Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 10

ഭാഗം 10

രാവിലെ ശിവൻ എണീറ്റു വരുമ്പോൾ അരുന്ധതിയുടെ കുളി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.. നോക്കുമ്പോൾ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ചേച്ചിയാണ് മുടി ഒക്കെ ഉണക്കി കൊടുക്കുന്നത്.. അവന്റെ നെറ്റി ചുളിഞ്ഞു.. 

\" കല്ലു എന്തിയെ? അവൾ വന്നില്ലേ ഇന്ന് അമ്മയെ കുളിപ്പിക്കാൻ? \"

ശിവൻ സംശയത്തോടെ ചോദിച്ചു.

\" അത് കൊള്ളാം.നീ അറിഞ്ഞില്ലേ അപ്പൊ?\"

\" എന്തറിഞ്ഞില്ലെന്നു? \"

\" അവൾക്കു ഇന്നലെ ആ മഴ കൊണ്ട് പനിയായി ശിവാ..  ഇന്നലെ കോളേജിൽ നിന്നും വരുന്ന റോഡിൽ വഴി വീണില്ലേ? നീയാണ് കൂട്ടിട്ടു വന്നതെന്ന് ശങ്കരേട്ടൻ പറഞ്ഞല്ലോ? \"

ശേ..പനി പിടിച്ചോ അവൾക്കു? 

\" ആം.. ഞാൻ ആണ് ഇന്നലെ വീട്ടിൽ കൊണ്ടാക്കിയത്.. അവൾ വിളിച്ചിട്ട്.. ഇന്നലെ അമ്മയോട് പറയാൻ വിട്ടു പോയതാ.. \"

ശിവൻ അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

\" അത്ര നനഞ്ഞതല്ലേ? അതാ പനിയായതു.. പാവം അത്ര വയ്യാത്ത കൊണ്ടാ.. ഇല്ലെങ്കിൽ ഇങ്ങോട്ട് വരാതെ ഇരിക്കില്ല.. \"

അരുന്ധതി വിഷമത്തോടെ പറഞ്ഞു. അത് കഴിഞ്ഞു ഉടനെ ശിവൻ അവന്റെ മുറിയിലേക്ക് പോവുകയും ചെയ്തു. ഡ്രസ്സ്‌ ചെയ്തു ഇറങ്ങി വന്നു കുറച്ചു എന്തൊക്കെയോ കഴിച്ചു. സ്റ്റേഷനിൽ പോകുന്ന വഴിക്കു കല്ലുവിനെ കണ്ടിട്ട് പോകാമെന്നു വിചാരിച്ചു.

\" കല്ലുവിന്റെ അടുത്ത് കയറുന്നുണ്ടേൽ ഞാനും വരുന്നു \"

നോക്കുമ്പോൾ അന്നയാണ്. ഇവൾക്ക് എങ്ങനെ മനസിലായി താൻ കല്ലുവിന്റെ അടുത്തേക്കാണ് എന്ന്..

\" കൂട്ടുകാരന്റെ അനിയത്തിക്ക് വയ്യെങ്കിൽ പിന്നെ കാണാൻ പോകണ്ടേ? \"

അവൾ ഒരു ചിരിയോടെ ചോദിച്ചു. അവളെ സംശയത്തോടെ ഒന്ന് നോക്കിട്ടു അവൻ ബുള്ളറ്റിന്റെ പിറകിൽ കയറി കൊള്ളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. അന്ന ചിരിച്ചു കൊണ്ട് അവന്റെ പിറകിൽ കയറി. 

\" ഈ കാപ്പി എങ്കിലും ഇച്ചിരി കുടിക്കു മോളെ..  ഒന്നും കഴിക്കാതെ ഇരുന്നാൽ എങ്ങനാ? \"

രാവിലെ ഒന്നും വേണ്ട വായ്ക്ക് രുചിയില്ല എന്ന് പറഞ്ഞു കിടക്കുന്ന കല്യാണിയെ ഇച്ചിരി കാപ്പി കുടിപ്പിക്കാൻ നോക്കുകയാണ് ശങ്കരനും വിഷ്ണുവും..

