Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 4)

സുധി പകപോടെ അവളെ നോക്കി.

\"ചന്തു നീ എന്താ പറഞ്ഞത്? അത് ഇന്ദ്രന്റെ കമ്പനി ആയിരുന്നോ? നിന്നോട് അവൻ മോശമായി പെരുമാറിയോ? അവൻ എല്ലാം അറിഞ്ഞുകൊണ്ട് നിന്നോട് വരാൻ പറഞ്ഞതാണോ അതോ അറിയാതെയോ?\"

പിന്നാലെ പിന്നാലെ ചോദ്യങ്ങൾ വന്നു സുധിയുടെ.

\"അവൻ അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു. അവനെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നും, എന്റെ ചിലങ്ക വീണ്ടും അണിയണമെന്നും അവൻ പറഞ്ഞു. കമ്പനിയിൽ ജോലിക്ക് ഇപ്പോൾ തന്നെ ചെയ്യാം അപ്പോയിന്റും ചെയ്യാം, ആ ഒരൊറ്റ കണ്ടീഷൻ മാത്രമേ ഉള്ളൂ എന്ന്. ആ കമ്പനിയിൽ ജോലി ചെയ്യുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്. എനിക്ക് അവന്റെ ജോലി വേണ്ട..\"

ചന്തുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു.

\"എന്നാലും ചന്തു വീട്ടുകാർ ഒരുപാട് പ്രതീക്ഷിച്ചിരിക്കുകയല്ലേ? അവരോട് എന്ത് പറയും? നിന്റെ ഈ ജോലിയിലാണ് എല്ലാവരുടെയും പ്രതീക്ഷ..\"

സുനിത അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

\"ഇതല്ലെങ്കിൽ വേറെ ജോലി. എന്തായാലും അവന്റെ കമ്പനിയിൽ എനിക്ക് ജോലി വേണ്ട. എന്റെ സ്വപ്നം ഒറ്റ നിമിഷം കൊണ്ട് തച്ചുടച്ചവനാണ്. എന്തൊക്കെ വൃത്തികേടുകളാണ് ചെയ്തുകൂട്ടിയത്. എല്ലാം ചെയ്തു കൂട്ടിയിട്ട് തെറ്റുപറ്റിപ്പോയെന്നും, പോരാതെ പ്രേമഭ്യർത്ഥനയുമായി എന്റെ മുന്നിൽ.. അന്ന് വന്നപ്പോൾ തന്നെ ആട്ടിയോടിച്ചതായിരുന്നു ഞാൻ. കൺമുന്നിൽ കണ്ടു പോകരുതെന്നും പറഞ്ഞു. ഇതുപോലെ ഒരു കൂടിക്കാഴ്ച ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അവൻ തകർത്തെറിഞ്ഞ പെൺകുട്ടിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.\"

ചന്തു കിതച്ചുകൊണ്ട് അതു പറഞ്ഞപ്പോൾ, സുധി അറിയാതെ ഒന്ന് ഞെട്ടിപ്പോയി. അവന്റെ ഞെട്ടൽ ചന്തു കാണാതിരിക്കാൻ, മുഖം തിരിച്ചു അവൻ.

\"ഞാൻ ഇറങ്ങട്ടെ വീട്ടിൽ ആരോടും ഇതൊന്നും പറയാൻ പറ്റില്ല. മനസ്സിൻറെ ഭാരം എവിടെയെങ്കിലും ഒന്ന് ഇറക്കി വയ്ക്കേണ്ടത് അത്യാവശ്യമായതുകൊണ്ടാ ഞാൻ കയറിയത്. അമ്മ വഴിയിലേക്ക് കണ്ണു നട്ട് ഇരിക്കുന്നുണ്ടാകും. പാവം ഈ ജോലി എങ്കിലും കിട്ടാൻ നേർച്ചയും വഴിപാടും ഒക്കെയായി ഇരിപ്പാണ്. എന്തെങ്കിലും നുണ പറയാം. ഈശ്വരന്മാർ പൊറുക്കട്ടെ..\"

ചന്ദന ദീർഘനിശ്വാസം എടുത്തു കൊണ്ട് എഴുന്നേറ്റു.

