തുടരുന്നു...
ഡൽഹിയിൽ അവന്റെ ആദ്യത്തെ തണുപ്പ് കാലം പടിവാതുക്കൽ എത്തി. മൈനസ് ഡിഗ്രി വരെ ആകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഓഫീസിലും വീടുകളിലും ഹീറ്ററുകൾ സ്ഥാനം പിടിച്ചു. വികാസ് പുരിയിലെ ഫ്ളാറ്റിലും മരുമകനും കൂട്ടുകാരും ഹീറ്ററുകൾ സ്ഥാപിച്ചു. നവംബർ മാസത്തെ അവസാന ആഴ്ച മുതൽ തണുപ്പ് ആരംഭിക്കുന്നു. ഡിസംബർ മദ്ധ്യത്തോടെ മൈനസ്സിലേക്ക് കടന്ന് ജനവരി അവസാന ആഴ്ച വരെ നല്ല തണുപ്പ് തന്നെ ആയിരിക്കുമെന്ന് അവൻ പറഞ്ഞു. രാവിലത്തെ ബസ്സ് യാത്രയിൽ തല മുതൽ കാൽവിരൽ വരെ തണുപ്പ് അകറ്റുന്ന ഡ്രസ്സുകൾ ഉപയോഗിക്കുന്നു. കണ്ണുകൾ മാത്രം പുറത്തേക്ക് കാണത്തക്കവിധം തലമൂടി മങ്കി തൊപ്പി ധരിച്ചിരിക്കും.
ഓഫീസിൽ എയർ കണ്ടീഷണറുകൾ ആ കാലഘട്ടത്തിൽ സെക്രട്ടറി, ഡയറക്ടർ എന്നിവരൂടെ റുമുകളിൽ മാത്രമായി പരിമിതപ്പടുത്തിയിരുന്നു എന്നാണ് അവന്റെ ഭാഷ്യം. കംപ്യൂട്ടർ സഹായത്തോടെ ജോലി ഭാരം വളരെയധികം ലഘൂകരിക്കാൻ അവന് സാധിച്ചു. അഞ്ചു മാസം കൊണ്ട് അവനെ ഓഫീസിൽ ഉള്ളവർ "ബാബ " എന്ന് നാമകരണം ചെയ്ത് വിളിക്കാൻ തുടങ്ങി. കേരളത്തിലെ സ്വാമി ഡൽഹിയിൽ ബാബയായിമാറി ' ചാതുർവിണ്ണ്യ കർമ്മങ്ങൾ കൊണ്ടെന്ന് അവൻ സ്ഥിരീകരിച്ചു. ആ ഓഫീസിലെ എല്ലാ ഡിവിഷനുകളിലും അവന്റെ സഹായം എത്തിയിരുന്നു. സെക്രട്ടറി മുതൽ താഴെ കിടയിലുള്ള സ്കാവഞ്ചർ വരെ അവനെ ബഹുമാനിച്ചുകൊണ്ട് അവനവൻറെ ജോലികൾ വളരെ കൃത്യതയോടെ ചെയ്തു വന്നു.
