നീലനിലാവേ... 💙 - 4
പുഴക്കരയിലെ പുല്ലിൻ മേൽ കിടക്കുന്ന ഒരു പാറക്കല്ലിൽ മുട്ടിൽ കൈ താങ്ങി ഇരുന്ന് ദേവ് അകലേക്ക് നോട്ടമെയ്തു.. അവന്റെ അടുത്തായിരുന്ന് കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തുന്ന നേരം അനി അവനെയൊന്ന് നോക്കി...
\"\"\" എന്തെങ്കിലും പ്രശ്നമുണ്ടോ?, ദേവാ... \"\"\" അനിയുടെ അടുത്ത് ഇരുന്ന് ബീഫ് വായിലേക്ക് ഇടുന്ന കൂട്ടത്തിൽ ദേവിന്റെ വീടിന് കുറച്ച് അപ്പുറത്തായി താമസിക്കുന്ന, അവിടെ എത്തിയതിൽ പിന്നെ അവർക്ക് കിട്ടിയ സുഹൃത്തുക്കളിൽ ഒരുവനായ ജിതേഷ് ചോദിച്ചു...
\"\"\" ഒന്നുമില്ലടാ... \"\"\" ദേവ് മുഖമൊന്ന് കൈ ഉയർത്തി തുടച്ചിട്ട് അനി ഒഴിച്ച് വെച്ചതിൽ ഒരു ഗ്ലാസ് എടുത്ത് വെള്ളം ഒഴിക്കാതെ വായിലേക്ക് ഒഴിച്ചു.. അനിയുടെ നെറ്റിചുളിഞ്ഞു...
\"\"\" കാര്യം പറയ്, ദേവാ.. എന്താ പ്രശ്നം? \"\"\" അവന്റെ കൈയ്യിൽ നിന്ന് ഗ്ലാസ് തട്ടി പറിച്ച് വാങ്ങി അനി.. സാധാരണ വെള്ളം ഒഴിക്കാതെ എടുത്ത് വായിലേക്ക് കമഴ്ത്തുന്ന ശീലമൊന്നും അവനുള്ളതല്ല.. അല്ലെങ്കിൽ അത്രത്തോളം എന്തെങ്കിലും ടെൻഷൻ വരണം.. അതുകൊണ്ട് തന്നെ അവന്റെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ട് എന്നത് അനിയ്ക്ക് ഉറപ്പായി...
\"\"\" ആ വിജയൻ വാടക കൂട്ടി ചോദിച്ചു... \"\"\" ദേവ് നിലത്ത് നിന്ന് കുപ്പി എടുത്ത് അവന്റെ കൈയ്യിൽ നിന്ന് ഗ്ലാസ് തിരികെ വാങ്ങി...
\"\"\" കൂട്ടിയെന്ന് പറയുമ്പോ? \"\"\" ജിതേഷ് പുരികം ചുളിച്ചു...
\"\"\" പന്ത്രണ്ട് ആണ് അയാൾ ഉദ്ദേശിക്കുന്നത്.. പക്ഷേ, എന്റെ അവസ്ഥ അറിയുന്നത് കൊണ്ട് പത്തിൽ ഒതുക്കാമെന്ന്... \"\"\" കുപ്പിയിൽ ഉള്ള മദ്യം ഗ്ലാസിലേക്ക് പകർന്നൊഴിച്ച് അവൻ ചുണ്ടോട് ചേർത്തു...
\"\"\" അതിപ്പോ പെട്ടന്ന് പറഞ്ഞാൽ എങ്ങനെയാടാ? \"\"\" അനി ആകെ വല്ലാതെയായി...
\"\"\" എനിക്കൊന്നും അറിയില്ല!!.. ആകെ ഉണ്ടായിരുന്നൊരു ജോലിയും പോയി.. ഉണ്ടായിരുന്ന സേവിംഗ്സ് മുഴുവൻ കടവും തീർത്തു.. ഇപ്പൊ... \"\"\" ബാക്കി പറയാനാകാതെ ചുവന്ന കണ്ണുകളോടെ മുടിയിൽ വിരൽ കോർത്ത് വലിച്ച് അവൻ കുനിഞ്ഞിരുന്നു...
