Aksharathalukal

നീലനിലാവേ... 💙 - 3

ലാസ്റ്റ് ഹൗർ ക്ലാസ്സ്‌ ഇല്ലാതിരുന്നത് കൊണ്ട് സമയം മൂന്ന് മണിയോട് അടുത്തപ്പോൾ തന്നെ നിളയും ആരുവും കോളേജിൽ നിന്ന് ഇറങ്ങി.. നിളയുടെ വീട്ടിലേക്ക് പോകുന്ന അതേ വഴിയാണ് ആരു നിൽക്കുന്ന ഹോസ്റ്റൽ.. അതുകൊണ്ട് അവൾ ഉള്ള ദിവസങ്ങളിൽ ഒക്കെയും നിള ദേവിനെ ബുദ്ധിമുട്ടിക്കാതെ നടന്നാണ് പോകാറ്.. പക്ഷേ, ലൊക്കേഷൻ ഷെയർ ചെയ്ത് ഇടാതെ കോളേജിൽ നിന്ന് ഇറങ്ങുകയോ.. വിളിച്ച് പറയാതെ ആ കോളേജ് ഗേറ്റ് കടക്കുകയോ ചെയ്യരുത് എന്ന് ദേവിന്റെ ഓർഡർ ഉണ്ട് അവൾക്ക്.. അതുകൊണ്ട് തന്നെ എപ്പോഴത്തെയും പോലെ കോളേജ് ഗേറ്റ് കടക്കും മുൻപ് ഇറങ്ങി എന്ന് ദേവിനെ വിളിച്ച് അറിയിക്കാനും അവൾ മറന്നില്ല...

""" ടീ... """ എന്തോ ഓർത്ത് നടക്കുന്ന നിളയുടെ തോളിൽ ആരു ഒന്ന് തട്ടി...

""" എന്താടി ? """ നിള അവളുടെ മുഖത്തേക്ക് നോക്കി...

""" ഞാനൊരു കാര്യം ചോദിക്കട്ടെ...? """

""" എന്ത് കാര്യം ? """ നിള നെറ്റിചുളിച്ചു...

""" അല്ല.. ഇത്രയും കാലത്തിനിടക്ക് ദേവേട്ടന്റെ അച്ഛനും അമ്മയും എപ്പോഴെങ്കിലും നിന്നെ ഫോൺ വിളിച്ചിട്ടുണ്ടോ ? """ സംശയത്തോടെയുള്ള അവളുടെ ചോദ്യം കേൾക്കെ അതുവരെ ഉണ്ടായിരുന്ന പ്രകാശം ഒന്നാകെ നിളയുടെ മുഖത്ത് നിന്ന് മായ്ഞ്ഞു...

""" ഇല്ല... """ മുഖം കുനിച്ച് അവൾ മുന്നോട്ട് നടന്നു...

""" ദേവേട്ടനെയോ ? """

""" അറിയില്ല... """ ഒറ്റ വാക്കിൽ അവൾ മറുപടിയൊതുക്കി.. ആരു ഒന്ന് മൂളി.. നിളയ്ക്ക് നെഞ്ചിലൊരു നീറ്റൽ അനുഭവപ്പെട്ടു.. ചെറുപ്പത്തിൽ എപ്പോഴോ കണ്ട് മറന്ന രണ്ട് മുഖങ്ങൾ അവളുടെ ഉള്ളിൽ തെളിഞ്ഞു.. ഒപ്പം തന്റെ കൈയ്യിൽ പിടിച്ച് നടന്നൊരു കുഞ്ഞിചെക്കന്റെ ' നിളാ ' എന്ന നീട്ടിയുള്ള വിളിയും.. വേദനയാർന്നൊരു ചിരി അവളുടെ ചുണ്ടുകളിൽ വിരിയവെ ആരുവിന്റെ കൈ അവളുടെ കൈയ്യിൽ പിടിച്ചു...

