Aksharathalukal

നിഴലായി നിൻ കൂടെ

പാർട്ട്‌ :2




       ടൗണിൽ പോയി കരിക്കിൻ വെള്ളവും, തണുത്ത ബിയറും കുറച്ചു ഡ്രസ്സ്‌ ചെയ്ത കോഴിയും ബാക്കി സാധങ്ങളുമായി അധികം താമസിയാതെ തിരികെ വന്നു. അടുക്കളപ്പണികൾ ഭയങ്കര ഇഷ്ടമുള്ള നിമിലും, ബിന്റോയും, നിഷാന്തും എന്റെ കൂടെ ചേർന്നു. കഷണങ്ങൾ ആക്കി വാങ്ങിയ ചിക്കൻ, മുളക് പൊടിയും, മല്ലിപ്പൊടിയും ചെറുതായി ചൂടാക്കി മസാലയും പിന്നെ ഉള്ളിയും, ഇഞ്ചിയും അരച്ചതും ചേർത്ത് കുറച്ചു സമയം മാറ്റി വെച്ചു. വലിയ ഇല്ലിത്തുറുവിന്റെ അടുത്തായി മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഭാഗത്ത് എല്ലാവരും വന്നിരുന്നു. ഏകദേശം സമയം 8 മണിയായിക്കാണും.  ഇല്ലിക്കാട് കാണാൻ ഭയങ്കര സൗന്ദര്യമാണ്, പക്ഷെ അതിൽ നിന്ന് എപ്പോളും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കും . ചിലപ്പോൾ നമ്മൾ ഞെട്ടിപ്പോകും. 

         നല്ല മഴക്കോൾ ഉള്ളത് പോലെ തണുത്ത കാറ്റ് വീശിക്കൊണ്ടേ ഇരിക്കുന്നു. വിറകിട്ട് കത്തിക്കാനുള്ള ഇരുമ്പിന്റെ റിങ്, ഹോട്ടൽ സ്റ്റാഫ് വന്നു കാണിച്ചു തന്നു. അതിൽ ഞങ്ങൾ വിറക് അടുക്കാൻ തുടങ്ങി. കാട്ടിലെ ഉണങ്ങിയ കാതലുള്ള വിറകുകൾ കുറെ കൂട്ടി ഇട്ടിട്ടുണ്ട്. ഇത് കുറച്ചെടുത്ത്, കത്തിച്ചു കനലാക്കി വേണം ചിക്കൻ ചുട്ടെടുക്കാൻ. 
സമയം പോകും തോറും 
തണുത്ത ബിയറിന്റെ രുചി മിക്കവരും രുചിച്ചു നോക്കി കൊണ്ടിരുന്നു . പാട്ടും ഡാൻസുമായി പിന്നെ പതുക്കെ, മസനഗുഡിയുടെ തണുപ്പിനെ ഞങ്ങൾ അകറ്റി നിർത്തി. ഇടക്കിടക്ക് ചാറ്റൽ മഴ വന്ന് ഞങ്ങളുടെ കൂടെ കുറച്ചു നേരം നിന്ന്, പിന്നെ താളത്തിൽ തുള്ളിക്കളിച്ചു പോയി.
വിറക് മുഴുവനും കത്തിക്കഴിഞ്ഞപ്പോൾ നല്ല കനലായി. കനലിന്റെ മുകളിൽ ഗ്രിൽ വെച്ചിട്ട് മസാല പുരട്ടിയ ഇറച്ചി എടുത്തു വെച്ചു. കാട്ടിലെ വിറകിന്റെ കനൽ ഒന്ന് വേറെ തന്നെയാണ്.

