Aksharathalukal

Sa Ro Ja Chapter 2

ഹോസ്പിറ്റലിലെ സൈക്യാട്രിക് ഒ.പി യില്‍ അവന്‍ നിശബ്ദനായി കാത്തിരുന്നു. അടുത്തു നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അവന്‍ കാത്തിരിക്കുകയായിരുന്നു.

“വിദ്യുത്”

ആ വിളി കേട്ടപ്പോള്‍ അവന്‍ അകാരണമായി ഞെട്ടി, പിന്നെ തെല്ലു പരിഭ്രമത്തോടെ കൈയിലിരുന്ന ബാഗ് കൂട്ടിപ്പിടിച്ചു കൊണ്ട് സീറ്റില്‍ നിന്നെഴുന്നേറ്റ് നടന്നു. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലെ കസേരകളിലൊന്നില്‍ അനുവാദം ചോദിക്കാതെ തന്നെ അവൻ ഇരുന്നു.

ശ്രീകാന്ത് അവന്‍റെ മുഖത്തു നിന്നു അവന്‍റെ പ്രശ്നങ്ങളുടെ ആഴത്തെ മനസ്സിലാക്കിയിരിക്കാം. അയാള്‍ ഒരു ചെറിയ ചിരിയോടെ നേഴ്സിനോട് പുറത്തേക്കു പോയ്ക്കോളാന്‍ ആംഗ്യം കാണിച്ചു.

വിദ്യുത് സംഭവങ്ങള്‍ വിശദീകരിക്കുമ്പോഴും ശ്രീകാന്ത് മുന്നിലെ പേപ്പറില്‍ കുത്തിക്കുറിക്കുകയായിരുന്നു. വിശദീകരണങ്ങള്‍ക്കൊടുവില്‍
അയാള്‍ പറഞ്ഞു തുടങ്ങി.

\"വിദ്യുത് എഞ്ചിനീയറിംഗ് പഠിക്കുവാണെന്നല്ലേ പറഞ്ഞത്? ശരിക്കും എഞ്ചിനീയറിംഗ് പഠിക്കുക എന്നത് വിദ്യുതിന്റെ സ്വന്തം ആഗ്രഹം ആണോ?\"

\"അതേ സർ. ആൻഡ് അയാം ലിറ്ററലി ട്രയിങ് മൈ ബെസ്റ്റ് ഫോർ ഇറ്റ്.\"

\"അപ്പോൾ പിന്നെ എന്തിനാ ഇത്രയും സ്ട്രെസ്സ് എടുക്കുന്നത്? വൈ ഷുഡ് യൂ കീപ്പ് ട്രയിങ്?അംബീഷൻ അതാണെങ്കിൽ യൂ കാൻ ഈസിലി അച്ചീവ് ഇറ്റ്. സോ അതിനെ അതിൻ്റെ വഴിക്കു വിട്ടാൽ പോരെ. സത്യം പറ ശരിക്കും നീ ഈ പ്രൊഫെഷന്‍ ആഗ്രഹിക്കുന്നുണ്ടോ?

\"അങ്ങനെ ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും. എന്റെ അച്ഛനു ഞാന്‍ എഞ്ചിനീയര്‍ ആവണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അച്ഛൻ ഇപ്പോ ഇല്ല. നന്നായി പഠിക്കണം, അമ്മയെ നോക്കണം എന്നൊക്കെ അച്ഛന്‍ അസുഖമായി കിടന്നപ്പോഴൊക്കെ പറയുമായിരുന്നു.\"

\"മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ വേണ്ടെന്നു വെച്ചിട്ട് പറ്റാത്ത ഭാരവും ചുമന്നുള്ള നടത്തം. അങ്ങനെയല്ലേ?\"

\"പക്ഷേ ഡോക്ടര്‍ ഇതൊന്നുമല്ല എന്‍റെ വിഷയം. എന്‍റെ വിഷയം ആ രാത്രിയാണ്, ആ രണ്ടു പേരാണ്.\"

