Aksharathalukal

എന്ന് സംശയപൂർവം മനസ്സ് ചോദിക്കുന്നത് (നോവൽ)

ഭാഗം  27

നിലവിൽ ഒഴുവുള്ള ജോലികൾക്കു അപേക്ഷിക്കാനുതകുന്ന വിധം ബയോഡേറ്റയിൽ മാറ്റങ്ങൾ വരുത്തി. കൂടുതൽ ജോലി സാധ്യതയുള്ള മേഖലകളിലേക്ക് യോജിക്കും വിധം പ്രായോഗികപരിജ്ഞാനം എന്ന ഭാഗം മാറ്റി എഴുതി. ഒടുവിൽ അതുവരെ പരിചയമില്ലാത്ത അഡ്മിൻ ഡിപ്പാർട്ടുമെന്റിലേക്കു ഇന്റർവ്യൂ കോൾ വന്നപ്പോൾ ആ ജോലിയെപ്പറ്റി ഇന്റർനെറ്റിൽ പരതി വായിച്ചറിഞ്ഞു.

ഊഷരഭൂവിലെ ഉഷ്ണത്തെ തോൽപ്പിച്ച ഊർജ്ജം മനോധൈര്യമായി കൂട്ടുനിന്നു. ആ കൂട്ട് നൽകിയ ആത്മവിശ്വാസം ഒടുവിൽ ഫലംകണ്ടു. അങ്ങനെ ജോലി കിട്ടി നീണ്ട വർഷങ്ങളുടെ പ്രവാസകാലത്തിന്റെ രഥമുരുണ്ടു തുടങ്ങി. 

വർഷങ്ങൾ കടന്നു പോകവേ കുടുംബപ്രാരാപ്തങ്ങളുടെ കെട്ടുകളയഞ്ഞുകൊണ്ടിരിന്നു. പിന്നെ വിവാഹമെന്ന പുതിയ കൂട്ടികെട്ടലിൽ നിന്നും കുട്ടിയുമായി. അതൊരു മാലാഖയായി ഇന്ന് കണ്മുമ്പിലെ സ്ക്രീനിൽ തെളിയുമ്പോൾ കഴിഞ്ഞകാലസഞ്ചാരമെല്ലാം വ്യർത്ഥമായ ലക്ഷ്യത്തിലേക്കായിരുന്നോയെന്ന തോന്നലിനാൽ ഗിരീഷിന്റെ മനസൊന്നു പിടഞ്ഞു. ഇതെന്തു ജീവിതമെന്ന ചോദ്യചിഹ്നം ഒരു ചൂണ്ട പോലെ മകളുടെ കുസൃതിച്ചിരിക്കിടയിൽ ഗിരീഷിന്റെ കണ്ഠത്തിൽ കുത്തിക്കയറി.

ശ്മശാനഭീകരതയിൽ ഒറ്റക്കായ ഒരു ഭീരുവിനെപോലെ ഗൃഹാതുരുത്വം അയാളുടെ മനസ്സിൽ ഒരു അനാവശ്യഭീതി നിറച്ചു. ഭാരം കുറഞ്ഞ തന്റെ ശരീരത്തിന് ഉൾക്കൊള്ളാനാകാതെ മനസ്സ് കനംവച്ചു വരുന്നതായി ഗിരീഷിന് അനുഭവപ്പെട്ടു. ഉള്ളിൽ നിന്നതു പുറത്തെ ഇരുട്ടിൽ ലയിച്ച് അദൃശ്യമാകുന്നപോലെ ഗിരീഷ് പരിസരം മറന്നിരിന്നുപോയി കുറെ നിമിഷങ്ങൾ.

അകംശൂന്യമായി ഭാരം നഷ്ടപ്പെട്ടു ഗിരീഷ് നിശ്ചലതയിൽ തരിച്ചിരുന്നു. വെള്ളിവെളിച്ചമായി വിങ്ങിയ താരകം ദ്രവിച്ച് മങ്ങി. 

താൻ പറഞ്ഞത് ശ്രദ്ധിക്കാതെ അച്ഛന്റെ മനസ് വേറെങ്ങോപോയെന്നു മനസിലായപ്പോൾ മകൾ ഗിരീഷിനോട് പിണങ്ങി. നിമിഷങ്ങൾക്കകം പതുക്കെ തിരികെയെത്തിയ മനം മകളുടെ പിണക്കം തിരിച്ചറിഞ്ഞു. സ്ക്രീനിലെ തെളിഞ്ഞ മാലാഖാമുഖത്തിന്റെ കുസൃതിപിണക്കത്തിന്റെ നിർമ്മലത ഗിരീഷിന്റെ ശൂന്യമായ അകം നിറച്ചു.

മനംനിറഞ്ഞ ചിരിയോടെ പിണക്കം മാറ്റാൻ ഗിരീഷ് അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു. 

