Aksharathalukal

സ്റ്റെല്ല വളവ്

എടാ ശ്രീ! രണ്ട് കുപ്പി എനിക്ക് കൂടെ വെച്ചേക്കണേ, നീ ഇങ്ങിനെ അടിച്ചു കേറ്റുന്നത് കാണുമ്പോ കൊതിയാകുന്നു, ഒപ്പം പേടിയും, ഗോകുൽ പറഞ്ഞു. \"ഡോണ്ട് വറി ബ്രോ, ശ്രീജേഷ് റിച്ച് ആട  റിച്ച്\" , രണ്ട് കേസ് ബിയർ ബാക്ക് സീറ്റിൽ  ഇരിപ്പൊണ്ട് , അത് മുഴുവൻ നിനക്ക് ഉള്ളതാ....! , കാറിന്റെ ഡാഷ് ബോർഡിൽ കാൽ കയറ്റി വെച്ച് പൊന്മാനെ മോന്തിക്കൊണ്ട് ശ്രീ പറഞ്ഞു. ഇവന്റെ തലക്ക് പിടിച്ചു തുടങ്ങിയിട്ടുണ്ട്... ഗോകുൽ റോഡിൽ നിന്ന് കണ്ണെടുക്കാതെ ബാക്ക് സീറ്റിലേക്ക് പാളി നോക്കി, അവൻ പറഞ്ഞത് ശരിയാണ്... , കാറിൽ കേറിയത് മുതൽ തുടങ്ങിയതാണ് അവന്റെ ഒടുക്കത്തെ കുടി. ന്യൂ ഇയർ കൊച്ചിയിൽ ആക്കാമെന്ന് ശ്രീജേഷ്  പറഞ്ഞപ്പോൾ ചാടി  പുറപ്പെട്ടു.... എല്ലാ ന്യൂ ഇയറിനും  അവൻ എന്തെങ്കിലുമൊക്ക പ്ലാൻ ചെയ്യും, ശ്രീജേഷിനെ എനിക്ക് കുട്ടിക്കാലം മുതൽക്കേ അറിയാം, സ്കൂളിലും നാട്ടിലും അവന്റെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിന്നിട്ടുള്ളവൻ ആണ് ഞാൻ. അവന്റെ അച്ഛന് ഒരുപാട് ബിസിനസും ഒക്കെ ഉള്ളത് കൊണ്ട്, അവൻ റിച്ചാ.

എടാ, ഇത്രേം ബിയർ കൊണ്ട് പോകുന്നത്, സേഫ് ആണോടെ?, എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത് കൊണ്ട് ഗോകുൽ ചോദിച്ചു. ഈ പാതിരാത്രി കാട്ടുമുക്കിൽ ആരാടാ ചെക്കിങ്ങിന് വരാൻ, വന്നാൽ തന്നെ നമ്മടെ പോലീസ് അല്ലെ സെർവ് ആൻഡ് പ്രോട്ടക്ട്, നമ്മൾ സെർവ് ചെയ്യുന്നു അവർ പ്രോട്ടക്ട് ചെയ്യുന്നു. നിന്റെ തലക്ക് ശരിക്ക് കേറിയിട്ടുണ്ട്, നിർത്തിക്കോ! എനിക്ക് രാത്രി മുഴുവൻ വണ്ടി ഓടിക്കാൻ ഉള്ളതാ, എങ്ങാനും ഉറങ്ങിപ്പോയാൽ... വല്ല കൊക്കയിലും പോയി വീഴും, എടാ?! നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?.. ഒരു മൂളൽ മാത്രമായിരുന്നു മറുപടി, അവൻ കുടിച്ച ബിയർ കുപ്പി ഉരുണ്ട്  എന്റെ ഇടത്തെ കാലിൽ തട്ടി നിന്നു.

