Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 3

ഭാഗം 3

ശിവൻ

അന്ന് സ്റ്റേഷനിലെ ജോലി ഒക്കെ കഴിഞ്ഞു ശിവൻ വീട്ടിൽ വന്നു കയറുമ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. സിറ്റ് ഔട്ടിലേക്കു കയറുന്ന വഴിക്കു അവൻ ഔട്ട്‌ ഹൗസിലേക്ക് ഒന്ന് നോക്കി.. അകത്തു വെളിച്ചം കാണാനുണ്ട്.. പുതിയ എഞ്ചിനീയർ മാഡം അകത്തുണ്ട്..

\" എന്താ ശിവാ നോക്കണേ? \"

അവന്റെ ഔട്ട്‌ ഹൗസിലേക്കുള്ള നോട്ടം കണ്ടു വീട്ടിലേക്കു പോകാൻ ഇറങ്ങിയ ശങ്കരേട്ടൻ ചോദിച്ചു. ശങ്കരേട്ടൻ എന്നാണ് വിളിക്കുന്നത് എങ്കിലും ശിവന് അദ്ദേഹം അച്ഛന്റെ സ്ഥാനത്തു തന്നെ ആയിരുന്നു.

\' ഓ.. ഒന്നുല്ല.. എങ്ങനെയുണ്ട് പുതിയ എഞ്ചിനീയർ മാഡം? ഇതിനു മുന്നേ വന്ന രണ്ടു പേരെയും പോലെ ഒരു മാസം തികയുമ്പോഴേക്കും ഇട്ടിട്ടു ഓടുമോ? \"

അവൻ ശങ്കരേട്ടനോട് ചോദിച്ചു..

\" അത് പറയാൻ പറ്റില്ല.. എന്തായാലും നഗരത്തിൽ ജനിച്ചു വളർന്ന കുട്ടി അല്ലെ? ഗ്രാമത്തിലെ ശീലങ്ങൾ എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ? എന്തായാലും മിടുക്കി ആണെന്നാണ് അവരുടെ കമ്പനി ഹെഡ് ഓഫീസിൽ നിന്നു കിട്ടിയ വിവരം..നമുക്ക് നോക്കാന്നേ.. \"

ശിവൻ ഒന്ന് അമർത്തി മൂളി..

\" കുട്ടി വേഗം അകത്തേക്ക് ചെല്ല്.. കുളിച്ചു അമ്മയോടും അച്ഛനോടും ഒപ്പം അത്താഴം കഴിക്കു.. അവര് കാത്തിരിക്കുന്നുണ്ട്.. ഞാനും ചെല്ലട്ടെ.. കല്ലു വീട്ടിൽ ഒറ്റക്കെ ഉള്ളു.. വിഷ്ണു വരാൻ വൈകും പോലും.. ക്ലിനികിൽ തിരക്കാത്രെ..\"

ശങ്കരേട്ടൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി. ടോർച്ചും തെളിച്ചു ഇരുട്ടത്തു നടന്നു അകലുന്ന ശങ്കരേട്ടനെ കുറച്ചു നേരം അവൻ നോക്കി നിന്നു. പഴയ ശങ്കരേട്ടനെ അല്ല.. ആ അപകടത്തിൽ സീതാമ്മ പോയപ്പോൾ ശങ്കരേട്ടന്റെ പ്രസരിപ്പും, കണ്ണുകളിലെ തിളക്കവും ഒക്കെ കൂടെ കൊണ്ടാണ് പോയത്. ഒരു നെടുവീർപ്പോടെ ശിവൻ അകത്തേക്ക് കയറി. മാമംഗലത്തെ പതിവാണ് നിവർത്തി ഉണ്ടെങ്കിൽ മൂന്നാളും ഒരുമിച്ചു അത്താഴം കഴിക്കുന്നത്‌. അകത്തു കയറി ഒരു കുളി പാസാക്കി അവൻ അമ്മയുടെ മുറിയിലേക്ക് ചെന്നു. അരുന്ധതി വൈകിട്ടത്തെ മേല് കഴുകൽ ഒക്കെ കഴിഞ്ഞു സെറ്റും നേര്യതും അണിഞ്ഞു ബെഡിൽ ചാരി ഇരുന്നു ഭാഗവതം വായനയിൽ ആണ്.. നെറ്റിയിൽ ഭസ്മക്കുറി.. നെറുകയിൽ സിന്ദൂരം.. സുഖമായി ചാരി ഇരിക്കാൻ തലയിണകളൊക്കെ നന്നായി വച്ചു കൊടുത്തിട്ടുണ്ട്.. കല്ലു വന്നു പോയി എന്നവന് മനസിലായി. അരുന്ധതിയെ രാവിലെ കുളിപ്പിക്കുന്നതും, വൈകിട്ട് മേലുകഴുകിക്കുന്നതും എല്ലാം അവളാണ്.. ഹോം നഴ്സും മറ്റു ജോലിക്കാരും ഉണ്ടെങ്കിലും അത് മാത്രം അവൾ ആരെ കൊണ്ടും ചെയ്യിക്കില്ല.. കോളേജിൽ പോകുന്നതിനു മുന്നേ വന്നു അരുന്ധതിയെ കുളിപ്പിച്ചു വേഷമൊക്കെ മാറ്റിയിട്ടു പോകും.. കോളേജിൽ നിന്നു വന്നു കഴിഞ്ഞാൽ ഇവിടെ വന്നു അരുന്ധതിയെ മേൽ കഴുകിച്ചു വിളക്കൊക്കെ വച്ചാണ് അവൾ തന്റെ വീട്ടിലേക്കു പോവുക.. ഇതിനിടയിൽ നാട്ടു കാര്യങ്ങളൊക്കെ അവരെ പറഞ്ഞു കേൾപ്പിക്കും.. അബദ്ധത്തിൽ എങ്ങാനും ഇത് മറ്റാരെങ്കിലും ചെയ്തു പോയാൽ പിന്നെ അതിനു മുഖം വീർപ്പിച്ചു നടക്കുകയും ചെയ്യും.. അരുന്ധതിക്കും അവൾ ചെയ്യുന്നതാണ് ഇഷ്ടം.. ശിവൻ വന്നു അമ്മയുടെ മടിയിലേക്ക് കിടന്നു.. അരുന്ധതി അവന്റെ മുടിയിലൂടെ തഴുകി.

