Aksharathalukal

അറിയാതെ പോയ കഥ - 1

മാർച്ച് പകുതി ആവാറായെങ്കിലും ഡിസംബറിന്റെ ശൈത്യം പൂർണമായി വിട്ടു പോവാതെ മറഞ്ഞിരുന്നുകൊണ്ട്, ഞങ്ങളുടെ ഗ്രാമത്തെ എല്ലാ പുലർച്ചകളിലും ഒന്നു എത്തി നോക്കി കൊണ്ടിരുന്നു. കുറച്ചു വര്ഷങ്ങള്ക്കു ശേഷം നാട്ടിലെ ഉത്സവം ഒന്നു കൂടാം എന്ന് കരുതി രണ്ടാഴ്ചത്തെ അവധി എടുത്തു വീട്ടിൽ വന്നതാണ് ഞാൻ. അത് കൊണ്ട് തന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ ദിവസം മുഴുവൻ വീട്ടിൽ ചുമ്മാ ഇരിക്കുകയാണ്. ഞാൻ അത്താഴം ഒക്കെ കഴിഞ്ഞു മുറിയിൽ ഇരുന്നു പദ്മരാജന്റെ \"കോടതി വിധിക്കു ശേഷം\" എന്ന കഥ വായിക്കുക ആയിരുന്നു. മനുഷ്യ മനസ്സിനെ തീവ്രമായി ഉൾക്കൊണ്ടു അതിന്റെ വർണ്ണങ്ങളും വസന്തങ്ങളും മനോഹാരിതയും തൂലികയിൽ വിടർത്തുമ്പോൾ തന്നെ, മറു വശത്തു നിറഞ്ഞു നിൽക്കുന്ന അഴുക്കും ചലവും ചോരയും വരച്ചു കാട്ടിയ ഇത് പോലുള്ള രചനകൾ വായിക്കുമ്പോൾ എഴുതുന്നതിനെ പറ്റി ചിന്തിക്കാനേ ഞാൻ അർഹനല്ല എന്നു തോന്നി പോകും. അങ്ങനെ വായനയുടെ തീവ്രതയിൽ ലയിച്ചിരിക്കുന്ന സമയത്താണ് മൊബൈൽ ഫോൺ ശബ്ദിക്കാൻ തുടങ്ങിയത്. എടുത്തു നോക്കുമ്പോൾ പഴയ സ്കൂൾ സഹപാഠിയായ വിപിൻ ആണ്. വായനയുടെ ഒഴുക്ക് നശിപ്പിച്ച ദേഷ്യത്തിലും പതിവില്ലാതെ ഇവനെന്താ വിളിക്കുന്നത് എന്ന ആകാംഷയിലും ഞാൻ ഫോൺ എടുത്തു.


ഞാൻ : \"ഹലോ വിപിനേ..\"


വിപിൻ : \"ഡാ.. ആദർശേ.. \"


ഞാൻ : \"പറയെടാ. എന്ത് പറ്റി ഇത്രേം നാളുകൾക്കു ശേഷം ഒരു വിളി ?\"


വിപിൻ : \"ഡാ,,, ആദർശ്... നീ അറിഞ്ഞോ?\"


എന്തോക്കെയോ ആവലാതിയും വെപ്രാളവും പരുങ്ങലും അവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്നു. അത് മറച്ചു വയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതും, ആ ശ്രമം വ്യഥമായി പോവുന്നതും വളരെ പ്രകടമായി തന്നെ അവന്റെ ശബ്ദത്തിൽ പ്രതിഫലിക്കുന്നുണ്ടു.


ഞാൻ : \"എന്താ ഡാ ? എന്തറിഞ്ഞോ എന്നാ ?\"


വിപിൻ : \"നമ്മുടെ സന്ദീപിന്റെ കാര്യം ?\"


ഞാൻ : \"എന്ത് കാര്യം ? പറയ് ഡാ ?\"


വിപിൻ : \"ഡാ.. സന്ദീപ്.... അവൻ.. \"


ഞാൻ : \"പറയെടാ.. എന്താ കാര്യം...\"


വിപിൻ : \"അവൻ ആത്മഹത്യക്കു ശ്രമിച്ചു... ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്.\"


അത് കേട്ടപ്പോൾ എന്റെ ഉള്ളിൽ ഒരു അഗ്നിപർവത സ്ഫോടനം ഉണ്ടായി. ഒരു നിമിഷത്തേക്ക് എന്റെ ഹൃദയ സ്പന്ദനം നഷ്ടപെട്ട പോലെ. തൊണ്ട ഇടറി. എന്റെ കൈയിലിരുന്ന പുസ്തകം നിലത്തേക്ക് അടർന്നു വീണു. എന്ത് പറയണം എന്നറിയാതെ ഞാൻ ഒരു നിമിഷത്തേക്ക് മൗനം ആയി പോയി.