ഇനിയൊരു എസ് ഷേപ്പിൽ ഉള്ള കയറ്റമാണ്, ഗോകുൽ ഗൂഗിൾ മാപ്പിലേക്ക് നോക്കി. തേർഡ് ഗിയറിലേക്ക് ഷിഫ്റ്റ്‌ ചെയ്തു, കാർ ഒരു ഞരക്കത്തോടെ കയറ്റം കയറാൻ തുടങ്ങി. ഒരു സൈഡിൽ കാടും മറു സൈഡിൽ കൊക്കയും, പരിചയം ഇല്ലാത്ത റൂട്ട് ആയതു കൊണ്ട് ഗോകുൽ വളരെ ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത്. കയറ്റത്തിന് മുകളിൽ എത്തിയതും കാർ ഓഫ്‌ ആയി, താഴേക്ക് ഉരുളാൻ തുടങ്ങി, ശ്രീജേഷ് നല്ല മയക്കത്തിലാണ്, എതിരെ വലിയ വണ്ടികൾ ഒന്നും വരല്ലേയെന്ന് ഗോകുൽ പ്രാർത്ഥിക്കുകയായിരുന്നു. അത്യാഹിതം ഒന്നും സംഭവിക്കാതെ കാർ പതുക്കെ ഉരുണ്ട് കാടിനോട് ചേർന്ന് ഒരു വളവിൽ നിന്നു . എന്താടാ വണ്ടി നിന്നെ?... ശ്രീജേഷ് മയക്കത്തിൽ നിന്ന് ഉണർന്ന് ചോദിച്ചു. ഗിയർ മാറിപ്പോയടാ! ഹസാർഡ് ലൈറ്റ് ഓൺ ചെയ്ത്, ഗോകുൽ പറഞ്ഞു. നിന്റെ ഒരു കാര്യം ഞാൻ ആയിരുന്നെങ്കിൽ വണ്ടി തല കുത്തി മറിഞ്ഞേനെ!! ശ്രീജേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഗോകുലേ അത് നോക്ക്, \"സ്റ്റെല്ല വളവ്\"  റോഡ് സൈഡിലെ സൈൻ ബോർഡ്‌ ചൂണ്ടി ശ്രീ പറഞ്ഞു , നീ വാ വളയുമോന്ന് നോക്കാം, ശ്രീജേഷ് പൊട്ടിച്ചിരിച്ചു. ശ്രീ നീ ചുമ്മാതിരി!... സൈൻ ബോർഡിൽ നോക്കി ഗോകുൽ പരിഭ്രമത്തോടെ പറഞ്ഞു. എന്താടാ?  നീ എന്താ വിയർക്കുന്നെ? ശ്രീജേഷ് ചോദിച്ചു.നമുക്ക് ആ വിഷയം വിടാം.... ഗോകുൽ ഒരു ചിരി വരുത്തി പറഞ്ഞു.



ഞാൻ ഒന്ന്  മുള്ളിയേച്ച്   വരാം, ഗോകുൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ശ്രീജേഷ് കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി സൈൻ ബോർഡിന്റെ അടുത്തേക്ക് നടന്നു. ഗോകുൽ സീറ്റിന് താഴെ വെച്ചിരുന്ന വെള്ള കുപ്പി തുറന്ന് രണ്ട് കവിൾ കുടിച്ചു. ശ്രീജേഷ് തിരിച്ചു വരാൻ സമയം എടുക്കുംതോറും ഗോകുലിന്റെ നെഞ്ചിടിപ്പ്  കൂടുകയായിരുന്നു   .   നീ എന്താടാ വിളറി ഇരിക്കുന്നത്, സുഖമില്ലേ? കാറിലേക്ക് കയറി ഇരിക്കുമ്പോൾ ശ്രീജേഷ് ചോദിച്ചു. ഒന്നുമില്ലെടാ... , നമുക്ക് പോകാം ഇഗ്നിഷൻ ഓൺ ചെയ്യാൻ മുതിർന്ന ഗോകുലിനെ  തടഞ്ഞ  ശ്രീജേഷ് , ആരാ സ്റ്റെല്ല?!.

ഗോകുൽ അവനെ  നോക്കി  നെടുവീർപ്പിട്ടു ,  ഇവിടെ വർഷങ്ങൾക്ക് മുൻപ് ഒരു കൊലപാതകം നടന്നിരുന്നു.... ഡ്രൈവർ ചേട്ടന്മാർ പറഞ്ഞ് കേട്ടിട്ടുള്ളതാ... എനിക്ക് ഈ സൈൻ ബോർഡ്‌   കണ്ടപ്പോഴാ ഓർമ വന്നത്!! ഗോകുൽ  പറഞ്ഞ് നിർത്തി. ഇവളെയാണോ കൊന്നത് ശ്രീ ചോദിച്ചു. ഗോകുൽ തലയാട്ടി, അതിന് ശേഷം ഇതിലൂടെ  പോകുന്നവർക്ക്  പല എക്സ്പീരിയൻസും ഉണ്ടായിട്ടുണ്ട്. ഓ സ്റ്റെല്ല യുടെ പ്രേതം! അല്ലെ... ശ്രീ ചിരിച്ചു . ഈ വളവിൽ എത്തുമ്പോൾ വണ്ടികൾ ഓഫ്‌ ആയി പോകും, ഗോകുൽ പറഞ്ഞു . നീ റോങ്ങ്‌ ഗിയർ ഇട്ടതു കൊണ്ടല്ലേ നമ്മുടെ വണ്ടി ഓഫായത്.   അതെ....  , മറ്റു പലതും കേട്ടിട്ടുണ്ട്. എന്ത്? ശ്രീ കോട്ടുവായിട്ടു . വണ്ടിയുടെ റിയർ വ്യൂ മിററിൽ നോക്കി സ്റ്റെല്ലേ വാ... സ്റ്റെല്ലേ വാ... എന്ന് പറഞ്ഞാൽ അവൾ ബാക്ക് സീറ്റിൽ വന്നിരിക്കും , അവളെ കണ്ണാടിയിൽ മാത്രമേ നോക്കാവു. അതെന്താ നേരിട്ട് നോക്കിയാൽ?.. ശ്രീജേഷ് കളിയാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. നേരെ നോക്കിയവർ ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു!! ഗോകുൽ പറഞ്ഞു.