       എല്ലാവരും ചേർന്ന് റെന്റിനു  എടുത്ത ഗ്യാസ് അടുപ്പിൽ ചപ്പാത്തി ചുട്ടെടുക്കുന്നു. അതിന്റെ ഇടയിൽ സിനിമാപ്പേര് അഭിനയിച്ചു കളിക്കുന്ന പരിപാടിയും ആരംഭിച്ചു. ആണുങ്ങളും പെണ്ണുങ്ങളും വേറെ വേറെ ടീം ആയിട്ടാണ് മത്സരം. ഇടക്കിടക്ക് ഇറച്ചിക്കഷണങ്ങൾ മറിച്ചു വെക്കുന്നുമുണ്ട്. ഞാൻ അതിൽ നിന്നും കുറച്ച് ഉപ്പ് നോക്കാൻ എടുത്തു വെച്ചു. കനലിൽ വെച്ച് ചുട്ട കോഴിയുടെ മണമടിച്ച് വേറെ വല്ല മൃഗങ്ങളും വരുമെന്ന് തോന്നി. മസാലയിൽ പൊതിഞ്ഞ വെന്ത ഇറച്ചിക്ക് നല്ല രുചിയുണ്ടായിരുന്നു. ഉപ്പും പാകത്തിന്. കുറച്ചു കഷ്ണങ്ങൾ അവർക്ക് കൂടെ കഴിക്കാൻ കൊണ്ട് കൊടുത്തു. എല്ലാവർക്കും പാചകം വളരെയേറെ ഇഷ്ടമായി. ചപ്പാത്തിയുടെയും ചുട്ട കോഴിയുടെയും ചൂട് പോകുന്നതിന് മുന്നേ ഞങ്ങൾ കഴിക്കാനുള്ള കാര്യങ്ങൾ റെഡിയാക്കി. കൂടെ വന്നവരിൽ മൂന്ന് വയസുള്ള കുട്ടിയും ഉണ്ടായിരുന്നു. അവനാണ് ആദു. അവനെ കഴിപ്പിക്കാൻ അവന്റെ പുറകെയുള്ള ഓട്ടമാണ് എല്ലാവരുടെയും പ്രധാന പരിപാടി.

       മണി രാത്രി 11 കഴിഞ്ഞു . ഭക്ഷണം കഴിഞ്ഞ് വീണ്ടും മത്സരം തുടങ്ങി. തണുപ്പിന്റെ കാഠിന്യം വളരെ കൂടുതലായി,നല്ല കാറ്റും, വിറയ്ക്കുന്ന അവസ്ഥ. അതൊന്നും ആരും കാര്യമാക്കുന്നില്ല. ഭയങ്കര വാശിക്കാണ് മത്സരം. പെൺകുട്ടികൾക്ക് എന്തോ ജന്മസിദ്ധമായ കഴിവ് ഉള്ളത് പോലെ തോന്നും, അത്രയും വേഗത്തിൽ അവർ കണ്ട് പിടിക്കുന്നു. ഞങ്ങൾ ആണുങ്ങൾ തോറ്റ് തോറ്റ് മടുത്തു.ഇതിനിടയിൽ ഒരു ബിയർ എടുക്കാൻ ആയിട്ട് ഞാൻ ഏറുമാടത്തിലേക്ക് കയറി. ബോട്ടിൽ പൊട്ടിച്ച് , കാറ്റത്ത് അവിടെ നിന്ന് കുടിക്കാൻ ഒരു രസം തോന്നി. പതുക്കെ ഏറുമാടത്തിന്റെ പുറകിലേക്ക് നടന്നു പോയി. രാത്രിയിൽ സത്യത്തിൽ ഒരു ഹൊറർ ലുക്ക്‌ 
 തന്നെയാണ് ഇവിടെ മുഴുവനും. അത്രയും ഉയരത്തിൽ നിന്നും ദൂരേക്ക് നോക്കിയപ്പോൾ കാടിന്റെ അകത്ത് ചെറിയ തീ കത്തുന്നത് കണ്ടു. ഈ പാതി രാത്രിയിൽ, ചെറിയ മഴയുള്ള സമയത്ത് അവിടെ എന്തായിരിക്കും പരിപാടി എന്ന് മനസ്സിൽ തോന്നി. എന്തെങ്കിലും ആകട്ടെ എന്ന് കരുതി വേഗം താഴേക്ക് പോന്നു. അതി വാശിയേറിയ മത്സരം തക്രിതിയായി നടന്നുകൊണ്ടിരിക്കുന്നു .

