പെട്ടെന്ന് അവിടേക്ക് ഒരു ജീപ്പ് വന്ന് നിർത്തി..ജീപ്പിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ ആ സ്ത്രീയുടെ ഭയം ഇരട്ടിച്ചു...അയാൾ നേർക്ക് കണ്ട അഗസ്ത്യയെ ചവിട്ടി നിലത്തിട്ടു...ഇത് കണ്ട എസ്തറും ആ സ്ത്രീയും അവനെ പെട്ടെന്ന് പിടിച്ചെഴുനേല്പിച്ചു...അയാൾ വീണ്ടും അഗസ്ത്യയുടെ കോളറിൽ ആഞ്ഞു പിടിച്ചു..
\" സാഹിബിന്റെ ഖബറടക്കത്തിന്റെ അന്ന് ഇവിടെ കാല് കുത്തിയ നിന്റെ വാപ്പന്റെ ഗതി തന്നെ ആകും നിന്റേയും...
തീർത്തു കളയും ഞാൻ.. \"
\" ഉമ്മറെ വേണ്ട...ഓൻ നീ വിചാരിക്കുന്ന ആളല്ല..ഓന് ഒന്നും അറിയില്ല നീ ഓനെ വിട്ടേക്ക്.. \" അവർ അവന്റെ കയ്യ്ക്ക് പിടിച്ചു അഗസ്ത്യയെ വെറുതെ വിടാൻ പറഞ്ഞു..
\" ഇന്ന് തന്നെ സ്ഥലം വിട്ടോണം രണ്ടും..അല്ലെങ്കിൽ രണ്ടിന്റേയും ശവം പോലും വീട്ടിലെത്തില്ല \"
എസ്തറിന്റെ മുഖത്തെ ഭയം കണ്ട അഗസ്ത്യ അവളോട് കാറിൽ കയറാൻ പറഞ്ഞു...അഗസ്ത്യ കാർ മുൻപോട്ടെടുത്തു...കുറച്ചു നേരം കഴിഞ്ഞപ്പോൾ
\" താൻ പേടിച്ചു പോയോ..\"
\" ഇല്ല....ഇങ്ങനെയുള്ള കാര്യത്തിന് വരുമ്പോൾ ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നു... അവർക്ക് നല്ല ദേഷ്യം കാണും അവരുടെ കുടുംബത്തിന് അഗസ്ത്യയുടെ അച്ഛനോടും അമ്മയോടും ഇപ്പോഴും ക്ഷമിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല \"
\" അതെ.. ഈ അഗസ്ത്യ എന്നുള്ള വിളി ഒന്ന് ഒഴിവാക്കുമോ...താൻ ഇപ്പോഴും എന്നെ ശത്രുവായിട്ട് തന്നെ ആണല്ലേ കാണുന്നത് \"
\" അല്ല..ഞാൻ അങ്ങനെ പറഞ്ഞോ...\"
\" എന്നാ പിന്നെ ഇനി അഖിയെന്ന് വിളിച്ചാൽ മതി ശ്യാം ഒക്കെ അങ്ങനെ അല്ലേ വിളിക്കുന്നത്... \"
\"ഹമ്മ്..\" അവൾ അതേ എന്നുള്ള സ്വരത്തിൽ മറുപടി കൊടുത്തു..
___________________________
അവർ ഒടുവിൽ അകവൂർ മനയുടെ അടുത്തെത്തി...ചുറ്റിനുമുള്ള വയലേകകൾക്ക് നടുവിലൂടെ നടന്ന് മനയുടെ പടിവാതിൽക്കൽ എത്തിയെങ്കിലും ആരെയും കണ്ടില്ല.. അഗസ്ത്യ ആ വാതിൽ തുറന്ന് അകത്തേക്ക് കയറി...
വിജനമായ ആ തറവാടിന്റെ മുറ്റത്തു നിന്നപ്പോൾ അഗസ്ത്യയ്ക്ക് ആദ്യമായി അവന്റെ അമ്മയെ ഓർമ്മ വന്നു..
അവൻ തറവാടിന്റെ മുൻവശത്തെ പടിയിൽ ഇരിപ്പുറപ്പിച്ചു...
