Aksharathalukal

എന്ന് സംശയപൂർവ്വം മനസു ചോദിക്കുന്നത്

ഭാഗം  25

നൂലിലകളിൽ കാറ്റുപിടിക്കാതെ വീര്യം ചേർന്നു കാറ്റാടിമരം നിവർന്നു നിന്നു. നഷ്ടബോധം വീര്യംചേർന്ന്  ബാസ്റ്റിന്റെ മുഖത്ത് തെളിഞ്ഞു തുടങ്ങി.

"അന്നവൾ കൈതൊട്ടു കരിഞ്ഞു വീണുപോയ പൂമൊട്ട് ഞാനെടുത്തു വച്ചില്ല. മഞ്ഞറോസാപൂക്കൾ പലതവണ വിരിഞ്ഞു. അതെല്ലാം കരിഞ്ഞുണങ്ങിവീണു ആരും തൊടാതെ തന്നെ. അവയെല്ലാം ആ പൂമൊട്ടിനോടൊപ്പം ഈ ഭൂലോകം വിട്ടുപോയി. എന്റെ മകൾ പോയത് പോലെ. വിരിയാതെ കരിഞ്ഞുപോയ പൂമൊട്ട്."

"പുതിയൊരു കഥയാണോ ഈ പറയുന്നത്?"

"അതല്ല ഇതാണ് കഥ." തലയിണയടിയിൽ നിന്നും മടക്കി വച്ച കടലാസുകൾ അയാൾ മിഥുന് കൈമാറികൊണ്ട് പറഞ്ഞു.

"മകൾ എങ്ങനെയാണ് ബാസ്റ്റിന്റെ കൈകൊണ്ട് മരിച്ചത്?"

മറ്റൊരു ലോകത്ത് മകളുടെ മുന്നിൽ മാപ്പിരക്കുന്ന ഒരച്ഛന്റെ ദുഃഖം ബാസ്റ്റിന്റെ മുഖത്തുണ്ടോ? മനംമടുപ്പോടെ വിഴുങ്ങിപോയ സത്യം അയാളുടെ തൊണ്ടയിൽ തന്നെ കുടുങ്ങി നിൽക്കുകയാണോ? മരക്കഷണങ്ങളുടെ ആത്മാവുറങ്ങുന്ന ഈ കടലാസു തുണ്ടുകളിൽ ആത്മകഥയുടെ സാരാംശം വ്യെഥ  വർണ്ണങ്ങളിൽ ചാലിച്ചിരിക്കുമോ ബാസ്റ്റിൻ?

നിശ്ശബ്ദനായിരിക്കുന്ന ബാസ്റ്റിനെയും തന്റെ കൈകളിലിരിക്കുന്ന കടലാസുതുണ്ടുകളിലേക്കും മാറിമാറിനോക്കി മിഥുൻ. ബാസ്റ്റിന്റെ നിർവികാരതയിൽ നിന്നും  ഇനിയൊരു വാക്കും മകളെപ്പറ്റി പറയില്ലെന്ന് മിഥുന് തോന്നി.

കൊഴിഞ്ഞു വീണു നിഴ്ചലമായ ഹരിതാഭം കരിഞ്ഞു തുടങ്ങുന്നു. കരിഞ്ഞിലയായി കൊഴിഞ്ഞു വീഴാതെ അതിന്റെ ഊർജ്ജമുള്ളിലാവാഹിക്കാൻ ബാസ്റ്റിനെ താൻ സഹായിക്കേണ്ടതുണ്ടെന്നു മിഥുനെ  ശാസ്ത്രബോധം ഓർമ്മിപ്പിച്ചു. ബാസ്റ്റിന്റെ അടുക്കലേക്കു ചേർന്നു നിന്നു. സമയം വിലകൊടുത്ത് പകരം വാങ്ങിയ ആശ്വാസം മിഥുൻ ബാസ്‌റ്റിന്‌ ഔഷധമായി പകർന്നു.

"ബാസ്‌റ്റിന്‌ സംഗീതിനെ അറിയാമോ?"

"അങ്ങനെയൊരാളെ നേരിട്ട് പരിചയമില്ല."

"മറ്റേതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോ, ലെറ്റേഴ്സ്, ഫോണ്കോള്സ്...?"

"ഓർമ്മയിലില്ല."