സ്റ്റെല്ല ഒരു പാവം പെണ്ണായിരുന്നു, ഇവിടെ അടുത്തുള്ള ഒരു മുതലാളിയുടെ മകൻ അവളെ പ്രണയം നടിച്ചു വശത്താക്കി, അവസാനം തലയിൽ ആകും എന്ന് തോന്നിയപ്പോ, അയാളും  കൂട്ടുകാരനായ ഡ്രൈവറും  കൂടെ ഒരു ദിവസം രാത്രി കാറിൽ അവളെ ഇവിടെ കൊണ്ട് വന്നു, ചെന്നൈ കൊണ്ട്  പോയി  അവളെ കല്യാണം കഴിക്കാം  എന്നായിരുന്നു മുതലാളിയുടെ മകന്റെ വാഗ്ദാനം. ഇവിടെ വെച്ച് അയാളും  കൂട്ടുകാരനും  കാറിൽ ഇരുന്ന് നന്നായി മദ്യപിച്ചു. അപകടം  മണത്ത  സ്റ്റെല്ല  കാറിന്റെ ഡോർ തുറന്ന്   കാട്ടിലേക്ക് ഓടി.... എന്നാൽ അവർ രണ്ടു പേരും കൂടെ  അവളെ  ഓടിച്ചിട്ട് പിടിച്ചു. വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തെങ്കിലും തന്നെ വെറുതെ വിടണമെന്ന് സ്റ്റെല്ല അപേക്ഷിച്ചെങ്കിലും അവന്മാർ രണ്ടും കൂടെ അവളെ കഴുത്ത് ഞെരിച്ച് കൊന്ന്, കാട്ടുവള്ളിയിൽ കുരുക്കി മരത്തിൽ കെട്ടി തൂക്കി.

എന്നിട്ട് അവന്മാരെ പോലീസ് പിടിച്ചോ? ശ്രീജേഷ് ചോദിച്ചു. പോലീസ് അവരെ പിടിച്ചു, പക്ഷെ കാശിന്റെ ബലത്തിൽ ജീവപര്യന്തം ഒഴിവാക്കി രണ്ട് പേരും മൂന്ന് വർഷത്തിന് അകം ജയിലിന് പുറത്തിറങ്ങി, സ്റ്റെല്ലക്കു വേണ്ടി കേസ്  നടത്താൻ ആരും ഇല്ലാതിരുന്നതും കാരണമായി.  അതായിരിക്കും അവൾ ഇവിടെ ഒക്കെ ഓടി നടക്കുന്നത്... ശ്രീജേഷ് പൊട്ടിച്ചിരിച്ചു, പ്രേതവും പിശാച് ഒക്കെ ഉണ്ടെങ്കിൽ, ഞാൻ ഇപ്പൊ ഒരുപാട് തവണ ചത്തേനെ, ശ്രീജേഷ് സീറ്റിലേക്ക് ചാരിക്കിടന്നു.

നമുക്കൊന്ന് നോക്കാം, റിയർ വ്യൂ മിറർ അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് ശ്രീജേഷ്  ചോദിച്ചു .  എന്ത്? ഗോകുൽ അവനെ ചോദ്യഭാവത്തിൽ നോക്കി . സ്റ്റെല്ല മോളെ വാ... എടി സ്റ്റെല്ലേ വാടി... ശ്രീജേഷ് കണ്ണാടിയിൽ നോക്കി പറഞ്ഞു കൊണ്ടിരുന്നു. ഗോകുൽ തലയിൽ കൈ വെച്ച് പോയി. പത്തു നിമിഷത്തേക്ക് അവർ ഒന്നും മിണ്ടിയില്ല ശ്രീ മിററിലേക്ക് തന്നെ നോക്കിയിരുന്നു...., അവന് കാറിന്റെ ബാക്ക് സീറ്റ്‌ വ്യക്തമായി കാണാമായിരുന്നു.   സീ മിസ്റ്റർ ഗോകുൽ സ്റ്റെല്ലയും വന്നില്ല അവളുടെ  കുഞ്ഞമ്മയും  , മിറർ ഗോകുലിന് നേരെ തിരിച്ചു കൊണ്ട് ശ്രീജേഷ് പറഞ്ഞു. ഗോകുലിന് അപ്പോഴാണ് ശ്വാസം നേരെ വീണത്.ഒരു ഉറപ്പിന് ഗോകുൽ  തിരിഞ്ഞ്  ബാക്ക് സീറ്റിലേക്ക്  നോക്കി. അവർ പരസ്പരം നോക്കി ചിരിച്ചു.

