Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 18

ഭാഗം 18

തന്റെ സ്റ്റഡി ടേബിളിൽ ബുക്കും തുറന്നു വച്ചു കല്ലു ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. പക്ഷെ ഇത് വരെ ഒരക്ഷരം പോലും മര്യാദക്ക് വായിക്കാൻ അവളെ കൊണ്ട് കഴിഞ്ഞിട്ടില്ല. മനസ്സ് ഇപ്പോഴും രാവിലെ നടന്ന സംഭവങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നു തോന്നി. ശിവേട്ടന് തന്നെ ഇഷ്ടമാണ്.. ശിവേട്ടന്റെയും തന്റെയും കല്യാണം നടക്കാൻ പോകുന്നു.. മനസ്സിലെ സന്തോഷത്തിനു അതിരുകൾ വയ്ക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അന്ന അവളെ കുറച്ചു നേരം മുൻപേ വിളിച്ചതെ ഉള്ളു.. ശിവേട്ടന്റെ പേര് പറഞ്ഞു കുറച്ചു നേരം കളിയാക്കിയാണ് അവൾ ഫോൺ വച്ചതു. പക്ഷെ അച്ഛൻ വൈകിട്ട് വീട്ടിലെത്തിയിട്ടും ഇത് വരെ ഇതിനെ കുറിച്ച് തന്നോടൊന്നും ചോദിക്കാത്തത് അവളിൽ ആശങ്ക ഉണ്ടാക്കി. ഇനി വിശ്വച്ഛൻ അച്ഛനോട് ഇതിനെ പറ്റി സംസാരിച്ചു കാണില്ലേ? ഇന്ന് തന്നെ സംസാരിക്കണം എന്നാണല്ലോ അരുന്ധതി അമ്മ പറഞ്ഞത്? അങ്ങോട്ട്‌ കയറി ചോദിക്കാനും പറ്റില്ല.. കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണു വന്നു. വിഷ്ണുവേട്ടനോട് എന്തായാലും ശിവേട്ടൻ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവും? തന്റെ ഉറ്റ സുഹൃത്തും അനിയത്തിയും.. എന്താവും ഏട്ടന് തോന്നിയിട്ടുണ്ടാവുക.. എന്തായാലും അങ്ങോട്ടു പോയി നോക്കാം ബുക്ക്‌ മടക്കി വച്ചു അവൾ ഹാളിലേക്ക് ചെന്നു. വിഷ്ണു അവളെ ഒന്ന് നോക്കി. പക്ഷെ അപ്പോൾ അവന്റെ കണ്ണുകളിലെ ഭാവം വായിച്ചെടുക്കാൻ കല്ലുവിന് സാധിക്കുന്നുണ്ടായിരുന്നില്ല. അവൾക്കു എന്തോ സംശയം തോന്നി. അവൻ കുളിച്ചു വന്നപ്പോഴേക്കും കല്ലു എല്ലാവർക്കും ചോറ് വിളമ്പി.. കഴിക്കാൻ ഇരുന്നപ്പോൾ ശങ്കരൻ തന്നെ ഈ വിഷയം എടുത്തിട്ടു..

\" വിഷ്ണു.. നിന്നെ ശിവൻ വിളിച്ചിരുന്നോ? അവന്റെയും കല്ലുവിന്റെയും കാര്യം പറയാൻ? \"

കല്ലു പതിയെ ചോറിലേക്ക് മാത്രം നോക്കി തല കുനിച്ചു ഇരുന്നു അവരുടെ സംസാരത്തിനു കാതോർത്തു. 

\" ആ വിളിച്ചിരുന്നു.. അവൻ കാര്യങ്ങൾ ഓക്കെ പറഞ്ഞു.. \"

\" എന്നിട്ട് എന്താ നിന്റെ അഭിപ്രായം? \" 

\" എന്റെ അഭിപ്രായം അല്ലല്ലോ അച്ഛാ ചോദിക്കേണ്ടത്.. ഇവളുടെ അല്ലേ? \"

\" അവളുടെ അഭിപ്രായം ആരു ചോദിച്ചുന്നാണ് പറഞ്ഞത്.. അവൾക്കു ഇഷ്ടം ആണത്രേ.. \"

\" അപ്പോൾ പിന്നെ എന്താ. എനിക്ക് എതിര് ഒന്നുമില്ല.. വിശ്വച്ഛൻ എന്താ പറയുന്നേ? \"

വിഷ്ണു ചോദിച്ചു..

