\"ആദിയേട്ടൻ കൂടെയുണ്ടെങ്കിൽ എന്തിനും ഞാനുണ്ട്... അവരുടെ നാശം അത് എനിക്കും കാണണം... \"
\"ഗുഡ്... അതാണ് വേണ്ടത്... \"
ആദി കാർ മുന്നോട്ടെടുത്തുകൊണ്ട് പറഞ്ഞു...
\"എന്നാലും സൂക്ഷിക്കണം ആദിയേട്ടാ... ഇനിയൊരു നഷ്ടം താങ്ങാൻ എനിക്ക് വയ്യ... സ്വന്തം നിലനിൽപ്പിനുവേണ്ടി എന്തും ചെയ്യാൻ മടിക്കില്ല അവർ... അതിന് ഉദാഹരണമല്ലേ എന്റെ ഏട്ടനും ഇന്നലെ മരിച്ച സജീവേട്ടനും... എന്തോ ദൈവകാരുണ്യംകൊണ്ടാണ് കരുണേട്ടൻ രക്ഷപ്പെട്ടത്... \"
\"അങ്ങനെ പേടിച്ച് ജീവിക്കുന്നവനല്ല ഈ ആദി... കിട്ടിയതിന് മറുപടി കൊടുത്തിട്ടേയുള്ളൂ ഞാൻ... എന്റെ അമ്മയുടെയും അനിയത്തിയുടെയും മുന്നിൽ ഞാനൊരു പേടിത്തൊണ്ടനാവാം... എന്നാൽ എന്റെ അച്ഛനറിയാം എന്നെപ്പറ്റി... അതുപോലെ ജീവനും ജിതിനുമറിയാം... ഈ കാര്യത്തിൽ അച്ഛനും ജീവനും ജിതിനും നമ്മളോടോപ്പമുണ്ട്... പോരാത്തതിന് ഒന്നിനെയും ഭയക്കാത്ത ആരുടെമുന്നിലും തലകുനിക്കാത്ത ക്രൈംബ്രാഞ്ച് എസ് പി അനന്ദുമുണ്ട്... പിന്നെയെന്തിന് പേടിക്കണം... നീ ധൈര്യമായി ഇരുന്നോ... ആ ലോറൻസിന്റെയും മകന്റേയും നാളുകൾ എണ്ണപ്പെട്ടുതുടങ്ങി... അതിനിനി അധികം ദിവസമില്ല... അതുവരെ അവർ വിലസട്ടെ... അണയാൻ പോകുന്ന തീയുടെ അളികത്തലാണ് ഇപ്പോഴത്തേത്... കത്തട്ടെ... എവിടെവരെ കത്തുമെന്ന് നോക്കാലോ... \"
\"ആ കത്തലിൽ പാവങ്ങളാണല്ലോ എരിഞ്ഞടങ്ങുന്നത്... \"
\"പാവങ്ങളോടാണല്ലോ ഇവന്മാരെപ്പോലെയുള്ളവർ കളിക്കൂ... അല്ലാതെ തുല്ല്യ ശക്തികളോട് കളിക്കാൻ അവർ ലേശം ഭയപ്പെടും... \"
അപ്പോഴേക്കും അവർ ടൗണിൽ എത്തിയിരുന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️
ഈ സമയം ലിയ ആനന്ദിന്റെ വീട്ടിൽ എത്തിയിരുന്നു... അവൾ നിവേദ്യയോട് കുറച്ചുനേരം സംസാരിച്ചതിനുശേഷം ആനന്ദിന്റെ മുറിയിലേക്ക് നടന്നു അവന്റെ വാതിനടുത്തെത്തിയപ്പോൾ ആനന്ദ് മുറിയിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടു...