ഒരു ദിവസം സ്കാവഞ്ചർ ബോയ് പണിയെടുത്തു കൊണ്ടിരുന്നപ്പോൾ അവന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കപ്പെട്ടു. ചൂല് കൊണ്ട് റൂമുകൾ ശുചിയാക്കുമ്പോൾ ചുമരുകൾ ചേർത്ത് വച്ചിരുന്ന സ്റ്റീൽ അലമാറകളുടെ അടിവശം ആ സ്കാവഞ്ചർ വൃത്തിയാക്കുന്നില്ല എന്ന് അവൻ മനസ്സിലാക്കി. അവൻ ആ സമയത്ത് ഒന്നും ഉരിയാടിയില്ല. ആരോടും ഇതേ കുറിച്ച് പറഞ്ഞതുമില്ല. ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉണ്ടെങ്കിലും അദ്ദേഹം ഓഫീസിൽ എത്തുന്നത് പത്തരക്ക് ശേഷം ആയിരിക്കും. കാലകാലങ്ങളായി ആ ഓഫീസ് അശ്രദ്ധ മായ ശുചിത്വ നിവാരണത്താൽ വളരെ വൃത്തി ശൂന്യമായിരുന്നു എന്നതായിരുന്നു സത്യം. പിറ്റെ ദിവസം കുറച്ചു നേരത്തെ അവൻ ഓഫീസിൽ എത്തി. സ്കാവഞ്ചർ ബോയ് എത്തുന്നതിന് മുമ്പ് അവൻ എല്ലാ അലമാറകളുടെയും കീഴിലുണ്ടായിരുന്ന പൊടി , കടലാസ് ഇത്യാദി വൃത്തികേടുകൾ എല്ലാം ചൂലു കൊണ്ട് പുറത്തെത്തിച്ചു. എല്ലാ മുറികളും ഈ വൃത്തിയാക്കലിൽ വളരെയധികം വൃത്തികേടുകളെല്ലാം പുറത്ത് എത്തിച്ചു. ആ ദിവസം സ്കാവഞ്ചർ ആദ്യമായി കുറെയധികം പണിയെടുക്കണ്ടിവന്നു. ഓഫീസിൽ ഉള്ളവർ പത്ത് മണിക്ക് എത്തിയപ്പോഴാണ് അവർ അറിയുന്നത് ഇത്രയും കാലം ഈ വൃത്തികേടിലായിരുന്നു അവർ ഓഫീസ് ജോലികൾ നിർവഹിച്ചു പോന്നത് എന്ന്. പിറ്റെ ദിവസം മുതൽ സ്കാവഞ്ചർ ഓഫീസിൽ നേരത്തെ എത്തി തൻറെ ജോലികൾ വളരെ വൃത്തിയും ഭംഗിയായും ചെയ്തു തുടങ്ങി.. അപ്പോഴാണ് അവൻ തിരുവനന്തപുരത്ത് ജോലി നോക്കിയിരുന്ന കാലഘട്ടത്തിൽ അവിടത്തെ സ്കാവഞ്ചറിൽ നിന്നും ഉണ്ടായ ഒരു അനുഭവം ഓർമ്മയിൽ എത്തിയത്. അവിടെ ലേഡീസ് ഹോസ്റ്റലിൻറെ ഒരു ബാത് റൂമിലെ ക്ളോസറ്റ് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടു.. സ്കാവഞ്ചറെ കൂട്ടി പുറക് വശത്തെ പിറ്റ് തുറന്നപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്ന പാഡ് കാരണം കുഴൽ അടഞ്ഞിരിക്കുക ആയിരുന്നു. സ്കാവഞ്ചറോട് ആ തടസ്സം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. പക്ഷെ പിറ്റിൽ ഇറങ്ങാൻ അയാൾ പറ്റില്ലെന്ന് ശഠിച്ചു. ഉടനെ അവൻ പാൻറ്സ് തെറുത്ത് കയറ്റി പിറ്റിൽ ഇറങ്ങാൻ റഡിയാവുന്നത് കണ്ടപ്പോൾ സകാവഞ്ചർ പെട്ടെന്ന് പിറ്റിൽ ചാടി ആ തടസ്സം ഒരു കോലു കൊണ്ട് കുത്തിയെടുത്ത് പുറത്തേക്ക് എറിഞ്ഞു. സ്കാവഞ്ചറുടെ ജോലിയിൽ പെട്ടതാണ് ഇതെല്ലാം എന്നവനറിയാമായിരുന്നു. അവൻ വിമുഖത കാണിച്ചാൽ പിറ്റെന്ന് മുതൽ ആ താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന്. ശാസനയെക്കാൾ ശക്തി കർമ്മ ത്തിനാണെന്ന് അവൻ തെളിയിച്ചു.
