സീതാലക്ഷ്മി തിരക്കിലാണ് - ഭാഗം -2
ഇരുവശങ്ങളിലും നെൽപ്പാടം നിറഞ്ഞ വഴിയിലൂടെ ബസ്സ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു സീതാലക്ഷ്മി.
ഉച്ചയ്ക്ക് മുന്നേ അഡ്വക്കേറ്റ് ഭാസ്കരമേനോനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തണം.
സീതയുടെ കാലുകൾക്ക് വേഗത വച്ചു.
ഇവിടെനിന്ന് പത്തു മിനിറ്റോളം നടക്കണം ബസ്റ്റോപ്പിൽ എത്താൻ.
" സീതേ.... "
ഈ സമയം പിറകിൽ ആരുടെയോ വിളി കേട്ടതും സീത തിരിഞ്ഞുനോക്കി.
വരുന്ന ആളെ കണ്ടതും സീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
കണ്ണൻ ആയിരുന്നു അത്.
ചെറുപ്പം മുതലേ സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ.
" നീ ഇത് എങ്ങോട്ടാ രാവിലെ ഈ ഓട്ടപ്രദക്ഷിണം.... "
കണ്ണന്റെ വാക്കുകൾ കേട്ടതും സീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" ചിലർക്ക് ജീവിതമിങ്ങനെ ഓടി തീർക്കാൻ ആണെടാ വിധി.... "
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
രണ്ടുപേരും മുന്നോട്ടു നടന്നു.
" അപ്പോൾ നമ്മൾ രണ്ടുപേരും ഒരുപോലെയാ.... "
സീതയുടെ ആ ചിരിയിൽ പങ്കുചേർന്നുകൊണ്ട് കണ്ണൻ പറഞ്ഞു.
" നിനക്ക് ജോലി ഒന്നുമായില്ലേടാ.... " - സീത ചോദിച്ചു.
"ശ്രമിക്കുന്നുണ്ട്.... പക്ഷേ ഒന്നും അങ്ങ് ശരിയാവുന്നില്ല.... പഠിച്ച സർട്ടിഫിക്കറ്റ് എല്ലാം മാറ്റിവെച്ച് വല്ല കൂലിപ്പണിക്കും ഇറങ്ങിയാലോ എന്ന് വിചാരിക്കുകയാ....."
കണ്ണന്റെ വാക്കുകളിലെ നീരസം സീത അറിയുന്നുണ്ടായിരുന്നു.
പെട്ടെന്ന് സീത എന്തോ ഓർത്തതുപോലെ കണ്ണന്റെ മുഖത്തേക്ക് നോക്കി.
" എടാ നിനക്ക് നമ്മുടെ ഹരിയോട് നിന്റെ ജോലിയെ പറ്റി സംസാരിച്ചു കൂടെ.... അവന് പട്ടണത്തിൽ സ്വന്തമായി ഫാക്ടറി ഒക്കെ ഉള്ളതല്ലേ...? "
സീതയുടെ വാക്കുകൾ കേട്ടതും അതിനു മറുപടി പറയാതെ കണ്ണൻ മുന്നോട്ട് നടന്നു.
സ്കൂൾ ജീവിതകാലത്ത് ഹരിയും, താനും, കണ്ണനും ആയിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കൾ.
അതിനുശേഷം ആ ബന്ധം ഇപ്പോഴും തുടർന്നു പോകുന്നുണ്ടെങ്കിലും ഹരിയെ വല്ലപ്പോഴുമേ കാണാറുള്ളൂ.
നല്ല സാമ്പത്തിക നിലയുള്ള കുടുംബം ആയിരുന്നു ഹരിയുടേത്.
" നീ എന്താ ഒന്നും പറയാത്തത്....? "
കണ്ണന്റെ മൗനം കണ്ടിട്ട് എന്ന പോലെ സീത ചോദിച്ചു.
