സീതാലക്ഷ്മി തിരക്കിലാണ്.. - തുടർക്കഥ ( ഭാഗം-1)
നാട്ടുവഴിയിലൂടെ മഞ്ഞ് പെയ്തിറങ്ങുന്നു.
പ്രഭാതത്തിന്റെ സൂര്യരശ്മികൾ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.
മഞ്ഞിന്റെ ആവരണത്താൽ മൂടപ്പെട്ട ചെമ്മണ്ണ് നിറഞ്ഞ ആ നാട്ടുവഴിയിലൂടെ പലരും നടന്നു നീങ്ങുന്നുണ്ടായിരുന്നു.
നാട്ടുവഴിയിലെ പ്രഭാതങ്ങൾ എപ്പോഴും ഇങ്ങനെയാണ്....
പുലർകാല സ്വപ്നങ്ങളും പേറി, വെളിച്ചം പരക്കുന്നതിനു മുന്നേ പലരും അവരവരുടെ ജോലികളിലേക്ക് വഴുതി വീഴും.....
തന്റെ ചുമലിൽ തൂക്കിയിട്ടിരുന്ന ചെണ്ടയും കൊണ്ട് ഒരു അല്പം വേഗത്തിൽ നടക്കുകയായിരുന്നു ഗോവിന്ദൻ മാരാര്.
പ്രായാധിക്യവും അന്തരീക്ഷത്തിലെ തണുപ്പും ഒരു അളവു വരെ അദ്ദേഹത്തെ ക്ഷീണിതനാക്കുന്നുണ്ടായിരുന്നു.
എതിരെ വരുന്നവർക്ക് മുഖം കൊടുക്കാതെ അദ്ദേഹം മുന്നോട്ടു നടന്നു.
\" ഗോവിന്ദന്മാരാരെ.... \"
എതിരെ വരുന്ന ആരുടേയോ വിളികേട്ടതും മാരാര് മുഖമുയർത്തി നോക്കി.
തന്റെ അയൽവാസിയായ കൃഷ്ണപ്പണിക്കരുടെ മകൻ ഗോപിയായിരുന്നു അത്.
ഗോപി രാവിലെ നടക്കാൻ ഇറങ്ങിയതാണ്.
\" എങ്ങോട്ടാ ഗോവിന്ദൻ മാരാരെ രാവിലെ..? \"
മാരാരുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
\" ഇന്ന് അമ്പലത്തിൽ ഉത്സവം ഉണ്ട്... കുറെ നാളത്തി കിട്ടിയ ഒരു ജോലിയാണ്... \"
\" ഇന്നത്തെ കാലത്ത് ഇതുകൊണ്ട് നടന്നാൽ എന്തെങ്കിലും കിട്ടുമോ മാരാരേ....? \"
ഗോപിയുടെ വാക്കുകൾ കേട്ടതും മാരാരുടെ മുഖം വാടി.
\" ചെറുപ്പം മുതലേ പഠിച്ച പണിയാണ്.... വീട്ടിലെ അടുപ്പ് പുകയേണ്ടടോ.....? തനിക്ക് അറിയാമല്ലോ.... മൂന്നു പെൺമക്കളാണ്.. രണ്ടെണ്ണത്തിനെ ചെണ്ട കൊട്ടിയും,കടം മേടിച്ചുമാ കെട്ടിച്ചു വിട്ടത്.... എല്ലാവരുടെയും മുന്നിൽ നിന്ന് ഈ കൊട്ടുകൊട്ടുമ്പോഴും ഓരോ കൊട്ടും ഈ നെഞ്ചിൽ തന്നെയാണെടോ കൊള്ളുന്നത്....... \"
ആ കണ്ണുകളിലെ നനവ് ഗോപി കാണുന്നുണ്ടായിരുന്നു.
\" രാവിലെ ഞാൻ കാരണം മാരാരുടെ മനസ്സ് വേദനിക്കേണ്ടി വന്നു അല്ലേ..... \"
\" സാരമില്ലടോ..... എന്റെ ഈ ഗതി ഈ ഗ്രാമത്തിൽ എല്ലാവർക്കും അറിയാം... ഇനി എന്റെ പ്രതീക്ഷ മുഴുവൻ എന്റെ ഇളയ മകൾ സീതാലക്ഷ്മിയിൽ ആണ്.... അവൾക്ക് നല്ലൊരു ജോലി കിട്ടിയാൽ എനിക്കും ഈ ചെണ്ടയ്ക്കും വിശ്രമം ആകും..... \"
ഇതു പറഞ്ഞിട്ട് വേദന വിട്ടുമാറാത്ത മനസ്സുമായി, പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മാരാര് മുന്നോട്ടു നടന്നു.
