നോവൽ - കാട്ടുകൊമ്പൻ
അദ്ധ്യായം - രണ്ട്
മഞ്ഞിന്റെ ആവരണം വിട്ടകന്ന്, പ്രഭാത സൂര്യൻ കിഴക്ക് ചായം പൂശാൻ തുടങ്ങുന്നതിനു മുന്നേ കർഷകർ പറമ്പിലേക്ക് ഇറങ്ങും.
ചുറ്റും വേലി തിരിച്ചു ഓരോ പറമ്പും അതിർത്തി നിർണയിച്ചിരുന്നു. ഒന്നു കൂവിയാൽ അപ്പുറത്തുനിന്ന് ഒരു മറുകൂവൽ തിരിച്ചെത്തും. കൃഷിയിടത്തിൽ എവിടെയെങ്കിലും പതിയിരിക്കുന്ന കാട്ടുമൃഗങ്ങളെ കണ്ടാൽ അത് ചിലപ്പോൾ രണ്ടുമൂന്നു പ്രാവശ്യം ആവർത്തിച്ചെന്നു വരും.
ജീവിത സ്വപ്നങ്ങളുടെ ഈ കൂടിയേറ്റത്തിൽ ഒന്നുമില്ലാതായി തീർന്നവരുണ്ട്. നാട്ടിലെ പറമ്പും വീടും വിറ്റ് എന്തൊക്കെയോ നേടണം എന്ന മോഹത്തോടെ ഈ കുടിയാൻ മലയിലേക്ക് എത്തപ്പെട്ടവർ..... തരിശായ ഭൂമിയുടെ മാറിടത്തിൽ, തൂമ്പയുടെ മൂർച്ച പതിക്കുമ്പോൾ സ്വർണ്ണം കുഴിച്ചെടുക്കാം എന്ന് മോഹിച്ചവർ...... ചിലരുടെ പ്രതീക്ഷകൾ തെറ്റി.... പക്ഷേ ചിലർ നേടി..... മണ്ണും, പൊന്നും.
കുടിയേറ്റക്കാരെ കൊണ്ട് ആ പ്രദേശം നിറഞ്ഞു. അങ്ങനെ അത് കുടിയാൻ മലയായി. ആ കുടിയാൻ മലയിൽ ആദ്യം എത്തപ്പെട്ടവരായിരുന്നു ഇല്ലിക്കൽ മാത്തുണ്ണിയും കുടുംബവും. മാത്തുണ്ണി ബുദ്ധിമാൻ ആയിരുന്നു. പണം കൊടുത്ത് വാങ്ങിച്ച സ്ഥലത്ത് പൊന്നു വിളിക്കുന്നതിന് പകരം, കയ്യിലിരുന്ന പണം അയാൾ പലിശയ്ക്ക് കൊടുത്തു. ഓരോ ദേശത്തും നിന്നും സ്വപ്നവുമായി എത്തിയവർക്ക് തങ്ങളുടെ കയ്യിലിരുന്ന പണസഞ്ചി കാലിയാകുമ്പോൾ, അയാൾ അതിലേക്ക് പണം നിറച്ചു കൊടുത്തു കൊണ്ടിരുന്നു. അതിൽനിന്ന് മുതലായി മാത്തുണ്ണി മാപ്പിളക്ക് തിരിച്ചു കിട്ടൽ വളരെ കുറവായിരുന്നു. പക്ഷേ പലിശ കൃത്യമായി തന്നെ അയാൾ വാങ്ങിച്ചു. അയാളുടെ പണസഞ്ചിക്ക് വലിപ്പം വെച്ചു വന്നു. ബാക്കിയുള്ളവർക്ക് വിയർപ്പ് മാത്രമായി മിച്ചം.
ഇന്ന് ഇവിടത്തെ പ്രമാണിമാരിൽ പ്രധാനിയാണ് ഇല്ലിക്കൽ മാത്തുണ്ണി മാപ്പിള. അയാൾക്ക് രണ്ട് ആൺമക്കളാണ്. വർഗീസും പാപ്പച്ചനും. അപ്പന് പ്രായമായപ്പോൾ ഇപ്പോൾ പണപ്പിരിവ് നടത്തുന്നത് മക്കൾ രണ്ടുപേരും ആണ്. അപ്പനെപ്പോലെ പണത്തിനോട് ആർത്തിയുള്ള മക്കൾ തന്നെയായിരുന്നു രണ്ടുപേരും.