\" അവർക്കു വച്ചു താമസിപ്പിക്കണ്ട എന്നാണ്.. കല്ലുന്റെ എക്സാം കഴിഞ്ഞാൽ ഉടനെ നടത്താം എന്ന്.. ആരുവിനു ഭയങ്കര ഉത്സാഹം ആണ്.  \"

\" എന്നാൽ പിന്നെ അങ്ങനെ തന്നെ ആവട്ടെ.. \"

വിഷ്ണു അത്ര മാത്രം പറഞ്ഞു.. കല്യാണിക്ക് അത്ഭുദം തോന്നി. ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും തന്നേ കളിയാക്കുന്നവനാണ്. എല്ലാം അറിഞ്ഞു കഴിയുമ്പോൾ അന്നയെ പോലെ ശിവേട്ടന്റെ പേരും പറഞ്ഞു നിർത്താതെ കളിയാക്കും എന്നാണ് കരുതിയിരുന്നത്. ഇതിപ്പോ.. ഒരു താല്പര്യം ഇല്ലാത്ത പോലെ. അവനു ഈ വിവാഹത്തിന് ഒരു വേള സമ്മതം ഇല്ലെയെന്നു പോലും കല്ലുവിന് തോന്നി..ശങ്കരനും അവനെ തന്നെ നോക്കുകയായിരുന്നു. 

\" എന്താ മോനെ? എന്തേലും പ്രശ്നം ഉണ്ടോ? നിനക്കെന്താ ഒരു വല്ലായ്മ പോലെ? \"

അയാളുടെ ചോദ്യത്തിൽ നിന്നു അവൾക്കു തോന്നിയത് തന്നെ ശങ്കരനും തോന്നി എന്ന് കല്ലുവിന് മനസിലായി..

\" ഏയ്.. ഒന്നുല്ല അച്ഛാ.. പെട്ടെന്ന് ഇവളുടെ കല്യാണം എന്നൊക്കെ പറഞ്ഞപ്പോൾ.  ഈയിടെ ഇവളൊരു കൊച്ചു കുട്ടി ആയിരുന്നില്ലേ? \"

തന്റെ മനസ്സിലെ ടെൻഷൻ മറക്കാൻ പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു കള്ളം വിഷ്ണു പറഞ്ഞു.. അത് ശങ്കരനും വിശ്വാസം ആയി എന്ന് തോനുന്നു..

\" ശരിയാണ് നീ പറഞ്ഞത്.. ഇവളെ ആദ്യമായി കയ്യിൽ വാങ്ങിയത് ഇന്നലെ കഴിഞ്ഞത് പോലെ.. \"

ശങ്കരൻ പറഞ്ഞു.. വിഷ്ണുവിന് ഒരു ബുദ്ധി തോന്നി. താൻ അച്ഛനോട് ചോദിക്കാൻ വിചാരിച്ചിരുന്ന കാര്യം ചോദിക്കാൻ ഇതാണ് പറ്റിയ സമയം എന്ന് അവനു തോന്നി.. ഇപ്പോൾ ചോദിച്ചാൽ കല്ലുവിന്റെ പഴയ കാര്യങ്ങൾ ചോദിക്കുന്നത് പോലെയേ അച്ഛന് തോന്നൂ.. സംശയം ഉണ്ടാവില്ല..

\" അമ്മ പ്രെഗ്നന്റ് ആയിരുന്നത് ഞാൻ ഓർക്കുന്നുണ്ട്.. പക്ഷെ ഇവളെ ആദ്യമായി കണ്ടതൊന്നും എനിക്ക് ഓർമയില്ല.. ഞാൻ കൂടെ ഉണ്ടായിരുന്നില്ലേ ഹോസ്പിറ്റലിൽ അപ്പോൾ? \"

\" ഇല്ലല്ലോ.. നിന്നെ ഇവിടെ അരുന്ധതിയുടെ അടുത്ത് ആക്കിയിട്ടല്ലേ ഞാനും അമ്മുമ്മയും കൂടെ സീതയെയും കൊണ്ട് ഹോസ്പിറ്റലിൽ പോയത്.. \"

അമ്മ പ്രെഗ്നന്റ് ആയ സമയത്തു അമ്മൂമ്മ സഹായത്തിനു വന്നു നിന്നിരുന്നത് അപ്പോൾ അവനു ചെറുതായി ഓർമ വന്നു.

\" ഓ.. എനിക്കതൊന്നും നല്ല ഓർമ ഇല്ല.. \"

പിന്നെ എന്ത് പറയണം എന്നറിയാതെ വിഷ്ണു പറഞ്ഞു. 

\" ഹോ.. ആ ദിവസം.. ഇപ്പോഴും ആ ദിവസത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ ഒരു വിറയലാണ്.. \"

ശങ്കരൻ പറഞ്ഞു.

\" അതെന്താ അച്ഛാ? അന്ന് എന്താ പറ്റിയത്? \"

വിഷ്ണു പെട്ടെന്ന് ചോദിച്ചു..

