സീതാലക്ഷ്മി തിരക്കിലാണ്- തുടർക്കഥ( ഭാഗം-6)
സീതയുടെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ കൈവരുകയായിരുന്നു. അതിലേറെ അച്ഛന്റെയും,അമ്മയുടെയും കണ്ണുകളിലെ പ്രത്യാശയുടെ നിഴലാട്ടങ്ങൾ അവളെ ഏറെ സന്തോഷിപ്പിച്ചു.
രാവിലെ ഒമ്പതു മണിയോടെ ഓഫീസിൽ എത്തിയാൽ അന്നത്തെ ദിവസത്തേക്കുള്ള ഫയലുകൾ എല്ലാം റെഡിയാക്കി വയ്ക്കണം. പത്തുമണിയോടെ മേനോൻ സാർ വീട്ടിൽ നിന്ന് പട്ടണത്തിലേക്കുള്ള ഓഫീസിലേക്ക് പോകും. ആ സമയത്ത് ഈ ഫയലുകൾ എല്ലാം അദ്ദേഹത്തെ ഏൽപ്പിക്കണം. അതുകഴിഞ്ഞാൽ പിന്നെ തന്റെ ജോലിയുടെ പകുതിഭാരം കുറയും. മേനോൻ സാർ പോയിക്കഴിഞ്ഞാൽ അമ്മ ഇടയ്ക്കിടെ തന്നെ കാണാൻ വരും. ആ വരവ് തനിക്കും സന്തോഷമാണ്. ചിലപ്പോൾ കൂട്ടിന് വേലക്കാരി മാധവിയും ഉണ്ടാകും.
ഓഫീസിലെ എല്ലാ ജോലികളും പൂർത്തിയാക്കി അഞ്ചുമണിയോടെ താൻ അവിടെ നിന്ന് ഇറങ്ങി ആറുമണിയോടെ വീട്ടിലെത്തും. തന്നെ കാത്ത് വീടിന്റെ ഉമ്മറത്ത് കണ്ണും നട്ടിരിക്കുന്ന അച്ഛനും അമ്മയും, തന്നെ കാണുമ്പോൾ ഉണ്ടാകുന്ന അവരുടെ മുഖത്തെ സന്തോഷം തനിക്ക് തരുന്ന സംതൃപ്തി ചെറുതൊന്നുമല്ല.
തനിക്ക് കിട്ടിയ ജോലിയിൽ അവരുടെ സന്തോഷം തന്റെ ജീവിതത്തിൽ താനിതുവരെ അനുഭവിക്കാത്ത ആനന്ദം ആയിരുന്നു.
ഈ ജോലി കിട്ടിയപ്പോൾ താൻ ആദ്യം ചെയ്തത് അച്ഛനും ചെണ്ടക്കും വിശ്രമം നൽകുക എന്നതായിരുന്നു. അതുതന്നെയാണ് ഇന്ന് ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സന്തോഷവും.
ദിവസങ്ങൾ മാസങ്ങൾക്ക് വഴി മാറി. ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്ന് ഗോപിയേട്ടന്റെ കൈയിൽനിന്ന് വാങ്ങിയ പണം കടം തീർക്കാനായി ചെന്നപ്പോൾ, ഗോപിയേട്ടൻ അത് വാങ്ങാൻ തയ്യാറായില്ല. എന്നാൽ തന്റെ നിർബന്ധത്തിനു വഴങ്ങി അതിൽ നിന്ന് കുറച്ചു പണം എടുത്ത് ബാക്കി അദ്ദേഹം തിരിച്ചു നൽകി.
ഇതിനിടെ ചേച്ചിമാർ രണ്ടുപേരും വീട്ടിൽ വന്നിരുന്നു.
" ജോലിയായി, പണമൊക്കെ കയ്യിൽ വന്നു തുടങ്ങിയപ്പോൾ നിനക്ക് ഞങ്ങളെയൊക്കെ വേണ്ടാതായി.... "
മൂത്ത ചേച്ചിയുടെ വാക്കുകൾക്ക് സീത പുഞ്ചിരിക്കുക മാത്രം ചെയ്തു. കാരണം ഈ ചോദ്യം താൻ അങ്ങോട്ട് ചോദിക്കേണ്ടതായിരുന്നു. ഈ ജോലിയും ശമ്പളവും കിട്ടുന്നതിനു മുന്നേ ഇവിടെ ഇങ്ങനെ മൂന്ന് മനുഷ്യ ജീവനുകൾ ഉണ്ടായിരുന്നല്ലോ?
