സീതാലക്ഷ്മി തിരക്കിലാണ്- തുടർക്കഥ ( ഭാഗം-3)
വെയിലിന് ചൂടേറാൻ തുടങ്ങിയിരിക്കുന്നു.
സീതാലക്ഷ്മിയുടെ കാലുകൾക്ക് വേഗത വച്ചു.
അഡ്വക്കേറ്റ് ഭാസ്കരമേനോൻ, അദ്ദേഹത്തെ കാണാൻ എത്തണമെന്ന് പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു.
ഹരിക്കും കണ്ണനുമൊപ്പം ആയിരുന്നു യാത്ര...
അവർ തന്നെ പട്ടണത്തിൽ ഇറക്കി.
ഭാസ്കരമേനോന്റെ വീടിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ ഓഫീസും.
പട്ടണത്തിന്റെ ബഹളങ്ങളിൽ നിന്ന് കുറച്ചു മാറിയാണ് അദ്ദേഹത്തിന്റെ വീട്.
പത്തു മിനിറ്റോളം നടക്കേണ്ടി വന്നു സീതയ്ക്ക് അദ്ദേഹത്തിന്റെ വീട് കണ്ടെത്താൻ.
ഹരി തന്നെ ഇവിടെ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞതാണ്....
പക്ഷേ താനത് സ്നേഹപൂർവ്വം നിരസിച്ചു.
സീത വാച്ചിലേക്ക് നോക്കിയപ്പോൾ ഹരിയുടെ ക്ഷണം നിരസിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി....
അദ്ദേഹം കാണാമെന്നു പറഞ്ഞ സമയം കടന്നു പോയിരിക്കുന്നു.
തെല്ല് പരിഭ്രാന്തിയോടെ തന്നെ സീത ആ വീട്ടുമുറ്റത്തേക്ക് നടന്നു.
അവൾ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.
തല ഉയർത്തി നിൽക്കുന്ന ഒരു ഇരുനില ബംഗ്ലാവ്....
മുൻവശത്ത് ആരെയും കാണാനില്ല.
വാഹനങ്ങളോ തിരക്കോ ഒന്നുമില്ലാത്തതുകൊണ്ടു തന്നെ അദ്ദേഹം ഇവിടെയില്ല എന്ന് സീതയ്ക്ക് മനസ്സിലായി.
ബംഗ്ലാവിനോട് ചേർന്നുള്ള ഒരു ചെറിയ വീട്ടിലേക്ക് സീതയുടെ കണ്ണുകൾ പാഞ്ഞു.
അതായിരിക്കും അദ്ദേഹത്തിന്റെ ഓഫീസ് എന്ന് കരുതി സീത മുന്നോട്ടു നടന്നു.
പെട്ടെന്ന് പിറകിൽ നിന്ന് ഒരു വിളി ഉയർന്നു.
"ആരാ അത്....."
ബംഗ്ലാവിന്റെ വരാന്തയിൽ നിന്നുള്ള ആ വിളിയിലേക്ക് സീത കാതോർത്തു.
" ഞാൻ മേനോൻ സാറിനെ കാണാൻ വന്നതാണ്..... "
സീതയുടെ വാക്കുകൾ കേട്ടതും അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" ഇങ്ങോട്ട് വന്നോളൂ.... അദ്ദേഹം ഇപ്പോൾ പുറത്തേക്കിറങ്ങിയതേയുള്ളൂ.... പട്ടണത്തിൽ ഒരു ഓഫീസ് ഉണ്ട്....കക്ഷികളെ അദ്ദേഹം അവിടെവെച്ചെ കാണാറുള്ളൂ.... "
പുഞ്ചിരി മായാത്ത മുഖവുമായി അവർ പറഞ്ഞു.
അവരുടെ സംസാരത്തിൽ അവർ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് സീതയ്ക്ക് മനസ്സിലായി.
" അദ്ദേഹം ഇന്ന് കാണാൻ വരാൻ പറഞ്ഞിരുന്നോ....? "
ആ അമ്മയുടെ ചോദ്യം കേട്ടതും സീത ബംഗ്ലാവിന്റെ മുൻവശത്തേക്ക് നടന്നു.
" ഉവ്വ് അദ്ദേഹം വരാൻ പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു..... പട്ടണത്തിൽ നിന്ന് ഇവിടെ വരെ എത്താൻ ഒരല്പം വൈകി.... "
സീത പരിഭ്രമത്തോടെ പറഞ്ഞു.
