\"അന്ന് ആ കേസ് അന്വേഷിച്ച പോലീസുകാരൻ ഇന്നും ജീവനോടെയുണ്ട്... പണമെറിഞ്ഞ് അയാളെക്കൊണ്ട് സത്യം മാറ്റിയെഴുതിയതാണ് ഒരു മഹാൻ... എന്റെ നാവുകൊണ്ട് ആ പേര് ഞാൻ പറയുന്നില്ല... ഒരു കാര്യം ഞാൻ പറയാം... വലിയമ്മയുടെ മരണത്തിൽ കിരണേട്ടന്റെ അച്ഛന് യാതൊരു പങ്കുമില്ല... എല്ലാ സത്യവും അറിയണമെന്നുണ്ടെങ്കിൽ അന്നത്തെ ആ പോലീസുകാരോട് ചോദിക്കുംപോലെ ചോദിച്ചാൽ അയാൾ പറഞ്ഞുതരും... ഇത് അമ്മക്ക് വേണമെങ്കിൽ വിശ്വസിക്കാം... പക്ഷേ എല്ലാ സത്യവും തിരിച്ചറിയുന്നതുവരെ ഇതെല്ലാം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്... ചിലപ്പോഴത് അമ്മയുടെ ജീവനുതന്നെ ആപത്താണ് മാറും... സൂക്ഷിക്കുക...
\"ഇത് സത്യമാണോ.. അതോ പുതുശ്ശേരിക്കാർ നിന്നെ പറയാൻ ഏൽപ്പിച്ചതോ.... അവർ നിന്നെവച്ച് മുതലെടുത്തതാണോ.... നോക്ക് നിന്റെ അച്ഛന് ആ ശ്രീധരമേനോനും നിന്റെ വല്ല്യമ്മയുമായുള്ള ബന്ധം അറിയുന്നവനാണ്... നിന്റെ അച്ഛന് കളവ് പറയേണ്ട കാര്യമില്ല... ഇത് നിന്നെയവർ പറഞ്ഞ് വിശ്വസിപ്പിച്ചതാണ്... അവരുടെ വലയിൽ നീ വീണുപോകരുത്... നമ്മുടെ കുടുംബം തകർത്തവനാണ് അയാൾ.... \"
\"ഞാൻ പറഞ്ഞല്ലോ അമ്മക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി... ആ പോലീസുകാരന് എല്ലാ സത്യവുമറിയാം... അച്ഛൻ പറയുന്നതാണ് വിശ്വാസമെങ്കിൽ അത് വിശ്വസിച്ചോളൂ... പക്ഷേ അച്ഛന് കിരണേട്ടന്റെ അമ്മയോട് ഇഷ്ടമായിരുന്നു എന്ന് അമ്മയോട് പറഞ്ഞിരുന്നോ... അവരെ കിട്ടാതിരിന്നതിന്റെ പക പോക്കുകയായിരുന്നു എന്ന് ഞാൻ പറഞ്ഞാൽ അമ്മ വിശ്വസിക്കുമോ... \"
\"എന്തൊക്കെയാണ് നീ പറയുന്നത്... അച്ഛന് ആ സ്തീയോട് ഇഷ്ടമുണ്ടായിരുന്നു എന്നോ... അവരെ കിട്ടാതെ വന്നപ്പോൾ പക വീട്ടിയതാണെന്നോ... ഇത് എന്തോ കൂടോത്രം ചെയ്ത് അവർ നിന്നെ മയക്കിയെടുത്തതാണ്... നോക്ക് നീ നിന്റെ അച്ഛനെതിരെയാണ് പറയുന്നത് എന്നോർമ്മവേണം... \"
\"ഹും അച്ഛൻ... സ്വന്തം വിജയത്തിനുവേണ്ടി ആരേയും എന്തും ചെയ്യാൻ മടിക്കാത്ത അയാളാണോ അച്ഛൻ... ഇത്രയുംകാലം സമ്പാതിച്ചുകൂട്ടിയത് മറ്റുള്ളവരെ ചതിച്ചും ഇല്ലാതാക്കിയതുമല്ലേ... അങ്ങനെയുള്ള ഒരു ക്രൂരന് ഇതും ഇതിനപ്പുറവും ചെയ്യാൻ മടികാണില്ല... ഞാനീ പറയാനുള്ളത് പറഞ്ഞു... ഇനി നിങ്ങൾക്ക് ഇപ്പോഴും അതുതന്നെയാണ് വിശ്വാസമെങ്കിൽ വിശ്വസിക്കാം... അന്ന് ഉത്സവത്തിനു പോയ അമ്മക്ക് നടന്നത് എന്തായിരുന്നു എന്ന് കണ്ടിട്ടില്ലല്ലോ... സത്യം എന്താണെന്ന് അറിയാൻ അമ്മക്ക്
താല്പര്യമുണ്ടെങ്കിൽ അതന്വേഷിക്ക്... എന്നിട്ട് ഞാൻ പറഞ്ഞത് സത്യമാണോ കളവാണോ എന്ന് തീരുമാനിക്ക്... ഞാൻ പറഞ്ഞത് കളവാണെങ്കിൾ പുതുശ്ശേരിക്കാരെ തകർക്കാൻ ഞാനും കൂട്ടുനിൽക്കാം... ഇതിൽകൂടുതൽ ഒന്നും പറയാനില്ല എനിക്ക്... ഞാൻ പോവുകയാണ്... \"
ശിൽപ നടന്നു... അവൾ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ജലജ... എന്നാൽ തന്റെ ആദ്യശ്രമം വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ശിൽപ (പാർവ്വതി)...
