Aksharathalukal

രക്തപുഷ്പം

രക്തപുഷ്പം. (കവിത)
-------+---------------

( ഐറിഷ് സാഹിത്യകാരനായ ഒസ്കാർ വൈൽഡിന്റെ വിശ്വപ്രസിദ്ധ കഥയാണ് \'The Nightingale and the
Rose\' ഈ കഥയെ കാവ്യരൂപത്തിൽ അവതരിപ്പിക്കാനുള്ള എളിയ ശ്രമം നടത്തുകയാണു ഞാൻ...)

1.( കാമുകൻ)

തേടിയലഞ്ഞിട്ടു കണ്ടതില്ല,
ചെമ്പനീർപ്പൂവിനെ കണ്ടതില്ല.
ചെമ്പനീർപ്പൂവുമായെത്തിയെന്നാൽ
നൃത്തത്തിനായവൾ കൂട്ടുചേരും!
പൂങ്കാവനത്തിന്റെ ഉള്ളിലെല്ലാം
ചെമ്പനീർ മാത്രം വിടർന്നതില്ല.
കണ്ണെത്തും ദൂരത്തിലെത്തി നോക്കി
ചെന്നിറപ്പുമാത്രം കണ്ടതില്ല.
വിശ്വവിദ്യാലയ കൂട്ടുകാരിൽ
ഏഴഴകുള്ളൊരെൻ കൂട്ടുകാരി,
രാജ സൗധത്തിലെ നൃത്തരാവിൽ
ഒട്ടിനിന്നെന്നോടു നൃത്തമാടാൻ;
ഒരു പൂവറത്തങ്ങു കൂട്ടുചെല്ലാൻ
കൊഞ്ചിപ്പറഞ്ഞങ്ങിരിക്കയാലെ;
നാടിന്റെ പൂവാടി ഒട്ടു നീളെ
ചെമ്പനീർപ്പൂവിനെ തേടി ഞാനും!

രക്തപുഷ്പത്തെ ഞാൻ നല്കിയില്ലേൽ
കൂട്ടുചേരില്ലെന്ന വാശിയാണ്.
ഞാനിന്നു പൂവുമായെത്തിയില്ലേൽ
മറ്റൊരു സുന്ദരൻ കൂട്ടിനെത്തും!
ഉള്ളിന്റെ ഉള്ളിൽ ഞാൻ നെയ്തതെല്ലാം
ജലരേഖയായി മറഞ്ഞു പോവും!
ചിന്തിച്ചു ദുഃഖിച്ചാ കണ്ണുകളിൽ
ചൂടു നീരുറവകൾ പൊട്ടി വീണു!
ആത്മഗതം പോലെ ചൊന്നവനും
\' ജീവിതം വ്യർഥമായ് തീരുമല്ലോ!
ഒരു കൊച്ചു പൂവിന്റെ പേരിലെന്റെ
ഹൃദയാഭിലാക്ഷം പൊലിയുമല്ലോ!

2 (രാപ്പാടി)
തൊട്ടരികത്തുള്ള മാമരത്തിൽ
കഥകേട്ടിരിക്കുന്ന പൈങ്കിളിയാൾ,
വിങ്ങുമാ തോഴന്റെ നൊമ്പരത്തിൽ
കരളലിഞ്ഞല്പം കരഞ്ഞു പോയി.
പ്രണയാഭിലാക്ഷങ്ങളെത്ര തീവ്രം
ആളിപ്പടരുന്നയഗ്നി പോലെ!

പ്രണയാർദ്രനാകുമീ കാമുകന്റെ
നൊമ്പരം കാണാതെ ഞാനിരുന്നാൽ,
രാത്രിയിൽ പാടുന്ന പ്രേമഗാനം
അർഥം നശിച്ചതായ്ത്തീരുകില്ലേ?

സുന്ദരനാണവൻ സ്നേഹലോലൻ
നവയൗവനത്തിന്റെ കൂട്ടുകാരൻ.
തത്വശാസ്ത്രത്തിന്നറിവു നേടാൻ
വിശ്വ വിദ്യാലയം തേടിയെത്തി.
അവിടെ ഗുരുവിന്റെ പുത്രിയാണ്,
സുന്ദരിയായുള്ള കൂട്ടുകാരി.
അവളെ പ്രതിഷ്ഠിച്ചു ഹൃത്തടത്തിൽ
പ്രേമ മന്ത്രം ചൊല്ലി പൂജ ചെയ്യാൻ!