""" ഒന്നുമില്ലെടി... """ മുഖമുയർത്തി ഒരു പുഞ്ചിരിയോടെ നിള കണ്ണ് ചിമ്മി.. അപ്പോഴേക്കും നടന്ന് നടന്ന് അവർ ദേവിന്റെ കടയുടെ അടുത്ത് എത്തിയിരുന്നു.. റോഡിലേക്ക് ഇറങ്ങി ഫോണും പിടിച്ച് നിൽക്കുന്ന ദേവിനെ കാൺകെ അതുവരെ ഉണ്ടായിരുന്ന വിഷമം എല്ലാം മനസ്സിൽ നിന്ന് വിട്ടകലുന്നത് അവളറിഞ്ഞു.. നടന്ന് വരുന്ന ദിവസങ്ങളിൽ എന്നും ഈ നിൽപ്പും നോട്ടവും പതിവാണ്.. താൻ ഒരു നിമിഷം വൈകിയാൽ മതി.. രണ്ടുപേരുടെ കണ്ണുകൾ റോഡിലേക്ക് പിരിമുറുക്കത്തോടെ നീളും.. അതിൽ ഒരാളുടെ നോട്ടം എല്ലാവരും കാണച്ചെ ആണെങ്കിൽ.. മറ്റൊരാളുടെ നോട്ടം ആരെയും അറിയിക്കാതെയാണ്...

""" എന്താ നേരത്തെ ഇറങ്ങിയെ? """ അവൾ തൊട്ടടുത്ത് എത്തിയതും അവളുടെ മുഖത്തെ വിയർപ്പ് മുണ്ടിന്റെ അറ്റം ഉപയോഗിച്ച് തുടച്ച് കൊടുത്ത് കൊണ്ട് ദേവ് അന്വേഷിച്ചു...

""" ലാസ്റ്റ് ഹൗർ ക്ലാസ്സ്‌ ഇല്ലായിരുന്നു... """ അവൾ കടയിൽ നിൽക്കുന്ന വിനുവിനെ നോക്കി ചിരിച്ചു...

""" മ്മ്മ്.. ആ ബാഗിൽ ഇരിക്കുന്ന കുടയൊന്ന് എടുത്ത് പിടിച്ചൂടെ നിനക്ക്? """ ചോദിക്കുന്നതിനൊപ്പം തിരിഞ്ഞ് കടയിലേക്ക് കയറി സൈഡിൽ ഇരിക്കുന്ന ചുവരലമാരയിൽ നിന്ന് ഒരു ഒറിയോ ബിസ്‌ക്കറ്റ് എടുത്ത് അവൻ അവളുടെ അടുത്തേക്ക് ചെന്നു...

""" അത്ര വെയിലൊന്നുമില്ല... """ അവൾ ബിസ്ക്കറ്റ് അവന്റെ കൈയ്യിൽ നിന്ന് വാങ്ങാനായി കൈ നീട്ടിയെങ്കിലും അവൻ അവളെ തിരിച്ച് നിർത്തി ബാഗിന്റെ സിബ് തുറന്ന് ബിസ്ക്കറ്റ് അതിനുള്ളിലേക്ക് വെച്ച് കൊടുത്തിട്ട് മറ്റൊരു അറ തുറന്ന് കുട പുറത്തേക്ക് എടുത്തു...

""" ഇതും കൊണ്ട് പോയാൽ മതി.. വെയില് കൊണ്ട് വല്ല അസുഖവും വരുത്തി വെച്ചാൽ അടി മേടിക്കും നീ എന്റെ കൈയ്യിൽ നിന്ന്... """ കുട നിവർത്തി അവളുടെ കൈയ്യിലേക്ക് കൊടുത്തിട്ട് അവൻ ആരുവിനെ നോക്കി...

""" ആരവി ഇന്ന് എന്തേ വീട്ടിലേക്ക് പോകാത്തെ? """

""" ഓ.. രണ്ട് ദിവസത്തേക്ക് ഒക്കെ പോയിട്ട് എന്നാത്തിനാ?!, ദേവേട്ടാ.. എനിക്കൊന്നും വയ്യ ബസ്സിൽ കയറി അങ്ങ് വരെ പോകാൻ... """ മുഷിച്ചിലോടെ അവൾ പറയുന്നത് കേട്ട് അവൻ ചിരിച്ചു...