തണുപ്പ് കാലം കഴിഞ്ഞ് ജനവരി അവസാനത്തോടെ പൂക്കളുടെ കാലം വന്നെത്തും . ഫിബ്രവരി മാസത്തിൽ രാഷ്ട്രപതി ഭവൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. . രാഷ്ട്രപതി ഭവനിലെ ഉദ്യാനം വിവിധ തരം റോസ് പുഷ്പ ചെടികളാൽ പൂത്തുലഞ്ഞ് നിൽക്കുന്നത് പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ അവസരം ലഭിക്കുന്നു. ഏപ്രിൽ ആദ്യവാരം വരെ നല്ല കലാവസ്ഥയാണ്. പിന്നീടുള്ള മൂന്ന് മാസങ്ങളിൽ കഠിനമായ ചൂടാണ്. ഏപ്രിൽ മദ്ധ്യത്തോടെ ആരംഭിക്കുന്ന ചൂട് ജൂലായ് ആദ്യ ആഴ്ച വരെ നീണ്ടു നിൽക്കുമത്റെ. ആദ്യത്തെ വർഷം വികാസ്പുരിയിൽ കഴിഞ്ഞു കൂടി. മരുമകനും കൂട്ടുകാർക്കും ഒരു അമേരിക്കൻ കമ്പനിയിൽ ജോലി കിട്ടി . മരുമകൻ കമ്പനിയുടെ ഡൽഹി ഓഫീസിൽ ചേർന്നു. മറ്റുള്ളവർ അമേരിക്കയിലേക്ക് കുടികയറി.
മരുമകൻ വികാസ്പുരിയിൽ നിന്നും നോയ്ഡയിലേക്ക് താമസം മാറിയപ്പോൾ അവൻ ഓഫീസിനടുത്ത് ഒരു ഫ്ളാറ്റ് വാടക്ക് എടുത്ത് അങ്ങോട്ട് താമസം മാറി. ഒരു ഹാൾ, കിടപ്പുമുറി, അടുക്കള ശുചിമുറി ഒരു ബാൽക്കണി അടങ്ങിയ ഫ്ളാറ്റ്. അവൻറെ ഓഫീസിലെ സെക്ഷനിൽ തന്നെ ജോലി നോക്കുന്ന ഒരു സ്ത്രീ ജനത്തിന്റെ ആയിരുന്നു ആ ഫ്ളാറ്റ്. അവൻ ബഹൻ എന്ന് വിളിച്ചിരുന്നു. റിട്ടയർ ചെയ്യുന്നതു വരെ ആ ഫ്ളാറ്റിൽ പത്ത് കൊല്ലം അവൻ കഴിഞ്ഞു കൂടി. തൊട്ടടുത്ത ഫ്ളാറ്റിൽ അവന്റെ സഹായത്തിന് മിലിട്ടറിയിൽ നിന്നും ഷോർട്ട് സർവീസ് കാലം കഴിഞ്ഞു റിട്ടയർ ചെയ്ത് ഡൽഹിയിൽ മിലിട്ടറി കാൻറീനിൽ ജോലി നോക്കുന്ന ഒരു മലയാളിയെ കിട്ടി. ആ കുടുംബം അവന് വളരെ സഹായം ആയിരുന്നു. ഭാര്യയും ഭർത്താവും ജോലി നോക്കിയിരുന്നു. ഒരാൺ കുട്ടിയും ഒരു പെൺകുട്ടിയും അവർക്ക് ഉണ്ട്. പുതിയ വീട്ടിലേക്ക് വേണ്ട കിടപ്പ് മുറി വസ്തുക്കളും അടുക്കള വസ്തുക്കളും ഹാളിൽ സോഫാ ബെഡ് എല്ലാം വാങ്ങുവാൻ ആ അയൽക്കര സുഹൃത്ത് സഹായിച്ചു. അടുക്കളയിലേക്കുള്ള ഗ്യാസ് കണക്ഷൻ അടുപ്പ് എന്നിവയും അവർ തന്നെ ഏർപ്പാടാക്കി.