\" നിനക്ക് ഓർമയില്ലേ മോനെ അമ്മ തെന്നി വീണതും വയ്യാതെ ആയതും ഒന്നും. . \"

വിഷ്ണുവിനു എന്തൊക്കെയോ ഓർമ വരുന്നുണ്ടായിരുന്നു. ശരിയാണ്.. വീണു കിടക്കുന്ന അമ്മ.. ചോര.  അച്ഛന്റെ ടെൻഷൻ പിടിച്ചുള്ള ഓട്ടം.  അമ്മുമ്മയുടെ കരച്ചിൽ..പിന്നെ ഒരു വണ്ടി വന്നു.  അപ്പോഴേക്കും അരുന്ധതി അമ്മ വന്നു തന്നെ കൂട്ടി കൊണ്ട് പോയി. ആ കൊച്ചു പ്രായത്തിൽ അതൊന്നും എന്താണെന്ന് മനസിലാക്കാൻ പറ്റിയിട്ടില്ല.. ശിവന്റെ കൂടെ ഒരു രാത്രി മുഴുവൻ കളിക്കാം എന്നതായിരുന്നു അന്നത്തെ ചിന്ത..

\" ഞാൻ ശരിക്കും ഓർക്കുന്നില്ല.  എന്തൊക്കെയോ ചെറിയ ഓർമ മാത്രം.  ശരിക്കും അന്നെന്താ ഉണ്ടായതു? \"

അവൻ ചോദിച്ചു..

\" തലേന്ന് കൂടി ഞങ്ങൾ എലിസബത്ത് ഡോക്ടറുടെ അടുത്ത് ചെക്ക് അപ്പിന് പോയിരുന്നു. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഡേറ്റിനു ഇനിയും രണ്ടാഴ്ച ബാക്കിയും ഉണ്ടായിരുന്നു. ജൂൺ മാസമല്ലേ? അന്ന് നല്ല മഴ ഉണ്ടായിരുന്നു. സീത എന്തിനോ വേണ്ടി മുറ്റത്തേക്കിറങ്ങിയതാ.  വഴുതി വീണു. വയറു ഇടിച്ചാണ് വീണത്. ബ്ലീഡിങ്ങും തുടങ്ങി.  അതും രാത്രിയിൽ\"

പൂർണ ഗർഭിണി വയറിടിച്ചു വീഴുക. ബ്ലീഡിങ് ആവുക.. അതൊന്നും നല്ല ലക്ഷണം അല്ലയെന്നു വിഷ്ണുവിന് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അപ്പോഴേക്കും അവർ പറയുന്നത് കല്ലുവും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

\" എന്നിട്ട്? \"

വിഷ്ണു ചോദിച്ചു..

\" വിശ്വൻ അന്ന് ജീപ്പുമായി അത്യാവശ്യമായി എവിടെയോ പോകുകയും ചെയ്തിരുന്നു. പിന്നെ ആരെയോ വിളിച്ചു വണ്ടി ഏർപ്പാടാക്കി ഞങ്ങൾ നേരെ സിറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവിടെയെത്തിയപ്പോഴേക്കും കുറെ ബ്ലഡ്‌ പോയിരുന്നു. കുഞ്ഞിനെ കിട്ടുന്ന കാര്യം സംശയം ആണെന്ന് തന്നെ ഡോക്ടർ പറഞ്ഞു. സീതയെ എങ്ങനെയും രക്ഷിക്കാൻ നോക്കാം എന്ന് പറഞ്ഞു. ഞാൻ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി പോയി. സീതയെ അവർ ഓപ്പറേഷന് കേറ്റിയിരുന്നു. എന്ത് സംഭവിക്കും എന്നറിയാതെ കുറെ നേരം ഞാനും അമ്മുമ്മയും അവിടെ ഇരുന്നു. അതിനിടക്ക് എപ്പോഴോ കാര്യങ്ങൾ അറിഞ്ഞു വിശ്വൻ അങ്ങോട്ട്‌ വന്നു. അവൻ വന്നു കഴിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി. പക്ഷെ തൃക്കുന്നപുഴ തേവരു കാത്തു. സീതയ്ക്കും കുഞ്ഞിനും കുഴപ്പം ഒന്നും ഉണ്ടായില്ല.. രണ്ടു പേരെയും ആരോഗ്യത്തോടെ നമുക്ക് തിരിച്ചു കിട്ടി.  അത് കഴിഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.. \"

ശങ്കരൻ പറഞ്ഞു. കല്യാണി ഒരു പുതിയ കഥ കേൾക്കുന്നത് പോലെ അത് കേട്ടിരുന്നു.  വിഷ്ണുവിന് പിന്നെയും എന്തൊക്കെയോ സംശയങ്ങൾ ബാക്കി നിന്നു. പക്ഷെ ഇപ്പോൾ എന്താ ചോദിക്കുക.. 