\"ഞാൻ വരണോ ചന്തു?\"

സുധി ചോദിച്ചു.

\"വേണ്ട സുധി ഞാൻ പൊയ്ക്കോളാം.\"

കണ്ണനോടും യാത്ര പറഞ്ഞു ചന്ദന ഇറങ്ങി.

മെയിൻ റോഡിൽ നിന്ന് കല്ല് പതിപ്പിച്ച ഇടവഴിയിലേക്ക് തിരിഞ്ഞ് അറ്റത്താണ് അവളുടെ വീട്. ഒരു കാറിന് കഷ്ടിച്ചു പോകാം അത്രേയുള്ളൂ വഴി. വീടു കഴിഞ്ഞിട്ട് ഒരു തൊടി കഴിഞ്ഞാൽ പിന്നെ വയൽ ആണ്. നാലു വീട് ആകെയുള്ള വഴിയിൽ എല്ലാ വീട്ടുകാരും സാധാരണക്കാരാണ് അന്ന ന്നത്തെ ഉപജീവനത്തിനുള്ള കൂലി സമ്പാദിക്കുന്നവർ. ചന്ദന ആലോചിച്ചുകൊണ്ട് നടന്നു.

\"ചന്തു മോളെ പോയ കാര്യം എന്തായി? ജോലി കിട്ടുമോ കുട്ടിയെ?\"

കല്യാണി അമ്മയാണ്.

\"സംശയമാണ് കല്യാണി അമ്മേ.. ഇതല്ലെങ്കിൽ വേറെ ജോലി നമുക്ക് നോക്കാന്നേ..\"

ഉള്ളിൽ വേദനയാണെങ്കിലും പുറമേ ചിരിച്ചു കൊണ്ട് ചന്ദന പറഞ്ഞു.

\"കല്യാണി അമ്മയ്ക്ക് മുറുക്കാൻ ഉള്ളത് ഇപ്പോൾ ഉള്ള ജോലി കൊണ്ട് തന്നെ കിട്ടും കേട്ടോ..അമ്മ പേടിക്കണ്ട.\"

ബാഗിൽ നിന്നും ഇരുപത് രൂപയുടെ നോട്ട് എടുത്ത് അവള് അവരുടെ കയ്യിൽ പിടിപ്പിച്ചു.

\"ഇപ്പോൾ ഇതേ ഉള്ളൂ. ട്യൂഷൻ സെൻററിൽ നിന്ന്കാശ് കിട്ടിയിട്ടില്ല.\"

അവരുടെ കണ്ണുകൾ ഈറൻ ആയത് കണ്ടു എങ്കിലും കാണാത്തത് പോലെ അവള് നടക്കാൻ തുടങ്ങുമ്പോൾ ആണ് വിലകൂടിയ  കാർ അവളെ കടന്നു പോയത്. അച്ഛൻ വിദേശത്തായിരുന്ന പ്പോൾ, രാത്രി കൂട്ടു കിടക്കാൻ വരുന്നതായിരുന്നു. മക്കളെല്ലാം ഉപേക്ഷിച്ചു പോയി. ആ ഒറ്റമുറി വീട്ടിൽ തനിച്ചാണ് താമസം. ഒരു നേരത്തെ ഭക്ഷണമേ വേണ്ടൂ..അത് അമ്മ കൊടുക്കും. പിന്നെ മുറുക്കാനും, മുറുക്കാൻ ഇല്ലാത്ത ഒരു ജീവിതം കല്ല്യാണി അമ്മയ്ക്ക് സങ്കൽപ്പിക്കാൻപോലും വയ്യെന്ന അവസ്ഥയാണ്.ആരാ ഇൗ കാറിൽ ഇതുവഴി? ചിന്തിച്ചുകൊണ്ട് ചന്ദന നടന്നു. വഴിതെറ്റി വന്നത് ആകും. അല്ലെങ്കിൽ തൊട്ട് തൊടി വാങ്ങാൻ ആരെങ്കിലും വന്നതാവും. വില്പനയ്ക്ക് ഇട്ടിരിക്കുകയാണെന്ന് പറയുന്നത് കേട്ടു. ചന്ദന വീട്ടിലേക്ക് ഒതുക്ക് കയറി. മുറ്റത്ത് എത്തുമ്പോൾ തന്നെ കണ്ടു ഉമ്മറത്ത് ചിരിച്ചു കൊണ്ട് അമ്മയും അച്ഛനും. രണ്ടുപേരുടെയും മുഖത്ത് പതിവില്ലാത്ത സന്തോഷം കണ്ട് അവളുടെ മുഖത്ത് സംശയം വിരിഞ്ഞു. ഇവർക്ക് ലോട്ടറി അടിച്ചോ? ഇത്ര സന്തോഷം രണ്ടുപേർക്കും കാണാൻ?

