Aksharathalukal

കള - പകയുടെ വേട്ടയാടൽ

സ്നേഹത്തെ ചൊല്ലിയാണ് പലപ്പോഴും യുദ്ധങ്ങളും പകപോക്കലുകളുമൊക്കെയുണ്ടാവുന്നത്. ടോവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത ‘കള’യും സംസാരിക്കുന്നത് സ്നേഹത്തെ കുറിച്ചാണ്, പക്ഷേ ചോരപ്പുഴകളും രക്തപങ്കിലമായ കാഴ്ചകളും താണ്ടി വേണം പ്രേക്ഷകർ ആ സ്നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. ഒറ്റവാക്കിൽ പകയുടെ വേട്ടയാടൽ എന്നു വിശേഷിപ്പിക്കാവുന്ന ‘കള’ ഒരു സൈക്കോ ത്രില്ലറാണ്. ചിത്രത്തിലെ ഭീതി ജനിപ്പിക്കുന്ന വയലന്‍സ് രംഗങ്ങള്‍ കാരണം ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘കള’.

വിശാലവും വന്യവുമായ ഒരു വലിയ പറമ്പിനു നടുവിലായി ഒറ്റപ്പെട്ടു കിടക്കുന്ന ഒരു വീട്ടിലാണ് കഥ നടക്കുന്നത്. ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഭാര്യയും അച്ഛനും മകനും അടങ്ങുന്ന അയാളുടെ കുടുംബത്തിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ആദ്യാവസാനം ഭീതിയുടെയും ആകാംക്ഷയുടെയും ഒരു പശ്ചാത്തലമൊരുക്കിയാണ് സംവിധായകൻ കഥ പറഞ്ഞ് പോവുന്നത്. തുടക്കത്തിലെ ഇഴച്ചിൽ പ്രേക്ഷകരെ തെല്ലു മടുപ്പിക്കുമെങ്കിലും ആദ്യം മുതൽ സിനിമ സൃഷ്ടിക്കുന്ന ആകാംക്ഷയുടെയും ഭീതിയുടെയും കൊട്ടിക്കയറൽ ആണ് പിന്നീടങ്ങോട്ട്.

സംഘട്ടനരംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വേട്ടയാടലിന്റെ പ്രതീതി ഉളവാക്കുന്ന ഫൈറ്റ് സീനുകളെല്ലാം തന്നെ വളരെ റിയലിസ്റ്റിക്കായാണ് ഒരുക്കിയിരിക്കുന്നത്. വാശിയും വന്യതയും നിറഞ്ഞ രക്തച്ചൊരിച്ചിൽ സീനുകൾ വേറിട്ടൊരു അനുഭവമാണ് പ്രേക്ഷകനു സമ്മാനിക്കുക.

ഈ ചിത്രത്തിനു വേണ്ടി ടൊവിനോ എടുത്ത പരിശ്രമത്തെ സിനിമ കണ്ടിറങ്ങുന്ന ആർക്കും പ്രശംസിക്കാതിരിക്കാനാവില്ല. അത്യന്തം അപകടകരമായ ഫൈറ്റ് സീനുകളിലെല്ലാം തകർപ്പൻ പ്രകടനമാണ് ടൊവിനോ കാഴ്ച വയ്ക്കുന്നത്. സ്ക്രീനിൽ ടൊവിനോയുടെ ശരീരത്തിലേൽക്കുന്ന ഓരോ ഇടിയും വെട്ടും കുത്തും പ്രേക്ഷകനും അനുഭവവേദ്യമാവും. ടൊവിനോയ്ക്ക് ഒപ്പത്തിനൊപ്പം തന്നെ നിൽക്കുകയാണ് മൂർ എന്ന നടൻ. ടൊവിനോയ്ക്കും മൂറിനുമൊപ്പം രണ്ടു നായകളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്. ലാൽ, ദിവ്യ പിള്ള എന്നിങ്ങനെ വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേ സിനിമയിൽ ഉള്ളൂ.

മനുഷ്യനും പ്രകൃതിയുമാണ് ചിത്രത്തിന്റെ തീം. എന്തുകൊണ്ട് ഈ ചിത്രത്തിനു ‘കള’ എന്നു പേരിട്ടു എന്നതിനുള്ള ഉത്തരം സിനിമ കണ്ടിറങ്ങുമ്പോൾ മാത്രമേ പ്രേക്ഷകനു മനസ്സിലാവൂ. ഈ ഭൂമി ഓരോ പുല്ലിനു പുൽക്കൊടിയ്ക്കും അർഹതപ്പെട്ട ഒന്നായിരിക്കെ, ആരാണ് അതിൽ നിന്നും കളകളെ വേർത്തിരിക്കുന്നത്?​ പുനരാലോചനകളിൽ അത്തരമൊരു ചോദ്യത്തിലേക്കു കൂടി പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നുണ്ട് ‘കള’.

എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ടൈപ്പ് ചിത്രമല്ല ‘കള’. പ്രത്യേകിച്ചും നായകൻ- പ്രതിനായകൻ ദ്വന്ദ്വങ്ങളിലുള്ള സിനിമക്കാഴ്ചകൾ പരിചരിച്ചവർക്ക് ‘കള’ വേറിട്ടൊരു അനുഭവമായിരിക്കും. സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന അമ്പരപ്പാവും ‘കള’ പ്രേക്ഷകരിൽ അവശേഷിപ്പിക്കുക.

അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ഡോണ്‍ വിന്‍സന്റിന്റെ പശ്ചാത്തലസംഗീതവും ചേരുമ്പോഴുള്ള മൂഡ് ഒന്നു വേറെ തന്നെയാണ്. ചമൻ ചാക്കോയുടെ എഡിറ്റിംഗും കയ്യടി അർഹിക്കുന്നുണ്ട്. വളരെ വ്യത്യസ്ത മേക്കിങ് സ്റ്റൈലിലുള്ള ‘കള’ ഒരർത്ഥത്തിൽ ഒരു പരീക്ഷണമാണ്. അതുകൊണ്ടുതന്നെ, കുടുംബപ്രേക്ഷകർ എങ്ങനെ ‘കള’യെ സ്വീകരിക്കും എന്നത് വരുംദിവസങ്ങളിൽ കണ്ടറിയേണ്ട കാഴ്ചയാണ്.

My Rating ; 3/5