ബാസ്റ്റിന്റെ ഇരുണ്ട മുഖം ദീർഘമൗനത്താൽ നിർവ്വികാരമായി നിഴ്ചലമായി. പിന്നിട്ട വഴികളിലെ കനലുകൾ കത്തിയെരിഞ്ഞടങ്ങി ചാരത്താൽ മൂടാൻ മൗനം തണുപ്പാകുന്നുവോ. ആ കനലുകൾ എരിച്ചുവാട്ടിയ ബാസ്റ്റിന്റെ മുഖം കൂടുതൽ കറുത്തിരുളുന്നത് മിഥുൻ കണ്ടു. ആഴങ്ങളിൽ തിളച്ചുമറിഞ്ഞു അഗ്നിപർവ്വതമായതു പൊട്ടിത്തെറിക്കാതിരിക്കാൻ എന്ത് ചെയ്യുമെന്ന് മിഥുൻ ആലോചിച്ചു.

വസന്തകാലം ഓർത്തെടുക്കാൻ ചിലപ്പോൾ ബാസ്റ്റിനായേക്കും. നാവുകൾക്കു ചലിക്കാൻ വസന്തത്തിന്റെ സുഗന്ധം നിറഞ്ഞ ഭൂതകാലം തൈലം പൂശട്ടെ. ചൂണ്ടുവിരൽ ആ വഴിയിലേക്ക് നീട്ടി ബാസ്റ്റിനെ പിച്ചവെപ്പിക്കാൻ മിഥുൻ ശ്രമിച്ചു.

"സ്വാപ്നയും കവിതയും ആരൊക്കെയാണ് ബാസ്റ്റിന്റെ?"

കാലിടറി വീണ ശൈശവം താങ്ങായി തായ്മാനം തേടുന്നപോലെ ബാസ്റ്റിൻ ക്ഷീണിതനായിരുന്നു. ഓർമ്മകളെ ഉണർത്താനായി മിഥുൻ വീണ്ടും പരിശ്രമിച്ചു.

"ഞാൻ വായിച്ച ബാസ്റ്റിന്റെ ഒരു കഥയിലെ നായികമാരാണവർ. അതോർക്കുന്നുണ്ടോ?"

"കുറച്ച് ദിവസം മുമ്പ് ഈ പരിസരം വൃത്തിയാക്കികൊണ്ടിരിന്ന രണ്ട് സ്ത്രീകളെ ഞാൻ കണ്ടു. അവരുടെ സംസാരത്തിൽ നിന്നും രണ്ടുപേരും വിവാഹിതരല്ലെന്നു മനസ്സിലായിരുന്നു. കവിത മുറച്ചെറുക്കൻ വിവാഹം ചെയ്യുമെന്ന് കരുതി കാത്തിരുന്നെങ്കിലും അയാൾ മറ്റൊരു ഇണയെ കണ്ടെത്തുകയായിരിന്നു. സ്വപ്നയാകട്ടെ ഇഷ്ടം തുറന്നു പറഞ്ഞിട്ടും തന്നെ ഒഴുവാക്കിയ കാമുകനെ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യൗവ്വനം അവസാനിക്കാറായ അവർ രണ്ടുപേരും അവിവാഹിതരായി ആയുസ്സിന്റെ മദ്ധ്യത്തിൽ ജീവിതത്തിന്റെ പുറമ്പോക്കിൽ അനാഥരായി നിൽക്കുന്നതായി തോന്നി. രണ്ട് പേരും കാത്തിരിക്കുന്നത് ഒരാളെ തന്നെയാണെങ്കിൽ എങ്ങനെയാവും അവരുടെ ജീവിതാവസ്തഥ എന്ന് ഞാനോർത്തു പോയി. അതൊരു കഥായായി മാറി."

"ആ അയാളാണോ ബാസ്റ്റിന്റെ കഥയിലെ സംഗീത്?"

"വെറുമൊരു ഭാവനാകഥാപാത്രമാണയാൾ, അതിനപ്പുറം എന്റെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തായാള് സ്പര്ശിച്ചിട്ടുപോലുമില്ല."

"പക്ഷെ ആ കഥ വായിച്ചപ്പോൾ ബാസ്റ്റിൻ തന്നെയാണ് സംഗീതെന്നു പലർക്കും തോന്നിപോയതായി പറയുന്നു."

മൗനം മുഖത്ത് മൂടുന്നതിനു മുമ്പ് ബാസ്റ്റിൻ നിങ്ങളെന്തെങ്കിലും പറയൂവെന്നു മിഥുന്റെ മനസ്സിലെ വൈദ്യനാഗ്രഹിച്ചു. പകുതിയിൽ നിങ്ങൾ നിറുത്തിയ ഉത്തരങ്ങൾക്കായി എന്റെ ചോദ്യങ്ങൾ പലതും ഉറങ്ങാതിരുന്ന്‌ എന്നെ ശല്യംചെയ്യുന്നതു ബാസ്റ്റിൻ, നിങ്ങൾ അറിയണം. നിങ്ങൾക്ക് വേണ്ടിയാണ് ഞാനെന്റെ ചോദ്യങ്ങളെ ഉണർത്തുന്നതെന്നു മനസ്സിലാക്കു. മിഥുനിലെ പച്ചമനുഷ്യൻ ഒരു തണൽമരമായി ബാസ്റ്റിന്റെ തലക്കുമുകളിൽ നിന്നു.