\"മോളേ... നമ്മുടെ പ്രാർത്ഥന ഈശ്വരൻ കേട്ടു കുട്ടിയെ..\"

അമ്മ ഓടിയിറങ്ങി അവളുടെ അടുത്തേക്ക് വന്നു.

\"എന്താ അമ്മേ ലോട്ടറി എങ്ങാനും അടിച്ചോ? ഇത്ര സന്തോഷം രണ്ടുപേർക്കും.\"

വരാന്തയിലേക്ക് കയറിക്കൊണ്ട് ചന്ദന ചോദിച്ചു.

\"ഇതിൽ പരം ലോട്ടറി എന്ത് കിട്ടാനാ മോളെ? മാസം അമ്പതിനായിരം രൂപ ശമ്പളമുള്ള ജോലി നിനക്ക് കിട്ടിയാൽ, അത് ലോട്ടറി അല്ലേ മോളെ?\"

അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ, ചന്ദന പകച്ചു നിന്നുപോയി.

\"അൻ.. പതി.. നായിരം...രൂപയോ? എനിക്കോ രണ്ടുപേരും ദിവാസ്വപ്നം കാണുകയാണോ?\"

ചന്ദന മിഴിച്ച് നിന്നുപോയി.

\"ചേച്ചി... ചേച്ചിയുടെ പ്രാർത്ഥന കണ്ണൻ കേട്ടു കേട്ടോ.. നമുക്കെല്ലാവർക്കും കൂടി ഗുരുവായൂര് പോയി നിന്നിട്ട് തന്നെ തൊഴാം. ചേച്ചിയുടെ ഫസ്റ്റ് ശമ്പളം കിട്ടിയാൽ.\"

നന്ദന അകത്തുനിന്നും പറഞ്ഞു കൊണ്ടുവന്നു.

\"എന്താന്ന് വച്ചാ കാര്യം പറ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.\"

ചന്ദനക്ക് ദേഷ്യം വന്നു.

\"മോളേ എന്റെ കുട്ടിക്ക് വർമ്മ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ജോലി കിട്ടി. ഇതാ അപ്പോയ് മെൻറ് ലെറ്റർ. നേരിട്ട് ഇവിടെ കൊണ്ട് തരികയായിരുന്നു.\"

അച്ഛൻ കയ്യിൽ ഇരുന്ന കവർ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയായിരുന്നു എന്നു തോന്നി അവൾക്ക്. അപ്പോൾ ആ വില കൂടിയ കാർ അയാളുടേതായിരുന്നു..ജിതേന്ദ്രൻ ഒരു പടി ഇറങ്ങി കളിച്ചിരിക്കുന്നു..തന്റെ വീട്ടുകാരെ വെച്ച് തനിക്ക് വില പറഞ്ഞിരിക്കുന്നു.

ഈശ്വരാ..ഇതെന്തു പരീക്ഷണം ഇവർ ഇത്ര ആശിച്ചിരിന്നിട്ട് ഞാൻ ഇൗ ജോലി വേണ്ടെന്നു വെച്ചാൽ? എന്നെ അഹങ്കാരി എന്ന് മുദ്രകുത്തി എല്ലാവരും ഒറ്റപ്പെടുത്തും. അവള് മനസ്സിൽ ചിന്തിച്ചു കൊണ്ട് നിന്നു.