എടാ നീയാ വെള്ള കുപ്പി ഇങ്ങു തന്നെ, ഗോകുൽ കുപ്പിയെടുത്ത്  ശ്രീജേഷിന്     നേരെ നീട്ടി.      ക്ടാക്ക്.... ക്ടാക്ക്.... കാറിന്റെ ഡോർ തുറന്ന പോലെ ഒരു ശബ്ദം കേട്ട് രണ്ടു പേരും സ്തബ്ദ്ധരായി, ഗോകുലിന്റെ കൈയിൽ നിന്നും വെള്ളക്കുപ്പി താഴെ വീണു, പരിഭ്രമത്തോടെയും ഭീതിയോടും കൂടെ അവർ  പുറകിലേക്ക്  കണ്ണ് പായിച്ചു . ഗോകുൽ ഏങ്ങി നിന്ന് ബാക്ക് ഡോർ ലോക്ക്ഡ് ആണെന്ന് ഉറപ്പ് വരുത്തി , തോന്നിയതാ ഗോകുൽ പറഞ്ഞു. ശ്രീജേഷിന് എന്തോ വിശ്വാസം ആകാത്ത പോലെ.... വണ്ടിയെടുക്ക് നമുക്ക് വേഗം പോകാം, താഴെ വീണ വെള്ളക്കുപ്പിയെടുത്ത് തുറന്ന്, ശ്രീ വായിലേക്ക് കമിഴ്ത്തി.നീ പേടിക്കണ്ടടാ ഞാൻ ഇല്ലേ കൂടെ, ഗോകുൽ കാർ സ്റ്റാർട്ട്‌ ചെയ്തു. കാർ മുന്നോട്ട് കുതിക്കുമ്പോൾ, തങ്ങൾക്ക് ചുറ്റും ഇരുട്ടിന് കനം വെക്കുന്നതായി ഗോകുലിന് തോന്നി.




എടാ ഗോകുലേ, എടാ?! ശ്രീജേഷ് വിളിച്ചു. ഏഹ്? എന്താ,  ഗോകുൽ ചോദിച്ചു. എത്ര നേരമായി  നിന്നെ വിളിക്കുന്നു  , നിനക്കെന്താ ബോധം ഇല്ലേ. അല്ലെട ശ്രീ, ഞാൻ  ആലോചിക്കുകയായിരുന്നു  , ഇത് വരെ ഒരു വണ്ടിയും നമ്മളെ കടന്ന് പോയില്ല, അതുമല്ല നേരത്തെ കാടെങ്കിലും കാണാമായിരുന്നു, ഇപ്പൊ ഇരുട്ട് മാത്രം ചുറ്റിനും. നിന്റെ കണ്ണും അടിച്ചു പോയാ, കുറെ നേരം ലൈറ്റിൽ നോക്കി ഡ്രൈവ്   ചെയ്യുകയല്ലേ അതു  കൊണ്ടാണ്   ചുറ്റും  ഇരുട്ടായി തോന്നുന്നത് ശ്രീ പറഞ്ഞു .നീ നോക്ക്,  ജി. പി. എസ്   ഇപ്പോഴും ആ വളവിൽ തന്നാ.... ഗോകുൽ ഹോൾഡറിൽ വെച്ചിരിക്കുന്ന മൊബൈലിലേക്ക് ചൂണ്ടി . ശ്രീജേഷ് മുന്നോട്ട് ആഞ്ഞു മൊബൈൽ സ്ക്രീനിലേക്ക് നോക്കി, എടാ അത് സിഗ്നൽ ഇല്ല... അതാണ്.ഗോകുൽ ആകെ ആസ്വസ്ഥനായിരുന്നു, എന്നാലും  അവൻ  അത് പുറത്തു കാണിച്ചില്ല.

ശ്രീജേഷ് സൈഡ് വിൻഡോയിലൂടെ ഇരുട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു. എടാ... ഗോകുൽ.... നീ പറഞ്ഞു വരുന്നത് നമ്മൾ ഇപ്പോഴും ആ വളവിൽ തന്നാണെന്നാണോ... ശ്രീജേഷ് ഭയത്തോടെ ഗോകുലിനെ നോക്കി. അതെന്താ..... അതെന്താടാ... നീ അങ്ങിനെ പറഞ്ഞത്? ഗോകുലിന്റെ ശബ്ദം ഇടറിയിരുന്നു. ഞാൻ നോക്കിയപ്പോ.....വീണ്ടും ആ സൈൻ ബോർഡ്‌ കണ്ട പോലെ തോന്നി ശ്രീജേഷ് പറഞ്ഞൊപ്പിച്ചു . അത്... അത് വേറെ സൈൻ ബോർഡ്‌ ആയിരിക്കും? ഗോകുലിന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞിരുന്നു.