ആ പോക്ക് ഒരല്പം വേദനയോടെ ഗോപി നോക്കി നിന്നു.
ജന്മ ഫലത്തിൽ ആഢ്യത്വവും, കർമ്മഫലത്തിൽ ദാരിദ്ര്യവും പേറി നടക്കുന്ന ഒരു മനുഷ്യൻ.....
ഗോവിന്ദൻ മാരാരുടെ വീടിനോട് ചേർന്നാണ് തന്റെ വീടും...
ഗോവിന്ദൻ മാരാരുടെ ചുമലിൽ തന്നെയാണ് ആ കുടുംബത്തിന്റെ മുഴുവൻ ആശ്രയവും.
രണ്ടു പെൺമക്കളെ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം വിവാഹം കഴിച്ച് അയച്ചത്.
അദ്ദേഹം പറഞ്ഞതുപോലെ തന്നെ അദ്ദേഹത്തിന്റെ മുഴുവൻ പ്രതീക്ഷയും ഇന്ന് ഇളയ മകൾ സീതാലക്ഷ്മിയിൽ ആണ്....
വക്കീൽ പഠനം ഒക്കെ പൂർത്തിയാക്കി ഏതെങ്കിലും ഒരു നല്ല വക്കീലിന്റെ അടുത്ത് പ്രാക്ടീസ് ചെയ്യണമെന്ന മോഹവുമായി ഇരിക്കുകയാണ് സീതാലക്ഷ്മി....
ഓരോന്നാലോചിച്ച് നടന്ന് ഗോപി, വീട് എത്തിയത് അറിഞ്ഞില്ല.
ഗേറ്റ് തുറന്ന് അകത്തു കടക്കുമ്പോൾ കണ്ടത് മതിലിന് അപ്പുറത്തും ഇപ്പുറത്തും നിന്ന് സംസാരിച്ചുകൊണ്ടിരിക്കുന്ന സീതാലക്ഷ്മിയെയും, തന്റെ ഭാര്യ ശാരദയെയും ആയിരുന്നു.
ഗോപി പുഞ്ചിരിച്ചുകൊണ്ട് അവർക്കരികിലേക്ക് നടന്നു.
\" ഗോപിയേട്ടൻ വരുന്നത് നോക്കി നിൽക്കുകയായിരുന്നു സീതാലക്ഷ്മി.... എന്തോ അത്യാവശ്യം പറയാനുണ്ടെന്ന്....\"
ശാരദ ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഗോപിയേട്ടാ ഈ പ്രാവശ്യം കൂടി ഒന്ന് സഹായിക്കണം..."
സീതാലക്ഷ്മി ചിരിച്ചുകൊണ്ട് ഗോപിയുടെ മുഖത്തേക്ക് നോക്കി.
" എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം...അവസാനം പലിശ സഹിതം എല്ലാം തിരിച്ചു തന്നാൽ മതി......"
ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഭാവിയിലെ വക്കീലല്ലേ ഗോപിയേട്ടാ.... ഫീസ് ഇല്ലാതെ തന്നെ നമ്മുടെ കേസ് വാദിക്കാൻ ഒരാൾ ആവുമല്ലോ....."
ശാരദയുടെ വാക്കുകൾ അവിടെ പൊട്ടിച്ചിരി ഉയർത്തി.
" ഞാൻ രാവിലെ നടത്തം കഴിഞ്ഞു വരുന്ന വഴി അച്ഛനെ കണ്ടിരുന്നു..... ആ പോക്ക് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി.... എനിക്ക് ഓർമ്മയുള്ള കാലം മുതൽ ഈ ചെണ്ടയും തൂക്കി ഇങ്ങനെ പരദേശിയെ പോലെ അലയുന്ന മുഖമേ ഞാൻ കണ്ടിട്ടുള്ളൂ.... ഈ പ്രായത്തിലും അത് തുടർന്നു പോവുകയാണ്.... "
ഗോപിയുടെ സ്വരം താഴ്ന്നിരുന്നു.
ഒരു മതിൽനപ്പുറമുള്ള രണ്ടു വീടാണെങ്കിലും ഒരേ കുടുംബത്തെ പോലെ കഴിയുന്നവരാണ് ഗോപിയുടെയും ഗോവിന്ദന്മാരാരുടെയും കുടുംബം.