ഒരു കംപ്യൂട്ടർ- ഡെസ്ക് ടോപ്പ് - മിഷ്യനും ഒരു ടെലിവിഷനും അവൻ വാങ്ങിച്ചു. അവൻറെ പുതിയ വാസ സ്ഥലത്ത് നിന്നും ഓഫീസിലേക്ക് ആറു കിലോമീറ്റർ ദൂരം മാത്രം. അവിടെ നിന്നും തുടക്കത്തിൽ ചാർട്ടേർഡ് ബസ്സ് സർവീസ് ഉണ്ടായിരുന്നു. അഞ്ചു കൊല്ലത്തിനു ശേഷം അവ റൂട്ട് മാറ്റിയപ്പോൾ സർക്കാർ ബസ്സിലായി യാത്ര. എല്ലാ കൊല്ലവും നവംബർ മാസത്തിൽ ലീവെടുത്ത് നാട്ടിൽ പോകും . അവൻറെയും അമ്മയുടെയും പിറന്നാൾ ദിനങ്ങൾ ആ മാസത്തിലാണ് വരിക. ഇതിനിടയിൽ മൂത്ത സഹോദരിയൂടെ മൂത്ത പുത്രൻ വിവാഹിതനായി. ആ സമയത്ത് അവൻ ലക്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഡിറ്റിന് പോയ സമയം ആയിരുന്നു. ആദ്യത്തെ വർഷത്തിനു ശേഷം ഓഡിറ്റ് വിങ്ങിലെ ജോലിയും അവന് ചാർത്തി കൊടുത്തിരുന്നു. ഇന്ത്യയിലെ കിഴക്കൻ പ്രദേശങ്ങളൊഴികെ മറ്റു എല്ലാ സംസ്ഥാനങ്ങളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലും അവൻ ഓഡിറ്റ് നടത്തി. അതിൽ അവന്റെ തിരുവനന്തപുരം ഓഫീസും പെട്ടിരുന്നു.
രണ്ടായിരാമാണ്ടിൽ പൂനയിലെ ഓഡിറ്റ് കാലത്ത് അവനും കൂട്ടരും സിർദ്ധി സായ് ബാബ ദർശനത്തന് സമയത്താണ് അവന്റെ അമ്മയുടെ ഏക ആങ്ങള മരണപ്പെട്ട വിവരം അറിഞ്ഞത്. അതേ വർഷം ഡൽഹിയിലെ ഏട്ടത്തിയമ്മയും അന്തരിച്ചു. അമ്മയുടെ മൂത്ത സഹോദരിയും ഒരു ഇളയ സഹോദരിയും ഇതിനിടയിൽ ഇഹലോകവാസം വെടിഞ്ഞിരുന്നു. ഡൽഹിയിൽ ഓഫീസിലും സെക്രട്ടറിയേറ്റിലും അവന്റെ കർമ്മ മണ്ഡലങ്ങളായിരുന്നു.
അവൻറെ വീടിന് മുള്ള് വേലിയായിരുന്നത് മാറ്റി പാടത്തിൻ സൈഡ് മതിലും മറ്റു രണ്ടു സൈഡുകൾ ഇരുമ്പ് മുളള് വേലിയും തീർത്തു. നാട്ടിലുള്ള വേറൊരു സഹോദരിയുടെ ഭർത്താവ് മരണപ്പെട്ടു. അവരുടെ മകൻ പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ഡൽഹിയിൽ ഉള്ള മരുമകൻ വിവാഹിതനായി. അവർ നോയിഡയിൽ വന്നു താമസമായി. കുറച്ചു ദിവസം സഹോദരിയും അളിയനും ഡൽഹിയിൽ അവരുടെ കൂടെ ഉണ്ടായിരുന്നു.