       സമയം രാത്രി 12.30 കഴിഞ്ഞു. എല്ലാവരും പതുക്കെ റൂമിലേക്ക് പോകാനൊരുങ്ങി. തീക്കനൽ മുഴുവനും കെട്ടു. ഞാനും നിഷാന്തും മാത്രം താഴെ കൂടെ വലിയ ഇല്ലിക്കാടും. ഞങ്ങൾ വെറുതെ അതിലൂടെ ചുറ്റി നടന്നു. എങ്ങോട്ട് നോക്കിയാലും മുഴുവനും കൂരിരുട്ടിൽ മുങ്ങി കുളിച്ചു കിടക്കുന്നു. എന്തൊക്കെയോ ഭീകര ശബ്ദങ്ങൾ കാട്ടിൽ നിന്ന് കേൾക്കുന്നു. ഉള്ളിൽ ചെറിയ പേടി തട്ടിത്തുടങ്ങി. പിന്നെ ഒരുപാട് നേരം അങ്ങനെ അവിടെ ഇരിക്കാൻ മനസ്സനുവദിച്ചില്ല. പോയി കിടക്കാം എന്ന് തീരുമാനിച്ചു. ഞങ്ങൾ രണ്ടു പേരും മുകളിലേക്ക് കയറി. അകത്ത് കയറി മെഴുകുതിരി കത്തിച്ചു. ഏറുമാടത്തിൽ മാത്രം വൈദ്യുതി ഇല്ല. മെഴുകുതിരിയുടെ ചെറിയ വെളിച്ചം മാത്രമേ ഉള്ളു.

     മുറിയിൽ ഞങ്ങൾ രണ്ട് പേർ മാത്രമായപ്പോൾ,  വൈകുന്നേരം കാട്ടിലേക്ക് ഞാൻ ഒറ്റക്ക് നടന്നു പോയ കാര്യവും, പിന്നെ അവിടെ വെച്ച്, മരത്തിന് ചുറ്റും കണ്ട കാര്യങ്ങളും വിശദമായി നിഷാന്തിനോട് പറഞ്ഞ് കേൾപ്പിച്ചു .
\" ഇന്ന് ഇപ്പൊ, ഈ പാതി രാത്രിയിലും അവിടെ തീയൊക്കെ കത്തിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്.,..... \"

. \"എടാ അത് കാട്ടിലെ ഉത്സവം വല്ലതും ആയിരിക്കും. ഈ നേരത്ത് വേറെ ഒന്നുമാവാൻ വഴിയില്ല. ചുമ്മാ പോയി നമ്മള് പുലിവാല് പിടിക്കണോ, അതോ പോയി നോക്കണോ.......\"
 എന്ന് എന്നോട് ചോദിച്ചു.

\"ഇപ്പോളും തീ കത്തുന്നുണ്ടെങ്കിൽ അവിടെ പോയി നോക്കാം...\" എന്ന് ഞാനും പറഞ്ഞു.

മെഴുകുതിരി കെടുത്തിയ ശേഷം ഇരുട്ടത്ത് ഞങ്ങൾ ഏറുമാടത്തിന്റെ പുറകിൽ ചെന്ന് നിന്നു. ദൂരേക്ക് നോക്കിയപ്പോൾ ആ സമയത്തും തീ അവിടെ കത്തുന്നുണ്ട് . ഇപ്പോൾ കുറച്ചു കൂടുതൽ നന്നായി കത്തുന്നുമുണ്ട്. 