""" എന്നാ നിങ്ങള് ചെല്ല്.. സൂക്ഷിച്ച് പോകണം.. വീട്ടിൽ എത്തിയാൽ ഉടൻ എന്നെ വിളിക്കാൻ മറക്കരുത്... """ രണ്ട് പേരോടും ആയി പറഞ്ഞ ശേഷം അവൻ നിളയെ നോക്കി ഗൗരവത്തോടെ അറിയിച്ചു.. നിള ശരിയെന്ന മട്ടിൽ തലയൊന്ന് അനക്കിയിട്ട് മുന്നോട്ട് നടന്നു.. ഒപ്പം ആരും ശ്രദ്ധിക്കാത്ത വിധം അവളുടെ കണ്ണുകൾ അടുത്തെ വർക്ക്‌ഷോപ്പിന് ഉള്ളിലേക്ക് ഒന്ന് നീണ്ടു.. അവിടെ തന്നെ തന്നെ നോക്കി നിൽക്കുന്ന വിശ്വയെ നോക്കി അവളൊന്ന് ചിരിച്ചു.. അതേ നിമിഷം അവൻ അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മിയതും നിള ആരുവിന്റെ കൈയ്യും പിടിച്ച് റോഡ് ക്രോസ് ചെയ്ത് മുന്നോട്ട് നടന്നു...

""" നിളാ, ഞാനൊരു സംശയം ചോദിച്ചോട്ടെ ? """ അൽപ ദൂരം പിന്നിട്ടതും നിളയുടെ തോളിൽ തോണ്ടി ഒരിളിയോടെ ആരു ആരാഞ്ഞു...

""" എന്തേ? """ ഇടക്ക് ഇടക്ക് അവൾക്ക് ഇങ്ങനെ സംശയം ചോദിക്കൽ ഉള്ളത് ആയതിനാൽ നിളയ്ക്ക് വലിയ ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല.. എന്തെങ്കിലും ചെറിയ കാര്യമാകും ചോദിക്കാൻ പോകുന്നത്.. എന്നാൽ അനുവാദം ചോദിച്ചിട്ട് മാത്രമേ കുട്ടി ചോദിക്കൂ എന്ന് മാത്രം.. അതിപ്പോ നീ ചോദിക്കണ്ട എന്നെങ്ങാനും പറഞ്ഞാലും അവൾ അത് ചോദിച്ചിരിക്കും എന്നത് മറ്റൊരു സത്യം...

""" അല്ലടി.. വേറൊന്നുമല്ല.. ഈ വിനുവേട്ടൻ ദേവേട്ടനെക്കാളും ഇളയതല്ലേ.. പിന്നെന്തിനാ നിങ്ങടെ കൂടെ കൂടിയെ? വേറെ ഫ്രണ്ട്സ് ഒന്നും ഇല്ലായിരുന്നോ ? """ താടിയിൽ വിരൽ വെച്ച് ആരു ആലോചിക്കും പോലെ മുകളിലേക്ക് നോക്കി...

""" അതിനെ പറ്റി കൂടുതലൊന്നും എനിക്കറിയില്ല.. അവര് ഒരുമിച്ചായിരുന്നു.. അത്രേ അറിയൂ... """ നിള ബാഗ് ഒന്ന് തോളിലേക്ക് കയറ്റി ഇട്ടു...

""" എടി, മൊണ്ടീ !!!!!!............ """ പെട്ടന്നാണ് സൈക്കിൾ ഓടിച്ച് അതുവഴി പോയ ഒരുവൻ ഉച്ചത്തിൽ അത് വിളിച്ചത്.. കേട്ട നിമിഷം തന്നെ നിളയുടെ കാലൊന്ന് തെന്നി.. തൊണ്ടയിൽ കുരുങ്ങി പോയൊരു ശബ്ദത്തോടെ മുന്നോട്ട് വീഴാൻ പോയവളെ ആദ്യത്തെ ഞെട്ടൽ മാറിയതും ആരു വേഗം താങ്ങി പിടിച്ചു...

""" ടാ !!!!! """ പുച്ഛ ചിരിയോടെ തിരിഞ്ഞ് നോക്കി സൈക്കിൾ ഓടിച്ച് പോകുന്നവനെ നോക്കി ആരു ഉള്ളിൽ നുരഞ്ഞ് പൊന്തുന്ന ദേഷ്യത്തോടെ അലറി.. നിള പെട്ടന്ന് അവളുടെ കൈയ്യിലെ പിടി മുറുക്കി...