വിപിൻ : \"ഡാ.. ആദർശ്‌... ഡാ.. നീ കേൾക്കുന്നുണ്ടോ ?\"


എന്റെ മറുപടി ഇല്ലാതെ അവൻ വീണ്ടും വിളിച്ചു.


വിപിൻ : \"ആദർശേ... കേൾക്കുന്നുണ്ടോ ? ഡാ... ആദർശേ... \"


വിപിന്റെ ആവർത്തിച്ചുള്ള വിളി എന്റെ കാതിൽ പ്രതിധ്വനിച്ചു. അത് നിശബ്ദതയിൽ നിന്ന് എന്നെ തിരിച്ചു കൊണ്ട് വന്നു. ഷോക്കിൽ നിന്ന് ജീവൻ വീണ്ടെടുത്ത വ്യഗ്രതയിൽ ഞാൻ ചോദിച്ചു.


ഞാൻ : \"എന്ത്? ഉള്ളതാണോ നീ ഈ പറയുന്നേ?\"


വിപിൻ : \"സത്യമാണ് ഡാ...\"


ഞാൻ : \"നിന്നോട് ആര് പറഞ്ഞു ? വെറുതെ ആരെങ്കിലും പറയണതാവും...\"


വിപിൻ : \"അല്ല ഡാ.. അവന്റെ ഗൾഫിലെ റൂംമേറ്റ് എന്റെ കോളേജ് ജൂനിയർ ആണ്. സനൂപ്. കുറച്ചു മുന്നേ അവൻ എന്നെ വിളിച്ച്താ...\"


അവൻ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. \'അത് സത്യമാവരുതേ\' എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. ഞാൻ വിപിനോടു വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിച്ചെങ്കിലും ഞാൻ കേൾക്കാൻ ആഗ്രഹിച്ചതിനു വിപരീതമായി അത് സത്യമാണെന്നു വിപിൻ ഉറപ്പിച്ചു പറഞ്ഞു. അതോടെ എന്റെ മനസ്സിൽ നിന്ന് മറ്റെല്ലാ ചിന്തകളും അറുത്തുമാറ്റി ആ വാർത്ത ഉള്ളിലേക്ക് തറച്ചു കയറി. ഫോണിന്റെ ഇങ്ങേയറ്റത്ത് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ നിശബ്ദനായി.


ഒന്നു രണ്ടു നിമിഷം കഴിഞ്ഞ ശേഷം, ഞാൻ സംയമനം പാലിച്ചു കൊണ്ട് എന്താ ഉണ്ടായതു എന്ന് ചോദിച്ചറിയാൻ ശ്രമിച്ചു. പക്ഷെ വിപിന് അതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ല. അവന്റെ ടെൻഷൻ എന്നോട് ഷെയർ ചെയ്യുന്നതിലുപരി അവൻ വിളിച്ചത് വേറെ ഒരു കാര്യത്തിന് ആണ്. സന്ദീപിന്റെ വീട്ടിൽ ഇത് വരെ അവന്റെ ആത്മഹത്യാ ശ്രമം അറിയിച്ചിട്ടില്ല. ഞാൻ ഒന്ന് രണ്ടു വട്ടം അവന്റെ വീട്ടിൽ പോയതല്ലേ. എന്റെ കൈയിൽ അവന്റെ വീട്ടുകാരുടെ നമ്പർ ഉണ്ടോ എന്ന് ചോദിയ്ക്കാൻ വിളിച്ചതാണ്. സന്ദീപിന്റെ വീട്ടുകാരുടെ നമ്പർ എന്റടുത്തു ഇല്ലായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും നമ്പർ തപ്പി പിടിച്ചു തരാം എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.


