Aksharathalukal

Sa Ro Ja Chapter 5

\"പോകും പാഥൈ ദൂരം ഇല്ലൈ
വാഴും വാഴ്കൈ ഭാരം ഇല്ലൈ
സായ്ന്തു തോള്‍ കൊടു
ഇരൈവന്‍ ഉന്തന്‍ കാലടിയില്‍
ഇരുള്‍ വിലഗും അക ഒലിയില്‍
അന്നം പകിഴ്ന്തിടു...\"

\"അന്നാണ് ഞാന്‍ സരോജയെ ആദ്യമായി കാണുന്നത്. റായ്വരത്തേക്കുള്ള എൻ്റെ യാത്രയിൽ. ട്രെയിനില്‍ ഒരു കൈക്കുഞ്ഞുമായി പാട്ടു പാടി ഭിക്ഷ യാചിച്ചു വന്ന അവളുടെ മുഖം ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന നൂറിന്‍റെ നോട്ട് അവളുടെ ഭിക്ഷ പാത്രത്തിലിട്ടപ്പോള്‍ എനിക്കു നഷ്ടബോധമില്ലായിരുന്നു. കാരണം ഒരു അന്ധയായ അവള്‍ ആ കുഞ്ഞിനെ വളര്‍ത്തുന്നതിനായി വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കു തോന്നി.\"

\"പിന്നെ എപ്പോഴാണ് കണ്ടത്?\"

\"പിന്നെയും കുറച്ചു നാളുകൾക്കു ശേഷം. അന്നു പക്ഷേ ഞാനല്ല അവളെ കണ്ടത്. ജാസ്മിനായിരുന്നു എന്റെ ഭാര്യ. ജോലി കഴിഞ്ഞ് വന്ന എന്നോട് അവളാണ് പറഞ്ഞത്. വീടിനടുത്തുള്ള പുറമ്പോക്കില്‍ ടെൻ്റടിച്ചാണ് അവര്‍ താമസിക്കുന്നതെന്ന്. പിന്നീടുള്ള ഓരോ ദിവസവും അവരെ കുറിച്ച് ഓരോ പുതിയ കാര്യങ്ങള്‍ അന്വേഷിച്ച് എന്നോട് പറയുന്നത് ജാസ്മിന്‍ ശീലമാക്കി. അവള്‍ക്ക് ആരുമില്ലെന്നുള്ളതും, കുട്ടിയുടെ കാര്യങ്ങള്‍ നോക്കുന്നതിനു അവള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അറിഞ്ഞപ്പോള്‍ എനിക്കും സഹതാപം തോന്നി എന്നതാണ് സത്യം.\"

\"എന്നിട്ട് സാര്‍ എന്തു ചെയ്തു?\"

\"ജാസ്മിന്‍റെ അനുവാദത്തോടെ ഞാന്‍ സരോജയോട് ഒരു കാര്യം പറഞ്ഞു. കാഴ്ചയില്ലാത്ത ഒരാള്‍ ട്രെയിനില്‍ കുട്ടിയുമായി പോകുന്നത് അപകടമാണെന്നും, സരോജ പോവുന്ന സമയത്ത് ജാസ്മിന്‍ കുട്ടിയെ നോക്കിക്കൊള്ളുമെന്നും ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കി. ചെറിയ വിഷമത്തോടെ ആണെങ്കിലും അവള്‍ കുട്ടിയെ ജാസ്മിനെ ഏല്‍പ്പിച്ചു കൊണ്ടു പോവാന്‍ തുടങ്ങി. അതു വരെ കുട്ടികളില്ലാതിരുന്ന ജാസ്മിന് അത് ഒരു ആശ്വാസവുമായിരുന്നു. കുട്ടിയുടെ സാമീപ്യം ജാസ്മിന്‍ വളരെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലായതോടെ ഒരു കുട്ടി ആവാമെന്ന് ഞങ്ങളും ചിന്തിച്ചു തുടങ്ങി. പക്ഷേ ശ്രമങ്ങളിലൊന്നും ഫലമില്ലാതായതോടെ ഞങ്ങള്‍ ഒരു ഡോക്ടറെ കൺസൾട്ട് ചെയ്തു. പക്ഷേ നിരാശയായിരുന്നു ഫലം, ഞങ്ങള്‍ക്കു കുട്ടികളുണ്ടാവില്ല എന്നു ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞു. ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. സരോജ കുട്ടിയെ ഞങ്ങളുടെ അടുത്തു ധൈര്യത്തോടെ ഏല്‍പ്പിച്ചു പോവാന്‍ തുടങ്ങി. ജാസ്മിന്‍ കുട്ടികളില്ലാത്ത വിഷമവും മറന്നു തുടങ്ങി. ദിവസങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു പക്ഷേ ആ കുഞ്ഞിന്റെ കളിചിരികൾ അതിനെ ഒരിക്കലും വിരസമാക്കിയില്ല.\"