\"ഞാന്‍ വിഷയത്തിൽ നിന്നു ഡൈവെര്‍ട്ട് ആയില്ല വിദ്യുത്, അതാണ് നിന്‍റെ പ്രശ്നം. അതിന്‍റെ കാരണമാണ് ഞാന്‍ പറയുന്നത്. അച്ഛന്‍റെ ആഗ്രഹം നിറവേറ്റാന്‍ നീ എടുക്കുന്ന എഫര്‍ട്ട്, അമ്മയുടെ അപ്രതീക്ഷിത വിയോഗം, ഈ ഒറ്റപ്പെടൽ എല്ലാം നീ അറിയാതെ തന്നെ നിന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചിലപ്പോൾ സാധാരണമെന്നു തോന്നിയേക്കാവുന്ന ഈ പ്രശ്നങ്ങൾ നിന്‍റെ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്നുണ്ടാവാം. ഒരു പക്ഷേ അതു തന്നെയാവാം നിന്റെ ഈ തോന്നലുകൾക്ക് ആക്കം കൂട്ടുന്നത്.\"

\"ഡോക്ടര്‍ പറഞ്ഞു വരുന്നത് എനിക്കു ഭ്രാന്താണെന്നാണോ?\"

\"അല്ല. ഞാൻ പറഞ്ഞത് നീ മെൻ്റലി വളരെയധികം സ്ട്രെസ്സ്ഡ് ആണെന്നാണ്. ഇനി നീ പറയുന്നതായ നിന്‍റെ പ്രശ്നങ്ങളിലേക്ക് വരാം. കോൾ ഇൻ്റർഫിയറാവുന്നത് അത്ര വലിയ കാര്യമല്ല. ഒന്നു രണ്ടു തവണ എനിക്കും ഇതു പോലെ സംഭവിച്ചിട്ടുണ്ട്. പിന്നെ ലൈറ്റ് പോയതും സംഭവിക്കാവുന്നതേ ഉള്ളു. പിന്നെ ആ രണ്ടു പേര്‍, പിന്നെ ഇല്ലാത്ത ഒരു ട്രെയിന്‍. അതൊക്കെയാണ് നീ പറയുന്ന നിന്‍റെ പ്രശ്നങ്ങള്‍.\"

\"അതെ.\"

\"നീ പറയുന്ന സ്ത്രീയുടെ രൂപം നീ ഓര്‍ക്കുന്നുണ്ടോ?\"

\"ഇല്ല. അവരുടെ മുടി കാരണം മുഖം മറഞ്ഞിരുന്നു. പിന്നെ രാത്രി ആയിരുന്നല്ലോ. ഒന്നും വ്യക്തമായിരുന്നില്ല.\"

\"അപ്പോള്‍ പുറകില്‍ നിന്നു വിളിച്ചയാളുടേയോ?\"

\"അയാള്‍ ഒരു ടോര്‍ച്ച് അടിച്ചാണ് വന്നത്.\"

\"അയാള്‍ കാണാന്‍ എങ്ങനെയായിരുന്നു?\"

\"വലിയ മീശയുള്ള ഒരു മിഡിൽ എയ്‌ജ്ഡ് ആയ ഒരാൾ. പിന്നെ അയാളുടെ ഡ്രസ്സ് വൈറ്റ് അയിരുന്നു.\"

\"വേറെന്തെങ്കിലും?\"

\"മുടി കേറിയ നെറ്റി, നീണ്ട മുഖം, ചെറിയ കണ്ണുകള്‍, പിന്നെ പുരികത്തിനു മുകളിലായി ഒരു മുറിപ്പാടും.\"

\"അത്ര ക്ലിയറാണോ?\"

\"അത് ആഴത്തിലുള്ള വലിയ മുറിപ്പാടായിരുന്നു.\"

\"ഞാന്‍ ചോദിച്ചത് മുറിപ്പാടിന്‍റെ കാര്യമല്ല. രാത്രി ഇത്രയും ഇരുട്ടത്ത് ഇത്ര വ്യക്തമായി നിങ്ങള്‍ അയാളെ എങ്ങനെ കണ്ടു. എന്താ അയാള്‍ സ്വന്തം മുഖത്തായിരുന്നോ ടോര്‍ച്ച് അടിച്ചത്?\"