എസ്തർ അവിടെയുള്ള ചുവരൊക്കെ നോക്കി കൊണ്ട് നിന്നപ്പോൾ അവരെ കണ്ട് ഒരു പെണ്കുട്ടി അവിടേക്ക് വന്നു..
\" നിങ്ങൾ അച്ഛാച്ഛനെ അന്വേഷിച്ചു വന്നതാണോ \" സെറ്റ് മുണ്ട് ഉടുത്തു മുടി കുളിപ്പിന്നൽ കെട്ടി വച്ച ആ പെണ്കുട്ടി ചോദിച്ചു..
\" പൊതുവാൾ...\" അഗസ്ത്യ പെട്ടെന്ന് പറഞ്ഞു
\" അതേ..ഞാൻ കൃഷ്ണപൊതുവാളിന്റെ കൊച്ചുമകളാണ് ഭാമ അച്ഛാച്ഛനെ അന്വേഷിച്ചു മാത്രമാണ് ഇവിടേക്ക് ആളുകൾ വരാറുള്ളത് നിങ്ങൾ ഏവിടുന്നാ....\"
\" തൃശ്ശൂർ.. ഞങ്ങൾക്ക് കൃഷ്ണപൊതുവാളിനെ കണ്ട് കുറച്ചു കാര്യങ്ങൾ അറിയണമെന്നുണ്ട്
...അദ്ദേഹം ഇപ്പോൾ \"
\" ഇപ്പോ പണ്ടത്തെ പോലെ അങ്ങനെ പുറത്തേക്ക് ഇറങ്ങാറില്ല..തീരെ വയ്യാണ്ടായി.... വീട്ടിൽ ഓരോ പുസ്തകവും വായിച്ചു കൊണ്ടിരിക്കും.... ഞാൻ ജനിച്ചപ്പോ തന്നെ എന്റെ അമ്മ എന്നെ വിട്ട്പോയി...അമ്മ മരിച്ചത് എന്റെ ദോഷം കൊണ്ടാണെന്ന് പറഞ് അച്ഛൻ എന്നെ ഉപേക്ഷിച്ചു... എന്നിട്ടും എന്നെ നോക്കി വളർത്തിയതും..
പഠിപ്പിച്ചതുമൊക്കെ അച്ഛാച്ഛനാണ്.. അമ്മാവന്റെ മരിച്ചത് കൊണ്ട് സ്വത്താണ് എന്റെ ലക്ഷ്യമെന്നും ചില പത്രാസുകാരികൾ പറഞ്ഞു നടക്കുന്നുണ്ട്...എല്ലാത്തിനും കിറുക്കാന്നെ \"
\" ഇവിടെ മറ്റാരും ഇല്ലേ... \" എസ്തർ ചോദിച്ചു..
\" മനയ്ക്കൽ ഇതുവരെ ആരും ആരേയും അന്വേഷിച്ചു വന്നിട്ടില്ല..അവകാശം പറഞ്ഞു വരാൻ ഇനി ആരുമില്ല...ഈ മനയും ബാക്കി പറമ്പുമൊക്കെ ഗവർണമെന്റ് ഏറ്റെടുക്കാൻ പോവുകയാണ്...ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങൾ തമ്മിൽ കല്യാണം ഉറപ്പിച്ചതാണോ.... \"
അഗസ്ത്യയുടെ മുഖത്ത് പെട്ടെന്ന് ഒരു മന്ദഹാസം പടർന്നു പക്ഷേ എസ്തർ പെട്ടെന്ന് ആ സംസാരം തിരുത്തി
\" അല്ല...ഞങ്ങൾ ഒരേ ഓഫീസിൽ വർക് ചെയ്യുന്നതാണ് \"
\" കണ്ടപ്പോൾ നല്ല പൊരുത്തം തോന്നി അതാ...ഞങ്ങളുടെ വീട് കുറച്ചു ചെറുതാ....\" അവൾ അവളുടെ വീട്ടിലേക്ക് അവരെ ക്ഷണിച്ചു
\" അതിനെന്താ ഞങ്ങൾക്ക് അത് കൊണ്ട് ഒരു കുഴപ്പവുമില്ല...അച്ഛാച്ഛൻ ഇപ്പോ അകത്തുണ്ടോ \" അഗസ്ത്യ ചോദിച്ചു