\"സൊ യൂ ലൈക് ഹിം ടൂ?\"

\"അല്ലെങ്കിലും കൊച്ചു കുട്ടികളെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? എന്നാൽ റായ്വരത്തു ജോലി ചെയ്യാൻ എനിക്കു താൽപ്പര്യക്കുറവുണ്ടായതു കൊണ്ടു ആദ്യമേ മുതൽ ഞാൻ ഒരു ട്രാൻസ്ഫറിനായി ശ്രമിച്ചു കൊണ്ടേയിരുന്നു. രണ്ടു വർഷം പെട്ടെന്നു തന്നെ കടന്നു പോയി. ഒടുവിൽ ആഗ്രഹിച്ച പോലെ ട്രാൻസ്ഫർ ഓർഡർ വന്നു. കോയമ്പത്തൂരിലേക്കായിരുന്നു എൻ്റെ അടുത്ത പോസ്റ്റിംഗ്. ആ സംഭവം ജാസ്മിനെ വല്ലാതെ ഉലച്ചു, കാരണം കുട്ടിയെ പിരിയാനാവാത്ത അത്ര അടുപ്പം ഉണ്ടായിരുന്നു അപ്പോള്‍ അവള്‍ക്ക്. ഇപ്പോഴും എനിക്കറിയില്ല എന്താണ് ജാസ്മിനെ അങ്ങനെ എന്നോട് പറയാൻ പ്രേരിപ്പിച്ചതെന്ന്. അല്ലെങ്കില്‍ അവള്‍ എന്തിനായിരുന്നു കുട്ടിയെ സരോജയില്‍ നിന്നും ചോദിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്? എന്റെ ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം അവിടെ നിന്നായിരുന്നു. മടിഞ്ഞു നിന്ന എന്നെ ഓരോ ദിവസവും ജാസ്മിൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു.\"

\"എന്നിട്ടു സർ ചോദിച്ചോ?\"

\"ഒടുവില്‍ ആ ദിവസം വന്നു. റായ്വരം സ്റ്റേഷനിലെ എന്റെ അവസാന ദിവസം, ജാസ്മിൻ എന്നോട് പറഞ്ഞ കാര്യം സരോജയോട് ചോദിക്കാനുള്ള എന്‍റെ ഒടുവിലത്തെ ഊഴം. നിനക്ക് എന്ത് തോന്നുന്നു ഞാന്‍ സരോജയോട് കുഞ്ഞിനെ വിട്ടു തരാന്‍ ചോദിക്കണമായിരുന്നോ?\"

\"ചോദിക്കരുതായിരുന്നു.\"

\"അന്ന് അവള്‍ ട്രെയിനില്‍ വന്നിറങ്ങുമ്പോള്‍ സ്റ്റേഷനില്‍ വേറെ ആരുമുണ്ടായിരുന്നില്ല, എന്തു കൊണ്ടും എൻ്റെ ആവശ്യം അവളോടു പറയാൻ പറ്റിയ സാഹചര്യം. ഞാന്‍ അവളോടു പറഞ്ഞു.
നാളെ ഞങ്ങള്‍ പോവുകയാണ്. രാവിലത്തെ ട്രെയിനില്‍. അടുത്ത പോസ്റ്റിംഗ് കോയമ്പത്തൂരാണ്. എങ്ങനെയും അടുത്ത രണ്ടു ദിവസത്തില്‍ ജോയിന്‍ ചെയ്യണം.\"

\"സാര്‍ എന്നോടു കാണിച്ച കാരുണ്യം ഒരാളും ഒരു കാലത്തും കാണിച്ചിട്ടില്ല. ഇപ്പോള്‍ നിങ്ങള്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു നഷ്ടബോധം തോന്നുന്നു. സാര്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ക്ക് പകരം തരാന്‍ ഒന്നും എന്‍റെ കൈയിലില്ല. എന്നാലും എന്‍റെ പ്രാര്‍ത്ഥനകളിലെന്നും നിങ്ങള്‍ക്കു നല്ലതു മാത്രം വരുത്തണമെന്ന പ്രാര്‍ത്ഥന ഉണ്ടാവും.\"

എന്‍റെ മനസ്സ് കുട്ടിയെ ചോദിക്കാന്‍ പല തവണ വെമ്പിയെങ്കിലും എന്‍റെ വാക്കുകളൊക്കെ തൊണ്ടയിലിടറി ഇല്ലാതായി. അതു മനസ്സിലാക്കിയാവണം സരോജ എന്നോട് ചോദിച്ചു.

