Aksharathalukal

ഒരു നിയോഗം പോലെ - ഭാഗം 20

ഭാഗം 20

ക്ലാസ്സിൽ ഇരുന്നപ്പോഴും കല്യാണിക്ക് പഠിപ്പിക്കുന്നതിലൊന്നും ശ്രദ്ധിക്കാനെ പറ്റുന്നുണ്ടായിരുന്നില്ല. മനസ്സ് മുഴുവൻ രാവിലെ ശിവനുമായി ചിലവഴിച്ച പ്രണയനിമിഷങ്ങൾ ആയിരുന്നു. ഇടയ്ക്കിടെ തനിക്കു നേരെ നീണ്ടു വരുന്ന സ്വാതിയുടെ കത്തുന്ന മിഴികൾ അവൾ കണ്ടില്ലെന്നു നടിച്ചു.

\" എന്നെ തോൽപ്പിച്ചിട്ടു നീ ശിവേട്ടനുമായി സുഖിച്ചു വാഴമെന്നൊന്നും കരുതേണ്ട.. നീ കാത്തിരുന്നോ നിനക്കുള്ള പണി വരുന്നുണ്ട്.. \"

ഉച്ചക്ക് കഴിക്കാനായി ഇറങ്ങിയപ്പോൾ സ്വാതി വന്നു അവളുടെ ചെവിയിൽ അവൾക്കു മാത്രം കേൾക്കാൻ പാകത്തിനു പറഞ്ഞു. കല്യാണി തിരിച്ചൊന്നും പറഞ്ഞില്ല. അല്ലെങ്കിലേ സ്വാതിക്കും അവളുടെ കുടുംബത്തിനും തന്നെ ഇഷ്ടമേ അല്ലായിരുന്നു. ഇപ്പോൾ ആ ഇഷ്ടക്കേട് പക ആയിട്ടുണ്ടാവുമെന്ന് അവൾക്കു അറിയാമായിരുന്നു. വൈകുന്നേരം പതിവ് പോലെ വീട്ടിലേക്കു ബസ് കയറി. ബസിൽ ഇരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.. നോക്കുമ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ ആണ്.. ഇതാരാ ഇപ്പോൾ.. 

\" ഹലോ.. \"

\" ഹലോ കല്യാണി അല്ലേ? \"

ഒരു ആണിന്റെ ശബ്ദം..

\" അതേ.. കല്യാണി ആണ്.. ഇതാരാ? \"

\" കല്യാണി.. തന്റെ ജീവൻ അപകടത്തിൽ ആണ്.. ഇന്ന് വീട്ടിലേക്കു പോകും വഴി തനിക്കു ഒരു അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്. ഒരു ലോറി അല്ലെങ്കിൽ ഒരു കാർ.. കല്യാണി വളരെ സൂക്ഷിക്കണം.. \"

അവൾ ചോദിച്ചതിന് ഉത്തരം കൊടുക്കാതെ ഇത്രയും പറഞ്ഞ ശേഷം കാൾ കട്ട്‌ ആയി. അവൾ ഞെട്ടി ഇരുന്നു പോയി. അവൾ ഉടനെ തന്നെ ആ നമ്പറിലേക്കു തിരികെ വിളിച്ചു നോക്കിയെങ്കിലും അപ്പോഴേക്കും അത് സ്വിച്ച് ഓഫ്‌ ആയിരുന്നു. ഈ ശബ്ദം താൻ എവിടെയോ കേട്ടിട്ടുണ്ട്.  തനിക്കു പരിചയമുള്ള ആരോ ആണ് ഫോണിൽ വിളിച്ചത്. പിന്നെന്താ ആരാണെന്നു പറയാഞ്ഞത്? എന്ത് ചെയ്യണം? ആരെയെങ്കിലും വിളിച്ചാലോ? ശിവേട്ടനെയോ വിഷ്ണുവേട്ടനെയോ? പക്ഷെ ഇത് തന്നെ ആരെങ്കിലും പറ്റിക്കാൻ നോക്കുന്നതാണെങ്കിലോ? വേണ്ട.. ഇപ്പോൾ ഒന്നും പറയേണ്ട.. അവർക്കു രണ്ടാൾക്കും അല്ലെങ്കിലേ ഇപ്പോൾ നൂറു പ്രശ്‌നങ്ങൾ ആണ്.. പ്രത്യേകിച്ച് വിഷ്ണുവേട്ടന്.. എന്തായാലും നോക്കാം.. കല്യാണി മനസ്സിൽ ഓർത്തു. 

