Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

ഭാഗം 8

അരങ്ങിലെ ആട്ടവും മൊഴിയും ഭാവങ്ങളും തനിയാവർത്തനം ചെയ്യുമ്പോൾ അമ്മയുടെ നെറ്റിയിൽ നിറഞ്ഞ വിയർപ്പിൽ മനസിലെ വെറുപ്പാകെ ഉരുകിത്തുടങ്ങിയിരിന്നു. മകൻ നെറ്റിയിലേക്കെടുക്കുന്ന ഓരോ ആഘാതങ്ങളും അമ്മയുടെ നെഞ്ചിടിപ്പിൽ ചേർന്ന് താളം കൊട്ടി. 


അമ്മ എഴുന്നേറ്റ മകന്റെ അടുക്കൽ നിന്നു. വെറുപ്പിന്റെ ഇരുണ്ടകണങ്ങളെ ചിതറിച്ചു പ്രകാശത്തിന്റെ വെളുത്ത പുത്രവാത്സല്യതരംഗങ്ങൾ അമ്മയുടെ മസ്തിഷ്കത്തിലാകെ നിറഞ്ഞു. ആ വാത്സല്യതരംഗങ്ങൾ മാതൃസ്നേഹത്തിന്റെ കണ്ണുനീർച്ചോലയിൽ കുതിർന്നു പുറത്തേക്കൊഴുകി മകന്റെ നെറ്റിയിലെ ആഘാതക്ഷതങ്ങളെ തൈലം പൂശി തണുപ്പിക്കുവാൻ ശ്രമിച്ചു.

"മതി നിർത്ത്, തലയിടിച്ച് പൊട്ടിക്കാതെ. ജീവിക്കാൻ നീയെന്തു ചെയ്യും? അതോർത്ത് പറഞ്ഞതാണ്. ചിലവിനുള്ള കാശുണ്ടാക്കാൻ കഷ്ടപെടണമെന്നു പറയുന്നത്,  അതു നിന്റെ ഉത്തരവാദിത്വമായത് കൊണ്ടാണെന്നു മനസ്സിലാക്കു മോനെ." 

മകന്റെ അരികിൽ നിൽക്കുമ്പോൾ വാത്സല്യതരംഗത്തോടൊപ്പം ശരീരത്തിന്റെ ശക്തിയും അവനായി പകർന്നു നൽകി ക്ഷീണച്ച് പോയ അമ്മയുടെ ശരീരം അശക്തമായി. ആ അബലദേഹം പുത്രന്റെ ക്ഷീണിത ശരീരത്തില്‍ പറ്റി നിന്നു.

ദയനീയതയുടെ മുഖാവരണത്തിനു താഴെ നിമിഷാർദ്ധത്തിൽ പ്രായമേറിയ മകന്റെ ഉടൽ ബലംവയ്ക്കുവാനായി ആ അമ്മ പ്രാർത്ഥിച്ചു, നെറ്റിയിൽ തലോടി.

"നീയിങ്ങനെ അവശനെ പോലെ നില്കാതെ. എത്ര ആട്ടിയോടിച്ചാലും എന്റെ കാര്യത്തിന് അവൻ ചിലപ്പോൾ മുട്ട് വരുത്തില്ല. പക്ഷെ നിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ കൂടി ഓർത്തപ്പോൾ ഒരെത്തും പിടിയും കിട്ടുന്നില്ല. നീയും ഒന്നാലോചിച്ചു നോക്ക്."

"ഞാൻ പിന്നെന്തു ചെയ്യണമെന്നാണ് അമ്മ പറയുന്നത്, എനിക്ക് അസുഖങ്ങൾ പെട്ടെന്ന് വരുമെന്ന് അമ്മക്കറിഞ്ഞൂടെ?"

"അസുഖം വരാത്തവരാരുണ്ട് മോനെ, ഞാനെന്തിനൊക്കെയാണ് മരുന്ന് കഴിക്കുന്നതെന്നെങ്കിലും നിനക്കറിയാമോ?"

