സമൃദ്ദിയുടെ സ്മൃതികളുണർത്തി താളമേളങ്ങളുടെ ശ്രുതിലഹരിയിൽ ഐശ്വര്യപൂർണമായ ഒരു നാളയുടെ നാന്ദിയുമായി പൊന്നോണപ്പുലരി വിടർന്നു.
പൂക്കൾ വാരിച്ചൂടി മുക്കുറ്റിയും ചെത്തീമന്ദാരവും ഉല്ലാസത്തിമിർപ്പോടെ മാവേലിയുടെ വരവിനായി കാത്തുനിന്നു.
നാട്ടിൻപ്പുറവും പട്ടണങ്ങളും എല്ലാം ഓണത്തപ്പന്റെ വരവിനായി കാത്തുനിന്നു.
എങ്ങും സന്തോഷത്തിൻ്റെ പ്രസരിപ്പ്.
പുതു വസ്ത്രങ്ങളും ചൂടി പുമ്പാറ്റകളെപ്പോലെ പാറി നടക്കുന്ന കുഞ്ഞുങ്ങൾ.
പുതുമ നഷ്ടപ്പെട്ടതെങ്കിലും നിറം മങ്ങാത്ത കടുത്ത നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ നാട്ടിൻ പുറത്തും കാർ.
കൈകൊട്ടി കളിയും തുമ്പി തുള്ളലു മൊക്കെയായി സന്തോഷത്തിൽ മതിമറന്ന ഓണക്കാലം.
തെളിഞ്ഞ ആകാശത്തു നോക്കി നെടുവീർപ്പിടുന്നു വൃദ്ധൻ.
തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ കാത്തിരിപ്പിൻ്റെ മനം മടുത്ത മരീചിക വീണ മനസ്സുമായി വടക്കുനിന്നും വരാനുള്ള അവസാനത്തെ വണ്ടിയും പ്രതീക്ഷിച്ച് ഉറക്കം നഷ്ട്ടപ്പെട്ട കൺപോളകളുമായി ഏകാന്തതയിൽ എങ്ങോ നോട്ടമെറിഞ്ഞ് അയാൾ ഇരുന്നു.
പാതിരാ കോഴി കൂവി രാപ്പാടികളുടെ ശബ്ദം നേർത്തു നേർത്ത് ഇല്ലാതായി കൊണ്ടിരുന്നു.
വൃദ്ധൻ നെടുവീർപ്പിട്ടു.
വണ്ടി വരാൻ ഇനിയും നാഴികകൾ മാത്രം.!
സമയം അറിയാൻ വാച്ചില്ല.
എങ്കിലും നാഴികയും വിനാഴികയും അതിനൊപ്പം കോഴിയുടെ കൂവലും സമയത്തിൻ്റെ കൃത്യതയായി മനസിലെവിടയോ തറഞ്ഞു നിൽപ്പുണ്ട്.!
വേനലും ശിശിരവും വസന്തവും എത്രതവണ കറങ്ങിത്തിരിഞ്ഞെന്ന് അറിയില്ല.!
മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ എത്രയോ തവണ ഉറക്കം നഷ്ട്ടപ്പെട്ടു കാത്തിരുന്നു അവനായി.!
ഓരോ വണ്ടിയും കടന്നു പോകുമ്പോൾ തലച്ചോറിലൂടെ ഓടിയകലുന്ന ഇരമ്പൽ.
ഒരിക്കലും അതിൽനിന്നും ഒഴിഞ്ഞു മാറാൻ കഴിഞ്ഞിട്ടില്ല.
ഓർമകളുടെ ചെപ്പു മെല്ലെ തുറന്നു നോക്കി.
നിറം മങ്ങിയ സ്വപ്നങ്ങൾ തെളിഞ്ഞു വന്നൂ .
ബാല്യത്തിലും കൗാരത്തിലും എത്രയോ തവണ ഈ വിരൽ തുമ്പു പിടിച്ചു അവൻ നടന്നിരിക്കുന്നു.!
ഇന്ന് അവനെ ത്തേടി ഞാൻ അലയുന്നു.
അതിർത്തിയിൽ എവിടെയോ സൈന്യത്തിൽ ആണന്നു കാണിച്ച് ഒരിക്കൽ ഒരു കത്തു വന്നു.