കല്യാണി വീടിനു അടുത്തുള്ള സ്റ്റോപ്പിൽ വന്നിറങ്ങി. വീട്ടിലേക്കു കുറച്ചു ദൂരമുണ്ട്. അവൾ പതുക്കെ വീട്ടിലേക്കു നടക്കാൻ തുടങ്ങി. അപ്പുറത്തും ഇപ്പുറത്തും ഒക്കെയായി ഒന്ന് രണ്ടു ആളുകൾ ഉണ്ട്. വളരെ ശ്രദ്ധിച്ചാണ് അവൾ നടന്നിരുന്നത്. ഓരോ വണ്ടി വരുമ്പോഴും അത് തന്റെ അടുത്തേക്ക് വരുന്നുണ്ടോന്നു.. എവിടുന്നെങ്കിലും വണ്ടിയുടെ ഒച്ച കേൾക്കുന്നുണ്ടോ എന്ന് അവൾ കാത് കൂർപ്പിച്ചു വച്ചിരുന്നു. ഇച്ചിരി മുന്നോട്ടു ചെന്നപ്പോൾ അവൾക്കു ഇടത്തേക്കുള്ള റോഡിലേക്ക് തിരിയേണ്ട ഇടമായി. അവളോടൊപ്പം ഉണ്ടായിരുന്നവർ നേരെ പോയി. കല്യാണി ഇടത്തേക്ക് തിരിഞ്ഞു. ഇനി കുറച്ചു ദൂരം അധികം വീടുകൾ ഇല്ല.. കല്യാണിയുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു. മുന്നോട്ടു നടക്കുമ്പോൾ റോഡിന്റെ സൈഡിൽ ഒരു ലോറി നിർത്തി ഇട്ടിരിക്കുന്നത് അവൾ കണ്ടു. അവൾ കടന്നു പോയപ്പോൾ അതിന്റെ ഡ്രൈവർ അവളെ നോക്കിയോ? ഇനി തനിക്കു തോന്നിയതാവുമോ? കല്യാണി ശ്രദ്ധയോടെ എന്നാൽ ഒന്നും അറിയാത്ത ഭാവത്തിൽ മുന്നോട്ടു നടന്നു. അവൾ പത്തു സ്റ്റെപ് മുന്നോട്ടു നടന്നപ്പോഴേക്ക് പിറകിൽ ലോറി സ്റ്റാർട്ട്‌ ആവുന്ന ഒച്ച അവൾ കേട്ടു.. കുറച്ചു നേരം അത് സ്റ്റാർട്ട്‌ ആയി അവിടെ കിടന്നു. കല്യാണി നടന്നു കൊണ്ടിരുന്നു. പെട്ടെന്ന് ലോറി നീങ്ങി തുടങ്ങി.. കല്യാണി തിരിഞ്ഞു നോക്കി.  ലോറി തന്റെ നേരെയാണ് വരുന്നതെന്ന് കണ്ടതും അവൾ അടുത്ത പറമ്പിലേക്ക് ഓടി മാറി.. ലോറി തന്നെ കടന്നു പോകുന്നതും അതിന്റെ ഡ്രൈവർ തന്നെ ദേഷ്യത്തോടെ നോക്കുന്നതും കല്യാണി വ്യക്തമായി കണ്ടു. അവൾക്കു തന്റെ ഹൃദയം ഇപ്പോൾ പൊട്ടി പുറത്തു വരുമെന്ന് വരെ തോന്നിപോയി.. അത്രക്കും ശക്തമായി അതു മിടിച്ചു കൊണ്ടിരുന്നു. തന്നെ വിളിച്ചത് ആരാണെങ്കിലും അയാൾ പറഞ്ഞതു സത്യമായിരുന്നു. തന്നെ കൊല്ലാനാണ് ആ ലോറി വന്നത്. എന്നാലും ആരായിരിക്കും അത്?