3
എത്ര കാതങ്ങൾ പറന്നു ചെന്നും
ചെമ്പനീർപ്പൂവു ഞാൻ നേടിയെത്തും,
ആ സ്നേഹ ലോലന്റെ കൈകളിൽ ഞാൻ
ഒരു രക്ത പുഷ്പം കൊടുത്തു ചൊല്ലും
\"ഇപ്രപഞ്ചത്തിന്റെ ഉള്ളിൽ വിങ്ങും
ദിവ്യ വികാരമാണല്ലോ പ്രേമം,
ധന്യമാീരുക ആൺകുരുന്നേ,
പ്രണയിനിക്കൊപ്പം നീ നൃത്തമാടൂ
നൃത്തം കഴിഞ്ഞു തളർന്നിരിക്കെ
കാതിൽ മന്ത്രിക്കു നിൻ രാഗമന്ത്രം!\"

ശബ്ദം മുളച്ചൊരാ നാൾ മുതൽക്കെ
പ്രണയഗാനം പാടി ഞാനലഞ്ഞു
ഞാൻ പാടി നിർത്തിയ പാട്ടിലെല്ലാം
നിർമല പ്രേമപ്പൊരുളു മാത്രം!
നാളെ വെളുപ്പിന് ദുഃഖിതന്റെ
കൈയിലൊരു പൂവു വെച്ചു നല്കും
അരുണാധരത്തിലെ പുഞ്ചിരിയിൽ
ജന്മസായൂജ്യം ഞാൻ കണ്ടറിയും!

വെട്ടിത്തിളങ്ങുന്ന വൈരമല്ല
പ്രണയത്തെക്കാളും അമൂല്യ രത്നം!
ബ്രഹ്മവിപഞ്ചിക തന്ത്രികളിൽ
ഉണരുന്ന രാഗമീ പ്രണയമന്ത്രം!
ഞാനെന്റെ ജീവന്റെ സത്തു നല്കി
പ്രണയാഭിലാക്ഷത്തെ ധന്യമാക്കും!

പൂങ്കാവനത്തിലെ പൂക്കളില്ലാ
റോജാച്ചെടിയോടവളു ചൊല്ലി,
വിരിയിച്ചു നല്കുമോ, ചെന്നിറത്തിൽ
രക്തപുഷ്പത്തിനെ മുൾച്ചെടി, നീ
\"ആവില്ലെനിക്കെന്റെ കൊച്ചു പക്ഷി,
വെള്ള നിറത്തിലെൻ പൂക്കളെല്ലാം!
അങ്ങേത്തലയ്ക്കലെ ഓക്കതിത്തിന്റെ
ചാരത്തു നില്ക്കുന്ന റോജ കണ്ടോ,
എന്റെ സഹോദരിയാണവളും
പൂ വിരിയിക്കുവാനിഷ്ടമുള്ളാൾ!\"

പോയ വഴിക്കവൾ കണ്ടുവല്ലോ
വിങ്ങിക്കരയുമാ കാമുകനെ
കണ്ണീരു തൂവുന്ന കണ്ടു നിന്ന
പുൽക്കൊടിപോലും തളർന്നു നില
പരിഹാസച്ചിരിയുമായ് നോക്കി നില്ല
ഓന്തെന്ന ദയയില്ലാ സ്വാർഥ ജീവി


താണു പറന്നവൾ എത്തിയാ
റോജയ്ക്കരുകത്തെ കമ്പതൊന്നിൽ,
\"സ്നേഹിത, മുൾച്ചെടി, തന്നിടാമോ
ചെമ്പനീർപ്പൂവൊന്നു തീർത്തിടാമോ?
പ്രണയനൃത്തത്തിലെൻ തോഴനായി
നല്കണം കാമുകിക്കായി നല്കാൻ!

ഒട്ടേറെയാഗ്രഹമുണ്ടെന്റെ പൈങ്കിളി,
ഒരു രക്ത പുഷ്പം നിനക്കു നല്കാൻ
എന്നലെനിന്റെ ശാഖികളിൽ
പൂക്കൾ നിറത്തിലോ, മഞ്ഞമാത്രം!