സ്നേഹാതരംഗങ്ങൾ കാഴ്ചയുടെയും നിശ്വാസത്തിന്റെയും ശബ്ദത്തിന്റെയും  ഉർജ്ജകണങ്ങളെ ഒട്ടാകെ ആവാഹിച്ച് അമ്മ മകനെ ആശ്വസിപ്പിക്കാനായി ശ്രമിച്ചു.

അമ്മയുടെ മുന്നിൽ അരങ്ങുകൾ പലതുമാടി പരിണിതപ്രജ്ഞനായ വിപിന്റെ ഉടൽ പരകായപ്രവേശം ചെയ്തു പരിക്ഷീണ ദേഹമായി അവതരിച്ചു.

"അമ്മക്ക് മരുന്ന് കഴിക്കാനെങ്കിലും പറ്റും. എനിക്ക് പൊടിയടിച്ചാൽ പെട്ടെന്ന് ജലദോഷം വരും, ഇരിന്നിട്ടെണീറ്റാൽ ഉടൻ തലകറങ്ങും, എന്തെങ്കിലും ചെയ്താലുടൻ ശരീരം വിയർക്കും. പണ്ടേയുള്ളതാണെന്നറിയാമല്ലോ അമ്മക്ക്. ഡോക്റ്റർമാർക്കൊന്നും ശരിക്കും മരുന്നറിഞ്ഞുകൂടാത്ത അസുഖമാണെന്റേതെന്നു അമ്മക്കറിഞ്ഞുകൂടെ."

അവതാരരൂപം ദയനീയതയുടെ ഉഗ്രഭാവം പൂണ്ട് നിൽക്കുന്നത് നിസ്സഹായതയോടെ  അമ്മ കണ്ടു നിന്നു. പതിവായി പറയാറുള്ള മകന്റെ ന്യായങ്ങൾ കേട്ട് ഉള്ളിൽ പുച്ഛമുറഞ്ഞുകൂടിയെങ്കിലും അതുമറച്ചുവച്ച് അവന്റെ ദയനീയതയിൽ പങ്കുചേരുന്നതായി അമ്മ ഭാവിച്ചു.

"കുറേയൊക്കെ നമ്മുടെ തോന്നലാണ് മോനെ. നിനക്ക് വേണമെന്ന് വച്ചാൽ മാറ്റാവുന്നവ. മനസ്സിന്റെ ബലംകൊണ്ട് ശരീരത്തിന്റെ ക്ഷീണം മാറ്റാൻ ശ്രമിച്ചു നോക്കു."

അവതാരമുഖത്ത് അമ്മ പ്രാർത്‌ഥനാപൂര്വ്വം നോക്കിപ്പറഞ്ഞു.  

"'അമ്മ പിന്നെയും പറയുന്നത് ഇതെല്ലം എന്റെ അഭിനയമാണെന്നാണോ? എന്നാൽ പിന്നെ ഞാൻ പോയി തൂങ്ങിച്ചാവട്ടെ?"

അമ്മയുടെ പ്രാര്തഥനകളെ വിഫലമാക്കി അവതാരരൂപത്തിന്റെ അഴിഞ്ഞാട്ടം ആ ദേഹത്ത് കുടികൊണ്ടു. 

"നീയൊറ്റക്കായിരുന്നെങ്കിൽ നിന്റെ അസുഖം നിന്റെ മുഖ്യപ്രശ്നമായി കരുതി നിന്റയിഷ്ടം പോലെ ജീവിക്കാമായിരിന്നു. എന്നാലിപ്പോൾ നിന്റെ മുഖ്യപ്രശ്നമായി കാണേണ്ടത് നിന്റെ കുടുംബത്തിന്റെ സംരക്ഷണമാണ്. അതുകൊണ്ട് അസുഖമൊക്കെ ഒരു പ്രശ്നമായി കാണാതെ ഒന്ന് ജീവിക്കാൻ പഠിച്ച് നോക്ക്." സ്നേഹത്തിന്റെ പൂക്കളും  കരുണയുടെ കായ്കളും ആ അവതാരത്തിങ്കൽ അർപ്പിച്ച് അമ്മ മകന്റെ അവശതയെ കഴുകിക്കളയാൻ ശ്രമിച്ചു.