********************************************************

വിക്ടർ ബാബുവിന്റെ ഭാര്യ വിമലയുടെ വീടിനു മുന്നിൽ കാത്തു നിൽക്കുകയായിരുന്നു . അവൻ വന്നപ്പോൾ വീട് പൂട്ടിയിരിക്കുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ അന്വേഷിച്ചപ്പോൾ അവർ ജോലിക്ക് പോയിരിക്കുകയാണെന്നും വരാൻ സമയം ആവുന്നതേ ഉള്ളു എന്നും അറിയാൻ സാധിച്ചു. അയാൾ അവർ വരുന്നതും കാത്തു തന്റെ ബൈക്കിൽ ചാരി ഫോണിൽ നോക്കി നിന്നു. കുറച്ചു നേരത്തിനു ശേഷം ഒരു സ്ത്രീ ആ വീടിനു നേർക്കു വരുന്നത് വിക്ടർ കണ്ടു. അതായിരിക്കും വിമല എന്നയാൾ ഊഹിച്ചു. തന്റെ വീടിനു മുന്നിൽ ബൈക്കിൽ ഒരാൾ കാത്തിരിക്കുന്നത് കണ്ടു വിമല സംശയത്തോടെ അയാളെ നോക്കി..

\" വിമല അല്ലേ? ബാബുവിന്റെ... \"

അവർ അടുത്തെത്തിയപ്പോൾ വിക്ടർ ചോദിച്ചു.. ആ ചോദ്യം കേട്ടു അവരുടെ മുഖത്ത് ദേഷ്യം കലർന്ന ഒരു ഭാവം അവൻ കണ്ടു..

\" ബാബുവിനെ അന്വേഷിച്ചാണ് വന്നത് എങ്കിൽ അയാൾ എവിടെയാണെന്ന് എനിക്ക് അറിയില്ല.. ഞങ്ങൾ പിരിഞ്ഞിട്ട് ഇപ്പോൾ ആറു വർഷത്തോളം ആയി. ഞങ്ങൾ തമ്മിൽ ഇപ്പോൾ ഒരു ബന്ധവും ഇല്ല. നിങ്ങൾ പോകാൻ നോക്ക്.\"

അതും പറഞ്ഞു അവർ വീട്ടിലേക്കു നടന്നു..

\" ഞാൻ ബാബുവിനെ അല്ല.. വിമലയെ തന്നെ അന്വേഷിച്ചു വന്നതാണ്.. \"

വിമല അവനെ സൂക്ഷിച്ചു നോക്കി.. യൂണിഫോമിൽ അല്ലാത്തത് കൊണ്ട് അവർക്കു തന്നെ മനസിലായി കാണാൻ സാധ്യത ഇല്ലെന്നു അവനു മനസിലായി. 

\" ഞാൻ വിക്ടർ.. പോലീസാണ്.. CI.. \"

അവൻ തന്റെ ഐഡി കാർഡ് എടുത്തു കാണിച്ചു. അതോടെ വിമലയുടെ ഭാവം മാറി ഭയവും വിനയവും ആയി. 

\" എന്താണ് സാർ? എന്താ പ്രശ്നം? ബാബുവേട്ടൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് എന്റെ കുറ്റമല്ല സാറേ.. സത്യമായിട്ടും അയാൾ എവിടെയാണെന്ന് പോലും എനിക്കറിയില്ല \"

അവർ വീണ്ടും പറഞ്ഞു.