ഫോൺ കട്ട് ചെയ്തിട്ടും ഞാൻ ഞെട്ടലിൽ നിന്ന് മുക്തനായില്ല. ഒരു തരിപ്പ് ചെവിയിലൂടെ എന്റെ ശരീരത്തിന്റെ ഓരോ നാഡിഞരമ്പുകളിലേക്കും അരിച്ചിറങ്ങാൻ തുടങ്ങി. മനസ്സ് ആകെ അസ്വസ്ഥമാവുന്നു. ശരീരം തളർന്നു പോകും പോലെ. കാലുകൾക്കു എന്റെ ശരീരം താങ്ങാൻ ശക്തി പോരാതായ പോലെ. ചുറ്റുമുള്ള എല്ലാം എന്റെ കണ്ണിൽ നിന്ന് പതിയെ മാഞ്ഞു പോകും പോലെ. ചുമരു പിടിച്ചു പിടിച്ചു ഞാൻ നിലത്തേക്ക് ഊർന്നിറങ്ങി ഇരുന്നു. എന്റെ മനസ്സും ചിന്തകളും മുഴുവൻ ശൂന്യമായി പോകുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ച്‌ നിന്നു.


സന്ദീപ് അങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ഒരിക്കലും കേൾക്കുമെന്നു വിചാരിക്കാത്ത കാര്യമാണ് കേട്ടത്. അതും മറ്റാരെയും പറ്റിയല്ല. സന്ദീപിനെ പറ്റി. എന്റെ സന്ദീപിനെ പറ്റി. സന്ദീപ്... എപ്പോഴും എന്റെ കൂടെ കളിച്ചു ചിരിച്ചു നടന്നിരുന്ന സന്ദീപ്. അവൻ എന്തിനു ഇത് ചെയ്തു? എന്റെ മനസ്സ് ആ ഒരു ചോദ്യത്തിൽ കിടന്നു ചുറ്റി കളിച്ചു. മറ്റൊന്നും മനസ്സിൽ നിൽക്കുന്നില്ല. അവൻ എന്തിനു ഇത് ചെയ്തു ? അവനു ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു.


അഞ്ചാം ക്ലാസ്സിൽ നഗരത്തിലെ വിദ്യാലയത്തിൽ ചേർന്ന ആദ്യ ദിവസം ആണ്‌ ഞാൻ ആദ്യമായി സന്ദീപിനെ കാണുന്നത്. എനിക്കിപ്പോഴും അത് വ്യക്തമായി ഓർമയുണ്ട്. ആദ്യ ദിവസം ഞാൻ ചെന്ന് ഇരുന്നതു മൂന്നാമത്തെ ബെഞ്ചിൽ അറ്റത്തുള്ള സീറ്റിൽ, അവന്റെ തൊട്ടു അടുത്ത് ആണ്. ഞങ്ങളുടെ കൊച്ചു ഗ്രാമം വിട്ടു ആദ്യമായാണ് ഞാൻ നഗരത്തിൽ പോയി പഠിക്കുന്നത്. അതിന്റെ എല്ലാ ആവലാതിയും എന്നിലുണ്ട്. അന്നൊക്കെ ഞാൻ വളരെ പാവമായിരുന്നു. എന്നെ ക്ലാസ്സിലാക്കിയ ശേഷം, തിരിച്ചു വീട്ടിലേക്കു അച്ഛൻ നടന്നകലുന്ന കാഴ്ച എനിക്ക് ക്ലാസ്സിലെ പാതി ചാരിയ ജനവാതിലിലൂടെ കാണാം. എനിക്ക് അറിയുന്ന ഒരു കുട്ടി പോലും ആ ക്ലാസ്സിൽ ഇല്ല. എനിക്ക് ആകെ ഒരു ഒറ്റപ്പെടലും വീർപ്പുമുട്ടലും തോന്നി. അത് കണ്ടിട്ട് എന്ന പോലെ അവൻ എന്നോട് തോളിൽ തട്ടി ചോദിച്ചു.


\"ഞാൻ സന്ദീപ്. പേര് എന്താ ?