" അത് ശരിയാവില്ല..... "-കണ്ണൻ പറഞ്ഞു.
" സ്വന്തം വീട്ടിലെ അടുപ്പ് പുകയണമെങ്കിൽ നീ ഇങ്ങനെ ഈഗോയും വെച്ച് നടന്നിട്ട് കാര്യമില്ല ട്ടോ കണ്ണാ..... "
സീത ഒരല്പം പരിഭവത്തോടെ പറഞ്ഞു.
" നിനക്കറിയാലോ.... ക്ലാസ്സിൽ ഏറ്റവും മോശമായിരുന്നു അവൻ.... ഇന്ന് ഉയർന്ന നിലയിൽ..... പഠിക്കാൻ മിടുക്കരായിരുന്ന ഞാനും നീയും ഒക്കെ ഇങ്ങനെ ജോലിക്ക് വേണ്ടി അലയുന്നു..... "
കണ്ണൻ പുച്ഛഭാവത്തോടെ പറഞ്ഞു.
" അപ്പോൾ അതാണ് കാര്യം.... നീ സോഷ്യലിസം നടപ്പാകുന്നതും നോക്കിയിരിക്കുകയാണ്.... എന്റെ കണ്ണാ... ഇതിനു തലവിധി എന്ന് പറയും.... അത് എന്റെയും നിന്റെയും ഒക്കെ മുകളിൽ ഇരിക്കുന്ന ആള് വിധിക്കും പോലെ ആയിരിക്കും ആ വിധി..... "
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
കണ്ണന്റെ മുഖം അപ്പോഴും പരിഭവത്തിൽ തന്നെആയിരുന്നു.
" നിനക്ക് ഹരിയോട് സംസാരിക്കാൻ മടിയാണെങ്കിൽ ഞാൻ അവനോട് സംസാരിക്കാം..... "
സീതയുടെ ആ വാക്കുകൾക്ക് മറുപടി പറയാതെ കണ്ണൻ അവളുടെ മുഖത്തേക്ക് നോക്കി.
ചെറുപ്പത്തിൽ താനും ഹരിയും സീതയും എന്നും ഈ വഴിയിലൂടെ ഒരുമിചേ സ്കൂളിലേക്ക് പോയിട്ടുള്ളൂ... ആ ഓർമ്മകൾ ഇന്നും തന്റെ മനസ്സിലുണ്ട്.
കുന്നുംപുറത്തെ അമ്പലത്തിൽ പോയി ദേവിയെ തൊഴുതിട്ടേ തങ്ങൾ മൂന്നുപേരും സ്കൂളിലേക്ക് തിരിക്കാറുള്ളൂ.... അമ്പലത്തിലെ പൂജാരി തരുന്ന പ്രസാദത്തിൽ നിന്ന് ഒരു നുള്ള് എടുത്ത് സീത തങ്ങളുടെ രണ്ടുപേരുടെയും നെറ്റിയിൽ ചാർത്തിതരും....
"നീയെന്താ ഒന്നും പറയാത്തത്....."
സീതയുടെ ആ വാക്കുകളാണ് കണ്ണനെ ഓർമ്മയിൽ നിന്നുണർത്തിയത്.
" നീ എങ്ങോട്ടാ.... "
സംസാരം മറ്റൊരു വഴിക്ക് തിരിച്ചു വിട്ടുകൊണ്ട് കണ്ണൻ ചോദിച്ചു.
" എനിക്ക് ഇന്ന് ഒരു ഇന്റർവ്യൂ പട്ടണത്തിൽ ഉണ്ട്.... " - സീത പറഞ്ഞു.
ഈ സമയം തങ്ങളെ കടന്നുപോയ ഒരു വാഹനം പെട്ടെന്ന് ബ്രേക്കിട്ട് നിൽക്കുന്നത് അവർ കണ്ടു.
അതിൽ നിന്നിറങ്ങിയ രൂപത്തെ കണ്ടതും സീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ഹരി ആയിരുന്നു അത്.
