\"ഇടപ്പള്ളി, ഇടപ്പള്ളി, ഇടപ്പള്ളി...\"
ശബ്ദ കോലാഹളങ്ങൾക്കിടയിലേക്കുള്ള ഉണർച്ച അവനെ പെട്ടന്നൊന്ന് ഉലച്ചു.
\"ഏ!\" ചുറ്റും അന്താളിപ്പോടെ നോക്കുമ്പോഴും അവന് വ്യക്തത വന്നിട്ടില്ലായിരുന്നു.
താനിരിക്കുന്നത് എവിടെ എന്ന് പോലും അവന് മനസ്സിലാകുന്നില്ലായിരുന്നു...
സൂര്യൻ ഉദിക്കുന്നദേ ഉള്ളു, ചെറിയ ഒരു ചാറ്റൽ മഴയും ഉണ്ട്.
സമയം നോക്കാനായി കൈകളിലേക്ക് കണ്ണോടിച്ച അവന്റെ മിഴികളിൽ ഭയം നിഴലിച്ചു, തന്റെ കയ്യിലെ വാച്ച് കാണുന്നില്ല!
സ്വതസിദ്ധമായ വ്യഗ്രതയോടെ അവന്റെ ഇരു കൈകളും പൊക്കറ്റുകളിലേക്ക് കുതിച്ചു. പക്ഷേ, അവയും ശൂന്യമായിരുന്നു. ഭയം അവനിൽ ഇരുൾ നിറയ്ക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴും സാധിക്കുന്നില്ല, കൈകളും കാലും തളർന്ന പോലെ, ഒന്നുകൂടെ കൈ കുത്തി എണീക്കാൻ ആഞ്ഞപ്പോൾ വലത് കയ്യിലെ പെരുവിരൽ പൊട്ടി പോകുന്ന വേദന...
കണ്ണുകൾ പരമാവധി തുറന്ന് അവൻ ചുറ്റുഭാഗം ശ്രദ്ധിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു, പക്ഷേ, മങ്ങൽ മാറുന്നില്ല.. ഒന്നുകൂടെ തിരുമ്മി നോക്കി.. ഇല്ല! ഒന്നും തെളിയുന്നില്ല...
\"ആഹ്, മോൻ ഉണർന്നോ?\" മങ്ങിയ കാഴ്ചയിൽ നീല വേഷധാരിയായ ഒരാൾ എന്തോ അവന് നേരെ നീട്ടി നിൽക്കുന്നു!
അവൻ വീണ്ടും കണ്ണുകൾ തിരുമ്മി, അയാളെ ഒന്നൂടെ നോക്കി, വീണ്ടും തിരുമ്മി.
\"അയ്യോ, അത് ഞാൻ മറന്നു, ഇപ്പൊ കൊണ്ട് വരാം\" കയ്യിൽ ഉള്ളത് എന്തോ അവന്റെ അരികിൽ വെച്ച് കൊണ്ട് അയാൾ ധൃതിയിൽ തിരിഞ്ഞ് നടക്കുന്നത്, കോരി ചൊരിയുന്ന മഴയത്ത് വെള്ളം ഒലിക്കുന്ന കണ്ണാടി ചില്ലിലൂടെ എന്ന പോലെ അവൻ കണ്ടു...
അവൻ വീണ്ടും പോക്കറ്റ് പരതി തുടങ്ങി, ഇല്ല! മൊബൈലുകളും കാണുന്നില്ല..
തന്റെ കയ്യിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, പക്ഷേ, എങ്ങിനെ? എവിടെയാണ് താൻ?
മഴയുടെ കാഠിന്യം കൂടിയെന്ന് തലക്ക് മുകളിലെ തകരത്തിന്റെ മേൽക്കൂരയിൽ ഉച്ചത്തിൽ പതിക്കുന്ന ശബ്ദം വിളിച്ചോതുന്നുണ്ടായിരുന്നു. അവന്റെ ഇടത് കൈ ഷർട്ടിന്റെ പോക്കറ്റിൽ എന്തോ ഒരു കനത്ത വസ്തുവിൽ തടഞ്ഞു. അവൻ അത് പുറത്തെടുത്തു, ചുവന്ന നിറത്തിൽ വട്ടത്തിൽ എന്തോ ഒന്ന്, അതിൽ എന്തോ എഴുതിയിട്ടുണ്ട്, ഒരു നമ്പർ പോലെ, അവൻ അത് ശ്രദ്ധയോടെ നോക്കി വായിച്ചു,
\"നാല്പത്തി ഒന്ന്..\"
അന്താളിപ്പോടെ അവൻ അതിലേക്ക് നോക്കി ഇരുന്നു..
