ഭദ്ര കൊണ്ടു പോയ കുട തിരികെ വാങ്ങാൻ സജ്ജാദ് അവളുടെ തറവാട്ടിലേക്ക് പോയി...
\"ചേച്ചി...ദേ ഒരു ചേട്ടൻ ചേച്ചിയെ കാണണം എന്നും പറഞ്ഞു വന്നിട്ടുണ്ട് \" കളരിയിൽ കുട്ടികളെ അഭ്യാസങ്ങൾ പഠിപ്പിച്ചു കൊണ്ട് നിന്ന ഭദ്രയോട് ഒരു കുട്ടി വന്ന് വിവരം പറഞ്ഞു..
\" അത് ചിലപ്പോ..ഞാൻ വാങ്ങിച്ച കുട തിരിച്ചു വാങ്ങിക്കാൻ ആവും \"അവൾ തറവാടിന്റെ പിൻവശത്തു കൂടിയുള്ള ചെറുവാതിലിലൂടെ അകത്തു കയറി അവളുടെ മുറിയിൽ ഉണ്ടായിരുന്നു കുടയെടുത്തു ഉമ്മറത്തേക്ക് വന്നു..
കച്ചകെട്ടി ഗാമ്പീര്യത്തിൽ പുറത്തേക്ക് വന്ന ഭദ്രയെ കണ്ട സജ്ജാദ് പെട്ടെന്ന് ഒന്ന് അമ്പരന്നു..
\" എന്താ കുട തിരിച്ചു വേണ്ടേ...\" അവൾ അത്ഭുതത്തോടെ അവളെ നോക്കി കൊണ്ടു നിന്ന സജ്ജാദിനോട് ചോദിച്ചു
\" അല്ല.. വേണം...ഞാൻ പെട്ടെന്ന് ഇയാൾക്ക് കളരിയൊക്കെ അറിയാമായിരുന്നോ \"
\" ചേച്ചി ഞങ്ങടെ ഉണ്ണിയാർച്ചയാ \" ചക്രു പറഞ്ഞു
\" നടക്കെണ്ട ചെക്കാ അവന്റെ ഓരോ വീരവാദം നിങ്ങൾ എന്നാൽ പൊയ്ക്കോ \"
സജ്ജാദ് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി... പക്ഷേ അവിടെ നിന്ന് ഇറങ്ങിപോയ അവനെ ആരുടെയോ കണ്ണുകൾ നിരീക്ഷിക്കുണ്ടായിരുന്നു..
______________________
പിറ്റേന്ന് കടയിലേക്ക് തിടുക്കത്തിൽ കയറി വന്ന ഭദ്രയെ കണ്ട സജ്ജാദ് കാര്യം ചോദിച്ചു..
\"എന്താ \"
\" അക്ബർ ഇക്കാക്ക \"
\" ഓര് ഇവിടെയില്ല..എന്താ മുഖം വല്ലാതിരിക്കുന്നെ ഇക്കാക്കയെ എന്തിനാ എപ്പോഴും കാണുന്നെ ഇന്നും എന്താ അത്തർ വാങ്ങിക്കാൻ ആണോ \" സജ്ജാദ് സ്റ്റൂളിൽ കയറി അത്തർ പെട്ടികൾ അലമാരയുടെ മുകളിൽ വെയ്ക്കുകയായിരുന്നു..
\" അല്ല...അല്ലെങ്കിൽ നിങ്ങൾക്ക് ഒന്ന് പെട്ടെന്ന് വരാൻ പറ്റുമോ \"
\" ഞാനോ...എന്താ ഇയാളെ കൊണ്ട് ചെയ്യാൻ പറ്റുന്നതാണേൽ ഒറ്റയ്ക്ക് അങ്ങു ചെയ്താൽ പോരെ...\" അവൻ നിലത്തേക്കിറങ്ങി
\" ഇയാൾക്ക് വരാൻ പറ്റുമെങ്കിൽ മതി \"
\" ഹമ്മ്.. വരാം..\"
അവൻ അവളുടെ കൂടെ പോയി..അപ്പോൾ കാട്ടുവഴി ഓരത്ത് ഒരാൾ കയ്യ് നെഞ്ചോട് ചേർത്തു പിടിച്ചു വേദന കടിച്ചമർത്തി കിടക്കുന്നത് അവൻ കണ്ടു...
