നീലനിലാവേ... 💙 - 8
ജനാലയിലൂടെ അകത്തേക്ക് പ്രവേശിച്ച പ്രകാശത്തിൽ കൈ ഉയർത്തി മുഖമൊന്ന് മറച്ച ശേഷം അവൾ മെല്ലെ തന്റെ കണ്ണുകൾ ചിമ്മി തുറന്നു.. രാത്രി ഓരോന്ന് ഓർത്ത് ജനലരികിൽ നിന്നിട്ട് ഉറക്കം വരാൻ തുടങ്ങിയപ്പോ കട്ടിലിൽ വന്ന് കിടന്ന നേരം രാവിലെ തുറന്നിട്ട ആ ജനാല അടക്കാൻ മറന്നിരുന്നു എന്ന് അവൾ അപ്പോഴാണ് ഓർത്തത്...
\"\"\" ഭഗവാനേ... \"\"\" കൈകൾ കൂപ്പി പിടിച്ച് നെറ്റിയിൽ നിന്ന് നെഞ്ചിലേക്ക് മുട്ടിച്ച് ഒന്ന് പ്രാർത്ഥിച്ചിട്ട് അവൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു.. സൈഡിൽ ഇരിക്കുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ ഏഴ് മണി ആകുന്നതേയുള്ളുവെന്ന് കണ്ട് അവൾ പിന്നിലെ കട്ടിലിന്റെ തലപ്പിൽ ചാരിയിരുന്ന് ഒന്ന് പുറത്തേക്ക് നോക്കി.. ദേവർകാവിൽ ആയിരുന്ന നാളുകളിൽ ഇതുപോലെ രാവിലെ എഴുന്നേൽക്കുമ്പോൾ ആവി പറക്കുന്നൊരു ചായയുമായി ഗൗരിയേടത്തി മുറിയിലേക്ക് വരുമായിരുന്നു.. എന്നിട്ട് \' സമയം കളയാതെ വേഗം സ്കൂളിൽ പോകാൻ റെഡിയാവാൻ നോക്ക്, കുഞ്ഞൂ... \' എന്ന് പറഞ്ഞ് ധൃതിയിൽ അടുക്കളയിലേക്ക് ഒരു പോക്കും... ഭർത്താവ് പണ്ട് കാര്യസ്ഥനായി നിന്ന വീട്ടിലെ കുട്ടികളായല്ല.. സ്വന്തം മക്കളെ പോലെയാണ് ഏടത്തിയ്ക്ക് ആദിയേട്ടനും താനും.. താൻ അമ്മയുടെയൊപ്പം ആയിരുന്ന കാലത്ത് പോലും ആദിയേട്ടന് ആകെയുള്ള കൂട്ട് ആ കുടുംബം ആയിരുന്നു.. ഓരോന്ന് ഓർത്തിരിക്കെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ട് അവൾ ജനാലയുടെ ഭാഗത്ത് നിന്ന് നോട്ടം മാറ്റി വാതിൽക്കലേക്ക് നോക്കി...
\"\"\" കുഞ്ഞൂ.. എഴുന്നേറ്റോ... \"\"\" മുട്ടലിനൊപ്പം സംശയത്തോടെയുള്ള ആ ചോദ്യവും അവളെ തേടിയെത്തി...
\"\"\" വാതിൽ തുറന്ന് കിടക്കുവാ, ദേവാ.. കയറി വന്നോ... \"\"\" പുതപ്പ് തലവഴി മൂടി അവൾ വീണ്ടും കട്ടിലിലേക്ക് കിടന്നു...
ദേവ് വാതിലിന്റെ പിടിയിൽ പിടിച്ച് തിരിച്ച് അകത്തേക്ക് കയറുമ്പോൾ നിള കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുന്നതാണ് കണ്ടത്.. അവന്റെ കണ്ണൊന്ന് കൂർത്തു...
\"\"\" ഇതൊരു കള്ള ഉറക്കം അല്ലേ?, കുഞ്ഞുവേ... \"\"\" ഫാൻ ഓഫ് ചെയ്ത് അവൾക്ക് അടുത്തേക്ക് ചെന്ന് അവൻ അവളുടെ തലയിൽ നിന്ന് പുതപ്പ് മാറ്റി...