\"എന്‍റെ പിന്നില്‍ നിന്നു വിളിച്ച അയാള്‍ക്ക് അഭിമുഖമായാണ് ട്രെയിന്‍ വന്നത്. ട്രെയിന്‍റെ വെളിച്ചമാവാം അയാളുടെ മുഖത്ത് ഞാന്‍ കണ്ടത്.\"

\"നീ പറഞ്ഞതെല്ലാം ഞാൻ സമ്മതിക്കുന്നു. പക്ഷേ ഫാക്ട് എന്താണെന്നു വച്ചാൽ ഇതൊരു ഇല്ല്യൂഷൻ ആണു.\"

\"സർ എന്താണ് പറഞ്ഞു വരുന്നത്?\"

\"ആ സ്ത്രീ, ടോര്‍ച്ചുമായി വന്നയാള്‍, ആ ട്രെയിന്‍ എല്ലാം നിന്‍റെ ഇമാജിനേഷൻ ആണ്. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം കാരണം വിശ്വസിക്കാൻ അൽപ്പം പ്രയാസമുള്ള കാര്യങ്ങളാണ് അത്. ഞാൻ പറഞ്ഞു വരുന്നത് സ്കീസോഫ്രീനിയ പോലെയുള്ള ചില അവസ്ഥകൾ മനുഷ്യന്റെ മനസ്സിനു നേരിടേണ്ടി വരാറുണ്ട്. ആ സമയത്തു ശരിയേത് മിഥ്യയേത് എന്നു തിരിച്ചറിയാൻ പോലും മനസ്സിനാവില്ല. ആ സമയത്തു മനസ്സു സഞ്ചരിക്കുന്ന വഴികളത്രയും ശരിയെന്നു വിശ്വസിക്കാനേ മനുഷ്യനാവു, അതുമല്ലെങ്കിൽ കാണുന്നതെന്തും ശരിയാണെന്നു മനസ്സു അങ്ങു വിശ്വസിപ്പിച്ചു കളയും. ഞാൻ പറഞ്ഞത് വിദ്യുതിനു മനസ്സിലായോ?.\"

\"പൂർണ്ണമായും മനസ്സിലായില്ല. പക്ഷേ ഡോക്ടർ പറയുന്നത് കേൾക്കുമ്പോൾ എനിക്കു തോന്നുന്നത് എനിക്കും സ്കീസോഫ്രീനിയ ആണെന്നാണ്?\"

\"അങ്ങനെയല്ല ഞാൻ പറഞ്ഞത്. ചില സമയങ്ങളിൽ ഒരിക്കലും നടക്കാത്ത മിഥ്യകളെ പോലും മനസ്സിനു നമ്മളെ വിശ്വസിപ്പിക്കാൻ കഴിയും എന്നാണ്. സ്കീസോഫ്രീനിയ ഉള്ളവരിൽ അതു തുടർച്ചയായി കാണപ്പെട്ടേക്കാം. വിദ്യുതിനു ഇതു ആദ്യത്തെ സംഭവം അല്ലെ. അതു കൊണ്ടു ചാടിക്കേറി അങ്ങനെ ഒരു നിഗമനത്തിൽ ഒന്നും എത്തേണ്ട. പകരം ഇതൊരു സ്വപ്നം ആയിട്ടു കരുതി മറന്നു കളയുന്നതാവും നല്ലത്.\"

\"സർ പക്ഷെ ഞാൻ കണ്ട കാര്യങ്ങൾ അത്രയും ഇപ്പോഴും അതേ ക്ലാരിറ്റിയിൽ സാറിനോട് എനിക്ക് പറയാൻ പറ്റുന്നുണ്ടല്ലോ?\"

\"നിനക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നെനിക്കറിയാം. നീ ഇപ്പോള്‍ കരുതുന്നില്ലേ അയാള്‍ വന്നു വിളിച്ചത് കൊണ്ടാണ് നീ രക്ഷപ്പെട്ടതെന്ന്. അല്ല. ആ ട്രെയിന്‍ മുട്ടിയാലും നീ മരിക്കില്ലായിരുന്നു. കാരണം ആ ട്രെയിൻ സൃഷ്ടിച്ചത് നിൻ്റെ മനസ്സാണ്, അതൊരിക്കലും യഥാർത്ഥമല്ല. യഥാർത്ഥമല്ലാത്ത ഒന്നിനും നിനക്ക് ദോഷമുണ്ടാക്കാൻ സാധിക്കില്ല. നീ കണ്ടു എന്നു പറയുന്ന രണ്ട് പേരില്ലേ അതും നിന്‍റെ തോന്നലാണ്.\"

