Aksharathalukal

നിഴലായി നിൻ കൂടെ

       ചുറ്റിനും പലയിനം പൂമരങ്ങളും ,ഫല വൃക്ഷങ്ങളും. അതിൽ കല്ല് വിരിച്ച വഴിത്താരകളും , മീൻ കുളവും , താറാവും , അരയന്നങ്ങളും , അതിലൊരു വീടും , അതായിരുന്നു എന്റെ സ്വപ്നം. പക്ഷെ മരങ്ങൾ, അവ മാത്രം പെട്ടെന്ന് വലുതാകില്ലല്ലോ ബാക്കിയെല്ലാം ഏർപ്പാടാക്കിയാലും .

     ഭാരതീയ സംസ്കാരത്തിൽ വൃക്ഷങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. 
പത്തു പുത്രൻന്മാർ ഒരു മരത്തിനു തുല്യമെന്ന് എറണാകുളം മംഗളവനത്തിന് മുന്നിൽ വെച്ച് വായിച്ചതോർമ്മിക്കുന്നു. നമ്മുടെ നിലമ്പൂർ കാട്ടിൽ നിൽക്കുന്ന വലിയ തേക്ക് മരം, അതൊന്ന് കാണേണ്ടത് തന്നെയാണ്. പിന്നെ പല പല കാവുകളിലും മറ്റും നിൽക്കുന്ന ആൽമരങ്ങൾ, പേരാൽ , ഇലഞ്ഞി, കാഞ്ഞിരം അതിനൊക്കെയൊരു ആകർഷിക്കുന്ന സൗന്ദര്യമുണ്ട്. ചെറുപ്പത്തിൽ മാന്ത്രിക കഥകൾ കുറെയേറെ വായിച്ചതിന്റെ കുഴപ്പമാവാം ഇങ്ങനെയൊരിഷ്ട്ടം വന്നത്.

      തുലാമാസത്തിലെ ഇരുട്ട് മൂടി കിടക്കുന്ന, ഇടിമിന്നലുള്ള കനത്ത മഴയുള്ള ദിവസങ്ങളിൽ, പലപ്പോഴും ഒറ്റക്ക് വീടിന്റെയടുത്തുള്ള പാല മരത്തിന് മുന്നിലൂടെ സഞ്ചരിക്കാൻ തന്നെ ഭയമാവും. പാലപ്പൂവിന്റെ മയക്കുന്ന സൗരഭ്യവും, ഭയവും ഇവ രണ്ടും തരുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഞാൻ ഗന്ധർവ്വൻ സിനിമയിൽ, പാലപ്പൂ സുഗന്ധത്തിലാണ് ഗന്ധർവ്വൻ ആദ്യം തന്നെ നായികയുടെ മുന്നിലെത്തുന്നത്. 

          കഥകളിലെല്ലാം യക്ഷികളെ തളയ്ക്കുന്നത് വലിയ വട വൃക്ഷങ്ങളിലാണ് . തളച്ച ശേഷം അനങ്ങാൻ വയ്യാതെ, പുറത്തു വരാൻ വർഷങ്ങളോളം കാത്തു നിൽക്കുന്ന യക്ഷിയുടെ അവസാനിക്കാത്ത പ്രതീക്ഷകളും. മിക്ക കഥകളിലും നായകൻ അവസാനം യക്ഷിയെ ബന്ധിക്കുന്നു, സ്നേഹവും, സ്വാതന്ത്ര്യവും കിട്ടാതെ യക്ഷിയുടെ ഏകാന്തവാസം പിന്നെയും നീളുന്നു. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ഇതുവരെ ഒരെക്ഷിയെയും തളയ്ക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടില്ല. 


