സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ( ഭാഗം-4)
മുകളിലത്തെ മുറിയുടെ വാതിൽക്കൽ എത്തിയതും അകത്തെ കാഴ്ച കണ്ട് സീതയും, മാധവിയും മുഖത്തോട് മുഖം നോക്കി.
ചുമരിനോട് ചേർന്ന് താഴെയിരിക്കുന്ന അമ്മയെ കണ്ടതും സീത വേഗം തന്നെ അവർക്ക് അരികിലേക്ക് നടന്നടുത്തു.
അമ്മയുടെ നെറ്റിത്തടത്തിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു.
മാധവിയും അവർക്കരിയിൽ എത്തിയിരുന്നു.
" വേഗം തന്നെ ഒരു ഗ്ലാസ് വെള്ളവും തുണിയും എടുത്തുകൊണ്ടു വരൂ..... "
സീതയുടെ വാക്കുകൾ കേട്ടതും മാധവി താഴേക്ക് നടന്നു.
മുറിയാകെ ഭക്ഷണവും അതുകൊണ്ട് വന്ന പാത്രവും ചിതറി കിടക്കുകയായിരുന്നു.
സീത സാവധാനം അമ്മയെ നിലത്തുനിന്ന് എഴുന്നേൽപ്പിച്ച് അവിടെ കിടന്നിരുന്ന കസേരയിൽ ഇരുത്തി.
പെട്ടെന്നാണ് സീത നിലത്ത് ചിതറി കിടന്നിരുന്ന ഭക്ഷണത്തിനൊപ്പം, കട്ടിലിനോട് അരികിലേക്ക് ചേർന്നു കിടന്നിരുന്ന വീൽ ചെയറും,അതിൽ ചാരി വെച്ചിരുന്ന ഒരു വെപ്പു കാലും കണ്ടത്.
സീതയുടെ കണ്ണുകൾ കട്ടിലിൽ ഇരുന്നിരുന്ന ആളിലേക്കായി.
താടിയും മുടിയും നീട്ടി വളർത്തിയ ഒരു രൂപം...
കട്ടിലിലെ ഇരുപ്പിൽ തന്നെ രണ്ടു കാലുകളിൽ ഒന്ന് ഇല്ല എന്ന് സീതയ്ക്ക് മനസ്സിലായി.
മുഖത്ത് ദേഷ്യ ഭാവമാണ്.... എന്തിനോടോ ഒക്കെയുള്ള പക ആ മുഖത്ത് നിഴലിച്ചു കാണുന്നുണ്ട് .
ഈ സമയം മാധവി വെള്ളവും തുണിയും ആയി എത്തി.
സീത വെള്ളം വാങ്ങിച്ച് അമ്മയ്ക്ക് നൽകി.
തുണികൊണ്ട് നെറ്റിത്തടത്തിൽ പൊടിഞ്ഞ് ഇറങ്ങിയ രക്തം തുടച്ചു.
" ആശുപത്രിയിൽ പോകണോ അമ്മേ.... "
സീതയുടെ വാക്കുകൾ കേട്ടതും അവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" വേണ്ട മോളെ.... ഇതൊക്കെ ഇവിടെ പതിവുള്ളതാ.... "
നിരാശയും വേദനയും കലർന്ന വാക്കുകൾ.
ആ വേദന മുഴുവൻ മകനെ കുറിച്ച ആണെന്ന് സീതയ്ക്ക് മനസ്സിലായി.
താളം തെറ്റിയ മനസ്സാണ് അയാളുടേതെന്ന് സീതയ്ക്ക് തോന്നി.
" മാധവി.... നീ ഈ തറ ഒന്ന് വൃത്തിയാക്ക്... "
അമ്മ ഇതു പറഞ്ഞിട്ട് സീതയെ കൂട്ടി പുറത്തേക്ക് നടന്നു.
പുറത്തേക്ക് നടക്കുന്നതിനിടയിൽ സീത ഒരു ആവർത്തി കൂടി, അയാളെ നോക്കി.
അപ്പോഴും ആ മുഖഭാവത്തിൽ, ഒരു ഭാവ മാറ്റവും സീത കണ്ടില്ല.
" ഞങ്ങളുടെ വലിയ പ്രതീക്ഷയായിരുന്നു അനന്തൻ.... അതുപോലെതന്നെയായിരുന്നു അവന് ഞങ്ങളോടും... ഞങ്ങളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവൻ..... "
അവർ ഇതു പറഞ്ഞിട്ട് താഴേക്ക് ഉള്ള നടകളിറങ്ങാതെ, മുകളിലത്തെ മറ്റൊരു മുറിയിലേക്ക് നടന്നു.
" വായനയും എഴുത്തും പിന്നെ ഞങ്ങളുമായിരുന്നു അവന്റെ കൂട്ടുകാർ.... നന്നായി എഴുതുമായിരുന്നു.... ഇതിനിടെ പത്രപ്രവർത്തനം.... അതും അവന് ഇഷ്ടപ്പെട്ട ജോലിയായിരുന്നു... അവൻ എഴുതിയ കുറെ പുസ്തകങ്ങളൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്..... "
ഇതു പറഞ്ഞിട്ട് പൂട്ടിക്കിടന്ന ഒരു മുറി അവർ തുറന്നു.
ആ മുറിക്കകം കണ്ടതും സീത അത്ഭുതപ്പെട്ടുപോയി.
പുസ്തകങ്ങൾ നിറഞ്ഞ ഒരു മുറി.....