" അച്ഛൻ ജീവിതത്തെ കൊട്ടി തോൽപ്പിക്കുന്നു.... ആ ജീവിതത്തെ ഒന്ന് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.... "
സീതാലക്ഷ്മിയുടെ വാക്കുകളിൽ വേദനയുടെ താളം അലിഞ്ഞുചേർന്നിരുന്നു.
" അച്ഛന്റെ ഇനി എല്ലാ പ്രതീക്ഷയും നിന്നിലാണ്..... "
" എനിക്കറിയാം ഗോപിയേട്ടാ.... അതിനുള്ള ഒരു ഓട്ടപാച്ചിലിൽ ആണ് ഞാനിപ്പോൾ.... മറ്റു മക്കളെക്കാൾ അധികം അച്ഛന്റെ വാത്സല്യവും സ്നേഹവും ഞാൻ അനുഭവിച്ചിട്ടുണ്ട്...... "
സീതാലക്ഷ്മിയുടെ കണ്ണുകളിൽ കണ്ണുനീർ നിറയുന്നത് അവർ കണ്ടു.
" ഇന്ന് എവിടെയാണ് ഇന്റർവ്യൂ.....? "
കൂടുതൽ സംസാരിച്ചു വരുമ്പോൾ അതൊരു കരച്ചിലിന്റെ വക്കോളം എത്തും എന്ന് ആയപ്പോൾ ഗോപി സംസാരം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു.
" പട്ടണത്തിൽ അറിയപ്പെടുന്ന വക്കീലാണ് അഡ്വക്കേറ്റ് ഭാസ്കര മേനോൻ.... ഒരു കൂട്ടുകാരി തന്ന നമ്പർ പ്രകാരം അദ്ദേഹത്തെ വിളിച്ചു... ഇന്ന് ഉച്ചയ്ക്ക് മുന്നേ സർട്ടിഫിക്കറ്റും ആയി അദ്ദേഹത്തെ ചെന്ന് കാണാൻ പറഞ്ഞു ...... "
പൊടിഞ്ഞിറങ്ങാറായ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് സീതാലക്ഷ്മി പറഞ്ഞു.
" സീതാലക്ഷ്മി..... "
ഈ സമയം പുറകിൽ നിന്ന് അമ്മയുടെ വിളി ഉയർന്നു.
" ദാ വരുന്നു അമ്മേ...... "
ഗോപിയോടും ശാരദയോടും യാത്രപറഞ്ഞ് സീതാലക്ഷ്മി തിരിഞ്ഞു നടന്നു.
ഈ സമയം ഗോപിയുടെ വിളി കേട്ടതും സീതാലക്ഷ്മി തിരിഞ്ഞു നിന്നു.
" എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട..... അതൊന്നും ഒരു കണക്കുപുസ്തകത്തിൽ വയ്ക്കുകയും വേണ്ട... ഇന്റർവ്യൂവിന് പോകുമ്പോൾ ശാരദയെ വന്നു കണ്ട് പണമോ എന്താണെന്ന് വെച്ചാൽ വാങ്ങിച്ചു കൊള്ളൂ..... "
സീതാലക്ഷ്മി നന്ദിയോടെ ആ മുഖത്തേക്ക് നോക്കി.
ഒരിക്കൽ കൂടി അവരോട് യാത്ര പറഞ്ഞിട്ട് സീതാലക്ഷ്മി വീടിനകത്തേക്ക് നടന്നു.
സീതാലക്ഷ്മി അകത്തേക്ക് ചെല്ലുമ്പോൾ അമ്മ അടുക്കളയിൽ ആയിരുന്നു.
അടുപ്പിൽ എരിഞ്ഞു നീറുന്ന വിറകിനെ തീ ആക്കി മാറ്റാനുള്ള കഠിന പരിശ്രമത്തിൽ ആയിരുന്ന അമ്മ.
പിറകിൽ കാൽപര്യമാറ്റം കേട്ടതും അമ്മ തിരിഞ്ഞു നോക്കി.
പുകയേറ്റ് വാടി തളർന്ന മുഖത്തേക്ക് സീതാലക്ഷ്മി നോക്കി.
" ഗോപി എന്തു പറഞ്ഞു..... "
" ഗോപിയേട്ടൻ തരാമെന്ന് പറഞ്ഞു.....എല്ലാം വാങ്ങിക്കൂട്ടനാണ് നമ്മുടെ വിധി.....എന്ന് ഇതൊക്കെ കൊടുത്തു തീർക്കാനാവുമോ..."
സീതാലക്ഷ്മി ആരോടന്നില്ലാതെ പറഞ്ഞു .