\"ഞാന്‍ ഇനി എന്താണ് ചെയ്യേണ്ടത്?\"

\"മനസ്സിനെ ശാന്തമായി വിട്. സ്ട്രെസ്സ് ഒഴിവാക്ക്. മെഡിസിൻ ആയി തൽക്കാലം ഉറക്കത്തിനുള്ളതു മാത്രമേ ഞാൻ തരുന്നുള്ളു. അതും ഉറക്കം കിട്ടുന്നില്ല എന്നു തോന്നുകയാണെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. ശരിക്കും ചെയ്യേണ്ടത്‌ നീ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുക, അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക, അതനുസരിച്ച് പ്രവര്‍ത്തിക്കുക. അതിലും നല്ല ഒരു മരുന്നും എനിക്കു സജ്ജസ്റ്റ് ചെയ്യാനില്ല.\"

\"താങ്ക്സ് ഡോക്ടർ.\"

ശ്രീകാന്ത് അവനു നേരെ ഒരു പേപ്പര്‍ നീട്ടി.

\"ഇത്…?\"

\"നീ പറഞ്ഞതു വച്ച് ഞാന്‍ ഒന്നു വരച്ചു നോക്കിയതാ. ഇയാളെയാണോ നീ കണ്ടത്?\"

\"അതേ, ഇയാൾ തന്നെ. ഡോക്ടർക്ക് ഇയാളെ അറിയാമോ?\"

\"അറിയാം, എനിക്കല്ല നിനക്ക്. നീ കണ്ടു മറന്ന ഏതെങ്കിലും ഒരു മുഖമോ അല്ലെങ്കില്‍ മുഖങ്ങളുടെ സങ്കലനമോ ആവാം ഇത്. ഇതാരാണെന്ന് കണ്ടെത്താന്‍ നീ നിന്‍റെ ഉപബോധ മനസ്സിനോട് ചോദിക്കുന്നതാണ് നല്ലത്. പിന്നെ നിന്‍റെ ഒരു സമാധാനത്തിനു വേണ്ടി വെറുതേ ഞാന്‍ വരഞ്ഞു എന്നതിനേക്കാള്‍ ഒരു ഇമ്പോർട്ടൻസ് ആ ചിത്രത്തിനു കൊടുക്കേണ്ടതില്ല. അതു കൊണ്ടു അതു പോവുന്ന വഴിക്ക് ആ ചവറ്റുകൊട്ടയിൽ കളഞ്ഞേക്ക്.\"

\"ഓക്കേ ഡോക്ടർ\"

അവന്‍ ആ കടലാസ് ചുരുട്ടിക്കൂട്ടി. പോവാൻ ഒരുങ്ങിയ വിദ്യുത് തിരിഞ്ഞു നിന്നു ചോദിച്ചു.

\"അപ്പോൾ ആ സ്ത്രീ?\"

\"നീ അവരുടെ മുഖം കണ്ടില്ലല്ലോ?.നിനക്കു ഇപ്പോ അമ്മയെ നല്ല പോലെ മിസ് ചെയ്യുന്നില്ലേ. എനിക്കു തോന്നുന്നത് ഒരു പക്ഷേ അവരുടെ മുഖം നീ കണ്ടിരുന്നെങ്കിൽ അതിനു നിന്റെ അമ്മയുടെ മുഖച്ഛായ ആയിരുന്നേനെ. അവർ നടന്നു പോവുന്നതല്ലേ നീ കണ്ടത്, ഒന്നോർത്തു നോക്ക് അവർ നടന്നിരുന്നത് നിന്റെ അമ്മ നടക്കുന്നത് പോലെയല്ലേ?\"

\"അല്ല ഡോക്ടർ.\"

തന്റെ കണ്ടെത്തലുകളിൽ ആദ്യമായി പിഴവ് സംഭവിച്ചു എന്ന തിരിച്ചറിവിൽ ശ്രീകാന്ത് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. അവൻ തുടർന്നു.