          പെട്ടന്ന് ഒരു ഇടിമിന്നൽ ശക്തിയായി വെട്ടി. ഇടിമിന്നലിന്റെ വെളിച്ചം നമ്മളെ മറ്റ് പലതും കാണിച്ചു തരുമെന്ന് മുത്തശ്ശി പണ്ട് പറഞ്ഞതോർമ്മിച്ചു.
\" കാറ്റ് നന്നായി വീശിയടിച്ചു വരുന്നുണ്ട്. പോകണോ....... \" എന്ന് ഞാൻ ചോദിച്ചു.

ബിയർ ഉള്ളിൽ ഉള്ളത് കൊണ്ട്   
 \"പോയി നോക്കാം......\" എന്ന് നിഷാന്തും പറഞ്ഞു. തല നനയാതെ പ്ലാസ്റ്റിക് കൂട് തലയിൽ ഇട്ട്, മൊബൈൽ വെട്ടത്തിൽ ഞങ്ങൾ രണ്ടു പേരും ആരോടും പറയാതെ താഴേക്ക് ഇറങ്ങി. എന്നിട്ട് നടന്ന് അരുവിയുടെ അടുത്തെത്തി. വെള്ളം പിന്നെയും കൂടിയിരിക്കുന്നു. മഴയുടെ ശക്തി പിന്നെയും കൂടി. നല്ല ഒഴുക്ക് ഉണ്ട് തോട്ടിൽ. മുകളിൽ നിന്ന് ഒരു കല്ല് എടുത്തു വെള്ളത്തിൽ ഇടാം. അപ്പൊ വല്ല ജീവികളും ഉണ്ടെങ്കിൽ ഓടിപ്പൊക്കോളും. ഐഡിയ നല്ലതാണെന്ന് എനിക്കും തോന്നി. വലിയ ഒരു കല്ല് എടുത്തു വെള്ളത്തിലേക്ക് ഇട്ട സമയം തന്നെ എന്തോ ഒന്ന് മുഖത്തിന് മുന്നിലൂടെ പറന്ന് പോയി. വേറെ ഒന്നുമല്ല, അത് കടവാവൽ ആയിരിക്കും, ഡ്രാക്കുളയുടെ തോഴന്മാർ, അത് പറഞ്ഞിട്ട് നിഷാന്ത് എന്റെ നേരെ നോക്കി. പേടിപ്പിക്കാതെ മുന്നിലേക്ക് വെട്ടമടിച്ച് ഒന്ന് പോകാമോ. മുന്നോട്ട് പോകും തോറും, കേട്ടിട്ട്പോലും ഇല്ലാത്ത ശബ്ദങ്ങളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു കാട്ടിൽ നിന്ന്.
 \" ഇത് വേണോ, നമ്മുക്ക് തിരിച്ചു പോയാലോ\"    ഞാൻ ചോദിച്ചു.

ഇനി എന്തായാലും പോയി നോക്കിയിട്ട് തന്നെ കാര്യം. സമയം രാത്രി 1.30 ആയി. വല്ലാത്ത ഒരു ഭയം മനസ്സിനെ ചുറ്റി വരിയുന്ന പോലെ തോന്നി. 
അല്ലെങ്കിൽ തിരിച്ചു പോയാലോ. വെറുതെ എന്തിനാ നമ്മൾ ആവശ്യമില്ലാത്ത പണിക്ക് പോകുന്നെ. എന്തായാലും ഒന്ന് പോയി നോക്കാം. ഇവിടെ വരെ വന്നതല്ലേ, എന്താ ഈ അസമയത്ത് അവിടെ നടക്കുന്നത് എന്നൊന്ന് കാണാമല്ലോ.
  