\"സാറിനു എന്നോടെന്തെങ്കിലും പറയാനുണ്ടോ?\"

എന്‍റെ ഹൃദയം എത്ര വേഗത്തില്‍ മിടിച്ചുവോ അതിലും വേഗത്തില്‍ എന്‍റെ മനസ്സു ചിന്തിച്ചിരുന്നിരിക്കണം. അല്ലെങ്കില്‍ വൈകാരികതയെ കവച്ചു വച്ച് എന്നിലെ വിവേകം ആ സമയത്ത് പുറത്തേക്കു വരില്ലായിരുന്നു. ഞാൻ അവളോട് ചോദിച്ചു.

\"ഞാന്‍ വീടു വരെ ആക്കിത്തരണോ?\"

\"വേണ്ട സാറേ. എനിക്കറിയാത്ത വഴിയല്ലല്ലോ?കുറച്ചു സമയമെടുത്തായാലും ഞാന്‍ ഈ ട്രാക്കിലൂടെ നടന്നു പോയ്ക്കോളാം. കണ്ണു കാണാത്ത കൊണ്ട് എനിക്കു ഈ ഇരുട്ട് ഒരു പ്രശ്നമല്ല.പിന്നെ ഇനി രാത്രിയല്ലേ വേറെ ട്രെയിനുള്ളു അതിനു മുമ്പ് ഞാൻ എങ്ങനെയും വീടെത്തും.\"

അവള്‍ നടന്നകലുന്നത് ഞാന്‍ നോക്കി നിന്നു. 10 മിനിറ്റനകം എനിക്കു ഒരു ഫോണ്‍ കാള്‍ വന്നു. റെയില്‍വേ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള അറിയിപ്പായിരുന്നു അത്. ശിവപുരത്ത് മഴയും ഉരുള്‍ പൊട്ടലും ഉണ്ടായ കൊണ്ട് മേച്ചേരിക്കുള്ള ട്രെയിന്‍ റായ്വരത്തു കൂടെ തിരിച്ചു വിട്ടിട്ടുണ്ട്. 5 മിനുട്ടില്‍ സ്റ്റേഷന്‍ ക്രോസ് ചെയ്യുമെന്നായിരുന്നു വിവരം. അപ്പോഴാണ് സരോജ ട്രാക്കിലൂടെ നടന്നു പോയത് ഞാന്‍ ഓര്‍ത്തത്. ഞാന്‍ ഓടി, എങ്ങനെയും രക്ഷിക്കണമെന്നു തന്നെയാണ് കരുതിയത്. പക്ഷേ ഞാന്‍ അരികിലെത്തും മുമ്പ് ട്രെയിന്‍ സരോജയെ എന്‍റെ കണ്‍മുന്നില്‍ വച്ച് ഇടിച്ചു തെറിപ്പിച്ചു.\"

\"എന്നിട്ട്, എന്നിട്ടെന്തുണ്ടായി?\"

\"ഞാന്‍ വീട്ടിലേക്കോടി. ഒരു വലിയ ബാഗ് എടുത്ത് ഇറങ്ങി. അപ്പോഴൊന്നും ജാസ്മിനോട് ഞാന്‍ ഒന്നും പറഞ്ഞില്ല. റെയില്‍വേ ട്രാക്കില്‍ ചിന്നിച്ചിതറി കിടന്ന സരോജയുടെ ശരീരഭാഗങ്ങള്‍ ഞാന്‍ പെറുക്കിയെടുത്തു തിരിച്ചു വീട്ടിലെത്തി. അവിടെ ഞാന്‍ കണ്ടത് സരോജയെ കാത്തു ഭക്ഷണം പോലും കഴിക്കാതെ വഴിയിലേക്കു നോക്കിയിരിക്കുന്ന കുഞ്ഞിനെയാണ്. അവന്‍റെ അടുത്തു നിന്നു ജാസ്മിനെ മാറ്റി നിര്‍ത്തി ഞാന്‍ കാര്യം പറഞ്ഞു. അവള്‍ ആകെ പേടിച്ചു അവശയായി. വീടിനോടു ചേര്‍ന്ന സ്ഥലത്ത് ഞാന്‍ സരോജയുടെ ശരീരം കുഴിച്ചു മൂടി.\"