\"ആഹാ എത്തിയോ... ഇന്ന് നിന്നോട് കൊഞ്ചിക്കുഴയാൻ നേരമില്ല... ഓഫിസിലോന്നു പോകണം... \"
\"ഞാൻ പറഞ്ഞോ പോകേണ്ടെന്ന്... പൊയ്ക്കോ... അല്ലെങ്കിലും കുറച്ചായി എന്റേനേരെ മുഖം തിരിക്കുന്നു... കാര്യം കഴിഞ്ഞപ്പോൾ ഞാൻ ഔട്ട്... ആ രേഖകൾ കൈക്കലാക്കാൻ മാത്രം ഞാൻ വേണ്ടിയിരുന്നുള്ളൂ.. അത് കഴിഞ്ഞല്ലോ...\"
\"ഓ... എന്റെ പൊട്ടിക്കാളീ... നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... കുറെ പഠിപ്പുണ്ടെന്നേയുള്ളു... കാര്യവിവരമില്ല... എടോ നമ്മൾ എന്തിനാണ് ഇത്രയും റിസ്‌ക്കെടുത്ത് ഇത്രയും തെളിവ് സംഘടിപ്പിച്ചത്... അതിവിടെ ഷെൽഫിൽ സൂക്ഷിക്കാനാണോ അല്ലല്ലോ... അപ്പോൾ അതിന്റെതായ ചില തിരക്കുകൾ എനിക്കുണ്ടാകും... അന്നേരം കൂടുതൽ കൊഞ്ചിക്കുഴയാൻ നേരം കിട്ടിയെന്നുവരില്ല... അതല്ല നിനക്ക് നിന്റെ അപ്പച്ചനും ഇച്ചായനും ഇതുപോലെ ഒരു ക്രിമിനലുകളായി ഇനിയും മുന്നോട്ടുപോകണം എന്നാണെങ്കിൽ പിന്നേ പറഞ്ഞിട്ട് കാര്യമില്ല... ഏതായാലും എന്റെ ജോലി എനിക്ക് തീർത്തേ പറ്റൂ... \"
\"അങ്ങനെയൊന്നും ഞാൻ പറഞ്ഞില്ലല്ലോ... വീട്ടിൽ മനസമാധാനം കിട്ടാത്തതുകൊണ്ടാണ് ഞാൻ ഇവിടെ വരുന്നത്... അന്നേരം ഇവിടെയുള്ളവർ മൈന്റ് ചെയ്യാതെകൂടിയിരുന്നാൽ എനിക്ക് കൂടുതൽ വിഷമമുണ്ടാവുകല്ലേയുള്ളൂ... \"
\"അപ്പോൾ നിവേദ്യയും അച്ഛനും അമ്മയും ചെറിയച്ഛനുമെല്ലാം നിന്നെ മൈന്റ് ചെയ്യുന്നില്ലേ... \"
\"അവർ എന്നോട് സ്നേഹത്തോടെയാണ് പെരുമാറുന്നത്... എന്റെ വീട്ടിൽനിന്നും കിട്ടുന്നതിനേക്കാളും കൂടുതൽ സ്നേഹം എനിക്ക് ഇവിടെനിന്നും കിട്ടുന്നുമുണ്ട്... അതല്ലല്ലോ പ്രശ്നം... ഞാൻ ഇവിടെ വരുന്നത് അവരെ കാണാനല്ല ആനന്ദേട്ടനെ കാണാനാണ്... \"
\"ആണോ... അത് ഞാനറിഞ്ഞില്ല... അപ്പോൾ ഈ കേസ് കഴിഞ്ഞു ഞാൻ പോയാലോ... അപ്പോൾ എന്നെ എങ്ങനെ കാണും...\"
\"അന്നേരം കൂടെ ഞാനും വരും... ഈ കേസ് പൂർത്തിയായാൽ പിന്നേ എനിക്ക് എന്റെ വീട്ടിൽ സ്ഥാനമുണ്ടാകില്ലല്ലോ... അന്നേരം ആനന്ദേട്ടൻ തന്നെയല്ലേ എന്നെ സംരക്ഷിക്കേണ്ടത്...\"
\"അത് അന്നല്ലേ... അതപ്പോൾ തീരുമാനിക്കാം... ഇപ്പോൾ നീയെന്നോട് സഹകരിച്ചേ മതിയാകൂ... ഏതായാലും ഞാൻ പെട്ടന്ന് പോയിവരാം... അതുവരെ നീ നിവേദ്യയോട് സംസാരിച്ചിരിക്ക്...\"
ആനന്ദ് പുറത്തേക്ക് നടന്നു...
\"എന്താടി നിങ്ങൾതമ്മിലൊരു പ്രശ്നം... \"
അവിടേക്കുവന്ന നിവേദ്യ ചോദിച്ചു...
