രാധിക ഓഫീസിന് ശേഷം പതിവ് പോലെ ഫിറ്റ്നസ് സെന്റെറിൽ എത്തുമ്പോൾ വൈകുന്നേരം 5 മണി, ഭർത്താവും പിള്ളേരും ഒന്നും ഇല്ലാത്തത് കൊണ്ട് ഫിറ്റ്നസ് അവളുടെ ദിനചര്യയുടെ ഭാഗമായി.
അവൾ ചെറുതായി വാം അപ്പ് ചെയ്ത്..... ട്രെഡ്മില്ലിൽ കയറി, പാനലിൽ വാക് മോഡ് ബട്ടൺ അമർത്തി നടന്നു കൊണ്ടിരിക്കെ ഫോണിൽ രോഹിതിനെ വിളിച്ചു. എടാ രോഹി, ചേച്ചിക്ക് ഒരു ഉപകാരം ചെയ്യോടാ? രാധിക ചോദിച്ചു. ആരെങ്കിലേം കൊല്ലാൻ ആണെങ്കിൽ ഞാൻ ഇല്ല, ഉറക്കച്ചവോടെ രോഹിത് പറഞ്ഞു. എടാ ഞാൻ ഒരു അപാർട്മെന്റിന്റെ വെബ്സൈറ്റ് അഡ്രസ്സ് നിനക്ക് അയച്ചിട്ടുണ്ട്, എനിക്ക് അതിന്റെ മുഴുവൻ വിവരങ്ങളും വേണം, ഫ്ലാറ്റ് ബുക്ക് ചെയ്തിരിക്കുന്നവരുടെ അടക്കം വിവരങ്ങൾ, രാധിക പറഞ്ഞു നിർത്തി. ക്യാൻവാസ് ചെയ്ത് കമ്മീഷൻ അടിക്കാനായിരിക്കും അല്ലെ ചേച്ചി?! ചിലവുണ്ട്! രോഹിത് കളിയാക്കി പറഞ്ഞു. ചിലവൊക്കെ നമുക്ക് നോക്കാം നീയാദ്യം ചെയ്യ്.. "ഡൺ" രോഹിത് ഫോൺ കട്ട് ചെയ്തു. ബാങ്കിലെ ഹൈ പ്രൊഫൈൽ ക്ലൈന്റ്സിന്റെ ബാക്ക്ഗ്രൗണ്ട് ചെക്ക് ചെയ്യാൻ രാധിക പലപ്പോഴും രോഹിതിനെ വിളിക്കാറുണ്ട്, രോഹിത് ഒരു കമ്പ്യൂട്ടർ സെക്യൂരിറ്റി പ്രൊഫഷണൽ ആണ്.
6 മണിയോടെ മഹേഷ് വിളിക്കുമ്പോൾ അനു സായാഹ്ന വാർത്തകൾ കാണുകയായിരുന്നു. ഹലോ..... അനു എങ്ങിനെ ഉണ്ടായിരുന്നു, ആദ്യത്തെ ദിവസം. മഹിക്ക് അറിയാല്ലോ?! ഒരു ബാങ്കിലെ തിങ്കളാഴ്ച എങ്ങിനെ ആയിരിക്കുമെന്ന്, എന്റെ നടുവൊടിഞ്ഞു. അനു ടി വി യുടെ ശബ്ദം കുറച്ചു. മീനു എവിടെ? പിണക്കമാണോ? മഹേഷ് ചോദിച്ചു. രാധികയും ഇത് തന്നാണല്ലോ... രാവിലെ ആദ്യം ചോദിച്ചത്!..... അവൾക്ക് ഒരു കുഴപ്പവും ഇല്ല, അനു ടി വി റിമോട്ടിന്റെ പവർ ഓഫ് ബട്ടൺ അമർത്തി. അല്ല, അനു വാട്സാപ്പിൽ പോസ്റ്റ് ചെയ്ത സെൽഫിയിൽ മീനു സ്കൂൾ യൂണിഫോമിൽ പിണങ്ങി നിൽക്കുന്നതാണ് കാണുന്നത് മഹേഷ് പറഞ്ഞു. ഞാൻ സെൽഫി എടുക്കുമ്പോൾ മീനു ടോയ്‌ലെറ്റിൽ ആയിരുന്നില്ലേ? അനുവിന്റെ മനസ്സിൽ രാവിലെ നടന്നതെല്ലാം ഓരോന്നായി തെളിഞ്ഞു വന്നു. അനു..... അനു.. മഹേഷ് വിളിച്ചു. അത്.... മഹിയേട്ടാ ഞാൻ വിളിക്കാം അനു കാൾ കട്ട് ചെയ്തു. വാട്സ്ആപ്പ് തുറന്ന് അനു മഹേഷിന്റെ ചാറ്റ് വിൻഡോ തുറന്നു, താൻ ഒറ്റക്ക് നിന്നെടുത്ത സെൽഫിയിൽ ഇതാരാണ്, അവൾ താൻ പോസ്റ്റ് ചെയ്ത ഇമേജ് സൂം ചെയ്തു, തിരിഞ്ഞു നിക്കുന്ന ഈ കുട്ടിക്ക് മീനുവിന്റെ അത്രേം പൊക്കമുണ്ടോ? മുടി അഴിച്ചിട്ടിരിക്കുന്നത് കൊണ്ട് മനസ്സിലാകുന്നില്ല....
