Aksharathalukal

Sa Ro Ja Final Chapter (6)

അന്നാദ്യമായി ആ സമയത്തിനായി വിദ്യുത് കാത്തിരുന്നു. പക്ഷേ അന്നു ലൈറ്റുകള്‍ അണഞ്ഞില്ല, ഫോണ്‍ റിംഗ് ചെയ്തില്ല. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു, പക്ഷേ റെയില്‍വേ ട്രാക്കില്‍ അവന്‍ അന്നാരെയും കണ്ടില്ല. അവന്‍ വീട്ടിൽ നിന്നിറങ്ങി ട്രാക്കിലൂടെ നടന്നു. സരോജയെ അവന്‍ മുമ്പ് കണ്ടിട്ടുള്ള സ്ഥലത്ത് ചെന്ന് അവൻ മുട്ടു കുത്തി നിന്നു. ദൂരെ നിന്നും ട്രെയിന്‍ വരുന്നത് അവനു കാണാം, എന്നാലും അവനറിയാം ആ ട്രെയിന്‍ അവനെ കടന്നു പോയാലും അവനൊന്നും സംഭവിക്കില്ലെന്നു. കാരണം കഴിഞ്ഞ എത്രയോ ദിവസങ്ങളായി അവന്‍റെ തോന്നലുകളുടെ ഭാഗമാണ് ആ ട്രെയിന്‍. അത് അടുത്തെത്തും മുമ്പ് ആരോ അവനെ പിന്നില്‍ നിന്നു വലിച്ച് ട്രാക്കില്‍ നിന്നു മാറ്റി. വിദ്യുത് കുതറി മാറി അതാരാണെന്ന് നോക്കി.

“പ്രവീണ്‍?”

\"അത് നിന്‍റെ തോന്നലായിരുന്നില്ല വിദ്യുത്. അത് സത്യമാണ്. 7.15ന്റെ ട്രെയിന്‍ ഇന്ന് ലേറ്റായാണ് ഓടിയത്. എനിക്ക് തോന്നിയിരുന്നു നീ ഇവിടെ ഉണ്ടാവുമെന്ന്.\"

\"പ്രവീൺ നിങ്ങൾക്ക് എന്നെ സഹായിക്കാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞിട്ടും എന്തിനു നിങ്ങള്‍ എന്നെ പിന്തുടരുന്നു, എന്തിനു എന്നെ ഇങ്ങനെ സഹായിക്കുന്നു.?

\"ഞാന്‍ നിനക്ക് എന്തു സഹായം ചെയ്തുവെന്നാണ് നീ പറയുന്നത്?\"

\"അന്ന് സ്റ്റേഷനിൽ വച്ച് ദേഷ്യത്തിൽ ഞാൻ എറിഞ്ഞു കളഞ്ഞ ആ ഡ്രോയിംഗ് നിങ്ങൾ എടുത്തു വയ്ക്കുന്നത് ഞാൻ കണ്ടിരുന്നു. പിറ്റേന്നു അതേ ഡ്രോയിംഗുമായി ഗോപി എന്ന ആ ബ്രോക്കര്‍ എന്നിലേക്ക് എത്തിയതിനു കാരണം നിങ്ങളാണ്. അല്ലായിരുന്നെങ്കിൽ എന്തിനും കാശു വാങ്ങുന്ന അയാള്‍ എനിക്ക് ചെയ്തു തന്ന സഹായങ്ങള്‍ക്ക് എന്നോട് പണമാവശ്യപ്പെട്ടില്ല കാരണം നിങ്ങൾ അയാള്‍ക്ക് പണം നല്‍കിയിരുന്നു. ഓരോ ദിവസവും ഞാന്‍ ഇവിടെ വന്നു പോവുമ്പോള്‍ നിങ്ങള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു എന്നുമെനിക്കറിയാം. ഏറ്റവുമൊടുവിൽ ഇപ്പോള്‍ ഈ അപകടത്തില്‍ നിന്നും എന്നെ നിങ്ങള്‍ രക്ഷിച്ചു. എന്തായിരുന്നു നിങ്ങള്‍ക്ക് ഇതിലെ മോട്ടീവ്?\"

\"എന്റെ മോട്ടീവ്. എന്റെ മോട്ടീവ് നീ ആയിരുന്നു. നീ ജീവനോടെ ഇരിക്കണം എന്നുള്ളതായിരുന്നു.\"

\"പക്ഷേ എന്തിനു?\"