\" നിങ്ങൾ ബാബുവുമായി പിരിഞ്ഞു താമസിക്കുകയാണെന്നു എനിക്ക് അറിയാം വിമല.. എനിക്കറിയേണ്ടത് വിമല ബാബുവിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള കാര്യമാണ്.. കുറച്ചു പഴയ കാര്യം ആണ് . വ്യക്തമായി പറഞ്ഞാൽ ബാബുവിന് സ്കോർപ്യൻസുമായി ബന്ധം ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന കാര്യം.. \"

\" എന്താ സാറേ ഇപ്പോൾ വന്നു അതൊക്കെ ചോദിക്കുന്നത്? \"

വിമല ഭയത്തോടെ ചോദിച്ചു..

\" ഒരു കേസിന്റെ അന്വേഷണത്തിന് വേണ്ടിയാണ്.. നിങ്ങള്ക്ക് കുഴപ്പമൊന്നും വരില്ല.. ഞങ്ങളുടെ കുറച്ചു സംശയം തീർക്കാൻ വേണ്ടിയാണ്.. \"

വിക്ടർ പറഞ്ഞു..

\" എന്താ സാറേ? \"

\" കുറെ വർഷങ്ങൾക്കു മുൻപ് വിമല പോലീസിൽ ഒരു പരാതി കൊടുത്തിരുന്നില്ലേ? ബഷീർ ബാബുവിനെ ഭീഷണിപ്പെടുത്തുന്നു, അപയപെടുത്താൻ ശ്രമിച്ചു എന്നൊക്കെ പറഞ്ഞു.. എന്നിട്ട് പിന്നെ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ അത് പിൻവലിക്കുകയും ചെയ്തു.. അത് എന്തിനായിരുന്നു? \"

\" അത്.. സാറേ.. \"

വിമല നിന്നു പരുങ്ങി.. അവരുടെ മുഖത്ത് ഭയം വ്യക്തം ആയിരുന്നു.

\" വിമലാ.. ഞാൻ ആദ്യമേ പറഞ്ഞില്ലേ.. പേടിക്കേണ്ട.. ഇത് ചോദ്യം ചെയ്യലോ, മൊഴി എടുക്കലോ ഒന്നുമല്ല.. വിമലയുടെ പേരെ ഇതിൽ വരില്ല.. ധൈര്യമായി പറഞ്ഞോളൂ.. \"

വിക്ടർ പറഞ്ഞു..

\" അത് സാറേ.. ശരിക്കും അന്ന് ബഷീർ ബാബുവേട്ടനെ തല്ലി അവശൻ ആക്കിയിരുന്നു. ഇടയ്ക്കിടെ കൊല്ലുമെന്ന് ഭീഷണിയും ഉണ്ടായിരുന്നു. പേടിച്ചിട്ടാണ് ഞാൻ പരാതി കൊടുത്തത്.. പക്ഷെ പിന്നെ രവിയണ്ണൻ പറഞ്ഞു പരാതി പിൻവലിക്കണം എന്ന്.. അതാ.. \"

\" സ്കോർപ്യൻസിലെ രവിയോ? \"

\" അതേ.. \"

\" ശെരി.. എന്തിനാണ് ബഷീർ ബാബുവിനെ ഭീഷണിപ്പെടുത്തിയിരുന്നതു എന്ന് വിമലയ്ക്ക് അറിയാമോ? \"

\" അത് ഏതോ ഒരു കൊട്ടേഷന്റെ പേരിലായിരുന്നു സാറേ.. ബാബുവേട്ടൻ വഴി അവർക്കു ഒരു കൊട്ടേഷൻ വന്നു. പക്ഷെ അന്ന് രവിയണ്ണൻ ഇവിടെ ഉണ്ടായിരുന്നില്ല.. അത് കൊണ്ട് ബഷീറാണ് പോയത്. പക്ഷെ അത് വിചാരിച്ച പോലെ നടന്നില്ല.  എന്തോ വലിയ പ്രശ്നം ആയി.. \"