കണ്ണനെയും ഹരിയേയും ഒരിക്കൽ സീത വഴിയിൽ വച്ച് കണ്ടു. കണ്ണന്റെ ഇപ്പോഴത്തെ ജോലിയിൽ അവൻ ഏറെ സന്തോഷവാനായിരുന്നു. ഹരിയുടെ നല്ല മനസ്സ് അവൻ തിരിച്ചറിഞ്ഞിരുന്നു.
സീതയുടെ ജീവിതം ഇങ്ങനെ സന്തോഷപൂർണമായി മുന്നോട്ടുപോയി.
ഒരു ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് അമ്മ അങ്ങോട്ട് കടന്നു വന്നത്.
" മോളെ ഞാൻ മാധവിയേയും കൂട്ടി ഒന്ന് ഹോസ്പിറ്റലിൽ വരെ പോവുകയാണ്. മോൾ എനിക്ക് ഒരു ഉപകാരം ചെയ്യണം. അനന്തനുള്ള ഭക്ഷണം അവന്റെ മുറിയിൽ ഒന്ന് എത്തിക്കണം..... "
ശരിയെന്ന അർത്ഥത്തിൽ സീത തലയാട്ടി.
മനസ്സിൽ ഒരല്പം ഭയം ഉണ്ടായിരുന്നെങ്കിലും ഉച്ചയായപ്പോൾ ഭക്ഷണവുമായി സീത മുകളിലത്തെ മുറിയിലേക്ക് നടന്നു. എന്തോ ആലോചിച്ചു കിടക്കുകയായിരുന്ന അനന്തന്റെ മുഖത്തേക്ക് സീത നോക്കി.
" സാർ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്..... "
ആരുടെയോ കാൽ പെരുമാറ്റം കേട്ടതും അനന്തൻ മുഖമുയർത്തി നോക്കി. വേലക്കാരി ആയിരിക്കും എന്നാണ് അനന്തൻ ആദ്യം കരുതിയത്. പക്ഷേ സീതയെ കണ്ടതും ആ നെറ്റിയിൽ ചുളിവുകൾ വീണു.
" അവിടെ വെച്ചേക്കൂ..... " - അനന്തൻ അലക്ഷ്യതയോടെ പറഞ്ഞു.
" ഞാൻ പകർത്തി തരാം സർ.... "
" അവിടെ വെച്ചേക്കാൻ അല്ലേ പറഞ്ഞത്.... " - അനന്തന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി.
എന്നാൽ തോറ്റുകൊടുക്കാൻ സീത തയ്യാറല്ലായിരുന്നു.
" സാറ് ആരോടാണ് ഈ ദേഷ്യപ്പെടുന്നത്..... ജീവിതം ഈ നാല് ചുമരുകൾക്കിടയിൽ തളച്ചിട്ട് എന്തിന് സ്വയം ഹോമിക്കുന്നു..... "
സീതയുടെ വാക്കുകൾ കേട്ടതും അനന്തന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.
" വേണ്ട ഉപദേശം ഒന്നും വേണ്ട..... "
" സാറിനെ ഉപദേശിക്കാൻ ഞാൻ ആരാ.... പക്ഷേ ഇതിനുള്ളിൽ കഴിയുന്ന ആ രണ്ട് ജീവിതങ്ങളുടെ, മനസ്സിലെ വിങ്ങൽ സാറിന് അറിയാമോ? സാറൊന്ന് അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്ന ദിവസം അന്ന് അവർ എല്ലാം നേടിയതുപോലെയാ...... ആ പുഞ്ചിരി മായുന്ന സമയം എല്ലാം നഷ്ടപ്പെട്ടതുപോലെയും..... ഒരു പെണ്ണിനു വേണ്ടി ഇങ്ങനെ ജീവിച്ചു തീർക്കാനുള്ളതാണോ ഈ ജീവിതം... പകരം വീട്ടേണ്ടത് ജീവിച്ച് കാണിച്ചുകൊടുത്തുകൊണ്ടാണ്...... "
സീതയുടെ വാക്കുകൾ കേട്ടതും അനന്തൻ ദേഷ്യത്തോടെ കിടക്കയിൽ നിന്ന് ചാടി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കിടക്കയിൽ നിന്ന് താഴേക്ക് വീഴുമെന്ന് ആയപ്പോൾ സീത അയാളെ താങ്ങി. എന്നാൽ ആ കൈ തട്ടി മാറ്റാൻ അനന്തൻ ഒരു ശ്രമം നടത്തി.