\"സാർ ഇപ്പോഴും എനിക്കു ഒരു സംശയം ബാക്കിയുണ്ട്. സാർ പറഞ്ഞതു പോലെ അതൊരു ആക്സിഡന്‍റ് ആയിരുന്നെങ്കില്‍ എന്തിനായിരുന്നു അവരെ മറവു ചെയ്തത്? അവരുടെ ശരീരം ട്രാക്കിൽ നിന്നു കിട്ടിയിരുന്നെങ്കിൽ പോലും ഒരാളും നിങ്ങളെ സംശയിക്കേണ്ട കാര്യം ഇല്ലല്ലോ. എന്നിട്ടും നിങ്ങൾ എന്തിനു അവര്‍ മരിച്ച വിവരം മറ്റുള്ളവരില്‍ നിന്നു മറച്ചു വെച്ചു?\"

\"നീ പറഞ്ഞത് ശരിയാണ്. എനിക്ക്‌ ആ ബോഡി കുഴിച്ചിടേണ്ട ആവശ്യം ഇല്ലായിരുന്നു. പക്ഷേ ട്രെയിന്‍ വരുന്നതറിഞ്ഞ് ഓടിയ എന്‍റെ മനസ്സില്‍ എപ്പോഴായിരുന്നു അവള്‍ ഇല്ലാതാവുകയാണെങ്കില്‍ ആ കുട്ടിയെ സ്വന്തമാക്കാമെന്ന ചിന്ത ഉടലെടുത്തത്? അല്ലായിരുന്നെങ്കില്‍ അവളോട് മാറാന്‍ ഞാന്‍ പറയില്ലായിരുന്നു. ഞാൻ അതു പറയുന്ന സമയത്തു പോലും അവൾ ശരിയായ ട്രാക്കിൽ ആയിരുന്നു നിന്നത്. അവൾ അവിടെ തന്നെ നിന്നിരുന്നെങ്കിൽ ഒരിക്കലും മരിക്കില്ലായിരുന്നു. മാറാൻ ഞാൻ പറഞ്ഞ വാക്കില്‍ വിശ്വസിച്ച് അവള്‍ മാറിയത്‌ ട്രെയിന്റെ മുന്നിലേക്കായിരുന്നു. ഞാൻ അവളെ തള്ളിയില്ല പക്ഷെ എന്റെ വാക്കുകൾ അവളെ തള്ളിയിട്ടു. സെക്കന്റുകളിൽ എല്ലാം അവസാനിച്ചു പക്ഷെ കുറ്റബോധം ഉടലെടുക്കാനും അധിക സമയം വേണ്ടി വന്നില്ല. തെളിവുകളില്ല, ദൃക്‌സാക്ഷികളും ഇല്ല, പക്ഷെ സ്വന്തം മനസ്സാക്ഷിയെ ഭയന്നു പോയി. അവളുടെ ചിന്നിച്ചിതറിയ ശരീരം അവിടെ വിട്ടു പോരാൻ മനസ്സ് അനുവദിച്ചില്ല.\"

\"അത് കഴിഞ്ഞ് എന്ത് സംഭവിച്ചു?\"