\" എന്ത് പ്രശ്നം? \"

\" ഇവര് കൊല്ലാൻ വേണ്ടി വിചാരിച്ച ആൾ മരിച്ചില്ല.. പകരം വേറെ ആരോ മരിക്കുകയും ചെയ്തു.  അതോടെ കൊട്ടേഷൻ കൊടുത്തവർ പണം കൊടുക്കില്ല എന്ന് പറഞ്ഞു. പക്ഷെ തങ്ങളോട് ചെയ്യാൻ പറഞ്ഞത് പോലെ തങ്ങൾ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, കാര്യങ്ങൾ മര്യാദക്ക് plan ചെയ്യാത്തത് അവരുടെ കുറ്റമാണ് അത് കൊണ്ട് പണം കിട്ടണമെന്ന് ബഷീർ വാശി പിടിച്ചു. ബാബുവേട്ടൻ ഇടയിൽ നിന്നത് കൊണ്ട് ബാബുവേട്ടൻ പൈസ കൊടുക്കണം എന്ന് ബഷീർ പറഞ്ഞു.. അത് കിട്ടാൻ വേണ്ടിയായിരുന്നു സാറേ ഭീഷണിയും വഴക്കുമൊക്കെ.. \" 

\" ഓഹോ.. എന്നിട്ട്? \"

\" കുറച്ചു നാൾ സ്ഥിരം ഇത് തന്നെയായിരുന്നു.. പിന്നെ ബാബുവേട്ടൻ ആശുപത്രിയിൽ ആയ അവസ്ഥ വന്നപ്പോൾ പിന്നെ രവിയണ്ണൻ ഇടപെട്ടാണ് ബഷീറിനെ സമാധാനിപ്പിച്ചത്. \"

\"ഈ രവി ബാബുവിന്റെ ബന്ധുവോ മറ്റോ ആണ് അല്ലേ? \"

\" അതേ സാറേ.. \"

\" പിന്നെ അന്നത്തെ ഈ കൊട്ടേഷൻ.. അത് ആരു ആർക്കു വേണ്ടി? എന്തെങ്കിലും അറിയാമോ വിമലക്കു? \"

\" അത് അറിയില്ല സാറേ.. ദൂരെ എവിടെയോ ആയിരുന്നു. പിന്നെ ഈ കൊട്ടേഷനും പിന്നെ ആ വീണ കൊച്ചിന്റെ കാര്യവുമായി എന്തോ ബന്ധമുണ്ടെന്നു ഒരിക്കൽ കള്ള് കുടിച്ചു ബോധമില്ലാതെ വന്ന ദിവസം ബാബുവേട്ടൻ ആരോടോ ഫോണിൽ പറയുന്നത് കേട്ടിരുന്നു.. \"

\" വീണ.. അതാരാ? \"

വിക്ടർ ചോദിച്ചു..

\" വീണ.. അതൊരു പാവം കൊച്ചായിരുന്നു സാറേ.. ഈ ബാബുവേട്ടന്റെയും രാവിയണ്ണന്റെയുമൊക്കെ അകന്ന ബന്ധത്തിൽ ഉള്ള ഒരു കൊച്ചായിരുന്നു അത്. വീട്ടിൽ വലിയ ബുദ്ധിമുട്ടായിരുന്നു അതിന്റെ. വയ്യാത്ത അച്ഛനും,  പഠിച്ചോണ്ടിരുന്ന ഒരു അനിയത്തിയും ഉണ്ടായിരുന്നു. അങ്ങനെയാണ് രവിയണ്ണനും ബാബുവേട്ടനും കൂടെ അതിനെ അവരുടെ പരിചയത്തിൽ ഒരു സ്ഥാപനത്തിൽ ജോലിക്ക് കയറ്റുന്നത്. \"