" എന്ത് കാര്യത്തിനും കൃത്യനിഷ്ഠതയുള്ള ആളാ..... അത്യാവശ്യം സന്ദർഭങ്ങളിൽ മാത്രമേ ഇവിടെവെച്ച് മറ്റുള്ളവരുമായി സംസാരിക്കാറുള്ളൂ..... "
അമ്മയുടെ വാക്കുകൾ കേട്ടതും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതുപോലെ അവൾ ആ മുഖത്തേക്ക് നോക്കി.
" ഞാൻ അദ്ദേഹത്തെ പട്ടണത്തിലെ ഓഫീസിൽ പോയി കണ്ടു കൊള്ളാം.... "
സീത ഒരല്പം നിരാശയോടെ പറഞ്ഞു.
" ജോലിക്കാര്യത്തിന് ആണെങ്കിൽ ഇവിടെ വച്ച് കാണുകയായിരിക്കും ഉചിതം... അവിടെ കക്ഷികളുടെ തിരക്കായിരിക്കും..... "
ആ അമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകൾ സീത കേട്ടു നിൽക്കുകയായിരുന്നു.
"വന്നോളൂ കുട്ടി.... ഇവിടെ ഇരുന്നു കൊള്ളൂ.. അദ്ദേഹം എന്തായാലും ഊണ് കഴിക്കാൻ ഉച്ചയ്ക്ക് എത്തും....."
അവരുടെ വാത്സല്യം നിറഞ്ഞ വാക്കുകൾ സീതയ്ക്ക് വല്ലാത്ത ഒരു അനുഭവമായിരുന്നു.
സീത വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു. സീതയ്ക്ക് അഭിമുഖമായി അമ്മയും ഇരുന്നു.
തന്നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ അവരിലെ ആ സ്നേഹം സീതാലക്ഷ്മി തിരിച്ചറിയുന്നുണ്ടായിരുന്നു.
ഒരു കരുതൽ എപ്പോഴും ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നതുപോലെ സീതയ്ക്ക് തോന്നി.
റിട്ടയേഡ് അധ്യാപികയാണ് അവരെന്നറിഞ്ഞപ്പോൾ സീതയ്ക്ക് അവരോടുള്ള ബഹുമാനം വർദ്ധിച്ചു.
ഇതിനിടെ ബംഗ്ലാവിന്റെ അകം നിശബ്ദം ആണെന്ന കാര്യം സീത ശ്രദ്ധിച്ചു.
ചിലപ്പോൾ മക്കളെല്ലാവരും വിദേശത്ത് ആയിരിക്കുമെന്ന് സീത മനസ്സിൽ കരുതി.
ഇതിനിടെ അകത്ത് എന്തോ സാധനം വന്ന് ഉച്ചത്തിൽ വീഴുന്ന ശബ്ദം സീത കേട്ടു.
അത് അവളിൽ ഒരു ഞെട്ടൽ ഉളവാക്കി.
അമ്മയുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നത് സീത ശ്രദ്ധിച്ചു.
" മാധവി..... "
അമ്മ അകത്തേക്ക് നോക്കി ആരെയോ വിളിച്ചു.
പെട്ടെന്ന് തന്നെ ഒരു സ്ത്രീ അകത്തുനിന്നും ഓടി വന്നു.
അവളുടെ പെരുമാറ്റത്തിൽ അവർ അവിടത്തെ വേലക്കാരി ആണെന്ന് സീതയ്ക്ക് മനസ്സിലായി.
" അനന്തൻ സാറിന് ഭക്ഷണം കൊടുത്തതാ.... പാത്രത്തെ പാടെ സാറ് അത് എന്റെ നേരെ വലിച്ചെറിഞ്ഞു.... "
അവരുടെ വാക്കുകളിൽ വേദനയുടെ താളം ഉള്ളതുപോലെ സീതയ്ക്ക് തോന്നി .
അമ്മയുടെ കണ്ണുകളിൽ വേദന പടരുന്നത് സീത ശ്രദ്ധിച്ചു.... അത് സാവധാനം കണ്ണുനീർ മുത്തുകൾ ആയി ഉരുണ്ടുകൂടി.
അമ്മ മുഖമുയർത്തി വേലക്കാരിയെ നോക്കി.