\"വാങ്ങൂ മോളേ..എന്നിട്ട് ഭഗവാന്റെ മുന്നിൽ കൊണ്ടുപോയി അർപ്പിച്ചു തൊഴുതു പ്രാർത്ഥിക്ക്..\"

അമ്മ നിറഞ്ഞ കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടച്ച് കൊണ്ട് പറഞ്ഞു.

വിറക്കുന്ന കൈകളോടെ അച്ഛന്റെ കയ്യിൽ നിന്നും കവർ വാങ്ങി ചന്ദന.മുറിയിലേക്ക് നടക്കുമ്പോൾ,അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.റൂമിൽ കയറി വാതിൽ അടച്ച് കട്ടിലിൽ കമിഴ്ന്നു കിടന്ന് കരഞ്ഞു അവള്..ഒച്ച പുറത്തു കേൾക്കാതിരിക്കാൻ,ഷാൾ വായിൽ വെച്ച് കൊണ്ട്.കുറെ നേരം അങ്ങനെ കിടന്നു അവള്.നന്ദന വാതിലിൽ മുട്ടി വിളിച്ചു.

\"ചേച്ചി..വാതിൽ തുറന്നേ.. എന്തെടുക്കുവാ എത്ര നേരമായി.\"

അവള് വാതിൽ പൊളിക്കും ഇനിയും തുറക്കാതെ ഇരുന്നാൽ എന്ന് കരുതി ചന്ദന എഴുന്നേറ്റു മുഖം അമർത്തി തുടച്ചു കൊണ്ട് വാതിൽ തുറന്നു.

\"എന്തുപറ്റി ചേച്ചി?\"

അവളുടെ ചോദ്യം കേട്ട് ചന്ദന പറഞ്ഞു.

\"ഒരു തലവേദന മോളേ..ചേച്ചി ഒന്ന് കിടക്കട്ടെ മോൾ അപ്പുറത്തേക്ക് ചെല്ല്.\"

അവളെ ഒഴിവാക്കി ചന്ദന വീണ്ടും കിടന്നു.
എന്തുചെയ്യണം എന്ന് ഒരു രൂപവും അവളുടെ മനസ്സിൽ തെളിഞ്ഞില്ല.ഇന്ദ്രന്റെ മുഖം മനസ്സിൽ തെളിയും തോറും അവളുടെ ഉള്ളിൽ ദേഷ്യം ഇരട്ടിച്ചു.( തുടരും)



നാദം നിലച്ച ചിലങ്ക.( ഭാഗം 5)

നാദം നിലച്ച ചിലങ്ക.( ഭാഗം 5)

4.4
1632

ഇതേ സമയം തന്റെ റൂമിൽ ജനലിനു അരികിൽ ഇട്ടിരിക്കുന്ന കസേരയിൽ ചാരി ഇരുന്നു സുധി.അവന്റെ ഓർമ്മകൾ പഴയ കലാലയ ഗ്രൗണ്ടിൽ നിരത്തിയ കസേരയിൽ ഇരുന്ന് അടുത്ത ഐറ്റം ചന്തുവിന്റെ ഡാൻസ് കാണാൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന തന്റെ, അരികിലൂടെ ഓടി വന്ന ഒരു കൂട്ടം പിള്ളേർ, കയ്യിൽ ഹോക്കി സ്റ്റികും ഉയർത്തി പിടിച്ച്,അട്ടഹാസം മുഴക്കുന്നത് കണ്ട് ചിതറി ഓടിയവരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നു. കുറച്ച് മാറി ചെന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്റ്റേജിൽ പകച്ചു നിൽക്കുന്ന ചന്തുവിനെ ആണ് കണ്ടത്.തിരികെ ഓടി വന്ന് അവളെ പിടിച്ച് കൊണ്ട് പോകാൻ വരുമ്പോൾ ആണ് നാലഞ്ചു പേര് അവളുടെ അടുത്തേക്ക് ചെല