തുടരുന്നു
ഡൽഹിയിൽ നിന്നും സ്വയം വിരമിച്ചു നാട്ടിൽ എത്തിയ അവൻ ആദ്യമായി ചെയ്തത് റേഷൻ കാർഡിൽ സ്വന്തം പേരു ചേർക്കുക എന്നതായിരുന്നു. അതിന് ശേഷം ഒരു വോട്ടേർഴ്സ് ഐ . ഡി. ലഭിക്കുവാൻ വേണ്ട പ്രക്രിയ നടത്തി കാർഡ് സമ്പാദിച്ചു. ഈ രണ്ടും റിട്ടയർ ചെയ്യുന്നതുവരെ അവൻ എവിടെ നിന്നും ശരിയാക്കിയിരുന്നില്ല.
അവൻ്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു ആഗ്രഹം അമ്മയുടെ ജീവിച്ചിരിക്കുന്ന മക്കൾ വയസ്സ് കാലത്ത് ഒരു കുട കീഴിൽ എന്ന പോലെ അമ്മയുടെ കൂടെ കഴിയുക എന്നതായിരുന്നു. പതിനൊന്ന് മനസ്സുകളെ അതിലക്കാനയിക്കുക എന്നത് വളരെ കഠിനമായ പ്രവർത്തിയാണ് എന്നവനറിയാമായിരുന്നു. കാലം കൂട്ടു കൂടുംബ വ്യവസ്ഥിതി തകിടം മറിച്ചു അണു കുടുംബമായി നാമൊന്ന് നമുക്ക് ഒന്നോ രണ്ടോ എന്ന വ്യവസ്ഥയിലേക്ക് എത്തിയ ഈ ഘട്ടത്തിലാണ് ആ സങ്കല്പം എന്നത് അവനറിയാമായിരുന്നെങ്കിലും ശ്രമിക്കാൻ തന്നെ തീരുമാനിച്ചു.
ആദ്യമായി വീടിൻ്റെ
പൂമുഖത്തിന്റെ ഒന്നാം നില , മെയിൻ വീടിന്റെ രണ്ടാമത്തെ നില, ഊൺമുറി , അടുക്കള , എന്നിവയിലെ മരവും ഓടും മാറ്റി അലുമിനിയം മേൽകൂരയും ഷീറ്റുകളും ആക്കി മാറ്റി മഴ കാലത്തെ ചോർച്ചയിൽ നിന്നും ചിതൽ ആക്രമണത്തിൽ നിന്നും വീടിന് പൂർണ്ണ സംരക്ഷണം നൽകി. പൂമഖത്തിലെ ഒന്നാം നിലയിൽ കക്കൂസ് കുളിമുറി എന്നിവയും ഉണ്ടാക്കി. താഴേയും മുകളിലുമായി പതിനൊന്ന് പേർക്ക് ആറു മുറികളും രണ്ട് വരാന്തയും ഉണ്ടായിരുന്നു. ആ പഴയ തറവാടിന് നൂറിലധികം വർഷം പഴക്കമുണ്ട്.
പൂമുഖത്തിന്റെ ഒന്നാംനിലയിൽ ഒരു ബാൽക്കണിയും ശരിയാക്കി അവിടെ പൂന്തോട്ടം നിർമ്മിച്ചു. പൂമുഖത്തിന്റെ തട്ട് , കിടപ്പ് മുറികളുടെ തട്ടുകൾ എന്നിവ ഫാൾസ് സീലിംഗ് ചെയ്തു ഭംഗിയാക്കി.
ഇതിനിടയിൽ ഒരു സഹോദരനും സഹോദരിയും തൊട്ടടുത്ത് ഭൂമി വാങ്ങി വീട് വെച്ചു. അപ്പോഴേ അവൻ്റെ സങ്കല്പം വൃഥാവിലായി പോകുമോ എന്ന് സംശയം ഉടലെടുത്തു. അവൻ്റെ ഡൽഹിയിലെ മൂത്ത സഹോദരൻ തറവാട് വീടിനോടനുബന്ധിച്ച് ഒരു ആർ സി മുറി പണികഴിപ്പിച്ചു. പക്ഷെ അവിടെ കുറച്ചു കാലത്തേക്ക് മാത്രമേ താമസിക്കുക ഉണ്ടായുള്ളു. അദ്ദേഹം ഡൽഹിയിൽ മകൻ്റെ അടുത്തേക്ക് താമസം മാറ്റി. അവന് ഒന്ന് മനസ്സിലായി തറവാട് വീട്ടിൽ അമ്മയും അവനും രണ്ട് അനിയത്തിമാരും മാത്രമെ ഉണ്ടായിരിക്കു എന്ന്. അമ്മ മരിക്കുന്നത് വരെ അതാണ് സംഭവിച്ചതും.