" മാധവി... നീ ഈ മോൾക്ക് ചായ കൊടുക്ക്....... "
അമ്മയുടെ വാക്കുകൾ കേട്ടതും മാധവി, തലയാട്ടിക്കൊണ്ട് അകത്തേക്ക് നടന്നു.
" മോള് ഇവിടെയിരിക്ക്... ഞാനിപ്പോ വരാം.......... "
കണ്ണുനീർ തുടച്ച് അകത്തേക്ക് നടന്നു പോകുന്ന ആ അമ്മയെ സീത ഒരു നിമിഷം വേദനയോടെ നോക്കിയിരുന്നു പോയി.
സീതയുടെ മനസ്സിലൂടെ ഒരായിരം ചോദ്യങ്ങൾ കടന്നുപോയി.
അകത്ത് ആരാണ് ഉള്ളത്....?
ഈ സമയം അകത്തുനിന്ന് വേലക്കാരി ചായയുമായി വന്നു. അവൾ അത് സീതയ്ക്ക് നൽകി.
അവരോട് എന്തൊക്കെയോ ചോദിച്ചറിയണമെന്ന് സീതയ്ക്ക് ഉണ്ടായിരുന്നു.
പക്ഷേ അത് എവിടെ നിന്ന് തുടങ്ങുമെന്ന് അറിയാതെ അവൾ കുഴങ്ങി.
എന്നാൽ അതിനു മുന്നേ വേലക്കാരിയുടെ ചുണ്ടിൽ നിന്ന് ആമുഖം പോലെ അതിനുള്ള ഉത്തരവും വന്നു കഴിഞ്ഞിരുന്നു.
" സാറിന്റെയും ടീച്ചറിന്റെയും ഏറ്റവും ഇളയ മകനാണ് അനന്തൻ സാറ് .... പത്രപ്രവർത്തകനും എഴുത്തുകാരനും ഒക്കെയായിരുന്നു ....... "
എന്നാൽ മാധവി അത് പൂർത്തിയാക്കുന്നതിനു മുൻപേ എന്തൊക്കെയോ ഉരുണ്ട് നിലത്ത് വീഴുന്ന ശബ്ദം അവർ കേട്ടു.
ഒപ്പം തന്നെ ഒരു നിലവിളിയും അവിടെ ഉയർന്നു....
അത് അമ്മയുടെതാണെന്ന് അവർക്ക് മനസ്സിലായി.
ഭയം നിറഞ്ഞ മുഖത്തോടെ രണ്ടുപേരും മുഖാമുഖം നോക്കി.
സീത കയ്യിലിരുന്ന് ചായ ഗ്ലാസും, ബാഗും ടീപോയുടെ മുകളിൽ വെച്ചിട്ട് വേഗം വീടിനകത്തേക്ക് നടന്നു.
മാധവിക്കൊപ്പം മുകളിലേക്കുള്ള നടകൾ സീത ഓടിക്കയറി....
മുകളിലത്തെ മുറിക്ക് മുന്നിൽ എത്തിയതും,അവിടെ കണ്ട കാഴ്ച കണ്ട് രണ്ടുപേരും ഞെട്ടിപ്പോയി.
.................................. തുടരും..............................
സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ( ഭാഗം-4)
മുകളിലത്തെ മുറിയുടെ വാതിൽക്കൽ എത്തിയതും അകത്തെ കാഴ്ച കണ്ട് സീതയും, മാധവിയും മുഖത്തോട് മുഖം നോക്കി. ചുമരിനോട് ചേർന്ന് താഴെയിരിക്കുന്ന അമ്മയെ കണ്ടതും സീത വേഗം തന്നെ അവർക്ക് അരികിലേക്ക് നടന്നടുത്തു. അമ്മയുടെ നെറ്റിത്തടത്തിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു. മാധവിയും അവർക്കരിയിൽ എത്തിയിരുന്നു." വേഗം തന്നെ ഒരു ഗ്ലാസ് വെള്ളവും തുണിയും എടുത്തുകൊണ്ടു വരൂ..... " സീതയുടെ വാക്കുകൾ കേട്ടതും മാധവി താഴേക്ക് നടന്നു. മുറിയാകെ ഭക്ഷണവും അതുകൊണ്ട് വന്ന പാത്രവും ചിതറി കിടക്കുകയായിരുന്നു. സീത സാവധാനം അമ്മയെ നിലത്തുനിന്ന് എഴുന്നേൽപ്പിച്ച് അവിടെ കിട