എടാ എനിക്ക് ഉറപ്പാ നമ്മൾ അവിടെ തന്നെ പെട്ടിരിക്കുകയാ, ഞാൻ ഇപ്പൊ വീണ്ടും ആ സൈൻ ബോർഡ്‌ കണ്ടു \"സ്റ്റെല്ല വളവ് \"ശ്രീജേഷ് കണ്ണ് മിഴിച്ച് പുറത്തേക്ക് നോക്കികൊണ്ടിരുന്നു. എടാ എന്താടാ ഗോകുലേ നടക്കുന്നെ?! നീ എന്താ മിണ്ടാത്തത്?.ഗോകുലിന്റെ മുഖത്ത് ഒരു ചിരി പടർന്നിരുന്നു. നീ ചിരിക്കുവാണോ, നിനക്ക് ഇതൊക്കെ തമാശയായിട്ടാണോ തോന്നുന്നെ,  ശ്രീജേഷിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

എടാ അവൾക്ക് എല്ലാം അറിയാം, എല്ലാം... ഗോകുലിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ താഴോട്ട് ഒഴുകാൻ തുടങ്ങി. ആർക്ക്? എന്തറിയാമെന്ന്? നീ എന്തൊക്കെയാ ഗോകുലേ പറയുന്നേ. എടാ അവൾ നമ്മളെ വിടില്ലെടാ, ശ്രീ വിടില്ല ഗോകുൽ കൈ കൊണ്ട് ഒഴുകി വന്ന കണ്ണുനീർ തുടച്ചു , എന്തിനെയോ ഭയന്ന് അവൻ ശ്രീയുടെ അടുത്തേക്ക് നീങ്ങിയിരുന്നു, എന്നെ രക്ഷിക്കടാ ശ്രീ,  ഗോകുൽ കരഞ്ഞു കൊണ്ട് ചുറ്റും നോക്കി . നീയിത് എന്ത് ഭ്രാന്താണ് കാണിക്കുന്നത്..... കാർ തനിയെ ഓടുകയാണ്  ശ്രീജേഷ് വാ   പൊളിച്ച്  നോക്കിയിരുന്നു .

 ശ്രീ അവൾ......നമ്മോടൊപ്പമുണ്ട്  സ്റ്റെല്ല!!!   ഗോകുൽ അത് പറഞ്ഞതും അവനെ ആരോ കഴുത്തിനു പിടിച്ച്  വലിച്ച പോലെ,  അവൻ ഡ്രൈവേഴ്സ് സീറ്റിലേക്ക് തെറിച്ചു വീണു. എന്ത് ചെയ്യണമെന്നറിയാതെ  ശ്രീജേഷ് ഇരിക്കുമ്പോൾ കാറിന് അകത്തെ ലൈറ്റുകൾ ഓഫ്‌ ആയി.കാർ അപ്പോഴും ഓടുന്നുണ്ടായിരുന്നു.  നേരിയ വെളിച്ചത്തിൽ ശ്രീജേഷിന് ഗോകുലിനെ  കാണാമായിരുന്നു. എടാ ഗോകുലേ..... പതിഞ്ഞ സ്വരത്തിൽ ശ്രീ വിളിച്ചു, ഗോകുലിന്റെ കൈകൾ ഇപ്പോഴും സ്റ്റീറിങ്ങിൽ ഉണ്ട്. വിറക്കുന്ന കൈകളോടെ ശ്രീജേഷ് ഗോകുലിനെ തൊടാൻ   മുന്നോട്ടാഞ്ഞു. കാറിന് അകത്തെ ലൈറ്റുകൾ രണ്ടും മിന്നി കത്താൻ തുടങ്ങി. ശ്രീജേഷ് കണ്ട കാഴ്ച ഭയാനകമായിരുന്നു. ഡ്രൈവേഴ്സ് സീറ്റിൽ നിന്ന് താഴേക്ക് നീളത്തിൽ മുടി പോലെ എന്തോ ഒന്ന് ഊർന്നു കിടക്കുകയാണ്, അവൻ നോക്കി നിൽക്കേ ഗോകുലിൻറെ സീറ്റിനു പുറകിൽ ഒരു മുഖം   അനാവൃതമായി  , മിന്നിതെളിയുന്ന ലൈറ്റിൽ അതൊരു സ്ത്രീയാണെന്നും അവളുടെ ചുവന്ന കണ്ണുകൾ തന്നെയാണ് നോക്കുന്നതെന്നും ശ്രീജേഷിന് മനസിലായി. ശ്രീജേഷ് ഭയപ്പാടോടെ ഡാഷ്   ബോർഡിന്    മൂലയിലേക്ക് ഞെട്ടി മാറി. അവളുടെ നീണ്ട നഖങ്ങൾ ഉള്ള വിരലുകൾ ഗോകുലിന്റെ സീറ്റിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്, ഗോകുൽ ഒരു യന്ത്രത്തെ പോലെ, അവന്റെ രണ്ടു കൈകളും  സ്റ്റീറിങ്ങിൽ  . എടാ എഴുന്നേക്കട... ഗോകുലേ, ഭയവിഹ്വലനായി ശ്രീജേഷ് കരയാൻ തുടങ്ങി, അവൻ കാറിന്റെ ഡോർ തുറക്കാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഗോകുലിന്റെ കഴുത്ത് പുറകിലേക്ക് മടങ്ങി... ആ സ്ത്രീ അവന്റെ ചെവിയിൽ എന്തോ മന്ത്രിച്ചു .ഒരു തരം പൂപ്പലിന്റെ ഗന്ധം കാറിൽ നിറഞ്ഞു. നിമിഷങ്ങൾക്ക് ഉള്ളിൽ ശ്രീജേഷ് നോക്കി നിൽക്കെ അവൾ അപ്രത്യക്ഷയായി, ഗോകുലിന്റെ  കാൽ ആക്‌സെലിറേറ്ററിൽ അമർന്നു.