ജോലി വിരമിച്ചു നാട്ടിലെത്തിയ അവന്റെ ശ്രദ്ധ പച്ചക്കറി കൃഷിയിലേക്കായി. മുത്ത സഹോദരൻ കെട്ടിയ മുറിയുടെ ടെറസ്സിലും മിറ്റത്തും തൊടിയിലും എല്ലാം ഭംഗിയായി ഏഴു കൊല്ലത്തോളം അവൻ കൃഷി നടത്തി. നല്ലൊരു പൂന്തോട്ടവും ഇതിന്റെ കൂടെ ഭംഗിയായി അവൻ ഉണ്ടാക്കിയിരുന്നു. അതിന് പുറമെ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ സൗജന്യമായി നേരിട്ട് ലഭിക്കുവാൻ വേണ്ടി രണ്ടു വലിയ ഡിഷുകളും രണ്ടു ചെറിയ ഡിഷുകളും അതിന് വേണ്ട റിസീവറും സാമഗ്രികൾ സങ്കടിപ്പിച്ച് കുറച്ച് സമയം ആ പ്രവർത്തിയിലും അവൻ ചിലവഴിച്ചു.
അവൻ്റെ പ്രധാന ദൗത്യം തൊണ്ണൂററി ഒന്ന് വയസ്സ് തികഞ്ഞ , പതിനാല് മക്കൾക്ക് സ്വന്തം ഗർഭപാത്രത്തിൽ അഭയം നൽകിയ, അമ്മയുടെ ബാക്കി ജീവിതം സന്തോഷപൂർണ്ണമാക്കി അവരെ ശുശ്രൂഷിക്കുക എന്നതായിരുന്നു. അത് നിറവേറ്റാൻ അവൻ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ആ തറവാട്ടിലേക്ക് അമ്മയെ കാണാൻ അമ്മയുടെ സഹോദരിമാരും ഏക സഹോദരനും അവരുടെ സന്താനങ്ങളും ഇടക്കിടെ വന്നിരുന്നത് അവർക്ക് സന്തോഷം നൽകിയിരുന്നു. സ്വന്തം മക്കളും പേരകുട്ടികളും പേരകുട്ടികളുടെ കുട്ടികളും ഇടക്കിടെ വന്നിരുന്നു.
പല മാനസിക അവസ്ഥയിലുള്ള മക്കൾ അമ്മയുടെ സന്തോഷത്തിന് ഹാനി വരുത്താതിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അവൻ തറവാട്ടിൽ സ്ഥിരമായി താമസം തുടങ്ങിയ ഉടനെ ഭർത്താക്കന്മാർ മരിച്ച മൂത്ത രണ്ടു സഹോദരിമാരെ മാസത്തിൽ പതിനഞ്ച് ദിവസം എന്ന നിലയിൽ തറവാട്ടിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു. പക്ഷെ അത് ആറുമാസം മാത്രമേ നിലനിന്നുള്ളു. എങ്കിലും അവർ ഇടക്കിടെ വന്നു നിൽക്കുമായിരുന്നു. തൊട്ടടുത്തു വീട് വെച്ച് താമസമാക്കിയ സഹോദരനും ഭാര്യയും സഹോദരിയും അളിയനും അമ്മ മരിക്കുന്നത് വരെ അവർ നാട്ടിലുള്ള സമയത്ത് ദിവസവും വൈകുന്നേരം കുറെ നേരം അമ്മയുടെ അടുത്ത് എത്തിയിരുന്നു.
അച്ഛന്റെ ഇളയ സഹോദരൻ അച്ഛൻ പെങ്ങളുടെ കുടുംബാംഗങ്ങൾ ഇവരും അമ്മയുടെ അടുത്ത് എത്തിയിരുന്നു. അദ്ദേഹം തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ദിവംഗതനായി.