\" കല്ലു.. ഇത് കുടിച്ചേടി.. \"

വിഷ്ണുവും പറഞ്ഞു 

\" വേണ്ട.. എനിക്ക് വേണ്ട.. \"

അവൾ പിന്നെയും പറഞ്ഞു..

\" അതെന്താ നിനക്ക് വേണ്ടാത്തത്? ഒന്നാമതേ പനി.. ഇനി ഒന്നും കഴിക്കാതെയും കൂടി ഇരുന്നിട്ട് വേണം ബാക്കി കൂടി വരുത്തി വയ്ക്കാൻ.. അല്ലെങ്കിലേ മനുഷ്യന് നൂറു കൂട്ടം തലവേദന ആണ്.. വെറുതെ മനുഷ്യന് പണി ഉണ്ടാക്കി വയ്ക്കാതെ മര്യാദക്ക് ഇതങ്ങു കുടിക്കെടി..\"

മുറിയിലേക്ക് കയറി വന്നു വിഷ്ണുവിന്റെ കയ്യിൽ നിന്നു ഗ്ലാസ്‌ വാങ്ങി അവളുടെ നേരെ നീട്ടി കൊണ്ട് ശിവൻ പറഞ്ഞു. അവനെ ഒന്ന് നോക്കി പിന്നെ ഒന്നും മിണ്ടാതെ കല്ലു അത് വാങ്ങി കുടിക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ അന്നക്കും വിഷ്ണുവിനും ശങ്കരനും ചിരി വന്നു..

\" നീ വന്നത് നന്നായി ശിവാ.. നീ ഒരിത്തിരി നേരം കൂടി നില്ക്കു.. ഞാൻ ഇവളെ കൊണ്ട് ഇച്ചിരി കഞ്ഞി കൂടി കുടിപ്പിക്കട്ടെ.. നിന്നെ മാത്രേ ഇച്ചിരി പേടി ഉള്ളു.. ഞാനും വിഷ്ണുവും പറഞ്ഞാൽ കേൾക്കില്ല.. \"

ശങ്കരൻ പറഞ്ഞു..

\" ശങ്കരേട്ടൻ കഞ്ഞി എടുത്തിട്ട് വാ.. ഇവളെ ഞാൻ കുടിപ്പിക്കാം.. \"

ശങ്കരൻ കഞ്ഞി എടുത്തു കൊണ്ട് വന്നു. ശിവൻ കയ്യും കെട്ടി വാതിലിൽ ചാരി നിന്നു. ശങ്കരൻ ഓരോ സ്പൂൺ കൊടുക്കുമ്പോഴും ശിവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ അത് വാങ്ങി കുടിക്കും. അവൾക്കു വലിയ കുഴപ്പം ഒന്നുമില്ല എന്ന് കണ്ടപ്പോൾ അന്ന പതുക്കെ പുറത്തേക്കു നടന്നു. വിഷ്ണു ഉമ്മറത്ത് ഒരു കസേരയിൽ എന്തോ വലിയ ആലോചനയിൽ ആണ്.

\" എന്താണ് കാര്യമായ ആലോചനയിൽ ആണല്ലോ? \"

അന്ന ചോദിച്ചു.

\"ഏയ് ഒന്നുല്ല.. \"

\" ഇന്ന് പോകണ്ടേ? \"

\" ഈ ആഴ്ചത്തെ ഓഫ്‌ ഇന്നെടുത്തു. പകരം സഞ്ജുവിനെ വിട്ടു. \"

അവൻ പറഞ്ഞു.. കല്ലു ഭാഗ്യവതി ആണെന്ന് തോന്നി. അവൾക്കു ഒരു പനി വന്നപ്പോൾ വേവലാതി പെടുന്ന അച്ഛൻ, ഓഫ്‌ എടുത്തു വീട്ടിൽ ഇരിക്കുന്ന ഏട്ടൻ, ഭക്ഷണം കഴിപ്പിക്കാൻ വന്നു നിൽക്കുന്ന കാമുകൻ..കൊള്ളാം. പിന്നെ കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല..

