Aksharathalukal

അറിയാതെ പോയ കഥ - 6

എല്ലാ ആലോചനകളുടെയും അവസാനം \"സന്ദീപ് എന്തിനു ഇത് ചെയ്തു ?\" എന്ന അതെ ചോദ്യത്തിൽ വന്നു തറച്ചു നിൽക്കുന്നു. അവൻ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു എന്നത് എന്റെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നേയില്ല. എപ്പോഴും തമാശകൾ പറഞ്ഞു എല്ലാവരേം ചിരിപ്പിച്ചു നടന്ന സന്ദീപ്. എന്തിനെയും പോസിറ്റീവ് ആയി കാണുകയും, പേടി ഇല്ലാതെ എല്ലാത്തിനേം നേരിടുകയും ചെയ്യൂന്ന, മറ്റുള്ളവർക്ക് പോലും ധൈര്യം പകരുന്ന സന്ദീപ് ! എപ്പോഴും കളി ചിരികൾ പറഞ്ഞു ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും പ്രസന്നമാക്കാനും കഴിവുള്ള സന്ദീപ്, നീ തന്നെയാണോ ഇങ്ങനെ ചെയ്തത് ? ഇല്ല, എനിക്ക് അറിയാവുന്ന സന്ദീപ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല. പക്ഷെ എനിക്ക് അറിയാവുന്ന സന്ദീപ് എന്ന് പറയാൻ ഞാൻ അർഹനാണോ ? അവനു എന്നോട് പറയാൻ വയ്യാത്ത എന്തായിരുന്നു ഇത്ര വിഷമിപ്പിച്ചത് ? ഒന്നിന് പുറകെ മറ്റൊന്നായി ഉത്തരം കിട്ടാത്ത പല ചിന്തകൾ തമ്മിൽ മനസ്സിൽ മല്ല യുദ്ധം നടത്തി. ഒടുവിൽ അവയൊക്കെ സന്ദീപിനൊപ്പമുള്ള പഴയ ഓർമകൾക്ക് വഴി മാറി.


എട്ടാം ക്ലാസ് കഴിഞ്ഞു ടി സി വാങ്ങി സ്കൂൾ മാറിയ ശേഷം ഞാൻ സന്ദീപിനെ കാണാതെയായി. ഒൻപതാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേരുമ്പോൾ അവിടെ സൗഹൃദം ഒരാളിൽ മാത്രം ഒതുക്കില്ലെന്നു ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. എല്ലാവരോടും ഞാൻ അങ്ങോട്ട് പോയി സംസാരിക്കാനും കൂട്ടു കൂടുവാനും തുടങ്ങി. അവിടെ പുതിയ ഫ്രണ്ട്സ് ഒക്കെ ആയപ്പോൾ ഞാൻ ഒറ്റപ്പെടൽ മറന്നു. വീണ്ടും സ്കൂൾ ജീവിതം ആഘോഷിച്ചു തുടങ്ങി. അങ്ങനെ രണ്ടു വര്ഷം സുന്ദരമായി കടന്നു പോയി. പത്താം ക്ലാസ്സിൽ അത്യാവശ്യം മോശമില്ലാത്ത മാർക്കോടെ തന്നെ പാസ്സായി. ഈ രണ്ടു വർഷത്തിന് ഇടയിൽ ആദ്യമൊക്കെ ഞാൻ സന്ദീപിനെ പറ്റി പലപ്പോഴും ഓർത്തിരുന്നു. പക്ഷെ പതിയെ പതിയെ ഞാൻ സന്ദീപിനെ മറന്നു തുടങ്ങി. കാലത്തിനു മായ്ക്കാനും മറയ്ക്കാനും മാറ്റാനും പറ്റാത്തതായി ഒന്നുമില്ല എന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ പൂർണമായി മറക്കും മുന്നേ കുഴിച്ചു മൂടിയ ഓർമ്മകളൊക്കെ വിധി വീണ്ടും പൊടി തട്ടിയെടുത്തു. കഴിഞ്ഞ രണ്ടു വര്ഷം കൊണ്ട് അവനെ മറക്കാൻ സഹായിച്ച അതെ കാലചക്രം ഞങ്ങളെ വീണ്ടും കണ്ടു മുട്ടിച്ചു. ഞങ്ങൾക്കായി കാലം കരുതി വച്ചതു മറ്റു പലതും ആയിരുന്നു.


