Aksharathalukal

എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത്

ഭാഗം  29

എനിക്ക് ജീവനുണ്ട്.

കാലുകൾ ഇപ്പോൾ അനങ്ങുന്നുണ്ടോ? കാലുകൾ നിലത്ത് കുത്താൻ ശ്രമിച്ചു നോക്കാം. പതിയെ കൈകുത്തി കട്ടിലിൽ എണീറ്റിരിക്കാനാകുന്നുണ്ട്.

ഞാൻ മരിച്ചിട്ടില്ല.

വീടണയാൻ  എന്റെയീ കാലുകൾ ദൂരങ്ങൾ താണ്ടേണ്ടതുണ്ട്. ദാഹം ദേഹത്തെ ക്ഷീണിപ്പിക്കുന്നു. കൈകൾ ദാഹജലത്തിനായി നീങ്ങുന്നുണ്ട്.

കട്ടിലിനരികിൽ വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ ജലം നെഞ്ചിലൂടെ ജീവൻ പകർന്നിറങ്ങുന്നതു എനിക്ക് അനുഭവിക്കാനാകുന്നുണ്ട്. ഞാൻ പുനർജ്ജനിച്ചതാണോ? പക്ഷെ ഓർമ്മകളും വേദനകളുമെല്ലാം അതുപോലെതന്നെയുണ്ടല്ലോ ഇപ്പോഴും. പഴയ ജന്മത്തിന്റെ വിഴുപ്പുഭാണ്ഡം തന്റെ ഹൃദന്തത്തിലുണ്ടോ. ആ ഭാരം മുകളിലേക്ക് ഉരുണ്ട് കയറി മസ്തിഷ്കത്തെ ബാധിച്ചുവോ? തല കുനിയുകയാണോ?

ശിരസ്സും മാറും ഒന്നിച്ച് ചേർന്നുവോ?

കാലുകൾ കുത്തിനിൽക്കാനായി ശ്രമിച്ചു. മുറിക്കുപുറത്തു കാത്തുനിൽക്കുന്ന ഇത്തിരി ആശ്വാസത്തിനായി പാദങ്ങൾ ചലിക്കുന്നു. പുറത്തിറങ്ങി ചുവരിലെ എക്സിട് സൂചകങ്ങളുടെ പച്ചവെളിച്ചത്തിൽ കോറിഡോറിലൂടെ നടന്നു.

അകലെ റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പം കേൾക്കാം. ചീറിപ്പായുന്ന ജീവനുള്ള ശരീരങ്ങളിൽ എനിക്കൊരു കൂട്ട് തേടാം. അവരോടൊപ്പം ദൂരങ്ങൾ താണ്ടാം. ആ ദൂരങ്ങൾ ലോപിച്ച് വരുമ്പോൾ ലക്ഷ്യത്തിലേക്കടുക്കുന്നുവെന്നു ആശ്വസിക്കാം.

ലിഫ്റ്റിറങ്ങി താഴെ റോഡിലേക്ക് പോയാലോ? ലിഫ്റ്റിനരികിലേക്കു മനസ്സ് നടന്നപ്പോൾ കാലുകളും നീങ്ങി.

ചുവരുകൾക്കിടയിലെ നീണ്ട പ്രതലം ഭാവിയുടെ പ്രതീക്ഷപോലെ അരണ്ടവെളിച്ചത്തിൽ നിവർന്നു കിടന്നു.

ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അഞ്ചാമത്തെ നിലയിലേക്ക് ഓരോ നിലയും കടന്നു വരുന്ന ലിഫ്റ്റിനെ സ്വാഗതം ചെയ്തു മഞ്ഞ നിറത്തിൽ അക്കങ്ങൾ തെളിഞ്ഞു. മുന്നിൽ തുറന്ന ലിഫ്റ്റിനകം കടലിലൊഴുകുന്ന ശവപ്പെട്ടി തുറന്നതുപോലെയാണോ? അകത്ത് കയറിയപ്പോൾ മരണഗീതം പാടിയാണോ വാതിലടഞ്ഞതു? മരണം അരൂപിയായി അതിനുള്ളിലിരുന്നു തന്നെ വിളിക്കുന്നുണ്ടോ? ലിഫ്റ്റിന്റെ വാതിലിന്റെ ഇരുവശത്തെയും ചുവരുകൾക്കുള്ളിൽ നിന്നും രണ്ട് കൈകൾ നീണ്ടു വന്നു ശവപ്പെട്ടിയടക്കുകയാണോ?