\"\"\" ഹാ.. നിനക്ക് എന്താ?, ദേവാ.. എന്നെയൊന്ന് ഉറങ്ങാനും സമ്മതിക്കില്ലേ... \"\"\" കണ്ണ് തിരുമ്മി അവൾ ഇല്ലാത്ത ഉറക്കപ്പിച്ച് അഭിനയിച്ചു...
\"\"\" ഇല്ലല്ലോ... \"\"\" കിടക്കുന്നവളെ ഇടുപ്പിൽ പിടിച്ച് പൊക്കിയെടുത്ത് കട്ടിലിലേക്ക് ഇരുത്തിയിട്ട് അവൻ അവളുടെ കണ്ണിൽ നിന്ന് കൈ രണ്ടും പിടിച്ച് താഴ്ത്തി...
\"\"\" കണ്ണ് തിരുമ്മരുതെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്... \"\"\" അവൻ അവൾക്ക് അടുത്തേക്ക് ഇരുന്നു...
\"\"\" നീ എന്താ പതിവില്ലാതെ രാവിലെ ഇതിനകത്തോട്ട് കയറി വന്നത്..? സാധാരണ അടുക്കളയിലേക്ക് ആണല്ലോ പോകാറ് ? \"\"\" കാല് രണ്ടും നിലത്തേക്ക് ഇറക്കി വെച്ച് അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി...
\"\"\" അതൊക്കെ പറയാം.. ഇപ്പൊ എന്റെ കുട്ടി പോയി കുളിച്ച് ഈ വേഷമൊക്കെ മാറി വാ.. ഞാൻ അപ്പോഴേക്കും ചായയിടാം... ചെല്ല്.... \"\"\" അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന കുഞ്ഞ് മുടിയിഴകളെ അവളുടെ ചെവിയ്ക്ക് പിന്നിലായി ഒതുക്കി വെച്ച് കൊടുത്തിട്ട് അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു...
അവൻ പോയ വഴിയേ ഒന്ന് നോക്കിയിട്ട് നിള വേഗം എഴുന്നേറ്റ് രാത്രി കിടക്കും മുൻപ് പിന്നിയിട്ട മുടി അഴിച്ച് ബൺ മേശമേൽ വെച്ചിട്ട് അലമാര തുറന്ന് മാറ്റി ഇടാനുള്ള വസ്ത്രവും തോർത്തും എല്ലാം എടുത്ത് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നേരെ കുളിമുറിയിലേക്ക് പോയി...
നിള കുളി കഴിഞ്ഞ് തോർത്തും തലയിൽ കെട്ടി കുളിമുറിയിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ റോഡ് ക്രോസ് ചെയ്ത് തങ്ങളുടെ വീട് ലക്ഷ്യമാക്കി വരുന്ന പഞ്ചമിയെയാണ് കണ്ടത്.. അവളൊന്ന് നിന്നു...
\"\"\" നേരത്തെ എഴുന്നേറ്റോ?, നിളാ... \"\"\" പഞ്ചമി പുഞ്ചിരിയോടെ അവൾക്ക് അടുത്തേക്ക് ചെന്നു...
\"\"\" മ്മ്മ്.. നീ എന്താ രാവിലെ തന്നെ? \"\"\" നിള കൈയ്യിലെ നനഞ്ഞ തോർത്ത് പുറത്തെ അയയിലേക്ക് വിരിച്ച് കൊണ്ട് അവളെ സംശയത്തോടെ നോക്കി...
\"\"\" ഞാൻ ദേവേട്ടനെ ഒന്ന് കാണാൻ വന്നതാ... \"\"\" പഞ്ചമി വീടിന്റെ അകത്തേക്ക് ഒന്ന് പാളി നോക്കി പറഞ്ഞതും നിളയുടെ കണ്ണുകൾ ചുരുങ്ങി...
\"\"\" നിനക്കിപ്പോ അവനെ കണ്ടിട്ട് എന്തിനാ? \"\"\" ഉള്ളിൽ പടർന്ന നീരസം അവളെ അറിയിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ച് കൊണ്ടാണ് നിള അത് ചോദിച്ചത്...