        യാത്രകളിൽ തലയെടുപ്പുള്ള വൻമരങ്ങൾ കണ്ടാൽ മിക്കവാറും ഫോട്ടോയെടുത്തു സൂക്ഷിച്ചു വെക്കാറുണ്ട്. ഒരിക്കൽ  ഓഫീസിലെ കൂട്ടുകാർക്ക് ഒപ്പം മസനഗുഡി യാത്രയിലാണ് അങ്ങനെയൊരാകർഷണം തോന്നുന്ന വലിയൊരു അരയാൽ കണ്ടത്. മസനഗുഡിയിൽ താമസത്തിന് തിരഞ്ഞെടുത്തത് കാടിന്റെ അതിർത്തിയിലുള്ള റിസോർട്ടിലായിരുന്നു. ടൗണിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം, കുറേയേറെ താമസ സ്ഥലങ്ങളും പോയി നോക്കിയ ശേഷമാണ് ഈ റിസോർട്ട് ശ്രദ്ധയിൽ പെട്ടത്. ടാറിട്ട റോഡിൽ നിന്ന് വണ്ടി പതിയെ കല്ലും മണ്ണുമുള്ള ഇടവഴിയിലൂടെ ആടിയുലഞ്ഞ് റിസോർട്ടിന്റെ മുന്നിൽ ചെന്ന് നിന്നു. ഉള്ളിലിരുന്ന് നോക്കിയപ്പോൾ തന്നെ ഒരു പേടിപ്പെടുത്തുന്ന വിജനത ചുറ്റുമെങ്ങും.

      ബാഗുമായി വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ, ആരോ മുഖത്തു വെള്ളം തൊട്ട് തടവുന്ന പോലെ, തണുത്ത കാറ്റ് തഴുകി കടന്നു പോയി. ചുറ്റിലും കണ്ണോടിച്ചു നോക്കിയപ്പോൾ, ദൂരെ ഒറ്റക്ക് നിൽക്കുന്ന വലിയൊരു പുളി മരത്തിൽ നോട്ടം ചെന്ന് നിന്നു.


        എല്ലാവർക്കും താമസ സ്ഥലം വല്ലാതെ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ 5 റൂമുകൾ ഞങ്ങളെടുത്തു. അതിൽ രണ്ടെണ്ണം ഏറുമാടം രീതിയിലുള്ളതായിരുന്നു. ഒരു വലിയ ഇല്ലിത്തുറുവിന്റെ മുകളിൽ നാല് വശങ്ങളിലും ഇരുമ്പ് തൂണുകൾ, അതിന്റെ മുകളിൽ റൂമുകൾ. കുത്തനെയുള്ള പടികൾ, മുകളിൽ എത്തിപ്പെടാൻ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാലും  അവിടെ നിന്നുള്ള കാഴ്ച നല്ല ഭംഗിയുള്ളതാണ്.  ഏകദേശം 5,6 ഏക്കർ എങ്കിലും ഉണ്ടാവും റിസോർട്ട് വക ഭൂമി. ചുറ്റിലും പുൽമേടുകളാണ്. ക്രിക്കറ്റ്, ഷട്ടിൽ ഒക്കെ കളിക്കാൻ പറ്റിയ സ്ഥലം.
കണ്ടപ്പോൾ തന്നെ എനിക്ക് ആ വലിയ പുളി മരത്തിന്റെ തണലിൽ, ചാറ്റൽ മഴ നനഞ്ഞ പുല്ലിൽ, പാട്ട് കേട്ട്, തണുത്ത കാറ്റടിച്ചു കിടക്കാൻ ഭയങ്കര മോഹം തോന്നി. റൂമിൽ ചെന്ന് ഡ്രസ്സ്‌ ഒക്കെ മാറി ഏറുമാടത്തിൽ നിന്ന് പാട്ട് പെട്ടിയുമായി താഴേക്കിറങ്ങി പോന്നു. ഏകദേശം നൂറ് മീറ്റർ ദൂരം വരും ആ മരത്തിന്റെ അടുത്തേക്ക്. ഒരു മൂന്നു മണി നേരമായിക്കാണും, മഴക്കാറുള്ളതുകൊണ്ട് അന്തിവെയിലിന് ചൂട് വളരെ കുറവാണ്.
നടന്ന് പുളിമരത്തിന്റെ അടുത്തെത്തി കഴിഞ്ഞു . മരത്തിന്റെ ഇലകളിലൂടെ മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ട്. അപ്പുറം നോക്കിയപ്പോളാണ് ചെറിയ കാട്ടരുവി മതിലിന്റെ കുറച്ചു പുറകിലൂടെ മാറി ഒഴുകുന്നത് കണ്ടത്. മഴക്കാലമായത് കൊണ്ട് നിറഞ്ഞു വെള്ളമൊഴുകുന്നുണ്ട്. കുറച്ചു മുന്നോട്ട് നടന്ന്, മതില് ചാടി, നനഞ്ഞു കിടക്കുന്ന കല്ലിലൂടെ വെള്ളത്തിലേക്ക് ഇറങ്ങി നിന്നു. തലയിലേക്ക് വൈദ്യുതി പ്രവഹിക്കുന്നപോലെയൊരനുഭവം. അത്രയും തണുപ്പ് ആയിരുന്നു വെള്ളത്തിന്‌.