പ്ലസ് വൺ പഠിക്കാൻ പുതിയ സ്കൂളിൽ ചേർന്ന ആദ്യ ദിവസമാണ് ഞാൻ സന്ദീപിനെ വീണ്ടും കാണുന്നത്. അവൻ ആ സ്കൂളിൽ ഉണ്ടാകുമെന്നു എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ ചേരുമായിരുന്നോ എന്നെനിക്കു വലിയ നിശ്ചയമില്ല. എന്തായാലും രണ്ടു വര്ഷങ്ങള്ക്കു ശേഷം അന്ന് ഞങ്ങൾ മുഖാമുഖം കണ്ടു. ഞങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോൾ രണ്ടു പേരും അത്ഭുതത്തോടെ ഒരു നിമിഷം അതെ നില്പിൽ നിന്നു. സന്ദീപ് പണ്ടുള്ളതിനേക്കാൾ നീളം വച്ചിട്ടുണ്ട്, വിരിഞ്ഞ മാറും പൊടി മീശയും ഒക്കെ ആയി ശരിക്കും വലിയ കുട്ടി ആയി. പക്ഷെ ഇത്തിരി വെളുപ്പ് കുറഞ്ഞു പോയി എന്ന് തോന്നുന്നു. ഞാനും വലുതായെങ്കിലും എനിക്ക് ഞാൻ വലുതാവുന്നതു മനസ്സിലാവില്ലലോ. രണ്ടു പേരും വീണ്ടും കണ്ട അമ്പരപ്പിലും സന്തോഷത്തിലും എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിന്ന നില്പിൽ തന്നെയായിരുന്നു. ഒരു നിമിഷത്തിനു ശേഷം അവൻ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഞാനും അവനോടു പുഞ്ചിരിച്ചു. അവൻ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. എനിക്ക് വല്ലാത്ത ചമ്മൽ അനുഭവപെട്ടു. എട്ടാം ക്ലാസ്സ് കഴിഞ്ഞു ഒന്നും പറയാതെ എന്തിനു ടി സി വാങ്ങി സ്കൂൾ വിട്ടു പോയി എന്ന് അവൻ ചോദിച്ചാൽ എന്ത് പറയും എന്ന ആശങ്കയായിരുന്നു എനിക്ക്. പക്ഷെ ഭാഗ്യത്തിന് അവൻ അതിനെ പറ്റി ചോദിച്ചില്ല. ഞങ്ങൾ സ്വാഭാവികമായ വിശേഷങ്ങൾ ഒക്കെ സംസാരിച്ചു കുറച്ചു സമയം അവിടെ നിന്നു. അവൻ സംസാരിക്കുന്നതിനു ഇടയ്ക്കു ഞാൻ ശ്രെദ്ദിച്ചത് അവന്റെ ശബ്ദമാണ്. അവനു പഴയ ആ കൊച്ചു ശബ്ദം ഒക്കെ മാറി പൗരുഷമായ ശബ്ദം വന്നു തുടങ്ങി.