\"\"\" അതെന്താ എനിക്ക് അവനെ കാണാൻ പാടില്ലേ..? \"\"\" പഞ്ചമി ചിരിച്ചു.. നിളയൊന്നും മിണ്ടിയില്ല.. മുന്നിൽ നിൽക്കുന്നവളുടെ കവാലക്കുറ്റി അടിച്ച് തിരിക്കാൻ ഉള്ളത്ര ദേഷ്യം ഉള്ളിൽ നുരഞ്ഞ് പൊന്തുന്നുണ്ടെങ്കിലും അവൾ മുഖത്തൊരു ചിരി വരുത്തി...
\"\"\" കുഞ്ഞൂ... \"\"\" പെട്ടന്ന് വീടിനുള്ളിൽ നിന്ന് ആ വിളി കേട്ട് നിള അലക്കിയ തുണിയും കൂടി അയയിലേക്ക് വിരിച്ചിട്ട് വീട്ടിലേക്ക് കയറി.. അതേ സമയം തന്നെയാണ് ദേവ് അവൾക്കുള്ള ചായയുമായി ഉമ്മറത്തേക്ക് ഇറങ്ങി വന്നത്...
\"\"\" ആഹാ.. പഞ്ചമി എന്താ രാവിലെ തന്നെ? \"\"\" കൈയ്യിലെ ചായ നിളയുടെ കൈയ്യിലേക്ക് കൊടുത്ത് അവൻ മുറ്റത്ത് നിൽക്കുന്ന പഞ്ചമിയെ നോക്കി തിരക്കി...
\"\"\" ഞാൻ ദേവേട്ടനെ കാണാൻ വന്നതാ.. ഇന്ന് കടയിലേക്ക് പോകുന്നില്ലേ?, ദേവേട്ടാ... \"\"\" അവൾ പടികൾ കയറി അവനടുത്തേക്ക് ചെന്നു...
\"\"\" ഉണ്ട്.. പഞ്ചമി ചായ കുടിച്ചോ? \"\"\" കൈയ്യിൽ ഇരിക്കുന്ന ചായയിലേക്ക് വെറുതെ നോക്കി നിൽക്കുന്നവളുടെ കൈയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ഒന്ന് ഊതി അവൻ അവളുടെ ചുണ്ടോട് അടുപ്പിച്ചു...
\"\"\" കുടിച്ചു, ദേവേട്ടാ... \"\"\" ഗ്ലാസ് കൈയ്യിലേക്ക് വാങ്ങാതെ അവന്റെ കൈയ്യിൽ വെച്ച് തന്നെ ചായ കുടിക്കുന്ന നിളയെ ഒന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു...
\"\"\" മ്മ്മ്.. താൻ എന്താ വന്നത്? എന്തെങ്കിലും ആവശ്യമുണ്ടോ? \"\"\" തന്നോട് ചോദിക്കുമ്പോഴും അവന്റെ മുഴുവൻ ശ്രദ്ധയും നിളയിൽ ആണെന്നത് അവളിൽ ചെറിയ ഒരു നീരസം ഉണ്ടാക്കി.. എങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാതെ തന്നെ അവൾ അവന്റെ അടുത്തേക്ക് ഒന്ന് നീങ്ങി നിന്നു...
\"\"\" അങ്ങനെയൊന്നുമില്ല, ദേവേട്ടാ.. ഇന്ന് കടയിൽ പോകും നേരം എന്നെയൊന്ന് ബസ് സ്റ്റോപ്പിൽ ഇറക്കാൻ പറയാൻ വന്നതാ.. ഒന്ന് ടൗണിൽ പോകണമായിരുന്നു... \"\"\" അവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി അവൾ മറുപടി നൽകി...