അവൻറെ ജീവിതത്തിൽ മനുഷ്യ മനസ്സുകളുടെ വിസ്മയിപ്പിക്കുന്ന രുപ ഭാവ ഭേദങ്ങൾ ഇടപെടലുകളിലൂടെ പഠന വിധേയമാക്കാനുള്ള അവസരം കിട്ടിക്കൊണ്ടിരുന്നുവത്റെ. വളരെ വിചിത്രമായിട്ടാണ് അവന് തോന്നിയിട്ടുള്ളത്. അവന് ഒന്ന് മനസ്സിലായി വർഷങ്ങളോളമുള്ള ജനതിക കൈമാറ്റമാണ് ഇതിന് പുറകിലുള്ളത് എന്ന്. അതിന് അവൻ ഉദാഹരണമായി പറയുന്നത് ആൺപെൺ വിത്യാസമില്ലാതെ ആദ്യമായി അന്യോന്യം കണ്ട്മുട്ടുമ്പോൾ ചിലരുമായി കൂടുതൽ ഇടപെടലുകൾ നടത്തുന്നു വാൻ തോന്നും മറ്റു ചിലരെ ഒന്ന് മാറ്റി നിർത്തുവാനും. അത് കുടുബ ബന്ധങ്ങളിലുള്ളവരാണെങ്കിലും അല്ലാത്തവരാണെങ്കിലും. അതേപോലെ നിസ്വാർത്ഥമായതും ആത്മാർത്ഥമായതുമായ എല്ലാ ഇടപാടുകളും ഈ ഒരു ജനതിക ഏറ്റകുറച്ചിലുകളുടെ വ്യതിയാനത്തെ ആശ്രയിച്ചാണെന്നാണ്. ആരോഗ്യപരമായ കാര്യങ്ങളിലും ഇത് ബാധകമാണെന്നാണ് അവന്റെ അഭിപ്രായം.
അവൻറെ അഭിപ്രായത്തിൽ ശരീരത്തിന്റെ ആരോഗ്യ സംരക്ഷണം നാം കഴിക്കുന്ന ഭക്ഷണം, നാം ശ്രവിക്കുന്ന ശബ്ദ തരംഗം സൃഷ്ടിക്കുന്ന മസ്തിഷ്ക പ്രവർത്തനം , നാം കാണുന്നവയുടെ മാനസിക തീക്ഷ്ണത തൂടങ്ങി പത്ത് ഇന്ദ്രിയങ്ങളുടെ അമിതാവേശം എന്നിവയെ ആശയിച്ചിരിക്കും. അവൻ ഒന്നു കൂടി പറഞ്ഞു പൂർവ്വികരിൽ നിന്നും വന്നു ചേർന്ന ജീനുകളിലൂടെയുള്ള രോഗാണുക്കളെ ഉത്തേജിപ്പിക്കതിരിക്കാൻ ഭക്ഷണം, പാനിയങ്ങൾ എന്നിവ തിരഞ്ഞെടുക്കേണ്ടുന്നത് അത്യാവശ്യമാണ്. പ്രായം നാല്പതു കഴിഞ്ഞാൽ ഈ ഒരു നിയന്ത്രണാധിഷ്ടിതമായ ജീവിതം അത്യാവശ്യമാണ്.
അവൻ ഡൽഹിയിൽ പത്തു വർഷം സേവനം അനുഷ്ഠിച്ചു. അതിൽ മൂന്ന് നാല് സംസ്ഥാനങ്ങളിലുള്ള യൂനിറ്റുകളിൽ ആഡിറ്റർ ആയി പോകേണ്ടി വന്നിട്ടുണ്ട്. അവൻറെ കംപ്യൂട്ടർ ജ്ഞാനം ആ ഡിപാർട്ട്മെൻറിൻറെ ഓട്ടോമേഷൻ വെബ് സൈറ്റ് നിർമ്മാണത്തിന്റെ നോഡൽ ഓഫീസർ ആയി പ്രവർത്തിക്കാൻ സഹായിച്ചു. ആ ഡൽഹി ഓഫീസിലെ ജീവനക്കാർക്കും അവന്റെ മേലുദ്യോഗസ്ഥന്മാർക്കും കംപ്യൂട്ടർ പരിജ്ഞാനം നൽകുന്ന ജോലിയും അവൻ ചെയ്തു. അവന്റെ ഔദ്യോഗിക ജീവിതത്തിൽ അവന് ഏറ്റവും സന്തോഷം നൽകിയത് ഭാരതത്തിലെ ഉപ പ്രധാനമന്ത്രി അഡ്വാനിജിയുടെ കൃടെ ഒരു ഹൈ ടീ' പാർട്ടിയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നതത്രെ. 2004 ഫിബ്രവരി 2-5 ദിവസങ്ങളിൽ കേന്ദ്ര സർക്കാർ സങ്കടിപ്പിച്ച ഏഴാമത് പസിഫിക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേർസ് കോൺഫറൻസിൽ ഇന്ത്യോനേഷ്യൻ സഹകരണ മന്ത്രിയുടെ സഹായി ആയി ഡിപ്പാർട്ട്മെന്റ് അവനെ നിയോഗിച്ചു വത്രെ. ആ അവസരത്തിൽ അവന് അങ്ങിനെ ഒരു ഭാഗ്യാവസരം ലഭിച്ചു എന്ന് അവൻ അറിയിച്ചു.