രണ്ടു വർഷത്തിൽ അവന്റെ ശബ്ദത്തിലും പ്രകൃതത്തിലും ഉള്ള ഓരോ കൊച്ചു മാറ്റവും എനിക്ക് വളരെ പ്രകടമായി മനസ്സിലായി. ഒരുപാട് നാളിനു ശേഷം അന്ന് അവനെ കണ്ടപ്പോ \"അവൻ പൊടി മീശയൊക്കെ മുളച്ചു വരുന്ന ഒരു വലിയ കുട്ടി ആയിരിക്കുന്നു\" എന്ന ചിന്തയാണ് \"ഞാനും ഇപ്പൊ വലിയ കുട്ടി ആയി\" എന്ന തിരിച്ചറിവ് എന്നിലുണ്ടാക്കിയത്. എനിക്ക് എന്നെ തിരിച്ചറിയാൻ മറ്റൊരാളുടെ സാമീപ്യം വേണ്ടി വരുക, അതും ഞാൻ ഒരു വക്കും പറയാതെ നടന്നകന്ന അവന്റെ. വീണ്ടും അവനെ കണ്ടു സംസാരിച്ച അന്ന് എന്റെ മനസ്സിൽ ഒരു തേൻ വരിക്ക കഴിച്ച മധുരവും സംതൃപ്തിയും ആയിരുന്നു.


അന്ന് സ്കൂൾ വിട്ടു വീട്ടിൽ വന്നപ്പോൾ മനസ്സ് മുഴുവൻ അവനെ പറ്റിയുള്ള ചിന്തകൾ ആയിരുന്നു. മനസ്സിന്റെ ഉള്ളിൽ എവിടെയോ കുഴിച്ച്‌ മൂടിയ പഴയ ഓർമ്മകൾ പലതും ആദ്യ മഴ കൊണ്ട വിത്തുകൾ പോലെ കിളിർത്തു വന്നു. ഓലഞ്ഞാലി പക്ഷി കുരുത്തോലയിൽ തൂങ്ങി ആടും പോലെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കൊണ്ടിരുന്നു. എന്നിട്ട് ഓല ചീളുകൾ ചേർത്ത് കൂടു കൂട്ടും പോലെ എന്റെ മനസ്സ് വീണ്ടും സ്വപ്ന കൊട്ടാരങ്ങൾ പണിയാൻ തുടങ്ങി. അവനെ പറ്റി തികട്ടി വന്ന ഓർമ്മകൾക്കിടയിൽ ഞാൻ എന്നെ പറ്റിയും ഓർത്തു. ഇങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ. മറ്റുള്ളവരുടെ നല്ലതിലും ചീത്തയിലും ഒന്നും ഇടപെടാതെ എന്നിൽ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു ഞാൻ ഉണ്ടായിരുന്നു. അധികം ആരോടും സംസാരിക്കാത്ത, മറ്റുള്ള കുട്ടികളെ പോലെ സ്പോർട്സ്, അടിപിടികൾ, കൂട്ട് കൂടി നടക്കൽ ഒന്നും ഇല്ലാതെ, ഒന്നിനും ചങ്കുറ്റം ഇല്ലാത്ത ഒരു പാവം പയ്യൻ! പഠനത്തിൽ അല്ലാതെ മറ്റൊരു കാര്യത്തിലും ആത്മവിശ്വാസം ഇല്ലാത്ത, ഞാൻ എന്ന വ്യക്തിയെ പറ്റി സ്വയം അപകർഷതാ ബോധം മാത്രമുള്ള ഒരു ഞാൻ. ആ എന്നെ ഒരു വലിയ പരിണാമത്തിലൂടെ കുറച്ചെങ്കിലും മാറ്റിയെടുക്കുന്നതിൽ സന്ദീപ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ മധുരമുള്ള ഓർമ്മകളുടെ വേലിയേറ്റത്തിന് ഇടയ്ക്കു അവന്റെ അവഗണനയിൽ ഞാൻ അനുഭവിച്ച വേദനകളും കണ്ണുനീരും ഒന്നുകൂടെ അയവിറക്കി. അതെ അവൻ തന്നെയാണ് എട്ടാം ക്ലാസ്സിൽ ഏകാന്തയുടെ പടു കുഴിയിലേക്ക് എന്നെ തള്ളിയിട്ടതും. എന്നിട്ടു രണ്ടു വർഷത്തിന് ഇപ്പുറം ഞങ്ങൾ വീണ്ടും ഒരുമിച്ചു ഒരേ സ്കൂളിൽ. എന്ത് ചെയ്യണം എന്നറിയാതെ എന്റെ മനസ്സ് കുഴഞ്ഞു. സന്ദീപിനെ വീണ്ടും കണ്ടതിൽ ഒരേ സമയം സന്തോഷവും അതെ സമയം ഭയവും തോന്നി തുടങ്ങി.