\"\"\" അയ്യോ.. ഞങ്ങളൊന്ന് അമ്പലത്തിൽ പോകുന്നുണ്ട്, പഞ്ചമീ.. അവിടുന്ന് നേരെയാ കടയിലേക്ക് പോകുന്നത്... \"\"\" നിള കുടിച്ച് കഴിഞ്ഞ ഗ്ലാസ്സിൽ അവസാനം അവൾ ബാക്കി വെച്ച കുറച്ച് ചായ മുറ്റത്തേക്ക് കളഞ്ഞ് കൊണ്ട് അവൻ പറയുന്നത് കേൾക്കെ നിള അവനെയൊന്ന് നോക്കി.. ഓ.. അപ്പൊ അതാണ് മുറിയിലേക്ക് ഒക്കെ വന്ന് വേഗം എഴുന്നേറ്റ് കുളിക്കാൻ പറഞ്ഞത്... മനസ്സിൽ ചിന്തിച്ച് കൊണ്ട് അവൾ പഞ്ചമിയെ ആകെ മുഴുവനൊന്ന് നോക്കി.. എന്നെങ്കിലും ഈ പെണ്ണ് തന്റെ കൈയ്യിൽ നിന്ന് വാങ്ങും.. എന്നവൾ ഒരുവേള ചിന്തിക്കാതെയിരുന്നില്ല...
\"\"\" ആണോ.. അപ്പൊ നിളയും കടയിലേക്ക് വരുന്നുണ്ടോ ഇന്ന്... \"\"\" വല്ലാത്തൊരു നിരാശയോടെ അവൾ അവന്റെ കൈയ്യിൽ പിടിച്ചു...
\"\"\" മ്മ്മ്... \"\"\" അവളുടെ കൈയ്യിൽ നിന്ന് കൈ വലിച്ച് എടുത്ത് അവൻ നിളയെ നോക്കി...
\"\"\" വന്ന് റെഡിയാക്, കുഞ്ഞൂ.. പെട്ടന്ന് ഇറങ്ങണം.. എന്നാ ശരി, പഞ്ചമീ... \"\"\" കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ നിളയെയും വിളിച്ച് അകത്തേക്ക് കയറിയതും മങ്ങിയ മുഖത്തോടെ പഞ്ചമി തിരിഞ്ഞ് നടന്നു.. അവൾ മുറ്റത്ത് നിന്ന് റോഡിലേക്ക് എത്തിയ നിമിഷം വീടിന് അകത്തേക്ക് കയറിയ ദേവ് മുൻവശത്തെ വാതിൽ അടച്ച് തനിക്ക് പിന്നിൽ നിൽക്കുന്ന നിളയെ നോക്കി...
\"\"\" മുറിയില് നിന്ന് സമയം കളയാതെ വേഗം വരണം... \"\"\" അവളുടെ മേൽചുണ്ടിന് മുകളിലായി പറ്റി പിടിച്ചിരിക്കുന്ന ചായ വലം കൈയ്യിലെ തള്ളവിരൽ ഉയർത്തി തുടച്ച് കളഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോയി...
🔹🔹🔹🔹
കാതിനരികിലായി ഉച്ചത്തിൽ കേട്ടൊരു ഭക്തി ഗാനത്തിൽ കണ്ണുകൾ അടച്ച് കലിങ്കിന്റെ അടുത്തുള്ള ഒരു തിണ്ണയിൽ കിടന്ന ഭദ്രൻ ദേഷ്യത്തോടെ ചെവിയൊന്ന് പൊത്തി എഴുന്നേറ്റ് ഇരുന്ന് മുന്നിലേക്ക് നോക്കി.. ഫോണിലെ പാട്ട് ഓഫ് ചെയ്ത് തന്നെ നോക്കി കൈയ്യും കെട്ടി മുന്നിൽ നിൽക്കുന്ന അനിയെ കണ്ട് അവൻ പല്ല്കടിച്ചു...
\"\"\" എന്താടാ? നാശം പിടിക്കാനായിട്ട്... \"\"\" കാലുകൾ നിലത്തേക്ക് ഇറക്കി അവൻ ഉടുത്തിരുന്ന കാവി മുണ്ടൊന്ന് മുറുക്കി ഉടുത്ത് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...