\"ആദർശ്.\"


\"എന്തിനാ ഇത്ര ടെൻഷൻ ?\"


അപ്പോഴാണ് ഞാൻ അവനെ ശ്രദിക്കുന്നതു പോലും. എന്റെ അതെ ഉയരം ഉള്ള എന്നേക്കാൾ വെളുത്തു ചന്ദന കുറി ഒക്കെ തൊട്ട ഒരു പയ്യൻ. അന്ന് ട്രൗസര് ഇട്ടു നടക്കുന്ന പ്രായത്തിൽ ആ ചോദ്യത്തിൽ തുടങ്ങിയ സൗഹൃദം ആണ്. അങ്ങനെ പതുക്കെ ഞങ്ങൾ പരിചയപെട്ടു. എന്നെക്കാൾ പക്വതയും ആവശ്യത്തിന് കുരുത്തക്കേടും വികൃതിയും ഒക്കെ ഉണ്ട്. എങ്കിലും അവൻ നല്ലണം പഠിക്കും. പിന്നെ ചിത്രം വരക്കും. ക്ലാസ്സിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അവന്റെ പെരുമാറ്റത്തിൽ നഗരത്തിന്റെ പൊങ്ങച്ചം ഇല്ല. അതായിരുന്നു എനിക്ക് അവനോട് സൗഹൃദം തുടങ്ങാൻ അനായാസത തോന്നിയതും. അന്നൊക്കെ ഞാൻ ആരോടും ഒന്നും എതിർത്ത് പോലും പറയാൻ അറിയാത്ത ഒരു തൊട്ടാവാടി ആയിരുന്നു. അത്യാവശ്യം നല്ലവണ്ണം പഠിക്കും. അങ്ങനെ ഞങ്ങൾ പതിയെ നല്ല ചങ്ങാതിമാരായി. അതായിരുന്നു തുടക്കം. എന്റെയും സന്ദീപിന്റെയും സൗഹൃദത്തിന്റെ സ്നേഹത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.


രണ്ടു ആഴ്ച കഴിഞ്ഞുള്ള ഒരു ഇംഗ്ലീഷ് പീരീഡ്. ഓരോ തവണയും വനജ ടീച്ചർ എഴുതാൻ ബോർഡിലേക്ക് തിരിയുന്ന സമയം അവസാന ബെഞ്ചിൽ ഉഴപ്പന്മാരുടെ ശബ്ദം ഉയരും. ഉടനെ ടീച്ചർ തിരിഞ്ഞു നോക്കി ഡസ്റ്റർ എടുത്തു മേശയിൽ രണ്ടു ഇടി ഇടിക്കും. താത്കാലികമായി ശബ്ദം ഒന്ന് കുറയുമെങ്കിലും അവരുടെ വികൃതി തുടർന്നു. അവർ ക്ലാസ്സിൽ ശ്രദിക്കാതെ എന്തൊക്കെയോ പിറു പിറക്കുകയും അർമാദിക്കുകയും ചെയുന്ന ശബ്ദം കേൾക്കാം. അത് കേട്ട് സഹികെട്ടു ടീച്ചർ അവസാന ബെഞ്ചിലുള്ള മൂന്നു പേരെ എഴുന്നേൽപ്പിച്ചു നിർത്തി വാഴക്ക് പറഞ്ഞു. എന്നിട്ടു അതിൽ തല തിരിഞ്ഞ വികൃതിയായ നൗഷാദിനോട് ഞങ്ങളുടെ ബെഞ്ചിൽ വന്നിരിക്കാൻ പറഞ്ഞു. ഞങ്ങളുടെ ബെഞ്ചിൽ അപ്പോൾ നാലു പേരെ ഉള്ളു. ബാക്കി എല്ലാ ബെഞ്ചിലും അഞ്ചു പേര് വീതമാണ് ഇരുന്നത്. ഇനിയുള്ള എല്ലാ ഇംഗ്ലീഷ് ക്ലാസ്സിലും അവനോട് ഞങ്ങളുടെ ബെഞ്ചിൽ ഇരുന്നാൽ മതി എന്ന് ടീച്ചർ പറഞ്ഞു. നൗഷാദ് ഞങ്ങളെക്കാൾ രണ്ടു വയസ്സെങ്കിലും മൂത്തതാണ്. നാവെടുത്താൽ വൃത്തികേടെ പറയുള്ളു. എനിക്ക് അവനെ ഇഷ്ടമല്ല. എങ്കിലും ടീച്ചറുടെ നിർദേശ പ്രകാരം പിന്നീടുള്ള എല്ലാ ഇംഗ്ലീഷ് ക്ലാസ്സിലും നൗഷാദ് എന്റെ അടുത്തായിരുന്നു ഇരുന്നത്.


ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ നൗഷാദ് ഇംഗ്ലീഷ് ക്ലാസ്സിനിടയിൽ എന്റെ തുടയിൽ പിടിക്കാൻ തുടങ്ങി. അവന്റെ കൈ ഒച്ചിഴയും പോലെ എന്റെ തുടയിൽ ചലിക്കാൻ തുടങ്ങി. എനിക്ക് എന്തോ വല്ലായ്മയും അറപ്പും തോന്നി. ഞാൻ അവനെ തുറിച്ചു നോക്കി കൊണ്ട് കൈ തട്ടി മാറ്റി. നൗഷാദ് \"എന്താടാ നോക്കുന്നെ\" എന്ന് ടീച്ചർ കേൾക്കാതെ ചോദിച്ചു കൊണ്ട് പെട്ടന്ന് എന്റെ കുട്ടനെ പിടിക്കാൻ നോക്കി. ഒരു പേടിയും ഇല്ലാതെ ! എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി. ഇംഗ്ലീഷ് ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ്. എനിക്ക് ഒന്നും ശ്രദിക്കാൻ പറ്റുന്നില്ല. അതുവരെ എനിക്ക് സെക്സിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. എങ്കിലും നൗഷാദ് ചെയ്യുന്നതു എന്തോ ചീത്തയാണ് എന്നു മനസ്സിലായി. അവനോടു എനിയ്ക്കു വെറുപ്പാണ് തോന്നിയത്. കൂടാതെ മറ്റുള്ളവർ കാണുമോ, ടീച്ചർ കാണുമോ എന്നൊക്കെയുള്ള പേടിയും. സത്യം പറഞ്ഞാൽ എനിക്ക് അന്ന് നൗഷാദിനെ പേടി ആയിരുന്നു. എങ്കിലും ഞാൻ രണ്ടും കല്പിച്ചു ഞാൻ അവന്റെ കൈ തട്ടി മാറ്റികൊണ്ട് കാലിൽ ആഞ്ഞു ചവിട്ടി. ഞാൻ എതിർക്കുന്തോറും നൗഷാദ് വീണ്ടും പിടിക്കാനും തുടയിൽ ശക്തിയായി പിച്ചാനും തുടങ്ങി. ഞാൻ അവനിൽ നിന്ന് പരമാവധി മാറി സന്ദീപിന് അടുത്തേക്ക് ഇരുന്നു. അന്ന് ഇംഗ്ലീഷ് ക്ലാസ് കഴിയും വരെ എന്റെ എതിർപ്പുകൾ വക വയ്ക്കാതെ അവൻ എന്നെ ഉപദ്രവിച്ചു. ആ പെരിയഡിനു ശേഷം ഉള്ള അന്നത്തെ ക്ലാസ്സുകളിൽ ഒന്നും എനിക്ക് ശ്രദിക്കാൻ പറ്റിയതെ ഇല്ല.


നൗഷാദ് അത് പിറ്റേ ദിവസത്തെ ഇംഗ്ലീഷ് ക്ലാസ്സിലും ആവർത്തിച്ചു. ഞാൻ പരമാവധി എതിർത്തു, പക്ഷെ എതിർക്കുന്തോറും അവനു എന്നോടുള്ള ദേഷ്യവും, ഒപ്പം എന്നെ കീഴ്‌പ്പെടുത്താനുള്ള ആവേശവും കൂടിവരും പോലെ. കൂടാതെ അന്നത്തെ ക്ലാസ് കഴിഞ്ഞു പിന്നിലെ ബെഞ്ചിലേക്ക് പോവും മുന്നേ നൗഷാദ് മറ്റാരും കേൾക്കാതെ എന്റെ ചെവിയിൽ പറഞ്ഞു \"നാളെ വരുമ്പോൾ മര്യാദക്ക് ഷഡി ഇടാതെ വരണം. കേട്ടോടാ\". ഞാൻ തിരിച്ചു അവനെ തുറിച്ചു നോക്കി. എന്നിട്ടു മറ്റാരെങ്കിലും കേട്ടു കാണുമോ, കേട്ടാൽ എന്നെ പറ്റി എന്ത് കരുതും എന്നൊക്കെ ഭയന്നു ചുറ്റും നോക്കി. ആരും കേട്ടിട്ടില്ല എന്ന് ആസ്വസിച്ചു.