""" വേണ്ട, ആരൂ.. പോകാം... """ തലയുയർത്തി നോക്കാതെ പറഞ്ഞ ശേഷം അവളുടെ കൈ വിട്ട് ഒന്ന് നിവർന്നു നിന്നിട്ട് നിള മുന്നോട്ട് നടന്നു.. ആരുവിന്റെ കണ്ണുകൾ കലങ്ങി.. സൈക്കിൾ ഓടിച്ച് പോയവനിൽ നിന്ന് നോട്ടം മാറ്റി അവൾ ആരെയും നോക്കാതെ വേഗത്തിൽ നടന്ന് പോകുന്ന നിളയെ ഒന്ന് നോക്കി.. ഒപ്പം അവളുടെ വലം കാലിലേക്കും...

""" നിൽക്ക്, നിളാ.. ഞാനുമുണ്ട്... """ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങാൻ വെമ്പിയ കണ്ണുനീരിനെ തുടച്ച് നീക്കി ഒരു നിമിഷം പോലും പാഴാക്കാതെ ആരു അവൾക്ക് പിന്നാലെ ഓടി...

                              🔹🔹🔹🔹

സന്ധ്യയ്ക്ക് കടയടച്ച് വിജയന്റെ വീട്ടിലേക്ക് ചെന്നതാണ് ദേവ്.. വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയപ്പോൾ തന്നെ അവൻ കണ്ടു.. മുറ്റത്ത് നിന്ന് ചെടിയ്ക്ക് വെള്ളം ഒഴിക്കുന്ന വിജയനെ.. അവൻ അയാളെ നോക്കിയൊന്ന് ചിരിച്ചു...

""" വാ, ദേവാ... """ അയാൾ ഹോസ് താഴെയിട്ട് പൈപ്പ് അടച്ച് അവനരികിലേക്ക് ചെന്നു...

""" വാടക... """ അവൻ കൈയ്യിലെ കാശ് അയാൾക്ക് നേരെ നീട്ടി...

""" നീ വാ... """ മുണ്ടിൽ കൈ തുടച്ച് അയാൾ ഉമ്മറത്തേക്ക് കയറി.. പിന്നാലെ ദേവും...

""" ഇരിക്കടാ... """ ഉമ്മറത്തെ ലൈറ്റ് ഇട്ട് അവിടെ കിടക്കുന്ന കസേര നീക്കി വിജയൻ അതിലേക്ക് ഇരുന്നു... ദേവ് മുണ്ട് താഴ്ത്തിയിട്ട് അയാൾക്ക് മുന്നിലെ ചാരുപടിയിലേക്ക് ഇരുന്ന് അയാളെ ചോദ്യഭാവത്തിൽ നോക്കി.. വിജയൻ ഒന്ന് ചിരിച്ചു...

""" പറയുന്നത് കൊണ്ടൊന്നും തോന്നരുത്, ദേവാ.. ഒരു ആറ് മാസം കൂടി കഴിഞ്ഞാൽ എന്റെ മകളുടെ വിവാഹനിശ്ചയമാണ്.. കടയുടെ വാടക നീ ഇത്രയും തന്നാൽ മതി.. പക്ഷേ, വീടിന്റെ വാടക എനിക്ക് അത് പോര.. ഏഴായിരം എന്നൊക്കെ പറയുന്നത് വളരെ കുറവാണ് ആ വീടിന്.. നിന്റെ അവസ്ഥ മനസ്സിലാക്കി തന്നെയാണ് ഞാൻ അന്ന് ആ കാശിന് വീട് തന്നത്.. എന്നാലിപ്പോ... """ അയാളൊന്ന് നിർത്തി.. ദേവ് ഉമിനീരിറക്കി.. പ്രതീക്ഷിച്ചതാണ്.. എന്നെങ്കിലും ഇങ്ങനെയൊരു ആവശ്യം അയാളിൽ നിന്നുണ്ടാകുമെന്ന്.. എന്നാൽ... അത് ഇത്രയും പെട്ടന്ന് ഉണ്ടാകും എന്നവൻ കരുതിയതല്ല...