\"\"\" നീ എന്താ രാവിലെ തന്നെ ഇവിടെ വന്ന് കിടന്നത്? \"\"\"
\"\"\" പിന്നെ എന്ത് വേണമായിരുന്നു? ഷോപ്പിന്റെ കീ നിന്റെ കൈയ്യിൽ ഇരിക്കുമ്പോ ഞാൻ ആ പൂട്ട് തല്ലി പൊട്ടിച്ച് അകത്ത് കയറണമായിരുന്നോ...? \"\"\" നോക്കി ദഹിപ്പിക്കും പോലെ അവനെയൊന്ന് ഇരുത്തി നോക്കിയിട്ട് ഭദ്രൻ വർക്ക്‌ഷോപ്പിലേക്ക് നടന്നു...
\"\"\" ഏഹ്.. ഇതെന്താ എന്നും ഇല്ലാത്തത് പോലെ വിശദീകരണം ഒക്കെ തരുന്നത്? \"\"\" അനി അവന് പിന്നാലെ ഓടിയെത്തി.. ഭദ്രൻ ഒന്നും മിണ്ടാതെ മുണ്ട് മടക്കി ഉടുത്ത് അവന്റെ പോക്കറ്റിൽ നിന്ന് ഷോപ്പിന്റെ താക്കോലും എടുത്ത് തിരിഞ്ഞ് ഒന്ന് കുനിഞ്ഞ ശേഷം ഷട്ടറിന് താഴെയുള്ള പൂട്ട് ഇളക്കി...
\"\"\" അല്ല, നീ എന്താ ഇന്ന് നേരത്തെ വന്നത്? \"\"\" ഷട്ടർ ഉയർത്തി അവൻ അകത്തേക്ക് കയറിയതും അവന് പിന്നാലെ ചെന്ന് കൊണ്ട് അനി ചോദ്യം ഉന്നയിച്ചു...
\"\"\" ആ വണ്ടി ഇന്ന് രാവിലെ കൊടുക്കാൻ ഉള്ളതല്ലേ..? \"\"\" കൈയ്യിലെ ഫോൺ അവിടെയുള്ള ഒരു കസേരയുടെ മേലേക്ക് വെച്ചിട്ട് അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ ഭദ്രൻ മറുചോദ്യം ഉന്നയിച്ചു.. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് സമയം കളയാതെ പോയി നിന്റെ പണി നോക്കാൻ അവൻ ഇൻഡയറക്റ്റ് ആയിട്ട് പറഞ്ഞതാണ് അതെന്ന് അനിയ്ക്ക് മനസ്സിലായി.. മുഖം കറുപ്പിച്ച് അവനെയൊന്ന് നോക്കിയിട്ട് അനി സ്പാനറും മറ്റും വെച്ചിരിക്കുന്ന മേശയുടെ അരികിലേക്ക് പോയതും ഷോപ്പിന് മുന്നിൽ നിന്ന് ഒരു കാൽ പെരുമാറ്റത്തോടൊപ്പം നേർത്തൊരു കൊലുസ്സിന്റെ കിലുക്കവും കാതിൽ പതിക്കവെ ഭദ്രൻ തിരിഞ്ഞ് നോക്കി.. കൈയ്യിൽ കരുതിയ പ്രസാദവുമായി നിറഞ്ഞ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന നിളയെ കണ്ട് അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...
\"\"\" ഞാൻ അകത്തേക്ക് വന്നോട്ടെ?, ഭദ്രാ.... \"\"\" രഹസ്യം ചോദിക്കും പോലെ ചുറ്റും നോക്കി ശബ്ദം താഴ്ത്തി അവൾ ചോദിച്ചതും തലയൊന്ന് അനക്കി അവൻ അവളെ അടുത്തേക്ക് വിളിച്ചു.. സന്തോഷത്തോടെ നിലം മുട്ടുന്ന പാവാട ഒരു കൈയ്യാൽ പൊക്കി പിടിച്ച് അവൾ അവനടുത്തേക്ക് ചെന്ന് ഇലചീന്തിൽ നിന്ന് ഒരല്പം ചന്ദനം എടുത്ത് അവന്റെ നെറ്റിയിൽ തൊട്ട് കൊടുത്തു...
\"\"\" ആഹാ.. നിളകുട്ടി രാവിലെ അമ്പലത്തിൽ ഒക്കെ പോയോ? \"\"\" വണ്ടി ശരിയാക്കി കൊണ്ടിരുന്ന അനി അവളെ കണ്ട് ചെയ്യുന്ന പണി നിർത്താതെ തന്നെ ചോദിച്ചു...