ഒരുപാട് സമയം ആലോചിച്ച ശേഷം ഞാൻ അന്ന് ഒരു തീരുമാനം എടുത്തു. ഞാൻ അങ്ങോട്ട് പോയി അവന്റെ സൗഹൃദത്തിന് വേണ്ടി കെഞ്ചില്ല. അവനെ ഓർത്തു പഴയ പോലെ ഒറ്റ പെടലും ഏകാന്തതയും ആയി ഇരിക്കില്ല. അവനായി എന്റെ സൗഹൃദം വേണം എങ്കിൽ വരട്ടെ. അന്നത്തെ കൂടി കാഴ്ചക്ക് ശേഷം ഇടയ്ക്കു കാണും സംസാരിക്കും എന്നല്ലാതെ ഞങ്ങൾ രണ്ടു പേരും അവരവരുടെ ലോകത്തു തന്നെ ആയിരുന്നു. ഞാനും സന്ദീപും വേറെ വേറെ ക്ലാസ്സിലായിരുന്നു. ഞാൻ ബിയോളജിയും അവൻ കമ്പ്യൂട്ടർ സയൻസും ബാച്ച് ആയിരുന്നു. ഇത്തവണ പഴയ എട്ടാം ക്ലാസ്സുകാരനെ പോലെ ഞാൻ അവനെ ഓർത്തു വിഷമിച്ചു നടന്നില്ല. ധീരനായ പോരാളിയെ മരണത്തിനു രണ്ടു വട്ടം തോൽപിക്കാൻ പറ്റില്ല എന്ന് പറയുന്ന പോലെ ഒരേ കാര്യത്തിനു നമ്മളെ രണ്ടു വട്ടം കുത്തിനോവിക്കാൻ പറ്റില്ല. എനിക്ക് എന്റെ ക്ലാസ്സിൽ കുറെ ഫ്രണ്ട്‌സ് ഒക്കെ ആയി. ദിവസങ്ങളും മാസങ്ങളും കടന്നു പോയി. പലപ്പോഴും ഞങ്ങൾ സംസാരിക്കുന്നതു കേട്ടാൽ പണ്ട് ബെസ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടു പേരാണ് എന്ന് ആരും പറയില്ല. ഞങ്ങളുടെ പ്ലസ് വൺ ഫ്രണ്ട്സിനു ആർക്കും ഞങ്ങൾ പണ്ട് ബെസ്റ് ഫ്രണ്ട്‌സ് ആണെന്ന് അറിയുകയും ഇല്ല. എങ്കിലും കാണുമ്പോഴൊക്കെ സാദാരണ സുഹൃത്തുക്കൾ സംസാരിക്കുമ്പോലെ ഞങ്ങൾ സംസാരിച്ചു. എനിക്ക് പഴയ പോലെ വിഷമിക്കാൻ വയ്യാത്ത കാരണം ഞാൻ മനഃപൂർവം ഒരു പരിധി വച്ചു. മനഃപൂര്വമോ അല്ലാതെയോ അവനും അങ്ങനെ തന്നെയായിരുന്നു.


