പൊതുവാൾ പറഞ്ഞു തീർന്നപ്പോൾ അഗസ്ത്യ എഴുനേറ്റ് അയാളുടെ അടുത്തേക്ക് പോയി.. അവൻ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു..
\" മകന്റെ അവകാശം പറയാനോ..
ഉപേക്ഷിച്ചു പോയതിൽ കുറ്റപ്പെടുത്താനോ വേണ്ടിയല്ല..
ദൂരെ നിന്ന് ഒരുനോക്ക് അവരെ കാണണം..അവർ അറിയാതെ അവരെ ആവോളം സ്നേഹിക്കണം.... ഞാൻ മകനാണെന്നുള്ള സത്യം അവരുടെ ഇപ്പോഴത്തെ ജീവിതത്തെ തകർക്കാൻ പാടില്ല കൃഷ്ണമാമേ...
അമ്മയെ പറ്റിയാണ് ഞാൻ ആദ്യം കേൾക്കാൻ തുടങ്ങിയത് പക്ഷേ ഇപ്പോ വാപ്പയാണ് മനസ്സ് മുഴുവൻ..\"
\" നിന്റെ വാപ്പയെ പോലെ ഭൂമിയോളം താഴാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല ....ആരൊക്കെ അപമാനിച്ചിട്ടും ചതിച്ചിട്ടും.. അവൻ ആർക്ക് മുൻപിലും തോറ്റ് കൊടുത്തിരുന്നില്ല...സ്വന്തം ജീവൻ അപകടത്തിൽ ആയപ്പോഴും നിന്നെ രക്ഷിക്കമെന്ന് എന്നോട് ആവശ്യപ്പെട്ട ആളാണ് നിന്റെ അമ്മ...
ഭദ്ര മോള് വിളമ്പി തന്ന ചോറ് കുറേ കഴിച്ചതാ ഈ പൊതുവാൾ.. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെങ്കിൽ ആ ദുഷ്ടമാരും ഞാനും തമ്മിൽ എന്താ വ്യത്യാസം... നിന്നെ എന്റെ കയ്യിലേക്ക് തരുമ്പോൾ നീ അവളുടെ മുടിയിഴകളിൽ നിന്ന് പിടിവിടാതെ നെഞ്ചിൽ തന്നെ ചേർന്ന് കിടക്കുന്നുണ്ടായിരുന്നു....
മോളുടെ ഒരു ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കാൻ പറ്റി.. നിനക്ക് അഗസ്ത്യയെന്നുള്ള പേര്.. അത് ഭദ്രയും സജ്ജാദും ആദ്യമേ കണ്ടു വച്ചിരുന്നു...വിശ്വനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു നിന്നെയും കൊണ്ട് ഈ നാട് തന്നെ വിട്ട് പോകാമെന്നും അവരുടെ കണ്ണെത്താത്ത ഇടത്തിൽ നീ വളരുമെന്നും അവൻ പറഞ്ഞപ്പോൾ ന്റെ കുട്ടി.. നിന്നെ ഇങ്ങനെ അടുത്ത് കാണാൻ പറ്റുമെന്ന് ഈ കൃഷ്ണൻമാമാ കരുതിയില്ല..\"
കൃഷ്ണൻ അഗസ്ത്യയെ വത്സല്യത്തോടെ കെട്ടിപിടിച്ചു...
\" അവരെ എനിക്ക് ഇനി കാണാൻ ആവില്ല അല്ലേ...\"
അഗസ്ത്യയുടെ കരച്ചിൽ കേട്ട എസ്തർ അവനെ ആശ്വസിപ്പിക്കാൻ തുനിഞ്ഞു പക്ഷേ അവനെ ആശ്വസിപ്പിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു.....അഗസ്ത്യയുടെ ഇടർച്ചയേറിയ വാക്കുകൾ കേട്ടതും അയാൾ വീണ്ടും കഴിഞ്ഞ കാഴ്ച്ചകൾ ഓർത്തു..
തറവാട്ടിലേക്ക് വന്ന ഭദ്രയെ സ്വീകരിക്കാൻ കൃഷ്ണപൊതുവാളും ഉണ്ടായിരുന്നു...
സജ്ജാദിന് മധുരം കൊടുകയായിരുന്നു ഭാർഗവി.. അവന്റെ അടുത്ത് നിന്ന ഭദ്രയെ മാറ്റി നിർത്തി പൊതുവാൾ കാര്യങ്ങൾ തിരക്കി..