\" എന്നിട്ട്? \"

\" എന്നിട്ടെന്താ? കുറച്ചു നാൾ കഴിഞ്ഞപ്പോ കേട്ടു അത് ഗർഭിണി ആണെന്ന്. ആ കമ്പനിലെ ആരോ ആണ് ഉത്തരവാദി എന്നാണ് കേട്ടത്.. ആരാണെന്നു ആർക്കറിയാം? അതോടെ അതിന്റെ വീട്ടിലൊക്കെ ആകെ പ്രശ്നമായി.. ആ പെങ്കൊച്ചിനെ അതിന്റെ അച്ഛൻ വീട്ടിന്നു ഇറക്കി വിട്ടു. അതിനെ പിന്നെ ഈ രവിയണ്ണൻ ആണ് എങ്ങോട്ടോ മാറ്റി താമസിപ്പിച്ചത്..\"

\" എന്നിട്ടിപ്പോൾ ഈ വീണ എവിടെയുണ്ട്? \"

വിക്ടർ ചോദിച്ചു..

\" അറിയത്തില്ല സാറേ.  രവിയണ്ണന് ആയിരുന്നു അത് അറിയാമായിരുന്നത്. അങ്ങേരു ചത്തു പോയില്ലേ? അന്ന് വീട്ടിൽ നിന്നു പോയതിൽ പിന്നെ അതിനെ ഞങ്ങൾ ആരും കണ്ടിട്ടില്ല  . അതിനെ പറ്റി ഒരു വിവരവും ആർക്കും അറിയാനും പാടില്ല\"

\" ഓക്കേ.. ഈ വീണയുടെ ബന്ധുക്കൾ ആരെങ്കിലും ഇപ്പോൾ ഉണ്ടോ? \"

\" അതിന്റെ അച്ഛൻ മരിച്ചു.. പക്ഷെ അമ്മയുണ്ട്.  ഒരു അനിയത്തി ഉണ്ടായിരുന്നത് കല്യാണം ഒക്കെ കഴിഞ്ഞു ദൂരെ എവിടെയോ ആണ്.. \" 

\" വീണയുടെ അമ്മയുടെ വീട് എവിടെയാണെന്ന് ഒന്ന് പറഞ്ഞു തരാമോ വിമല? \"

വിക്ടർ അവിടെ നിന്നിറങ്ങി താൻ അറിഞ്ഞ കാര്യങ്ങൾ എല്ലാം ശിവനെ വിളിച്ചറിയിച്ചു. വീണയുടെ അമ്മയോട് സംസാരിക്കാൻ താൻ നാളെ തന്നെ അങ്ങോട്ടേക്ക് എത്താമെന്നു ശിവൻ അവനോടു പറഞ്ഞു.