അങ്ങനെ പ്ലസ് വൺ ക്രിസ്മസ് എക്സാം കഴിഞ്ഞു ലീവിന് സ്കൂളിൽ ഫ്രീ ആയി എൻട്രൻസ് കോച്ചിങ് നടക്കുന്ന സമയം. ഒരു ദിവസം ഞങ്ങളുടെ ക്ലാസ് നേരത്തെ കഴിഞ്ഞു. എല്ലാരും ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയാണ്. ക്രിക്കറ്റ് കളി കഴിഞ്ഞു ഞങ്ങൾ എല്ലാവരും എന്റെ ക്ലാസ്സിലെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകാൻ ആണ് പരിപാടി. ഞാൻ കളിക്കാറില്ലെങ്കിലും കളി കാണാൻ ഗ്രൗണ്ടിൽ ചെന്നു. ഗ്രൗണ്ടിന് ഓരത്തുള്ള ആൽ മരത്തിനു ചുവട്ടിൽ ഇരുന്നു വേറെ കുറച്ചു ഫ്രണ്ട്സും എന്റെ കൂടെ ഇരുന്നു കളി കാണുക ആയായിരുന്നു. ഇടയ്ക്കു അവരൊക്കെ ലൈബ്രറിയിലേക്ക് പോയി, കളിക്കുന്ന ഫ്രണ്ട്സിന്റെ ബാഗും കാര്യങ്ങളും അവർ എന്നെ ഏല്പിച്ചു. എനിക്ക് ലൈബ്രറിയിൽ പോവാൻ താല്പര്യമില്ലാതെ കളി കണ്ടു ഇരുന്നു.


അപ്പോൾ സന്ദീപും ഫ്രണ്ട്സും അവരുടെ ക്ലാസ് കഴിഞ്ഞു അതിലെ പോവുന്നുണ്ടായിരുന്നു. മറ്റുള്ളവർ അവിടെ സംസാരിച്ചു നിൽകുമ്പോൾ സന്ദീപ് എന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു.


സന്ദീപ് : \"ആദി... നീ കളിക്കുന്നില്ലേ ?\"


ഞാൻ : \"ഇല്ല ഡാ.. നിങ്ങളുടെ ക്ലാസ് കഴിഞ്ഞോ?


സന്ദീപ് : \"ഇപ്പൊ കഴിഞ്ഞേ ഉള്ളു.\"


അതിനു ശേഷം വളരെ സമയത്തേക്ക് ശൂന്യമായ മൗനം ആയിരുന്നു. ഇനി എന്ത് സംസാരിക്കണം എന്ന് രണ്ടാൾക്കും അറിയാത്ത പോലെ. മൗനത്തിന്റെ ഭീകരത കുറയ്ക്കാനെന്ന വണ്ണം ആൽ മരത്തിന്റെ ഇലകൾ കാറ്റിൽ സംഗീതം ചൊരിഞ്ഞു. പണ്ടു മൂന്നു വര്ഷം വാ തോരാതെ സംസാരിച്ചു തോളോട് തോൾ ചേർന്ന് നടന്ന രണ്ടു പേരാണ് അടുത്തിരിക്കുന്നത്‌ എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പോലുള്ള മൗനം.


പലപ്പോഴും മൗനം കറുത്തിരുണ്ട കാർമേഘം പോലെയാണ്. അതിനു പിന്നിൽ പൊട്ടിയൊലിച്ചു മഴയായി പെയ്തിറങ്ങി വാചാലമാകാൻ വെമ്പൽ കൊള്ളുന്ന മനസ്സുകൾ ഉണ്ട്. ചില മൗനങ്ങൾ വിചാരിച്ചിടത്തു തന്നെ പെയ്തിറങ്ങി കുളിർമയേകി നിർവൃതി അടയുന്നു. മറ്റുള്ളത് വച്ചിരുന്നു വച്ചിരുന്നു, കാറ്റിന്റെ കരങ്ങളാൽ മൈലുകൾ താണ്ടി മറ്റെവിടെയെങ്കിലും പിന്നീട് പേമാരിയായി കരഞ്ഞു തീർക്കുന്നു, അവസരോചിതം ആയി മൗനം അവലംബിക്കും പോലെ പ്രധാനമാണ് അവസരോചിതമായി മൗനം ഭേദിക്കാൻ കഴിയുന്നതും. പക്ഷെ എത്ര ആലോചിച്ചിട്ടും എനിക്ക് ഒന്നും സംസാരിക്കാൻ കിട്ടുന്നില്ല. എന്ത് സംസാരിക്കും എന്നോർത്ത് എന്റെ മനസ്സ് കാട് കയറി. കുറച്ചു സമയത്തിന് ശേഷം ഭീകരമായ ആ മൗനം ഭേദിച്ച് കൊണ്ട് മൃദു ശബ്ദത്തിൽ അവൻ എന്നോട് ചോദിച്ചു.