\"\"\" ദേവാ... \"\"\" അനി അവന്റെ തോളിൽ കൈ വെച്ചു...
\"\"\" എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നെടാ.. ഒറ്റക്ക്.. ഒറ്റക്ക് ആയിരുന്നെങ്കിൽ ഏതെങ്കിലും ബസ് സ്റ്റോപ്പിൽ എങ്കിലും കയറി കിടന്ന് നേരം വെളുപ്പിച്ചേനെ.. ഇതിപ്പോ.. കൂടെ ഒരു പെണ്ണുണ്ട്.. എന്നെ മാത്രം വിശ്വസിച്ച് ജീവിക്കുന്നൊരുത്തി!! ആ അവളെ ഞാൻ എന്ത് ചെയ്യുമെന്നാ.. കൊണ്ട് കളയാൻ പറ്റുമോ?! എന്റെ... \"\"\" അവന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടി.. അവൻ പൊട്ടി കരഞ്ഞ് പോകുമോ എന്ന് അനി ഒരുവേള സംശയിച്ചു.. അത്രമാത്രം പിരിമുറുക്കവും വേദനയും നിറഞ്ഞിരുന്നു അവന്റെ മുഖത്ത്...
\"\"\" എടാ.. നീ.. നീ ഇങ്ങനെ തളരല്ലേടാ.. ഞങ്ങളൊക്കെ ഇല്ലേ നിനക്ക്?.. നമുക്ക് എന്തെങ്കിലും വഴി കാണാം... \"\"\" ജിതേഷ് എഴുന്നേറ്റ് ചെന്ന് അവനെ ചേർത്ത് പിടിച്ചു...
\"\"\" ഒന്നും.. ഒരു വഴിയും ഇല്ലടാ.. മടുത്തു എനിക്ക്!! എല്ലാം കൊണ്ടും... \"\"\" ജിതേഷിന്റെ കൈ തട്ടി മാറ്റി അവൻ കൈയ്യിലെ കുപ്പി വായിലേക്ക് കമഴ്ത്തി...
\"\"\" ടാ.. ഓവർ ആക്കല്ലേ നീ... \"\"\" അനി വേഗം അവന്റെ കൈയ്യിൽ നിന്ന് കുപ്പി വാങ്ങി...
\"\"\" മതി.. നീ വീട്ടിലേക്ക് ചെല്ല്.. കൊച്ച് അവിടെ ഒറ്റക്കല്ലേ... ഇനി വൈകിക്കണ്ട.. പോ... \"\"\" ജിതേഷ് അവനെ ബലമായി പിടിച്ച് എഴുന്നേൽപ്പിച്ചു.. ദേവ് മറുപടിയൊന്നും പറയാതെ മുണ്ടൊന്ന് മുറുക്കി ഉടുത്തിട്ട് പുഴയുടെ ഭാഗത്തേക്ക് ചെന്ന് കുനിഞ്ഞ് മുഖമൊന്ന് കഴുകിയ ശേഷം തിരിഞ്ഞ് അവർക്ക് അടുത്തേക്ക് ചെന്നു...
\"\"\" നാളെ കാണാം... \"\"\" കൂടുതലൊന്നും പറയാതെ അവൻ ബൈക്കിന്റെ കീയുമായി ഇടവഴിയുടെ അടുത്ത് ബൈക്ക് ഒതുക്കി വെച്ച സ്ഥലത്തേക്ക് നടന്നു...
🔹🔹🔹🔹
വിശ്വയുടെ മടിയിലേക്ക് കാലെടുത്ത് വെച്ച് കളിക്കുടുക്കയും വായിച്ച് ഇരിക്കുകയാണ് നിള.. കൈവരിയിൽ ചാരി ഇരുന്നാണ് അവളുടെ വായന.. അവളുടെ കാല് ഉഴിഞ്ഞ് കൊടുത്ത് കൊണ്ട് ഇപ്പുറത്തെ വശത്തെ കൈവരിൽ ചാരിയാണ് വിശ്വ ഇരിക്കുന്നത്...
\"\"\" വേദനയെന്തെങ്കിലും ഉണ്ടോ?, കുഞ്ഞൂ... \"\"\" കാലിൽ ഉഴിയുമ്പോൾ അവൻ ചോദിച്ചു...