വർഷങ്ങളായി അസുഖം ബാധിച്ച് കിടന്നതിനു ശേഷം ഇനിയൊരു ചികിത്സക്ക് സാധ്യതയില്ലെന്നറിയിച്ച് ആശുപത്രിവിട്ട ഒരു മഹാരോഗിയെപോലെ തളർന്നവശനായി കൈകൾ തളർത്തി കഴുത്തൊടിച്ചു ഒരു വശത്തേക്കുചരിച്ചുപിടിച്ച് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നവനെ പോലെ ഒരു മഹാനടനം വിപിൻ കാഴ്ചവച്ചു. 

കണ്ണുകൾക്ക് താങ്ങാനാവാത്തത്ര പരിക്ഷീണനായി മരണവാതിക്കൽ കാത്തുകിടക്കുന്ന മകനെ അകക്കണ്ണിൽ കണ്ട് അമ്മ വിങ്ങിപ്പോയി. 

"ചാവുന്ന കാര്യം എപ്പോഴുമിങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ നീ. നിന്റെ ഗുണത്തിനുള്ള കാര്യം പറയുമ്പോഴും നീ ഞങ്ങളെയെന്തേ മനസ്സിലാക്കാത്തത്?"

"എന്നെ ആരും മനസിലാക്കുന്നില്ലല്ലോ. കട്ടിജോലിയൊന്നും ചെയ്യാൻ പറ്റാത്ത ഒരു ശരീരവുമായി എന്നെ
ജനിപ്പിച്ചത് എന്തിന് നിങ്ങൾ?"


"നിന്നെ ജനിപ്പിച്ച അതെ ഞാൻ തന്നെ നിന്റെ ചേട്ടനെയും ജനിപ്പിച്ചത്. അവൻ ചെയ്യുന്നത് നിനക്കുമാകാമല്ലോ."

"അപ്പോഴും അവൻ തന്നെ നിങ്ങക്ക് വലുത്, മിടുക്കനായ മകൻ മിഥുൻ. ഞാൻ ഒന്നിനും കൊള്ളാത്തവൻ."

"എനിക്ക് രണ്ട് പേരും ഒന്നുപോലെ തന്നെ. ആരും വലുതമല്ല ചെറുതുമല്ല, വലുതായിരുന്നെങ്കിൽ നിനക്ക് വേണ്ടി ആ മകനെ പ്രാകുമോ ഒരമ്മ?"

"എനിക്ക് വേണ്ടിയോ?"

"എപ്പോഴും, എല്ലാ കാര്യത്തിനും ഞാൻ നിനക്ക് വേണ്ടി സംസാരിക്കുന്നതു കൊണ്ടാണ് നീയൊരു മടിയനായിമാറിയതെന്നാണ് എല്ലാരും പറയുന്നത്. നീ തന്നെ കേട്ടിട്ടില്ലേ?"

"എല്ലാരും എപ്പോഴുമെന്നെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നു. ആർക്കും വേണ്ടാത്തവൻ"

"ആർക്കും വേണ്ടാത്തത് കൊണ്ടാണോ നിനക്ക് വേണ്ടി ഞാനിങ്ങനെ കിടന്നു കഷ്ടപ്പെടുന്നത്?

"എന്നെയാർക്കും കണ്ടൂടാ. കാരണം എനിക്കൊന്നുമില്ല, ഞാൻ പട്ടിണി കിടന്നു മരിച്ചോളാം, അതുമതിയോ നിങ്ങൾക്ക്?"

"അധ്വാനിച്ചൽ പട്ടിണി കിടക്കണ്ടല്ലോ, അതല്ലേ നീയിനി അദ്ധ്വാനിക്കണം എന്ന് ഞാൻ ഇത്രയും നേരം പറഞ്ഞൊണ്ടിരിന്നതു?"