സന്ദീപ് : \"ആദർശേ... നമ്മൾ ഒരുപാടു മാറിപ്പോയി അല്ലെ?\"


ഞാൻ : \"അതെന്താ ?\"


സന്ദീപ് : \"ഒന്നുമില്ല... എന്തോ അങ്ങനെ തോന്നി..\"


ഞാൻ : \"എന്താ ഡാ? മനസ്സിലായില്ല.\"


സന്ദീപ് : \"നീ എപ്പോഴെങ്കിലും നമ്മുടെ യു പി സ്കൂൾ കാലം ഓർക്കാറുണ്ടോ?\"


ഞാൻ : \"ഹ്മ്.. ശരിയാ.. അതിൽ നിന്ന് കുറെ മാറി..\"


സന്ദീപ് : \"നിനക്കെന്നോട് ദേഷ്യമുണ്ടോ ഡാ?\"


ഞാൻ : \"അയ്യേ.. എന്തിനു?\"


സന്ദീപ് : \"എന്തിനെങ്കിലും ?\"


ഞാൻ : \"ഇല്ല.. അങ്ങനെ ഒന്നൂല്ല ഡാ..\"


സത്യമാണ്. എനിക്ക് അവനോടു ദേഷ്യം ഇല്ലായിരുന്നു. വിഷമം ഉണ്ടായിട്ടുണ്ട്, പക്ഷെ ഒരിക്കലും അവനോടു ദേഷ്യമോ വെറുപ്പോ തോന്നിയിട്ടില്ല. പണ്ടും ഇല്ല. ഇപ്പോഴും ഇല്ല. ഇനി തോന്നുകയും ഇല്ല. ഒരിക്കൽ ഉള്ളു തുറന്നു ഇഷ്ടപ്പെട്ടവരെ എങ്ങനെയാണു വെറുക്കാൻ കഴിയുക എന്ന് എനിക്ക് അറിയില്ല. എന്തായാലും എനിക്ക് അങ്ങനെ വെറുക്കാൻ കഴിയില്ല. പ്രത്യേകിച്ച് അവനെ.


ഞങ്ങൾ തമ്മിൽ എന്തായിരുന്നു പ്രശനം എന്ന് ഇപ്പോൾ ചിന്തിച്ചു നോക്കുമ്പോൾ പറയാൻ മാത്രം ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. എട്ടാം ക്ലാസ്സിൽ അവൻ അവഗണിച്ചതായി തോന്നിയപ്പോൾ എനിക്കുണ്ടായ വിഷമം അതിതീവ്രം ആയിരുന്നു. പക്ഷെ ഒരിക്കൽ പോലും അവനോടു ഒന്ന് പറയുകയോ സൂചിപ്പിക്കുകയോ പോലും ചെയ്യാതെ ഞാൻ മാറി നിന്നു. ഞാൻ പറയാതെ അവൻ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിച്ചു. ഒരു പക്ഷെ അവനും അത് പോലെ തിരിച്ചു പ്രതീക്ഷിച്ചിട്ടുണ്ടാവുമോ? ഞാൻ സ്കൂൾ വിട്ടു പോകും മുന്നേ അവനോടു എന്റെ വിഷമം സൂചിപ്പിച്ചെങ്കിൽ എന്തായേനെ ? അത് വരെ ചിന്തിക്കാത്ത മറ്റു തലങ്ങളിൽ നിന്ന് ഞാൻ ആദ്യമായി അതിനെ നോക്കി കണ്ടു. അപ്പോൾ തെറ്റ് അവന്റെ മാത്രം അല്ല എന്ന് എനിക്ക് തോന്നി. എന്തെന്നറിയാത്ത എന്തോ കാരണങ്ങളാൽ രണ്ടു പേരും അകന്നു അകന്നു പോയി എന്ന് മാത്രം.