" സാറ് എന്നോട് ദേഷ്യപ്പെടേണ്ട.... ഞാൻ ഒരിക്കലും കുറ്റപ്പെടുത്തിയതല്ല.... ഇത്രയേറെ കഴിവുകൾ ഉണ്ടായിട്ടും ഈ ഇരുട്ടിൽ ഇങ്ങനെ അഭയം തേടുന്നത് കണ്ട് പറഞ്ഞു പോയതാ.... എഴുതാം , വായിക്കാം... അങ്ങനെ ജീവിതത്തെ തിരിച്ചുപിടിക്കാം. അല്ലാതെ ഈ കിടക്കയിൽ ഇങ്ങനെ മരവിച്ച മനസ്സുമായി കിടന്നിട്ട് എന്തു നേടാനാ.... ഓരോ നിമിഷവും നീറി നീറി കഴിയുന്ന ആ അച്ഛനമ്മമാരെ കുറിച്ച് ചിന്തിച്ചു കൂടെ....... "
അനന്തൻ തലതാഴ്ത്തി കിടക്കയിൽ തന്നെ ഇരിക്കുകയായിരുന്നു. സാവധാനം ആ മുഖം സീതയുടെ നേരെയായി. ദേഷ്യം നിറഞ്ഞ മുഖഭാവം സാവധാനം നിസ്സഹായതയിലേക്ക് വഴിമാറുന്നത് സീത കണ്ടു.
സീത അവിടെ വെച്ചിരുന്ന ഗ്ലാസിലെ വെള്ളം എടുത്ത് അനന്തനു നേരെ നീട്ടി.
സാവധാനം ആ കൈകൾ ഗ്ലാസിനു നേരെ തിരിയുമ്പോൾ സീതയുടെ മനസ്സിൽ ആശ്വാസത്തിന്റെ കാറ്റ് വീശി അടിക്കാൻ തുടങ്ങിയിരുന്നു.
അനന്തൻ വെള്ളം കുടിച്ച് ആ ഗ്ലാസ് തിരികെ നൽകി.
" സാർ ഞാൻ ഭക്ഷണം എടുത്തു നൽകാം..... "
സീതയുടെ വാക്കുകൾക്ക് മറുപടി പോലെ വേണ്ട എന്ന അർത്ഥത്തിൽ അനന്തൻ തലയാട്ടി.
" സാറ് കുറച്ചുനേരം മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ തന്നെ ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ ഒക്കെ വരും.... "
സീതയുടെ വാക്കുകൾ കേട്ടതും അനന്തന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" തനിക്ക് എന്നെക്കുറിച്ച് എന്തറിയാം.... ഒന്നുമറിയില്ല.... "
അനന്തൻ ഇതു പറയുമ്പോൾ ആ കണ്ണുകളിൽ ഉരുണ്ടുകൂടിയ വേദനയുടെ താളം സീത കാണുന്നുണ്ടായിരുന്നു.
" മനസ്സിനുള്ളിലെ വേദനകളെ അവിടെത്തന്നെ തളച്ചിടുമ്പോഴാണ് ഇങ്ങനെ സ്വയം ഉരുകി കഴിയേണ്ടി വരുന്നത്.... അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ മനസ്സിന് ഒരല്പം ആശ്വാസം കിട്ടും.... "
സീതയുടെ വാക്കുകൾ കേട്ടതും അനന്തൻ ഒരല്പനേരം ആ മുഖത്തേക്ക് നോക്കിയിരുന്നു.
" മനസ്സിനുള്ളിലെ എല്ലാം പങ്കുവെച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... പക്ഷേ ഒരു വീഴ്ചയിൽ അതെല്ലാം കപട സ്നേഹമായിരുന്നു എന്ന്, ഇന്ന് ഞാൻ തിരിച്ചറിയുന്നു..... "
അനന്തന്റെ കണ്ണുകൾ നിറയാൻ തുടങ്ങി. സീതയും വല്ലാത്തൊരു അവസ്ഥയിലായി പോയി. കാരണം അനന്തൻ എന്ന മനുഷ്യന്റെ മറ്റൊരു മുഖമായിരുന്നു അത്.