ദുഃഖിക്കരുതു നീ, എന്നുടെ സോദരൻ
ചെമ്പനീർ നില്പുണ്ടാ വീട്ടരുകിൽ,
ചെന്നു നീ ചോദിക്ക, ഏതുവിധത്തിലും
നല്ലൊരു പൂവു വിടർത്തി നല്കാൻ.

5
പാടിപ്പറന്നവൾ ചെമ്പനിനീരിന്റെ
ചാരത്തിരുന്നൊരു പാട്ടു പാടി,
പ്രണയ കാവ്യങ്ങളിൽ ഏറെയുള്ള
പാട്ടിന്റെ ശീലവൾ പാടി നിർത്തി,
ചെമ്പനീർത്തണ്ടിനെ നോക്കി വീണ്ടും
പൂവിന്റെ ആഗ്രഹം മുന്നിൽ വെച്ചു.

\"ഒരു നാളും നീയെന്റെ രക്തപുഷ്പം
തൊട്ടു തലോടുവാൻ വന്നതില്ല,
എന്തിനാണിന്നു നീ വന്നതിപ്പോൾ
രക്തപുഷ്പത്തിനായ് കെഞ്ചി നില്ല?
ചക്രവാളങ്ങളിൽ പ്രേമസംഗീതത്തിൻ
മാറ്റൊലി തീർക്കുന്ന രാക്കുയിലേ,
ഉണ്ടായിരുന്നെന്റെ ശാഖിയിൽ ചെമ്പനീർ
പൂവുകളൊത്തിരി, പോയ നാളിൽ!

ശീതം തഴയ്ക്കും ശിശിരത്തിൽ വീശുന്ന
കാറ്റിൻ വികൃതിക്കരങ്ങളെന്റെ
ചില്ലകൾ തല്ലിത്തകർത്തതല്ലേ
രക്തമൊഴുക്കിക്കളഞ്ഞതല്ലേ?
ശീതത്തിൽ മുങ്ങി മരിച്ചു നില്ക്കും
ചില്ലയിലെങ്ങനെ പൂ വിരിയും?
കാലദോഷത്തിനെ മാറ്റിടാതെ
ആവില്ലെനിക്കൊരു പൂവിരിക്കാൻ!\"

(രാപ്പാടി):-
\"സത്യമാണെങ്കിലും സാധ്യമല്ലേ
കൊച്ചു പൂവൊന്നിനെ തീർത്തു നല്കാൻ?
വറ്റാത്ത നിന്നിലെ സ്നേഹമെല്ലാം
പൂവിന്റെ ആത്മാവായ് മാറ്റുകില്ലേ?
ഒരു കൊച്ചു പുഷ്പം, ഒരു രക്തപുഷ്പം
അതുമാത്രമിന്നെന്റെ ജീവലക്ഷ്യം!\"

\"ഞാനറിയുന്നൊരു ഗൂഢമാർഗം
രക്തം നിവേദിക്കും ക്രൂര തന്ത്രം!
നിർമല സ്നേഹത്തെ വാഴ്ത്തി നില്ക്കും
നിന്നോടു ക്രൂരത കാട്ടിടാമോ?\"
\"ഒട്ടും മടിക്കേണ്ട, ചൊല്ലു നീയും
എന്തു വിലയാകും പൂവിനെന്ന്?\"

\"പ്രണവപ്രസാദമാം സപ്തസ്വരങ്ങളും
നിൻ ഹൃദയത്തിലെ, ചെന്നിണവും
ഹോമിച്ചു ശൈത്യത്തെയാട്ടി മാറ്റാം
ചെമ്പനീരൊന്നിനെ ഞാൻ വിടർത്താം!\"
(രാപ്പാടി)
\"സമ്മതിക്കുന്നു ഞാൻ, മൊട്ടു പൊട്ടി
പൂ വിരിയും വരെ പാട്ടു പാടാം.
എത്രവേണങ്കിലും ചെന്നിണം
ഹോമിച്ചു വേരിന്നു ചൂടു നല്കാം!\"