ഹരി അവർക്ക് അരികിലെത്തി.
" കൊച്ചുമുതലാളി ഇത് എങ്ങോട്ടാ...? "
സീത ചിരിച്ചുകൊണ്ട് ചോദിച്ചു.
" കളിയാക്കല്ലേടി.... എവിടെയെങ്കിലും വച്ച് കാണാൻ പോലും നിന്നെ ഒന്നും കിട്ടുന്നില്ലല്ലോ.....? "
ഹരി ചോദിച്ചു.
" അതിന് ഈ കാറിലൂടെ ഇങ്ങനെ ചീറിപ്പാഞ്ഞ് നടന്നിട്ട് കാര്യമില്ല.... ദാ വല്ലപ്പോഴും ഞങ്ങളെപ്പോലെ ഇങ്ങനെ മണ്ണിൽ ചവിട്ടണം.... അല്ലേ കണ്ണാ..... "
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
കണ്ണന്റെ മുഖത്തെ ഭാവമാറ്റം ഹരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" ഇതെന്താ ഇവനു പറ്റിയത്.... ഒരു സന്തോഷവും ഇല്ലാത്തതുപോലെ...? "
ഹരി, കണ്ണന്റെ തോളത്തു തട്ടി കൊണ്ട് ചോദിച്ചു.
" ഒന്നുമില്ലടാ.... " - കണ്ണൻ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
ആ ഉത്തരത്തിൽ സംതൃപ്തനാവാത്തത് പോലെ ഹരി, സീതയെ നോക്കി.
" എന്തെടീ ഇവന് പറ്റിയത്....? "
" അവന്റെ പ്രശ്നം ഒരു ജോലിയാണ്... നിനക്ക് ഇവനെ സഹായിക്കാൻ പറ്റുമോ...? "
സീതയുടെ ചോദ്യം കേട്ടതും ഹരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
"അതാണോ കാര്യം..... എടാ എന്തെങ്കിലുമുണ്ടെങ്കിൽ തുറന്നു പറയണം... എന്നാലാവുന്ന സഹായം ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ..... ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തെ അന്നും ഇന്നും നിങ്ങളെ ഞാൻ കണ്ടിട്ടുള്ളൂ.... എന്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന നല്ല ഓർമ്മകൾ, നമ്മുടെ ആ ബാല്യകാലമാണടാ....അതൊന്ന് തിരിച്ചു കിട്ടിയാലോ എന്ന് ഇടയ്ക്ക് ആഗ്രഹിച്ച് പോകാറുമുണ്ട്....."
കണ്ണനെ രണ്ട് ചുമലിലും പിടിച്ച് തന്നോട് ചേർത്തു നിർത്തുന്നതിനിടെ ഹരി പറഞ്ഞു.
" അതെ.... ഇങ്ങനെ നിന്നാൽ എന്റെ ബസ് പോകും.... എനിക്ക് ഉച്ചയ്ക്ക് ഒരു ഇന്റർവ്യൂ ഉള്ളതാ..... "
സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
" എങ്കിൽ കയറിക്കോ.... ഞാൻ പട്ടണത്തിൽ ഇറക്കാം.... "
ഹരി പറഞ്ഞിട്ട് കണ്ണനെ നോക്കി.
" നീയും വാ.... ഞാൻ ഫാക്ടറിയിലേയ്ക്കാ... നിന്റെ ജോലി കാര്യം നമുക്ക് ശരിയാക്കാം... "
കണ്ണന്റെ കൈകളിൽ പിടിച്ച് മുന്നോട്ട് നടക്കാൻ ഒരുങ്ങുന്നതിനിടെ ഹരി പറഞ്ഞു.
അതുകേട്ടതും സീത ചിരിച്ചുകൊണ്ട് അവരെ നോക്കി.