\" ഇന്നും തല്ലുണ്ടാക്കി അല്ലെ നീയു.. \"

അരുന്ധതിയുടെ ചോദ്യം കേട്ടതും അവന്റെ മുഖം ഇരുണ്ടു..

\" ഓ.. അവൾ അതൊക്കെ ഇവിടെ വന്നു ഓതി തന്നു അല്ലെ? കുളിപ്പിക്കാനും മേൽ കഴുകിപ്പിക്കാനും വരുന്നവൾക്ക് അത് അങ്ങ് ചെയ്തിട്ട് പോയാൽ പോരെ? \"

അവൻ കെറുവോടെ ചോദിച്ചു. അതിനുത്തരം അവന്റെ കയ്യിൽ ശക്തമായ ഒരു അടി ആയിരുന്നു.

\" ഔ \"

വേദനിച്ച കൈ തിരുമ്മി കൊണ്ട് അവൻ അരുന്ധതിയെ നോക്കി

\" മനസ്സറിയാത്ത കാര്യത്തിന് എന്റെ കുട്ടിനെ വല്ലതും പറഞ്ഞാലുണ്ടല്ലോ നീയു.. സമയമില്ലാത്ത സമയത്തു ഓടി വന്നു എന്റെ എല്ലാ കാര്യങ്ങളും ഒരു മോളെ പോലെ നോക്കണതൊന്നും നിനക്ക് കണ്ണില് കാണാനില്ലേ? എപ്പോളും അതിനെ ഒരു ചീത്ത പറയലും.. അവളൊന്നുമല്ല.. അച്ഛനാ എന്നോട് പറഞ്ഞെ നീ സൈറ്റിൽ ചെന്നു തല്ലുണ്ടാക്കിയ കാര്യം.. സാമൂവൽ വിളിച്ചിരുന്നു അത്രേ.. \"

അപ്പോൾ അങ്ങനെയാണ് അറിഞ്ഞത്. തിരികെ പോരാൻ നേരം ആ എഞ്ചിനീറുടെ അടുത്ത് സാമൂവൽ അച്ചായൻ നിൽക്കുന്നത് കണ്ടിരുന്നതാണ്. അച്ഛന്റെ വിശ്വാസ്തനായ കോൺട്രാക്ടർ അപ്പോൾ തന്നെ അച്ഛനെ വിളിച്ചു അറിയിച്ചിട്ടുണ്ടാവും എന്ന് ഓർക്കേണ്ടതായിരുന്നു.  വെറുതെ അവളെ തെറ്റിദ്ധരിച്ചു.. ചെറിയ ചമ്മൽ തോന്നി എങ്കിലും അവൻ ഒന്ന് \" ഓ \" എന്ന് മാത്രം പറഞ്ഞു. 

\" വാ കഴിക്കാം \"

അതും പറഞ്ഞു അമ്മയെ പതിയെ വീൽ ചെയറിലേക്ക് കയറ്റി ഇരുത്തി അവൻ ഊണുമുറിയിലേക്ക് നടന്നു. ശിവന്റെ അച്ഛൻ  വിശ്വാനാഥനും അപ്പോൾ എത്തിയിരുന്നു. തല്ലുണ്ടാക്കിയ കാര്യം അരുന്ധതി ചോദിച്ചിട്ടുണ്ടാവും എന്ന് അറിയാവുന്നതു കൊണ്ടോ എന്തോ വിശ്വനാഥൻ പിന്നെ അതിനെ പറ്റി ഒന്നും ചോദിക്കാൻ നിന്നില്ല.. ഭക്ഷണം എടുത്തു വച്ചിരുന്ന പാത്രങ്ങളിൽ ആദ്യം തുറന്നത് തന്നെ ഇലയട ആയിരുന്നു.  ശിവന്റെ ഇഷ്ടഭക്ഷണം.. അവൻ അതിൽ ഒരെണ്ണം എടുത്തു..

\"ചായെടെ പലഹാരമായിട്ട് കല്ലു ഉണ്ടാക്കി കൊണ്ട് വന്നതാണ്.. നിനക്കുള്ളത് മാറ്റി വച്ചിരുന്നതാ \"

അരുന്ധതി പറഞ്ഞു. അവൻ അത് ഒരു കടി കടിച്ചു..

