കുന്ന്
കുന്നിലേക്കൊരു യാത്ര പോയി.... വീടിന്റെ രണ്ട് പറമ്പിനപ്പുറം കുന്നിലേക്കുള്ള വഴി എപ്പോഴും ഉണ്ടായിരുന്നു..... വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും പുക നിറഞ്ഞ ലോകത്തു നിന്നും മൂക്കിന്റെ ഉള്ളിലേക്ക് ചികഞ്ഞു കയറുന്ന ആ നനുത്ത ശ്വാസത്തെ തേടി കുന്നിൻ മുകളിൽ പോകണമായിരുന്നു... മടി പിന്നോട്ട് വലിക്കുന്ന പോലെ.. ഒന്നും ചിന്തിച്ചില്ല ബാക്കി വരുന്നിടത്തു കാണാ ന്ന് കരുതി ആ വഴിയിലേക്ക് കയറി ..മുകളിലെവിടെയോ പൂത്ത അപ്പൂപ്പൻ താടിയുടെ മരത്തിൽ നിന്നും ഒരുപാട് അപ്പൂപ്പൻ താടികൾ കാറ്റിൽ താഴേക്ക് തെന്നി തെന്നി വന്നു... അവ കയ്യിലെടുക്കാൻ രസമാണ്...രണ്ട് പറമ്പ് കേറിയപ്പോഴേക്കും കിതച്ചു... എന്നാലും തോറ്റു കൊടുത്തില്ല.. നാട്ടു മാങ്ങാ വീണു കിടക്കുന്ന മാവിൻ ചുവട്ടിലൂടെ നീറുകളെ വക വെക്കാതെ മുന്നോട്ട് കേറി.. കമ്മ്യൂണിസ്റ്റ് പച്ച കണ്ടു... ഒരു കമ്പെടുത്തു കുറച്ചെന്നതിന്റെ തല വെട്ടി.. ഈ താഴ്വരയിൽ ഞാൻ രാജാവും അവർ എന്റെ അനുചരന്മാരും.. ഒന്ന് രണ്ടെണ്ണം അയ്യോ രാജാവേ വെട്ടല്ലേ എന്നുള്ള ഭാവത്തിൽ തല താഴ്ത്തി കളഞ്ഞു..അണ്ണാനെ കണ്ടു... മൂന്നു വര മാത്രേ ഉള്ളു... ഒരു മാറ്റവും ഇല്ല....കല്ലിന്റെ മുകളിലൂടെ ഏന്തി വലിഞ്ഞു കേറി.. ചെറു പുല്ലുകൾക്കിടയിലൂടെ വീണ്ടും നടന്നു... ശ്വാസം അവസാനമെത്തിയപ്പോ ഞാൻ കണ്ടു...മൊട്ട കുന്ന്.. കുന്നോളം കുന്ന്....