അന്ന് വീട്ടിൽ വന്നപ്പോഴും എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ആരോട് ഇതിനെ പറ്റി പറയും, എന്ത് പറയും എന്ന് അഞ്ചാം ക്ലാസ്സുകാരന് അറിയില്ല. പുസ്തകത്തിൽ കണ്ണ് പതിയുന്നുണ്ടെങ്കിലും ഒന്നും കാണാൻ വയ്യ. ഞങ്ങളുടെ വീടിന്റെ കോലായിൽ ഇരുന്നാണ് ഞാനും അനിയത്തിയും ഒക്കെ അന്ന് പഠിക്കാറ്. അവൾ കൊച്ചു വായിൽ എന്നോട് എന്തൊക്കെയോ കുസൃതികൾ ചോദിക്കുന്നുണ്ടെങ്കിലും എനിക്ക് ഒന്നും കേൾക്കാൻ വയ്യ. ഞാൻ അതൊന്നും കേൾക്കാൻ പോലും നിൽക്കാതെ അന്ന് അവളോട് എന്തിനോ ദേഷ്യപ്പെട്ടു. അവൾ കരഞ്ഞു കൊണ്ട് അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ഓടി പോയി.


എന്റെ മനസ്സ് മുഴുവൻ നീറികൊണ്ടിരുന്നു. ജൂണിലെ കോരിച്ചൊരിയുന്ന മഴ വീടിന്റെ ഓടിന്മേൽ അതിന്റെ എല്ലാ താളാത്മകതയോട് കൂടെയും പതിക്കുന്നുണ്ട്. സ്വദവേ മഴയുടെ സംഗീതം ആസ്വദിക്കുന്ന എന്റെ കാതുകൾക്ക് അന്ന് അത് അസഹ്യമായി തോന്നി. നൗഷാദിന്റെ കൈ എന്റെ തുടയിൽ ഇഴഞ്ഞു കയറിയ പോലെ, ആ ശബ്ദം രണ്ടു കരിവണ്ടുകളായി എന്റെ കാതുകളിലേക്കു അരിച്ചു അരിച്ചു കയറുന്നു. അതും പോരാഞ്ഞു ഓടിന്റെ ചാലിലൂടെ ഒഴുകി ഒഴുകി മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ എന്നെ എല്ലാവരുടെയും മുന്നിൽ നഗ്നനാക്കി കെട്ടിയിട്ടു കുളിപ്പിക്കും പോലെ. എന്തൊക്കെയോ അസഹ്യമായ ചിന്തകൾ എന്നിൽ നിറഞ്ഞു. ഇന്നലെ വരെ ഉള്ള ഞാൻ രണ്ടു ദിവസം കൊണ്ട് ഞാൻ അല്ലാതായി മാറും പോലെ. പവർ കട്ട് സമയത്ത് കറന്റ് പോയതു മാത്രമാണ് എനിക്ക് കുറച്ചു ആശ്വാസമായി തോന്നിയത്. എന്തോ അന്നാദ്യമായി ഞാൻ ഇരുട്ടിനെ ഇഷ്ടപ്പെട്ടു. ആ കൂരാ കൂരിരുട്ടിൽ എന്നെ ആരും കാണില്ലലോ എന്ന് ഞാൻ ആശ്വസിച്ചു. പക്ഷെ അപ്പോഴേക്കും അമ്മ ഒരു മണ്ണെണ്ണ വിളക്ക് കോലായിലെ ഇരുത്തിയിൽ കൊണ്ട് വച്ചു. ആ മണ്ണെണ്ണ വിളക്കിൽ നിന്ന് പ്രകാശത്തോടൊപ്പം കറുത്തിരുണ്ട പുകയും വമിച്ചു കൊണ്ടിരുന്നു. ആ കറുത്തിരുണ്ട പുക ഒരുമിച്ചു കൂടി ഒരു ഭീമാകാര രൂപമായി മാറി, പതിയെ ആ കറുത്തിരുണ്ട രൂപത്തിന് നൗഷാദിന്റെ രൂപം കൈവരും പോലെ തോന്നി. എന്നിട്ടു ആ കറുത്തിരുണ്ട രൂപം എന്റെ മുന്നിലേക്ക് വന്നു എന്നെ ഇളിച്ചു കാട്ടി എന്നിലേക്ക്‌ ഇഴഞ്ഞു കയറും പോലെ തോന്നി. ഞാൻ പുസ്‌തകം അടച്ചുവച്ചു ഓടി പോയി മുത്തശ്ശിയുടെ കരിമ്പിടത്തിനു ഉള്ളിലേക്ക് വലിഞ്ഞു.