\" പോരാ.. അമ്മ ഉണ്ടാക്കുന്ന അത്രയും നന്നായില്ല.. \"

നാല് രോഷം കലർന്ന കണ്ണുകൾ തന്റെ നേരെ നീണ്ടത് ശിവന് മനസിലായി.. കല്ലു അച്ഛന്റെയും അമ്മയുടെയും പ്രിയങ്കരി ആണ്.. ആൺമക്കൾ മാത്രം ഉള്ളയിടത്തെ ഏക പെൺകുട്ടി.. അവളെ ചീത്ത പറഞ്ഞാൽ അവിടെ ആർക്കും പിടിക്കില്ല.. ചിലപ്പോ നല്ല വീക്കും കിട്ടാൻ വഴിയുണ്ട്.. അത് കൊണ്ട് ബാക്കി ഭക്ഷണം മുഴുവനും അവൻ മിണ്ടാതെ ഇരുന്നു കഴിച്ചു. ഭക്ഷണം കഴിഞ്ഞപ്പോൾ വിശ്വനാഥൻ തന്നെ അരുന്ധതിയെ വായും കയ്യും ഒക്കെ കഴുകിച്ചു അകത്തേക്ക് കൊണ്ട് പോയി. ഇനി അവർക്കു അവരുടേതായ കുറച്ചു സമയം ആണ്.. ഈ സമയത്താണ് അവർ രണ്ടാളും അന്നത്തെ വിശേഷങ്ങളും, മക്കളുടെ കാര്യങ്ങളും ഒക്കെ സംസാരിക്കുന്നതു.. മക്കൾ എന്ന് പറയുമ്പോൾ ശിവൻ മാത്രമല്ല വിഷ്ണുവും, കല്ലുവും അതിൽ പെടും. അവർ മൂന്ന് പേരും തമ്മിൽ അവിടെ ആർക്കും വ്യത്യാസമില്ല.. ശങ്കരേട്ടനും അങ്ങനെ തന്നെ. അവരുടെ പോക്കും നോക്കി ചെറിയ ചിരിയോടെ ശിവൻ മെയിൻ ഡോർ അടച്ചു കുറ്റിയിടാൻ പോയി. ഡോർ അടക്കുന്നതിനു മുന്നേ അവൻ ഒന്ന് കൂടി ഔട്ട്‌ ഹൗസിലേക്ക് നോക്കി.. അവിടെ നേരത്തെ കണ്ട വെളിച്ചം അണഞ്ഞിരിക്കുന്നു.. എഞ്ചിനീയർ കിടന്നു കാണും..

അവൻ ഡോർ അടച്ചു തന്റെ മുറിയിലേക്ക് കയറി.  എല്ലാം അടുക്കി പെറുക്കി ബെഡ് ഒക്കെ വിരിച്ചിട്ടിട്ടുണ്ട്... കല്ലു ആയിരിക്കും.. രാവിലെ താൻ അലങ്കോലം ആക്കി ഇട്ടിട്ടു പോകുന്നതൊക്കെ അവളാണ് വന്നു പെറുക്കി വയ്ക്കുന്നത്.. മുറിയിൽ കയറരുത് എന്ന് പറഞ്ഞാലും അവൾ അതൊന്നും കേട്ട മട്ടു പോലും കാണിക്കാറില്ല.. അവൻ ഫോണുമായി ബെഡിലേക്ക് വന്നു കിടന്നു..  വാട്സ്ആപ്പ് ഓപ്പൺ ആക്കി നോക്കി.. കുറെ ഏതൊക്കെയോ ഗ്രൂപ്പിൽ എന്തൊക്കെയോ മെസ്സേജുകൾ.. വെറുതെ ഓരോന്നിൽ കൂടെയും കണ്ണോടിച്ചു.. അതിനിടക്ക് സ്വാതിടെ മെസ്സേജ്.. സ്റ്റേഷനിൽ ഇരുന്നപ്പോൾ അവൾ വിളിച്ചിരുന്നു.. അപ്പോൾ എടുക്കാൻ പറ്റിയില്ല. അവൻ അത് ഓപ്പൺ ചെയ്തു..

\" താങ്ക് യൂ.. എനിക്ക് വേണ്ടി ഇന്ന് സൈറ്റിൽ അടി ഉണ്ടാക്കിയതൊക്കെ ഞാൻ അറിഞ്ഞു കേട്ടോ.. താങ്ക് യൂ സോ മച്ച് ശിവേട്ടാ \"

ശിവന് ചിരി വന്നു.. ഈ പെണ്ണ് എന്തൊക്കെയാണ് വിചാരിച്ചു വച്ചിരിക്കുന്നത്... പിന്നെ നെറ്റ് ഓഫ്‌ ആക്കി.. കാൾ എടുത്തു വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു.. രണ്ടാമത്തെ ബെലിൽ കാൾ അറ്റൻഡ് ആയി..

\" ഡാ.. ക്ലിനിക്കിൽ തിരക്കാ.. ഞാൻ ഒരു മണിക്കൂർ കൂടെ കഴിയും ഇറങ്ങാൻ.. \"