രോഹിത് തന്റെ ലാപ്ടോപ് തുറന്നു, ബ്രൗസറിൽ "site:meadowapartments.in filetype:pdf" എന്ന് ടൈപ്പ് ചെയ്തു .ഗൂഗിൾ രണ്ട് സെക്കന്റ് കൊണ്ട്, സൈറ്റിലുള്ള "pdf" എല്ലാം ലിസ്റ്റ് ചെയ്തു. "ഈസി പീസി ലെമൺ സ്ക്യൂസി!! ", "owners. pdf" രോഹിത്തിന്റെ മുഖത്ത് ഒരു ചിരി വിടർന്നു. അവൻ കണ്ണട നേരെയാക്കി "owners.pdf" തുറന്നു. 660 മുതൽ 666 വരെ ഉള്ള ഫ്ലാറ്റുകളുടെ വിവരങ്ങൾ സ്‌ക്രീനിൽ തെളിഞ്ഞു. 666 ആം നമ്പർ ഫ്ലാറ്റ് ഒരു പ്രകാശിന്റെയാണ്, മൊബൈൽ നമ്പറും കൊടുത്തിട്ടുണ്ട്, ബാക്കി 5 ഫ്ലാറ്റുകളിലും താമസിക്കാൻ പോകുന്നത് സ്ത്രീകളും കുട്ടികളുമാണ്, അതെന്താണ് അങ്ങിനെ?¡¡. രോഹിത് "flat_application_filter.py" എന്ന് പേരുള്ള സ്ക്രിപ്റ്റ് അതേ ഫോൾഡറിൽ നിന്ന് ഓപ്പൺ ചെയ്തു. അവന് അത്ഭുതം തോന്നി.ഒരു പ്രത്യേക വിഭാഗത്തിൽ ഉള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഫ്ലാറ്റ് അപ്ലിക്കേഷൻ തിരഞ്ഞെടുക്കുന്ന രീതിയിലായിരുന്നു ഫിൽറ്ററിന്റ പ്രവർത്തനം.വെബ്സൈറ്റിന്റെ "കോൺടാക്ട് സെക്ഷനിൽ" നിന്ന് രോഹിതിന് പ്രകാശ് ആണ് മെഡോ അപാർട്മെന്റ്സ് ഓണർ എന്ന് മനസ്സിലായി.അവൻ പ്രകാശിന്റെ മൊബൈൽ നമ്പർ വാട്സ്ആപ്പ് കോൺടാക്ട്ടിൽ ചേർത്തു, വാട്സ്ആപ്പ് പ്രൊഫൈലിൽ നിന്ന് രോഹിതിന്, പ്രകാശിന്റെ പ്രൊഫൈൽ പിക്ചർ കിട്ടി. അവൻ വെബ്സൈറ്റിലെ "owners.pdf" ഡിലീറ്റ് ചെയ്ത് ആൻഡ്രോയ്ഡ് സ്‌പൈ കലർത്തി അവൻ നിർമ്മിച്ച "owners.pdf" അപ്‌ലോഡ് ചെയ്തു. പ്രകാശം പരക്കട്ടെ!, അവന് അവന്റെ തമാശയിൽ തന്നെ ചിരിക്കാൻ തോന്നി.എല്ലാം പൂർത്തിയാക്കി രോഹിത് കിടക്കയിലേക്ക് വീഴുമ്പോൾ സമയം പാതിരാത്രി 12 മണി.
< തുടരും >