Aksharathalukal

പച്ചക്കുതിര


നേരം ഇരുട്ടിത്തുടങ്ങി.

വീടിനുള്ളിലും പുറത്തും ലൈറ്റുകൾ തെളിഞ്ഞു.

വൈകുന്നേരത്തെ കുളികഴിഞ്ഞുവന്ന് പതിവ് പോലെ ടി വി കാണാൻ ഇരുന്നു.

ചാനലുകൾ മാറ്റി നോക്കി വാർത്തകൾ കണ്ടുകൊണ്ടിരുന്നു ഞാൻ.


പെട്ടെന്ന് എന്തോ ഒന്നു പറന്നു വന്ന് എന്റെ തലയിൽ ഇരുന്നു.

വേഗം വലതു കൈകൊണ്ട് ഞാനതിനെ തട്ടിമാറ്റി.

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അത് പറന്നു വന്ന് എന്റെ ഇടതു കൈത്തണ്ടയിൽ ഇരുന്നു.

ഇത്തവണ ഞാനതിനെ തട്ടിമാറ്റിയില്ല, പകരം മെല്ലെ ഞാനതിനെ പിടിച്ചു.

അതിമനോഹരമായ ഹരിത വർണ്ണത്തിലുള്ള ഒരു പച്ചക്കുതിര ആയിരുന്നു അത്.

അതിന്റെ പച്ചനിറമുള്ള ചിറകുകൾ, മൃതുലതമായ ശരീരം, നീണ്ട കാലുകൾ, ആ സൗന്ദര്യം എന്നെ ആകർഷിച്ചു.

അതിനെ പറഞ്ഞു വിടാൻ എനിക്കു മടിതോന്നി.

എന്തുകൊണ്ടായിരിക്കും ഇവനെ പച്ചക്കുതിര എന്നു വിളിക്കുന്നത് ?

ഒരുപക്ഷേ പിൻകാലിൽ കുതിച്ചുചാടാൻ കഴിയുന്നതു കൊണ്ടായിരിക്കും . ഞാൻ മനസ്സിൽ ചിന്തിച്ചു.


കുതിരയുടെ ഒരു രൂപസാദൃശ്യവും ഇവനിൽ ഞാൻ കണ്ടില്ല.

മനസ്സിൽ പൊന്തി വന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പിന്നെയും മനസ്സ് എവിടൊക്കയോ പാഞ്ഞുകൊണ്ടിരുന്നു.

ചില സ്ഥലത്ത് പച്ചത്തുള്ളൻ എന്നും മറ്റു ചിലയിടത്ത് പുൽച്ചാടി എന്നുമാണ് ഇവരെ വിളിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.


പച്ചക്കുതിരയെ കണ്ടിട്ടാവണം ഭാര്യ ഓടിവന്നു .

"അതിനെ കൊല്ലരുത് ചേട്ടാ……."! ഭാര്യയുടെ യാചന!

"പച്ചക്കുതിര ദേഹത്തു കയറിയാൽ ഭാഗ്യം വരും". 

അവൾ വീണ്ടും പറഞ്ഞു.

എന്ത് ഭാഗ്യം ? ഞാൻ തിരക്കി.

പച്ചക്കുതിര വീട്ടിൽ വന്നാലും ദേഹത്ത് കയറിയാലും സമ്പത്തും ഐശ്വര്യവും വരും എന്നാണ് പറയുന്നത്!

പോടാ…… ആരാ തന്നോട് ഈ നുണ പറഞ്ഞത്!

ഇതു നുണയല്ല ചേട്ടാ…..

എല്ലാവരും പറയുന്നുണ്ട്.

വെറുതെ അന്ധവിശ്വാസം പറയരുത്.

അല്ല ചേട്ടാ…… ഇതു സത്യമാണ്.

നാളെ നോക്കിക്കോ നമ്മൾക്ക് എവിടെ നിന്നെങ്കിലും ധനം വരും

പിന്നെ ….. എവിടെ നിന്നു വരാനാ ?


എന്തായാലും ഞാൻ പച്ചക്കുതിരയെ എൻ്റെ കൈ വെള്ളയിൽ വെച്ചു.

പെട്ടെന്ന് ഞങ്ങളുടെ സുന്ദരി പൂച്ച എവിടെ നിന്നോ ഓടിവന്ന് എൻ്റെ കൈയ്യിൽ നിന്നും പച്ചക്കുതിരയെ തട്ടിയെടുത്ത് ഓടിമറഞ്ഞു !

ഭാര്യയുടെ മുഖത്ത് വിഷാദം പടർന്നു!

വരാനിരിക്കുന്ന ഐശ്വര്യം സ്വപ്നം കണ്ടുനിന്ന അവളുടെ കൺമുന്നിൽ എല്ലാം തകർന്നു വീണു.

സമ്പത്തുമായി വന്ന പച്ചക്കുതിര പൂച്ചയുടെ വായിലിരുന്ന് പ്രാണനു വേണ്ടി പിടയുന്നു.

പ്രതീക്ഷയുടെ ദന്ത ഗോപുരങ്ങൾ തകർത്ത പൂച്ചയെ ശപിച്ചു കൊണ്ട് ഭാര്യ അടുക്കളയിലേക്ക് മെല്ലെ നടന്നകന്നു!

പച്ചക്കുതിരയുടെ വിധിയോർത്തു ഞാനും  കസേരയിൽ അമർന്നിരുന്നു.

                             ***


                    മോഹനൻ പീ കെ