\" അന്ന.. \"

വിഷ്ണു പതുക്കെ വിളിച്ചു..

\"എന്താ വിഷ്ണു? \"

അവൾ അവനെ നോക്കി.

\" തനിക്കു തിരിച്ചു പൊയ്ക്കൂടേ മുംബൈക്ക്..  തന്റെ ജീവൻ ആപത്തിൽ ആയാലും തിരിച്ചു പോകാൻ പറ്റാത്ത അത്രയും വലിയ പ്രശ്നം ആണോ തനിക്കു അവിടെ? \"

അവന്റെ പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവൾ ഒന്ന് പതറി.. തന്റെ ലൈഫിൽ പ്രശ്നങ്ങൾ ഉണ്ടെന്നു ഇവന് എങ്ങനെ അറിയാം? 

\" എന്താ വിഷ്ണു ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ ചോദിക്കാൻ? \"

\" ഒന്നുല്ല.. ഞാൻ വെറുതെ.. \"

അന്നയ്ക്ക് എന്തോ സംശയം തോന്നി..

\" എന്താ വിഷ്ണു.. കല്ലുവിന് ഇന്നലെ ശരിക്കും എന്താ പറ്റിയെ? \"

വീണ്ടും കുറച്ചു നേരം അവൻ ഒന്നും മിണ്ടിയില്ല. 

\" ഞങ്ങൾ രണ്ടു കുടുംബക്കാർക്കും നേരെ എന്തൊക്കെയോ നടക്കുന്നുണ്ട്.. പക്ഷെ അത് ആരാണെന്നോ എന്തിനാണെന്നോ പോലും ഞങ്ങൾക്ക് അറിയില്ല.. ആർക്കു എപ്പോൾ എന്ത് സംഭവിക്കും എന്ന് പേടിയാണ് ഇപ്പോൾ.. ഇതിനിടയിൽ ഒന്നും അറിയാത്ത താനും കൂടി.. പേടിയാണ് അന്ന.. \"

അവന്റെ മുഖത്ത് ആ വേദന അന്നയ്ക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു. തന്നെ പറ്റി അവനു ആശങ്ക ഉണ്ട്..

\" വിഷ്ണു.. അങ്ങനെ പേടിച്ചു പോകാൻ ആയിരുന്നെങ്കിൽ അന്ന് ഫോൺ വന്നപ്പോഴൊ, അല്ലെങ്കിൽ അന്ന് അമ്പലത്തിൽ വച്ചു പ്രശ്നം ഉണ്ടായപ്പോഴോ ഞാൻ പോയേനെ.. ഇതും എന്റെ ലൈഫിൽ ഉണ്ടായ പ്രശ്നങ്ങളും തമ്മിൽ ബന്ധമില്ല.. എന്നെ ഏല്പിച്ച ഒരു ജോലി, അത് ആരെയും പേടിച്ചു ഉപേക്ഷിച്ചു പോകാൻ ഞാൻ തയ്യാറല്ല..  ഞാൻ എന്റെ സ്വന്തം റിസ്കിൽ ആണ് ഇവിടെ നിൽക്കുന്നത്. പിന്നെ എനിക്ക് നിങ്ങളെ ഒക്കെ വിശ്വാസം ഉണ്ടെന്നും കൂട്ടിക്കോ.. ഒന്നുല്ലേലും പെട്ടെന്ന് എന്തേലും വന്നു പോയാൽ തൊട്ടടുത്തു തന്നെ ഒരു ഡോക്ടർ ഉണ്ടല്ലോ? \"

അവൾ ഒരു ചിരിയോടെ പറഞ്ഞു..

\" ഇത് തമാശ അല്ല അന്ന.. \"

\" അറിയാം.. ബട്ട്‌ റിയലി ഐ ഫീൽ സേഫ് ഹിയർ.. \"

വിഷ്ണു കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു. പിന്നെ ഒന്നും പറയണ്ടാന്നു തന്നെ വച്ചു. 