\" പാമ്പ് കടിച്ചതാണ് ഇയാളെ ഒന്ന് പിടിക്കുമോ \" അയാളെ പിടിച്ചെഴുനേല്പിക്കാൻ വേണ്ടി അവൾ സജ്ജാദിനോട് പറഞ്ഞു
അവൾ അയാളുടെ കയ്യിൽ ചുണ്ടുകൾ ചേർത്തു വച്ചു വിഷം വലിച്ചെടുത്തു തുപ്പി കളഞ്ഞു...എന്നിട്ട് മന്ത്രങ്ങൾ ഉരുവിട്ട് കയ്യിൽ കരുതി വച്ച പച്ചമരുന്ന് കെട്ടി വച്ചു..
\" ഇയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കണം ശരീരത്തിലേക്ക് വിഷം ഇറങ്ങാൻ
ഇനിയും സമയം കൊടുക്കാൻ പാടില്ല...\" ഭദ്ര പറഞ്ഞു..
അയാളെ ആശുപത്രിയിലെത്തിക്കാൻ ഭദ്ര സഹിച്ച കഷ്ടപ്പാടുകൾ അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു...ആ അടുപ്പം ഒരു തുടക്കമായി..
പിന്നീട് ഭദ്രയോട് സംസാരിക്കാൻ വേണ്ടി മാത്രം സജ്ജാദ് ഓരോ വിഷയങ്ങൾ കണ്ടെത്തി... അവളുടെ ചുറ്റിനും തന്നെ എപ്പോഴും അവനുണ്ടായിരുന്നു ..
അവൾ അറിയാതെ അവളെ പ്രണയിച്ചുകൊണ്ട്..... ഒരിക്കൽ സജ്ജാദ് ഭദ്രയെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുമ്പോൾ ... ഇടക്കണ്ണിട്ട് ഭദ്ര അത് കയ്യോടെ പിടിച്ചു.... കൊച്ചു വർത്തമാനത്തിൽ നിന്ന് സൗഹൃദത്തിലേക്ക് ആ ബന്ധം വളർന്നു...
ഭദ്രയുടെ കളരിയിലേക്ക് താൻ കൂടി വന്നോട്ടെയെന്ന് സജ്ജാദ് ചോദിച്ചപ്പോൾ അവൾ സന്തോഷപൂർവ്വം അതിന് സമ്മതം കൊടുത്തു......
പക്ഷേ രാത്രി ഭദ്രയുടെ വീട്ടിൽ അത്താഴത്തിന്റെ സമയത്ത്..
