവിലായി കയ്യിൽ പിടിച്ച കത്തി പുറത്തെടുത്ത് ചെട്ട്യാരെ കുത്താനായി ആഞ്ഞുവീശി....


തുടരും.....

✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖
സ്വന്തം തറവാട് 45

സ്വന്തം തറവാട് 45

4.7
5841

\"എന്റെ ഭാഗ്യമോ നിയോഗമോ എന്നറിയില്ല പെട്ടന്നായിരുന്നു ഒരാൾ ഒരു കത്തിയുമായി അയാളെ ആക്രമിക്കാൻ തുനിഞ്ഞത്... അയാൾ ഓടി വരുന്നത് ഞാൻ കണ്ടിരുന്നു.. സുന്ദരചെട്യാരുടെ അടുത്തെത്തിയ അയാൾ ഷർട്ടിനുമറവിലായി കയ്യിൽ പിടിച്ച കത്തി ചെട്ട്യാരെ കുത്താനായി ആഞ്ഞുവീശി.... ആ നിമിഷം എവിടെനിന്നോ വന്ന ധൈര്യത്തിൽ ഞാൻ ചെട്ട്യാരെ തള്ളി... ചെട്ട്യാരെ കുത്താനായി വന്ന അയാളുടെ ഉന്നം തെറ്റി... ചെട്യാരുടെ കൂടെ വന്ന കിങ്കരന്റെ കയ്യിൽ ആ കത്തി പോറലേൽപ്പിച്ചു... തന്റെ ഉന്നം തെറ്റിയതറിഞ്ഞ അയാൾ പകച്ചു... പെട്ടയാൾ അവിടെനിന്നും രക്ഷപ്പെടാൻവേണ്ടി ഓടി... എന്നാൽ അപ്പോഴേക്കും അയാൾ ചെട്ട്യാരുടെ മറ്റ