പുളി
രാവിലെ പല്ല് തേച്ചു കൊണ്ടു പറമ്പിലൂടെ നടക്കുന്നതിന്റെ സുഖം എത്ര മോർണിംഗ് വോക്കിങ് പോയാലും എനിക്ക് കിട്ടാറില്ല.
ഞാൻ നടന്നു നടന്നു പറമ്പിലെ വലിയ പുളിമരത്തിന്റെ അടുത്ത് എത്തി.
കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കുറവാണു കായിച്ചത് പുളി.
“കാന്താരിയുപ്പും പുളിയും
ചെറിയൊള്ളിയും ചേർത്തരച്ചിട്ട്
വെളിച്ചെണ്ണയതിൻ
നെഞ്ചേതൊഴിച്ചിളക്കി തൊട്ടു
കൂട്ടുകിൽ ഞൊട്ട പൊട്ടിച്ചേരി
വാറ്റി ഭൂതകാലത്തില്ലങ്ങിനെ
പിണങ്ങാതെ ചുറുചുറുക്കോടെ
പറക്കാൻ തോന്നുമേവനും…”
ആരോ കുറിച്ച വരികളാണിത്…. ഇടക്ക് എപ്പോഴോ ഞാനും എന്റെ മനസിൽ കുറിച്ചിട്ടു.
. വേനൽ അവധി ആകുമ്പോഴേക്കും പുളി മരത്തിന്റെ ഇലകൾ എല്ലാം
പൊഴിഞ്ഞു പുളിക്കുലകളായി നിൽക്കും.കാണാൻ നല്ല രസമാണ്….അവധികാലത്തെ ഏറ്റവും വലിയ പണിയാണ് പറമ്പിൽ വീണു കിടക്കുന്ന പുളികളെല്ലാം പെറുക്കി എടുത്ത് വെയിലത്തു ഉണക്കാൻ ഇടുകയെന്നത്.
കുനിഞ്ഞു നിന്നു പുളികളെല്ലാം പെറുക്കി എടുക്കുമ്പോൾ കാറ്റിൽ ചട പടന്ന് ദേഹത്തു വിഴുമായിരുന്നു..
ഒരാഴ്ച്ച വെയിലത്ത് ഇട്ടു ഉണക്കിയതിനു ശേഷം അതിന്റെ തോട് കളയും.
തോട് പൊളിച്ചു കളയുമ്പോൾ കാണാം ചെറിയ നാരുകൾ.
വായിൽ ഒരായിരം ഉമിനിർ മുകുളങ്ങൾ കടൽ തീർക്കുമ്പോൾ ഇടക്കൊക്കെ ഓരോ പുളി എടുത്തു പല്ലിന്റെ ഇടയിൽ വെച്ചു വലിക്കും. കൈയിൽ ചെറിയ നാരുകൾ മാത്രമായി അവശേഷിക്കും.
വായിൽ കിടന്നു പല്ലും പുളിങ്കുരുമായി ഒരു മത്സരം തന്നെ നടത്തി.. തോൽവി ഏറ്റു വാങ്ങി കൊണ്ടു പുളിങ്കുരു പുറത്തേക്ക് ചാടും.
തോട് കളഞ്ഞ പുളിയെ പിന്നെയും പായയിൽ കിടത്തി മൂന്നു നാലു ദിവസം ഉണക്കും…. ഉണങ്ങി ബലം വെച്ച പുളിയെ എടുത്തു അതിന്റെ വയറു കത്തി കൊണ്ടു തുറന്നു പുളിങ്കുരുവിനെ എടുത്തു മാറ്റി.ഭരണിയിൽ ഉപ്പു കല്ല് വാരി വിതറി ചെറിയ ഉരുളകളാക്കി വെക്കും. അവസാനം കൈയിൽ പറ്റി പിടിച്ചു ഇരിക്കുന്ന ഉപ്പും പുളിയും വായിൽ ഇട്ടു നുണയും.
( രണ്ടു ദിവസം വയറിളക്കം പിടിച്ചു
ഹോസ്പിറ്റലിൽ കിടന്നത് ഓർമ്മയുണ്ട്..)
ആറു വർഷം മുൻപൊരു മഴക്കാലത്തു കാറ്റിൽ പുളി മരത്തിന്റെ കൊമ്പുകൾ എല്ലാം പൊട്ടി വീണു.. പിന്നെ തളിർത്തു ഉണ്ടായതാണ്…..
ഞാൻ ഒരുപാട് നാളുകൾക്കു ശേഷമാണ് പുളി മരതിന്റെ അടുത്തേക്ക് വരുന്നത്…പണ്ടു
ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ ക്രിസ്മസ് അവധി കഴിഞ്ഞു വരുന്ന എല്ലാ കൂട്ടുകാരികളുടെയും ബാഗിൽ പഴുത്തതും പച്ചയും ആയ പുളിക്കൾ ഉണ്ടാവും. ഇന്റർവെൽ സമയത്തോ ഉച്ചക്കോ എല്ലാവർക്കും ഓരോ കഷ്ണം പൊട്ടിച്ചു കൊടുത്തു കഴിക്കും.
എന്നിട്ട് തുപ്പി കളയുന്ന പുളിങ്കുരു എല്ലാം എടുത്തു കഴുക്കി എണ്ണം വെട്ടി കളിക്കും…(ഞങ്ങളുടെ തീറ്റ കണ്ടു വായിൽ വെള്ളം ഊറി നോക്കി നിൽക്കുന്ന ആൺകുട്ടികൾക്കും കൊടുക്കും.)
പഠനത്തിന് അപ്പുറം ക്ലാസ്സ് മുറികളിൽ സന്തോഷത്തോടെ പങ്കു വെച്ചിരുന്ന ഒന്ന്.കൗമാരത്തിൽ ഇഷ്ടപ്പെട്ടു നുണഞ്ഞ ഒന്നായിരുന്നു…ഇന്നിപ്പോ കണ്ടാൽ പോലും ഒന്ന് എടുത്തു നുണയാൻ തോന്നാറില്ല…
അവധിക്കാലത്തു ചേച്ചിമാരൊക്കെ വീട്ടിൽ കൂടാൻ വരുമ്പോ മത്സരിച്ചു പുളി പെറുക്കി കൂട്ടുമായിരുന്നു…
ഇപ്പൊ വീടിന് അടുത്തുള്ള കുട്ടികൾ മത്സരിച്ചു പെറുക്കി കൂട്ടുകയാണ്…
കാലങ്ങൾക്ക് എന്ത് വേഗതയാണ്.. പിറകിലോട്ട് നോക്കുമ്പോ പിന്നിട്ട വഴികൾ എത്ര വേഗമാണ് കാലം മായിച്ചു കളഞ്ഞത്..
ഒപ്പം എല്ലാത്തിനും സാക്ഷിയായി ഞാനും...