" നീ ഇനി മനസ്സ് വേദനിപ്പിക്കേണ്ട... എല്ലാം ശരിയാകും..... നിന്റെ ഈ വിഷമം കാണുമ്പോൾ എന്നിലേറെ അച്ഛനാണ് വേദന...... "
അമ്മയുടെ വാക്കുകൾക്ക് മറുപടി പോലെ സീതാലക്ഷ്മിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
വേദനകൾ എല്ലാം മറക്കാനുള്ള പ്രത്യാശയുടെ പുഞ്ചിരി.....
" നിനക്ക് എപ്പോഴാണ് ഇന്റർവ്യൂവിന് പോകേണ്ടത്......? "
" ഉച്ചയ്ക്ക് മുന്നേ എത്താനാണ് പറഞ്ഞിരിക്കുന്നത്...... "
സീതാലക്ഷ്മി മറുപടി പറഞ്ഞു.
" എങ്കിൽ പോയി കുളിച്ചിട്ടു വാ.... ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം.... "
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ സീതാലക്ഷ്മി എന്തോ ആലോചിച്ചുകൊണ്ട് തിരിഞ്ഞു നിന്നു.
" അമ്മേ ഞാനൊരു കാര്യം ചോദിക്കട്ടെ..... "
അമ്മയുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് സീതാലക്ഷ്മി കണ്ടു.
" നിന്റെ ഈ മുഖവുര കേൾക്കുമ്പോൾ അമ്മയ്ക്ക് പേടിയാ.... എന്താണെന്ന് വെച്ചാൽ പെട്ടെന്ന് പറയ്..... "
സീതാലക്ഷ്മി ചിരിച്ചുകൊണ്ട് അമ്മയുടെ കൈകളിൽ തലോടി.
" എന്നാൽ ഞാൻ ചോദിക്കുന്നില്ല......"
" നീ ചോദിക്ക്..... "
" വിവാഹം ചെയ്ത അയച്ചാൽ എല്ലാം സ്ത്രീകളും ഇങ്ങനെയാണോ അമ്മേ...... "
" നീ ആരെക്കുറിച്ചാണ് ഈ പറയുന്നത്.... "
അമ്മ തെല്ല് സംശയത്തോടെ ചോദിച്ചു.
" നമ്മുടെ ചേച്ചിമാരെ കുറിച്ച് തന്നെ.... "
" അതെന്താ നിനക്ക് ഇപ്പോൾ ഇങ്ങനെ തോന്നാൻ കാരണം....? "
അമ്മയുടെ ചോദ്യം കേട്ടതും സീതാലക്ഷ്മിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
അവൾ ഇരു കൈകളും കൊണ്ട് അമ്മയെ ചേർത്തു നിർത്തി.
" വിവാഹം കഴിച്ചയച്ചാൽ പിന്നെ പെൺമക്കൾ ആരും സ്വന്തം വീട്ടിലേക്ക് തിരിഞ്ഞുനോക്കില്ലേ....? "
സീതാലക്ഷ്മിയുടെ കൈകൾ തട്ടിമാറ്റിക്കൊണ്ട് അമ്മ അവിടെ വൃത്തിയാക്കാൻ ആയി കൂട്ടിയിട്ടിരുന്ന പാത്രങ്ങൾക്ക് അരികിലേക്ക് നടന്നു.
" നീ ആരെക്കുറിച്ചാണ് ഈ പറയുന്നത്.... നിന്റെ ചേച്ചിമാരെ കുറിച്ചാണോ.... രണ്ടു പെൺമക്കളെയും അച്ഛൻ നല്ല രീതിയിൽ തന്നെയാണ് ഇറക്കിവിട്ടത്.... കടം മേടിച്ചും ആകെ ഉണ്ടായിരുന്ന സ്ഥലം പകുതി വിറ്റുമാണ് രണ്ടിനെയും ഓരോരുത്തരുടെ കൈയിൽ ഏൽപ്പിച്ചത്.... രണ്ടുപേരും നല്ല നിലയിൽ തന്നെയല്ലേ അവിടെ താമസിക്കുന്നത്...... "
അമ്മ പാത്രം കഴുകി ഒരു അരികിലേക്ക് മാറ്റിവയ്ക്കുന്നതിനിടയിൽ പറഞ്ഞു.