\"\"\" ഉവ്വ്.. ഞാൻ മാത്രമല്ല.. അവനും ഉണ്ടായിരുന്നു... \"\"\" അവൾ അവന്റെ അടുത്തേക്കും ചെന്ന് കുറച്ച് ചന്ദനം എടുത്ത് അവന്റെയും നെറ്റിയിൽ തൊട്ട് കൊടുത്തു.. അനി ചിരിച്ചു...
\"\"\" നീ വൈകുന്നേരം വരുമ്പോ മറ്റേ വൈദ്യന്റെ അടുത്ത് നിന്ന് തൈലം വാങ്ങി കൊണ്ട് വരണേ, ഭദ്രാ.. കാലിന് വീണ്ടും മുന്നത്തെ പോലെ കോച്ചിവലിയൽ തുടങ്ങിയിട്ടുണ്ട്... \"\"\" കൈയ്യിൽ പറ്റിയിരിക്കുന്ന ബാക്കി ചന്ദനം കൂട്ടി തിരുമ്മി മായ്ച്ചിട്ട് അവൾ ഭദ്രന്റെ അടുത്തേക്ക് തിരികെ ചെന്ന് കൊണ്ട് പറഞ്ഞു...
\"\"\" എന്ത് പറ്റി പെട്ടന്ന്? തണുപ്പ് അടിച്ചിട്ടാണോ? \"\"\" അവൻ അവളുടെ കാലിലേക്ക് നോക്കി...
\"\"\" ആകും.. അറിയില്ല.. രാത്രി നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നാ ഞാൻ പോവാ, ഭദ്രാ.. വൈകുന്നേരം കാണാം.. അനിയേട്ടാ, പോവാണേ... \"\"\" കൂടുതലൊന്നും പറയാതെ അവരെ നോക്കി യാത്ര പറഞ്ഞിട്ട് അവൾ കടയിലേക്ക് നടക്കുമ്പോൾ കഴിഞ്ഞ ദിവസത്തെ കാര്യമൊന്നും താൻ ചോദിക്കാതിരിക്കാനുള്ള അവളുടെ ഒഴിഞ്ഞ് മാറ്റം ആണ് അതെന്ന് അവന് മനസ്സിലായിരുന്നു.. ഒന്ന് നിശ്വസിച്ച് കൊണ്ട് അവൻ അവൾ പോയ വഴിയേ വെറുതെ നോക്കി നിന്നു...
തുടരും............................................
Tanvi 💕
നീലനിലാവേ... 💙 - 9
കടയിൽ ഇരുന്ന് വിനുവിന്റെ കൂടെ ലുഡോ കളിക്കുന്ന തിരക്കിൽ ആയിരുന്നു നിള.. കണക്കുപുസ്തകത്തിൽ കണക്ക് എഴുതുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ ദേവ് തലയുയർത്തി അവളെ നോക്കുന്നുണ്ട്.. വന്ന നേരം മുതൽ തുടങ്ങിയതാണ് അവളുടെ കളി.. ഇന്നേരം വരെ അടുത്തിരിക്കുന്ന ബുക്ക് ഒന്ന് കൈ കൊണ്ട് തൊട്ടിട്ടില്ല...""" അയ്യോ.. വെട്ടല്ലേ.. വെട്ടല്ലേ.. വിനുവേട്ടാ... പ്ലീസ്... വേണ്ട .. വേണ്ട... വേണ്ടടാ, തെണ്ടീ... നോ!!! """ അലറി വിളിച്ച് കൊണ്ട് അവൾ വിനുവിന്റെ തോള് നോക്കി ശക്തിയിൽ ഒന്ന് കൊടുത്തു...""" പോടാ പന്നീ... """ അവൾ ചുണ്ട് പിളർത്തി...""" ലുഡോയിൽ ബന്ധങ്ങൾ ഇല്ല, മളകെ... """ അവൾ അടിച്ച തോളിൽ ഒന്ന് കൈ ഉയർത്തി ഉഴിഞ്ഞ് അവൻ നാടകീയമ