അങ്ങിനെ അഞ്ചു കൊല്ലം അമ്മ വളരെ ആരോഗ്യവതിയായി സന്തോഷത്തോടു കൂടി തറവാട് വീട്ടിൽ കഴിഞ്ഞു. ഈ ഭൂമിയിൽ ജനിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും അവരവരുടെ ആയുർദൈർഖ്യമനുസരിച്ച് മരണപ്പടുകയും വേണമെന്നത് പ്രകൃതിയുടെ ഒരു പതിഭാസമായതിനാൽ ആ നിമിത്തം ഒരു ചെറിയ വീഴ്ചയിലൂടെ അമ്മയുടെ അടുത്തും എത്തി എന്ന സത്യം അവൻ മനസ്സിലാക്കി. അപ്പോൾ അമ്മ തൊണ്ണൂറ്റി ആറ് വയസ്സ് കഴിഞ്ഞ സമയമായിരുന്നു. ഒരു ദിവസം രാവിലെ അമ്മ കട്ടിലിൽ നിന്ന് എണീക്കുന്ന സമയത്ത് ആണ് വീഴ്ച സംഭവിച്ചത്. ആ സമയത്ത് അവൻ ഓട്ടോ റിക്ഷയിൽ അടുത്ത് ഒരു സ്ഥലത്തേക്കുള്ള യാത്രയിൽ ആയിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന സഹോദരി വിവരം ഉടനെ അവനെ അറിയിച്ചപ്പോൾ അവൻ ഓട്ടോയുമായി തിരിച്ചു വീട്ടിൽ എത്തി. അമ്മ കട്ടിലിൽ ചാരി ഇരിക്കുന്നുണ്ടായിരുന്നു. അവൻ ആദ്യം അറിയേണ്ടുന്നത് അമ്മയുടെ എല്ലുകൾക്ക് യാതൊരു ഫ്രാക്ചറും ഉണ്ടായിട്ടില്ലല്ലോ എന്നതായിരുന്നു. അവൻ അമ്മയുടെ അടുത്ത് ഇരുന്നു പതുക്കെ ചാരിയിരുന്ന സ്ഥിതിയിൽ നിന്നും പതുക്കെ നേരെ ഇരുത്തി. അമ്മ എനിക്ക് ഒന്നും ഇല്ല " എന്ന് പറഞ്ഞെങ്കിലും അവന് അത് സത്യമാണെന്ന് മനസ്സിലായി. പിന്നീട് അവൻ അമ്മയെ കട്ടിലിൽ ചാരി കിടത്തി തൊട്ടടുത്തുള്ള കൂടുംബ ഡോക്ടറും അമ്മയുടെ അനുജത്തിയുടെ ഭർത്താവിന്റെ മരുമകനുമായ സഹോദരനെ അതേ ഓട്ടോയിൽ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുന്ന വഴി അദ്ദേഹം അവനോട് വയസ്സ് കാലത്ത് ഫ്രാകച്ർ വന്നാലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി കൊടുത്തു. പക്ഷെ അമ്മയ്ക്ക് ഫ്രാക്ചർ ഒന്നും ഉണ്ടാവാൻ സാദ്ധ്യത ഇല്ല എന്ന് അവൻ പറഞ്ഞു. ഡോക്ടർ പരിശോധിച്ച് അത് സത്യമാണെന്ന് മനസ്സിലാക്കി. അമ്മയ്ക്ക് വീഴ്ചയിൽ ചന്തിക്കൊരു ചതവ് ഉണ്ടായിട്ടുണ്ടെന്നും അതിനുള്ള മരുന്ന് എഴുതി തരാം എന്നും അദ്ദേഹം പറഞ്ഞു. അവൻ അദ്ദേഹത്തിന്റെ കൂടെ ക്ളീനിക്കിൽ പോയി മരുന്ന് വീട്ടിൽ എത്തിച്ച് വിവരം അടുത്തുള്ള സഹോദരി സഹോദരന്മാരെ അറിയിച്ച് അതേ ഓട്ടോയിൽ അവന്റെ യാത്ര തുടർന്ന് ഉച്ചക്ക് തിരിച്ചു എത്തി.