"ഗിരീഷണ്ണ ഒന്ന് നിർത്ത്, രണ്ട് ദിവസത്തെ ഉറക്കമുണ്ട് ബാക്കി." 

ചിരിയുടെ ശബ്ദം ഉയർന്നപ്പോൾ മുകളിലെ ബെഡിൽ നിന്നും കൂട്ടുകാരൻ സഹികെട്ടവനെപ്പോലെ മുരണ്ടു.

പിറുപിറുത്തുറങ്ങുന്ന ചുമരിൽ നോക്കികിടക്കുന്ന മറ്റേ സുഹൃത്തും അതിനു പിന്താങ്ങായി ഒന്നിരുത്തി മൂളി.

പൊൻകണിപോലെ രണ്ട് രാത്രികൾ കാത്തിരുന്നു കിട്ടിയ ഉറക്കം നഷ്ട്ടപെടുത്തിയതിന്റെ ദേഷ്യമാണവന്. പിറുപിറുത്തുകൊണ്ട് സുഹൃത്ത് തിരിഞ്ഞുകിടന്നപ്പോൾ ലോഹകട്ടിലും അവനോടൊപ്പം പിറുപിറുത്തു. 

ജനറേറ്റർ കേടായതു കാരണം രണ്ട് ദിവസമായി ലേബർക്യാമ്പിൽ വൈദ്യുതിയില്ലായിരുന്നു. രാത്രിയിൽപോലും മുറിക്കുള്ളിലെ ചൂട് സഹിക്കാനാവാതെ വന്നപ്പോൾ ടെറസ്സിൽ ഇരിന്നു നേരം വെളുപ്പിച്ചു പലരും. പ്രാഥമികാവശ്യങ്ങൾ ജോലി സ്ഥലത്തുള്ള ടോയിലറ്റിൽ വിമ്മിഷ്ട്ടപ്പെട്ടു കഴിച്ചെന്നു വരുത്തി.

ഇന്ന് പുതിയ ജനറേറ്റർ വച്ചതിന്റെ സന്തോഷത്തിൽ സുഖമായി ഉറങ്ങാമെന്നുള്ള ഉദ്ദേശം നടക്കാത്തതിന്റെ ദേഷ്യമാണവന്. 

രണ്ട് ദിവസമായി നെറ്റില്ലാതിരുന്നതിനാലാണ് രാത്രി വൈകിയും താനിങ്ങനെ വീഡിയോ കോൾ ചെയ്യുന്നതെന്ന് അവനറിയാം. എങ്കിലും രാത്രിയുടെ കൂട്ടുകാരനായ നിദ്ര തന്റെയീ കട്ടിലിനു ചുറ്റുമുള്ള ഇത്തിരിവെട്ടത്തെ കൂട്ടുപിടിച്ച് അവനോട് ഗർവിച്ച് നിന്നതിനാൽ അവനു ഉറക്കം നഷ്ടപ്പെടുന്നു. താൻ കാരണമായ കോലാഹലങ്ങൾ മൂലം അവനും ഗർവ്വിക്കുന്നു.

അച്ഛൻ എപ്പോൾ വീട്ടിൽ വരുമെന്ന മകളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഗിരീഷ് ഉടനെന്ന് ഉറപ്പില്ലാത്തൊരു മറുപടി കൊടുത്തു. രാത്രി ഒരുപാടായതിനാൽ ഉറങ്ങാൻ മകളോട് പറഞ്ഞിട്ടു വീഡിയോ കോൾ മനസില്ലാമനസോടെ അവസാനിപ്പിച്ചു. ലാപ്ടോപ്പെടുത്തു കട്ടിലിനടിയിൽ ബാഗിനുള്ളിൽ വച്ചിട്ടയാൾ കിടന്നു.

അണയുന്ന സൂര്യന്റെ വരണ്ടമുഖം പോലെ അയാളുടെ ഉള്ളം തങ്കമൊഴിഞ്ഞു ചുവന്നു.

കട്ടിലിനു ചുറ്റും വട്ടംകറങ്ങിയിരിന്ന ഇത്തിരിവെട്ടം ഇല്ലാതായപ്പോൾ നിദ്ര കൂട്ടുകാരോടൊപ്പം ചേർന്നു പൂർണ്ണനിശബ്ദമായി. നിദ്ര കൈവിട്ട ഗിരീഷ് നാലുചുവരുകൾക്കുള്ളിൽ ഒറ്റയായി തുടിച്ചു. അടയാത്ത നേത്രഗോളങ്ങൾക്കു മുമ്പിലെ ഇരുട്ടിൽ സൂന്യത വന്യമായ ക്രൂരതയുടെ തുറിച്ചുനോക്കുന്നതായി ഗിരീഷിന് തോന്നി. കൈവിട്ടുപോയ ഏതോ കൂട്ടിനായി മനസ് ആ ഇരുട്ടിൽ തേടിയലഞ്ഞു. ലാപ്ടോപ്പ് സ്ക്രീനിൽ കണ്ട കാഴ്ചകൾ ജീവൻ വച്ച് തൊട്ടരികിൽ വന്നു കൂട്ടിരുന്നെങ്കിൽ?