\" കേട്ടോ വിഷ്ണു.. ഇവൾ ആൺകുട്ടി ആണെന്ന ഞങ്ങൾ എല്ലാം വിചാരിച്ചിരുന്നത്. \"

ശങ്കരൻ പെട്ടെന്ന് പറഞ്ഞു.. 

\" അതെന്താ അച്ഛാ? \"

\" നീ സീതയുടെ വയറ്റിൽ ആയിരുന്നപ്പോൾ അമ്മുമ്മ പറയുമായിരുന്നു ആൺകുട്ടി ആണെന്ന്. അതുപോലെ നീ ആൺകുട്ടി ആയി. സീത രണ്ടാമതും ഗർഭിണി ആയി വയറൊക്കെ ആയപ്പോൾ ഇതും ആൺകുട്ടി ആണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞു കൊണ്ടിരുന്നത്.  പക്ഷെ പറഞ്ഞിട്ടെന്താ.. നമുക്ക് കിട്ടിയത് ഇതുപോലൊരു തൊട്ടാവാടി പെണ്ണിനെ ആണ്.. \"

ശങ്കരൻ ചിരിയോടെ പറഞ്ഞു. കല്യാണി അയാളെ നോക്കി മുഖം കൂർപ്പിച്ചു..  വിഷ്ണുവും ചിരിക്കാൻ ശ്രമിച്ചു.. അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ ആയിരുന്നു. ഇനി ഒരു കാര്യം കൂടി അറിയണം..

\" അച്ഛാ.. എലിസബത് ഡോക്ടർ ആയിരുന്നോ അന്ന് അമ്മയുടെ ഒപ്പറേഷന്റെ സമയത്തും? \"

വിഷ്ണു ചോദിച്ചു.. 

\" അല്ല.. നമ്മൾ പെട്ടെന്ന് ഓടി ചെന്നതല്ലേ രാത്രിയിൽ.. എലിസബത് ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞു പോയിട്ടുണ്ടായിരുന്നു. പക്ഷെ ഭാഗ്യം കൊണ്ട് അവിടെ അന്ന് രാത്രി ജഗൻ ഡോക്ടർ ഉണ്ടായിരുന്നു. ഡോക്ടർ അത്യാവശ്യമായി ഒരു കേസ് അറ്റൻഡ് ചെയ്യാൻ വന്നതായിരുന്നു. അത് കഴിഞ്ഞു തിരികെ പോകാൻ നിൽക്കുമ്പോഴാണ് ഞങ്ങളെ കണ്ടത്. സീതയെ പെട്ടെന്ന് അങ്ങനെ ഒരു അവസ്ഥയിൽ കൊണ്ട് ചെന്നപ്പോൾ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത് കൊണ്ട് ജഗൻ ആണ് അന്ന് അമ്മയുടെ ഓപ്പറേഷൻ നടത്തിയത്. \"

\" ഓ.. \"

എലിസബത്ത് ഡോക്ടറെയും ജഗൻ ഡോക്ടറേയും വിഷ്ണുവിന് അറിയാം. രണ്ടു പേരും സിറ്റി ഹോസ്പിറ്റലിലെ സീനിയർ ഗൈനകോളജിസ്റ്റുകൾ ആണ്..  പക്ഷെ ജഗൻ ഡോക്ടറെ കുറച്ചു കൂടി നന്നായി അറിയാം. ഡോക്ടർ വിശ്വച്ഛന്റെ സുഹൃത്താണ്. താൻ ക്ലിനിക് തുടങ്ങിയപ്പോൾ ഓക്കെ ഒരുപാട് സഹായം ജഗൻ ഡോക്ടർ ചെയ്തിട്ടും ഉണ്ട്. ജഗൻ ഡോക്ടറോട് കാര്യങ്ങൾ നേരിട്ട് ചോദിച്ചാലോ?

\" എന്താടാ ആലോചിക്കുന്നത്? \"

വിഷ്ണുവിന്റെ ആലോചന കണ്ടു ശങ്കരൻ ചോദിച്ചു.

\" ഏയ്..ഒന്നുമില്ല.. അച്ഛൻ പറഞ്ഞതൊക്കെ ഇങ്ങനെ..\"

അവൻ പെട്ടെന്ന് പറഞ്ഞു..

\" ആ.. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ? ഇനി ഓർത്തിട്ടെന്തിനാ? തത്കാലം ആലോചന നിർത്തി പോയി കിടന്നുറങ്ങാൻ നോക്ക്... നാളെ പോകണ്ടേ രാവിലെ ജോലിക്ക്? \"

വിഷ്ണു കൈ കഴുകാൻ വേണ്ടി എണീറ്റു. കല്ലു അവന്റെ പ്ലേറ്റിലേക്ക് നോക്കി.. വിളമ്പിയ ചോറ് അത് പോലെ ബാക്കി ഉണ്ട്. കിടക്കാൻ തുടങ്ങുമ്പോൾ കല്ലു മുറിയിലേക്ക് വന്നു.