കല്യാണി കഞ്ഞിയും കുടിച്ചു മരുന്നും കഴിച്ചു എന്നുറപ്പാക്കിയാണ് ശിവൻ പോന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തു പോകുന്ന വഴിക്കു അന്നയെ സൈറ്റിൽ ഇറക്കാൻ വിഷ്ണു അവനോടു പറഞ്ഞു. ബുള്ളറ്റിന്റെ പിറകിൽ ഇരിക്കുമ്പോൾ ഇന്നലെ കല്യാണിക്ക് എന്താണ് പറ്റിയതെന്ന് ശിവനോട് ചോദിച്ചാലോ എന്ന് അന്ന ഓർത്തു. പിന്നെ വേണ്ടാന്നു വച്ചു. കലിപ്പൻ പറയാൻ സാധ്യത ഇല്ല. അസുഖം ഒക്കെ ഭേദം ആയി കഴിയുമ്പോൾ കല്ലുവിനോട് തന്നെ ചോദിക്കാം.. അവൾ പറയും..

രാവിലെ തന്റെ കാറിൽ കോളേജിലേക്കുള്ള യാത്രയിൽ ആയിരുന്നു സ്വാതി. ശിവനോടൊപ്പം അന്ന ബൈക്കിൽ പോകുന്നത് അപ്പോഴാണ് അവളുടെ കണ്ണിൽ പെട്ടത്. സ്വാതിക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അവൾ അവർ തന്നെയാണെന്ന് ഉറപ്പിക്കാൻ ഒന്നുടെ നോക്കി. ശിവേട്ടൻ തന്റെ ബുള്ളറ്റിൽ അങ്ങനെ ആരെയും കയറ്റാറില്ല. 
അവൾ തന്നെ ആകെ ഒന്നോ രണ്ടോ പ്രാവശ്യം ആണ് കയറിയിട്ടുള്ളത്.. അതും വഴക്കുണ്ടാക്കി  അരുന്ധതി അപ്പച്ചിയെ കൊണ്ട് റെക്കമെന്റ് ചെയ്യിച്ചിട്ടു.  ആകെ ആ ബുള്ളറ്റ് കൊടുക്കാറുള്ളത് ആ വിഷ്ണുവിന്  മാത്രമാണ്. അത് സ്വാതിക്കു ഇഷ്ടം അല്ല.. പക്ഷെ വിഷ്ണുവിനെ എന്തേലും പറഞ്ഞാൽ ശിവന്റെ സ്വഭാവം മാറുമെന്ന് സ്വാതിക്കു അറിയാം. പക്ഷെ ഇതിപ്പോൾ ഈ അന്ന? ശരിക്കും അവളെ സംരക്ഷിക്കാമെന്നു ശിവേട്ടൻ പറഞ്ഞതാണോ? അവളോട്‌ ശിവേട്ടന് വല്ല താല്പര്യവും ഉണ്ടാവുമോ? അവൾ ആണെങ്കിൽ മുംബൈയിൽ നിന്നൊക്കെ വന്ന നല്ല മോഡേൺ പെൺകുട്ടി. കാണാനും നല്ല ഭംഗി ഒക്കെ ഉണ്ട്. നാട്ടിലെ ഒരുപാട് ആൺപിള്ളേർ അവളെ വായി നോക്കുനുണ്ടെന്നു കേട്ടിരുന്നു. ഇനി ശിവേട്ടനും? എല്ലാവരോടും പറഞ്ഞിരിക്കുന്നത് തന്റെയും ശിവേട്ടന്റെയും കല്യാണം ഉറപ്പിച്ചിരിക്കുന്നതാണ് എന്നാണ്. ആ പേരും പറഞ്ഞു കോളേജിൽ ഒക്കെ വിലസിയിട്ടുണ്ട്. ഇനി ഇതെങ്ങാനും നടന്നില്ലെങ്കിൽ പിന്നെ നാണം കെട്ടത് തന്നെ.. അല്ലെങ്കിൽ തന്നെ ശിവേട്ടന്റെ അത്ര സ്വത്തും പണവും ഒന്നുമുള്ള ഒരാളും ഇല്ല ഈ തൃക്കുന്നപുഴയിൽ. തന്റെയും ശിവേട്ടന്റെയുണ്ട് കാര്യം മാമംഗലത്തു പറഞ്ഞു സമ്മതിപ്പിക്കാൻ കുറെയായി അച്ഛനോടും അമ്മയോടും പറയുന്നു. പക്ഷെ അവർ തന്റെ പഠിത്തം കഴിയട്ടെ എന്ന് പറഞ്ഞിരിക്കുകയാണ്. ഇത് വരെ വലിയ പ്രശ്നം ഇല്ലായിരുന്നു. ആകെ ആ കല്യാണി ഉണ്ടായിരുന്നുള്ളു.. അവളെ ആണെങ്കിൽ ശിവേട്ടന് ഇഷ്ടവും ഇല്ല.. എപ്പോൾ കണ്ടാലും ദേഷ്യപ്പെടുന്നത് കാണാം. ഇതിപ്പോ ഇങ്ങനെ വിട്ടാൽ പറ്റില്ല.. പഠിത്തം കഴിയാൻ ഒന്നും നോക്കിയിരിക്കാൻ പറ്റില്ല.. ഉടനെ തന്നെ അപ്പച്ചിയോടും മാമനോടും സംസാരിക്കാൻ അച്ഛനോട് പറയാം. അത് പോലെ ആ അന്നയെ എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്നു തന്നെ കെട്ടു കെട്ടിക്കണം. എന്നാലേ ഇനി തനിക്കു സമാധാനം കിട്ടൂ.. സ്വാതി മനസ്സിൽ വിചാരിച്ചു.