മറുപടി പ്രതീഷിക്കത്ത മേൽവിലാസം പോലും സൂചിപ്പിക്കാത്തകത്ത്!
ഇന്നും ആ കത്ത് നിധിയായി ഞാൻ സൂക്ഷിക്കുന്നു.
പരസ്പരം വെടിവെച്ചും.വെട്ടിയും കുത്തിയും മരിക്കുന്നു മതം തീവ്രവാദികൾ.
നാട് വെട്ടിപ്പിടിക്കാൻ ഭരണം കൈയ്യേറാൻ കൊതിക്കുന്ന മത തീവ്രവാദികൾ.
അവർക്ക് നടുവിൽ കാക്കി കുപ്പായത്തിൽ നാടിനെ സംരക്ഷിക്കാൻ കടപ്പെട്ട രാജ്യത്തിൻ്റെ കാവൽ പ്പടയാളികൾ.
അവരിൽ ഒരാളായി തീർന്നിരിക്കുന്നു ഇന്നവൻ.
തീവ്രവാദികളുമായി പോരാടിയിട്ടാണോ ഇന്നവൻ്റെ മനസ്സ് മടുത്തത് .
ഒരു കത്തു കൂടിയെങ്കിലും അവൻ എഴുതിയിരുന്നങ്കിൽ എന്നാഗ്രഹിചൂ.
അവനായി മാത്രം ഇന്നും കാത്തിരിക്കുന്ന വൃദ്ധൻ.
****
സമ്പന്നതയുടെ നാലുകെട്ടുകൾ തകർന്നപ്പോൾ ,സർപ്പക്കാവുകളും കുളങ്ങളും പിച്ചവെച്ചുനടന്ന മുറ്റവും ഓടി ചാടിയ തൊടികളുമെല്ലാം ഒരിറ്റു കണ്ണീരിൽ ചലിച്ചു പിന്നിലുപേക്ഷിച്ചു എന്നോ അയാൾ യാത്ര തിരിച്ചു.!
യാത്ര അവസാനം ഇവിടെ പട്ടാളത്തിൽ കൊണ്ടെത്തിച്ചൂ .
ഇന്ന് അവന്റെ മനസ്സിൽ അനുകമ്പയില്ല രാജ്യാതിർത്തിയിലെ കടുത്ത മഞ്ഞിൽ മരവിച്ചമനസ്സുമായികാവൽനിൽക്കുന്നു.
പട്ടാളത്തിൻ്റെ ഗാമ്പീര്യം നിറഞ്ഞ ശബ്ദം പരുക്കൻ പെരുമാറ്റം.
പട്ടാള ക്യാംപിൽ നിന്നും കിട്ടുന്ന മദ്യം തലച്ചോറിനു ചൂടുപകരുമ്പോൾ വല്ലപ്പോഴും മാത്രം ബല്യകാലത്തിൽ എവിടയോ നഷ്ടപ്പെട്ട തറവാടും നട്ടു വഴികളും ഓർമ്മയിൽ ഓടിയെത്തും.
പട്ടണത്തിൻ്റെ സംസ്കാരം തീരെയില്ലാത്ത സാധാരണക്കാർ താമസിച്ചിരുന്ന ഗ്രാമം . അവിടെ പിണക്കവും പരിഭവവും പരാതിയും ഇല്ലായിരുന്നു.
ആകെ ഉണ്ടായിരുന്നത് പട്ടിണി മാത്രംമായിരുന്നു.
രാവേറെ ചെന്നൽ അങ്ങകലെ പാടത്തുനിന്നും ചക്ക്രം ചവിട്ടുന്നവരുടെ ഹൃദയ തന്ത്രികളിൽ നിന്നും ഒഴുകിയെത്തുന്ന പാട്ട് .
ആ പാട്ടിൽ സ്വയം അലിഞ്ഞു ചേർന്ന നിന്ന രാത്രികൾ.
നക്ഷത്രങ്ങൾ പുഞ്ചിരി തൂകി ഇറങ്ങാതെ കാത്തു നിൽക്കും.