വീണ്ടും ഉടലെടുത്ത ഒരു ചെറിയ മൗനം ഭേദിച്ച് കൊണ്ട് ഞാൻ ചോദിച്ചു.


ഞാൻ : \"എന്താ ആലോചിക്കുന്നേ... നിനക്ക് എന്നോട് ദേഷ്യമുണ്ടോ?\"


സന്ദീപ് : \"എനിക്കോ ? ഒരിക്കലും ഇല്ല.. എന്തിന് ?\"


ഞാൻ : \"പറയാതെ സ്കൂൾ മാറിയതിനു ?\"


സന്ദീപ് : \"ഇല്ലെടാ.. എനിക്ക് മനസ്സിലാവും നിന്നെ.\"


അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം ഞാനും അവനും സംസാരിക്കാൻ തുടങ്ങി. അണ പൊട്ടിയ ഒരു നദി ആർത്തിരമ്പും പോലെ ഇത്രയും നാൾ സംസാരിക്കാൻ ബാക്കി വച്ചതൊക്കെ ഞങ്ങൾ അന്നവിടെ ആൽമരം ചോട്ടിൽ ഇരുന്നു സംസാരിച്ചു. ഫ്രണ്ട്‌സ് ഒക്കെ ക്രിക്കറ്റ് കളിച്ചു കഴിയും വരെ ഗ്രൗണ്ടിനു ഓരത്തുള്ള ആ ആൽ മരച്ചോട്ടിൽ ഞങ്ങൾ ഞങ്ങളുടെ മാത്രം ലോകത്തു ആയിരുന്നു. ആ ആലിലകൾക്കിടയിലൂടെ ഇളം കാറ്റു ഒളിഞ്ഞും പതുങ്ങിയും ചൂളം വിളിച്ചു കൊണ്ടിരുന്നു. അതിനനുസരിച്ചു ആലിലകൾ ദ്രുതനൃത്തം വച്ച് കൊണ്ടിരുന്നു. അവിടെ ഇരുന്നു ഞങ്ങൾ പണ്ടത്തെ ഓർമ്മകൾ ഓരോന്നായി അയവിറക്കി.


എട്ടാം ക്ലാസ്സിൽ ഞങ്ങൾ തമ്മിലുള്ള അകൽച്ചയെ പറ്റി മാത്രം ഞാനോ അവനോ സംസാരിച്ചില്ല. അതിനു മുന്നേയും അതിനു ശേഷവും ഉള്ള ഒരുപാടു വിശേഷങ്ങളെ പറ്റി വാതോരാതെ ഇരുവരും സംസാരിച്ചു കൊണ്ടിരുന്നു. പതിയെ പതിയെ ഞാനും അവനും അഞ്ചാം ക്ലാസ്സിലെ നിക്കറിട്ടു നടക്കണ ആദർശും സന്ദീപും ആയി മാറി. സംസാരിക്കും തോറും വര്ഷങ്ങളുടെ അകലം അലിഞ്ഞില്ലാതാവും പോലെ തോന്നി. ഇത്ര വര്ഷം അകന്നിരുന്നിട്ടും ഞങ്ങൾ മാനസികമായി അകന്നിട്ടെ ഇല്ല എന്ന് തോന്നി. അന്ന് ആ ആൽ മരച്ചോട്ടിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഏഴാം ക്ലാസ്സിൽ എത്ര അടുപ്പം ഉണ്ടായിരുന്നോ, തിരിച്ചു അതെ പോലെ ആയി മാറിയിരുന്നു. ഒരു ടൈം ട്രാവൽ ചെയ്ത പോലെ ആയിരുന്നു ആ ആൽമരം ചോട്ടിലെ അനുഭവം. പഴയ ആ കളിക്കൂട്ടുകാരനെ, ആ ബെസ്ഡ് ഫ്രണ്ടിനെ അന്ന് എനിക്ക് തിരിച്ചു കിട്ടി. അന്ന് വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ ഒരുപാടു സന്തോഷവാൻ ആയിരുന്നു. നഷ്ടപ്പെട്ട് പോയി എന്ന് കരുതിയത് വിചാരിച്ചിരിക്കാതെ നമ്മളെ തേടി വരുമ്പോൾ ഉള്ള ഒരു സന്തോഷം.