\"പിറ്റേന്നു ഞാന്‍ കോയമ്പത്തൂരേക്ക് പോവുന്ന ദിവസം ആയിരുന്നു. അവിടെ ഉണ്ടായിരുന്ന അത്രയും പേരും സരോജ അന്നു വന്നിട്ടില്ല എന്നു തന്നെ വിശ്വസിച്ചു. എല്ലാവരുടെയും കണ്ണിൽ കുഞ്ഞിനോട് അനുകമ്പ ഉണ്ടായിരുന്നെങ്കിലും ആരും കുഞ്ഞിനെ ഏറ്റെടുക്കാൻ താല്പര്യപ്പെട്ടില്ല. അവൾ തിരിച്ചു വന്നില്ലെങ്കിൽ ആ കുഞ്ഞു ഒരു ബാദ്ധ്യത ആവുമല്ലോ എന്നു അവരെല്ലാവരും ചിന്തിച്ചു. അതു കൊണ്ടു തന്നെ കുഞ്ഞിനെ ഞാൻ കൊണ്ടു പോവാം എന്നു പറഞ്ഞപ്പോൾ ഒരാൾ പോലും ആ തീരുമാനത്തെ എതിർത്തില്ല. കുഞ്ഞിനെ ഞാന്‍ എന്‍റെ കൂടെ കൂട്ടി. അവിടെ കൂടിയ അത്രയും പേരും എന്‍റെ നല്ല മനസ്സിനെ അഭിനന്ദിച്ചു കാണും. പക്ഷേ എനിക്കപ്പോള്‍ അറിയാം സരോജ ഇനിയൊരിക്കലും തിരിച്ചു വരില്ലയെന്ന്. അവള്‍ക്ക് സ്വന്തക്കാരായി ആരും ഇല്ലാത്തത് കൊണ്ട് ആരും അവളുടെ തിരോധാനം അന്വേഷിക്കില്ലെന്ന്. എന്നാല്‍ പോലും ആരുടെയും സംശയത്തിനിട കൊടുക്കാതെ ഞാന്‍ എന്‍റെ കോയമ്പത്തൂരുള്ള അഡ്രസ്സ് കൊടുത്ത്, സരോജ കുട്ടിയെ അന്വേഷിച്ചു വന്നാല്‍ അഡ്രസ്സ് കൊടുക്കണമെന്ന് പറഞ്ഞ് ഏല്‍പ്പിച്ചു. ഞാന്‍ അവിടെ നിന്നു പോന്നു. അവിടെ കൂടിയിരുന്നവർ എല്ലാവരും എല്ലാം മറന്നു അപ്പോള്‍ പിന്നെ ആ കുഞ്ഞു മറക്കാതിരിക്കുമോ? അവനെ ഞാന്‍ വളര്‍ത്തി എന്‍റെ മകനായി തന്നെ വളര്‍ത്തി.\"

\"പിന്നീടൊരിക്കല്‍ പോലും അവന്‍ അമ്മയെ ചോദിച്ചില്ലേ?\"

\"കോയമ്പത്തൂര്‍ ചെന്നതിനു ശേഷം ഒരു മാസമെങ്കിലും അവന്‍ സരോജയെ കാത്തിരുന്നു കാണും. പക്ഷേ സാവധാനം അവന്‍ ഈ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു. അല്ലെങ്കിലും അവനു അതു മറക്കാനാവും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഞാൻ അവനു സരോവർ എന്നു പേരിട്ടു. മനസ്സു സമ്മതിക്കാതിരുന്നിട്ടു പോലും പല കുറി ആണയിട്ടു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. അവന്‍ എന്‍റെ മകനാണെന്ന്. മറ്റുള്ളവർക്ക് മുന്നിൽ എന്നും അവൻ ഞങ്ങളുടെ സ്വന്തം മകനായി. അവന്റെ മനസ്സിന്റെ ചെറിയ കോണിൽ പോലും ആ ഓർമ്മകൾ തിരിച്ചു വരാത്ത വിധം ഞങ്ങൾ ആ ഓർമകളെ സ്നേഹം കൊണ്ടു തുടച്ചു നീക്കി. അവൻ എന്നെ പപ്പാ എന്നു വിളിച്ചു അവളെ അമ്മ എന്നു വിളിച്ചു. ആ സ്നേഹത്തിൽ ഒരു കലർപ്പും ഞങ്ങൾക്ക് ഇതു വരെ തോന്നിയിട്ടും ഇല്ല. അതെ അവൻ എന്റെ മകൻ തന്നെയാണ്.\"

\"പിന്നെ എന്തിനായിരുന്നു റായ്വരത്തു തിരിച്ചു വന്നത്?\"