പകലുകളിൽ പാടത്തെ നടിച്ചിൽപാട്ടും കാളകളെ ഉഴുന്ന കർഷകൻ്റെ സന്തോക്ഷത്തിൽ കലർന്ന "കൂയി" വിളികളും കേട്ടിരുന്നു.
തൊടികളിൽ കൂട്ടുകാർക്കൊപ്പം ഓടിച്ചാടി നടന്നതും പൂമ്പാറ്റകൾക്കൊപ്പം ഓടിനടന്നതും എല്ലാം ഓർമയിൽ തത്തിക്കളിക്കും.
പിന്നെ മദ്യത്തിൻ്റെ ലഹരിയിൽ മതിമറന്നെറങ്ങും.
*****
വടക്ക് നിന്നും വന്ന അവസാനത്തെ വണ്ടിയുടെ ചൂളം വിളി കാതുകളിൽ മുഴങ്ങി.!
വൃദ്ധൻ ചാടി എഴുന്നേറ്റു.
വണ്ടി സ്റ്റേഷനും കടന്നു പോയിക്കൊണ്ടിരുന്നു.
വീടും സ്റ്റേഷനും തമ്മിൽ ഒരു വിളിപ്പാടകലം മാത്രം.
"ഇതിലും വന്നില്ല", വൃദ്ധൻ സ്വയം പറഞ്ഞു.
കണ്ണിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി വീണ്ടും കാത്തിരിപ്പ് തുടരുന്നു.
നേരം ഏറെ വൈകി യാണ് വൃദ്ധൻ ഉറങ്ങിയത്.
ജനൽ പ്പാളികൾക്കിടയീലൂടെ അരിച്ചിറങ്ങി പ്രഭാത കിരണങ്ങൾ മുറിക്കുള്ളിൽ ചിത്രങ്ങൾ നെയ്തു.
വെയിലിന് ചൂടേറിയപ്പോഴാണ് നേരം പുലർന്നതറിഞ്ഞത്.
തലേന്നാളത്തെ കാത്തിരിപ്പും ക്ഷീണവും കാരണം ഉറങ്ങിപ്പോയതറിഞ്ഞില്ല.
മദ്ധ്യാഹ്നസൂര്യൻ ഉച്ചിയിൽ തങ്ങി നിന്നു.
മുഖത്തൂറിക്കൂടിയ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് ഇരുന്നപ്പോൾ മുറ്റത്ത് സൈക്കിൾ ബെല്ലൊച്ച കേട്ടു.
തനിക്കായി ടെലഗ്രാം കൊണ്ടുവന്നിരിക്കുന്നൂ.
ടെലഗ്രാം ഒപ്പിട്ടു വാങ്ങി. അപ്പോൾവടക്കുനിന്നും വന്ന വണ്ടിയുടെ ഇരമ്പൽ ശരീരത്തെ തളർത്തി.
ആ ഇരമ്പൽ ക്രമേണ ചലനമറ്റു നിന്നൂ.!
"ഇനിയും വടക്കുനിന്നും വണ്ടി വരാനില്ല."
വിറയാർന്ന കൈകളിൽ നിന്നും ടെലഗ്രാം മണ്ണിൽ വീണു വൃദ്ധനെ നോക്കി പൊട്ടിച്ചിരിച്ചു.
സ്വപ്നങ്ങളുടെ ചരടുകൾ പൊട്ടിത്തകർന്നു
ഇനിയും വടക്കുനിന്നൊരു വണ്ടി വരാനില്ല.തീർച്ച
സിയാച്ചിലെവിടയോ ഹെലികോപ്റ്റർ തകർന്നു വീണു.പത്തോളം ജവാൻമാർ വീരമൃത്യു വരിച്ചു.ആ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു. അവൻ്റെ മൃതദേഹം മാത്രം കിട്ടിയില്ല.
മഞ്ഞുമലകൾക്കിടയിൽ സൈന്യത്തിനു പോലും കണ്ടെത്താനാകാതെ എൻ്റെ മകൻ അന്തിയുറങ്ങുന്നു.
പിന്നെയും വൃദ്ധൻ കാത്തിരുന്നു.
തിരിച്ചു വരില്ലെന്ന് അറിയാം എങ്കിലും…..
*********
മോഹനൻ പീ കെ