""" എനിക്കൊരു പത്തെങ്കിലും കിട്ടണം, ദേവാ... പന്ത്രണ്ട് ആയിരുന്നു മനസ്സിൽ.. പക്ഷേ, നിന്റെ ബുദ്ധിമുട്ട് ഓർത്ത് ഞാൻ അത് പത്തിൽ ഒതുക്കിയതാണ്.. അതും പറ്റില്ലെങ്കിൽ നീ നാളെ തന്നെ പെങ്ങളെയും വിളിച്ച് വേറെ വീട്ടിലേക്ക് മാറിയേക്ക്... """ ഇനിയൊന്നും പറയാനില്ലെന്ന പോലെ അയാൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

""" ചേട്ടാ, ഞാൻ... """ അയാൾക്കൊപ്പം എഴുന്നേറ്റ് ദേവ് എന്ത് പറയുമെന്ന് അറിയാതെ കുഴഞ്ഞു.. പെട്ടന്ന് വാടക കൂടുതൽ ചോദിച്ചാൽ.. എങ്ങനെയാണ്.. കടയിൽ നിന്ന് കിട്ടുന്ന വരുമാനം കടയുടെ വാടകയും വീട്ട് വാടകയും കൊടുക്കുമ്പോൾ തന്നെ പകുതി തീരും.. പിന്നെയുള്ളത് വീട്ടുചിലവിനും പെട്രോൾ അടിക്കാനും കടയുടെ ആവശ്യങ്ങൾക്കും ഒക്കെയുള്ള കാശാണ്.. കുഞ്ഞുവിനൊരു ഉടുപ്പ് വാങ്ങി കൊടുത്തിട്ട് തന്നെ കാലം എത്രയായി.. ഓർക്കെ അവന് തലപെരുത്തു.. പെട്ടന്ന് വിളിച്ച് ഇങ്ങനെ ഒക്കെ പറഞ്ഞാൽ എന്ത് ചെയ്യാനാണ്.. അവൻ വിജയനെ ഒന്ന് നോക്കി...

""" ചേട്ടാ, പത്ത്.. പത്തെന്ന് ഒക്കെ പറയുന്നത്... """

""" എനിക്ക് ഇനി ഒന്നും പറയാനില്ല, ദേവാ.. നീ കാശ് തന്നിട്ട് പോകാൻ നോക്ക്... """ അയാളുടെ ശബ്ദം ഗൗരവത്തിലായി.. പിന്നെയൊന്നും പറയാതെ ദേവ് കൈയ്യിലെ കാശ് അയാളുടെ കൈയ്യിലേക്ക് കൊടുത്തു.. വിജയൻ ആളൊരു കർക്കശക്കാരനാണ്.. ആ നാട്ടിലെ ഏക പ്രമാണി.. ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ ആര് വന്ന് എന്ത് പറഞ്ഞാലും അയാൾക്ക് ആരോടും ഒരു ദയയും തോന്നില്ല.. പുറമേ പ്രകടിപ്പിച്ചില്ലെങ്കിൽ പോലും ഒരു പുച്ഛത്തോടെയാണ് പണ്ടുമുതൽ അയാൾ തനിക്ക് താഴെയുള്ള ഓരോരുത്തരെയും മനസ്സിൽ കാണുന്നത്.. അതുകൊണ്ട് തന്നെ ഇനി അയാളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി അവൻ ഒരു നെടുവീർപ്പോടെ തിരിഞ്ഞ് മുറ്റത്തേക്കുള്ള പടികൾ ഇറങ്ങി...

""" പറഞ്ഞത് മറക്കണ്ട.. അടുത്ത മാസം മുതൽ രണ്ടിന്റെയും വാടക കൃത്യദിവസം എനിക്ക് കിട്ടണം!... """ ഒരു ഓർമ്മപ്പെടുത്തൽ പോലെ പറഞ്ഞിട്ട് അയാൾ അകത്തേക്ക് കയറി പോയി.. ദേവ് ഗേറ്റ് അടച്ച് പുറത്തേക്ക് ഇറങ്ങി.. ഇനിയെന്ത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല അവന്.. ബൈക്കിലേക്ക് കയറി വണ്ടി മുന്നോട്ട് എടുക്കുമ്പോൾ എന്തിനോ.. അവന്റെ കണ്ണുകളൊന്ന് നിറഞ്ഞു.. ഒറ്റ നിമിഷം കൊണ്ട് ആരോരുമില്ലാതെ പെരുഴയിൽ ആയത് പോലെ.. താങ്ങി പിടിക്കാൻ പോലും ഒരു കൈയ്യില്ലാത്തത് പോലെ.. അവന് നെഞ്ച് വിങ്ങി.. കലങ്ങി മറിയുന്ന മനസ്സുമായി അവൻ പുഴക്കര ലക്ഷ്യമാക്കി വണ്ടിയോടിച്ചു...