\"എന്റെ അമ്മ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല. എനിക്കു ഓർമ്മയുള്ളപ്പോൾ മുതൽ ഞാൻ കണ്ടത് അമ്മയ്ക്ക് അരയ്ക്കു കീഴെ തളർന്ന അവസ്ഥ ആയിരുന്നു. അച്ഛൻ മരിക്കുന്നത് വരെ അച്ഛനാണ് അമ്മയ്ക്ക് എല്ലാ സഹായവും ചെയ്തു കൊടുത്തിട്ടുള്ളത്. അച്ഛൻ പോയപ്പോൾ ഞാൻ സഹായിച്ചു തുടങ്ങി. പക്ഷെ ഡോക്ടർ പറഞ്ഞ ഒരു കാര്യം ശരിയാണ്. ഞാൻ ഇപ്പോൾ ഏറ്റവും അധികം മിസ് ചെയ്യുന്നത് എന്റെ അമ്മയെ ആണു. കാരണം അമ്മ മരിച്ചു ഇപ്പോ രണ്ടു മാസം ആവുന്നതേയുള്ളു. വീട്ടിൽ നില്ക്കു‍മ്പോഴൊക്കെ അമ്മയുടെ ഓർമകളാണ്. അതിൽ നിന്നും ഒരു ചേഞ്ച് ആവട്ടെ എന്നു കരുതിയാണ് ഞാൻ ഇവിടേയ്ക്ക് മാറിയത് തന്നെ.\"

\"സോറി. ഞാൻ അതു നിന്നോട് ആദ്യമേ ചോദിക്കണമായിരുന്നു.\"

\"പക്ഷേ ഇപ്പോഴും ഡോക്ടർ പറഞ്ഞതാണ് ശരി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ തന്നെ മോശം ആണു, അതിന്റെ കൂടെ മനസ്സിന് സ്ഥിരത കൂടെ ഇല്ലാതായാലോ?\"

\"മനസ്സിൻ്റെ സ്ഥിരത ഒക്കെ ഒരു ഞാണിന്മേൽ കളിയാണു വിദ്യുത്. ഈ കാണുന്ന എൻ്റെ മനസ്സിൻ്റെ താളം പോലും തെറ്റിയേക്കാം. പിന്നെ മനുഷ്യനായി പിറന്ന എല്ലാവർക്കും അല്ലറ ചില്ലറ വട്ടൊക്കെ കാണും, സമാധാനപ്പെടു. എല്ലാം ശരിയാവും. എന്റെ കാർഡ് കൈയിൽ വച്ചോളു എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ മടിക്കേണ്ട. പിന്നെ ഇതൊരു ട്രീറ്റ്മെന്റ് ആയൊന്നും ഞാൻ കൂട്ടിയിട്ടില്ല, ഒരു അനിയൻ വന്നു സഹായം ചോദിച്ചു ഞാൻ എന്നാലാവുന്ന സഹായം ചെയ്തു അത്ര മാത്രം. ഇതിങ്ങനെ മനസ്സിലിട്ടു വല്ലാതെ പൊലിപ്പിക്കാൻ നിക്കേണ്ട\"

\"താങ്ക്സ് ഫോർ ദി ഹെൽപ് ഡോക്ടർ.\"

അവന്‍ മുറി വിട്ടു നടന്നിറങ്ങി. നടന്നതത്രയും മറന്നു കളയാൻ അവൻ്റെ മനസ്സിനെ അവൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അവന്‍ കണ്ണില്‍ നിന്നു മറയും വരെ ശ്രീകാന്ത് അവനെ തന്നെ നോക്കി നിന്നു.