\"\"\" ഏയ്.. വീഴാൻ പോയപ്പോ തന്നെ അവള് പിടിച്ചു.. അതുകൊണ്ട് പ്രശ്നമൊന്നുമില്ല... \"\"\" അവൾ ചിരിച്ചു.. അവനൊന്ന് മൂളി...
\"\"\" ആ മസ്സിലൊന്ന് വിട്, ഭദ്രാ.. അവൻ വരുമ്പോ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ കാര്യം തിരക്കും എന്നോട്.. ഇതെങ്ങാനും അറിഞ്ഞാൽ പിന്നെ അത് മതി.. നീയൊന്ന് കൂൾ ആയിക്കേ... \"\"\" അവൾ അവന്റെ തോളിൽ അടിച്ചു.. ഉള്ളിലെ ദേഷ്യം ഒരു തരി പോലും കുറഞ്ഞില്ലെങ്കിലും അവൾ പറഞ്ഞതിനും വേണ്ടി അവൻ മുഖത്തൊരു ചിരി വരുത്തി ഒന്ന് നിശ്വസിച്ചു.. അതേ നിമിഷം കുറച്ച് അകലെ നിന്ന് ദേവിന്റെ ബൈക്കിന്റെ ഹോൺ കേട്ട് വിശ്വ അവളുടെ കാല് പതിയെ മടിയിൽ നിന്ന് താഴേക്ക് ഇറക്കി വെച്ച് പടിയിൽ നിന്ന് എഴുന്നേറ്റു...
\"\"\" പോവാണോ?, ഭദ്രാ... \"\"\" അവൾ ചുണ്ട് ചുളുക്കി.. വിഷമത്തോടെയുള്ള ആ ചോദ്യം കേൾക്കെ അവനൊന്ന് തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി.. തന്നെ ഉറ്റു നോക്കി ഇരിക്കുന്ന ആ മുഖത്തെ സങ്കടം കണ്ട് അവനൊന്ന് കുനിഞ്ഞ് ആ നെറ്റിയിൽ ഒരിക്കൽ കൂടി ഒരുമ്മ കൊടുത്തു...
\"\"\" നാളെ വരാം... \"\"\" അവളുടെ കവിളിൽ തഴുകി മെല്ലെ പറഞ്ഞ ശേഷം അവൻ തിരിഞ്ഞ് പടികൾ ഇറങ്ങി റോഡിലേക്ക് നടന്നതും ദേവിന്റെ ബൈക്ക് വീടിന് മുന്നിൽ വന്ന് നിന്നതും ഒന്നിച്ചാണ്.. വിശ്വ അവനെയൊന്ന് നോക്കിയിട്ട് വഴിയിൽ ഒതുക്കി വെച്ചിരുന്ന തന്റെ ബൈക്കിലേക്ക് ചെന്ന് കയറി വണ്ടിയെടുത്തു...
അവന്റെ വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതും ദേവ് ബൈക്കിലെ ലൈറ്റ് ഓഫ് ചെയ്ത് ഉമ്മറത്ത് ഇരിക്കുന്ന നിളയെ ഒന്ന് നോക്കിയിട്ട് വണ്ടിയിൽ നിന്ന് ഇറങ്ങി...
\"\"\" നീ എവിടെയായിരുന്നു?, ദേവാ... \"\"\" അവൾ കൈവരിയിൽ പിടിച്ച് എഴുന്നേറ്റ് നിന്നു.. അവൻ മറുപടി പറയാതെ വീടിന് വലത് വശത്തെ പൈപ്പിൽ നിന്ന് കാല് കഴുകി അകത്തേക്ക് കയറി...
\"\"\" നിന്നോടാ ഞാൻ ചോദിച്ചത്... \"\"\" അവൾ അവന്റെ കൈയ്യിൽ പിടിച്ചു...
\"\"\" വാടക കൊടുക്കാൻ പോയിരുന്നു.. നീ കൈ വിട്.. ഞാനൊന്ന് കുളിക്കട്ടെ... \"\"\" അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞ് കൊണ്ട് തന്റെ കൈയ്യിലെ അവളുടെ പിടി വിടുവിച്ച് അവൻ അകത്തേക്ക് നടന്നു.. നിളയുടെ കണ്ണുകൾ ചുരുങ്ങി...