ജീവൻ പുറത്ത് നിർത്തി എന്റെ ശവമാണോ ലിഫ്റ്റിനുള്ളിൽ കയറിയത്?

ലിഫ്റ്റ് മുഴുവനടയും മുമ്പ് കാൽപാദം നീട്ടി വാതിലിന്റെ വിടവകത്തി പുറത്തിറങ്ങി. പുറത്ത് നിന്ന ജീവൻ ശ്വാസമായി ശരീരത്തിനുള്ളിൽ കയറി.

ശ്വാസം ഊർജ്ജമായി പാദങ്ങളിലിറങ്ങി സ്റ്റെയര്കേസിലേക്കു നീണ്ടു.

കാതുകളിൽ വീണ വാഹനങ്ങളുടെ ഇരമ്പം മനസ്സിൽ തെളിഞ്ഞ പ്രകാശമായി മുന്നിൽ കണ്ടു ഇരുട്ടിൽ പടികളിറങ്ങി. അഞ്ചാം നിലയിൽ നിന്നും പടികളിറങ്ങി താഴെയെത്താൻ എത്ര നേരമെടുക്കും? പ്രയാസപ്പെട്ടെന്തിന് ഈ ഇരുട്ടിൽ താഴേക്കിറങ്ങണം? തിരികെ മുറിയിൽപോയി ഉറങ്ങാം.

മുകളിലേക്ക് തിരിഞ്ഞു പടിയിൽ കാൽ വെക്കുമ്പോൾ ശരീരഭാരം വീണ്ടും കൂടുന്നുണ്ടോ? അനാഥബോധത്തിന്റെ വന്യത മുറിയിൽ കട്ടപിടിച്ച് നിൽക്കുന്നത് മനസിലേക്കോടിവരുന്നു. താഴേക്കു തന്നെ നടക്കാം. അവിടെയാണാശ്രയം.

ഇടക്ക് രണ്ടുതവണ വീണ്ടും മുകളിലേക്ക് നടക്കുവാൻ ശ്രമിച്ചെങ്കിലും പുറത്തെ വെളിച്ചത്തിൽ താൻ തേടുന്നത് കാത്തിരിക്കുന്നുവെന്ന തോന്നൽ വീണ്ടും താഴേക്കിറങ്ങാൻ പ്രേരിപ്പിച്ചു.

അവിടെ വെളിച്ചവുമായി ഒരു മുഖം കാത്തിരിക്കുന്നുണ്ട്.

റോഡരികിലൂടെ നടന്നു. പതിയെ നടന്നടുക്കുമ്പോൾ വഴിയോരവിളക്കുകൾ വലിച്ചടുപ്പിച്ച നിഴൽ, നടന്നകലുമ്പോൾ ഉപേക്ഷിക്കുന്നു. നിഴൽ നഷ്ടപ്പെട്ട അരൂപിയായ പ്രേതമായോ ഞാൻ? എന്നെ ആർക്കെങ്കിലും കാണാനാകുന്നുണ്ടോ?

(തുടരും….)

 


എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത്

എന്ന് സംശയപൂർവ്വം മനസ് ചോദിക്കുന്നത്

0
298

ഭാഗം  30 മകളെ നിൻചിരിയിൽ  ഞാനെന്റെ സ്വത്വം തിരിച്ചറിയും. എപ്പോഴതിനാകും? അറിയില്ലെങ്കിലും ഞാൻ യാത്ര തുടരുന്നു. കടന്നുപോയ വാഹനങ്ങളിൽ ഉണർന്നിരിക്കുന്ന അപരിചിതരുടെ അവ്യക്തമായ രൂപങ്ങൾ അദൃശ്യമായി തന്നോട് സംവദിക്കുന്നുണ്ടോ? വിടപറഞ്ഞകലുന്ന അല്പസമയത്തെ എന്റെ സൗഹൃദം ആ രൂപങ്ങൾ അറിയുന്നുണ്ടോ? വേഗത്തിൽ ഓടിമറയുന്ന അവർ വഴിയിലുപേക്ഷിച്ച സൗഹൃദമേറ്റെടുത്ത് പുറകെ വരുന്നവരും എന്നോട് സംവദിക്കുന്നുണ്ടോ? അവരോടൊപ്പം ഞാനുമോടിയാലോ. ഇല്ല, എനിക്ക് ഓടാനാകുന്നില്ല. അതിനുള്ള കാമ്പ് കാർന്നുതിന്ന ചിതൽ നെഞ്ചിലിപ്പോഴും പുളക്കുന്നുണ്ട്. പാദങ്ങൾ പതിയെ ചലിക്കുമ്പോൾ നേത