 അരികിലുള്ള കാടുകൾ ഒരു മിന്നായം പോലെ പുറകിലേക്ക് പായുന്നത് ശ്രീജേഷ് കണ്ടു, അവൻ ശ്രമപ്പെട്ട് സീറ്റിലേക്കു കയറിയിരുന്നു, എടാ ബ്രേക്ക്‌ ചവിട്ടെടാ!!.. ഗോകുലേ, അവൻ അലറി വിളിച്ചു. സമനില വീണ്ടെടുത്ത ഗോകുൽ ബ്രേക്കിൽ കാൽ അമർത്തിയെങ്കിലും, കാർ വലിയൊരു ശബ്ദത്തോടെ, ഒരു മരത്തിൽ ഇടിച്ചു നിന്നു.കാറിലെ ലൈറ്റ് സാധാരണപോലെ കത്തുന്നുണ്ടായിരുന്നു. കാട്ടിനുള്ളിൽ എവിടെയോ ഒരു കാലൻ കോഴി കൂവി.



പ്രഭാത സവാരിക്ക് ശേഷം റിട്ടയേർഡ് എ. ഡി. ജി. പി സൈമൺ വീട്ടിലെത്തിയപ്പോൾ രാവിലെ 6 മണിയായിരുന്നു. ഗേറ്റിന് മീതെ വെച്ചിരുന്ന പത്രവും എടുത്ത്, അദ്ദേഹം ഗാർഡനിലേക്ക് നടന്നു. ഗാർഡനിലെ സിമന്റ്‌ ബെഞ്ചിൽ ഇരുന്ന്, പത്രം തുറക്കുമ്പോൾ ജോലിക്കാരൻ പതിവ് തെറ്റിക്കാതെ ചായയുമായി വന്നു. \"കൈസേ ഹോ രാമു?\" സൈമൺ ചിരിച്ചു കൊണ്ട് തന്റെ ജോലിക്കാരനോട്‌ ചോദിച്ചു. \"ടീക് സാബ്\", രാമു ചായ കപ്പ്  സൈമണിന് നേരെ നീട്ടി. \"സാബ് കമ്മിഷണർ സാബ് നെ ഫോൺ കിയാ\", ഫോൺ നീട്ടിക്കൊണ്ട് രാമു പറഞ്ഞു. \"ടീക് ഹ രാമു, തും ജാവോ\", ഫോൺ വാങ്ങി ബെഞ്ചിൽ വെച്ച് സൈമൺ പറഞ്ഞു.  സർവീസിൽ  ഉള്ളപ്പോൾ തന്നെ രാമു തന്റെ കൂടെയുണ്ട്, പൂനെ സ്വദേശിയാണ്. ചായ കുടിച്ചു കൊണ്ട് സൈമൺ പത്രം തുറന്നു, കേരളത്തിൽ ക്രൈം റേറ്റിന് ഒരു കുറവുമില്ല, കേരളത്തിലേക്ക് മറ്റു സ്റ്റേറ്റുകളിൽ നിന്ന് വരുന്ന ലേബർസിന് ഒരു പരിധി വരെ ഒക്കെ അതിൽ വ്യക്തമായ റോൾ ഉണ്ടെങ്കിലും, പലയിടത്തും ഫോഴ്‌സിന്റെ  പെർസെന്റജ്  ആണ്  വില്ലൻ,  പോപ്പുലേഷൻ കൂടുന്തോറും, ക്രമസമാധാനം പാലിക്കാനുള്ളത്ര ഫോഴ്സ് ഇല്ലെങ്കിൽ ഭാവിയിൽ അതൊരു വലിയ  ചാലെൻജ്  ആയി മാറും.കേരളത്തിൽ നടന്നിട്ടുള്ള പല സെൻസേഷണൽ കേസുകൾക്കും തുമ്പ് ഉണ്ടാക്കുകയും, കുറ്റവാളിക്ക് തക്ക ശിക്ഷയും വാങ്ങി കൊടുത്തിട്ടുള്ളയാളാണ് റിട്ടയേർഡ് എ. ഡി. ജി. പി സൈമൺ, അത് കൊണ്ട് തന്നെ അദ്ദേഹത്തെ റിട്ടയേർഡ് എന്ന് വിളിക്കാനും പറ്റില്ല. ഫോഴ്‌സിൽ പറയുംപോലെ  വൺസ് ,  എ പോലീസ് മാൻ  ആൾവേസ്, എ പോലീസ് മാൻ.

