ഭാഗം 31
നൂതനമായ ആഗോളവലയുടെ അദൃശ്യകണ്ണികളിൽ ഒരു പേരിനായി പരതി വിപിൻ
ഓഫീസിൽ പോകേണ്ട സമയം കഴിഞ്ഞുപോയതറിയാതെ ഫ്‌ളാറ്റിലിരിന്നു. രാവിലെ മിഥുൻ ഈമെയിലിൽ അയച്ച ബാസ്റ്റിന്റെ കഥയിലെ
ഗിരീഷിനെയും നിയാസിനെയും തേടി കംപ്യൂട്ടറിന്റെ മുന്നിലിരുന്നു സമയം കളഞ്ഞു.
വിപിൻ അന്നും ജോലിക്കു പോയില്ല. തീർച്ചയായും ഇപ്പോൾ ഡോക്റ്ററുടെ വിളിവരാൻ സാധ്യതയുണ്ട്.
ജോലിക്കു പോകാത്തതിനു ഡോക്റ്റർ ദേഷ്യപ്പെടും. തന്നെയും ഇതിൽ കുരുക്കിയതിൽ പരിഭവപ്പെടും.
കൂട്ടുകാരന്റെ മകനെ കൂട്ടുകാരനായി കണ്ടത് തെറ്റായിപ്പോയെന്ന് പറഞ്ഞു പരമ്പരാഗത പഴഞ്ചൊല്ലുകളുടെ
അകമ്പടികളോടെ ഉപദേശിക്കും. എല്ലാം കേട്ടു സഹിച്ചു നിന്നാലും ഒരിക്കലും അങ്കിളിനോട്
അരോചകത്വം കാണിച്ചിട്ടില്ല.
നിയാസിന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടുപിടിച്ചാൽ അതിന്റെ ഉന്മാദത്തിൽ
ഉപദേശങ്ങളുടെ പോറലുകൾ കഴുകിയെടുക്കാം. അല്ലെങ്കിൽ ഗിരീഷിന്റെ അക്കൗണ്ട് തപ്പണമോ? ശീലമനുസരിച്ച്
ബാസ്റ്റിനായിരിക്കണം ഗിരീഷ്. എങ്കിൽ നിയാസെന്ന സുഹൃത്ത് ഈ പരന്ന ലോകത്തെവിടെയെങ്കിലും
സൗഹൃദക്കൂട്ടത്തിൽ ബാസ്റ്റിനെ കൂട്ടി ജീവിച്ചിരിപ്പുണ്ടാകും. വലക്കണ്ണികളിൽ ആ പേര്
കുരുങ്ങിയില്ലെങ്കിൽ..?
നാലാം ദിവസവും തുടർച്ചയായി താൻ ജോലിക്ക് പോയില്ല. മാനേജർ ചീത്തവിളിച്ചു
മടുത്തപ്പോൾ ടീം മെമ്പേഴ്സിന്റെ ഊഴമായി. വിളികൾ അധികമായപ്പോൾ ഫോൺ എടുക്കാതെയായി. ഇപ്പോൾ
അപരിചിതമായ നമ്പറുകളിൽ നിന്നും വിളിക്കുന്നു. അതും അറ്റന്റ് ചെയ്യാതെയായി. തന്റെ മാത്രം
കഴിവിലാണോ കമ്പനി നടന്നു പോകുന്നത്? താനില്ലെങ്കിൽ കമ്പനി പൂട്ടിപ്പോകില്ലല്ലോ? പ്രോജക്ട്
സമയത്ത് തീർത്തില്ലെങ്കിൽ കമ്പനി ലോസ്ആകുമത്രേ. എനിക്കെതിരെ ചീറ്റിങ്ങ് കേസ് ഫയൽ ചെയ്യുമെന്ന്
പറഞ്ഞാണ് മാനേജർ അവസാനം ഫോൺ വച്ചതു. ഭീഷണി ഏൽക്കാതെ വന്നപ്പോളാണ് ടീം മെമ്പേഴ്സിനെകൊണ്ട് വിളിപ്പിച്ചത്. ടീം ലീഡർ ഇല്ലാതെയും
പണിയെടുക്കാൻ അവരും പഠിക്കട്ടെ. ഞാനിവിടെ ഒരു കണ്ടുപിടിത്തത്തിലാണ്.
ഞാനെന്താണ് കണ്ടുപിടിക്കേണ്ടത്? നിയാസിനെ? ഗിരീഷിനെ? അതിലൂടെ
ബാസ്റ്റിനെ? ബാസ്റ്റിൻ എനിക്കാരാണ്? ഇന്നുവരെ നേരിൽ കണ്ടിട്ടില്ല, ഡോക്റ്റർ കാണിച്ച
ഫോട്ടോയിലൂടല്ലാതെ. എങ്കിലും നിങ്ങളാരാണെന്നു എനിക്കറിയണം. രാധികക്കെന്തു പറ്റിയെന്നറിയണം.
റീബാ മോൾ മരിച്ചതെങ്ങനെയെന്നറിയണം. വായിച്ചുതീർത്ത ഡിറ്റക്ടീവ് നോവലുകളിലെ കുറ്റാന്വേഷകനെപ്പോലെ
ഓരോ മുക്കിലും മൂലയിലും ഞാൻ അലയും.