അവൻ അമ്മക്ക് കട്ടിലിൽ ചാരി ഇരിന്ന് പത്രം വായിക്കാനുള്ള സൗകര്യം ഉണ്ടാക്കി. ദിവസവും മുടങ്ങാതെ പത്രം വായിക്കുന്ന ശീലം അമ്മക്കുണ്ടായിരുന്നു. അമ്മയുടെ കൂടെ ഉണ്ടായിരുന്ന വിവാഹം കഴിയാത്ത സഹോദരി അമ്മയുടെ ശുശ്രൂഷകൾ ചെയ്തിരുന്നു. വീഴ്ച കഴിഞ്ഞ് ആദ്യത്തെ പത്തു ദിവസം കുഴപ്പമില്ലാതെ ഭക്ഷണ, ദിനചര്യകൾ ഭംഗിയായി നടന്നു. ദിവസം കഴിയും തോറും ഭക്ഷണത്തിനോട് ഉണ്ടായിരുന്ന അഭിരുചി നഷ്ടപ്പെട്ട് വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.
കട്ടിലിൽ ചാരി ഇരിക്കുവാൻ ബുദ്ധിമുട്ട് വന്നപ്പോൾ മുതൽ കിടപ്പിലായി. രാത്രി ഉരുണ്ട് കട്ടിലിൽ നിന്നും താഴെ വീണാൽ കുഴപ്പം വരുമെന്ന് അറിയാവുന്ന അവൻ കട്ടിലിന്റെ ഉയരം കുറച്ച് കട്ടിലിതാഴെ മെത്ത വിരിച്ചിട്ടു. വീണാലും മെത്തയിലേക്ക് ആകട്ടെ എന്ന് കരുതി.
പക്ഷെ കർമ്മഫലം മനുഷ്യന് തടുക്കുവാൻ കഴിയില്ല എന്ന സത്യം അവനറിയാമായിരുന്നു. അമ്മ കിടക്കുന്ന പൂമുഖത്ത് രണ്ടു സഹോദരിമാർ കൂടി കിടന്നിരുന്നു. ഒരു രാത്രി അമ്മ കട്ടിലിൽ നിന്നും കീഴേ മെത്തയിലേക്ക് വീണു. രാത്രി അവൻ അമ്മയെ വീണ്ടും കട്ടിലിൽ തന്നെ കിടത്തി സഹോദരിമാർ കിടക്കുന്ന കട്ടിൽ അമ്മയുടെ കട്ടിലുമായി ചേർത്ത് ഇട്ടു. പിന്നീട് അവൻ അടുത്ത രാത്രി മുതൽ അമ്മയുടെ അടുത്ത് കിടപ്പ് ആരംഭിച്ചു.
ഇതിനിടയിൽ അവൻ അമ്മയുടെ മറ്റു എട്ടു മക്കളേയും വിവരങ്ങൾ ധരിപ്പിച്ചു. വാർദ്ധക്യസഹജമായ ക്ഷീണം അമ്മയുടെ പത്ത് ഇന്ദ്രിയങ്ങളെ ബാധിക്കുന്നത് അവൻ മനസ്സിലാക്കികൊണ്ടിരുന്നു. തൊട്ടടുത്ത് താമസം തുടങ്ങിയ സഹോദരനും സഹോദരിയും തറവാട്ടിൽ രാത്രി തങ്ങാൻ തുടങ്ങി. മംഗലാപുരത്തിനടുത്ത കൊപ്പയിൽ മകളുടെ ആയുർവേദ എം ഡി പഠനത്തിനായി താമസിക്കുന്ന സഹോദരിയും ഭർത്താവും തറവാട്ടിലെത്തി. ചെന്നയിലെ സഹോദരൻ അമ്മയുടെ ആരോഗ്യസ്ഥിതി ഫോണിലൂടെ അന്വേഷിച്ചപ്പോൾ അവൻ കൊടുത്ത മറുപ മരണത്തന് മുമ്പ് അമ്മയെ കാണാൻ ആഗ്രഹമുണ്ടെങ്കിൽ വന്നകാണാം . എന്നായിരുന്നു. അദ്ദേഹം ഒറ്റക്ക് വന്നു കണ്ട് പോയി. ഡൽഹിയിലെ മൂത്ത സഹോദരൻ മകനേയും കൂട്ടി രണ്ടു പ്രാവശ്യം വന്നു പോയി. അവൻ്റെ മരിച്ചു പോയ സഹോദരൻ്റെ ഭാര്യ തുടക്കത്തിൽ പത്ത് ദിവസം തറവാട്ടിൽ വന്നു നിന്നു. അവൻ്റെ മറ്റൊരു സഹോദരൻ റിട്ടയർ ചെയ്ത് ഭാര്യ വീട്ടിൽ എത്തിയേശഷം വന്നു കണ്ട് പോയി. അവനവരുടെ വരവോ പോക്കോ ഒന്നും ശ്രദ്ധിക്കാതെ അമ്മയുടെ ശുശ്രൂഷയിൽ മുഴുകി. അവൻ്റെ അമ്മ കൂടപിറപ്പുകളേയും മക്കളേയും മറ്റു ബന്ധുമിത്രാദികളേയും അവസാനമായി ദർശിച്ച് ആ വീഴ്ച മുതൽ ഇരുപത്തഞ്ചാം നാൾ രാത്രി പത്ത് മണിയുടെ ലിക്വിഡ് ഭക്ഷണം കഴിച്ച് അവന്റെ മടിയിൽ കിടന്നു ഉറങ്ങി. ആ ഉറക്കത്തിൽ നിന്നും അമ്മ പിന്നീട് ഉണർന്നില്ല.