\"റായ്വരവുമായുള്ള എന്‍റെ എല്ലാ ബന്ധവും ഉപേക്ഷിക്കാനായാണ് ഞാന്‍ അന്നു വന്നത്. ആ വീട്, അത് കിട്ടിയ വിലയ്ക്ക് ഞാന്‍ വിറ്റു. വില കിട്ടിയില്ലെങ്കില്‍ പോലും വില്‍ക്കാനായിരുന്നു ഞാന്‍ അന്നു കരുതിയത്. അവള്‍ മരിച്ചു എന്നതിന്‍റെ അവസാന തെളിവു പോലും മണ്ണിനോടു ചേര്‍ന്നലിയാന്‍ 15 വര്‍ഷം അധികമാണെന്നറിഞ്ഞിട്ടു പോലും. മണ്ണിളക്കി നോക്കിയ ശേഷം മാത്രമാണ് ഞാന്‍ അന്ന് തിരിച്ചു പോന്നത്. അതു കഴിഞ്ഞാണ് എനിക്കൊരാശ്വാസമുണ്ടായത്. അതേ ആ സത്യം 15 വര്‍ഷം മുമ്പ് മറ്റൊരാള്‍ അറിയാതെ കുഴിച്ചു മൂടപ്പെട്ടു. മൂന്നാമതൊരാൾ അറിയാതെ തന്നെ അത് മണ്ണിലലിഞ്ഞില്ലാതായിരിക്കുന്നു. ഇനി ആരും ഒന്നും അറിയില്ല എന്നു കരുതി. നീ ഇവിടെ വരും വരെയെങ്കിലും. പക്ഷേ കര്‍മ്മഫലം എന്ന ഒന്നുണ്ടല്ലോ അത് വരാതിരിക്കില്ല. അത് ഇപ്പോള്‍ നിന്‍റെ രൂപത്തില്‍ എന്‍റെ മുന്നില്‍. ഇനിയും അത് മറച്ചു വയ്ക്കണമെന്ന് ഞാന്‍ നിന്നോട് അപേക്ഷിക്കില്ല. പക്ഷേ ഒരാളെ കൂടി കാണാനുള്ള സന്മനസ്സ് നീ കാണിക്കണം.\"

അയാളുടെ പിന്നാലെ സ്റ്റെയര്‍ കയറി മുകളിലെത്തി ചാരിയ വാതില്‍ കടന്നു ചെല്ലുമ്പോള്‍ അവിടെ ബെഡ്ഡില്‍ അനങ്ങാനോ സംസാരിക്കാനോ കഴിയാതെ കിടക്കുന്ന അയാളുടെ ഭാര്യയെ ആണ് അവന്‍ കണ്ടത്.

\"കര്‍മ്മഫലം എന്ന ഒന്നുണ്ട് വിദ്യുത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സരോജ മരിച്ച ആ രാത്രിയില്‍ എല്ലാം അറിഞ്ഞിട്ടും ഒന്നിനും പ്രതികരിക്കാതെ നിന്നതിന്‍റെ ഫലം. ഇന്ന് അവള്‍ക്ക് എല്ലാം അറിയാന്‍ പറ്റുന്നുണ്ട് പക്ഷേ പ്രതികരിക്കാന്‍ ശരീരം സമ്മതിക്കില്ല. ഒരു വര്‍ഷമായി ഈ കിടപ്പ്. ഇനി മരണം വരെ ഇങ്ങനെയാവും എന്നാണു ഡോക്ടര്‍സ് പറയുന്നത്. വെറും മൂക സാക്ഷിയായ അവളുടെ കര്‍മ്മഫലം ഇത്ര ഭീകരമെങ്കില്‍ എന്തായിരിക്കും എന്‍റെ അവസ്ഥ.\"

കോളിംഗ് ബെല്‍ റിംങ് ചെയ്തത് അയാളില്‍ ചെറിയ ഞെട്ടലുളവാക്കി. അയാള്‍ ചെറിയൊരു ചിരി മുഖത്തു വരുത്തി കൊണ്ടു പറഞ്ഞു.

\"അവനാവും, സരോവർ.\"

ഇപ്പ്രാവശ്യം ഞെട്ടല്‍ അവനായിരുന്നു. വിദ്യുതിനറിയാം ആ സത്യം അറിയാവുന്ന മൂന്നാമത്തെയാള്‍ അവനാണെന്ന്. ഒരാള്‍ അത് സരോവറിനോട് പറയില്ല. രണ്ടാമത്തെയാള്‍ക്ക് ഇനിയൊരിക്കലും അത് പറയാനാവില്ല. ഇനി ആ സത്യം മറച്ചു വെച്ചാല്‍ തൻ്റെ മനസ്സാക്ഷിക്കു മുന്നില്‍ തന്നെ തെറ്റുകാരനായേക്കാമെന്ന തിരിച്ചറിവും വിദ്യുതിനെ വേദനിപ്പിച്ചു.
പക്ഷേ ചെയ്ത തെറ്റിന്‍റെ പ്രായ്ശ്ചിത്തം പോലെ ജീവിതം നീറി ജീവിച്ചു തീര്‍ക്കുന്ന ജെയിംസ് അത്രയും കാലം സരോവറിനെ വിശ്വസിപ്പിച്ചതത്രയും നുണയായിരുന്നെന്നു വന്നാല്‍ അത് ആ കുടുംബത്തെ തന്നെ തകര്‍ത്തേക്കാം. താൻ ഇത്രയും നാൾ അനുഭവിച്ച സ്നേഹവും ലാളനവും എല്ലാം തന്റെ സ്വന്തം അമ്മയുടെ ചോരയുടെ വിലയാണെന്ന് സരോവർ മനസ്സിലാക്കിയാൽ അവന്റെ ജീവിതം പിന്നെ എന്താവുമെന്ന് പറയാനാവില്ല. എന്നിരുന്നാലും ആ സത്യം അറിയാനുള്ള അവകാശം സരോവറിനുണ്ട് ഒരു പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ ആവാം ജെയിംസ് മുമ്പേ പറഞ്ഞ അയാളുടെ കര്‍മ്മഫലം. സത്യം സരോവര്‍ അറിയണം. വിദ്യുത് ജാസ്മിന്റെ മുഖത്തേക്കു നോക്കി അവരുടെ കണ്ണില്‍ നിന്നു കണ്ണീര്‍ നില്‍ക്കാതെ പ്രവഹിച്ചു കൊണ്ടിരുന്നു.