" സാറിന് അത് തോന്നുന്നതല്ലേ.... അച്ഛൻ, അമ്മ.... ഇവരും അങ്ങയുടെ സ്നേഹം ആഗ്രഹിക്കുന്നവരാണ്. ഈ മുറിക്കുള്ളിൽ നിന്ന് പ്രകാശത്തിന്റെ ലോകത്തിലേക്ക് അങ്ങ് ഇറങ്ങിയാൽ അവരുടെ മനസ്സും തെളിയും. അതിലും വലിയ സന്തോഷം അവർക്ക് കിട്ടാനില്ല.... "
സീത ഇതു പറയുമ്പോൾ അനന്തൻ നഷ്ടപ്പെട്ട തന്റെ കാലിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ഇത് കണ്ട സീത കട്ടിലിനരികിൽ കിടന്നിരുന്ന വീൽചെയറിലേക്ക് നോക്കി. സീത അത് സാവധാനം തള്ളി അനന്തന് അരികിലേക്ക് കൊണ്ടുവന്നു.
" സാറ് ഈ മുറിക്കുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ തന്നെ ജീവിതത്തിൽ പല മാറ്റങ്ങളും വരും. ഇതിനപ്പുറത്തും ഒരു ലോകമുണ്ട്... അങ്ങ് എഴുതി, വായിച്ചുതീർത്ത പുസ്തകങ്ങളുടെ ഒരു ലോകം.... ആ പുസ്തകങ്ങളിൽ ഒന്ന് കയ്യിലെടുത്താൽ അങ്ങയുടെ മനസ്സിൽ നിന്ന് ഈ വേദനകളെല്ലാം ഓടി അകലും.... "
അനന്തൻ സീതയുടെ മുഖത്തേക്കും ആ വീൽചെയറിലേക്കും മാറിമാറി നോക്കി.
ഒരല്പം നേരത്തെ നിശബ്ദതയ്ക്കുശേഷം അനന്തൻ കിടക്കയിൽ കയ്യൂന്നി പതുക്കെ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. സീതയും അനന്തനെ സഹായിച്ചു. അനന്തൻ സാവധാനം വീൽചെയറിൽ ഇരുന്നു. സീത പതുക്കെ വീൽചെയർ തള്ളി വാതിലിനു പുറത്തേക്ക് നടന്നു.
അനന്തൻ കണ്ണുകൾ ഇറുകെ അടച്ചു. വർഷങ്ങൾക്കുശേഷം ഈ മുറിവിട്ട് പുറത്തേക്ക് ഇറങ്ങുകയാണ്. ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ മുത്തുകൾ അടർന്നു വീഴുന്നത് സീത ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സീത ഒന്നും പറയാൻ നിന്നില്ല. കാരണം മനസ്സിലെ വേദനകൾ കണ്ണുനീർ തുള്ളിയായി തന്നെ പുറത്തു പോകണം. അപ്പോഴേ ആശ്വാസം കിട്ടുകയുള്ളൂ.
സീത സാവധാനം വീൽചെയർ തള്ളി അനന്തൻ എഴുതാനും വായിക്കാനും ഉപയോഗിക്കാറുള്ള മുറിക്ക് മുന്നിലെത്തി. അവൾ ആ വാതിൽ തുറന്ന് വീൽചെയർ പതുക്കെ തള്ളി അകത്തേക്ക് കടന്നു.
ഇറുകെ അടച്ചിരുന്ന കണ്ണുകൾ അനന്തൻ പതുക്കെ തുറന്നു. പുസ്തകങ്ങൾ നിറഞ്ഞ തന്റെ പഴയ സാമ്രാജ്യം....
സീത സാവധാനം വീൽചെയർ തള്ളിക്കൊണ്ട് മുറിക്കുള്ളിലൂടെ നടന്നു. അനന്തൻ ചുറ്റുപാടും വീക്ഷിക്കുകയായിരുന്നു. ഇതിനിടെ അനന്തൻ ഷെൽഫിൽ ഇരുന്ന ഒരു പുസ്തകത്തിലേക്ക് കൈനീട്ടി. സീത, അനന്തൻ ചൂണ്ടിക്കാണിച്ച ആ പുസ്തകം പതുക്കെ ഷെൽഫിൽ നിന്ന് എടുത്തു. അവൾ സാവധാനം ആ പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് കണ്ണോടിച്ചു. " കാൽപ്പാടുകൾ തേടി " എന്ന പുസ്തകം. അതിനു താഴെ 'അനന്തൻ മേനോൻ 'എന്ന് എഴുതിയിരിക്കുന്നു.