\" ഉണ്ട്..കിടക്കുന്നുണ്ടാകും ഞാൻ വിളിക്കാം..നിങ്ങൾ ഇരിക്ക്... ഭദ്രാമ്മ ഉള്ളപ്പോ ഒരു നിധി പോലെ കൊണ്ട് നടന്ന വീടാണെന്ന് അച്ഛാച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്..ഇപ്പോ തൂപ്പും തുടപ്പും ഒന്നും ഇല്ലാണ്ടായി.. അച്ഛാച്ഛൻ വരുന്നുണ്ടെന്ന് തോന്നുന്നു.. ഞാൻ ചായ എടുക്കാം..\" അവൾ അകത്തേക്ക് പോയി
അപ്പോൾ ഒരു 90 വയസ്സ് തോന്നിക്കുന്ന വൃദ്ധൻ അവിടേക്ക് വന്നു..വെള്ളിവരകൾ സ്ഥാനം പിടിച്ച മുടിയിഴകൾ..നര ബാധിച്ചു മങ്ങിയ കണ്ണുകൾ.. അയാൾ കയ്യിലുള്ള കണ്ണട ഇട്ട് അഗസ്ത്യയെ ഒന്ന് നോക്കി..
\" നിങ്ങള് നേരത്തെ വന്നോ...\"
\" അത്...കൃഷ്ണമാമാ \"
\" നിന്നെ തിരിച്ചറിയാൻ എന്തിനാ കുട്ടി എനിക്കൊരു മുഖവുര വിശ്വൻ എല്ലാം നിന്നോട് പറഞ്ഞല്ലേ...അത് വേണ്ടായിരുന്നു..നീ ഒരിക്കലും ഒന്നും അറിയരുതെന്ന് അവരെ പോലെ ഞാനും ആഗ്രഹിച്ചിരുന്നു വേറെ ഒന്നും കൊണ്ടല്ല..പേടി ആയത് കൊണ്ടാണ് മോനെ \"
\" ഈ കത്തിൽ പറഞ്ഞതൊക്കെ സത്യമാണോ....കൃഷ്ണമാമാ ആരെയാ പേടിക്കുന്നത് \"
\" വേറെ ആരെ നിന്റെ അച്ഛന്റെ വീട്ടുകാരെ തന്നെ സ്വത്തും സ്ഥലവും ഇന്നും കച്ചോടം ആവാത്തത് കൊണ്ടുള്ള പകയാണ് അവർക്ക് \"
\" എന്റെ അമ്മയും അച്ഛനും എനിക്ക് അവരെ കുറിച്ചറിയണം... അവർ ഇപ്പോഴും ഒരുമിച്ചാണോ...അതോ വേർപിരിഞ്ഞോ \"
\" നീ പേടിക്കേണ്ട അവർ ഇപ്പോഴും ഒരുമിച്ചു തന്നെയാ നിന്റെ അമ്മയും അച്ഛനും ചെറുതൊന്നുമല്ല അനുഭവിച്ചത്...
പറഞ്ഞാൽ ആരും വിശ്വസിക്കില്ല...
വീട്ടുകാരുടെ കൊടിപക കാരണം ജന്മം കയ്യ് വിട്ടുപോയവർ എന്നും ഈ നാട്ടുകാർക്കൊരു കെട്ട്കഥയായിരുന്നു കുട്ട്യേ...\"
അയാൾ കഴിഞ്ഞ കാലങ്ങളുടെ കെട്ടഴിച്ചു...
നേരം പുലർന്നു..
പ്രകൃതി കണ്ണു ചിമ്മി തുറന്നതേയുള്ളൂ....
വയൽ വരമ്പുകളും അരുവികളുമുള്ള ചെറുവരശ്ശേരി എന്ന ഗ്രാമം...മുണ്ടും നേരിയതും ഉടുത്തു
അകവൂർ മനയുടെ മുറ്റത്തെ തുളസി തറയിലേക്ക് കയ്യിലുള്ള കിണ്ടിയിൽ നിന്ന് വെള്ളമൊഴിക്കുന്ന ഒരു പെണ്കുട്ടി...