മുറിക്കകത്തെ അലമാരികളിൽ ഭംഗിയായി അടക്കിവച്ചിരിക്കുന്ന പുസ്തകങ്ങൾ...
മുറിക്ക് നടുവിലായി എഴുതുവാനും വായിക്കുവാനുമായി ഒരു ടേബിളും ചെയറും കിടക്കുന്നു.
ഇതിനിടെ അമ്മ പുസ്തക ഷെൽഫിൽ എവിടെയോ പരതി, ഒരു പുസ്തകം എടുത്ത് സീതയുടെ നേരെ നീട്ടി.
" അവൻ എഴുതിയ പുസ്തകമാണ്..... "
ആമുഖം പോലെ അവർ പറഞ്ഞു.
സീത അത് വാങ്ങിച്ച്, പുറം ചട്ട നോക്കി, പുസ്തകം തുറന്ന് പുസ്തകത്താളുകളിലെ വരികളിലൂടെ കണ്ണോടിച്ചു.
" പിന്നെ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.......? "
സീത ആകാംക്ഷയോടെ ചോദിച്ചു.
" ഒരു ആക്സിഡന്റ് ആണ് അവന്റെ ജീവിതം മാറ്റിമറിച്ചത്..... അതിനുശേഷം സ്നേഹിച്ച പെൺകുട്ടിയുടെ പ്രണയത്തിൽ നിന്നുള്ള പിന്മാറ്റവും.... ഇതുരണ്ടും എന്റെ മോനെ ആ മുറിക്കുള്ളിൽ തടവുകാരൻ ആക്കി തീർത്തു.... "
അമ്മയുടെ കണ്ണുകൾ നിറയുന്നത് സീത കണ്ടു.
സീത അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ആ ചുമലിൽ കൈകൾ വച്ചു.
" ഒന്നും വേണ്ടായിരുന്നു..... ആ മുറിക്കുള്ളിൽ നിന്ന് അവൻ ഒന്ന് പുറത്തുവന്നാ യിരുന്നെങ്കിൽ മാത്രം മതിയായിരുന്നു.... ഇതിപ്പോ അവൻ അവനെ തന്നെ തോൽപ്പിക്കുകയാണ്...... "
കണ്ണുനീർത്തുള്ളികൾ അടർന്നുവീഴാൻ തുടങ്ങിയപ്പോഴേക്കും, സീത, അമ്മയെ തന്നോട് ചേർത്തു നിർത്തി.
ഇവിടെ വന്നിട്ട് അധികം നേരം ആയില്ലെങ്കിലും താൻ ഇതുവരെ കാണാത്ത കുറെ മുഖങ്ങളെ കണ്ടു കഴിഞ്ഞിരിക്കുന്നു.....
ഇതുവരെ തനിക്ക് അന്യമായ മുഖങ്ങൾ... ഇതുവരെ താൻ കേൾക്കാത്ത കഥകൾ.....
ജീവിതം ഇങ്ങനെയാണ്...... ആ യാത്രയിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന കുറെ കഥാപാത്രങ്ങൾ.....
അമ്മയ്ക്കൊപ്പം മുറിയടച്ച് സീത താഴേക്ക് നടന്നു.
ഈ സമയം പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം അവർ കേട്ടു.
" അദ്ദേഹം എത്തിയെന്നു തോന്നുന്നു... "
അവരുടെ വാക്കുകൾ കേട്ടപ്പോഴാണ് താൻ എന്തിനാണ് ഇവിടെ വന്നതെന്ന കാര്യം സീത ഓർത്തത് തന്നെ.
ഇതുവരെ താൻ മറ്റേതോ ലോകത്ത് ആയിരുന്നു.
ഇനി തന്റെ ലോകമാണ്..... താനും അച്ഛനും അമ്മയും അടങ്ങുന്ന തന്റെ ലോകം.... ആ സ്വപ്നങ്ങളിലൂടെ പറന്നു നടക്കണമെങ്കിൽ തനിക്ക് ആദ്യം വേണ്ടത് ഒരു ജോലിയാണ്... അതിനുവേണ്ടിയാണ് താനിവിടെ എത്തിയിരിക്കുന്നത്.
ആ കാര്യം ഓർത്തപ്പോൾ മനസ്സിൽ ഒരു അല്പം ഭയം തോന്നാതിരുന്നില്ല.
വേഗം തന്നെ അമ്മയ്ക്കൊപ്പം സീത മുൻവശത്തേക്ക് നടന്നു.
.............................. തുടരും..............................
"
സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ( ഭാഗം-5)
മേനോൻ സാറിനോടൊപ്പം, വീടിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ സീതയുടെ നെഞ്ചിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഗൗരവ ഭാവമാണ് . സംസാരത്തിനിടയിൽ തന്നെ പുഞ്ചിരിച്ചു കാണുന്നത് വല്ലപ്പോഴുമായിരുന്നു. ബംഗ്ലാവിനു മുന്നിൽ നിന്നുള്ള, അമ്മയുടെ സംസാരത്തിൽ തന്നെ തനിക്ക് അത് മനസ്സിലായി. വളരെ ശബ്ദം കുറച്ചും ബഹുമാനത്തോടും കൂടിയാണ് അമ്മ, അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. ഓഫീസ് മുറിയുടെ വാതിൽ തുറന്ന് അദ്ദേഹത്തോടൊപ്പം, സീതയും അകത്തേക്ക് കയറി. അദ്ദേഹം തന്റെ ചെയറിൽ ഇരുന്നതിനു ശേഷം സീ