ഡോക്റ്റർ മിഥുൻ വിളിക്കുന്നു. ഫോൺ ബെല്ലടി അരോചകമായിരിന്നു ഈയടുത്ത
ദിവസങ്ങളിൽ എങ്കിലും, മിഥുൻ എന്ന പേരിന്റെ പിന്നിൽ തന്റെ അന്വേഷണത്തിന്റെ ഊർജം ഒളിഞ്ഞു
കിടപ്പുണ്ട്.
"ആർ യു അറ്റ് ഓഫീസ്?, ഡോണ്ട് സെ നോ."
"നോ" അവസാനത്തെ
വാക്കു വിപിൻ ആവർത്തിച്ചു
"വാട്ട് നോ. ഐ എക്സ്പെക്റ്റഡ് ആൻ എസ്."
"സോറി അങ്കിൾ, നോ" ചീത്ത വിളി കേൾക്കാൻ വിപിൻ ഒരു
കൊച്ചു കുട്ടിയായി അങ്കിളിന്റെ കൂടെ നിന്നു. 'നീയെന്റെ കൂട്ടുകാരന്റെ മകൻ മാത്രമല്ല,
നീ വളർന്നത് എന്റെ വീട്ടിലാണ്, എന്റെ മകനായാണ്. വളർത്തച്ചച്ഛന്റെ അധികാരമുപയോഗിച്ച് ഞാൻ ആജ്ഞാപിക്കുന്നു. നീ അനുസരിക്കണം' എന്ന് പറയുന്നത്
കേൾക്കാൻ വിപിൻ കാതോർത്തു.
"വിപിൻ, ഇത് നല്ലതല്ല. എന്നും പറയുന്നത് തന്നെ ഇന്ന് ആവർത്തിക്കാനില്ല.
ഇന്ന് ഓഫീസിൽ പോയില്ലെങ്കിൽ ഡാഡിനെ വിളിച്ച് പറയും." പ്രതീക്ഷിച്ചതിനു വിപരീതമായി
അങ്കിൾ പറഞ്ഞത് കേട്ട് വിപിൻ നടുങ്ങി.
എന്റെ വളർച്ചക്കൊപ്പം കൂടെനിന്നു പകർന്നു തന്ന വാത്സല്യം അങ്കിളിന്റെ
വാക്കുകളിൽ എപ്പോഴുമുണ്ടായിരുന്നു. ആ വാത്സല്യം എന്റെ ഇഷ്ടങ്ങളെ മാനിക്കാൻ തക്കവണ്ണം
വിശാലവുമാണ്. എന്റ്റെ ഇഷ്ടങ്ങളുടെ അളവുതൂക്കം
കൃത്യമായി അറിയാവുന്ന അങ്കിൽ എല്ലാക്കാലവും
വളർത്തുഗുണത്തിന്റെ പരമാവധി പരിധിക്കുള്ളിൽ എന്നെ സ്വതന്ത്രമാക്കി വിട്ടിരുന്നു. പ്രായത്തിനൊത്ത്
ആ പരിധിയും വർദ്ധിപ്പിച്ചുകൊണ്ടിരിന്നു. ഇപ്പോൾ ആ പരിധി ലംഘിക്കുന്നുവെന്ന തോന്നൽ അങ്കിളിനുണ്ടായോ?
കൈമോശംവന്ന നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള അവസാന ആയുധമായി ഡാഡി ഞങ്ങൾക്കിടയിൽ വരുമോ?
ദൂരെയിരിന്നു കാർക്കശ്യത്തോടെ ആജ്ഞാപിക്കുന്ന ഡാഡിക്കു എന്റെ
ഇഷ്ടങ്ങളുടെ മൂല്യം ഒരിക്കലും മനസിലാകാറില്ലായിരുന്നു. ചിലപ്പോൾ ഇതറിഞ്ഞാൽ സിങ്കപ്പൂരിൽ
ചെല്ലാൻ നിർബന്ധിക്കും. പഠനം കഴിഞ്ഞു അങ്ങോട്ടു ചെല്ലാനായി ഡാഡി വളരെയേറെ ശ്രമിച്ചിട്ടും
ഈ നാടുവിട്ടു പോകാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞു ഇത്രയും കാലം പിടിച്ചു നിന്നു. അങ്കിൾ
പറയുന്നത് അനുസരിക്കും ഈ പ്രായത്തിലും താനെന്നു ഡാഡിനുറപ്പുള്ളതുകൊണ്ട് മാത്രം അത്
സാധിച്ചിരുന്നു, ഇത്രയുംകാലം. ഈ പ്രായത്തിൽപോലും
എതിർക്കാൻ കഴിയാത്ത വിധം ഡാഡി ഒരു ഭീകര സാന്നിദ്ധ്യമായി തനിക്കിപ്പോഴും അനുഭവപ്പെടുന്നു.
അങ്കിളാവട്ടെ ആശ്വാസത്തിന്റെ ഒരു കരമാണ്.
(തുടരും….)