ആരോ അകത്തു നിന്ന് വിളിച്ചപ്പോൾ തലയിൽ കെട്ടി വച്ച തോർത്തു മുണ്ട് മുറുക്കിയിട്ട് അവൾ വീടിനകത്തേക്ക് പോയി...അവളുടെ കൊലുസിന്റെ ശബ്ദം കേട്ട് അവിടത്തെ പൂക്കളും...പുൽനാമ്പുകളും ഉണർന്നു....
പൂജാമുറിയിലുള്ള കർപ്പൂരത്തിന്റെ സുഗന്ധം അവൾ വീടൊന്നാകെ പടർത്തി... ഹരിനാമ കീർത്തനങ്ങൾ പല വീടുകളിൽ ഉയർന്നെങ്കിലും അതിനേക്കാളും ധ്വനിയുണ്ടായിരുന്നു അവളുടെ നാവിൽ നിന്ന് വന്ന ശിവനാമ കീർത്തനങ്ങൾക്ക്....
വിളക്ക് വെച്ചു പ്രാർത്ഥിച്ചു തളികയിലുള്ള ഭസ്മം നെറ്റിയിൽ തൊട്ട് അവൾ അടുക്കളയിലേക്ക് പോയി...
അടുപ്പിൽ ദോശ ചുട്ടുകൊണ്ട് നിന്ന അവളുടെ അമ്മ ഭാർഗവി അവളോട് കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരാൻ പറഞ്ഞു...
അവൾ കുടവും എടുത്തു കിണറ്റിന്റെ അടുത്തേക്ക് ചെന്നു...അവളുടെ അടുത്തു നിന്ന് മാറാത്ത കുറിഞ്ഞിപൂച്ച അവിടെയും എത്തി.. അവൾ തലയിൽ കെട്ടിവച്ച തോർത്തഴിച്ചു അയയിൽ ഇട്ടു... അവളുടെ കറുത്തിരുണ്ട മുടിയിഴകൾക്കിടയിൽ ചുവപ്പ് നിറം കലർന്ന മുടിയിഴകൾ സൂര്യപ്രകാശത്തിൽ തിളങ്ങുന്നുണ്ടായിരുന്നു...പെട്ടെന്ന് ആരോ അവളുടെ അടുത്തേക്ക് വന്നു..
\" ഭദ്രേച്ചി \"
\" ആഹ്..പേടിച്ചു പോയല്ലോ ചെക്കാ..\"അവൾ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു
\" അല്ല നീ എന്താ ചക്രു ഇന്ന് നേരത്തെ വന്നത് \"
\" ഇന്നലെ വൈകിയത് കൊണ്ട് ചേച്ചി എന്നെ കൊണ്ട് നിലം തൊടീച്ചില്ലല്ലോ \"
\" ശെരി ഞാൻ ഇതൊന്ന് അടുക്കളയിൽ കൊടുക്കട്ടെ നീ കളരിയിലേക്ക് നടന്നോ...\"
ഇത് ഭദ്ര...
ഔഷധപണ്ഡിത്യവും ആയുധാഭ്യാസവും തലമുറകളായി കയ്യ്മാറി വന്ന അകവൂർ മനയിലെ ഏകലവ്യൻ തമ്പുരാന്റെ കൊച്ചുമകൾ .....
ഭദ്ര രാവിലത്തെ വീട്ടുകാര്യങ്ങളും കളരിയിലെ അഭ്യാസങ്ങളും... കഴിഞ്ഞു കോളേജിലേക്ക് പോയി... അവിടെ വിശാലമായ മൈതാനിയിൽ അവളേയും കാത്തു നിൽക്കുകയായിരുന്നു ഫാത്തിമ..
അവളുടെ കൂട്ടുകാരി..
\" ഭദ്രേ ഡി.. നീ കൂടി വരുന്നാ ഞാൻ അത്തർ വാങ്ങിക്കാൻ പോകുന്നുണ്ട് \"
\" ഞാനോ \"
\" അതേ..എനക്ക് അവിടേക്ക് ഒന്നും പോവാൻ പറ്റില്ല വാപ്പ വഴക്ക് പറയും അത്തർ പിന്നെ ആരും വാങ്ങി തരുകയും ഇല്ല.. നിനക്ക് പറ്റുമോ \"
\" ഹമ്മ്..നീ വാ ക്ലാസ്സിൽ കയറാം...\"
ഫാത്തിമയുടെ മുഖം വാടിയത് കണ്ട ഭദ്ര അവളുടെ കയ്യിൽ മുറുകെ പിടിച്ചു..