\"എനിക്ക് ഒരു അനിയന്‍ ഉണ്ടായിരുന്നു. ഞാന്‍ ജനിച്ചു 7 വര്‍ഷം കഴിഞ്ഞാണ് അവന്‍ ഉണ്ടായത്. അവന്‍ ജനിച്ചപ്പോള്‍ എനിക്ക് സ്വര്‍ഗ്ഗം കയ്യില്‍ കിട്ടിയതു പോലെയായിരുന്നു. അവന്‍ നടന്നു തുടങ്ങിയതു മുതല്‍ ഓരോ കാര്യങ്ങള്‍ക്കും എന്‍റെ കൂടെ ഞാന്‍ അവനെ കൊണ്ടു പോവും. എൻ്റെ വീടും ഇതുപോലെ ഒരു റെയില്‍വേ ട്രാക്കിൻ്റെ അടുത്തായിരുന്നു. ആ സമയത്തെ ഞങ്ങളുടെ കളികൾ പോലും ട്രെയിനും ട്രാക്കും ചുറ്റിപ്പറ്റിയായിരുന്നു. ട്രാക്കില്‍ നാണയം വച്ചിട്ട് ഞങ്ങള്‍ ട്രെയിന്‍ വന്നു പോവാന്‍ കാത്തിരിക്കും. ട്രെയിന്‍ പോയി കഴിയുമ്പോള്‍ നാണയം ചതഞ്ഞിരിക്കുന്നത് കാണുന്നതൊക്കെ ഒരു കൗതുകമായിരുന്നു ഞങ്ങള്‍ക്ക്. ഞാന്‍ 7ല്‍ പഠിക്കുമ്പോഴാണ് അത് സംഭവിച്ചത്. ക്ലാസില്‍ നിന്നു ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ വീട്ടിലാകെ ആൾക്കൂട്ടം. ചെന്നു നോക്കുമ്പോൾ എന്‍റെ അനിയനെ പുതപ്പിച്ചു കിടത്തിയിരിക്കുവാണ്. ഞാൻ കണ്ട എല്ലാ കണ്ണിലും കണ്ണീരുണ്ട് അതിൽ നിന്നു തന്നെ എനിക്കു മനസ്സിലായി അവൻ ഇനിയില്ലായെന്ന്. എന്നിട്ടും ആരും അവനെ അവസാനമായി ഒരു തവണ എന്നെ കാണിച്ചു തന്നില്ല. ഒടുക്കം ആരോ പറയുന്ന കേട്ടു അവൻ റെയില്‍വേ ട്രാക്കിനടുത്ത് നിന്നു കളിച്ചപ്പോള്‍ ട്രാക്കില്‍ വീണ് എഴുന്നേല്‍ക്കാന്‍ പറ്റാതെ വന്നപ്പോൾ ട്രെയിന്‍ ദേഹത്തു കയറിയതാണെന്ന്. അതെനിക്ക് ഒരു ഷോക്കായിരുന്നു. ട്രെയിന്‍ അത്രയും നാള്‍ ഒരു തമാശയായിരുന്നു, ഞങ്ങളുടെ കളികളിലെ ഒരു ഭാഗമായിരുന്നു. പക്ഷേ അതിൽ ഒളിച്ചിരുന്ന അപകടം എന്‍റെ അനിയനെ പറഞ്ഞു മനസ്സിലാക്കാനാവാതെ പോയത് എന്‍റെ തെറ്റാണെന്ന് എനിക്ക് തോന്നി. അവനെ ഞാൻ ഉന്തിയിട്ടതൊന്നും അല്ല പക്ഷേ അതു ഒരു അപകടം ആണെന്നു ഞാൻ ഒരിക്കലും അവനോടു പറഞ്ഞിട്ടില്ല അതും തെറ്റ് തന്നെയല്ലേ. എന്റെ അനിയന്റെ ചോരയിൽ എനിക്ക് പങ്കുണ്ടെന്നു തോന്നി തുടങ്ങിയ അന്നു മുതൽ ട്രെയിന്‍ മുന്നിലൂടെ പോവുമ്പോള്‍ എനിക്ക് വല്ലാത്ത ഒരു അമര്‍ഷമായിരുന്നു. അതിന്‍റെ അങ്ങേയറ്റത്ത് എത്തിയപ്പോള്‍ ഒരു ട്രെയിനു നേരെ ഞാന്‍ ഒരു കല്ലെടുത്തെറിഞ്ഞു. ആൻഡ് ദാറ്റ് വാസ് മൈ ലൈഫ് ചെയ്ഞ്ചിങ് മൊമെന്റ്. ആ കല്ല് കൊണ്ടു ഒരു നിരപരാധിയായ മനുഷ്യന്‍ വേദനിച്ചു എന്നല്ലാതെ എന്‍റെ മനസ്സിനു ഒരു ആശ്വാസവും കിട്ടിയില്ല. പ്രശ്നം കൂടുതൽ ഗുരുതരമാവും എന്നു കരുതിയിടത്ത് ആ മനുഷ്യന്‍ എന്‍റെ തെറ്റിനു എന്നോടു ക്ഷമിച്ചതു കൊണ്ട് അന്ന് എന്‍റെ ജീവിതം നശിച്ചില്ല. പകരം ഞാന്‍ എന്‍റെ ആ വിഷമത്തെ മറികടന്നത് അതിനെ കുറിച്ചു കൂടുതല്‍ അറിയാൻ ശ്രമിച്ചതോടെയാണ്. ഇന്ന് ഈ ട്രെയിനും ട്രാക്കുമൊക്കെ എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. വിദ്യുത് അന്ന് നീ എന്‍റെയടുത്ത് സഹായം ചോദിച്ചു വന്നപ്പോള്‍ എനിക്ക് എന്‍റെ അനിയനെയാണ് ഓര്‍മ്മ വന്നതു. അതാണ് നിന്നെ പിന്തുടരാനും സഹായിക്കാനും എന്നെ പ്രേരിപ്പിച്ചത്. നീ അപകടത്തിലേക്കു പോവുമെന്ന് തോന്നിയപ്പോള്‍ പിന്തിരിപ്പിച്ചതും നിന്‍റെ ജീവിതം ഈ ട്രാക്കില്‍ നഷ്ടപ്പെടുത്തരുതെന്ന വാശി കൊണ്ടാണ്.\"