*********************************************************

ക്ലിനികിൽ പോലും ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ വന്നപ്പോൾ കടുത്ത തലവേദന ആണെന്ന് പറഞ്ഞു അവൻ അവിടെ നിന്നിറങ്ങി. വെറുതെ ശ്രദ്ധയില്ലാതെ വല്ല മരുന്നും മാറി എഴുതി ഒരാളുടെ ജീവൻ കൂടി അപകടത്തിൽ ആക്കുന്നത് എന്തിനാണ്? താനും ശിവനും വന്നിരിക്കാറുള്ള കലുങ്കിൽ അവൻ അന്ന് ഒറ്റയ്ക്ക് വന്നിരുന്നു. ശിവനെ വിളിക്കാൻ അവനു തോന്നിയില്ല. അവനെ വിളിച്ചിട്ട് എന്ത് പറയാൻ? കുറച്ചു നേരം ഒറ്റയ്ക്ക് അങ്ങനെ ഇരിക്കാൻ ആണ് അവനു തോന്നിയത്. എത്ര നേരം അങ്ങനെ ആ ഇരുപ്പു ഇരുന്നുവെന്നു വിഷ്ണുവിന് തന്നെ അറിയില്ല. ഇരുട്ടാൻ തുടങ്ങിയപ്പോഴാണ് അവനു സ്ഥലകാല ബോധം ഉണ്ടായത്. പക്ഷെ കാറ്റും കൊണ്ട് കുറെ നേരം അങ്ങനെ ഇരുന്നപ്പോൾ അവനു കുറച്ചു ആശ്വാസം തോന്നി.  പതുക്കെ അവന്റെ ചിന്തകൾ വീണ്ടും കല്യാണിയിലേക്കും ആ റിപ്പോർട്സിലേക്കും ആയി. അതിന് പ്രകാരം തന്റെ അമ്മയുടെ വയറ്റിൽ ഉണ്ടായിരുന്ന കുട്ടി മരിച്ചിട്ടുണ്ടെങ്കിൽ കല്യാണി ആരാണ്? തന്റെ കുഞ്ഞു മാറിയ കാര്യം അച്ഛന് അറിയാമെന്നു തോന്നുന്നില്ല.. കല്യാണി സ്വന്തം മകൾ തന്നെയാണെന്ന് അച്ഛൻ വിചാരിച്ചിരിക്കുന്നത്. അപ്പോൾ പിന്നെ കല്യാണി ആരാണ്? അവളുടെ ശരിക്കുള്ള അച്ഛനും അമ്മയും എവിടെ? ഓപ്പറേഷന് കയറ്റി ബോധമില്ലാതെ കിടന്നിരുന്ന തന്റെ അമ്മയും ഒന്നും അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. പിന്നെ ആരാണ് കുട്ടിയെ മാറ്റിയത്? എന്തായാലും അവിടെ ഉണ്ടായിരുന്ന ഡോക്ടറും നഴ്സും അറിയാതെ ഒന്നും സംഭവിക്കില്ല. അപ്പോൾ ജഗൻ ഡോക്ടർ അറിഞ്ഞു കൊണ്ടായിരിക്കുമോ? ജഗൻ ഡോക്ടർ നല്ല മനുഷ്യനാണ്.. നല്ല ഡോക്ടറും.. അയാൾ എന്തിനായിരിക്കും അങ്ങനെ ചെയ്തിട്ടുണ്ടാവുക? ഇനിയിപ്പോൾ താൻ കരുതുന്ന പോലെ കുഞ്ഞിനെ മാറ്റിയിട്ടുണ്ട് എങ്കിൽ തന്നെ തന്റെ അമ്മ പ്രസവിച്ച അതേ ദിവസം തന്നെ ഉണ്ടായ കുഞ്ഞു ആയിരിക്കും കല്യാണിയും.. അതും സിറ്റി ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും ആ പ്രസവവും നടന്നിട്ടുണ്ടാവുക.  പുറത്തു നിന്നു ഒരു കുഞ്ഞിനെ കൊണ്ട് വന്നു മാറ്റുക എന്നൊക്കെ പറഞ്ഞാൽ അത് ബുദ്ധിമുട്ടാണ്. അപ്പോൾ അന്നത്തെ സിറ്റി ഹോസ്പിറ്റലിൽ നടന്ന ബാക്കി ഓപ്പറേഷന്റെ റെക്കോർഡ്സ് നോക്കിയാൽ അതിൽ നിന്നു എന്തെങ്കിലും കിട്ടാതിരിക്കില്ല..  അവൻ സമയം നോക്കി..  7മണി കഴിഞ്ഞിരിക്കുന്നു.. അഞ്ജുവിന്റെ ഡ്യൂട്ടി കഴിഞ്ഞു കാണും.. നാളെ ഒരു ഹെല്പും കൂടി വേണമെന്ന് അവൾക്കു ഒരു മെസ്സേജ് അയച്ചിട്ടു. ഇനി എന്തായാലും ബാക്കി നാളെ നോക്കാം എന്നുറപ്പിച്ചു അവൻ വീട്ടിലേക്കു നടന്നു.

