\' എന്തുപറ്റി ഉഷചേച്ചി... \'
\' ലക്ഷ്മി ഇങ്ങനെയാണോ ശ്രീകുട്ടന് പറഞ്ഞുകൊണ്ടുക്കേണ്ടത് \'
\' ഉഷചേച്ചി ഉദ്ദേശിച്ചത് എനിക്ക് മനസിലായി . പക്ഷെ ഞാൻ പറഞ്ഞുകൊടുതത്തിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല \'
\' തെറ്റാണ്.. ഇതുപോലെ ഉള്ള ജന്തുക്കളുടെ അടുതുനിന്നും അകന്നുപോകണം എന്നുപറയുന്നതിനു പരകരം അവരോട് അടുപ്പം ഉണ്ടക്കാനാണോ പറഞ്ഞു കൊടുക്കേണ്ടത്.\'
\' ജന്തുക്കളോ?? മറക്കരുത് ചേച്ചീ അവരും മനുഷ്യരാണ് . എന്നെയും നിങ്ങളെയും മറ്റുള്ളവരെയും പോലെ ഈ മണ്ണിൽ ജീവിക്കാൻ അവകാശം ഉള്ളവർ.\'
\' അതെ അതെ... കുടുംബത്തിൻ്റെ മാനം കളയാൻ മുളച്ച ഓരോ വിത്തുകൾ. എന്തിനേറെ പറയുന്നു ആ നിത്യ ഒരാള് കാരണം നാടിനുതന്നെ ചീത്തപ്പേര് ആയി. നാട്ടിൽ ഇനി എത്ര കുട്ടികൾ വഴിപിഴച്ച പോകുമോ എന്തോ...\'
\' നിത്യ ചീത്തപ്പേര് കൊണ്ടുവന്നെന്നോ .. അവൾ അവളുടെ ജീവിതമല്ലേ ജീവിക്കുന്നത് അതും ആർക്കും ഒരു ശല്യം ആവാതെ \'
\' എന്നാലും ഇതൊക്കെ ഒരു നാണക്കേട് അല്ലെ ലക്ഷ്മി.. നമുക്ക് കുറച്ച് അന്തസ്സ് ഒക്കെ വേണ്ടേ??\'
\' ജോലി കഴിഞ്ഞ് മദ്യപിച്ച് ബോധമില്ലാതെ വരുന്ന ഭർത്താവ് ഭാര്യയെ തല്ലുബോൾ, പ്രതികരിക്കാതെ അത് അവരുടെ സ്വകാര്യ ജീവിതമല്ലേ എന്നുപറഞ്ഞ് നോക്കിനിൽക്കുന്ന നാട്ടുകാർക്ക് തോന്നിയിട്ടില്ലല്ലോ ഈ നാണം.
രഹസ്യ കാമുകനൊപ്പം പോകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കുന്നതോക്കെ ആണോ നിങ്ങൾ ഈ പറഞ്ഞ അന്തസ്സ്. അതോ പ്രായമായ സ്വന്തം മാതാപിതാക്കളെ ഒന്നിനും കൊള്ളില്ല എന്നുപറഞ്ഞ് വൃദ്ധസദനത്തിൽ ആക്കുന്നതോ.\'
\'അല്ല ലക്ഷ്മീ..ഞാൻ പറഞ്ഞുവന്നത്..........\'
\'ഉഷചേച്ചി...ഇവർക്കൊക്കെ നാട്ടിൽ അന്തസ്സോടെ തലയുയർത്തി നടക്കണമെങ്കിൽ , ഒരു തെറ്റും ചെയ്യാത്ത നിത്യ എല്ലാവരേക്കൾ യോഗ്യ ആണ് .\'
\' ലക്ഷ്മി ...പക്ഷേ അതുപോലെ ആണോ ഇത്\'
\' ചേച്ചി, നിത്യയുടെ പ്രായമുള്ള എത്ര കുട്ടികൾ ഉണ്ട് ഈ നാട്ടിൽ . ഇപ്പോഴും എല്ലാ ആവശ്യങ്ങൾക്കും വീട്ടുകാരുടെ മുന്നിൽ കൈനീട്ടും, അതെ സമയം നിത്യ സ്വന്തമായി കഷ്ടപ്പെട്ട് അധ്വാനിച്ച് ജീവിക്കുന്നു. അതും പരിഹാസവും പുച്ഛവും അവഹേളനവും എല്ലാം അതിജീവിചുകൊണ്ട്.\'
\' അവൾ തിരഞ്ഞെടുത്ത ജീവിതം അല്ലേ .. അപ്പൊ അത് അവൾ തന്നെ ജീവിക്കണം ..അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തു കിട്ടാനാ ലക്ഷ്മി \'
\'അതിന് ആദ്യം സമാധാനത്തോടെ ജീവിക്കാൻ അവസരം കൊടുക്കണം ചേച്ചി... അംഗീകരിച്ചില്ലെങ്കിലും അപമാനിക്കാതെ ഇരുന്നൂടെ....\'
ഉഷ എന്തുപറയണം എന്നറിയാതെ തലകുനിച്ച് ഇരുന്നു .