    വെള്ളമൊഴുകുന്ന ശബ്ദം കേട്ടിരുന്നാൽ തന്നെ സമയം പോകുന്നതറിയില്ല. സൂര്യപ്രകാശമടിക്കുമ്പോൾ ഒഴുന്ന വെള്ളത്തിന്‌ പളുങ്ക് തോൽക്കുന്ന തിളക്കം. Onv യുടെ ഒരു പാട്ടാണ് പെട്ടന്ന് മനസ്സിൽ വന്നത്.

 \" സൂര്യാംശുവോരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ.... \"

അരുവിയുടെ ഓരം ചേർന്ന് മരങ്ങളുടെ വേരുകൾ വെള്ളത്തിനു മുകളിൽ പൊങ്ങി നിൽക്കുന്നു. മഴക്കാലത്ത് ശക്തമായ ഒഴുക്കിൽ വേരുകൾക്കിടയിലെ മണ്ണ് മുഴുവനും ഒലിച്ചുപോയിരിക്കുന്നു. ദൂരേക്ക് നോക്കിയാൽ കാടിന്റെ അസ്ഥികൂടങ്ങൾക്കിടയിലൂടെ വെള്ളം ഒഴുകി വരുന്നപോലെ തോന്നും.

      പുതിയ, ഏതൊരു സ്ഥലത്ത് ചെന്നാലും അതിനു ചുറ്റിലും നടന്നു കാണുക എന്നതാണല്ലോ ഏതൊരു മനുഷ്യനും ചെയ്യുന്നത്. അതിന് ഒരു മാറ്റം ഞാൻ ആയിട്ട് വരുത്തുന്നില്ല എന്ന് വിചാരിച്ചു വെള്ളത്തിലൂടെ അരുവിക്ക് കുറുകെ നടന്ന് അപ്പുറമുള്ള കാട്ടിലേക്ക് കയറി.
കുറച്ചു ദൂരം മുന്നോട്ട് നടന്നു. അകലെ നിറയെ ശിഖരങ്ങളായിട്ട് പ്രേത സിനിമയിലൊക്കെ കാണുന്ന തലയെടുപ്പോടെ ഒരു ഭീകരമരം നിവർന്നു നിൽക്കുന്നു. അവിടെവരെ ഒന്ന് പെട്ടന്ന് പോയി വരാമെന്ന്കരുതി വേഗം നടന്നു. 

      മരത്തിന്റെ ചുറ്റിലും നിറയെ ചിതൽപ്പുറ്റ്.  ചിതലുകൾ അവരുടെ കലാവിരുത് നന്നായി ചെയ്ത് വെച്ചിരിക്കുന്നു. ആരൊക്കെയോ ഇവിടെ വന്നു പോകുന്ന പോലെ ചുറ്റും എന്തൊക്കെയോ കിടക്കുന്നു. കർപ്പൂരത്തിന്റെ കവറുകൾ, എണ്ണക്കുപ്പി, പിന്നെ ഉണങ്ങിയ ചെത്തിപൂക്കളും, പൂമാലകളും മറ്റും.
അടുത്തേക്ക് പതിയെ ചെന്ന് നോക്കിയപ്പോൾ എന്തൊക്കെയോ മുദ്രകൾ മരത്തിന്റെ തടിയിൽ കൊത്തിവെച്ചിരിക്കുന്നു. ഏതോ ഭാഷയിൽ ആണെന്ന് തോന്നുന്നു. ഇടക്ക് ചുവന്ന മഷിയിൽ ഒഴുകിയിറങ്ങിയ ഉണങ്ങിയ പാടുകൾ. പെട്ടന്ന് ചോരയാണോ എന്നൊരു തോന്നൽ. ഫോൺ ബെല്ലടിച്ചു കഴിഞ്ഞപ്പോളാണ് ഞാൻ ഇത്രയും ദൂരെ ഒറ്റക്ക് വന്ന ബോധം വീണത്. 
ചെറിയ കുറ്റിക്കാടുകൾ ഉള്ളത് കൊണ്ട് ഞാൻ ഇവിടെ നിൽക്കുന്നത് വേറെ ആർക്കും കാണാനും പറ്റില്ലല്ലോ എന്നോർത്തപ്പോൾ ചെറിയ പേടി തോന്നി.