സീത ആ പുസ്തകം എടുത്ത് അനന്തന് നേരെ നീട്ടി. അയാൾ അത് വാങ്ങിച്ച് പുറംചട്ടയിലേക്ക് കണ്ണോടിച്ചു. അതിനുശേഷം അതിന്റെ പേജുകൾ മറിച്ചു. കുറച്ചു വായിച്ചതും അനന്തൻ മുഖമുയർത്തി സീതയെ നോക്കി.
" തന്റെ പേര്?..... " - അനന്തന്റെ ചോദ്യം കേട്ടതും സീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" സാറ് ഇപ്പോഴെങ്കിലും പേര് ചോദിച്ചല്ലോ... സീത... സീതാലക്ഷ്മി..... " - സീത ചിരിച്ചുകൊണ്ട് പറഞ്ഞു.
" എന്റെ പേര് അനന്തൻ... ഈ സാറേ എന്നുള്ള വിളി വേണ്ട.... അനന്തൻ എന്നു വിളിച്ചാൽ മതി.... "
അതിനു മറുപടി പോലെ ചെയ്ത സീത തലയാട്ടി.
" ഞാനിവിടെ കുറച്ചുനേരം ഒറ്റയ്ക്കൊന്ന് ഇരിക്കട്ടെ.... സീത താഴേക്ക് പോയി കൊള്ളൂ... ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.... "
അനന്തന്റെ വാക്കുകൾ കേട്ടതും ആ പറഞ്ഞത് ശരിയാണെന്ന് തോന്നി. ശരിക്കും പറഞ്ഞാൽ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് നല്ലത്. അപ്പോഴേ മനസ്സ് ശാന്തമാകു. കൂട്ടിന് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളും ഉണ്ടല്ലോ.
സീത തിരിഞ്ഞ് മുറിക്ക് പുറത്തേക്ക് നടന്നു. ഈ സമയം അനന്തൻ പുസ്തകത്താളുകളിലെ വരികളിലൂടെ കണ്ണോടിക്കാൻ തുടങ്ങിയിരുന്നു.
ഓഫീസ് മുറിയിൽ എത്തുമ്പോൾ സീതയ്ക്ക് വല്ലാത്ത സന്തോഷം തോന്നി.
മേനോന് മൂന്നു മക്കളായിരുന്നു. രണ്ടാണും,ഒരു പെണ്ണും. അനന്തൻ ഒഴികെ ബാക്കി രണ്ടു മക്കളും വിവാഹമൊക്കെ കഴിഞ്ഞ് കുടുംബസമേതം വിദേശത്താണ്. അനന്തനെ ഓർത്താണ് അച്ഛനും അമ്മയും ഏറെ വേദനിച്ചിരുന്നത്. കാരണം മൂന്നു മക്കളിൽ ഏറ്റവും മിടുക്കൻ രണ്ടാമത്തെവൻ ആയ അനന്തൻ ആയിരുന്നു. എഴുത്തും വായനയും പത്രപ്രവർത്തനവും ഒക്കെയായി വീടിനെ എന്നും ബഹളത്തിൽ നിർത്തിയിരുന്നത് അനന്തനായിരുന്നു. ഇതിനിടെ അനന്തന് ഉണ്ടായ പ്രണയം..... പക്ഷേ അതിന് അച്ഛനും അമ്മയും ഒരിക്കലും എതിര് നിന്നില്ല.
എന്നാൽ ഇതിനിടെ ഉണ്ടായ അപകടമാണ് അവന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഒപ്പം സ്നേഹിച്ച പെണ്ണിന്റെ പിന്മാറ്റവും.... അത് അവനെ തളർത്തി കളഞ്ഞു. എല്ലാവരോടും പകയായി ഒരു മുറിക്കുള്ളിലെ നാല് ചുമരുകൾക്കിടയിൽ അവൻ ഒതുങ്ങിക്കൂടി.
ഇന്ന് ആ മകന്റെ മൂകതയാണ് ബംഗ്ലാവിനെ നിശബ്ദം ആക്കിയിരിക്കുന്നത്.
മേശപ്പുറത്തിരുന്ന ഫയൽ എല്ലാം അടക്കി അലമാരിയിൽ വയ്ക്കുന്നതിനിടെയാണ് ബംഗ്ലാവിന് പുറത്ത് ഒരു കാർ വന്നു നിന്ന ശബ്ദം സീത കേട്ടത്. ആശുപത്രിയിൽ പോയി വന്ന അമ്മയായിരിക്കും അത് എന്ന് സീത കരുതി.