\'എന്തിരുന്നാലും ശ്രീകുട്ടനെ നിത്യയുമായി അടുപ്പിക്കണ്ട ലക്ഷ്മി..ഇത് ഞാൻ അവൻ്റെ നല്ലതിന് വേണ്ടിയാ പറയുന്നത്\'
\' ചേച്ചിയെ പറഞ്ഞുതിരുത്താൻ എനിക്ക് പറ്റില്ല. മക്കൾക്ക് വിദ്യാഭ്യാസം മാത്രം കൊടുത്താൽ പോര നല്ല മനുഷ്യർ ആവാൻകൂടി പഠിപ്പിക്കണം .
എൻ്റെ മകൻ നല്ലൊരു മനുഷ്യൻ ആവണം . അതുകൊണ്ട് ഞാനിപ്പോ അവനു പറഞ്ഞുകൊടുത്തത് തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല . ഇനി ഒരുപക്ഷേ പക്വത വക്കുമ്പോൾ അവനു അമ്മ പറഞ്ഞുകൊടുത്തത് തെറ്റാണെന്ന് തോന്നിയാൽ അവൻ എങ്ങിനെയാവണം എന്ന് അവൻതന്നെ തീരുമാനിക്കട്ടെ.\'
വാക്കുകൾക്ക് വേണ്ടി ഉഷ തിരഞ്ഞു .. ഉത്തരമില്ലാതെ അവിടെ നിന്നും വേഗം പോകാനുള്ള വഴിനോക്കി .
\' ആഹ് ലക്ഷ്മി ചന്ദ്രേട്ടൻ ഇപ്പൊ വന്നുകാണും. ഞാൻ പോട്ടെ..\'
ഉഷയുടെ തിടുക്കം കണ്ടപ്പോൾ തന്നെ ലക്ഷ്മിക്ക് കാര്യം മനസിലായി
\'ശരി ചേച്ചി..\'
ലക്ഷ്മിയുടെയും ഉഷയുടെയും ചർച്ച ശ്രീകുട്ടൻ ശ്രദ്ധിക്കാതെ ഇരുന്നില്ല . ശ്രീക്കുട്ടൻ വേഗം അവൻ്റെ മുറിയിൽ കയറി ചിത്രം വരക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ മുറിയിലേക്ക് അമ്മ വന്നു.
\' ശ്രീകുട്ടാ ..എന്ത് ചെയ്യുവാ \'
\' അമ്മേ ഇതുനോക്കിയേ..ഇഷ്ടപ്പെട്ടോ?\'
\' ആഹാ ഇതു നന്നായിട്ടുണ്ടല്ലോ.. \'
\' ആണോ...നിത്യ ചേച്ചിക്ക് കൊടുക്കാൻ വേണ്ടിയാ \'
ലക്ഷ്മി ശ്രീകുട്ടൻ്റെ കവിളിൽ സ്നേഹത്തോടെ തലോടി
\'good boy \'
അടുത്ത ദിവസം സ്കൂൾ ബസ്സ് കാത്തുനിൽക്കുമ്പോൾ ദൂരെ നിന്നും നിത്യ വരുന്നത് ശ്രീകുട്ടൻ കണ്ടതും ഒന്നും നോക്കാതെ നിത്യയുടെ അടുത്തേക്ക് ഓടി ചെന്നു.. ഈ പ്രാവിശ്യം കയ്യിൽ പൂവ് മാത്രം അല്ല തലെദിവസം അവൻ വരച്ച ചിത്രം കൂടിയുണ്ട് .
\' നിത്യ ചേച്ചീ ... ഒരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ട്..\'
(തുടരും..)