തലേ ദിവസം രാത്രി മുഴുവൻ ആലോചിച്ചു ശിവൻ കുറച്ചു തീരുമാനങ്ങൾ ഒക്കെ എടുത്തിരുന്നു. എറണാകുളം, കൊച്ചി ഒക്കെയുമായി തങ്ങൾ അറിയാത്ത എന്തോ ഒരു ബന്ധം ഈ സംഭവങ്ങൾക്ക് ഉണ്ട്. അതെന്താണെന്ന് കണ്ടവത്തിയാൽ ഒരു പക്ഷെ ഇതിന്റെ ചുരുൾ അഴിക്കാൻ സാധിച്ചേക്കും. കല്യാണിയുടെ നേരെ ഇന്നലെ ഉണ്ടായ ആക്രമണം അവൻ കേസ് ആക്കണ്ട എന്ന് തീരുമാനിച്ചിരുന്നു. അത്  തത്കാലം ഇങ്ങനെ നിൽക്കട്ടെ.. എറണാകുളത്തു തന്റെ കൂടെ പോലീസ് ട്രൈനിങ്ങിന് ഉണ്ടായിരുന്ന ഒരു സുഹൃത്ത്‌ ഉണ്ട്. വിക്ടർ. ബൈജുവിന്റെ കേസിന്റെ കാര്യത്തിന് പോവുകയാണെന്ന് പറഞ്ഞു ശിവൻ അവനെ കാണാൻ ഇറങ്ങി. അവനെ നേരിൽ ചെന്നു കണ്ടു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അന്നയേയും കല്യാണിയെയും ആക്രമിച്ചതിന്റെ പേരിൽ റിമാൻഡിൽ കഴിയുന്ന രണ്ടു പേരുടെയും ഫോട്ടോ അവനെ ഏല്പിച്ചു. ഇവരെ പറ്റി കിട്ടാവുന്ന details ഒക്കെ എടുത്തു തരണം എന്ന് പറഞ്ഞു. അത് പോലെ തേളിന്റെ പടത്തോടൊപ്പം എന്തോ ലെറ്റേഴ്സ് ഉള്ള ടാറ്റൂ..  അത് എറണാകുളം ഭാഗത്തുള്ള ഇതെന്കിലും കൊട്ടേഷൻ ഗാങ്ങിന്റെയോ മറ്റോ ആണോ എന്ന് കൂടി അന്വേഷിച്ചു പറയണം എന്ന് അവനെ ചട്ടം കെട്ടി. രണ്ടും വിവരം കിട്ടുന്ന പോലെ അവനെ അറിയിക്കാമെന്നു  വിക്ടർ പറഞ്ഞു. ശിവൻ അന്ന് രാത്രിയോടെ തന്നെ തൃക്കുന്നപുഴയിൽ തിരിച്ചെത്തി.