സൈമൺ പത്രം മടക്കി താഴെ വെച്ച് മൊബൈൽ ഫോൺ എടുത്തു. ഗൗരവമുള്ള എന്തെങ്കിലും വിഷയം ഇല്ലാതെ, കമ്മിഷണർ തന്നെ വിളിക്കില്ല എന്ന് സൈമണിന് ഉറപ്പുണ്ട്. \"ഹലോ സർ ഗുഡ് മോർണിംഗ്\" അങ്ങേ തലക്കൽ കമ്മീഷണർ രമാകാന്ത്  കമ്മ്യൂണിക്കേഷൻ ലോഗ്സ് അനലൈസ് ചെയുന്ന തിരക്കിലായിരുന്നു, \"ഹലോ സൈമൺ, ഗുഡ് മോർണിംഗ്\", എന്തൊക്കെയുണ്ട് വിശേഷം, കമ്മീഷണർ തന്റെ നോർത്ത് ഇന്ത്യൻ അക്‌സെന്റിൽ സൈമണോട് ചോദിച്ചു. \"ഫൈൻ സർ\", സൈമൺ പറഞ്ഞു. ലുക്ക്‌ സൈമൺ ഒരു ഇൻസിഡന്റ് ഉണ്ടായിട്ടുണ്ട്, സ്റ്റെല്ല മർഡർ   കേസും അത് കഴിഞ്ഞ് സംഭവിച്ചതുമെല്ലാം
സൈമണ് ഓർമ കാണുമല്ലോ?.. ഞാൻ വിചാരിച്ചു നിങ്ങൾക്ക് ഇന്റെരെസ്റ്റ്‌ ഉണ്ടാകുമെന്ന്, വിചിത്രമായ ഒരു കേസ്സ്, സ്റ്റെല്ലയുടേത് പോലെ തന്നെ.സൈമണിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു... \"ഷുവർ സർ, ഹാവ് എ ഗുഡ് ഡേ സർ\", എന്ന് പറഞ്ഞൊപ്പിച്ച് സൈമൺ ഫോൺ കട്ട്‌ ചെയ്തു. സൈമൺ പത്രമെടുത്ത് വിശദമായി ഒന്ന് കൂടെ മറിച്ചു നോക്കി പാലോട് റോഡിൽ വാഹന അപകടങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല, അതായത് പ്രെസ്സ് അറിഞ്ഞിട്ടില്ല, അത് നന്നായി. സ്റ്റെല്ല കേസ് തന്റെ  കേരിയറിലെ  ഒരു കറുത്ത അദ്ധ്യായം ആണെന്ന്  പറയാം, സൈമൺ ബെഞ്ചിലേക്ക് ചാരിയിരുന്നു, 8  വർഷങ്ങൾക്ക്  മുൻപ് നടന്ന ആ കേസ് അദ്ദേഹം ഓർത്തെടുത്തു.

സമൂഹത്തിലെ ധനികന്മാർക്ക് എതിരെ നിൽക്കുന്നവർക്ക് ഒരു പാഠം എന്നോണം,  സ്റ്റെല്ലയെന്ന സാധു യുവതിയെ  കുബേര പുത്രനായ കനകരാജും അയാളുടെ ഡ്രൈവറായ മുരുകനും കൂടെ കഴുത്ത്     ഞെരിച്ച് കൊന്ന് റോഡ് അരികിലെ മരത്തിൽ  കെട്ടി തൂക്കിയ കേസ്   , സ്റ്റെല്ലയുടെ വയറ്റിൽ വളരുന്ന കനകരാജിന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണം എന്ന സ്റ്റെല്ലയുടെ ആവശ്യമായിരുന്നു കനകരാജിനെ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. കേരള തമിഴ്നാട് അതിർത്തിയിൽ നിന്ന് ഞങ്ങളുടെ സ്പെഷ്യൽ ടീം രണ്ട് പേരെയും അറസ്റ്റ് ചെയ്യുമ്പോൾ, കനകരാജും മുരുകനും മദ്യത്തിൽ മുങ്ങി കാറിൽ കിടന്നുറങ്ങുകയായിരുന്നു . തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി രണ്ടു പേരെയും ജീവപര്യന്തം തടവിന് വിധിച്ചു. അന്ന്    കോടതി വരാന്തയിൽ വെച്ച് കനകരാജ് ചിരിച്ചു കൊണ്ട്  എന്നോട് പറഞ്ഞു, സാർ ഈ ഓടിയതൊക്കെ വെറുതെയാകും, കൂടി വന്നാൽ 3 വർഷം അതിനുള്ളിൽ ഞങ്ങൾ രണ്ടാളും ജയിലിൽ നിന്നിറങ്ങി ഓടി നടക്കുന്നത് സാറിന് കാട്ടിത്തരാം. അതേ പോലെ തന്നെ സംഭവിച്ചു. കേസിന്റെ വിധി വന്നപ്പോൾ എന്നെയും എന്റെ ടീമിനെയും പ്രകീർത്തിച്ച മീഡിയ, അവന്മാർ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ  ഞങ്ങളെ പറയാത്തതായി ഒന്നും ഇല്ല.  നിയമത്തോടും നിയമ വ്യവസ്ഥയോടും പുച്ഛം തോന്നിയ ദിവസങ്ങൾ, അന്നേ വരെ താൻ കെട്ടിപ്പടുത്ത ഇമേജ് ഒരു കേസ് കൊണ്ട് ഇല്ലാതായി.താൻ സർവീസിൽ ഇരിക്കെ തന്നെയാണ്, കനകരാജും മുരുകനും അവർ സ്റ്റെല്ലയെ കൊല ചെയ്ത അതേ സ്പോട്ടിൽ വെച്ച് അപകടത്തിൽ പെടുകയും മരിക്കുകയും  ചെയ്യ്തത്  . ഒരുപാട് മിസ്സിംഗ്‌ ലിങ്ക്സ് ഉള്ള വിചിത്രമായ ഒരു അപകടം ആയിരുന്നു അത്, വിചിത്രം എന്ന് പറയുമ്പോ ടൈം, പ്ലേസ്, അവർ മരിച്ച രീതി എല്ലാം, ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം കുഴക്കുന്നതും അതിശയിപ്പിക്കുന്നതും.