\"തിങ്കളു മാനത്തുദിക്കുന്ന നേരത്തു
പാടുവാനെത്തു നീ പാട്ടുകാരീ
എന്റെ കാണ്ഡത്തിലെ മുള്ളിൽ
നെഞ്ചാഴാത്തി നീ പാട്ടു പാടൂ
ഉജ്ജ്വലമാകുമാ നാദബ്രഹ്മത്തിന്റെ
ആന്ദോളനങ്ങളലയടിക്കെ,
കോരിത്തരിച്ചെന്റെ ചില്ലയിൽ പൂവിടും
വീണ്ടും വസന്തം വിരിഞ്ഞ പോലെ!
നേരം വെളുക്കുമ്പോൾ രക്തവർണത്തിലാ
ചില്ലയിലൊരുകൊച്ചു പൂ വിരിയും!
പൂവിന്റെ ചെന്നിറം നിന്റെ രക്തത്തിന്റെ
ശോണിമയായാകുന്നു എന്നു മാത്രം!
വേണമോ ഇത്രയും വേദനിക്കുന്നൊരു
ജീവിതത്യാഗത്തിൽ പൂവു വേണോ?\'

(രാപ്പാടി)

\"വേണമാപ്പുവിനെ ഒരു പ്രേമ ഒരുലക്ഷ്യത്തെ
പൂർത്തീകരിച്ചു ഞാൻ ധന്യയാവാൻ!

6

കണ്ണീരുണങ്ങാത്ത തരുണന്റെ ചാരത്തു
ചെന്നിരുന്നാപ്പക്ഷി ചൊല്ലി മന്ദം,
\" കണ്ണീർ തുടയ്ക്കുക, കേഴേണ്ടതില്ലിനി
നാളെയീ പൂച്ചടി പൂ വിടർത്തും.
എന്നാത്മരാഗത്തിൻ ചെന്നിണം തൂവീട്ടു
ചെന്നിറച്ചേലുള്ള പൂ വിടർത്തും!
പരമപവിത്രമാം പ്രണയത്തെ എന്നുമേ
കാലുഷ്യമില്ലാതെ കാത്തു കൊൾക
അഗ്നിച്ചിറകുള്ള മോഹസ്വപ്നങ്ങളെ
വാനിലുയർത്തുന്നു പ്രണയമെന്നും!\"

പരമപവിത്രമാം പ്രണയത്തെ എന്നുമേ
കാലുഷ്യമില്ലാതെ കാത്തു കൊൾക
അഗ്നിച്ചിറകുള്ള മോഹസ്വപ്നങ്ങളെ
വാനിലുയർത്തുന്നു പ്രണയമെന്നും!\"
രാപ്പാടി നല്കിയ സ്വപ്ന പ്രതീക്ഷയിൽ
സർവം മറന്നവൻ നീർ പൊഴികെ...
പൈങ്കിളിക്കൂട്ടുള്ള ഓക്കുമരത്തിനാ
വാക്കിന്റെ പൊരുളിലെ സങ്കടത്തിൽ,
രാക്കിളിപ്പെണ്ണിനെ വാരിപ്പുണർന്നിട്ടു
ഒരുപാട്ടു പാടുവാൻ കൈകൾ കൂപ്പി.

7

സന്ധ്യ കഴിഞ്ഞപ്പോൾ, ചന്ദ്രനുദിച്ചപ്പോൾ
ചെമ്പനീർത്തണ്ടിന്റടുക്കലെത്തി,
നെഞ്ചൊരു മുള്ളിന്റെ തുമ്പത്തമർത്തിയാ
പൈങ്കിളി പാടിത്തുടങ്ങി വീണ്ടും!
ചെന്നിണം ധാരയായ് തണ്ടിന്റെ ചോട്ടിലെ
വേരറ്റമെത്തിപ്പരന്നുനിന്നു.
സുപ്രഭാതത്തിലാ റോജതൻ ചില്ലയിൽ
ചെമ്പനീർപ്പൂവു വിടർന്നു വന്നു.
മാനത്തു നില്ക്കുന്ന ചന്ദ്രികപ്പെണ്ണന്നു
മണ്ണിലെ വിസ്മയം കണ്ടു ഞെട്ടി!
ഇതളു വിരിക്കുന്ന രക്തപുഷ്പത്തിനെ
അസ്തമിക്കാതവൾ നോക്കി നിന്നു!

8

നേരം വെളുത്തപ്പോൾ, മാനം ചുവന്നപ്പോൾ
ഞെട്ടിയുർന്നുവാ കാമുകനും,
താഴെത്തൻ ജനലിന്റെ ചാരത്തു നില്ക്കുന്ന
ചെമ്പനീർപ്പൂ കണ്ടു വിസ്മയിച്ചു.
അത്ഭുതം, സത്യമായ് തീർന്നുവാ രാക്കിളി
എന്നൊടു മന്ത്രിച്ച വാക്കതെല്ലാം!
പൂവും അറുത്തവൻ പ്രണയത്തിടമ്പിന്റെ
ചാരത്തണയുവാൻ വെമ്പൽ കൊൾകെ
ചെമ്പനീർച്ചോട്ടിലെ ചേതനയറ്റയാ
പക്ഷിയെക്കാണാൻ മറന്നുപോയി!

9

ഓടിയണഞ്ഞവൻ പെണ്ണിന്റെ ചാരത്ത്
രക്തപുഷ്പത്തിനെ കാഴ്ച വെക്കാൻ
പൂ കണ്ടു പുഞ്ചിരി തൂകി പറഞ്ഞവൾ,
\"നന്നായിരിക്കുന്ന രക്തപുഷ്പം!

എങ്കിലും മൽസഖേ, വയ്യയെനിക്കു നിൻ
കൂട്ടായി നൃത്തത്തിൽ പങ്കുചേരാൻ
മന്ത്രി കുമാരനും വന്നു വിളിച്ചെന്നെ
രത്നഹാരങ്ങളും കാഴ്ചവെച്ചു!

ഇന്നത്തെ രാത്രിയിൽ നൃത്തമവന്നൊപ്പം
പൂവിന്റെ വിലയാണോ രത്നത്തിന്?
നിയെന്റെ സഹപാഠി എന്നു മാത്രം
നീയെങ്ങു മന്ത്രി കുമാരനെങ്ങ്?\"

ആ നറു പുഷ്പത്തെ ദൂരത്തറിഞ്ഞവൻ
ആശ നശിച്ചു തിരിച്ചുപോകെ
ചിന്തിക്കയാണവൻ \" പ്രണയം കഥയ്ക്കുള്ള ചേരുവ മാത്രമാണോ?

വഞ്ചനയാണിന്നു പ്രണയത്തെ വെല്ലുന്ന
ഭാവം മനുഷ്യന്റെ ഹൃത്തടത്തിൽ
വെട്ടിത്തിളങ്ങുന്ന രത്നഹാരത്തിലും
മൂല്യമിപ്പൂവിന്നു കിട്ടുകില്ല!
പ്രണയത്തെ വിലപേശി വില്ക്കുന്ന
മർത്ത്യന്റെ, ഉള്ളകം പങ്കിലമായതെന്നെ?\"
പാവമാ പൈങ്കിളി പാടിപ്പുകഴ്ത്തിയ
പ്രണയത്തിത്രയേ ശോഭയുള്ളോ?

               ***************



നീലവസന്തം

നീലവസന്തം

5
489

നീല വസന്തം--------------നീലഗിരിക്കുന്നു പൂകൊണ്ടു മൂടുന്നനീലവസന്തം വിരിയും ദിനങ്ങളേ,നിങ്ങളെത്താറുണ്ടു മാമലനാടിന്റെനീലസൗഭാഗ്യത്തിൻ കീർത്തന മുദ്രയായ്!തെല്ലും പിഴയ്ക്കാതെ ഒട്ടും പഴിക്കാതെപന്ത്രണ്ടു വർഷങ്ങൾ ദീർഘ തപസ്സിന്റെഊർജത്തിൽ നിർമിച്ച നീലസ്വപ്നങ്ങളെപൂക്കാലമാക്കി തിരിച്ചുപോകുമ്പോൾ;ഉണ്ടൊരു സംശയം ആരാണു നിങ്ങളെകാലക്രമത്തിന്റെ പൊരുളറിയിച്ചവർ?ആരാണു നിങ്ങൾക്കു നീലയുടുപ്പുകൾതുന്നിത്തരാറുള്ള സങ്കല്പ ചാരുത?ദൈവങ്ങൾ സ്വന്തമായ്ക്കാണുമീ നാടിന്റെതിരുജടയ്ക്കുള്ളിലണിയിച്ചനീലിമ,മാഞ്ഞുപോവാതെ, ഏറെ വസന്തങ്ങൾവിരിയിച്ചു നില്ക്കട്ടെ മണ്ണിനാഹ്ലാദമായ്!