ക്ഷിപ്രവേഗത്തിൽ തന്റെ ഈ ദേഹം ആ കാഴ്ചയുടെ ഉറവിടത്തിങ്കൽ എത്തിയെങ്കിൽ?

ഇല്ല, ആ കാഴ്ചകൾ നഷ്ടമായി തന്നെ നിൽക്കുകയാണല്ലോ? മരുഭൂമികൾക്കും മലകൾക്കും ആഴികൾക്കുമപ്പുറം അത് നഷ്ടമാകുന്നു. ഏറ്റവുമടുത്തതാകാൻ ആഗ്രഹിക്കുന്നത് ഇന്നേറെ അകലെയാണല്ലോ. ഒരു പരാജിതന്റെ കുനിഞ്ഞ ശിരസ് ഇരുട്ടായി അയാളുടെ നെഞ്ചിലമർന്നു.

തിളങ്ങി നിന്ന ഉൾത്താരകം അണഞ്ഞു ഇരുണ്ടഗോളമായി ഉള്ളിൽ വീർക്കുന്നു.

വിഫലമായ യാത്രയുടെ അവസാനം വഴിമറന്നു നിന്ന അപരിചിതനായി ഗിരീഷിന്റെ പാദങ്ങൾ തളർന്നു. പാഥേയം കൈമോശം വന്ന പഥികനായി  അയാളുടെ അകം വിശന്നു. ആശ്രയിക്കാനാരുമില്ലാതെ ഉൾപ്പിടഞ്ഞു.

കൂരിരുളിൽ ശ്മശാന മൂകതയിൽ ഞാനൊരു ഏകാന്തവാസിയാകുന്നു.

ദൂരെയുള്ള വഴിവിളക്കിന്റെ നരച്ച രശ്മികൾ പതിയെ മുറിക്കുള്ളിൽ നിറയുന്നത് ഗിരീഷിന്റെ കണ്ണുകൾ എത്തിപ്പിടിച്ചു. ഏകാന്തത നിറഞ്ഞ  ശൂന്യത ജീവൻ വച്ച് കണ്ണിനുമുന്നിൽ അസ്വസ്ഥമായി നിന്നു. മലർന്നു കിടന്നു ദീർഘനിശ്വാസത്തിൽ അതൂതികളയാൻ ശ്രമിച്ചു.

അരണ്ടവെളിച്ചത്തിൽ കൈയ്യെത്തും ദൂരത്തുകാണുന്ന മുകളിലെ ബെഡ് അയാൾക്കൊരു പീഡനഭീതി പകർന്നു. തന്നെയൊരു പെട്ടിക്കുള്ളിലാക്കി കടലിലെറിഞ്ഞപോലെ അയാൾ അസ്വസ്ഥനായി ആടിയുലഞ്ഞു.

കരവിഴുങ്ങിയ കടലിൽ ഇല്ലാത്ത തീരത്തേക്ക് ഒരു ശവമഞ്ചം ഒഴുകി.

(തുടരും….)


എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത്

0
251

ഭാഗം  28 നെഞ്ചിലെന്തോ ഇറ്റിറ്റുവീണു ഉരുണ്ടുകൂടി ഭാരം വക്കുന്നു. ഇരുണ്ടുപോയ താരകം സകലതും വിഴുങ്ങി ഭാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ചിന്തകൾ ഇടമുറിയാതെ തിങ്ങി നിറഞ്ഞു കനംവെച്ച മനസ് ശവമഞ്ചത്തിന്‌ മുകളിൽ കരകാത്തിരിന്നു. ആ ഒരു നിമിഷം തന്റെ ആയുഷ്‌ക്കാലത്തേക്കാൾ നീണ്ടതും മരണത്തെക്കാൾ ഭീകരുവുമായി അയാൾക്കനുഭവപ്പെട്ടു. അടുത്ത നിമിഷത്തിന്റെ ആരംഭത്തിൽ പുനർജ്ജന്മമായി വീടണയാൻ  അയാൾ അതിയായി ആശിച്ചു.  ഈ പ്രവാസം, ഈ അദ്ധ്വാനം, ഈ ജീവിതം എല്ലാം ഉപയോഗശൂന്യമായ പൊട്ടിയ ബലൂൺ ശകലങ്ങൾപോലെ പിച്ചിചീന്തി കിടക്കുന്നു. കൂട്ടിചേർത്തൊട്ടിച്ച് പെരുപ്പിക്കുവാൻ ഗിര