Aksharathalukal

ശ്യാമമേഘം / രജനി അശോക്

ഏകാന്തസ്വപ്നസന്ധ്യകളിൽ ചാരെ
മധുവൂറും നിൻ മൊഴിയുതിരാൻ
പുലരാൻ കൊതിക്കും പൂത്തുമ്പി ഞാൻ
നിനക്കായിനിയും കാത്തിരിക്കും.
നിൻ സ്വരമെന്നെ നീലാകാശത്തി-
ലൊഴുകും വെൺമുകിലാക്കി!

മെല്ലെയെൻ ഹൃദയരാഗമായി നിൻ
കിനാവിൻ തളിർമണികൾ 
കതിരാടിനിന്നു നിറദീപനാളമായ് 
എന്നുള്ളം നീ തുറന്നതല്ലേ നിൻ
മോഹനഗാനപല്ലവിയായി 
അതിലലിയും ശ്യാമമേഘമീ ഞാൻ!

പിരിയാത്ത സ്നേഹത്തിൻ തിളക്കം
മൃദുവായി പെയ്തെൻ നിറചില്ലകളിൽ
മൂടും തെളിനിലാവെൻ കൈക്കുമ്പി-
ളിലഴകോടെ, ചോർന്നു പൊൻ മഞ്ഞു
കണങ്ങൾ, പരിഭവം മിഴിയിണകളിൽ 
പ്രണയത്തിൻ പനിനീർ തിളക്കം....
നിൻ പ്രണയത്തിൻ പനിനീർ തിളക്കം!!!