\" ഞാൻ ഏറ്റെന്ന് പറഞ്ഞില്ലേ ഇനി അത്തർ ഇല്ലാണ്ട് എന്റെ ഉമ്മച്ചികുട്ടി മുഖത്ത് കടന്നൽ കൂട് കെട്ടേണ്ട \"
\" ഒന്ന് പോടി.. ആഹ് പിന്നെ ഇന്ന് വിനയൻ സാറിന്റെ ക്ലാസ്സാണ് ആദ്യം...\"
\" അതിനെന്താ..\"
\" എന്താന്നോ... സാറ് നിനക്ക് ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രേമലേഖനം തന്നിട്ട് ഇന്നാണ് കോളേജിലേക്ക് വരുന്നത്
കക്ഷിക്ക് അന്ന് തന്നെ നല്ല രീതിക്ക് പേടി ഉണ്ടായിരുന്നു നീ പോയി പ്രിൻസിപ്പാളിന് പരാതി കൊടുക്കുമെന്ന് \"
\" സാറിനോട് ഞാൻ അപ്പോ തന്നെ പറഞ്ഞതാണ് ഒരു വിദ്യാർത്ഥിയും അധ്യാപകനും... അല്ലാതെ എനിക്ക് ഒന്നും തോന്നിയിട്ടില്ല \"
\" പക്ഷേ വിനയൻ സാറ് വിടുന്ന ലക്ഷണമില്ലെന്നാ തോന്നുന്നെ.. ഞാൻ സ്റ്റാഫ് റൂമിൽ പോയപ്പോ അങ്ങേര് രമ ടീച്ചറോട് നിന്റെ വീട്ടുവിലാസമൊക്കെ ചോദിക്കുന്നത് കേട്ടു..മിക്കവാറും അങ്ങേര് നിന്റെ വീട്ടിൽ വരും പെണ്ണാലോചിക്കാൻ \"
\" ശെരി..എന്നാ പിന്നെ എന്റെ പൊന്നുമോള് അത്തർ വാങ്ങിച്ചു തരാൻ നിന്റെ വിനയൻ സാറിനോട് പറഞ്ഞോ \"
\" എന്റെ റബ്ബേ...നീ അതുമ്മൽ പിടിച്ചു കയറല്ലേ...ഞാൻ ഇനി ഒരു അക്ഷരം മിണ്ടില്ല മതിയോ \"
\" ശെരി \"
___________________
ഭദ്രയും ഫാത്തിമയും കൂടി അത്തർ വാങ്ങിക്കാൻ നാട്ടിലെ ഏറ്റവും ധനികനായ അത്തർ വ്യാപാരിയുടെ കടയുടെ മുൻപിലെത്തി...
ഭദ്രയെ കണ്ടപ്പോൾ തന്നെ കടയുടെ മുന്നിൽ ബെഞ്ചിൽ ഇരുന്ന ഒരു മധ്യവയസ്‌ക്കൻ എഴുനേറ്റു നിന്നു...
\" മനയ്ക്കലെ കുട്ടിയല്ലേ... എന്താ മോളെ ഇവിടെ.... കൂട്ടുകാരികൾക്ക് വളയോ മറ്റോ വാങ്ങാൻ ആണേൽ അപ്പുറത്തുണ്ടാവും.. \"
\" എനിക്ക് അത്തർ വേണം \"
\" അത്തറോ...ഇങ്ങൾക്ക് അതൊക്കെ പറ്റോ.. \"
\" ഇക്ക ഇങ്ങെടുക്ക്...ഞാൻ നോക്കട്ടെ...\"
\" മോനെ...സജ്ജാദേ ആ മേശപെട്ടീന്റെ മേലെയുള്ള പെട്ടിയില്ലേ അത് ഇങ്ങെടുത്തേ..\"
അത്തർ കുപ്പികൾ പെട്ടികളിലാക്കി നിരത്തി വച്ച അലമാരയുടെ പിറകിൽ നിന്ന് കലപില ശബ്ദങ്ങൾ കേൾപ്പിച്ചു കൊണ്ട് ഇന്ദ്രജാല കണ്ണുള്ള ആ രാജകുമാരൻ പുറത്തേക്ക് വന്നു... അവന്റെ ചീകി ഒതുക്കിയ മുടിയിഴകൾ കുളിർകാറ്റേറ്റു പാറിപറക്കാൻ തുടങ്ങി..