\" ഏട്ടനെന്താ പറ്റിയത്? എന്തേലും കുഴപ്പം ഉണ്ടോ? വല്ലാതെ മൂഡ് ഔട്ട്‌ ആണല്ലോ? എന്റെയും ശിവേട്ടന്റെയും കാര്യം ഏട്ടന് ഇഷ്ടമല്ലേ? \"

 അവൾ പ്രത്യേകിച്ച് മുഖവുര ഒന്നുമില്ലാതെ തന്നെ ചോദിച്ചു..

\" നീയെന്തൊക്കെയാ ഈ പറയുന്നത്.. നിന്നെ ശിവന് കൊടുക്കുന്നതിൽ എനിക്കെന്താ എതിർപ്പ്.. സന്തോഷമല്ലേ ഉള്ളു.. \"

\" അതല്ലെങ്കിൽ പിന്നെ എന്താ? ഏട്ടന് എന്തോ പ്രശ്നം ഉണ്ട്.. രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.. മര്യാദക്ക് ഭക്ഷണം പോലും വേണ്ട..ക്ലിനികിൽ എന്തേലും കുഴപ്പം ഉണ്ടോ? \"

അവൾ പിന്നെയും ചോദിച്ചു.. താൻ ഒന്നും പറയാതെ തന്നെ തന്റെ മനസ്സ് അറിയുന്ന ഇവൾ തന്റെ കൂടപ്പിറപ്പു അല്ലയെന്നു എങ്ങനെ വിശ്വസിക്കും..

\"ഹ്മ്മ്..ക്ലിനികിൽ ഒരു കേസ്.. സിറ്റി ഹോസ്പിറ്റലിലേക്ക് റെഫർ ചെയ്യണം എന്ന് തോനുന്നു.. അതാ.. \"

വിഷ്ണു വീണ്ടും കള്ളം പറഞ്ഞു. അവൾ വിശ്വാസം വരാത്തത് പോലെ അവനെ നോക്കി..

\" അത്രേയുള്ളൂ കുട്ടി.. വേറൊന്നും ഇല്ല..നീ പോയി ഉറങ്ങാൻ നോക്കിയേ.. \" 

വിഷ്ണു തറപ്പിച്ചു പറഞ്ഞു. പിന്നെ അവൾ ഒന്നും ചോദിച്ചില്ല...

\" ആഹ്.. പിന്നെ..അന്ന വിളിച്ചപ്പോൾ ഏട്ടനെ തിരക്കിയിരുന്നു.. \"

മുറിയിലേക്ക് പോകുമ്പോൾ കല്ലു വിളിച്ചു പറഞ്ഞു. അപ്പോഴാണ് രാവിലെ ശിവൻ വിളിച്ചപ്പോൾ അന്നയുടെ കാര്യം പറഞ്ഞത് വിഷ്ണു ഓർത്തത്‌. രണ്ടു ദിവസമായി അവളെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ട്. ശേ.. വിളിക്കണമെന്ന് വിചാരിച്ചിട്ട് ഓരോ ടെൻഷന്റെ ഇടയ്ക്കു അത് മറന്നേ പോയി. സമയം നോക്കുമ്പോൾ പത്തു മണി. ഇനി എങ്ങനെയാണ് വിളിക്കുക?

\" അന്ന.. സോറി ടോ..ഞാൻ കുറച്ചു തിരക്കുകളിൽ പെട്ടു ബിസി ആയി പോയി.. അതാണ്‌ വിളിക്കാൻ പറ്റാഞ്ഞത്. ഞാൻ നാളെ രാവിലെ തന്നെ വിളിക്കാം.. ഗുഡ് നൈറ്റ്‌..ടേക്ക് കെയർ.. \"

അവളുടെ ഫോണിലേക്കു  മെസ്സേജ് അയച്ചു ഫോൺ തിരികെ വച്ചു.  ഉടനെ തന്നെ അവന്റെ ഫോൺ റിംഗ് ചെയ്തു.. അന്ന എന്ന പേര് ഡിസ്പ്ലേയിൽ കണ്ടപ്പോൾ അവനു ഒരു സന്തോഷം തോന്നി 

\" ഹലോ.. അന്ന \"

\" എന്താണ് ഡോക്ടറെ? ഭയങ്കര ബിസി ആണെന്ന് തോന്നുന്നല്ലോ? ഒരു മെസ്സേജ് അയച്ചിട്ട് റിപ്ലൈ പോലും തരാൻ സമയം ഇല്ലാന്ന് തോന്നുന്നല്ലോ? \"

അന്നയുടെ സ്വരം കേട്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു കുളിർ..