അതും പറഞ്ഞു ഫോൺ കട്ട്‌ ആയി.. ശിവൻ ഫോൺ ടേബിളിൽ വച്ചു കട്ടിലിലേക്ക് കിടന്നു.  ഇനിപ്പോ സ്വാതീടെ വിശേഷം അവനോടു നാളെ പറയാം.. മാമംഗലം ക്ലിനിക്കിൽ ഇപ്പോൾ നല്ല തിരക്കാണ്.. ഒരു ഡോക്ടർ എന്ന നിലയിൽ വിഷ്ണുന്റെ കൈപ്പുണ്യം നാട്ടിൽ പാട്ടാണ്.. പിന്നെ അത്യാവശ്യക്കാരെ നോക്കാൻ ഏതു പാതിരാത്രിയിലും തയ്യാറുള്ള അവന്റെ മനസ്സും. ആദ്യം ക്ലിനിക്കിൽ വിഷ്ണു മാത്രമേ ഉണ്ടായിരുന്നുള്ളു.. ഒപ്പം രണ്ടു നേഴ്സ് മാരും.. തിരക്ക് കൂടിയപ്പോൾ വിഷ്ണുവിനെ കൊണ്ട് മാത്രം ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റാതെ ആയി.. അപ്പോഴാണ് ഒരു പെൺ ഡോക്ടറെ ഗൈനക്കോളജിസ്റ് ആയി അവിടെ നിയമിക്കുന്നത്.. വിഷ്ണുവിന്റെ കൂടെ MBBS പഠിച്ച കുട്ടി ആണ്.ഇപ്പോൾ പിന്നെ ഒരു ഡോക്ടർ കൂടി ഉണ്ട്. അത് കൊണ്ട് വിഷ്ണു കുറച്ചു ഫ്രീ ആണ്.. എന്നാലും രാവിലെ പോയാൽ അവൻ വീടെത്തുമ്പോൾ പത്തു മണി എങ്കിലും ആവും. പാവം.. ഇനിയപ്പോൾ ഹോസ്പിറ്റലിന്റെ പണി കഴിയുമ്പോൾ കുറെ അധികം ഡോക്ടർസ്, നേഴ്സ് ഒക്കെ വേണ്ടി വരും.. വിഷ്ണു കുറച്ചു ആൾക്കാരോടൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്. ബാക്കി ഉള്ളവരെ കൂടെ സെറ്റ് ആക്കണം..പക്ഷെ അതിനാദ്യം ഹോസ്പിറ്റലിന്റെ പണി കഴിയണമല്ലോ? എഞ്ചിനീർമാർ മാറി മാറി വരുന്ന കാരണം വളരെ പതുക്കെയാണ് പണി പുരോഗമിക്കുന്നത്.ഇനി ഈ പെണ്ണെങ്കിലും നിൽക്കുമോ? ശിവൻ മനസ്സിൽ ഓർത്തു. 

ലൈറ്റ് ഓഫ്‌ ചെയ്തു ശിവൻ ഉറങ്ങാനായി കണ്ണുകൾ അടച്ചു.. കുറച്ചു കൗതുകവും, ദേഷ്യവും, പേടിയും എല്ലാം കൂടി കലർന്ന ഒരു നോട്ടം അവന്റെ മനസ്സിലേക്ക് കടന്നു വന്നു. അത് മനസ്സിൽ ഇട്ടു കൊണ്ട് തന്നെ അവൻ ഉറക്കത്തിലേക്കു വീണു.

***************************************************

കല്യാണി

രാവിലെ കൃത്യം നാല് മണിക്ക് തന്നെ കല്യാണിയുടെ അലാറം അടിച്ചു.  കുറച്ചു നേരം കൂടി കിടക്കണം എന്ന് തോന്നി എങ്കിലും, ലേറ്റ് ആയാൽ ഇന്നത്തെ ദിവസത്തെ എല്ലാ കാര്യങ്ങളും അവതാളത്തിൽ ആവുമെന്ന് അറിയാവുന്നതു കൊണ്ട് അവൾ മടി കളഞ്ഞു എണീറ്റു.. പല്ലുതേപ്പും കുളിയും കഴിഞ്ഞു നേരെ അടുക്കളയിലേക്ക് കയറി. അച്ഛനും വിഷ്ണുവേട്ടനും തനിക്കും വേണ്ടി ഉള്ള രാവിലത്തെയും ഉച്ചക്കത്തേക്കുമുള്ള ഭക്ഷണം തയ്യാറാക്കി വച്ചു. അത് കഴിഞ്ഞു നോക്കുമ്പോൾ സമയം ആറു മണി കഴിഞ്ഞിരിക്കുന്നു.. വേഗം ഡ്രസ്സ്‌ മാറി തൃക്കുന്നപുഴ തേവരുടെ അമ്പലത്തിലേക്ക് ഓടി..

\" ഇന്നെന്താ കല്ലു.. ഇത്തിരി താമസിച്ചല്ലോ? തേവരു നോക്കി ഇരിപ്പായിരുന്നു.. \"

അമ്പലത്തിലെ ശാന്തി തമാശരൂപേന അവളെ കണ്ടപ്പോൾ പറഞ്ഞു. കല്യാണി അമ്പലത്തിലെ നിത്യസന്ദർശക ആണ്.. ഒരു ദിവസം കല്യാണിയെ കണ്ടില്ലെങ്കിൽ തേവർക്ക് പോലും ഉറക്കം വരില്ലെന്നാണ് അമ്പലത്തിലെ ജോലിക്കാർ കളിയായി പറയുക. തിരുമേനിയുടെ കളിയാക്കലിന് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു എന്നത്തേയും പോലെ കല്യാണി നടക്കു മുന്നിൽ ചെന്നു കൈ കൂപ്പി.. ഓർമ വച്ച കാലം മുതൽ വരുന്നതാണ് ഇവിടെ.. ബുദ്ധി ഉറച്ച കാലം മുതൽ ഈ നടയിൽ വന്നു നിന്നു ഒന്നേ കല്യാണി ആവശ്യപ്പെട്ടിട്ടുള്ളു.. ഒരിക്കലും തനിക്കു കിട്ടാൻ സാധ്യതയില്ല എന്ന് അറിയാവുന്ന ഒന്ന്..

മാമംഗലത്തെ ശിവജിത്ത് വർമയെ.. ശിവേട്ടനെ.. 