കുസൃതി കുടുക്കകളുടേത് കണ്ണുകൾ അടച്ചു കൊണ്ട്... കഴുത്തിലെ ഏലസ്സിൽ തൊട്ട് ബിസ്മില്ലാഹ് ചൊല്ലി ഷർട്ടിന്റെ കയ്യ്തണ്ട മടക്കി വെച്ച് കൊണ്ട് അവൻ അത്തർ വെച്ച പെട്ടി കയ്യിലെടുത്തു....
സജ്ജാദ്..
ചെറുവരശ്ശേരിയിലെ പ്രമാണിയായ അറയ്ക്കൽ അബൂബക്കർ സാഹിബിന്റെ ഏക മകൻ...
\" ദേ വരുന്ന് ഇക്കാക്ക ...\"
പെട്ടിയും കയ്യിലെടുത്തു ചിരിച്ചു കൊണ്ട് വന്ന സജ്ജാദിന് ഭദ്രയെ കണ്ടപ്പോൾ ചുറ്റുമുള്ളതൊക്കെ നിശ്ചലമായി തീർന്ന അനുഭൂതി തോന്നി...
അവളുടെ കണ്ണുകൾ ആയിരുന്നു അവനെ ആകർഷിച്ചത്...
ഭദ്ര അവന്റെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു... അവൻ അറിയാതെ അവന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം പടർന്നു...അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയമായിരുന്നു... അവളുടെ കണ്ണുകളുടെ വശ്യതയിലും... ചുണ്ടിലെ ചിരിയിലും..വാക്കുകളിലെ ഗാമ്പീര്യത്തിലും അവന്റെ മനസ്സ് കയ്യ് വിട്ട് പോയിരുന്നു..
\" മോൾ ഇരിക്ക് ചായോ മറ്റോ ബേണോ...\"
\" വേണ്ട ഇക്ക ഞാൻ ക്യാന്റീനിൽ നിന്ന് കഴിച്ചിട്ട് ഇറങ്ങിയതാണ്...\"
\" എന്താടാ ഇയ്യ് നോക്കി നിക്കുന്ന് ഇങ്ങോട്ട് വെക്ക് \"
അയാൾ സജ്ജാദിന്റെ കയ്യിൽ നിന്ന് പെട്ടി വാങ്ങി അത് തുറന്ന് ഒരു അത്തർ കുപ്പി കയ്യിലെടുത്തു...
\" ഇത് ചന്ദനം മറയൂരുന്നാ ...\"
\" ഇത് മതി...\" അവൾ അതിന്റെ സുഗന്ധം ആസ്വദിച്ചു കൊണ്ട് പറഞ്ഞു
അയാൾ അത് ചെറിയ പെട്ടിയിലാക്കി പൊതിഞ്ഞു..
\" അള്ളാ... മഴ ആണല്ലോ മോള് കുടയെടുത്തില്ലേ \"
\" ഇല്ല.. മറന്നുപോയി...മഴ പെയ്യുമെന്ന് കരുതിയില്ല \"
\" സാരൂല...ഡാ ആ കുട ഇങ്ങെടുത്തേ \"
\" ഇക്കാക്ക അത് എന്റെ കുടയാ...
\" ഇയ്യ് ഒരൂസം മയത്ത് പോയിന്ന് ബെച്ചു ലോകം ഒന്നും ഇടിഞ്ഞു താവൂല...\"
ഭദ്രയുടെ കയ്യിൽ നിന്ന് പൈസ വാങ്ങുമ്പോഴും ഒന്നും മിണ്ടാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി നിന്നു....
മറ്റൊന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല ഇതിന്റെയൊക്കെ ഭവിഷ്യത്ത് പോലും..
( തുടരും...)