\"വീട്ടിലെത്തിയപ്പോഴും ജലജയുടെ മനസ്സിൾ ശിൽപ പറഞ്ഞ കാര്യങ്ങളായിരുന്നു...
\"അവൾ പറഞ്ഞത് സത്യമായിരിക്കുമോ... ആ ശ്രീധരമേനോൻ കാരണമല്ലേ തന്റ ചേച്ചി ആത്മഹത്യ ചെയ്തത്... ഇനി അവൾ പറഞ്ഞപോലെ അത് ആത്മഹത്യയല്ലായിരുന്നോ... അല്ലെങ്കിൽ എന്തിനുവേണ്ടി സുധാകരേട്ടൻ ഇങ്ങനെയൊരു നാടകം മെനഞ്ഞ് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചു... എല്ലാ സത്യവും അറിയണം... ശിൽപ പറഞ്ഞത് സത്യമാണെങ്കിൽ ഇതിൽ സുധാകരേട്ടന് എന്തെങ്കിലും പങ്ക് കാണും... അതറിയണം... അവർ മുകളിലെ മുറിയിൽ കിടക്കുകയായിരുന്നു രാജശേഖരന്റെ അടുത്തേക്ക് നടന്നു.... അവർ ചെല്ലുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു രാജശേഖരൻ... ജലജ അയാളെ തട്ടിവിളിച്ചു...
\"എന്താ ചേച്ചീ... നല്ല ഉറക്കമായിരുന്നു... അത് കളഞ്ഞു... \"
\"നീയിവിടെ മുറിയടച്ച് കിടന്നുറങ്ങിക്കോ... ഇവിടെ നടക്കുന്നതൊന്നും നിനക്കറിയേണ്ടല്ലോ... \"
\"അതിനുമാത്രം എന്ത് ആനക്കാര്യമാണ് നടന്നത്... പ്രദീപിന്റെ കാര്യമാണോ... \"
\"അവന്റെ കാര്യമൊന്നുമല്ല... നമ്മൾ ഇത്രയുംനാൾ കരുതിയിരുന്നത് തെറ്റാണോ ശരിയാണോ എന്ന് അന്വേഷിച്ചിട്ടുണ്ടോ നീ... ഇത്രയുംകാലം നമ്മുടെ ചേച്ചിയുടെ മരണം ആ പുതുശ്ശേരി ശ്രീധരമേനോൻ കാരണമാണെന്നല്ലേ വിശ്വസിച്ചിരുന്നത്... അങ്ങനെ വിശ്വസിച്ചു നിന്റെ അളിയൻ... ഇപ്പോഴത് സത്യമായിരുന്നില്ലേ എന്നൊരു തോന്നൽ... \"
\"അതെന്താ ചേച്ചീ ഇപ്പോൾ അങ്ങനെയൊരു സംശയം... ആരെങ്കിലും അങ്ങനെയല്ല എന്നു പറഞ്ഞോ... \"
\"ഇന്ന് ഞാൻ ഷോപ്പിങ്ങിന് പോയപ്പോൾ ശിൽപ്പമോളെ കണ്ടിരുന്നു... അവൾ ചില സംശയങ്ങൾ പറഞ്ഞു... അത് കേട്ടപ്പോൾ എനിക്കും ചില സംശയങ്ങൾ... \"
\"ഓ അതാണോ... ചേച്ചിക്ക് പ്രാന്താണ്... അവളുടെ വാക്കും കേട്ട് ഓരോന്ന് വിശ്വസിച്ച് നടക്കുന്നു... അവൾ ഇപ്പോൾ അവരുടെ പക്ഷത്താണ്... സ്വന്തം ഭർത്താവിന്റെ വീട്ടുകാരെ അവൾക്ക് തള്ളാൻ പറ്റുമോ... അവളുടെ ഭാവി അവരുടെ കയ്യിലല്ലേ... \"