ആ സമയം കൊണ്ട് സരോവര്‍ മുകളിലേക്കെത്തി.

അവന്‍ സംശയത്തോടെ വിദ്യുതിൻ്റെയും ജെയിംസിന്‍റെയും മുഖത്തേക്കു മാറി മാറി നോക്കി.

\"ഹി ഈസ് വിദ്യുത്. റായ്വരത്തു നിന്നു വന്നതാണ്. എന്നെ കാണാന്‍. ഐ മീൻ നമ്മളെ കാണാന്‍.\"

സരോവർ സംശയത്തോടെ നെറ്റിചുളിച്ചു.

\"എന്നെയുമോ?\"

അതിനു മറുപടി പറഞ്ഞത് ജെയിംസ് ആണു.

\"യെസ്. വിദ്യുതിനു എന്തോ നിന്നോട് പറയാനുണ്ട്.\"

അയാൾ വിദ്യുതിന്റെ മുഖത്തേക്ക് നോക്കി. ആ മുഖം ഒരു ദയ അവനിൽ നിന്നും പ്രതീക്ഷിച്ചില്ല. മറിച്ചു അനിവാര്യമായ ഒരു ദുരന്തം മുന്നിൽ കണ്ടു പിടയുന്നത് പോലെയാണ് തോന്നപ്പെട്ടത്.

\"അങ്ങനെയല്ല സരോവര്‍. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ മുമ്പ് നിങ്ങള്‍ താമസിച്ചിരുന്നു. അവിടെ കുറച്ചു പഴയ സാധനങ്ങള്‍ ഉണ്ടായിരുന്നു. അത് നിങ്ങളുടെ ബിലോംഗിംഗ്സ് ആണെങ്കില്‍ കൊടുത്തിട്ടു പോവാം എന്നു കരുതി വന്നതാണ്.\"

\"ഓ. അത് പപ്പയെ കാണിച്ചാലെ അറിയു. ആക്ച്വലി എനിക്ക് ആ സ്ഥലം പോലും അത്ര ഓര്‍മ്മയില്ല.\"

വിദ്യുതിൻ്റെ മനസ്സ് കടൽ പോലെ കലുഷമായി. അവൻ മുമ്പെങ്ങുമില്ലാത്ത അത്രയും വലിയ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരുന്നു, എന്തു പറയും എന്നറിയില്ല, പക്ഷെ അവനു അറിയുന്ന സത്യങ്ങൾ പറയാതിരിക്കാനും ആവില്ല. ഒരു പക്ഷേ അവൻ അകപ്പെട്ടിരിക്കുന്ന മായക്കാഴ്ചകളിൽ നിന്നും പുറത്തു കടക്കാനുള്ള താക്കോൽ ഈ സത്യങ്ങൾ ആണെങ്കിലോ എന്ന തോന്നൽ അവൻ്റെ മനസ്സിനെ സമ്മർദ്ദത്തിലാക്കി. മാനുഷിക മൂല്യത്തെ പ്രതി ഇനി അതു മറച്ചു വച്ചു ഇവരുടെ കുടുംബം രക്ഷിച്ചാലും അവൻ അകപ്പെട്ടിരിക്കുന്ന മിഥ്യാ ലോകത്തു നിന്നു പുറത്തു കടക്കാൻ ആയില്ലെങ്കിലോ എന്ന തോന്നൽ അവനെ ഭയപ്പെടുത്തി. ഇല്ല എന്തു സംഭവിച്ചാലും സത്യം സരോവർ അറിയണം. വിദ്യുത് പറഞ്ഞു.