\"ഒന്നുമില്ല... നിന്റെ ഏട്ടനിപ്പോൾ വലിയ ആളായി... നമ്മളെ കണ്ണിൽ പിടിക്കാതായി...\"
\"അതിനുമാത്രം എന്താണ് ഉണ്ടായത്.... ഏട്ടൻ നിന്റെകൂടി നന്മയല്ലേ ആഗ്രഹിക്കുന്നത്... \"
\"നന്മ... മറ്റുള്ളവരെ ആഗണിച്ചുകൊണ്ടാണോ നന്മ ചെയ്യുന്നത്... ഒന്ന് അടുത്തിരുന്ന് സംസാരിക്കാൻകൂടി സമയമില്ല... അതെങ്ങനെയാണ് ഈ കേസ് തെളിയിച്ചുകഴിഞ്ഞാൽ കുറച്ചൊന്നുമല്ലല്ലോ പ്രശംസ കിട്ടാൻപോകുന്നത്... അതുകൂടിയായാൽ എന്നെ പൂർണ്ണമായി ഒഴിവാക്കും എന്നാണ് എനിക്ക് സംശയം.. \"
\"ഓ... ഏട്ടൻ പറയുന്നതുപോലെ നീയൊരു പൊട്ടിക്കാളി തന്നെയാണ്... നോക്ക് എന്റെ ഏട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല... കാരണമെന്താണെന്നറിയോ... മുകളിൽനിന്ന് ഈ കേസിന്റെ അന്വേഷണം ഏട്ടനിലേക്ക് വന്നപ്പോൾ ആദ്യം ഇതിൽനിന്ന് ഒഴിയാൻ നോക്കിയവനാണ് ഏട്ടൻ... കാരണം നിന്നെ നഷ്ടപ്പെടുമോ എന്ന പേടി... അത്രമാത്രം നിന്നെ ഇഷ്ടപ്പെടുന്നുണ്ട് ഏട്ടൻ... അന്വേഷണ ചുമതല ഏറ്റെടുക്കാൻ തനിക്ക് പറ്റില്ലെന്ന് പറയാൻ നിന്നതായിയുന്നു... അവിടെ ജോലി നഷ്ടപ്പെട്ടാലും വേണ്ടില്ല എന്നുവരെ കരുതിയതാണ്... നിന്റെ അവസ്ഥ അറിയാവുന്നതുകൊണ്ട് ഞാൻ പറഞ്ഞു സമ്മതിച്ചതാണ് ഏട്ടനെ.. നീയും ഏട്ടനോട് പറഞ്ഞിട്ടില്ലേ അപ്പച്ഛനും ഇച്ചായനും നേർവഴിക്ക് വരണമെന്ന് ആഗ്രഹമുണ്ടെന്നു.. അതിനൊക്കെ ഇറങ്ങി പുറപ്പെട്ടവനാണ് ഏട്ടൻ... സ്വന്തം ജീവൻ പണയംവച്ചാണ് വേഷംമാറി നിന്റെ അപ്പച്ഛന്റെ കൂടെ കൂടിയത്... എല്ലാം നിനക്ക് വേണ്ടിയാണ്... ആ ഏട്ടനെ നീ ഒരിക്കലും സംശയിക്കരുത്.. \"
\"അറിയാം എനിക്ക്... എനിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നെനിക്കറിയാം... അതിന്റെ തിരിക്കിലാണെന്നുമറിയാം.. പക്ഷേ ആ സമയത്തായാലും എന്നെ അവഗണിക്കുന്നതുപോലെ തോന്നുന്നത് എനിക്ക് സഹിക്കാൻ വയ്യ... അതെന്റെ സ്വാർത്ഥത ആവാം... യഥാർത്ഥ സ്നേഹമെന്താണെന്ന് അറിയാതെ വളർന്നതുകൊണ്ടാവാം... \"
\"സാരമില്ല... എല്ലാം നല്ലതിനാണെന്ന് കരുതുക... ഇപ്പോൾ ഇതിന്റെയെല്ലാം പുറകേ നമ്മൾ മാത്രമല്ല ഇവിടെ വരാറില്ലേ ദേവിക... അവളുടെ ഏട്ടനുമുണ്ട് കൂടെ.. അധികം താമസിയാതെ എല്ലാറ്റിനും ഒരു അന്ത്യം ഉണ്ടാകും... അതുവരെ ക്ഷമിക്ക്...\"
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
രണ്ട് ദിവസങ്ങൾക്ക് ശേഷം.....
