Aksharathalukal

ആർദ്രചിത്തം

യാത്രയോതീടുവാൻ
കഴിയാതെ നീയെന്റെ
മിഴികളിലാർദ്രമായ്
നോക്കി നിൽക്കേ...

നേരിടാനാവാതെ-
യെൻമിഴിപ്പൂക്കളി-
ലശ്രുബിന്ദുക്കൾ
തുളുമ്പിയെന്നോ?

മരവിച്ചുറഞ്ഞ ഞാ-
നൊരു ചാരുശില്പമായ്
കനവിന്റെ കൂട്ടിൽ
തരിച്ചിരുന്നു!

ഒരു നേരമെങ്കിലും
തേൻമൊഴി കേൾക്കുവാ-
നാർത്തനായുള്ളം
കൊതിച്ചിരുന്നോ?

ചേതസ്സടർന്നൊരു
ദേഹിയാമെന്നെ നീ
ചേതമില്ലാതങ്ങു
നോക്കി നിൽക്കേ...

ചലിക്കാത്ത പാദത്തിൻ
നൂപുരമണിനാദം
കേട്ടിട്ടാനൊരു വേള
നീ കൊതിച്ചോ?

മറവിതൻ പുസ്തകത്താ-
ളിൽ മറച്ചെന്നെ,
കാലച്ചിറകിൽ 
പറന്നുയർന്നു!

ഋതുക്കളിൻ മഞ്ജിമ-
ഭാവങ്ങളൊക്കെയു-
മൊരു കുടക്കീഴിൽ
നാമാസ്വദിച്ചു!

ഒന്നായിത്തീർന്നിടാ-
നിനിയെത്ര ജന്മവും
കാത്തിരിക്കാമെന്നും
നീ മൊഴിഞ്ഞു!

സ്വപ്നങ്ങളൊക്കെയും
പങ്കുവച്ചന്യോന്യം
പൗർണമി രാവിൽ
നനഞ്ഞു നിന്നു!

അരിമുല്ലപ്പൂമണ-
മൊപ്പിയെടുത്തിടാൻ
കൂന്തലിന്നിഴകളിൽ
മുഖമമർത്തി!

അകലുവാനായിരു-
ന്നെങ്കിലെൻ ഹൃദയത്തി-
ലിത്ര നാളെന്തിന്നായ്
കൂടുകൂട്ടി?

മറക്കുവാനാശിച്ചു
മുങ്ങിയും പൊങ്ങിയും
സമയമാം നദിയിലൂ-
ടൊഴുകി നീങ്ങി!

    ✍️ഷൈല ബാബു©