" ഹരികൃഷ്ണൻമാർ ഒരുമിച്ച് യാത്ര ചെയ്തോ.... എനിക്ക് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിട്ട് വേണം പോകാൻ.... ഞാൻ ബസ്സിന് വന്നു കൊള്ളാം...."
സീതയുടെ വാക്കുകൾ കേട്ടതും ഹരി അതിനു സമ്മതിച്ചില്ല.
"അത് പറ്റില്ല..... ഈ യാത്ര നമ്മൾ ഒരുമിച്ച്.... അത് ക്ഷേത്രത്തിലേക്ക് ആയാലും പട്ടണത്തിലേക്ക് ആയാലും..... എന്താ കണ്ണാ...."
ഹരിയുടെ വാക്കുകൾക്ക് മറുപടി പോലെ കണ്ണൻ തലയാട്ടി.
മൂന്നുപേരും കാറിനകത്തേക്ക് നടന്നു.
അമ്പലമുറ്റത്ത്, കാറിൽ നിന്നിറങ്ങി ക്ഷേത്രത്തിലേക്കുള്ള നട കയറുമ്പോൾ, പഴയകാല ഓർമ്മകൾ അവരുടെ മനസ്സിലൂടെ ഓടിമറയുകയായിരുന്നു.
ഇരു കൈകളുംകൂപ്പി, കണ്ണുകൾ അടച്ചു നിൽക്കുമ്പോൾ ബാല്യത്തിന്റെ ഓർമ്മകളുടെ ചെപ്പ് അറിയാതെ തുറന്നു.
ജീവിതത്തിലേക്ക് ഉള്ള ഈ പുതിയ കാൽവെപ്പ്, തന്റെ കുടുംബത്തിന്റെ സ്വപ്നമാണ്...... അത് വിജയമാകാൻ സീതാലക്ഷ്മി മനസ്സുരുകി പ്രാർത്ഥിച്ചു.
പൂജാരിയുടെ കയ്യിൽ നിന്നും പ്രസാദം സീത, കൈ നീട്ടി വാങ്ങിച്ചു.
അതിൽ നിന്ന് ഒരു നുള്ള് തന്റെ നെറ്റിയിലും, ഓരോ നുള്ളെടുത്ത്, അവൾ, ഹരിയുടെയും കണ്ണന്റെയും നെറ്റിയിൽ ചാർത്തി.
മുഖത്ത് നിറഞ്ഞുനിൽക്കുന്ന പുഞ്ചിരിയുമായി മൂന്നു പേരും ക്ഷേത്രത്തിന്റെ നടകളിറങ്ങി.
.............................. തുടരും................................
സീതാലക്ഷ്മി തിരക്കിലാണ്- തുടർക്കഥ ( ഭാഗം-3)
വെയിലിന് ചൂടേറാൻ തുടങ്ങിയിരിക്കുന്നു. സീതാലക്ഷ്മിയുടെ കാലുകൾക്ക് വേഗത വച്ചു. അഡ്വക്കേറ്റ് ഭാസ്കരമേനോൻ, അദ്ദേഹത്തെ കാണാൻ എത്തണമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു. ഹരിക്കും കണ്ണനുമൊപ്പം ആയിരുന്നു യാത്ര... അവർ തന്നെ പട്ടണത്തിൽ ഇറക്കി. ഭാസ്കരമേനോന്റെ വീടിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ ഓഫീസും. പട്ടണത്തിന്റെ ബഹളങ്ങളിൽ നിന്ന് കുറച്ചു മാറിയാണ് അദ്ദേഹത്തിന്റെ വീട്. പത്തു മിനിറ്റോളം നടക്കേണ്ടി വന്നു സീതയ്ക്ക് അദ്ദേഹത്തിന്റെ വീട് കണ്ടെത്താൻ. ഹരി തന്നെ ഇവിടെ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞതാണ്.... പക്ഷേ താനത് സ്നേഹപൂർവ്വം നിരസിച്ചു.