അറയ്ക്കൽ തോമായുടെ അയൽവക്കകാരായിരുന്നു കുരിശിങ്കൽ ലാസറും കുടുംബവും. ലാസറിന്റെ അപ്പനും തോമായുടെ അപ്പനും ഏകദേശം ഒരേ സമയത്താണ് ഈ കുടിയാൻ മലയിൽ എത്തിപ്പെടുന്നത്. തരിശുഭൂമിയിലെ സ്വപ്നങ്ങളിൽ കാർമേഘം മൂടുമ്പോൾ രണ്ടുപേരും പ്രതീക്ഷ കൈവെടിയാതെ അധ്വാനിച്ചു. അതിനു തുടർച്ച പോലെ ഇന്ന് ലാസറും തോമായും മണ്ണിനോട് മല്ലിടുന്നു.
ഇതുപോലെത്തെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് കുടിയാൻ മലയിൽ. കുറച്ചുപേർ കിട്ടിയ കാശിന് സ്ഥലവും വീടും കൊടുത്ത് കാടും, മലയും ഉപേക്ഷിച്ച് സമതലങ്ങൾ തേടി പോയി.
ജീവിത സ്വപ്നങ്ങൾ പലപ്പോഴും ജീവിത സമരമായി മാറി. മിച്ചം വയ്ക്കാൻ ഒന്നുമില്ലാതെ അന്നന്നുള്ള അന്നം മാത്രം നൽകി ദിനങ്ങൾ കടന്നു പോയി. പരാതിയും പരിഭവങ്ങളും മഴയായി പെയ്തിറങ്ങി. അത് ചിലപ്പോൾ കണ്ണുനീർത്തുള്ളികളും ആയി മാറി.
നിറമില്ലാത്ത ജീവിതങ്ങളുടെ വേദനിക്കുന്ന മനസ്സുമായിട്ടായിരുന്നു പഴയ തലമുറയിലെ പലരുടെയും ജീവിതം. ഏതോ പായ്ക്കപ്പലിൽ നടു കടലിൽ പെട്ടുപോയ അവസ്ഥ.... നാട്ടിൽ വിറ്റ ഭൂമി കൈയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്നത് വിറ്റാൽ പൊന്നും വില കിട്ടിയേനെ.... തിരിച്ചുകിട്ടാത്ത സ്വപ്നങ്ങളിൽ ഇന്നവർ അന്തിയുറങ്ങുന്നു.
പുറത്ത് ആരുടെയൊക്കെയോ സംസാരം കേട്ടതും അടുക്കളയിൽ ജോലിയിൽ മുഴുകിയിരിക്കുകയായിരുന്ന ലിസി പുറത്തേക്ക് എത്തിനോക്കി. മക്കൾ മൂന്നു പേരും ആണ്. ബേബി കോളേജിൽ നിന്നും ജോണിയും മേരിയും സ്കൂളിൽ നിന്നുമുള്ള വരവാണ്. മക്കളെ കണ്ടതും ലിസിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
" ചാച്ചൻ എന്തേ അമ്മേ..... ഈ അന്തി നേരത്തും പറമ്പിൽ ആണോ..... " - ബേബി ചുറ്റുപാടും നോക്കിക്കൊണ്ട് ചോദിച്ചു.
ആ ചോദ്യം കേട്ടതും ലിസിയുടെ ഉള്ളൊന്ന് കാളി.
" ചാച്ചൻ മുറിക്കകത്തുണ്ട്.... കുറച്ചുനേരം കിടക്കട്ടെ എന്ന് പറഞ്ഞ് അകത്തേക്ക് പോയതാണ്..... "
ബേബിക്ക് അത് അത്ര വിശ്വാസം വന്നില്ല. കാരണം ചാച്ചനെ എപ്പോഴും പറമ്പിലോ ഈ വീടിനുള്ളിലോ ഓടി നടന്നേ കണ്ടിട്ടുള്ളൂ .
ബേബി, പുസ്തകം തിണ്ണയിൽ വെച്ചിട്ട് ചാച്ചൻ കിടക്കാറുള്ള മുറിക്കകത്തേക്ക് നടന്നു.
പുറത്തെ സംസാരം കേട്ട് തോമ ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നു. അയാൾ കട്ടിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങുന്നതിനിടയിലാണ് ബേബി അങ്ങോട്ട് കടന്നു വന്നത്. തോമായുടെ കാലിലെ കെട്ട് കണ്ടതും ആ നെറ്റിയിൽ ചുളിവുകൾ വീണു.