************************************************

മാധവനും രാജീവനും രമയും തങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന വാർത്തയുമായുള്ള ഫോൺ കാളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. മഹേന്ദ്രൻ ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മാധവന്റെ  ഫോൺ റിംഗ് ചെയ്തു.

\" ഹലോ.. കാര്യം നടന്നില്ലേ? \"

\" ഇല്ല സാർ.. വണ്ടി വരുന്നത് കണ്ടതും അവൾ പെട്ടെന്ന് മാറി കളഞ്ഞു.. \"

മാധവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

\" നിന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാമെടാ? ഛെ.. ഒരു പീറ പെണ്ണിനെ വകവരുത്താൻ പറ്റില്ലേ? \"

\" അതല്ല സാർ.. അവൾക്കു അറിയാമായിരുന്നു ഞാൻ അവളെ ഇടിക്കാൻ വരികയാണെന്നു. അവൾ വളരെ പതുക്കെ ആണ് നടന്നിരുന്നത്. ലോറിയുടെ അടുത്തെത്തിയപ്പോൾ അവൾ സംശയത്തോടെ ലോറിയെയും എന്നെയും നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ വണ്ടി എടുത്തതും അവൾ തിരിഞ്ഞു നോക്കി.  ആരോ നമ്മളെ ഒറ്റിയതാണ് സാർ\"

അയാൾ പറഞ്ഞു. മാധവൻ സംശയത്തോടെ ആ മുറിയിൽ ഉള്ള ഓരോരുത്തരെയും നോക്കി.  അവസാനം അയാളുടെ നോട്ടം മഹേന്ദ്രനിൽ എത്തി നിന്നു. 

തുടരും...

(പനി അടിച്ചു കിടപ്പായിരുന്നു. തല പൊക്കിയപ്പോൾ വീട് യുദ്ധക്കളം പോലെയുണ്ട്.. ഒത്തിരി ലേറ്റ് ആവുമല്ലോ എന്നോർത്ത് അങ്ങ് എഴുതി.  ഇനി ഞാൻ ഒരു അറ്റത്തുന്നു തുടങ്ങട്ടെ.. ബൈ.. \" )



ഒരു നിയോഗം പോലെ - ഭാഗം 21

ഒരു നിയോഗം പോലെ - ഭാഗം 21

4
1319

ഭാഗം 21തിരികെ വീട്ടിൽ എത്തിയിട്ടും കല്യാണിയുടെ വിറയൽ മൊത്തമായും വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. പോരുന്ന വഴിയിൽ ഒക്കെയും ആ ലോറി ഇനിയും തന്നെ കൊല്ലാനായി വരുമോ എന്ന ഭയത്തിൽ ആയിരുന്നു അവൾ. പക്ഷെ ഭാഗ്യത്തിന് പിന്നെ അത് വന്നില്ല. അപ്പോഴത്തെ ടെൻഷനിൽ ആ ലോറിയുടെ നമ്പർ നോക്കാനും സാധിച്ചില്ല.. പക്ഷെ ഡ്രൈവറെ താൻ കണ്ടതാണ്.. ഇതിനു മുന്നേ കണ്ടിട്ടുള്ള ആരുമല്ല. അന്ന് തന്നെ കുത്താനായി വന്ന ആളും ആണെന്ന് തോന്നുന്നില്ല.. ആരായിരിക്കും അത്? ആർക്കായിരിക്കും തന്നോട് ഇത്ര വിരോധം? എത്ര ആലോചിച്ചിട്ടും കല്യാണിക്ക് മനസിലാവാത്ത ഒരു കാര്യം ആയിരുന്നു അത്. നിന്നെ ശിവേട്ടനോടൊപ്