\" മോളെ നിനക്ക് ഞാൻ അയച്ച കത്ത് കിട്ടിയില്ലേ \"
\" അതൊക്കെ കിട്ടിയിരുന്നു കൃഷ്ണമാമാ \"
\" മോൾ ആ കത്ത് വായിച്ചില്ലേ \"
\" അദ്ദേഹം അറിയാതെയാണ് ഞാൻ മാമന് കത്തെഴുതിയത് മറുപടി കത്ത് അദ്ദേഹത്തിന്റെ കയ്യിലാണ് കിട്ടിയത്
അദ്ദേഹത്തോട് ഒരു വാക്ക് പറയാതെ കത്തയച്ചത് അറിഞ്ഞപ്പോൾ ആ മനസ്സ് ഒരുപാട് വിഷമിക്കുന്നത് ഞാൻ കണ്ടു...അതു കൊണ്ട് ഞാൻ ആ കത്ത് വായിച്ചു നോക്കിയില്ല.. അമ്മയും ഏട്ടനും വരുന്നുണ്ടെന്ന് അല്ലേ..അവർ സമയത്ത് തന്നെ എത്തുകയും ചെയ്യ്തു എന്നാലും എന്നാലും എങ്ങനെയാ അവരെ മാമൻ വിവരം അറിയിച്ചത്..ആദ്യം കേട്ടപ്പോൾ ഏട്ടൻ എന്ത് പറഞ്ഞു എല്ലാം എനിക്കറിയണം കുറേ വിശേഷങ്ങൾ ചോദിക്കാനുണ്ട് \" അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
\" എന്ത് സംഭവിക്കാൻ പാടില്ലെന്ന് കരുതിയോ അത് തന്നെ സംഭവിച്ചു..
എന്റെ കുട്ടികളെ കത്തോണെ മഹാദേവാ..\" സന്തോഷത്തോടെ അകത്തേക്ക് കയറി പോയ ഭദ്രയേയും സജ്ജാദിനേയും നോക്കി കൊണ്ട് അയാൾ പറഞ്ഞു..
തറവാട്ടിൽ നിന്നും സജ്ജാദിന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു പക്ഷേ ഭദ്രയെ കരുതി അവൻ ഒന്നിനോടും പ്രതികരിച്ചില്ല..അവൻ കഴിച്ച പ്ലേറ്റ് പോലും അവർ എടുക്കാൻ വിസമ്മതിച്ചു..ആരെയും വിഷമിപ്പിക്കാതെ അവൻ തന്നെ അതൊക്കെ കഴുകി വച്ചു..
സജ്ജാദിന്റ കണ്ണ് നിറഞ്ഞത് കണ്ട് ഭദ്ര കാര്യം അന്വേഷിച്ചപ്പോൾ ഓരോ ഒഴികഴിവ് പറഞ്ഞ് അവൻ വിഷയം മാറ്റി...
ഒടുവിൽ സജ്ജാദിനെ യാത്രയാക്കാൻ വേണ്ടി ഭദ്ര കൂടി വന്നപ്പോൾ ഇതുവരെ ഇല്ലാത്ത പോലെ അവൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ ചുംബിച്ചു..
തറവാടിന്റെ പടിവാതിൽ കടന്ന് അവൻ പോകുന്നത് വരെ അവൾ അവനെ നോക്കി നിന്നു..എന്നാൽ ഭദ്രയെ തറവാട്ടിലാക്കിയിട്ട് സജ്ജാദ് പോയത് തന്റെ വീട്ടിലേക്കായിരുന്നു...
പക്ഷേ വീടെത്തും മുൻപേ എന്തോ ഭയം പെട്ടെന്ന് അവന്റെ മനസ്സിനെ പിടിമുറുക്കി....കവലയിൽ വച്ചു കേട്ട വാക്കുകൾ അവന്റെ മനസ്സിലേക്ക് പിന്നെയും തികട്ടി വന്നു.. വീടെത്തിയപ്പോൾ അവിടെ മുറ്റത് ഒരു പന്തൽ ഇട്ടിട്ടുണ്ട്..അവിടെയുള്ള ആൾക്കാർ സജ്ജാദിനെ കണ്ടപ്പോൾ പരസ്പരം നോക്കി... അവൻ മുന്നോട്ട് നടന്നപ്പോൾ ചുറ്റും നിന്ന ആൾകൂട്ടം അകന്ന് ഇരു വശത്തേക്കും മാറി നിന്നപ്പോൾ മുറ്റത്ത് ഒരു മയ്യത്ത് വച്ചത് അവൻ കണ്ടു..ഉസ്താദ്മാരുടെ ഖുർആൻ വായനയ്ക്കിടയിൽ കരഞ്ഞു തളർന്ന നബീസുവിന്റെ തേങ്ങി കരയുന്ന ശബ്ദം കൂടി കേട്ടപ്പോൾ സാഹിബ് അവനെ തനിച്ചാക്കി പോയെന്ന് അവൻ തിരിച്ചറിഞ്ഞു..