പിറ്റേ ദിവസം എനിക്ക് സ്കൂളിൽ പോവാൻ മടി ആയിരുന്നു. എങ്കിലും പോവാതിരിക്കാൻ അമ്മ സമ്മതിച്ചില്ല. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സ്കൂളിലേക്ക് പോയി. ഓരോ പീരീഡ് കഴിയുമ്പോഴും ഇംഗ്ലീഷ് ടീച്ചർ വരരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. ഇംഗ്ലീഷ് പീരീഡ് ആവുമ്പോൾ നൗഷാദ് ഇവിടെ വന്നിരുന്നു ഉപദ്രവിക്കും എന്നുള്ള പേടി എന്നിൽ കൂടി കൂടി വന്നു. ഒടുവിൽ നാലാമത്തെ പീരീഡ് പതിവ് പോലെ വനജ ടീച്ചർ ക്ലാസ്സിലേക്ക് വന്നു. നൗഷാദ് അവസാന ബെഞ്ചിൽ നിന്ന് എഴുനേറ്റു എന്റെ അടുത്ത് വന്നിരുന്നു. അവൻ അടുത്തിരുന്നപ്പോൾ, ശരീരം എന്നോട് തട്ടിയപ്പോൾ എനിക്ക് അറപ്പാണ് തോന്നിയത്. അവൻ കൈ എന്റെ തുടയിൽ വച്ച് കൊണ്ട്, എന്റെ ചെവിയിൽ ചോദിച്ചു \"പറഞ്ഞ പോലെ ഷഡി ഇടാതെ വന്നോ?\". ഞാൻ അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ മുഖം തിരിച്ചു. പറഞ്ഞത് കേൾക്കാത്തതിന് എന്റെ തുടയിൽ അവൻ നഖം വച്ച് പിച്ചി. ഒപ്പം അവനോട് സഹകരിക്കാത്തതിന് വീണ്ടും പിച്ചി. ഏകദേശം ഒരു ആഴ്ചയോളം ചെറുതായും വലുതായും ഈ ശല്യം തുടർന്ന് കൊണ്ടിരുന്നു. 

(തുടരും...)



അറിയാതെ പോയ കഥ - 2

അറിയാതെ പോയ കഥ - 2

5
1001

ഏകദേശം ഒരു ആഴ്ചയോളം ചെറുതായും വലുതായും നൗഷാദിന്റെ ഈ ശല്യം തുടർന്ന് കൊണ്ടിരുന്നു. കൈ തട്ടി മാറ്റും തോറും എനിക്ക് തുടയിൽ ഒരുപാടു പിച്ച് കിട്ടി. എന്റെ പരമാവധി ശക്തി ഉപയോഗിച്ച് ഞാൻ പ്രതിരോധിച്ചെങ്കിലും അവന്റെ ശരീര ബലത്തിന് മുന്നിൽ ചിലപ്പോൾ അതൊക്കെ നിഷ്ഫലമായി. അതുകൊണ്ടു തന്നെ അവൻ എന്റെ കുട്ടനിൽ പിടിക്കുന്നതിൽ ഇടക്കൊക്കെ വിജയിച്ചു. അപ്പോഴൊക്കെ എനിക്ക് എന്നോടും എന്റെ ശരീരത്തോടും അറപ്പു തോന്നി. തനിക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൈ തന്റെ ശരീരത്തിൽ ഒച്ചിഴയും പോലെ ചലിക്കുമ്പോൾ ഉള്ള ഒരു അറപ്പു ഓരോ ദിവസവും ഞാൻ അനുഭവിച്ചു. എങ്കിലും ക്ലാസ്സിൽ ടീച്ചറോടൊ മറ്റെതെങ്