" എന്നാലും അവർക്ക് ഇടയ്ക്കെങ്കിലും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞുനോക്കി കൂടെ അമ്മേ.. നമ്മുടെ അച്ഛന്റെ വിയർപ്പിന്റെ ഫലമല്ലേ നമ്മളെല്ലാം ഇത്രയും നാൾ അനുഭവിച്ചത്..... ആ വിയർപ്പിന്റെ ഫലം തന്നെയല്ലേ ഇന്ന് അവരുടെ ജീവിതവും..... "
അമ്മ മുഖമുയർത്തി സീതാലക്ഷ്മിയെ നോക്കി.
സാവധാനം അമ്മയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
" എല്ലാവർക്കും അവരവരുടെ ജീവിതമാണ് മോളെ വലുത്... അവർക്ക് ഇവിടെ വന്നിട്ട് എന്ത് കിട്ടാനാ.... ഈ ഒരു വീട് മാത്രമുണ്ട് ഇനി ബാക്കി...... ഇങ്ങോട്ട് എങ്ങാനും വന്നാൽ ഈ മൂന്നു ആത്മാക്കളെ കൂടി ചുമക്കേണ്ടി വരുമല്ലോ എന്ന് പേടിച്ചിട്ട് ആയിരിക്കും..... "
" സ്വന്തം മക്കളെ കുറിച്ച് അമ്മ ഇങ്ങനെ തന്നെ പറയണം.... "
അമ്മയെ കളിയാക്കിയതുകൊണ്ട് അവൾ പറഞ്ഞു.
" ഇവിടെ നിന്നു പോയാൽ നീയും ഇങ്ങനെയൊക്കെ ആയിരിക്കും..... "
അമ്മ ചായ, ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടെ പറഞ്ഞു.
" അതിന് ഞാൻ ഇവിടെ നിന്ന് പോയാലല്ലേ.. "
കയ്യിലിരുന്ന ചായ ഗ്ലാസ്,അമ്മ, സീതാലക്ഷ്മിയുടെ നേരെ നീട്ടി.
" സമയം കളയേണ്ട ഈ ചായ കുടിച്ചിട്ട് വേഗം പോയി കുളിച്ചിട്ടു വാ.... അമ്മ ഭക്ഷണം എടുത്തു വയ്ക്കാം..... "
അമ്മ നൽകിയ ചായ കുടിച്ചിട്ട് അവൾ ഗ്ലാസ് തിരികെ നൽകി.
സീതാലക്ഷ്മി തിരിഞ്ഞ് തന്റെ മുറിക്കകത്തേക്ക് നടന്നു.
അവളുടെ മനസ്സിൽ അപ്പോഴും അച്ഛന്റെയും,അമ്മയുടെയും മുഖമായിരുന്നു.
ചെണ്ട തൂക്കി നടന്നുമറയുന്ന അച്ഛനും, അടുപ്പിലെ പുകയേറ്റ് വാടിത്തളർന്ന അമ്മയും ആ മനസ്സിൽ എന്നും ഒരു തീരാ നോവായിരുന്നു.
അച്ഛന്റെ സ്വപ്നങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് താനാണ്....
ആ സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ താൻ ഒരു തീരത്ത് അണഞ്ഞേ പറ്റൂ.....
അതിനുള്ള ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് താൻ ഇപ്പോൾ.....
സീതാലക്ഷ്മി സോപ്പും തോർത്തും എടുത്ത് കുളിമുറിക്ക് അരികിലേക്ക് നടന്നു.
................................ തുടരും.............................
സീതാലക്ഷ്മി തിരക്കിലാണ് - ഭാഗം -2
ഇരുവശങ്ങളിലും നെൽപ്പാടം നിറഞ്ഞ വഴിയിലൂടെ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു സീതാലക്ഷ്മി. ഉച്ചയ്ക്ക് മുന്നേ അഡ്വക്കേറ്റ് ഭാസ്കരമേനോനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തണം. സീതയുടെ കാലുകൾക്ക് വേഗത വച്ചു. ഇവിടെനിന്ന് പത്തു മിനിറ്റോളം നടക്കണം ബസ്റ്റോപ്പിൽ എത്താൻ." സീതേ.... " ഈ സമയം പിറകിൽ ആരുടെയോ വിളി കേട്ടതും സീത തിരിഞ്ഞുനോക്കി. വരുന്ന ആളെ കണ്ടതും സീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. കണ്ണൻ ആയിരുന്നു അത്. ചെറുപ്പം മുതലേ സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ." നീ ഇത് എങ്ങോട്ടാ രാവിലെ ഈ ഓട്ടപ്രദക്ഷിണം.... " കണ്ണന്റെ വാക്കുകൾ കേട്ടതും സീതയുട