"കയറൂരിവിട്ട കഥാപാത്രങ്ങൾ കാടും മേടും കടന്നു മേയുന്നതാണ് കഥയുടെ വഴികൾ. പുതിയ മേച്ചില്പുറങ്ങളിൽ അവർ ആഹരിക്കുമ്പോൾ കഥാകാരന്റെ ഭാവനാപ്രതലത്തിൽ വസന്തം പൂത്തുലഞ്ഞു കായ്കനികൾ വർഷിക്കും. ഏതെങ്കിലുമൊരു കഥാപാത്രത്തിൽ ഒരു വായനക്കാരന് ആരുടെയെങ്കിലും ജീതത്തിന്റെ ഛായ  കാണാൻ കഴിന്നുണ്ടെങ്കിൽ യാഥാർത്ഥ്യത്തെ ഒളിപ്പിക്കുന്ന വെറുമൊരു പുറംചട്ട മാത്രമാണ്  കഥാപാത്രങ്ങളെന്നു അയാൾ മനസിലാക്കണം. അല്ലാത്തിടത്തോളം ആ കഥയും കഥാപാത്രവും കഥാകാരന് ഒരു ദുരന്തം മാത്രമായി അവശേഷിക്കും."

തെറ്റുദ്ധരിക്കപ്പെട്ട തന്റെ കഥയുടെ വേവലാതി കഥാകാരന്റെ  ദുഃഖമായി അത്രയും വാക്കുകളിലൂടെ പുറത്തേക്കൊഴുകി.

"ശരി ബാസ്റ്റിൻ, മനസിലായി. ഇനി റെസ്റ്റെടുക്കു." ഡോക്റ്റർ മിഥുൻ ബാസ്റ്റിന്റെ ചുമലിൽ കൈവച്ച് പറഞ്ഞു.

തണൽമരം തഴുകിയ കാറ്റിൽ ബാസ്റ്റിനെ അകതാരിലെ കനലൂതിയണയ്ക്കട്ടെ.

അതുവരെ മനസ്സിൽ രൂപം കൂട്ടിയത് മുഴുവനും ഒലിച്ചുപോകുന്നതിന്റെ അസ്വസ്തഥയിൽ ഡോക്റ്റർ പുറത്തിറങ്ങി നടന്നു. ഒപ്പം കൈയിലിരിക്കുന്ന കടലാസുകളിൽ ബാസ്റ്റിന്റെ പുതിയ പ്രപഞ്ചത്തിൽ കൈവിലങ്ങിൽ താക്കോൽ തിരയാനും.

(തുടരും….)


എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത് (നോവൽ)

എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത് (നോവൽ)

0
276

ഭാഗം  26 ദൂരെക്കാഴ്ച്ച പകർന്ന തീരാദുഖം. (ഈ നോവലൈന്റെ ഭാഗമായി എഴുതിയ ഈ കഥ  'ചുഴിയിൽ വീണ സ്വപ്നം’ എന്ന പേരിൽ ചെറുകഥയായി പബ്ലിഷ് ചെയ്തിട്ടുണ്ട്, അത് വായിച്ചിട്ടുള്ളവർ ആവർത്തന വിരസത അനുഭവപ്പെടുകയാണെങ്കിൽ ദയവായി 29 വരെയുള്ള ഭാഗങ്ങൾ ഒഴുവാക്കി ഭാഗം 30 മുതൽ തുടർന്ന് വായിക്കുക. ചെറുകഥയുടെ തുടക്കവും ഒടുക്കവും രണ്ടുതരത്തിൽ വന്നാൽ കൊള്ളാമെന്ന ആലോചനയിലാണ് രണ്ടായി പബ്ലിഷ് ചെയ്തത്. വായനക്കാർ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.) വീഡിയോ ചാറ്റിൽ മണിക്കൂറുകളായി കുടുംബവുമായി ഗിരീഷ് സംസാരിച്ചിരുന്നു, രാത്രി വൈകുന്നതറിയാതെ. മുറിയിലെ ലൈറ്റണച്ച് കൂടെയുള്ള മറ്റു സഹപ