\"ഇതാ മോനേ, രാത്രി ചുറ്റി നടക്കുമ്പഴാ നിലത്ത് വീണ് കിടക്കുന്നത് കണ്ടത്, അങ്ങിനെ എടുത്ത് പോക്കറ്റിൽ ഇട്ടതാ\" അവനിലേക്ക് കൈ നീട്ടിക്കൊണ്ട് ആ നീല വസ്ത്രധാരി നിൽക്കുന്നു.
അവൻ അയാൾ നൽകിയത് വാങ്ങിച്ചു, തൻ്റെ കണ്ണടയാണ്.
അവൻ കണ്ണട ധരിച്ച ഉടനെ പോക്കറ്റിൽ നിന്നും ലഭിച്ച ആ വസ്തുവിലേക്കാണ് നോക്കിയത്.
\"ക്ലോക്ക് റൂം, വൈറ്റില ഹബ്\" അവൻ അൽപ്പം ഉച്ചത്തിൽ, ആഹ്ലാദത്തോടെ അത് വായിച്ചു.
അപ്പോഴേക്കും അയാൾ അവന്റെ അടുത്തിരുന്നു,
\"അയ്യോ, കുഞ്ഞ് ഇത് വരേ ചായ കുടിച്ചില്ലേ?\"
\"സോറി, ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റ ഒരു...\" അവൻ ജാള്യതയോടെ ആ പേപ്പർ ഗ്ലാസ് കയ്യിൽ എടുത്ത് ഒരു സിപ് കുടിച്ചു.
\"എന്താണാവോ എണീറ്റപ്പോൾ ഒന്നും അങ്ങോട്ട് മനസ്സിലായിരുന്നില്ല, ഒത്തിരി യാത്രാ ചെയതത് കൊണ്ടാവും!\" അവൻ ഒരു ദീർഗ്ഗനിശ്വാസത്തോടെ ആ സെക്യൂരിറ്റി ജീവനക്കാരനെ നോക്കി പറഞ്ഞു.
\"കുളിക്കുന്നുണ്ടോ ഇപ്പോൾ??, കുറച്ച് കഴിഞ്ഞാൽ നല്ല തിരക്ക് ആവും\" അയാൾ പുരികം ചുളിച്ച് കൊണ്ട് ചോദിച്ചു.
\"ആ, കുളിക്കണം, ഞാൻ വന്നോളാം, ഏട്ടന്റെ ഡ്യൂട്ടി കഴിഞ്ഞോ??\"
\"ഇല്ല, ഇനി ഒരു 2,3 മണിക്കൂർ കൂടെ, എന്നാ കുഞ്ഞ് കുളിക്കാൻ വരുമ്പോൾ ക്യാബിന്റെ അങ്ങോട്ട് വാ, ആവശ്യം ഉണ്ട്\"
\"ശരി ഏട്ടാ\" അവൻ മറുപടി പറഞ്ഞപ്പോൾ, ആ പഴയ ജവാൻ ആഹ്ലാദത്തിന്റെ പുഞ്ചിരിയും പേറി തിരിഞ്ഞ് നടന്നു.
ആ ഗ്ലാസ്സിൽ നിന്നും ഓരോ സിപ് കുടിക്കുമ്പോഴും അവന്റെ ആരും ഇല്ലായ്മ അകന്ന് കൊണ്ടേ ഇരുന്നു.
നഷ്ടങ്ങൾക്ക് മുൻപിൽ പക കാണിച്ച് ജയിക്കാൻ തീരുമാനിച്ചാണ് വീട് വിട്ട് ഇറങ്ങിയത്. അവൻ ഓർമകളിലേക്ക് നടന്ന് തുടങ്ങി, ഒരുപാട് ദൂരങ്ങളിലേക്ക് അല്ല. കഴിഞ്ഞ രാത്രി, കോരി ചൊരിയുന്ന മഴയിൽ ആനവണ്ടി വിട്ട് ഇവിടെ ഇറങ്ങുമ്പോൾ പിന്നീട് എന്ത് ചെയ്യണം എന്നൊരു പിടി ഇല്ലായിരുന്നു.
★★★★★★
തുടരും.
© afsal aboobacker | thezcount.com