പിന്നീടുള്ള കുറച്ചു ദിവസങ്ങൾ യാതൊന്നും തന്നെ സംഭവിക്കാതെ കടന്നു പോയി. ശിവൻ തന്റെ അന്വേഷണങ്ങൾ തുടർന്നു കൊണ്ടിരുന്നു. എറണാകുളം രെജിസ്ട്രേഷൻ ജീപ്പ് പിന്നെ അവിടെ കണ്ടില്ല. അവൻ സ്ഥലം വിട്ടിട്ടുണ്ടാവും എന്ന് ശിവന് മനസിലായി. ഇപ്പോഴുള്ള സമാധാനം ഇനി വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നോടി ആവാം. അങ്ങനെ എങ്കിൽ അതിനു മുന്നേ ഇതിന്റെ പിന്നിൽ ഉള്ളവരെ കണ്ടെത്തണം. കല്യാണി പനിയൊക്കെ മാറി കോളേജിൽ പോകാൻ തുടങ്ങി.. അധികം ഒന്നും ഇല്ലെങ്കിലും അവൾക്കു ഒരു അപകടം വന്നപ്പോൾ ശിവൻ കാണിച്ച കരുതൽ അവളിൽ സന്തോഷം ഉണ്ടാക്കി.

 അങ്ങനെ ഒരു ദിവസം സൈറ്റിലെ മെറ്റീരിയൽസ് ഒക്കെ ചെക്ക് ചെയ്യുകയായിരുന്നു അന്ന.. പണിക്കാരെല്ലാം പോയിരുന്നു. ഡ്രൈവറോട് കുറച്ചു വൈകി വന്നാൽ മതിയെന്ന് രാവിലെ തന്നെ അവൾ പറഞ്ഞിരുന്നു. മെറ്റീരിയൽസിൽ കുറവ് ഉണ്ടോയെന്നു സംശയം തോന്നാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ആദ്യമൊക്കെ സംശയം തന്നെയെന്ന് വിചാരിച്ചു കണ്ടില്ലെന്നു വച്ചു. പക്ഷെ പിന്നെ പിന്നെ അത് വീണ്ടും വീണ്ടും തോന്നിയപ്പോൾ.. അവൾ മെറ്റീരിയൽസ് വച്ചിരിക്കുന്ന മുറിയിൽ കയറി നോക്കി.. എന്തായാലും കുറവുണ്ട്.. കഴിഞ്ഞ ദിവസമാണ് ഇവിടെ ലോഡ് കണക്കിന് സിമെന്റും കമ്പിയും ഒക്കെ ഇറക്കിയത്. ഈ മുറി ഏകദേശം നിറഞ്ഞിരുന്നു. ഇപ്പോൾ കുറെയധികം കുറവുണ്ട്. രണ്ടു ദിവസത്തെ പണിക്കു എത്ര മാത്രം സിമന്റ് ഉപയോഗിക്കും? സൈറ്റിൽ നല്ല മെറ്റീരിയൽസ് ഉപയോഗിക്കണം എന്ന് വിശ്വാനാഥൻ അങ്കിളിനു നിർബന്ധം ആണ്. അത് കൊണ്ട് നല്ല ക്വാളിറ്റി ഉള്ള സാധനങ്ങൾ ആണ് ഇവിടെ വർക്കിന്‌ ഉപയോഗിക്കുന്നത്. ഒരു കോൺട്രാക്ടർ എന്ന നിലയിൽ സാമൂവൽ ഇത് അറിയേണ്ടത് അല്ലേ? ഇനി അയാൾ ആയിരിക്കുമോ? പക്ഷെ അയാൾ വിശ്വനാഥൻ അങ്കിളിന്റെ വിശ്വസ്തൻ ആണ്. വെറും ഒരു സംശയത്തിന്റെ പേരിൽ ഒന്നും ആരോടും പറയാനും സാധിക്കില്ല. അതിനു തെളിവ് വേണം. ആദ്യം മെറ്റീരിയൽസ് രജിസ്റ്റർ കിട്ടണം.. അതിൽ നോക്കിയാൽ എത്ര ലോഡ് വന്നു എന്നറിയാം. പിന്നെ ഇവിടെ എടുക്കുന്നതും അറിയണം.. മെറ്റീരിയൽസ് രജിസ്റ്റർ സാമൂവലിന്റെ കയ്യിലാണ്.. അയാളാണ് ഇതൊക്കെ നോക്കുന്നത്.. അത് എങ്ങനെയെങ്കിലും കൈക്കലാക്കണം.. അടുത്ത തവണ ലോഡ് വരുന്നത് വരെ ക്ഷമിക്കാം. എന്തായാലും സംശയം തീർത്തിട്ട് തന്നെ കാര്യം.. അന്ന മനസ്സിൽ ഉറപ്പിച്ചു.

*************************************************

അങ്ങ് ദൂരെ കയ്യിൽ തേളിന്റെ ടാറ്റൂ ഉള്ള ആൾ ഫോണിൽ സംസാരിക്കുകയായിരുന്നു..

\" അവിടെ കുഴപ്പം ഒന്നുമില്ലലോ? ഇപ്പോൾ ഉള്ളയിടത്തു സേഫ് അല്ലേ?? \"

\" ഇത് വരെ കുഴപ്പം ഒന്നുമില്ല സാർ.. സംശയിക്കുന്നതായി ഒന്നുമില്ല.. \"

\" വെരി ഗുഡ്.. കുറച്ചു ദിവസം കൂടെ ഇങ്ങനെ പോകട്ടെ.. ആ ശിവന്റെ അനക്കം ഒന്നുമില്ല. പക്ഷെ അവൻ എന്തേലും ഇനി മനസ്സിൽ കണക്കു കൂട്ടിക്കൊണ്ടിരിക്കുകയാണോ എന്ന് പറയാൻ പറ്റില്ല. ഇനി ആരെ എപ്പോൾ എങ്ങനെ വേണം എന്ന് ഞാൻ പറയാം.. ഇത്തവണ അബദ്ധം പറ്റാൻ പാടില്ല.. രണ്ടു ചാൻസ് നഷ്ടപ്പെട്ടതാണ്.. \"

\" ഓക്കേ.. എങ്ങനെ വേണമെന്ന് സാർ പറഞ്ഞാൽ മതി.. \"

തുടരും...

(സൈറ്റിലെ വർക്ക്‌ എങ്ങനെയാ എന്നൊന്നും എനിക്കറിയില്ല കേട്ടോ.. എഴുതുന്നത് മണ്ടത്തരം ആണെങ്കിൽ ഭാവന ആണെന്ന് കരുതി ക്ഷമിക്കണം..) 

ഒരു നിയോഗം പോലെ - ഭാഗം 11

ഒരു നിയോഗം പോലെ - ഭാഗം 11

4.3
1370

ഭാഗം 11ദിവസങ്ങൾ പിന്നെയും കടന്നു പോയി. രണ്ടു കുടുംബക്കാരുടെയും അന്നയുടെയും നേർക്കു പിന്നീട് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.അത് ഒരു ആശ്വാസം ആയിരുന്നു.എന്നാലും ശിവൻ എപ്പോഴും ജാഗരൂകൻ ആയിരുന്നു. ശിവൻ വിക്ടർ നെ കാണാൻ പോയി ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവന്റെ കാൾ വന്നു.. ഒന്ന് കാണണം എന്ന് പറഞ്ഞു. അവനു എന്തേലും വിവരം കിട്ടിയിട്ടുണ്ടാവും എന്ന പ്രതീക്ഷയിൽ ശിവൻ അപ്പോൾ തന്നെ എറണാകുളത്തേക്ക് പുറപ്പെട്ടു.\" എന്താടാ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത്? ഞാൻ അന്വേഷിക്കാൻ പറഞ്ഞ കാര്യങ്ങളുടെ എന്തേലും വിവരം ഉണ്ടോ? \"അവർ ഒരുമിച്ചു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ശിവൻ ചോദിച