"എന്ത് ജോലി ഞാൻ ചെയ്യണം എന്നാണു പറയുന്നത്? ചെയ്യാൻ പറ്റുന്നതൊക്കെ നോക്കി"

"ഇന്നാട്ടിൽ ഒരുപാട് പേര് ജീവിക്കുന്നുണ്ട്. നീ തന്നെ നിനക്ക് പറ്റിയ ഒരു സ്ഥിരവരുമാനമാർഗം കണ്ടെത്തണം. അവൻ തന്നെ നിന്നെയും ഗൾഫിൽ കൊണ്ടുപോയതല്ലേ? അവിടെയും ഒന്നും ശരിയാകുന്നില്ലെന്നു പറഞ്ഞു തിരിച്ചു വന്നു. ഇത്രയുമൊക്കെയല്ലേ ഞങ്ങൾക്ക് നിനക്കുവേണ്ടി ചെയ്യാൻ കഴിയു. ഒന്നും ചെയ്യാതിരുന്നിരുന്നിട്ട്  ഒന്നുമില്ലാത്തവൻ എന്ന് പറയുന്നത് അത്ര നല്ല ശീലമല്ല"

"ഞാനൊരു മടിയനാണെന്നു അമ്മ പിന്നെയും പറയുകയാണോ?"

"നീ ആലോചിച്ച് നോക്കു മോനെ. മടി കാണിക്കുന്നവരെ അങ്ങനെ തന്നെയല്ലേ പറയു. നിന്റെ ഭാര്യ പോലും അത് പറയാറില്ലേ. വളർന്നു വരുന്ന നിന്റെ മകനും അതറിയും മുമ്പ് നീതന്നെ അത് മനസ്സിലാക്കു."

"മടിയൻ മാത്രമല്ല, ഒന്നും മനസിലാക്കാത്ത ഒരു മണ്ടൻ കൂടിയാണല്ലേ ഞാൻ? എങ്കിൽ ഞാനെന്തിനിനി ജീവിക്കണം. ഞാൻപോയി കടലിൽ ചാടി ചാവാം."

ദൈന്യതയിൽ നിന്നും ശൗര്യഭാവം പൂകാൻ അവതാരത്തിനു ഒരു നിമിഷത്തെ സമയം മാത്രം മതിയായിരുന്നു. 

ആ മഹാനടനത്തിന്റെ  അന്ത്യരംഗം കൊഴുക്കുന്നപോലെ മനോബലം വീണ്ടെടുത്ത് വർദ്ധിച്ച വീര്യത്തോടെ പടിവാതിക്കലേക്കു പാഞ്ഞുപ്പോകുന്ന മകനെ അമ്മ ശേഷിച്ച ആരോഗ്യം കൊണ്ടാവുന്ന പോലെ തടഞ്ഞു നിർത്താൻ ശ്രമിച്ചു.

(തുടരും)

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

0
431

ഭാഗം 9 മരണമെന്ന ഭീഷണി പലവഴികളിൽ തന്നെ കാത്തിരിക്കുന്നുവെന്നു മകൻ പലയാവർത്തി ഓർമ്മിപ്പിച്ചത് അമ്മയെ കൂടുതൽ തളർത്തി. മകന്റെ മനസ്സിനെ തണുപ്പിക്കാൻ കൂടുതൽ അവശയായ അമ്മ കരുണയോടെ   വിപിനെ നോക്കി കണ്ണീർ പൊഴിച്ചു. മകനുവേണ്ടിയുള്ള അമ്മയുടെ സംരക്ഷണ കവചമായി ആ കണ്ണുനീർത്തുള്ളികൾ മാറുമ്പോൾ മകനതു അടുത്ത രംഗഭാവത്തിന്റെ ചമയമായെടുത്തു. ദൈന്യതയുടെ മുഖാവരണമണിഞ്ഞ് നിന്ന മകൻ ഒരു നിമിഷാർദ്ധത്തിനുള്ളിൽ അധീരനായതുപോലെ അമ്മക്ക് തോന്നി. മകന്റെ മുഖത്തെ ദൈന്യതയുടെ പുറംമോടി അലിയിച്ച് കളയാൻ അമ്മയുടെ കണ്ണുനീരിനും കഴിയാതെയായി. "വീട് വിറ്റു കിട്ടുന്ന പണം കൊണ്ട് ജീവിക്കാമെ