ശിവശങ്കരന്റെയും സീതയുടെ രണ്ടു മക്കളിൽ ഇളയവളായി ജനിച്ച കാലം മുതൽ കാണുന്നതാണ് അവനെ. തന്റെ വിഷ്ണുവേട്ടന്റെ കൂടെ ഒരു നിഴൽ പോലെ എന്നും ഉണ്ടായിരുന്നു ശിവേട്ടൻ. ആദ്യമൊക്കെ വിഷ്ണുവേട്ടനും ശിവേട്ടനും തനിക്കു ഒരു പോലെ ആയിരുന്നു. പിന്നെ എപ്പോഴാണ് ശിവേട്ടൻ തനിക്കു മറ്റെന്തെല്ലാമോ ആയതു എന്ന് അറിയില്ല. പ്രണയം എന്ന ഒരു വികാരം മനുഷ്യന്റെ മനസ്സിൽ ഉണ്ടാവും എന്ന് അറിഞ്ഞ നാൾ മുതൽ അവൻ മനസ്സിൽ കയറികൂടിയതാണ്..  പക്ഷെ ഒരിക്കൽ പോലും അവൻ അങ്ങനെ ഒരു കണ്ണ് കൊണ്ട് തന്നെ നോക്കുന്നതായി അവൾക്കു തോന്നിയിട്ടില്ല.. അത് കൊണ്ട് തന്നെ മനസ്സിലെ ഇഷ്ടം അവനെ അറിയിച്ചിട്ടും ഇല്ല.  അവനെ എന്നല്ല.. ആരെയും അത് താൻ അറിയിച്ചിട്ടില്ല..  കല്യാണിയുടെ ഓരോ ദിനവും പുലരുന്നതും അവസാനിക്കുന്നതും ശിവാനിലാണ്.. ഡിഗ്രിക്കും പോസ്റ്റ്‌ ഗ്രാജുവേഷനും ചെയ്യാൻ അവൻ ടൗണിൽ ഹോസ്റ്റലിൽ നിന്നു പഠിച്ചു കൊണ്ടിരുന്നപ്പോൾ എന്നും വെള്ളിയാഴ്ച ആവാൻ അവൾ കാത്തിരിക്കുമായിരുന്നു. അവനെ ഒന്ന് കാണാൻ.. പക്ഷെ ഒരിക്കലും അവനെ ഒന്നും അറിയിച്ചിട്ടില്ല.. മാമംഗലം തറവാടിന്റെ ഒരേ ഒരു അനന്താരാവകാശിക്കു മാത്രം പോന്ന പെണ്ണാണ് താനെന്നു ഒരിക്കലും കല്യാണിക്ക് തോന്നിയിട്ടില്ല.. ശങ്കരേട്ടന്റെ മകൾ എന്ന നിലയിലും, വിഷ്ണുവിന്റെ അനിയത്തി എന്ന നിലയിലും അവൻ തന്നെ പരിഗണിക്കും എങ്കിലും അതിലുപരി അവൻ തന്നെ ശ്രദ്ധിക്കാറ് പോലും ഇല്ല.. അല്ലെങ്കിലും നാട്ടിലെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന എല്ലാ പെൺപിള്ളേരുടെയും ആരാധനകഥാപാത്രമായ ശിവജിത്തിന്  എന്തിനാ തന്നെ പോലൊരു പെണ്ണ്.. അല്ലെങ്കിലും ഈയിടെയായി അവനു തന്നോട് ഇച്ചിരി ദേഷ്യം കൂടിയിട്ടുണ്ടോ എന്നും അവൾക്കു സംശയം തോന്നാതെ ഇരുന്നില്ല.. എങ്കിലും അവൾ എന്നും തേവരുടെ മുന്നിൽ വന്നു പ്രാർത്ഥിക്കും.. അവനെ തനിക്കു കിട്ടണേ എന്ന്.. അത് ഇനി ശിവജിത്ത് മറ്റൊരു പെണ്ണിന്റെ സ്വന്തം ആവുന്നത് വരെ തുടരും..

കല്യാണി വീട്ടിൽ എത്തിയപ്പോൾ വിഷ്ണു എണീറ്റു പല്ല് തേക്കുന്നുണ്ടായിരുന്നു.  അച്ഛൻ ചായ ഇടുന്നുണ്ട്.. അമ്മ ഉള്ള കാലത്തോളം അച്ഛൻ അടുക്കള കണ്ടിട്ടില്ല.. പക്ഷെ അതിനു ശേഷം ഇടക്ക് ചായ ഇടാനും മറ്റും ഇങ്ങനെ കയറും..

\" ആ.. എത്തിയോ? ഇങ്ങനെ എല്ലാ ദിവസവും പോയി തേവരുടെ മനസമാധാനം കളയണ്ട വല്ല കാര്യവും ഉണ്ടോ നിനക്ക്? \"

വിഷ്ണു അവളെ കണ്ട വഴിക്കു ചോദിച്ചു..

\" ഡാ.. വെറുതെ രാവിലെ അവളെ വഴക്ക് പിടിപ്പിക്കാൻ നിൽക്കാണ്ട് ചായ കുടിച്ചിട്ട് പോയി കുളിക്കാൻ നോക്കിയേ.. \"

ശങ്കരൻ അവനെ ചീത്ത പറഞ്ഞു..

\" ഓ..ഞാൻ പുന്നാരമോളെ ഒന്നും പറയുന്നില്ലേ.. \"

ചായയും ഫോണുമായി അവൻ ഉമ്മറത്തേക്ക് പോയി..

\" അച്ഛാ.. ഞാൻ മാമംഗലത്തേക്ക് പോവാണേ.. \"

അതും പറഞ്ഞു അവൾ പുറത്തേക്കു ഇറങ്ങി.. ഇറങ്ങുന്ന വഴിക്കു വിഷ്ണുന്റെ പുറത്തിനിട്ടു ഒരു ഇടി കൊടുക്കാനും മറന്നില്ല..