\"\"\" ദേവാ...!! \"\"\" അടുത്ത നിമിഷം ദേഷ്യത്തോടെയുള്ള അവളുടെ ശബ്ദം അവിടെ ഉയർന്നു.. കണ്ണുകളൊന്ന് മുറുക്കി അടച്ച് പോയി അവൻ.. നിള പാഞ്ഞു ചെന്ന് അവന് മുന്നിൽ കയറി നിന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു.. അവൻ കണ്ണ് തുറന്നു...
\"\"\" നീ കുടിച്ചോ? \"\"\" മുഖാമാകെ വലിഞ്ഞു മുറുകിയത് പോലെയുള്ള ഭാവത്തിൽ അവൾ പല്ല് കടിച്ചു...
\"\"\" അത്രയ്ക്ക് ഒന്നുമില്ല.. കുറച്ച്... \"\"\" അവൻ അവളുടെ കൈ തന്റെ ഷർട്ടിൽ നിന്ന് ബലമായി വേർപെടുത്തി മുറിയിലേക്ക് നടന്നു.. നിളയുടെ കണ്ണ് നിറഞ്ഞു...
\"\"\" നീ കുടിക്കില്ലായിരുന്നു, ദേവാ.. പണ്ട്.. പണ്ട് നീ ഇങ്ങനെ ഒന്നും ആയിരുന്നില്ല.. ഇപ്പൊ.. ഇപ്പൊ ഗൗരിയേടത്തി പറഞ്ഞത് സത്യമാണെന്ന് തോന്നുന്നുണ്ട് എനിക്ക്.. നിനക്ക് ഞാൻ വന്നതിൽ പിന്നെയാ ഈ ദുശീലങ്ങൾ ഒക്കെ തുടങ്ങിയത്... \"\"\" കൈയ്യിലെ കളിക്കുടുക്ക കസേരയിലേക്ക് എറിഞ്ഞിട്ട് അവൾ മുറിയിലേക്ക് ഓടി.. അവന്റെ കാലുകൾ നിശ്ചലമായി.. ശില പോലെ അവിടെ നിൽക്കുമ്പോൾ അവന് ശ്വാസം മുട്ടും പോലെ തോന്നി.. തലയാകെ എന്തോ ഒന്ന് കൊണ്ട് ആരോ ശക്തിയിൽ വലിച്ച് പിടിക്കും പോലെ.. \"\"\" എനിക്ക് അമ്മയെ വേണ്ട, ആദിയേട്ടാ.. ഞാൻ ഇനി ആദിയേട്ടന്റെ ഒപ്പം നിന്നോളം.. ഒരു ശല്യവും ഉണ്ടാക്കാതെ.. ആ വീട്ടിലെ ഒരു മൂലയിൽ ഒതുങ്ങി കൂടിക്കോളാം.. പ്ലീസ്, ആദിയേട്ടാ.. എനിക്ക് വേറെ ആരുമില്ല... എന്നെ ഒന്ന് കൂടെ കൂട്ടുമോ? ഞാൻ കാല് പിടിക്കാം... \"\"\" എന്ന് മൂന്ന് വർഷം മുൻപ് തന്റെ മുന്നിൽ നിന്ന് കരഞ്ഞ് പറഞ്ഞൊരു പതിനാറ് വയസ്സുകാരിയുടെ മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു.. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കും പോലെ തോന്നവെ തലയിൽ കൈ താങ്ങി അവൻ അവിടെയുള്ള കസേരയിലേക്ക് ഇരുന്നു.. തെറ്റ് ചെയ്യുന്നുവോ താൻ...?! അത് മാത്രമായിരുന്നു അവന്റെ ഉള്ളിൽ ആ നിമിഷം ഉണർന്ന ചോദ്യം.. തന്നെ വിശ്വസിച്ച്.. തന്നെ മാത്രം ഓർത്ത് കഴിയുന്നവളാണ്.. ആ അവളെ വേദനിപ്പിക്കുകയാണോ താൻ...?! മുഖം പൊത്തി അവനൊന്ന് കുനിഞ്ഞ് ഇരുന്നു.. ഡിഅഡിക്ഷൻ സെന്ററിൽ പോകാൻ മാത്രമുള്ള കുടിയൊന്നും തനിക്കില്ല.. അഡിക്റ്റും അല്ല.. എങ്കിലും.. താൻ കുടിക്കാൻ തുടങ്ങിയത്.. വീട്ടിൽ സമയത്ത് എത്താതിരിക്കാൻ തുടങ്ങിയത്.. ഇവളിവിടെ ഒറ്റക്ക് ആണെന്ന് ഓർക്കാതിരിക്കാൻ തുടങ്ങിയത്.. ഇതൊക്കെ എന്നുമുതലാണ്...? ആലോചനയിൽ മുഴുകി ഏറെ നേരം അവനാ ഇരിപ്പ് തുടർന്നു.. എന്നാൽ എത്ര ഇരുന്നിട്ടും മനസ്സ് ശാന്തമാകുന്നില്ലെന്ന് തോന്നിയതും അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് മുൻവശത്തെ വാതിൽ അടച്ചിട്ട് നിളയുടെ മുറിയിലേക്ക് നടന്നു...
തുറന്ന് കിടക്കുന്ന വാതിലിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അവൻ കണ്ടു.. കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുക്കുന്നവളെ.. വാതിൽക്കൽ നിന്ന് അവൻ അവളെയൊന്ന് നോക്കി.. ഇടയ്ക്കിടെ ഉയരുന്ന ഏങ്ങലിടകളിൽ നിന്ന് അവൾ കരയുകയാണെന്ന് അവന് മനസ്സിലായി.. ഒന്നും മിണ്ടാതെ അവൻ അവൾക്ക് അടുത്തായി കട്ടിലിൽ ചെന്നിരുന്നു...
\"\"\" കുഞ്ഞൂ... \"\"\" അവൻ അവളുടെ നെറുകയിൽ കൈ വെച്ചു...
\"\"\" എന്നെ ആരും തൊടണ്ട... \"\"\" കരച്ചിലിനിടയിലും ദേഷ്യത്തോടെ അവൾ അവന്റെ കൈ തട്ടിയെറിഞ്ഞു.. അവന് ചിരി വന്നു.. ഒടുക്കത്തെ വാശിയാണ് ചെറുപ്പം മുതൽ പെണ്ണിന്.. പണ്ട് മാമ എത്ര കിടന്ന് ഓടിയിട്ടുണ്ട് ഇവൾക്ക് പിന്നാലെ.. എന്തിന് ഈ തന്നെ പോലും ഇട്ട് ഓടിച്ചിട്ടുണ്ട് ഇവള്.. ഓർത്ത് കൊണ്ട് അവൻ അവളുടെ തലയുടെ ഭാഗത്തായി ചെന്നിരുന്നതും അവൾ ചാടി എഴുന്നേറ്റ് കട്ടിലിൽ നിന്ന് ഇറങ്ങി...
\"\"\" ഹാ.. നിളാ... \"\"\" കണ്ണും തുടച്ച് വാതിൽക്കലേക്ക് വേഗത്തിൽ നടന്ന് പോകുന്നവൾക്ക് പിന്നാലെ എഴുന്നേറ്റ് ചെന്ന് അവൻ അവളെ കൈയ്യിൽ പിടിച്ച് നിർത്തി.. അവൾ അവനെ തുറിച്ച് നോക്കി...
\"\"\" സോറി, കുഞ്ഞുവേ... \"\"\" അവളുടെ നോട്ടം കണ്ട് വലത് ചെവിയിൽ പിടിച്ച് കണ്ണൊന്ന് ചുരുക്കി അവൻ പറഞ്ഞതും അവന്റെ നെഞ്ചിൽ കൈ വെച്ച് അവൾ അവനെ പിന്നിലേക്ക് തള്ളി...