വീടിന്റെ മുറ്റത്തു വച്ചു തന്നെ ഉമ്മറുമായി തർക്കമുണ്ടായി...
\" ഉമ്മറെ അവസാനായിട്ട് വാപ്പന്റെ മയ്യത്ത് കാണാൻ പാടൂലാന്ന് ഞമ്മളെ കിതാബില് പറഞ്ഞിട്ടില്ല..\" അബ്ദുള്ളയുടെ അളിയൻ ഇസ്മൈൽ ആയിരുന്നു അത്..ഖുർആൻ വായിച്ചു കൊണ്ട് നിന്ന അസൈൻകുട്ടി ഹാജിയാരും..ആൾക്കൂട്ടത്തിൽ നിന്ന കാളിയനും ഇതൊക്കെ കണ്ട് ഉള്ളിൽ ചിരിക്കുകയായിരുന്നു..
\" ഇനിയും ഇടെ നിന്നാ ചാത്തൻ കൊക്കയിൽ കെട്ടി താക്കും ഇന്റെ മയ്യത്ത് \"
താൻ അനുജനെ പോലെ കണ്ട ഉമ്മറിനെ നാവിൽ നിന്ന് കൂടി കേൾക്കേണ്ടി വന്നപ്പോൾ സജ്ജാദ് പിന്നെ അവിടെ നിന്നില്ല..
മയ്യത്ത് കട്ടിലിന്റെ കാല് പിടിക്കാൻ പോലും അവർ അവന് അവസരം നൽകിയില്ല..ദൂരെ നിന്ന് വാപ്പാന്റെ അടക്കം കണ്ട അവൻ തന്റെ അടുത്തുള്ള ഒരു പിടി മണ്ണ് വാരിയിട്ട് വാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു..തിരിഞ്ഞു നോക്കാതെ അടക്കം കഴിഞ്ഞു തിരികെ പോകുമ്പോൾ വാപ്പ അവിടെ നിന്ന് കൊണ്ട് തന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ അവന് തോന്നി..
______________________
കാളിയന്റെ വീട്ടിൽ ഈ മരണവും സംസാര വിഷയമായി..
\" എന്നാലും ആ സാഹിബ് ആള് പുലി ആണല്ലോ ചാവുന്നതിന് മുൻപേ അവൾക്കുണ്ടാവുന്ന കുഞ്ഞിന്റെ പേരിൽ എല്ലാ സ്വത്തും എഴുതി വച്ചിട്ടാണല്ലോ കിളവൻ ചത്തത്\"
\" ചത്തതല്ലട..കൊന്നതാ...\"
\" അച്ഛാ..\"
\" അതേടാ മോനെ...ആ സാഹിബിനെ കൊന്നത് തന്നെയാ..വേറെ ആരുമല്ല...അബ്ദുള്ളയാ...
അങ്ങൊരു തിരിച്ചു വരുമ്പോ ഇടവഴിയിൽ വച്ച് സാഹിബിനെ കണ്ടു സ്വത്തെല്ലാം സാഹിബ് തന്റെ മോന്റെ കുട്ടിന്റെ പേരിൽ എഴുതി വെക്കുമെന്ന് പറഞ്ഞപ്പോൾ അബ്ദുള്ളയ്ക്ക് കലി ഇളകി അങ്ങോർ ആ സാഹിബിനെ ചവിട്ടി അടുത്തുള്ള കുളത്തിലേക്കിട്ട്..
നീന്തി കയറി വരുമെന്ന് തോന്നിയപ്പോൾ
അങ്ങേരുടെ തലയ്ക്ക് ചവിട്ടി വെള്ളത്തിൽ മുക്കി കൊന്നതും അയാള് തന്നാ..\" കാളിയൻ അത്ഭുതത്തോടെ പറഞ്ഞു നിർത്തി
\" ആ സാഹിബിനെ ഒറ്റി കൊടുത്തത് അച്ഛന്റെ ഈ പുന്നാര മകനും \" ദിഗംബരന്റെ ചതികൾ ഓരോന്നും തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു..