\" നീ ഇങ്ങു വാടി.. വച്ചിട്ടുണ്ട്..\"

പുറം തിരുമ്മി കൊണ്ട് അവൻ വിളിച്ചു പറയുന്നത് ഓടുന്ന വഴിക്കു അവൾ കേട്ടു.. അവരുടെ വീട്ടിൽ നിന്നിറങ്ങി ഒരു മതിലിനപ്പുറം മാമംഗലം തറവാട് ആണ്.  അന്ന് ആ അപകടത്തിൽ അമ്മയെ നഷ്ടപ്പെട്ടപ്പോൾ വിശ്വച്ഛനും അരുന്ധതിയമ്മയും പറഞ്ഞതാണ് ഇനി തന്നോടും അച്ഛനോടും അമ്മയോടും കൂടി ഇവിടെ വന്നു താമസിക്കാൻ.. പക്ഷെ അമ്മ ഉറങ്ങുന്ന മണ്ണ് വിട്ടു എങ്ങോട്ടും പോവാൻ അവർക്കു ആർക്കും താല്പര്യം ഇല്ലായിരുന്നു. തന്നെയുമല്ല അവിടുത്തെ കാര്യസ്ഥൻ ആയ ശിവശങ്കരനും കുടുംബത്തിനും മാമംഗലത്തു ഇത്രയും സ്വാതന്ത്ര്യവും അധികാരവും ഉള്ളതിൽ അവിടുത്തെ ജോലിക്കാർക്കും പിന്നെ മാമംഗലത്തെ ബന്ധുക്കളിൽ ചിലർക്കും മുറുമുറുപ്പ് ഉണ്ട്. അവർ ഇനി അവിടെ താമസവും കൂടെ ആക്കിയിരുന്നെങ്കിൽ പറയുകയും വേണ്ട. കല്യാണി ഇങ്ങനെ അവിടെ വന്നു പോകുന്നതും, ശിവനും വിഷ്ണുവും തമ്മിലുള്ള സൗഹൃദവും ഒന്നും പിടിക്കാത്തവരും ഉണ്ട്. പക്ഷെ അതൊന്നും ശങ്കരനോ, വിഷ്ണുവോ കല്യാണിയോ കാര്യം ആക്കാറില്ല.

\" ആഹാ.. കല്ലു എത്തിയല്ലോ? ആരു കാത്തിരിപ്പുണ്ട്.. വേഗം ചെല്ല്..\"

സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരുന്ന വിശ്വനാഥൻ അവളെ കണ്ടപ്പോഴേ ചിരിച്ചു കൊണ്ട് പറഞ്ഞു. അരുന്ധതി വിശ്വനാഥനു ആരു ആണ്.. അവൾ അകത്തേക്ക് ചെന്നു.. അരുന്ധതിയുടെ മുറിയിലേക്ക് പോകും വഴി അവൾ ശിവന്റെ മുറിയുടെ മുന്നിലൂടെ കടന്നു പോയി.. കതകു അടച്ചിരിക്കുകയാണ്.. ഫാനിന്റെ ഒച്ച കേൾക്കാം.. അവൻ അതിനുള്ളിൽ ഉറങ്ങുന്നുണ്ടാവും. കതകു തുറന്നു അവൻ ഉറങ്ങുന്നത് നോക്കാനുള്ള ആഗ്രഹത്തെ തടഞ്ഞു അവൾ അടുത്ത മുറിയിലേക്ക് ചെന്നു. 

 അരുന്ധതിയുടെ മുറിയിൽ ചെന്നു അവരെ വീൽ ചെയറിൽ ഇരുത്തി അവൾ കുളിമുറിയിൽ കൊണ്ട് പോയി. കുളിക്കാനുള്ളതൊക്കെ അവൾ വരുമ്പോഴേക്കും ജോലിക്കാരികൾ എടുത്തു വച്ചിട്ടുണ്ടാവും. അവരെ കുളിപ്പിച്ചു, സാരീ ഒക്കെ ഉടുപ്പിച്ചു, പൊട്ടും സിന്ദൂരവും തൊടുവിച്ചു അവൾ.. അതിനിടയിൽ വാ തോരാതെ കോളേജിലെയും, വീട്ടിലെയുമൊക്കെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. അരുന്ധതി അതൊക്കെ താല്പര്യത്തോടെ കേട്ടിരിക്കും. പിന്നെ പതിവ് പോലെ അരുന്ധതിയെ വീൽ ചെയറിൽ സിറ്റ് ഔട്ടിൽ വിശ്വാനാഥന്റെ അടുത്ത് കൊണ്ടിരുത്തി.. കുറച്ചു നേരം അവരോടു രണ്ടു പേരോടും സംസാരിച്ചതിന് ശേഷം വൈകിട്ട് വരാം എന്ന് പറഞ്ഞവൾ ഇറങ്ങി.

കോളേജിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പുതിയതായി വന്ന എഞ്ചിനീർക്കു രാവിലത്തെ കാപ്പി കൊണ്ട് കൊടുത്തിട്ടു പോകാൻ ശങ്കരൻ അവളോട്‌ പറയുന്നത്. കൂടാതെ അവരോട് പറയാൻ കുറച്ചു കാര്യങ്ങളും അവളെ പറഞ്ഞെല്പിച്ചു. അവൾ മാമംഗലത്തു എത്തി അവർക്കുള്ള കാപ്പിയും എടുത്തു ഔട്ട്‌ ഹൗസിലേക്ക് നടന്നു. ബെൽ അടിച്ചു കാത്തു നിന്നു.. പെട്ടെന്ന് തന്നെ വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടു കല്യാണി ഒന്ന് ഞെട്ടി.. ചെറുപ്പകാരി ആണെന്ന് അച്ഛൻ പറഞ്ഞിരുന്നെങ്കിലും ഇത്രയ്ക്കു ചെറുപ്പകാരി ആവുമെന്ന് അവൾ ഓർത്തതെ ഇല്ല.. പോരാത്തതിന് സുന്ദരിയും.. തന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടുതലേ കാണുള്ളൂ.. ഉയരം കുറഞ്ഞു, സ്മാർട്ട്‌ ആയ ഒരു പെൺകുട്ടി.. അന്ന എന്നാണ്  പേരെന്നു അച്ഛൻ പറഞ്ഞത് ഓർത്തു.. അവൾ തന്നെ തന്നെ പരിചയപ്പെടുത്തി കാപ്പി കൊടുത്തു. ആ കുട്ടി എന്തോ ചോദിച്ചതിന് മറുപടിയും പറഞ്ഞു, അന്നയോടു പറയാൻ പറഞ്ഞെല്പിച്ച കാര്യങ്ങൾ പറഞ്ഞു അവൾ തന്റെ ബസ് പിടിക്കാൻ പോയി. പോകുമ്പോൾ കണ്ടു മാമംഗലത്തെ മുറ്റത്തു ബുള്ളറ്റ് കഴുകി കൊണ്ട് നിൽക്കുന്ന ശിവനെ. ഇടയ്ക്കു സിറ്റ് ഔട്ടിൽ ഇരിക്കുന്ന അവന്റെ അച്ഛനോടും അമ്മയോടും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.. 
തനിക്കു വേണ്ടി അവന്റെ ചുണ്ടിൽ എന്നെങ്കിലും അങ്ങനെ ഒരു ചിരി ഉണ്ടായിരുന്നെങ്കിൽ എന്നവൾ വെറുതെ അപ്പോൾ ആശിച്ചു..

കോളേജ് അന്ന് വലിയ സംഭവങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി. കല്യാണി പഠിക്കാൻ മിടുക്കി ആയിരുന്നു. എന്ത് തിരക്ക് ഉണ്ടെങ്കിലും നന്നായി പഠിക്കണം എന്ന് രണ്ടു അച്ഛന്മാർക്കും, അമ്മയ്ക്കും നിർബന്ധം ആണ്. അവൾ അത് പാലിക്കുകയും ചെയ്യാറുണ്ട്. ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കു ഇറങ്ങുന്ന വഴിക്കാണ് ആരോ വിളിക്കുന്നത് പോലെ തോന്നി അവൾ തിരിഞ്ഞു നോക്കിയത്.. നോക്കുമ്പോൾ സ്വാതി ആണ്..

\" ഓ നാശം.. \"

കല്യാണി മനസ്സിൽ പറഞ്ഞു.. സ്വാതി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.. കല്യാണി തന്റെ നീരസം മുഖത്ത് കാണിക്കാതെ അവളെ നോക്കി ചിരിച്ചു. ശിവേട്ടനെ പറ്റി എന്തോ പറയാൻ ഉള്ള വരവാണ്.. സ്വാതി ശിവേട്ടന്റെ മുറപെണ്ണാണ്.. അരുന്ധതിയമ്മയുടെ ആങ്ങള മഹേന്ദ്രന്റെ മകൾ.. ശിവന്റെ ആരാധികമാരിൽ ഏറ്റവും പ്രധാനി.. മാമംഗലം കഴിഞ്ഞാൽ പിന്നെ തൃക്കുന്നപുഴയിൽ ഏറ്റവും സ്വാധീനം ഉള്ള കുടുംബം മഹേന്ദ്രന്റെ ആണ്.. അമ്മാവന്റെ മകൾ ആയതു കൊണ്ട് സ്വാതിക്കു ശിവന്റെ മേൽ കുറച്ചു അധികാരവും ഉണ്ട്.  മാമംഗലത്തു ശങ്കരനും കുടുംബത്തിനും ഉള്ള സ്വാതന്ത്ര്യം തീരെ ഇഷ്ടമില്ല മഹേന്ദ്രനും അയാളുടെ കുടുംബത്തിൽ ഉള്ളവർക്കും.. പഠിക്കാൻ മിടുക്കരായുള്ള വിഷ്ണുവിന്റെയും കല്യാണിയുടെയും മുഴുവൻ പഠനചിലവുകളും വിശ്വനാഥൻ ആണ് നോക്കുന്നത്. സ്വാതി പഠിക്കാൻ അത്ര പോരാ.. പക്ഷെ മഹേന്ദ്രന്റെ സ്വാധീനത്തിന്റെ പുറത്തു അവൾക്കു ടൗണിലെ ആ നല്ല കോളേജിൽ അഡ്മിഷൻ കിട്ടി. കല്ലുവിന്റെ ക്ലാസ്സിലാണ് അവളും. സ്വാതിയെ ശിവനെ കൊണ്ട് കെട്ടിക്കണം എന്നാണ് മഹേന്ദ്രന്റെ ആഗ്രഹം.. ഇത് വരെ അത് ആരും നേരിട്ട് സംസാരിച്ചിട്ടിലെങ്കിലും സ്വാതി അത് ഉറപ്പിച്ച മട്ടാണ്.. അതിന്റെ അഹങ്കാരം കാണുമ്പോഴൊക്കെ കല്യാണിയോട് തീർക്കാനും അവൾ മടിക്കാറില്ല..