\"\"\" നിനക്ക് എന്നെ കുറിച്ച് ഒരു വിചാരവുമില്ല, ദേവാ.. പണ്ടത്തെ എന്റെ ആദിയേട്ടൻ അല്ല നീ ഇന്ന്... ഒത്തിരി.. ഒത്തിരി മാറി പോയി... \"\"\" വിങ്ങുന്ന മുഖത്തോടെ പറഞ്ഞിട്ട് അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. അവന്റെ മുഖം നിർവികാരമായി.. അവളുടെ വാക്കുകൾ.. അവൾ പറഞ്ഞു പോയ ആ വാക്കുകൾ.. അവനൊന്ന് ഓർത്തെടുത്തു.. അതേ.. ശരിയാണ്.. പണ്ടത്തെ ആളെ അല്ല താനിന്ന്.. എവിടെയൊക്കെയോ ആകെയൊരു മാറ്റം.. സ്വഭാവത്തിലും.. രീതികളിലും.. എല്ലാം... മാറി പോയിരിക്കുന്നു... നിറകണ്ണുകളോടെ അവൻ മെല്ലെ ജനാലയുടെ അടുത്തേക്ക് നടന്നു.. എന്തിനായിരുന്നു ദർശീ നീ എന്റെ അടുത്തേക്ക് വന്നത്...?! അച്ഛനും അമ്മയും അനുജനും ഒക്കെ ഉണ്ടായിട്ടും.. എന്നോ തനിച്ചായി പോയ... അല്ലെങ്കിൽ സ്വയം ഈ ഒറ്റപെടൽ സ്വീകരിച്ച.. താമസിക്കാനൊരു വീടല്ലാതെ ഒന്നുമില്ലാത്ത... കൂട്ടിന് ആരുമില്ലാത്ത.. ഈ എന്റെ അരികിലേക്ക് എന്തിനാണ് നീ വന്നത്...? അകലെ കാണുന്ന ചന്ദ്രനെ നോക്കി അവൻ ആരോടെന്നില്ലാതെ മനസ്സിൽ ചോദിക്കെ തോളിൽ ഒരു ഭാരം അറിഞ്ഞ് അവൻ തല ചരിച്ച് തന്റെ വലത് ഭാഗത്തേക്ക് നോക്കി...
\"\"\" എനിക്ക് നീയേ ഉള്ളൂ, ദേവാ.. ഭദ്രൻ പണ്ട് പറഞ്ഞത് പോലെ.. നിനക്ക് ഞാനും.. എനിക്ക് നീയും.. നമുക്ക് അവനും ഉണ്ടെന്ന് കരുതി ജീവിച്ചാൽ തീരും നിന്റെ ഈ വിഷമങ്ങൾ എല്ലാം... \"\"\" നേർത്ത ചിരിയോടെ ആകാശത്തേക്ക് നോക്കി പറഞ്ഞ ശേഷം അവന്റെ കൈയ്യിൽ ചുറ്റി പിടിച്ച് നിള അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ നോട്ടം അവളുടെ മുഖത്ത് തന്നെയായിരുന്നു.. ആദ്യമായാണ് പിണങ്ങി പോയിട്ട് അവൾ ഇങ്ങോട്ട് വന്ന് മിണ്ടുന്നത്.. എന്നവൻ ഓർത്തു..
\"\"\" നീ എന്റെ അടുത്തേക്ക് വരാൻ പാടില്ലായിരുന്നു, നിളാ... \"\"\" അവളെ ഇമചിമ്മാതെ നോക്കി നിൽക്കെ അവന്റെ അധരങ്ങൾ ഉരുവിട്ടു.. അവളുടെ ചിരി മായ്ഞ്ഞു...