അവൻ്റെ ആഗ്രഹം അമ്മയുടെ മരണം അവന്റെ മടിയിൽ വെച്ച് വേണമെന്നുള്ളത് ദൈവം സാധ്യമാക്കി കൊടുത്തു. അമ്മയുടെ അവസാന നാളുകളിൽ ലിക്വിഡ് ഭക്ഷണം ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു കൊടുത്തിരുന്നത്. അമ്മയ്ക്ക് യാതൊരുവിധ ഇൻഫക്ഷനും വരാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മയുടെ മരണസമയത്ത് ആൺ മക്കളിൽ അവനും പെൺ മക്കളിൽ അവസാന നാലു പേരും രണ്ടു അളിയന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത് താമസിക്കുന്ന സഹോദരനും ഭാര്യയും ആ ദിവസം അവരുടെ വീട്ടിൽ രാത്രി ഉറങ്ങാൻ പോയി. അന്ന് രാത്രി ചെന്നൈയിലെ സഹോദരനും കുടുംബവും തറവാട്ടിൽ വരാതെ അടുത്ത് താമസിക്കുന്ന സഹോദരൻ്റെ വീട്ടിൽ തങ്ങി. അവൻ്റെ മൂത്ത രണ്ടു സഹോദരിമാരും തൊട്ടടുത്ത മൂത്ത സഹോദരിയുടെ മരിച്ചു പോയ ഭർത്താവിന്റെ വീട്ടിലാണ് ആ ദിവസം രാത്രി ഉറങ്ങാൻ പോയത്. ഡൽഹിയിലെ സഹോദരൻ പിറ്റേന്ന് വൈകീട്ട് എത്തുമെന്നറിയച്ചതിനാൽ അമ്മയുടെ ദഹനം അദ്ദേഹം എത്തിയശേഷം മതിയെന്ന് അവൻ തീർച്ചപ്പെടുത്തി. ഭാര്യ വീട്ടിൽ താമസിക്കുന്ന സഹോദരനെ രാത്രി വിവരം അറിയിച്ചുവെങ്കിലും അവർ എത്തിയത് പിറ്റേന്ന്.
അവൻ്റെ എല്ലാ ശ്രദ്ധയും അമ്മയുടെ ശരീരം ഭംഗിയായി ദഹനം കഴിച്ചു അസ്തി പെറുക്കി പതിനാറാംനാൾ തിരുനെല്ലിയിൽ മരണാനന്തര കർമ്മങ്ങൾ നടത്തുക എന്നതായതിനാൽ മറ്റു മനുഷ്യരുടെ സമൂഹ ജിവിതത്തിനോടുള്ള സമീപനം വിശകലനം ചെയ്യാൻ അവൻ താല്പര്യം കാണിച്ചില്ല. പക്ഷെ ഒരാൾക്കും ഒരഭിപ്രായത്തിനും അവൻ അവസരവും നൽകിയില്ല. ത്രിശൂരിൽ വീട് വെച്ച അളിയനുമായി ആലോചിച്ചു അമ്മയുടെ ദഹനം അവിടെയുള്ള ഒരു ശ്മശാനത്തിൽ നടത്തുവാനും അതിലേക്ക് വേണ്ട സംരഭങ്ങൾ നടത്തുകയും ചെയ്തു.