\"ജയിനേ നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ പറഞ്ഞോ... ഇത് ഭംഗിയായി ചെയ്യാൻ പറ്റിയ ആളെ എനിക്ക് കിട്ടാത്തതൊന്നുമല്ല... പറഞ്ഞാൽ പറഞ്ഞ സമയത്തിനുള്ളിൽ എല്ലാ ഭംഗിയായി ചെയ്തുതരും അവർ... \"
\"എന്നാൽ അപ്പച്ഛൻ അങ്ങനെ ചെയ്തോ... അവനും തള്ളയും എവിടെയാണെന്ന് ഗണിച്ചുനോക്കാൻ ഞാൻ കണിയാരൊന്നുമല്ലല്ലോ... അവർക്കുപോലും വ്യക്തമായി പറയാൻ കഴിയില്ല... അത്രക്ക് വലിയ ആണെങ്കിൽ അപ്പച്ഛൻ ഒന്നന്വേഷിക്ക്... അല്ലപിന്നെ.. കുറച്ചുനാളായി മറ്റുള്ളവരെ ചക്രശ്വാസം വലിപ്പിക്കുന്നു...\"
\"എന്താടാ നിനക്കൊരു മാറ്റം.. കഴിയില്ലെങ്കിൽ പറഞ്ഞോ... നിനക്ക് നിന്റെ വഴി നോക്കാം... ഇതുപോലെ കൊണ്ടും കൊടുത്തും ഉണ്ടാക്കിയതാണ് ഇതെല്ലാം... അങ്ങനെയുള്ള സമ്പാദ്യംകൊണ്ട് വളർത്തി വലുതാക്കിയതാണ് നിന്നെയും... \"
\"ഞാൻ പറഞ്ഞില്ലല്ലോ അങ്ങനെ വളർത്തണമെന്ന്.... നിങ്ങൾക്ക് മകനെയല്ലായിരുന്നു വേണ്ടത്... എല്ലാം പറയുന്നതുപോലെ ചെയ്യാൻ ഒരു പാവയെയായിരുന്നു വേണ്ടത്... അല്ലാതൊന്നുമല്ല... അതുപോലെ ചെയ്യുന്നുമുണ്ട്... എന്നിട്ടും പഴിത്തന്നെ...\"
\"എടാ ഞാൻ ചാകുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ല... നിനക്കും നിന്റെ അനിയത്തിക്കും ഉള്ളതുതന്നെയാണ് ഇതെല്ലാം... അത് നശിപ്പിക്കാൻ ആരെങ്കിലും വന്നാൽ അവരെ എതിർക്കേണ്ടത് നമ്മുടെ ആവിശ്യമല്ലേ... അതുതന്നെയല്ലേ ഇതുവരെ നമ്മൾ നടത്തിയതും... അതുകൊണ്ട് ലാഭംമല്ലാതെ നഷ്ടമുണ്ടായിട്ടില്ലല്ലോ... ഇപ്പോൾ ആ കരുണൻ ജീവനോടെ ഇരിക്കുന്നത് നമുക്കാപത്താണ്... അതുപോലെതന്നെയാണ് നമ്മുടെ എല്ലാ രേഖകളും കൈക്കാലാക്കിയവനും... രണ്ടിനെയും ഇത്രയും പെട്ടന്ന് തീർത്തില്ലെങ്കിൽ അത് നമ്മുടെ കുഴിതോണ്ടുന്നതിനു തുല്യമാണ്... \"
\"അതെനിക്കറിയാം... പക്ഷേ അവരെവിടെ... എവിടെച്ചെന്ന് അന്വേഷിക്കണം... മൂന്നുനാല് ദിവസമായി രാപ്പകലില്ലാതെ അന്വേഷിക്കുന്നു... എനിക്ക് തോന്നുന്നത് ഇവരുടെയൊക്കെ പിന്നിൽ ആരോ കളിക്കുന്നുണ്ട് എന്നതാണ്... അതാരാണെന്നാണ് കണ്ടെത്തേണ്ടത്... \"
പെട്ടന്ന് ലോറൻസ് ജയിനിനെ തടഞ്ഞു.. അയാളുടെ കണ്ണുകൾ പോയത് ഗെയ്റ്റിന്റെ അടുത്തേക്കായിരുന്നു...
തുടരും.....
രാജേഷ് രാജു. വള്ളിക്കുന്ന്
➖➖➖➖➖➖➖➖➖➖➖