                              🔹🔹🔹🔹

വിളക്ക്‌ വെച്ച ശേഷം വാതിൽ അടച്ചിട്ട് ഇറയത്ത് ബുക്ക് തുറന്ന് വെച്ച് അതിലേക്ക് നോക്കി ഇരിക്കുകയായിരുന്നു നിള.. നേരം ഇത്രയായിട്ടും ദേവിനെ വീട്ടിലേക്ക് കാണാതെ അവളുടെ കണ്ണുകൾ പലപ്പോഴായി ജനാലയിലൂടെ പുറത്തേക്ക് നീളുന്നുണ്ട്.. ഒരുപാട് തവണ വിളിച്ച് നോക്കിയെങ്കിലും അവൻ എടുക്കാത്തത് കാരണം ദേഷ്യത്തോടെ അവൾ ഫോൺ മാറ്റി വെച്ചു...

""" എന്നോട് ഇരുപത്തിനാല് മണിക്കൂറും എത്തിയാൽ വിളിച്ച് പറയണം.. പോയാൽ വിളിച്ച് പറയണം.. എന്നൊക്കെ പറയനറിയാം.. എന്നാൽ അവനൊന്ന് ഫോൺ എടുക്കാനോ എന്താ വൈകുന്നതെന്ന് വിളിച്ച് പറയാനോ പറ്റില്ല.. അലവലാതി.. ചെറ്റ!... """ പിറുപിറുത്ത് കൊണ്ട് ബുക്ക് മടിയിൽ നിന്ന് എടുത്ത് മാറ്റി അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. അതേ സമയം ഉമ്മറത്ത് നിന്നൊരു ശബ്ദം കേട്ട് അവൾ സംശയത്തോടെ ജനാലയുടെ അടുത്തേക്ക് ചെന്ന് വെളിയിലേക്ക് നോക്കി...

വിദൂരതയിലേക്ക് നോക്കി ഉമ്മറപടിയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്ന വിശ്വയെ കാൺകെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ഉള്ള് നിറഞ്ഞ സന്തോഷത്തോടെ വേഗം ചെന്ന് വാതിലിന്റെ പൂട്ട് ഇളക്കി അവൾ പുറത്തേക്ക് ഇറങ്ങിയതും ശബ്ദം കേട്ട് വിശ്വ സിഗരറ്റ് നിലത്തേക്ക് ഇട്ട് കാല് നീട്ടി അവ ചവിട്ടി കെടുത്തിയിട്ട് മുഖമൊന്ന് അമർത്തി തുടച്ചു.. നിളയുടെ കണ്ണ് കൂർത്തു...

""" ഞാൻ അതിന്റെ മണം ശ്വസിക്കാൻ പോലും പാടില്ല.. പക്ഷേ, നിനക്ക് ഇരുന്ന് വലിച്ച് കയറ്റാം.. അല്ലേടാ, വിശ്വഭദ്രാ... ""' ഇടുപ്പിൽ കൈ കുത്തി അവൾ അവനടുത്തേക്ക് ചെന്നു.. മറുപടി പറയാതെ അവനൊന്ന് ചിരിച്ച് കൊണ്ട് തിരിഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് തന്റെ അടുത്തേക്ക് ഇരുത്തി.. ചുണ്ട് കൂർപ്പിച്ച് അവൾ അവന്റെ മുഖത്തേക്ക് നോക്കി...

""" കഴിച്ചോ? """ അവളുടെ കാലൊന്ന് നീട്ടി വെയ്പ്പിച്ച ശേഷം അവളെ ഒരു കൈയ്യാൽ ചേർത്ത് പിടിച്ച് അവൻ തിരക്കി...

""" പാലും കുടിച്ച് ബിസ്ക്കറ്റും തിന്നു... """ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു...

""" എന്തേ മുഖത്തൊരു വാട്ടം ? """ എങ്ങോ നോക്കി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് ഒന്ന് തലതാഴ്ത്തി നോക്കി കൊണ്ട് അവൻ അവളുമായി പിന്നിലെ സിമന്റ്‌ കൈവരിയിലേക്ക് ചാരി.. അവളൊന്നും മിണ്ടിയില്ല...