\" നീ വീരനോട് പറഞ്ഞോ \" ഭാർഗവി ചോദിച്ചു
\" എന്താ \" ഭദ്രയുടെ ഏട്ടൻ വീരഭദ്രൻ അവന്റെ അമ്മ ചോദിച്ച കാര്യം തിരക്കി
\" ഇവൾക്ക് ആ ചെറുക്കനെ കളരി പഠിപ്പിക്കണമത്രേ \"
\" അന്യജാതിയിൽപെട്ട ഒരുത്തനുമായി ചങ്ങാത്തം കൂടിയത് തന്നെ തെറ്റാണ് ഇനി അവന് കളരിയും പഠിപ്പിച്ചു കൊടുക്കണോ \"
\" വിദ്യ പഠിക്കണം എന്ന് താത്പര്യപ്പെടുന്ന ഒരാളുടെ ജാതിയും മതവും വേർതിരിച്ചു കാണാൻ പാടില്ലെന്ന് അച്ഛൻ നമ്മളോട് പറഞ്ഞിട്ടില്ലേ ഏട്ടാ \"
\" അച്ഛൻ അങ്ങനെ പല വിഡ്ഢിത്തരങ്ങളും പറഞ്ഞിട്ടുണ്ടാകും നമ്മുടെ തറവാട്ടിൽ കളരി പാരമ്പര്യമായ് പകർന്നു കിട്ടിയതാണ് അത് മറ്റ് ജാതിക്കാർ കയ്യടക്കിയാൽ അവർ നാളെ കലാപം ഉണ്ടാക്കില്ലെന്ന് നിനക്ക് പറയാൻ പറ്റുമോ \"
\" അവൻ അങ്ങനെ ചെയ്യില്ല എനിക്കവനെ വിശ്വാസമാണ് കളരി എന്നെയല്ലേ അച്ഛൻ ഏൽപ്പിച്ചത് ഏട്ടനെ അല്ലല്ലോ അപ്പോൾ അവിടെ ആരെ വിദ്യ പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും ഞാനാണ് \"
ഒടുവിൽ അവളുടെ വാക്കുകൾക്ക് മുൻപിൽ വീരഭദ്രന് കീഴടങ്ങേണ്ടി വന്നു...
___________________________
പിറ്റേന്ന് രാവിലെ കുളകടവിൽ വച്ച് അവർ തമ്മിൽ കണ്ടപ്പോൾ....
\" വീട്ടിൽ ഉമ്മയും വാപ്പയും ഇയാള് കളരി പഠിക്കാൻ പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ എന്താ പറഞ്ഞത് \"
\" ഉമ്മ ഒരു പാവമാ തന്നെ പോലെ....
പക്ഷേ വാപ്പ ആദ്യം ഇത്തിരി ഇടങ്ങേറ് പറഞ്ഞു ..പിന്നെ പോയിക്കോ എന്ന് പറഞ്ഞു ഞാൻ കേൾക്കില്ലെന്ന് മൂപ്പർക്കറിയാം \"
\" അപ്പോ വാപ്പയുടെ സമ്മതം ഇല്ലാതെ ആണോ എല്ലാം...\"
\" അല്ല.. വാപ്പക്ക് ഞാൻ പഠിക്കാൻ പോകുന്നതിൽ ദേഷ്യമില്ല..പക്ഷേ എന്റെ കുഞ്ഞിക്കയെ കൊന്ന ആളിനോടുള്ള പകയാണ് എന്റെ വാപ്പ കളരിയെ വെറുക്കാൻ കാരണം....ഒരു കളരി ആശാന്റെ കയ്യ് കൊണ്ടാ എന്റെ ഷംസീറിക്ക ഇല്ലാതായത്..\"
\" കളരി ആശാനോ...\"
\" അതെ അകവൂർമനയിലെ ശേഖരനാശാൻ \"
പെട്ടെന്ന് അവളുടെ മനസ്സിൽ തീ നാമ്പുകൾ കത്തികയറുന്ന പ്രതീതിയായിരുന്നു...
\" എന്നാൽ നമുക്ക് നാളെ കാണാം \" അവൾ തിടുക്കത്തിൽ യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി..
\" നാളെ ഇതേ സ്ഥലം തന്നെയല്ലേ \" സജ്ജാദിന്റ ചോദ്യത്തിന് അവൾ മറുപടിയും കൊടുത്തില്ല
ദൂരേയ്ക്ക് നടന്നകലുംമ്പോഴും അവളുടെ മനസ്സ് കലുഷിതമായി...
\" അതേ ശേഖരന്റെ മകളാണ് ഞാനെന്നറിയുമ്പോൾ സജ്ജാദ് എനിക്കൊരിക്കലും മാപ്പ് തരില്ല...\" അവളുടെ മനസ്സ് മന്ത്രിച്ചു
( തുടരും..)