ഇതിനിടയിൽ അവന്റെ തൊണ്ണൂറു വയസ്സിനടുത്ത അമ്മ രോഗ ബാധിതയായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം കിട്ടിയപ്പോൾ സ്വയം വിരമിക്കാൻ തീർച്ചപ്പെടുത്തി. സെക്രട്ടറിയോട് വിവരം പറഞ്ഞപ്പോൾ അവന്റെ സർവീസിനെ ബഹുമാനിച്ച് അവനെ ആ സമയത്തുള്ള തസ്തികയിൽ വീടിനടുത്തുള്ള യൂനിറ്റിലേക്ക് ട്രാൻസ്ഫർ കൊടുത്തു. ആ യൂനിറ്റ് അവന്റെ അദ്ധ്വാനത്തിൽ കേരളത്തിൽ രണ്ടാമത്തെ സഹകരണ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയി വളർന്നു വന്നതായിരുന്നു. ആഴ്ചയിൽ വീട്ടിൽ വന്ന് അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ ചെലുത്താൻ അവന് കഴിഞ്ഞിരുന്നു. രണ്ടു കൊല്ലം അവൻ ആ ഉദ്യോഗം തുടർന്നു. അന്നത്തെ ആ സ്ഥാപനത്തിന്റെ ഇൻ ചാർജ് ഹോസ്റ്റൽ കെട്ടിട നിർമ്മാണ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിന് അവൻ ഒരു തടസ്സമായി നിന്നു. അദ്ദേഹത്തിന്റെ ആവശ്യാനുസരണം പുതിയ സെക്രട്ടറി അവനെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ചു. അവൻ ഉടൻ തന്നെ ഈ മെയിലായും ഇന്ത്യൻ തപാൽ മൂഖേനയും അവന്റെ ജോലി വിരമിക്കൽ കത്ത് സെക്രട്ടറിക്ക് അയച്ചു കൊടുത്തു. കേന്ദ്ര സർക്കാർ സർവീസ് നിയമം അനുസരിച്ച് മൂന്ന് മാസം മുന്നെ ജോലി വിടുതൽ അപേക്ഷ നൽകണം. ജോലി വിട്ടു പോരുന്ന അവസാന മൂന്ന് മാസം അവൻ ഡൽഹിയിൽ മരുമകൻറെ അടുത്ത് തങ്ങി. അപ്പോഴേക്കും മരുമകൻ ഒരു പെൺകുട്ടിയുടെ അച്ഛൻ ആയി തീർന്നിരുന്നു. എല്ലാ സർവീസ് സാമ്പത്തിക ഇടപാടുകളും ആ ഓഫീസ് ജീവനക്കാർ പെട്ടെന്ന് തന്നെ അവന് ശരിയാക്കി കൊടുത്തു. തൊട്ടടുത്ത മാസം മുതൽ പെൻഷൻ കിട്ടാനുള്ള വ്യവസ്ഥകളും അവർ ആത്മാർത്ഥമായി അവന് ശരിയാക്കി കൊടുത്തു. അഞ്ചു കൊല്ലം ബാക്കി നിർത്തി അവൻ സർവീസിൽ നിന്നും വിരമിച്ചു നാട്ടിൽ വന്ന് അമ്മയുടെ ശുശ്രൂഷ ഏറ്റെടുത്തു.
തുടരും......