\"അതല്ല രാജാ... അന്ന് ചേച്ചിയുടെ മരണം നടന്ന സമയത്ത് അതന്വേഷിച്ച പോലീസുകാരൻ ആദ്യം പറഞ്ഞത് ആ മരണത്തിനു എന്തോ ദുരൂഹത ഉണ്ടെന്നാണല്ലോ... കുറച്ചുദിവസം കഴിഞ്ഞപ്പോൾ അത് ആത്മഹത്യയാണെന്ന് പറഞ്ഞ് അന്വേഷണം നിർത്തി... അന്നത് നമ്മൾ വലിയ കാര്യമായി എടുത്തില്ല... പക്ഷേ ഇന്ന് ശിൽപയത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഓടിയെത്തിയത് അന്ന് നടന്ന കാര്യമായിരുന്നു... ഇപ്പോൾ എനിക്കും സംശയമുണ്ട് നമ്മൾ വിശ്വസിച്ചിരുന്നത് തെറ്റായിരുന്നോ എന്ന്... \"
ജലജ പറഞ്ഞതുകേട്ട് രാജശേഖരൻ ഒരുനിമിഷം ആലോചിച്ചു...
\"ശരിയാണ് അന്ന് ആ പോലീസുകാരൻ പറഞ്ഞ് ചേച്ചിയുടെ മരണത്തിനു ചില ദുരൂഹതയുണ്ടെന്നാണ്... രണ്ടുദിവസം കഴിഞ്ഞപ്പോൾ അയാളത് മാറ്റുകയും ചെയ്തു... സുധാകരനളിയൻ തറപ്പിച്ചു പറഞ്ഞപ്പോൾ ശ്രീധരമേനോനാണ് അത് ചെയ്തത് എന്ന് എല്ലാവരും വിശ്വസിക്കുകയും ചെയ്തു...\"
\"ചേച്ചി പറഞ്ഞത് സത്യമാണെങ്കിൽ ആരാണ് ഇതിനുപിന്നിൽ... പത്തുമുപ്പത്
വർഷമായി ഇതെല്ലാം നടന്നിട്ട്... ഇതെങ്ങനെ കണ്ടുപിടിക്കും... \"
\"അതോർത്ത് നീ വിഷമിക്കേണ്ട... അന്ന് ആ കേസന്വേഷിച്ച പോലീസുകാരൻ ഇപ്പോഴും ജീവനോടെയുണ്ട്... നിയൊന്ന് അയാളെ പോയി കാണണം... ചോദിക്കേണ്ട രീതിയിൽ ചോദിച്ചാൽ അയാൾ സത്യം പറയുമെന്നാണ് എനിക്ക് തോന്നുന്നത്... \"
\"ഉം... ഞാൻ പോവാം.. എനിക്കും സത്യമെന്താണ് എന്നറിയണം... അളിയൻ പറഞ്ഞത് സത്യമല്ലെങ്കിൽ ചേച്ചി ഒരു സംസാരശേഷിയില്ലാത്തവന്റെ ഭാര്യയായി ഇനിയുള്ള കഴിയേണ്ടിവരും... അയാളുടെ നാവ് ഞാൻ പിഴുതെടുക്കും... മാത്രമല്ല ഇതിനുപിന്നിൽ ആരായാലും അവന്റെ അന്ത്യം ഈ കൈകൊണ്ടായിരിക്കും... ഇനി അളിയൻ പറഞ്ഞതാണ് ശരിയെങ്കിൽ ഇത്രയുംകാലം ഞാൻ ക്ഷമിച്ചതുപോലെയാകില്ല... ആ ശ്രീധരമേനോന്റെ അന്ത്യമായിരിക്കും കാണുക... ഒരു മരണം ഉറപ്പിച്ചോ ചേച്ചി... \"
\"ആവാം... അതിന് ചേച്ചി നിന്നെ തടയില്ല... പക്ഷേ ഇത് നമ്മൾ രണ്ടുപേരുമല്ലാതെ ആരും അറിയരുത്... പ്രദീപ് പോലും... മനസ്സിലായല്ലോ...