\" ഏയ്.. അങ്ങനെ ഒന്നുമില്ല.. ഓരോരോ തിരക്കുകളിൽ ഇങ്ങനെ പെട്ടു പോയി.. താൻ പറ.. എന്താ വിശേഷം? സൈറ്റിൽ പിന്നെ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ? \"

വിഷ്ണു ചോദിച്ചു....

\" ഇല്ല.. ഇപ്പോൾ അനക്കം ഒന്നുമില്ല.. ഇനിയിപ്പോൾ അടുത്ത മെറ്റീരിയൽസ് വരുന്ന ദിവസം ആയിരിക്കും.. \"

\" എന്തുണ്ടെങ്കിലും എന്നെയോ ശിവനെയോ വിളിക്കണം.. താൻ ഒറ്റയ്ക്ക് ഒന്നിനും പോകണ്ട.. \" 

\" ഹ്മ്മ്.. അന്ന് എന്തോ അത്യാവശ്യ കാര്യത്തിന് ശിവനോടൊപ്പം പോയിട്ട് എന്തായി? \"

അവൾ ചോദിച്ചു.. വിഷ്ണു കുറച്ചു നേരം മിണ്ടിയില്ല. അവളോട്‌ എന്ത് പറയണം എന്ന് അവനു അറിയില്ലായിരുന്നു.

\" അത് കഴിഞ്ഞു.. കുഴപ്പം ഒന്നുമുണ്ടായില്ല\"

കുറച്ചു സമയത്തിന് ശേഷം വിഷ്ണു പറഞ്ഞു. അന്ന പിന്നെ ഒന്നും ചോദിച്ചുമില്ല..

\" ശെരി എന്നാൽ.. മെസ്സേജ് കണ്ടപ്പോൾ ഒന്ന് വിളിച്ചു എന്നെ ഉള്ളു.. ഗുഡ് നൈറ്റ്‌.. \"

അവൾ പറഞ്ഞു..

\" ഗുഡ് നൈറ്റ്‌ അന്ന.. \"

ഫോൺ സംഭാഷണം അവസാനിപ്പിച്ചു വിഷ്ണു കട്ടിലിലേക്ക് കിടന്നു. മനസ്സിലെ ചോദ്യങ്ങൾക്കു ഉത്തരം കിട്ടുന്നത് വരെ എന്തായാലും തനിക്കു സമാധാനം ഉണ്ടാവില്ല എന്നവന് അറിയാമായിരുന്നു   നാളെ എന്തായാലും സിറ്റി ഹോസ്പിറ്റലിൽ ഒന്ന് പോകണം എന്ന് തന്നെ അവൻ ഉറപ്പിച്ചിരുന്നു  

*****************************************************

അയാൾ ആകെ അസ്വസ്ഥൻ ആയിരുന്നു. രണ്ടു ദിവസമായി ഷണ്മുഖന്റെ യാതൊരു വിവരവും ഇല്ല. വിളിച്ചിട്ട് അവന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ് താനും. ഇനി ഫോണിന് വല്ല കംപ്ലൈന്റ്റും.. അതോ അവൻ എങ്ങാനും പോലീസിന്റെ പിടിയിൽ ആയി കാണുമോ? അങ്ങനെ ആണെങ്കിൽ അത് താൻ അറിയാതെ ഇരിക്കില്ല.. ഇനിയുള്ള സാധ്യത ആണ് പ്രശ്നം. അവൻ ആ ശിവന്റെ പിടിയിൽ ആയിട്ടുണ്ടെങ്കിൽ.. ഷണ്മുഖനു താൻ ആരാണെന്നു അറിയില്ല..  ശിവൻ അവനെ കണ്ടെത്തിയിട്ടുണ്ടെങ്കിൽ തന്നെ അത് കൊണ്ട് ശിവൻ ഇപ്പോൾ തന്നെ തപ്പി വരില്ല. പക്ഷെ ശിവന്റെ ബുദ്ധി വച്ചു ഷണ്മുഖൻ പറയുന്ന കാര്യങ്ങളിൽ നിന്നു അവൻ ഒരുപക്ഷെ ഇവിടെ വരെയും എത്താൻ സാധ്യത ഇല്ലാതില്ല.. അത് പോലെ ഷണ്മുഖനെ കിട്ടിയാൽ പിന്നെ സ്കോർപ്യൻസിനെ പറ്റിയുള്ള കാര്യങ്ങൾ ഓക്കെ അവൻ തപ്പി എടുക്കും.. പണ്ട് നടന്ന കാര്യങ്ങളും അവൻ അങ്ങനെ തപ്പി എടുത്താൽ.. അതിനു അനുവദിക്കരുത്.  എങ്ങനെയും ഷണ്മുഖനെ കണ്ടെത്തണം. ഇനിയും അവനെ ജീവനോടെ വച്ചു കൊണ്ടിരിക്കാൻ പാടില്ല.. ബാബുവിനെ വിളിച്ചു ഷണ്മുഖനെ തപ്പാൻ പറയണം.. സ്കോർപ്യൻസിന്റെ പഴയ ഏതോ ഒളി താവളത്തിൽ ആയിരുന്നു അവൻ ഒളിവിൽ താമസിച്ചിരുന്നത്. ബാബുവിന് അത് അറിയാമായിരിക്കും. ഷണ്മുഖന്റെ കാര്യം ശരിയാക്കി കഴിഞ്ഞാൽ പിന്നെ ശിവന്റെ കാര്യം. കാര്യങ്ങൾ കുറച്ചെങ്കിലും മനസിലാക്കിയിട്ടിട്ടുണ്ടെങ്കിൽ ശിവനെയും ഇല്ലാതാക്കണം..  തന്റെ രഹസ്യങ്ങൾ ഒന്നും ആരും അറിയാൻ പാടില്ല.. ആ പെണ്ണ് ഇപ്പോഴും ജീവനോടെ ഉണ്ട്.. അതാണ്‌ ഏറ്റവും വലിയ പ്രശ്നം.. ഇനി ഷണ്മുഖനെ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.. വേറെ വഴി കണ്ടെത്തണം..