അവന്‍ വീട്ടിലെത്തി കയ്യില്‍ മടക്കിപ്പിടിച്ചിരുന്ന കടലാസെടുത്ത് മുറിയുടെ ഏതോ മൂലയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രിയെ അവന്‍ ഒരു സ്വപ്നമായി കണ്ട് സമാധാനിച്ചു തുടങ്ങി. അന്നു രാത്രി അവന്‍ നേരത്തേ കിടന്നു. പെട്ടെന്ന് അവന്‍റെ ഫോണ്‍ റിംഗ് ചെയ്തു. അവന്‍ ഫോണിലേക്ക് നോക്കി അതില്‍ നമ്പര്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല. പക്ഷേ റിംഗ് നിലയ്ക്കാതെ തുടര്‍ന്നു. അവന്‍ കോള്‍ അറ്റന്‍ഡ് ചെയ്തില്ല. അപ്പോള്‍ ലൈറ്റ് അത്രയും ഡിം ആയി. അവന്‍ ടോര്‍ച്ച് തെളിച്ച് ജനല്‍ക്കലൂടെ പുറത്തേക്ക് നോക്കി. ഒരു സ്ത്രീ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോവുന്നത് അന്നും അവന്‍ കണ്ടു. അവന്‍ ടോര്‍ച്ച് ക്ലോക്കിലേക്ക് തിരിച്ചു.8.15. അതേ സമയം. അവന്‍ ഇറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്നു. കുറച്ചു ദൂരം പിന്നിട്ട ആ സ്ത്രീ ആരുടെയോ വിളി കേട്ടു നിന്നു. പുറകിലൊരാള്‍ ടോര്‍ച്ച് തെളിച്ച് ഓടി വന്നു. ദൂരെ നിന്നു ട്രെയിന്‍ വരുന്നുണ്ട് അവന്‍ ട്രാക്കിലേക്ക് കയറി നിന്നു. ട്രെയിന്‍ അടുത്തെത്തിയെന്നു തോന്നിച്ചപ്പോള്‍ അവന്‍ കണ്ണുകളിറുക്കി അടച്ച് ട്രാക്കില്‍  മുട്ടുകുത്തി നിന്നു. ട്രെയിനിന്‍റെ ഇരമ്പല്‍ അടുത്തെത്തിയെങ്കില്‍ പോലും അവനെ തൊടാതെ കടന്നു പോയി. അവന്‍ കണ്ണു തുറക്കുമ്പോള്‍ ആ സ്ത്രീയില്ല, പുറകില്‍ നിന്നു വന്ന അയാളില്ല, ട്രെയിനുമില്ല. അവന്‍ അവന്‍റെ വിഭ്രാന്തിയുടെ ആഴം മനസ്സിലാക്കിയതിനാലാവാം ട്രാക്കില്‍ മുട്ടുകുത്തിയിരുന്നു കരഞ്ഞു. ഇതത്രയും ദൂരെ നിന്ന് മറ്റൊരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും അവനെ ആശ്വസിപ്പിക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിക്കാതെ അയാള്‍ തിരിച്ചു പോയി.

തുടരും...



Sa Ro Ja Chapter 3

Sa Ro Ja Chapter 3

4.7
784

അവന്‍ മുറിയിലെത്തി ബെഡ്ഡില്‍ ഇരുന്നു. എന്തോ ആലോചിച്ചെന്ന പോലെ അവന്‍ മുറിയാകെ അന്വേഷിച്ച് അയാളുടെ ചിത്രം വരച്ച പേപ്പര്‍ കണ്ടെത്തി.പിറ്റേന്നു രാവിലെ അവന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. അവനെ കണ്ടതും പ്രവീണിൻ്റെ മുഖത്തു ഒരു താൽപ്പര്യക്കുറവ് നിഴലിച്ചു.\"ഇന്നലെ ആരെങ്കിലും മരിച്ചോ എന്നറിയാന്‍ വന്നതാണോ?\"\"അല്ല.\"\"ട്രെയിന്‍ എല്ലാം കറക്റ്റായി ഓടുന്നുണ്ട്. ഇനിയും സംശയം ഉണ്ടെങ്കിൽ അവിടെ ഒരു ബോർഡ് വച്ചിട്ടുണ്ട് അതു നോക്കിയാൽ ട്രെയിൻ ടൈമിംഗ് ഒക്കെ അറിയാൻ പറ്റും.\"\"ഞാന്‍ അതിനല്ല വന്നത്, സാര്‍ ഇതു ഒന്നു നോക്കിയേ. ഇതു പോലൊരാളെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?\"പ്രവീൺ കട