മേശപ്പുറത്ത് കിടന്നിരുന്ന ഫയലുകൾ എല്ലാം ഒരു അരികിലേക്ക് മാറ്റിവയ്ക്കുന്നതിനിടയാണ് പുറത്ത് ആരുടെയോ കാൽ പെരുമാറ്റം സീത കേട്ടത്. അമ്മയാണെന്ന് കരുതി മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് മേനോൻ സാറിനെ ആയിരുന്നു. സാറ് ഊണ് കഴിക്കാൻ വന്നതാണ്.
ഓഫീസിനകത്തേക്ക് വന്ന മേനോൻ കുറച്ചുനേരം സീതയുടെ മുഖത്തേക്ക് നോക്കി നിന്നു. അതു കണ്ടതും സീതയ്ക്ക് ഭയമായി. ജോലി കാര്യത്തിൽ തന്റെ ഭാഗത്ത് നിന്നും വല്ല തെറ്റും പറ്റിയോ...? അവളുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.
സാവധാനം മേനോൻ സാറിന്റെ മുഖത്തുനിന്ന് ഗൗരവഭാവം ഓടി അകലുന്നത് സീത കണ്ടു.
" മോളാണോ അനന്തനെ ആ മുറിക്ക് ഉള്ളിൽ നിന്ന് പുറത്തേക്ക് ഇറക്കിയത്.....? "
അത് ചോദിക്കുമ്പോൾ ആ മുഖം വിടരുന്നത് സീത കണ്ടു.
" അതേ സാർ.... "- അവൾ സ്വരം താഴ്ത്തിക്കൊണ്ട് പറഞ്ഞു.
അതുകേട്ടതും മേനോൻ ഇരു കൈകളും സീതയ്ക്ക് നേരെ കൂപ്പി. ഇതു കണ്ടതും സീത ഓടിവന്ന് ആ കൈകളിൽ പിടിച്ചു.
" അരുത്...... എന്താ സാർ ഇത്.... ഇരുട്ടു നിറഞ്ഞ ആ മനസ്സിൽ ഒരല്പം വെളിച്ചം പകരാനെ ഞാൻ നോക്കിയുള്ളൂ.... "
സീത ഇത് പറയുമ്പോൾ മേനോൻ വാൽസല്യത്തോടെ ആ തലയിൽ കൈവച്ചു. ആ കണ്ണുകൾ നിറയുന്നത് സീത കണ്ടു. സീതയുടെ മുഖത്തേക്ക് വാത്സല്യത്തോടെ ഒരിക്കൽ കൂടി നോക്കിയിട്ട് മേനോൻ പുറത്തേക്ക് നടന്നു.
സീത ആ പോക്ക് ഒരല്പ നേരം നോക്കി നിന്നു.
ഒരച്ഛന്റെ മനസ്സിലെ വിങ്ങൽ, പ്രത്യാശയുടെ തിരി നാളമായി മാറുന്നത് അവൾ അറിഞ്ഞു.
മേശയ്ക്കരികിൽ കിടന്ന കസേരയിൽ അവൾ ഒരല്പ നേരം ഇരുന്നു.
................................... തുടരും......................................
സീതാലക്ഷ്മി തിരക്കിലാണ് - തുടർക്കഥ ( ഭാഗം - 7 )
അഡ്വക്കേറ്റ് ഭാസ്കരമേനോൻ അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു. തന്റെയും ഭാര്യ സാവിത്രിയുടെയും ഇരു ചുമലിലും താങ്ങി, അനന്തൻ താഴത്തെ നിലയിലേക്കുള്ള ഗോവണിപ്പടികൾ ഇറങ്ങുമ്പോൾ ഒരു കാർമേഘം പെയ്തിറങ്ങുന്ന നിർവൃതിയിലായിരുന്നു ആ മനസ്സുകൾ അപ്പോൾ. പിറകെ വേലക്കാരി മാധവി, വീൽചെയറുമായി അവർക്കൊപ്പം താഴേക്ക് നടക്കുന്നുണ്ടായിരുന്നു. നിറഞ്ഞു തുളുമ്പിയ സാവിത്രിയുടെ കണ്ണുകൾ മേനോൻ കാണുന്നുണ്ടായിരുന്നു. എല്ലാറ്റിനും നിമിത്തമായത് സീതയായിരുന്നു. തലമുടിയും മുഖത്തെ താടി രോമങ്ങളും വെട്ടിയൊതുക്കിയപ്പോൾ തങ്ങൾക്ക് പഴയ അനന്തനെ തിരിച്ചു കിട്ടിയതുപോലെ രണ്ടുപേർക്ക