""" കുഞ്ഞൂ... """ അവളുടെ മൗനം കാൺകെ അവളുടെ നെറ്റിയിൽ കവിൾ അമർത്തി അവൻ മെല്ലെ വിളിച്ചു...

""" എന്നെ അന്ന് ഒരുത്തൻ മൊണ്ടീന്ന് വിളിച്ചില്ലേ.. അവൻ പിന്നെയും എന്നെ അങ്ങനെ വിളിച്ചു, ഭദ്രാ... """ താഴ്ന്ന ശബ്ദത്തിൽ അവന്റെ നെഞ്ചിൽ ചൊതുങ്ങി ഇരുന്ന് അവൾ പറഞ്ഞു.. അത്രയും നേരം നേർത്ത ചിരിയോടെ ഇരുന്ന അവന്റെ മുഖത്തെ ചിരി അത് കേട്ട നിമിഷം മായ്ഞ്ഞു.. മുഖം മുറുകി...

""" എന്റെ കാല് ഇങ്ങനെ ആയി പോയത് എന്റെ കുറ്റമാണോ?, ഭദ്രാ.. ഞൊണ്ടി നടക്കണത് അത്ര മോശാ ? എനിക്ക് ഇഷ്ടാവണില്ല അവനെ.. എന്തിനാ അവൻ എന്നെ അങ്ങനെ വിളിക്കുന്നെ? """ കൊച്ച് കുട്ടിയെ പോലെ നിഷ്കളങ്കമായ അവളുടെ ചോദ്യം അവനിൽ ഒരേ സമയം നോവും ദേഷ്യവും നിറച്ചു... നിയന്ത്രിക്കാൻ ആകാത്ത വിധം അവ ഉള്ളിലാകെ പടരവെ കണ്ണുകൾ മുറുക്കി അടച്ച് അവൻ അവളുടെ നെറ്റിയിൽ തന്റെ ചുണ്ട് അമർത്തി.. വിതുമ്പലോടെ നിള കണ്ണുകൾ അടച്ചു.. അവളുടെ കണ്ണുകളിൽ നിന്നൊഴുകി ഇറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവന്റെ കൈയ്യിലേക്ക് ഇറ്റു വീണു...

""" ഇനി അവൻ വിളിക്കില്ല, നിളാ... """  ചുണ്ടുകൾ വേർപെടുത്തി അവളുടെ കവിളിനെ നനയ്ച്ചിറങ്ങിയ മിഴിനീർ തുടച്ച് മാറ്റുമ്പോൾ അവനിൽ നിന്ന് പുറത്തേക്ക് വന്ന വാക്കുകൾ അത്ര മാത്രമായിരുന്നു...









തുടരും.........................................









Tanvi 💕



നീലനിലാവേ... 💙 - 4

നീലനിലാവേ... 💙 - 4

4.3
1523

പുഴക്കരയിലെ പുല്ലിൻ മേൽ കിടക്കുന്ന ഒരു പാറക്കല്ലിൽ മുട്ടിൽ കൈ താങ്ങി ഇരുന്ന് ദേവ് അകലേക്ക്‌ നോട്ടമെയ്തു.. അവന്റെ അടുത്തായിരുന്ന് കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തുന്ന നേരം അനി അവനെയൊന്ന് നോക്കി...\"\"\" എന്തെങ്കിലും പ്രശ്നമുണ്ടോ?, ദേവാ... \"\"\" അനിയുടെ അടുത്ത് ഇരുന്ന് ബീഫ് വായിലേക്ക് ഇടുന്ന കൂട്ടത്തിൽ ദേവിന്റെ വീടിന് കുറച്ച് അപ്പുറത്തായി താമസിക്കുന്ന, അവിടെ എത്തിയതിൽ പിന്നെ അവർക്ക് കിട്ടിയ സുഹൃത്തുക്കളിൽ ഒരുവനായ ജിതേഷ് ചോദിച്ചു...\"\"\" ഒന്നുമില്ലടാ... \"\"\" ദേവ് മുഖമൊന്ന് കൈ ഉയർത്തി തുടച്ചിട്ട് അനി ഒഴിച്ച് വെച്ചതിൽ ഒരു ഗ്ലാസ് എടുത്ത് വെള്ളം ഒഴിക്കാതെ വായ