\"\"\" ഒന്നുമില്ല എനിക്ക്.. കഷ്ടപ്പെട്ട് പഠിച്ച്.. ആഗ്രഹിച്ച് നേടിയ ജോലി പോയി.. അക്കൗണ്ടിൽ ഉണ്ടായിരുന്ന കാശും തീർന്നു.. എങ്ങനെയാടി ഞാൻ നിന്നെ നോക്കേണ്ടത്? ഉള്ള കാശിന് ഇവിടെ ഒരു കടയിട്ടത് ഇപ്പൊ അബദ്ധം ആയെന്ന് തോന്നാ.. ഈ വീട്.. ഇതിന്റെ വാടക.. ഇവിടുത്തെ താമസം.. നീ ഒപ്പം ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും വഴി തിണ്ണയിൽ കിടന്നെങ്കിലും ഞാൻ കഴിച്ച് കൂട്ടിയേനെ... പക്ഷേ, ഇപ്പൊ... \"\"\" പറഞ്ഞ് വന്നത് നിർത്തി അവളുടെ കൈക്കുള്ളിൽ നിന്ന് അവൻ തന്റെ കൈ വലിച്ചെടുത്തു.. നിള അവനെ തന്നെ നോക്കി.. അസഹിഷ്ണുത നിറഞ്ഞൊരു ഭാവം.. അതാണ് അവൾ അന്നേരം അവനിൽ കണ്ടത്.. അവളുടെ കണ്ണുകൾ കലങ്ങി...
\"\"\" എന്നെ നിനക്ക് ഇഷ്ടമല്ലേ?, ദേവാ... \"\"\" ഉള്ളിൽ നിറയുന്ന നൊമ്പരത്തോടെ അവൾ ആരാഞ്ഞു.. അവൻ അവളെയൊന്ന് നോക്കി...
\"\"\" ഇഷ്ടമുള്ളത് കൊണ്ടാണ് നിന്നെ മൂന്ന് വർഷം മുൻപ് ഞാൻ എന്റെ കൂടെ കൂട്ടിയത്... \"\"\" ചെറിയൊരു ഗൗരവത്തോടെ അവൻ പറഞ്ഞു.. ആ മറുപടിയിൽ അവളൊന്ന് പുഞ്ചിരിച്ചു...
\"\"\" ഇഷ്ടം മാത്രേ ഉള്ളൂ...? \"\"\" ഇന്നോളം ഉത്തരം ലഭിച്ചിട്ടില്ലാത്ത ആ ചോദ്യം അവൾ വീണ്ടുമൊന്ന് അവനോട് ചോദിച്ചു.. മൗനമായി അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.. കൈമുഷ്ടി ചുരുട്ടി പിടിച്ച് സ്വയം നിയന്ത്രിച്ച് അവൾ ഒരു ദീർഘശ്വാസം എടുത്തു...
\"\"\" സാരമില്ല, ദേവാ.. എനിക്ക് മനസ്സിലാകും... \"\"\" ഹൃദയം വരിഞ്ഞു മുറുകും പോലുള്ള വേദന അനുഭവപ്പെടുമ്പോഴും മുഖത്തെ ചിരി മായ്ക്കാതെ അവൾ തിരിഞ്ഞ് നടന്നു പോകുമ്പോൾ ജനൽ കമ്പിയിൽ മുറുകെ പിടിച്ച് അവനൊന്ന് കണ്ണുകളടച്ചു...
തുടരും........................................
Tanvi 💕
നീലനിലാവേ... 💙 - 5
രാവിലെ ദേവ് കുളി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തെ വാതിൽപടിയിൽ ഇരുന്ന് ചായ കുടിക്കുന്ന നിളയെയാണ് കണ്ടത്...\"\"\" ഇതെപ്പോ എഴുന്നേറ്റു ? \"\"\" ഗ്യാസിന്റെ അടുത്തായി അവൾ അടച്ച് വെച്ചിരിക്കുന്ന ചായഗ്ലാസിന് മുകളിലെ അടപ്പ് മാറ്റി ചായ കൈയ്യിലേക്ക് എടുത്ത് അവൻ അവൾക്ക് അടുത്തായി പടിയിൽ ചെന്ന് ഇരുന്നു...\"\"\" കുറച്ച് നേരമായി... \"\"\" ചായ ഊതി ചുണ്ടോട് ചേർത്ത് മറുപടി പറഞ്ഞവൾ അകലേക്ക് നോക്കി.. അവൻ അവളെയൊന്ന് നോക്കി.. വീർത്തിരിക്കുന്ന ആ കൺപോളകൾ കണ്ട് അവൻ ചായ പടിയിലേക്ക് വെച്ചിട്ട് വലം കൈ അവളുടെ തോളിലേക്ക് ഇട്ടു...\"\"\" കുഞ്ഞുവേ... \"\