\" കല്യാണി അറിഞ്ഞിരുന്നോ ഇന്ന് ഹോസ്പിറ്റലിന്റെ സൈറ്റിൽ നടന്നത്? \"

മുഖവുര ഒന്നും കൂടാതെ അവളുടെ അടുത്ത് വന്നു സ്വാതി ചോദിച്ചു.. കല്യാണി ഇല്ലയെന്നു തലയാട്ടി..

\" ഇന്നലെ കോളേജ് വിട്ടു പോകുമ്പോൾ ആ ബൈജു എന്നേ ബൈക്കിൽ വന്നു കമന്റ്‌ അടിച്ചിട്ട് പോയി.. \"

ബൈജുവിനെ കല്യാണിക്കും അറിയാം.. അവളെയും എത്രയോ തവണ അവൻ വഴിയിലൊക്കെ വച്ചു കമന്റ്‌ അടിച്ചിരിക്കുന്നു.. അവന്റെ സ്ഥിരം പരിപാടി ആണ്..

\" ഞാൻ ശിവേട്ടനോട് ഒന്ന് സൂചിപ്പിച്ചതെ ഉള്ളു.. ഇന്ന് ശിവേട്ടൻ സൈറ്റിൽ ചെന്നു അവനു നല്ലത് കൊടുത്തു അത്രേ.. ശിവേട്ടനെ ഒന്ന് വിളിച്ചു ഒരു താങ്ക് യൂ പറയണം.. \"

സ്വാതി അവളെ നോക്കി ഒരു പുച്ഛചിരിയോടെ പറഞ്ഞു.. ഓ അപ്പോൾ ശിവേട്ടൻ അവൾക്കു വേണ്ടി തല്ലുണ്ടാക്കിയത് പറഞ്ഞു ആളാകാൻ വന്നതാണ്. കല്യാണി ഒന്നും പറഞ്ഞില്ല. വെറുതെ ഒന്ന് തലയാട്ടി ബസ് സ്റ്റോപ്പിലേക്ക് നടന്നു.. സ്വാതിക്കു പിന്നെ കൊണ്ട് പോകാനും വരാനും കാറും ഡ്രൈവറും ഒക്കെ ഉണ്ട്.. 

ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ സ്വാതി പറഞ്ഞതായിരുന്നു അവളുടെ മനസ്സ് നിറയെ.. ഈ ബൈജു ഒരിക്കൽ തന്നെ കമന്റ്‌ അടിച്ച കാര്യം പറഞ്ഞപ്പോൾ ആൺപിള്ളേർ ചിലപ്പോൾ അങ്ങനെയൊക്കെ ചെയ്തെന്നു വരും എന്നാണ് ശിവേട്ടൻ പറഞ്ഞത്. പോലീസിന് വേറെ പണിയുണ്ട് പോലും.. എന്നിട്ടിപ്പോ സ്വാതി ഒന്ന് പരാതി പറഞ്ഞു വിളിച്ചപ്പോഴേക്ക് തല്ലുണ്ടാക്കാൻ ഓടി പോയിരിക്കുന്നു.. അവൾ അമ്മാവന്റെ മകൾ ആണല്ലോ? താൻ കൂട്ടുകാരന്റെ അനിയത്തി അല്ലെ? ശിവന്റെ മനസ്സിൽ തനിക്കു അത്രയും പോലും സ്ഥാനം ഇല്ലാലോ എന്നോർത്തപ്പോൾ അവൾക്കു വല്ലാത്ത വിഷമം തോന്നി..

തുടരും..

( love triangle ഇഷ്ടമില്ലാത്തവർ തല്ലരുത്.. ഇതിൽ love square ഉം love rectangle ഉം ഒക്കെ വരാൻ സാധ്യത ഉണ്ട്.. അവസാനം എല്ലാം കലങ്ങി തെളിയുമായിരിക്കും അല്ലെ? ) 


ഒരു നിയോഗം പോലെ - ഭാഗം 4

ഒരു നിയോഗം പോലെ - ഭാഗം 4

4.5
1337

ഭാഗം 4കല്യാണിബസിൽ ഇരുന്നു വീട്ടിൽ എത്തുന്നത് വരെയും അവളുടെ മനസ്സിൽ സ്വാതി പറഞ്ഞതൊക്കെ തന്നെ ആയിരുന്നു. ശരിക്കും ഇനി ശിവേട്ടന് സ്വാതിയോട് ഇഷ്ടം ഉണ്ടാവോ? തന്നെപോലെ തൊട്ടാവാടി ആയ ഒരു പെൺകുട്ടിയെ അല്ലെങ്കിലും നല്ല സ്മാർട്ടും ബോൾഡും ഒക്കെയായ ഒരു പെൺകുട്ടിയെയാണ് ശിവേട്ടന് ഇഷ്ടപെടുക എന്നാണ് കല്യാണി വിചാരിച്ചിരുന്നത്.. രാവിലെ കണ്ട എഞ്ചിനീയറെ ഒക്കെ പോലെ.. അന്ന ശിവേട്ടന് ചേരുന്ന പെൺകുട്ടി ആവും എന്നവൾക്ക് തോന്നി.. പക്ഷെ സ്വാതി.. മഹേന്ദ്രൻ തമ്പിയുടെ മകൾ എന്ന ഹുങ്ക് അവൾക്കു പണ്ടേ ഉണ്ട്.. അത് മറ്റുള്ളവരോട് കാണിക്കാനും മടിക്കാറില്ല.. തന്നെക്കാൾ മുതിർന്ന ആൾക്കാര