വിദ്യുതിന്റെ കണ്ണുകൾ നിറഞ്ഞു കലങ്ങിയിരുന്നു. അവനെ ചേർത്തു നിർത്തി പ്രവീൺ പറഞ്ഞു.

\"വിദ്യുത് നീ എന്നെ കാണാന്‍ വരുമ്പോള്‍ നിന്‍റെ മുന്നില്‍ ഒരു ചോദ്യമുണ്ടായിരുന്നു. ഇപ്പോള്‍ നിനക്കു അതിനു ഒരു ഉത്തരമുണ്ടെന്നു ഞാൻ കരുതുന്നു. ഇനി നീ നിന്റെ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങി വരണം. അവിടെ ഈ ഇല്ല്യൂഷനുകൾക്ക് സ്ഥാനമില്ല. അതു കൊണ്ട് ഇനിയും തനിച്ച് ആ വീട്ടിൽ താമസിക്കേണ്ട. എൻ്റെ ക്വാർട്ടേഴ്സിൽ ഞാൻ തനിച്ചാണ് അവിടെ ഒരാൾക്കു കൂടെ വലിയ ബുദ്ധിമുട്ടില്ലാതെ താമസിക്കാൻ പറ്റും. ആലോചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അവിടേക്ക് ഷിഫ്റ്റ് ചെയ്യ്. ഇത് എന്‍റെ അനിയനോട് എന്‍റെ അപേക്ഷയാണ്.

പ്രവീണിനൊപ്പം വിദ്യുത് നടന്നു നീങ്ങി. അവന്‍റെ മനസ്സ് അവനോടു പറഞ്ഞു.

\"ശരിയാണ്. അത് ഒരു ചോദ്യം മാത്രമായിരുന്നു. ഒരു പക്ഷേ സരോജ ആഗ്രഹിച്ചത് അവരുടെ മകൻ്റെ സന്തോഷം മാത്രമായിരുന്നിരിക്കണം. അവനിലേക്കെത്താൻ അവർക്കു എൻ്റെ ആവശ്യമുണ്ടായിരുന്നു. അവൻ സന്തോഷത്തോടെ ആണെന്നു ഞാൻ അറിഞ്ഞപ്പോള്‍ തന്നെ സരോജയും അതറിഞ്ഞു കാണും. അങ്ങനെയെങ്കിൽ അവരുടെ മോക്ഷത്തിലേക്കുള്ള താക്കോല്‍ ഞാനായിരുന്നിരിക്കാം. ഒന്നോർത്തു നോക്കിയാൽ സരോജയ്ക്കു സംഭവിച്ച നഷ്ടം മറ്റു പല ജീവിതങ്ങൾക്കു പ്രതീക്ഷ തന്നെയാണ് നൽകിയത്. ജെയിംസിനും ജാസ്മിനും ഒരു മകൻ, സരോവറിനു ഒരു പപ്പയും അമ്മയും, പ്രവീണിനു ഒരു അനിയൻ, ആരുമില്ലാത്ത എനിക്കു ഒരു ചേട്ടൻ. അതെന്തായാലും ഞാൻ കണ്ടിരുന്ന ആ മായക്കാഴ്ചകളിൽ നിന്നും ഇപ്പോള്‍ ഞാൻ സ്വതന്ത്രനാണു. എന്‍റെ മനസ്സിൽ ഇപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ ഇല്ല.  ചിന്തകളുടെ ഭാരമില്ല. ഒരു തോന്നലില്‍ നിന്നുണ്ടായ ഒരു വലിയ ചോദ്യത്തിന്‍റെ ഉത്തരം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇനി എനിക്കു ഉറങ്ങാം സ്വസ്ഥതയോടെ.

അവസാനിച്ചു.