**************************************************

പിറ്റേന്ന് രാവിലെ അരുന്ധതിയെ കുളിപ്പിച്ചു ഡ്രസ്സ്‌ ഓക്കെ മാറ്റി റൂമിൽ കൊണ്ടാക്കി തിരികെ പോകാൻ തുടങ്ങുകയായിരുന്നു കല്ലു. ശിവന്റെ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പെട്ടെന്ന് അതിന്റെ വാതിൽ തുറന്നു രണ്ടു കൈകൾ അവളെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോയി. അവൾ കയറി കഴിഞ്ഞപ്പോൾ വാതിൽ അടയുകയും ചെയ്തു. അവൾ ചുറ്റും നോക്കി.  തൊട്ടു മുന്നിൽ കയ്യും കെട്ടി അവളെയും നോക്കി ശിവൻ നിൽപ്പുണ്ട്..

\" ഞാൻ പോട്ടെ ശിവേട്ടാ.. ആരെങ്കിലും കണ്ടാൽ മോശം ആണ്.. \"

അവൾ അവനെ നോക്കാതെ മെല്ലെ പറഞ്ഞു..

\" എന്താ മോശം? ഇന്നലെ എല്ലാവരുടെയും മുന്നിൽ വച്ചു തന്നെ അല്ലേ ഞാൻ പറഞ്ഞത് നീ എന്റെ പെണ്ണ് ആണെന്ന്.\"

ശിവൻ ചിരിയോടെ ചോദിച്ചു.  \"എന്റെ പെണ്ണ് \" അത് കേട്ടതും അവൾക്കു കുളിരു കോരി..

\" എന്നെ നോക്ക് കല്ലു.. \"

അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം മുകളിലേക്കു ഉയർത്തി.. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.  ആ കണ്ണുകളിൽ ആദ്യമായി അവൾ പ്രണയം കണ്ടു.. തന്നോടുള്ള പ്രണയം.. അവൾ നാണത്തോടെ വീണ്ടും മിഴികൾ താഴ്ത്തി..

\" അത് കൊള്ളാം.. ഇത്രയും നാൾ എന്നെ ഒളിഞ്ഞും പാത്തും നോക്കി കൊണ്ടിരുന്നതല്ലേ നീ? ഇപ്പോൾ നേരെ നോക്കിക്കോ എന്ന് പറയുമ്പോൾ നാണം ആണോ? \"

അവൾ ഞെട്ടലോടെ അവനെ നോക്കി..

\" എന്താടി ഉണ്ടക്കണ്ണി.. നീയെന്താ വിചാരിച്ചതു.. നിന്റെ നോട്ടവും ഇഷ്ടവും ഒന്നും ഞാൻ കാണുന്നില്ലെന്നോ? ഏ.. \"

അവൾ അത്ഭുദത്തോടെ അവനെ നോക്കി.

\" ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു.. അറിയുന്നും ഉണ്ടായിരുന്നു.. നിന്നെ കാണാൻ വേണ്ടയായിരുന്നില്ലേ എല്ലാ ആഴ്ചയും ഞാൻ ഹോസ്റ്റലിൽ നിന്നു ഓടി വന്നു കൊണ്ടിരുന്നത്? നീ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് കാണാൻ.. നിന്നെ കാണിക്കാൻ വേണ്ടിയല്ലേ ഞാൻ സ്വാതിയോട് ചിരിച്ചു സംസാരിച്ചോണ്ടിരുന്നത്.. അത് കാണുമ്പോൾ നിന്റെ മുഖം അസൂയ കൊണ്ട് ചുവക്കുന്നത് കാണാൻ.. നിന്നെ കൊണ്ട് എന്റെ സാധനങ്ങളൊക്കെ എടുത്തു വയ്പ്പിക്കാൻ വേണ്ടിയല്ലേ എന്നും ഏ മുറി ഞാൻ അലങ്കോലം ആക്കി ഇട്ടിട്ടു പോകുന്നത്? നിന്റെ പരിഭവം കാണാൻ വേണ്ടിയല്ലേ മനഃപൂർവം നീ കേൾക്കെ നീ ഉണ്ടാക്കുന്ന ഭക്ഷണത്തിനു കുറ്റം പറയുന്നത്? \"

ഓരോന്ന് പറയുമ്പോഴും അവൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. അതിനനുസരിച്ചു അവൾ പിറകിലേക്കും പൊയ്ക്കൊണ്ടിരുന്നു. അവസാനം അവൾ അടച്ചു കിടന്നിരുന്ന കതകിൽ ഇടിച്ചു നിന്നു.. അവളുടെ ഇരുവശത്തും കൈകൾ ഊന്നി അവൻ അവളെ തന്നെ നോക്കി നിന്നു..

\" ഞാൻ കരുതീല്ല ശിവേട്ടന് എന്നെ ഇഷ്ടം ഉണ്ടാവുമെന്ന്.. എന്നോട് എപ്പോഴും ദേഷ്യപെടുമ്പോൾ ഞാൻ വിചാരിച്ചു എന്നെ ഇഷ്ടമല്ല എന്ന്.. \"

അവൾ പതിയെ പറഞ്ഞു.. അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി..

\" എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് പെണ്ണേ.. എത്രയെന്നു എനിക്ക് തന്നെ അറിയില്ല.. ഞാൻ കാണിച്ചിരുന്ന ദേഷ്യമൊക്കെ വെറുതെ നിന്നെ കുറുമ്പ് പിടിപ്പിക്കാൻ ആയിരുന്നു.. \"

അവൻ ചിരിയോടെ പറഞ്ഞു.. അവൾ ഒന്ന് കൂടി അവനോടു ചേർന്ന് നിന്നു.. അവൻ അവളുടെ നെറുകയിൽ മൃദുവായി ചുണ്ടമർത്തി. തന്റെ പ്രണയത്തെ നെഞ്ചോടണച്ചു ശിവനും, അവന്റെ ഹൃദയതാളം മതിയാവോളം കേട്ടു കൊണ്ട് കല്ലുവും കുറച്ചു നേരം അങ്ങനെ തന്നെ നിന്നു.. ഇനി വരാൻ പോകുന്ന ആപത്തുകൾ ഒന്നും അറിയാതെ..

തുടരും...

(ഇഷ്ടപെട്ടെങ്കിൽ രണ്ടു വാക്ക്.. )


ഒരു നിയോഗം പോലെ - ഭാഗം 19

ഒരു നിയോഗം പോലെ - ഭാഗം 19

4.5
1410

ഭാഗം 19മഹേന്ദ്രന്റെ വീട്ടിൽ രാവിലെ തന്നെ വലിയ യോഗം തന്നെ തുടങ്ങിയിരുന്നു. മഹേന്ദ്രൻ എന്തൊക്കെയോ ചിന്തകളിൽ മുഴുകി അങ്ങനെ ഇരുന്നു. രമ വിളിച്ചു പറഞ്ഞത് അനുസരിച്ചു രമയുടെ അച്ഛൻ മാധവനും അങ്ങള രാജീവനും അവിടെ എത്തിയിരുന്നു. രാജീവനും മഹേന്ദ്രനും കോളേജിൽ പഠിക്കുന്ന കാലം മുതൽ സുഹൃത്തുക്കൾ ആയിരുന്നു. ആ ബന്ധമാണ് അവസാനം മഹേന്ദ്രനും രമയും തമ്മിലുള്ള വിവാഹം വരെ എത്തിയത്. സഞ്ജു ചെറിയ പനി ഉള്ളത് കൊണ്ട് ക്ലിനികിൽ പോയിട്ടില്ല. അവനു പിന്നെ ഇത് പോലുള്ള കാര്യങ്ങളിൽ ഒന്നും വലിയ താല്പര്യം ഇല്ലാത്തതു കൊണ്ട് അവൻ തന്റെ മുറിയിൽ തന്നെ വാതിൽ അടച്ചു ഇരിപ്പാണ്.. സ്വാതി കോളേജിലേ