       എന്നെ കാണാതെ ഇരുന്നിട്ട് വിളിച്ചതായിരുന്നു അവർ . ഒറ്റക്ക് എവിടെ പോയതാ പുലിയൊക്കെയിറങ്ങുന്ന സ്ഥലമാ വേഗം പോരെ, സാധങ്ങൾ വാങ്ങാൻ പോകണമെന്ന് പറഞ്ഞു. ഇപ്പൊ തന്നെ എത്താമെന്ന് പറഞ്ഞു തിരിച്ചു നടന്നു. പുലിയിറങ്ങുന്ന സ്ഥലം എന്ന് കേട്ടപ്പോൾ തന്നെ പകുതി ജീവൻ പോയി. 
തിരിച്ചു ചെന്നപ്പോൾ എല്ലാവരും പോകാൻ റെഡി ആയി നിൽക്കുന്നു. ആ തോട് കഴിഞ്ഞ് ഒറ്റക്ക് അങ്ങോട്ടൊന്നും പോയേക്കരുത് എന്ന് റിസോർട്ട് ജീവനക്കാർ താക്കീത് ചെയ്തു. വേണ്ടിയിരുന്നില്ല എന്ന് ഉള്ളിൽ തോന്നിപ്പോയി.


      താമസ സ്ഥലത്തു നിന്നും രണ്ടു സ്‌കൂട്ടർ തരപ്പെടുത്തി തന്നു. അതും കൊണ്ട് ഞങ്ങൾ കുറച്ചു പേർ ടൗണിലേക്ക് പോയി. പോകുന്ന വഴിയിൽ നല്ല പുഴമീൻ , പിന്നെ നാടൻ കോഴിയൊക്കെ വിൽക്കുന്ന സ്ഥലം കണ്ടു. ഇവിടെ കിട്ടുന്ന നാടൻ കോഴി, അത് പോര് കോഴി വർഗ്ഗത്തിൽ പെടുന്നതാണ്. വീട്ടിൽ പണ്ട് ഇതുപോലത്തെ കുറേ വളർത്തിയിരുന്നു. 



തുടരും 

കാളിന്ദി ❤️


നിഴലായി നിൻ കൂടെ

നിഴലായി നിൻ കൂടെ

4.6
911

പാർട്ട്‌ :2       ടൗണിൽ പോയി കരിക്കിൻ വെള്ളവും, തണുത്ത ബിയറും കുറച്ചു ഡ്രസ്സ്‌ ചെയ്ത കോഴിയും ബാക്കി സാധങ്ങളുമായി അധികം താമസിയാതെ തിരികെ വന്നു. അടുക്കളപ്പണികൾ ഭയങ്കര ഇഷ്ടമുള്ള നിമിലും, ബിന്റോയും, നിഷാന്തും എന്റെ കൂടെ ചേർന്നു. കഷണങ്ങൾ ആക്കി വാങ്ങിയ ചിക്കൻ, മുളക് പൊടിയും, മല്ലിപ്പൊടിയും ചെറുതായി ചൂടാക്കി മസാലയും പിന്നെ ഉള്ളിയും, ഇഞ്ചിയും അരച്ചതും ചേർത്ത് കുറച്ചു സമയം മാറ്റി വെച്ചു. വലിയ ഇല്ലിത്തുറുവിന്റെ അടുത്തായി മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഭാഗത്ത് എല്ലാവരും വന്നിരുന്നു. ഏകദേശം സമയം 8 മണിയായിക്കാണും.  ഇല്ലിക്കാട് കാണാൻ ഭയങ്