" ഇത് എന്നാ പറ്റി ചാച്ചാ.... " - ബേബി പരിഭ്രാന്തിയോടെ ചോദിച്ചു.
" ഒന്നുമില്ലെടാ.... ഒന്നു മുറിഞ്ഞതാ.... നീ ആ വസ്ത്രം മാറിയിട്ട് എന്തെങ്കിലും പോയി കഴിക്കാൻ നോക്ക്.... "
തോമയുടെ വാക്കുകൾ ബേബിയെ തൃപ്തനാക്കിയില്ല.
അവസാനം തോമായ്ക്ക് നടന്ന സംഭവങ്ങൾ വിവരിക്കേണ്ടി വന്നു.
" എന്നിട്ടാണോ ആശുപത്രിയിൽ പോകാതിരുന്നത്.... രാത്രിയിൽ വേദന വന്നാൽ എന്നാ ചെയ്യും.... ചാച്ചൻ വസ്ത്രം മാറ്.... നമുക്ക് ആശുപത്രിയിൽ പോകാം.... "
ബേബിയുടെ തിടുക്കം കണ്ടതും തോമ അവനെ ആശ്വസിപ്പിച്ചു. ഈ സമയം ജോണിയും മേരിയും അങ്ങോട്ട് വന്നിരുന്നു. അവരും ചാച്ചന്റെ അടുത്ത് കട്ടിലിൽ ഇരുന്നു. തോമ അവരുടെ തലമുടി ഇഴകളിലൂടെ തലോടി.
ലിസി അകത്തുനിന്ന് ഒരു പാത്രത്തിൽ കപ്പ പുഴുങ്ങിയതും ചായയുമായി അങ്ങോട്ട് വന്നു. അത് അവിടെ കിടന്നിരുന്ന മേശയുടെ മുകളിൽ വച്ച്, പകർത്തി ഓരോരുത്തർക്കായി നൽകി.
ബേബിയുടെ കണ്ണുകൾ അപ്പോഴും ചാച്ചന്റെ മുറിവേറ്റ കാലിലായിരുന്നു. അത് അയാളിൽ നൊമ്പരം ഉണർത്തി. കാരണം ചാച്ചനെ അയാൾക്ക് അത്ര ഇഷ്ടമായിരുന്നു. മണ്ണിനെപ്പോലെ തന്നെ മക്കളെ സ്നേഹിക്കുന്ന മനുഷ്യൻ.....
പുറത്ത് അന്ധകാരം വ്യാപിക്കാൻ തുടങ്ങി.
താഴെ ഇടവഴിയിലെ വിളക്കുകാലിൽ വെളിച്ചം പരന്നു.
............................ തുടരും...................................
നോവൽ- കാട്ടുകൊമ്പൻ
അധ്യായം -മൂന്ന് പള്ളിമണികളുടെ ശബ്ദം നിലച്ചിട്ട് നേരമേറെയായി. ഇന്ന് ഞായറാഴ്ചയാണ്... ഒരു അവധി ദിവസം. കുന്നിൻ മുകളിലെ പള്ളിയിലേക്ക് രണ്ടാം മണി മുഴങ്ങുമ്പോൾ മുതൽ ആളുകൾ എത്തി തുടങ്ങും. വീടിനുള്ളിൽ നിന്ന് സ്ത്രീകൾ പുറത്തിറങ്ങുന്ന ദിവസമാണ് ഞായറാഴ്ച. അതുകൊണ്ടുതന്നെ അവർക്ക് പറയാൻ വിശേഷങ്ങൾ ഏറെയുണ്ടാകും. ആ വിശേഷങ്ങൾ പറഞ്ഞു അവർ പള്ളിയിൽ എത്തുമ്പോഴേക്കും, അച്ചൻ അൾത്താരയിൽ കുർബാന തുടങ്ങിയിട്ടുണ്ടാകും. ഈ കുർബാനയ്ക്കിടയിലും ചിലർ വിശേഷങ്ങൾ കൈമാറും. അത് കുറച്ച് ഉച്ചത്തിൽ ആകുമ്പോൾ അൾത്താരയിലെ കണ്ണുകൾ അവരുടെ മുഖത്ത് തറയ്ക്കും. പിന്നെ ആകെ നിശബ്ദതയാണ്.&