രാജശേഖരൻ മൂളിക്കൊണ്ട് ബാത്രൂമിലേക്ക് നടന്നു... മുഖം കഴുകി തിരിച്ചുവന്ന് ഷർട്ടുമെടുത്തിട്ട് പുറത്തേക്ക് പോയി... അയാൾ നേരെ പോയത് അന്ന് ഗിരിജയുടെ ആത്മഹത്യ അന്വേഷിച്ച പള്ളിത്താഴത്തെ ഭാസ്കരന്റെ വീട്ടിലേക്കായിരുന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️
\"നീയൊന്നും പറഞ്ഞില്ല വിലാസിനി... എന്താ നിന്റെ അഭിപ്രായം... \"
\"ഞാനെന്താ പറയുക ചെറിയേട്ടാ... ചെറിയേട്ടന് എല്ലാം അറിയുന്നതല്ലേ... ഒരിക്കിൽ നിങ്ങളെയൊക്കെ മാനംകെടുത്തിയവളാണ് ഞാൻ.. എന്നിട്ടും എന്നെ എന്തിനിങ്ങനെ സ്നേഹിക്കുന്നത്... എനിക്ക് പേടിയാണ് ചെറിയേട്ടാ... ഈ സ്നേഹം എത്രകാലം എനിക്കനുഭവിക്കാൻ കഴിയും... ഇന്നോ നാളെയോ എന്നുപറഞ്ഞ് നടക്കുന്ന എനിക്ക് എന്റെ മോളെ നല്ലൊരാളുടെ കൈപിടിച്ച് കൊടുക്കണമെന്ന് ആഗ്രഹമുണ്ട്.. പക്ഷേ എന്റെ കയ്യിൽ എന്താണുള്ളത്... നാട്ടുകാരുടെ നന്മകൊണ്ട് ഉണ്ടായ മുന്നുസെന്റ് ഭൂമിയും ഒരു കൂരയുമാണ്... അതല്ലാതെ എന്തുണ്ട്... ശ്യാമിന് എന്റെ മകളെക്കാളും സ്വത്തും പവറുമുള്ള നല്ലൊരു കുട്ടിയെ കിട്ടും... അതല്ലേ ചെറിയേട്ടാ നല്ലത്... \"
\"സ്വത്തും പവറും... സ്വന്തം രക്തബന്ധംവരെ ഇല്ലാതാക്കുന്നതാണ് സ്വത്ത്... അത് അനുഭവിച്ചവനാണ് ഞാൻ... നീ പറഞ്ഞല്ലോ നിനക്ക് ഒന്നുമില്ലെന്ന്... നമ്മുടെ തറവാട്ടുസ്വത്ത് ഭാഗംവക്കുമ്പോൾ ചേച്ചിയും ചേട്ടനും പറഞ്ഞത് മൂന്നാക്കി ഭാഗിക്കാനാണ്... ഞാനന്ന് എതിർത്തതുകൊണ്ടാണ് നാലായി ഭാഗിച്ചത്... എന്നെങ്കിലും നീയോ നിനക്ക് ജനിച്ച കുട്ടികളേ വരുമെന്ന് എനിക്കറിയാമായിരുന്നു... ഭാഗിക്കുമ്പോൾ മറ്റൊരു കണ്ടീഷനുംകൂടി ഞാൻ പറഞ്ഞു... തറവാടും അതിനോട് ചുറ്റുമുള്ള നാൽപ്പത്തിരണ്ട് സെന്റ് സ്ഥലവും നിന്റെ പേരിൽ എഴുതാൻ... ആദ്യമൊന്നും ഏട്ടനും ചേച്ചിയുടെ സമ്മതിച്ചില്ല... കാരണം നിന്റെ സ്വത്തുകൂടി ഞാൻ കൈക്കലാക്കുമോ എന്നായിരുന്നു അവരുടെ പേടി... അവസാനം എനിക്ക് കേസുകൊടുക്കേണ്ടിവന്നു... വിധി എനിക്കനൂലമായി വന്നു.. പക്ഷേ അതിന് ഒരു സമയവും നിശ്ചയിച്ചു... ആ സമയത്തിനുള്ളിൽ അതിന്റെ അവകാശികൾ വന്നില്ലെങ്കിൽ സ്വത്ത് എല്ലാവർക്കും തുല്യ അവകാശമായിതീരും... ഒരുപാട് കാലം നിന്നെ കാത്തിരുന്നു... നീ വരാതിരുന്നപ്പോൾ ആ സ്വത്ത് മൂന്നായി ഭാഗിക്കേണ്ടിവരുമെന്ന് കരുതി... എന്നാൽ എന്റെ പ്രാർത്ഥന ഈശ്വരൻ കേട്ടു... അതാണ് നിന്നെ ഇവിടെ എത്തിച്ചത്... ഇന്ന് ഒന്നുമില്ലാത്തവളല്ല നീ... ആ തറവാടും സ്ഥലവും നിന്റെ പേരിലുള്ളതാണ്... അതിന് അവകാശം പറഞ്ഞ് ആരും വരില്ല... വന്നിട്ട് കാര്യവുമില്ല... പിന്നെ എന്റെ സ്നേഹം... അത് നീ അനുഭവിക്കുകതന്നെ ചെയ്യും... അത്രപെട്ടന്ന് നിന്നെ മരണത്തിന് വിട്ടുകൊടിക്കില്ല... പിന്നെ പറഞ്ഞല്ലോ നല്ല സ്വത്തും പവറുമുള്ള കുടുംബത്തിലെ കുട്ടിയെ ശ്യാമിന് കിട്ടുമെന്ന്... അറിയാം.. ഇന്നത്തെ അവന്റെ നിലക്കും വിലക്കും പറ്റിയ നല്ലകുട്ടിയെതന്നെ കിട്ടും... പക്ഷേ അങ്ങനെയൊരു മോഹം അവനോ എനിക്കോ ഇല്ല... നമ്മൾ സ്നേഹിക്കുന്നതല്ല നമ്മളെ സ്നേഹിക്കാനും പൊന്നുപോലെ നോക്കാനും പറ്റിയ ഒരുകുട്ടിയെയാണ് അവന് വേണ്ടത്... സോജമോളെ പറ്റി അവനോട് പറഞ്ഞു... അവന് അവളെ ഇഷ്ടമാണ്... നിനക്കും ഇഷ്ടക്കുറവ് ഉണ്ടാകില്ലെന്നറിയാം പക്ഷേ അവളുടെ തീരുമാനമാണ് എനിക്കറിയേണ്ടത്... അവർ തമ്മിലാണ് ഒന്നിച്ച് ജീവിക്കേണ്ടത്... \"
\"ചെറിയേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാവും നമ്മുടെ തറവാട്ടിലെ സ്വത്ത് കണ്ടല്ല ഞാൻ ഇവിടേക്ക് വന്നത്... ചെറിയേട്ടൻ പറഞ്ഞതുപോലെ ദൈവനിശ്ചയമാവാം എന്നെ ഇവിടെ എത്തിച്ചത്... ഇവിടെ വന്ന് ചെറിയേട്ടനെ കാണുംവരെ എനിക്ക് അറിയില്ലായിരുന്നു ഇവിടെയാണ് ഞാനെത്തിയത് എന്ന്... രാത്രി ആയതുകൊണ്ട് സ്ഥലവും മനസ്സിലായില്ല... മാത്രമല്ല ഇപ്പോഴാണ് അറിയുന്നത് നമ്മുടെ തറവാട് ഇപ്പോഴും അവിടെയുണ്ടെന്നത്... എനിക്ക് എന്റെ മോളെ ശ്യാമിനെപ്പോലെ ഒരുത്തന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ... എന്നാലും മോളോടൊന്ന് ചോദിക്കട്ടെ.. അവളുടെ തീരുമാനമാണ് എനിക്ക് വലുത്... \"
\"ഞാനവളെ വിളിക്കാം അടുക്കളയിൽ ദേവകിയുടെ കൂടെയുണ്ടാകുമവൾ... \"
\"ഞാനിവിടെയുണ്ട് അമ്മാവാ... വാതിൽക്കൽനിന്ന് സോജയുടെ മറുപടികേട്ട് അവർ അവിടേക്ക് നോക്കി... ആ സമയം അവളുടെ മുഖത്ത് ഭയമാണോ എതിർപ്പാണോ എന്ന് മനസ്സിലാവാതെ അവളെ സൂക്ഷിച്ചുനോക്കിയവർ...
തുടരും.....
✍️ രാജേഷ് രാജു. വള്ളിക്കുന്ന്...
➖➖➖➖➖➖➖➖➖➖