      എന്നാ പിന്നെ അങ്ങനെ തന്നെ. പതിയെ വെള്ളത്തിൽ ഇറങ്ങി. നല്ല ആഴം. ഒഴുകി വരുന്ന വല്ല പാമ്പും വന്ന് കാലിൽ ചുറ്റുമോ എന്ന് ആലോചിച്ചു പോയി.
 \"കടുവ ഒക്കെ വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണോ ഇനി.\"

\"ഒന്ന് പോടാ, നല്ല മഴ പെയ്യുമ്പോൾ കടുവയൊന്നും വെള്ളം കുടിക്കില്ല .\"

\" നീ വാ പുറകെ... \"

ഇനി വെള്ളത്തിൽ നിന്ന് ചെളിയിലൂടെ ചവിട്ടി വേണം മുകളിലേക്ക് കയറാൻ. ഒരു മൂന്ന് മീറ്റർ ഉയരം കാണും ചരിഞ്ഞു കിടക്കുന്ന കയറ്റം. ഏതോ മുള്ളുള്ള ചെടിയുടെ ഉണക്ക കമ്പ് എന്റെ കാലിൽ ഉടക്കി. ജീവൻ പോയ പോലെ തോന്നി. മുള്ള് ആണെന്ന് അറിഞ്ഞപ്പോളാണ് സമാധാനമായത്.

    മണ്ണിടിഞ്ഞ്, കുത്തനെയുള്ള ഒരു കയറ്റം തന്നെ ആയിരുന്നു മുന്നിൽ. വളരെ പാട്പെട്ടു
അതിന്റെ മുകളിൽ ഒന്ന് എത്തിപ്പെടാൻ.
ഇനി അങ്ങോട്ട്‌ നിരന്ന സ്ഥലമാണ്. കുറ്റികാടിന്റെ ഇടയിലൂടെ വേണം നടക്കാൻ. ദൂരെ ഇപ്പോൾ തീയൊന്നും കാണുന്നില്ല. ഇടക്ക് ഓരോ മിന്നൽ മാത്രം. മിക്കവാറും മഴ പെയ്തു തീയൊക്കെ അണഞ്ഞുകാണും.
കാർമേഘം മാറിയപ്പോൾ ചെറിയ വെളിച്ചം വന്നു തുടങ്ങി. ഞങ്ങൾ മൊബൈൽ ടോർച് തെളിക്കാതെ പുല്ലിന്റെ ഇടയിലൂടെ നടന്നു. എന്റെ ഹൃദയം ഉച്ചത്തിൽ ഇടിക്കുന്നത് വളരെ നന്നായി എനിക്ക് കേൾക്കാം. ഒട്ടും ഒച്ച വെക്കാതെ എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ നനഞ്ഞ പുല്ലിൽ ഞങ്ങളിരുന്നു.


     ആരൊക്കെയൊ പുറകെ വരുന്ന പോലെ എനിക്ക് തോന്നുന്നു.
  \"കടുവ ഒക്കെ ഉള്ള കാടാണ്. ഈ മഴയത്ത് യാതൊരു കാര്യവുമില്ലായിരുന്നു ഈ കാട്ടിലേക്ക് വരാൻ. മുഴുവനും നനഞ്ഞു കുളിച്ചു. ഇങ്ങനെയുള്ള സ്ഥലത്ത് പിശാചും, യക്ഷിയൊക്കെ ഉണ്ടാവുമെന്ന് കഥകളിലൊക്കെ പണ്ട് വായിച്ചിട്ടുണ്ട് . പേടിപ്പിക്കാതെ ഒന്ന് മിണ്ടാതെ നടക്കടാ,.. \"

 നിഷാന്ത് പറഞ്ഞു . ഞങ്ങൾ കുറച്ചു ദൂരം നടന്ന്, തീ കത്തുന്നത് കണ്ട വലിയ മരത്തിനു കുറച്ചു പുറകിലായി കുറ്റിക്കാട്ടിൽ കയറി നിന്നു. കരിന്തിരി കത്തുന്ന മണം അവിടെ ആകെ നിറഞ്ഞിരുന്നു. കത്തിച്ച പന്തങ്ങൾ മുഴുവനും കെട്ട് പോയതാണെന്ന് മനസിലായി. ആരെയും അവിടെ കണ്ടില്ല. എല്ലാവരും ആ വലിയ മഴയത്തു തന്നെ അവിടം വിട്ട് പോയിക്കാണും. 