സൈമണിന്റെ മൊബൈൽ ഫോൺ ശബ്ദിച്ചു, ഹെഡ്  കോൺസ്റ്റബിൾ ശിവനാണ്. \"ഗുഡ് മോർണിംഗ് സാർ\". \"ഗുഡ് മോർണിംഗ്\". കമ്മീഷണർ സാർ വിളിച്ചിരുന്നു... ജീപ്പ് വിടണോ സാർ? ശിവൻ ചോദിച്ചു. \"പിക്ക് മി അപ്പ്‌ ഇൻ ഹാഫ് ആൻ അവർ ശിവൻ\", സൈമൺ പറഞ്ഞു.



സൈമണിന്റെ  വീടിന്റെ ഗേറ്റിന് പുറത്ത് ജീപ്പ്  പാർക്ക്‌ ചെയ്ത്, കോൺസ്റ്റബിൾ ശിവൻ  ജീപ്പിൽ നിന്ന് ഇറങ്ങി നിന്നു.  നൈറ്റ്‌ പട്രോളിംഗിന്റെ ഷീണം അയാളുടെ മുഖത്തുണ്ടായിരുന്നു, മിക്കപ്പോഴും ഇങ്ങിനെ തന്നെയാണ് ഷിഫ്റ്റ്‌ തീരുന്നതിനു മുൻപ് എന്തെങ്കിലും അവിചാരിതമായി സംഭവിക്കും,  ഇന്നും അത് തന്നെ  സംഭവിച്ചു  .സൈമൺ സർ ഗേറ്റ് തുറന്ന് പുറത്തേക്ക് വന്നു, ഇപ്പോഴും നല്ല ചുറുചുറുക്കുള്ള ശരീര പ്രകൃതം 50 വയസ് കഴിഞ്ഞെന്നെ പറയില്ല. \"ജയ് ഹിന്ദ് സാർ\". \"ജയ് ഹിന്ദ്\", ഗേറ്റ്  അടച്ച് സൈമൺ ജീപ്പിനടുത്തേക്ക് ചെന്നു. നമുക്ക് പോകാം.. സാറിന് ജീപ്പിന്റെ ഡോർ തുറന്ന്കൊടുത്ത് ശിവൻ ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു.

< തുടരും >

സ്റ്റെല്ല വളവ് ( അവസാനം )

സ്റ്റെല്ല വളവ് ( അവസാനം )

3.8
1220

എന്തൊക്കെയുണ്ട് ശിവൻ?, സൈമൺ ചോദിച്ചു. നല്ല വിശേഷങ്ങൾ സാർ, ജീപ്പ് സ്റ്റാർട്ട്‌ ആക്കുന്നതിന് ഇടയിൽ പുഞ്ചിരിച്ചു കൊണ്ട് ശിവൻ പറഞ്ഞു. ആരാണ് കണ്ടത്?, സൈമൺ ചോദിച്ചു. ഞങ്ങൾ 5 മണിയോട്  അടുത്ത്  പട്രോളിംഗ് കഴിഞ്ഞ് തിരിച്ചു  വരികയായിരുന്നു. അപ്പോഴാണ് മരത്തിൽ ഇടിച്ചു നിക്കുന്ന കാർ കണ്ടത്... രണ്ട് പയ്യന്മാർ ആയിരുന്നു കാറിൽ.സംശയാസ്‌പദമായി എന്തെങ്കിലും?, സൈമൺ ചോദിച്ചു. കാറിന്റെ ഫ്രണ്ട് പാടെ തകർന്നിരുന്നു,, ഒറ്റ നോട്ടത്തിൽ ബ്രേക്ക്‌ ഫെയ്‌ലർ  കൊണ്ട്  ഉണ്ടായ ഒരു അപകടം, കയറ്റം ഇറങ്ങി വരുമ്പോൾ ഒരു കാറിന് സാമാന്യം നല്ല സ്പീഡ് കാണും ശിവൻ പറഞ്ഞു. അവരുടെ ബോഡി മാറ്റിയോ?.