പിറ്റേന്ന് വൈകീട്ട് മൂന്ന് മണിയോടെ ഡൽഹിയിലെ സഹോദരൻ എത്തി ചേർന്നയുടൻ തണുപ്പ് പെട്ടിയിൽ സൂക്ഷിച്ച അമ്മയുടെ ശരീരം ഒരു ആംബുലൻസിൽ ദഹനത്തിനായി അവൻ കൊണ്ട് പോയി. മൂത്ത രണ്ടു സഹോദരിമാർ ഒഴികെ മറ്റു ഒമ്പതു പേരും ആ വാഹനത്തെ അനുഗമിച്ചു. അമ്മയുടെ ഒരനുജത്തിയുടെ മകനും അനുഗമിച്ചു. നാട്ടിൽ ഉണ്ടായിരുന്ന അവന്റെ രണ്ടു മരുമക്കളും കൊപ്പയിൽ നിന്ന് വന്ന മരുമകളും കൂടെ ഉണ്ടായിരുന്നു. ദഹനം കഴിഞ്ഞയുടൻ എല്ലാ സഹോദരന്മാരും അന്നു തന്നെ സ്ഥലം വിട്ടു. പതിനഞ്ച് ദിവസം തൊട്ടടുത്ത് താമസിക്കുന്ന സഹോദരനും ഭാര്യയും ആറു സഹോദരമാരും അവന്റെ കൂടെ തറവാട്ടിൽ ഉണ്ടായിരുന്നു. മൂന്നാം നാൾ അവനും മുത്ത സഹോദരിയുടെ മകനും ചേർന്നു അസ്തി കൊണ്ട് വന്നു പ്ളാവിൻ ചുവട്ടിൽ കുഴിച്ചു വെച്ചു. പാലുള്ള മരത്തിൻ ചുവട്ടിൽ കുഴിച്ചു വെച്ച് കർമ്മങ്ങൾക്ക് പോകുന്നവസരത്തിൽ എടുക്കുക എന്നത് നാട്ടിലെ ഒരു വ്യവസ്ഥ ആയിരുന്നു.
പതിനാറാം നാളിൽ തിരുനെല്ലി യാത്രക്ക് ഒരു ബസ്സ് അവൻ ബുക്ക് ചെയ്തു. അമ്മയുടെ മക്കൾ പേരകുട്ടികൾ എല്ലാവരേയും അമ്മയെ സ്നേഹിക്കുന്നവരേയും അവൻ കർമ്മങ്ങൾക്കായി തിരുനെല്ലിയിലേക്ക് വരാൻ ആഗ്രഹം അറിയിച്ചു. ഇരുപത് പേർക്ക് താമസ സൗകര്യവും തിരുനെല്ലിയിൽ ഏർപ്പാടക്കി. തിരുനെല്ലിയിലെ ഒരു ബ്രാഹ്മണ പുരോഹിതനെ കർമ്മങ്ങൾ നടത്തി തരുവാൻ ഏർപ്പെടുത്തി. അവൻ്റെ നാട്ടിൽ നിന്നും ആറു മണിക്കൂറിലധികം യാത്ര വേണ്ടിയിരുന്നു തിരുനെല്ലിയിലേക്ക്. ആ യാത്രയും അമ്മയുടെ ആത്മാവിന് നേർന്ന കർമ്മങ്ങളും എല്ലാം അവന്റെ ആഗ്രഹങ്ങ്ൾക്കനുസരിച്ച് നടന്നു. പക്ഷെ ഇന്നും അവന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്ന ഒരു ചോദ്യം അമ്മയുടെ ജീവിച്ചിരിക്കുന്ന ആറ് ആൺമക്കളിൽ ഒരാൾ കർമ്മങ്ങളിൽ പങ്കെടുക്കാതെ മാറി നിന്നത് എന്തു കൊണ്ട് എന്നതാണ്. അദ്ദേഹം അച്ഛന്റെ മരണാനന്തര കർമ്മങ്ങളിൽ തറവാട് വീട്ടിൽ നടത്തിയ പതിനഞ്ച് ദിവസ കർമ്മങ്ങളിലും പതിനാറാംനാൾ തിരുന്നാവായയിലെ കർമ്മങ്ങളിലും പങ്കെടുത്ത ആളായിരുന്നു. എന്ത് കൊണ്ട് പത്ത് മാസം ചുമന്ന അമ്മയുടെ ശേഷക്രിയ ഒഴിവാക്കി എന്നത് ചോദ്യചിഹ്നമായി അവന്റെ മനസ്സിൽ കിടക്കുന്നു. അവനവന്റെ ഇഷ്ടം എന്ന് പറഞ്ഞു സമാധാനിക്കാം . പക്ഷേ..
തുടരും ..