    ഞങ്ങൾ ചിതൽപ്പുറ്റിന്റെ ഇടയിലൂടെ മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ നടന്ന് മരത്തിന്റെ ചുവട്ടിലെത്തി. ഞെട്ടിപ്പോയി കണ്ടപ്പോൾ. ഒരു പോത്തിന്റെ തല മുറിച്ച് അവിടെ വെച്ചിരിക്കുന്നു. അതിന്റെ കണ്ണ് പുറത്തേക്ക് തള്ളി നിൽക്കുന്നു. മുറിച്ചു വെച്ചിരിക്കുന്ന തലയിൽ നിന്ന് ചുടു ചോര പരന്നൊഴുകി മണ്ണിൽ കുതിർന്നിരിക്കുന്നു. മൃഗ ബലിയായിരുന്നുവെന്ന് മനസ്സിലായി. ചൂട് രക്തം മുഴുവനും ആ മരത്തിലേക്ക് തേച്ച് വെച്ചിരിക്കുന്നു. ചോര മഴവെള്ളത്തിൽ കലർന്ന് തളം കെട്ടി കിടക്കുന്നു. മഴ നനഞ്ഞത് കൊണ്ട്  മുഴുവനും കത്താതെ, കെട്ടുപോയ ഒരു ബുക്കിന്റെ കുറച്ചു ഭാഗങ്ങളും ഞങ്ങൾ അവിടെ കണ്ടു. മരത്തിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു വെള്ളിയുടെ സ്ത്രീ രൂപം ചുവന്ന നൂല് കൊണ്ട് വട്ടം കെട്ടി ഇട്ടിരിക്കുന്നു. അതിലേക്കാണ് ഈ രക്തം മുഴുവനും ഒഴിച്ചിരിക്കുന്നതെന്ന് മനസിലായി.

   \" ഇന്നത്തെ ദിവസത്തിന് എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ടെടാ. കൂടാതെ ഈ സ്ഥലവും അത്ര ശരിയല്ല. ഒരുപാട് സമയം നമ്മൾ ഇവിടെ നിൽക്കുന്നത് തന്നെ അപകടമാണ്.
 നമ്മുക്ക് വേഗം പോകാ..... \"
മെന്ന് നിഷാന്ത് പറഞ്ഞു.
വർഷങ്ങളോളം ട്രക്കിങ്ങിനായി, കാടിന്റെ ഉള്ളിൽ പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് കാണുന്നത് ഇതാദ്യമായാണ്. അവിടെ ബാക്കി വന്ന കടലാസു കഷണങ്ങൾ ഞാൻ പെറുക്കി പോക്കറ്റിലാക്കി. വരുന്നത് വരട്ടെ എന്ന് കരുതി, കെട്ടിയിട്ട വെള്ളിയുടെ രൂപത്തിൽ പിടിച്ചു വലിച്ച് ഞാൻ ആ ചരടും പൊട്ടിച്ചു. ആ സമയത്ത് ഹൃദയം നിലച്ച്പോകുന്ന ശബ്ദത്തിൽ ഇടിമിന്നൽ വെട്ടി. പേടിച്ചു വിറച്ച് കുറ്റിക്കാടിന്റെയും, വള്ളിപ്പടർപ്പിന്റെ ഇടയിലൂടെയും ഞങ്ങൾ ജീവനും കൊണ്ട് തിരിച്ചോടി. ചുവന്ന രണ്ടു കണ്ണുകൾ ഇരുട്ടിൽ നിന്ന് മിന്നൽ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു ആരുമറിയാതെ...





തുടരും...

കാളിന്ദി ❤️