\"സരോവര്‍. നിന്റെ അമ്മ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്.\"

അവന്‍ ചിരിച്ചു കൊണ്ട് കട്ടിലില്‍ ഇരുന്ന് ജാസ്മിന്റെ കൈയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.

\"എനിക്കറിയാം.\"

ജാസ്മിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അത്ഭുതത്തോടെ ജെയിംസ് വിദ്യുതിനെ നോക്കി നിന്നു. ഒരിക്കൽ കൂടി അവർ മൂന്നുപേരെയും നോക്കിയ ശേഷം വിദ്യുത് റൂമില്‍ നിന്നിറങ്ങി നടന്നു.

വിദ്യുതിൻ്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി ഉണ്ടായിരുന്നു. അവൻ്റെ ഉള്ളിലെ അതിരില്ലാത്ത സന്തോഷത്തെ ചുണ്ടിൻ്റെ കോണുകളിലൊതുക്കാൻ അവനു സാധിച്ചു എന്നു വേണം പറയാൻ. അവൻ്റെ മനസ്സ് അവനോടു തന്നെ മന്ത്രിച്ചു.

അതെ ഞാന്‍ അവനോടു പറഞ്ഞതു സത്യം തന്നെയാണ്. സരോജ അവനിലേക്കെത്താന്‍ കാണിക്കുന്ന ആഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ഞാന്‍ ഇന്നിവിടെ വരെ എത്തിയതു പോലും. സരോവർ അറിയാത്ത അല്ലെങ്കിൽ അവൻ അറിഞ്ഞാലും ഒരു ഗുണവുമില്ലാത്ത ഒരു രഹസ്യത്തിൻ്റെ പേരില്‍ മറ്റാരും വിഷമിക്കരുതെന്ന് ഞാന്‍ കരുതിയതില്‍ എന്താണ് തെറ്റ്. ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് മരിച്ചു ജീവിക്കുന്ന ജെയിംസിനു അയാൾ ചെയ്ത തെറ്റിനു അതിലും വലിയ എന്തു കർമ്മഫലമാണു ഉണ്ടാവേണ്ടത്. ഇനി എനിക്ക് റായ്വരത്തു ചെല്ലണം കഴിഞ്ഞ കുറച്ചു നാളുകളായി എന്‍റെ തോന്നലുകളുടെ ഭാഗമായ സരോജയോട് ഒച്ചയിൽ വിളിച്ചു പറയണം നിങ്ങളുടെ മകന്‍ സന്തോഷമായിരിക്കുന്നു എന്ന്.
അവൻ റായ്വരത്തേക്ക് യാത്ര തിരിച്ചു.

അതിവേഗം സഞ്ചരിക്കുന്ന ട്രെയിനിനേക്കാൾ വേഗത്തിൽ അവിടേക്കെത്താൻ അവൻ്റെ മനസ്സ് അപ്പോൾ വെമ്പൽ കൊള്ളുകയായിരുന്നു.


തുടരും...



Sa Ro Ja Final Chapter (6)

Sa Ro Ja Final Chapter (6)

4.5
713

അന്നാദ്യമായി ആ സമയത്തിനായി വിദ്യുത് കാത്തിരുന്നു. പക്ഷേ അന്നു ലൈറ്റുകള്‍ അണഞ്ഞില്ല, ഫോണ്‍ റിംഗ് ചെയ്തില്ല. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു, പക്ഷേ റെയില്‍വേ ട്രാക്കില്‍ അവന്‍ അന്നാരെയും കണ്ടില്ല. അവന്‍ വീട്ടിൽ നിന്നിറങ്ങി ട്രാക്കിലൂടെ നടന്നു. സരോജയെ അവന്‍ മുമ്പ് കണ്ടിട്ടുള്ള സ്ഥലത്ത് ചെന്ന് അവൻ മുട്ടു കുത്തി നിന്നു. ദൂരെ നിന്നും ട്രെയിന്‍ വരുന്നത് അവനു കാണാം, എന്നാലും അവനറിയാം ആ ട്രെയിന്‍ അവനെ കടന്നു പോയാലും അവനൊന്നും സംഭവിക്കില്ലെന്നു. കാരണം കഴിഞ്ഞ എത്രയോ ദിവസങ്ങളായി അവന്‍റെ തോന്നലുകളുടെ ഭാഗമാണ് ആ ട്രെയിന്‍. അത് അടുത്തെത്തും മുമ്പ് ആരോ അ