___________________________
സജ്ജാദ് വീട്ടിലേക്ക് തിരിച്ചു പോയതിന്റെ പിറ്റേന്ന് രാവിലെ യാതനകളും വേദനകളും മറികടന്ന് ഭദ്ര ഒരു കുഞ്ഞിന് ജന്മം നൽകി...
\" മോളെ...\" ഭാർഗവി വന്ന് വിളിച്ചപ്പോൾ മയക്കം വിട്ട് ഭദ്ര കണ്ണ് തുറന്നു..
\" ഹമ്മ്.. അമ്മ...\"
\" മോളെ ആണ്കുട്ടിയാണ് കേട്ടോ...നല്ല സുന്ദൻ ആണല്ലോ എന്റെ കൊച്ചുമോൻ..\"
അവർ കുഞ്ഞിനെ ഭദ്രയ്ക്ക് കാണിച്ചു..
കൊച്ചു നെറ്റിയിലേക്ക് വീണ് കിടക്കുന്ന നീളൻ മുടിയിഴകൾ..കൺപീലികൾ മയിൽപീലി തുണ്ട് പോലെ ആർദ്രമായിരുന്നു...
മൃദുവായ കവിൾ തടങ്ങൾ..
മന്ദമാരുതൻ മുത്തമിടുന്ന കണക്കിനെ കുഞ്ഞു മുത്തുപോലെ ഇളം ചുണ്ടുകൾ...കണ്ണടച്ചു പിടിച്ച് കൊച്ചു നാസികകൾ വലിഞ്ഞു മുറുകി മോണകാട്ടിയുള്ള ആ കരച്ചിൽ കേട്ടപ്പോൾ ഭദ്രയുടെ മനസ്സ് നിർവൃതി കൊണ്ടു...
\" അമ്മേ സജ്ജാദ് \"
\" അവൻ ഇങ്ങു വന്നോളും നിന്റെ ഏട്ടൻ പോയിട്ടുണ്ട് അവനെ കൂട്ടികൊണ്ട് വരാൻ \"
\" കുഞ്ഞിനെ കുറച്ചു നേരം കൂടി എന്റെ ഒപ്പം കിടത്തികൂടെ അമ്മേ \"
ഭദ്ര പറയുന്നത് കേട്ട ഭാർഗവി കുഞ്ഞിനെ അവളുടെ അടുത്ത് കിടത്തിയിട്ട്.മുറിക്ക് പുറത്തേക്ക് പോയി..
ഭദ്ര പാതി മയക്കത്തിൽ അടുത്തുള്ള മുറിയിൽ കുറച്ചു പേർ ചേർന്ന് എന്തോ സംസാരിക്കുന്നത് കേട്ടു..
\" ഇത് തേനിൽ അലിയിച്ചു കൊടുക്കണം മയക്കം തുടങ്ങിയാൽ കുഞ്ഞിനെ മാറ്റണം ഇനി ഇതു പോലെ ഒരു അവസരം കിട്ടിയെന്ന് വരില്ല \"
\" എന്റെ ഭദ്രയുടെ ആദ്യത്തെ കുഞ്ഞാണ് അവന്റെ മുഖം കാണുമ്പോ എനിക്ക് അവനെ ഉപേക്ഷിക്കാൻ തോന്നുന്നില്ല ഇത്രയും പാപം ഒരമ്മ ഒരു മകളോട് ചെയ്യാൻ പാടുണ്ടോ \"
\" ആ കുഞ്ഞിന് രാശിയില്ല ഭാർഗവി അതിന്റെ ജനനം കൊണ്ട് ഈ തറവാടിന്റെ ആണിക്കല്ലിളകും എന്ന് ഞാൻ പറഞ്ഞത് വെറുതെ അല്ല കുഞ്ഞിന് 8 ആം മാസം പൂർത്തിയായപ്പോൾ സാഹിബ് മരിച്ചില്ലേ ഇനി അതിന്റെ അടുത്ത ലക്ഷ്യം വീരഭദ്രനായിരിക്കും..
അന്യമതസ്ഥനിൽ ജനിച്ച കുഞ്ഞാണോ അതോ നിന്റെ മകനാണോ നിനക്ക് വലുത്...\"
അവർ മനസ്സില്ലാമനസ്സോടെ തേനും പാലും ചേർത്ത മിശ്രിതം തയ്യാറാക്കാൻ തുടങ്ങി..കൂട്ടത്തിൽ വൈദ്യൻ കൊടുത്ത ആ ലായനിയും ചേർത്തു..
( തുടരും..)