പിന്നീടുള്ള എല്ലാ തല്ലുകൊള്ളിത്തരത്തിനും ഞങ്ങൾ ഒരുമിച്ചായിരുന്നു. രണ്ടു ക്ലാസ്സുകളിൽ ആണെങ്കിൽ കൂടെ ബാക്കിയുള്ള സമയം മുഴുവൻ അവൻ എന്റെയൊപ്പം ആയിരുന്നു. പണ്ട് യു പി സ്കൂളിലെ പോലെ ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഒന്നുകിൽ അവൻ എന്റെ ക്ലാസ്സിലേക്ക് വരും അല്ലെങ്കിൽ ഞാൻ അവന്റെ ക്ലാസ്സിലേക്ക് പോകും. ബെഞ്ചിൽ നേർക്കുനേർ ഇരുന്നു അവൻ കൊണ്ട് വന്ന ചോറ്റു പാത്രത്തിൽ നിന്ന് എനിക്കും, ഞാൻ കൊണ്ട് വന്ന പാത്രത്തിൽ നിന്ന് അവനും പങ്കു വച്ച് കഴിക്കുന്ന ആ അനുഭൂതി ഒന്ന് വേറെ തന്നെ ആണ്. ഇന്നും ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിലും ആ ഒരു ആംബിയൻസ് കിട്ടില്ല. അത് പോലെ തന്നെ അന്ന് പങ്കു വച്ച് കഴിചിരുന്ന പൊതി ചോറിന്റെയും ചമ്മന്തിയുടെയും രുചിയും മറ്റെവിടെയും കിട്ടില്ല.


(തുടരും...)


അറിയാതെ പോയ കഥ - 7

അറിയാതെ പോയ കഥ - 7

5
757

ഞാൻ സന്ദീപും ആയി കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ക്ലാസ്സിലെ മറ്റു ഫ്രണ്ട്‌സ് എന്നോട് പിണങ്ങി. \"നിനക്കിപ്പോൾ നമ്മളെ ഒന്നും വേണ്ട. മറ്റേ ക്ലാസ്സിലെ പിള്ളേരും ആയല്ലേ കൂട്ട് ?\" എന്നൊക്കെ ആയി. അത് പോലെ തന്നെ ആയിരുന്നു സന്ദീപിന്റെ ക്ലാസ്സിലെ അവന്റെ ഫ്രണ്ട്സും. ഞങ്ങൾ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അന്ന് ഞങ്ങൾ രണ്ടു ക്ലാസ്സിലെ കുട്ടികളും കെമിസ്ട്രി ട്യൂഷന് ഒരുമിച്ചു ഒരു ട്യൂഷൻ ക്ലാസ്സിലാണ് പോയിരുന്നത്. ഞങ്ങളുടെ കൂടെ യു. പി. സ്കൂളിൽ പഠിച്ച വിപിൻ ഇപ്പോൾ വേറെ സ്കൂളിൽ ആണ് പ്ലസ് ടു പഠിക്കുന്നത്. പക്ഷെ അടുത്തിടെ ആയി അവൻ അവിടെ ട്യ